ഇന്ത്യ പിടിച്ചെടുക്കാന്‍ മറ്റൊരു ഈസ്റ്റിന്ത്യ കമ്പനി!

ഇന്ത്യ പിടിച്ചെടുക്കാന്‍ മറ്റൊരു ഈസ്റ്റിന്ത്യ കമ്പനി!

2017ലെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് കാലത്ത് അതിദ്രുതം പ്രചരിപ്പിക്കപ്പെട്ട ഒരു വാര്‍ത്തയുണ്ടായിരുന്നു: മുഖ്യമന്ത്രി അഖിലേഷ് യാദവ് പിതാവ് മുലായം സിങ് യാദവിന്റെ മുഖത്തിടിച്ചു. കാട്ടുതീ പോലെ പടര്‍ന്ന ആ വാര്‍ത്ത കേട്ടവരെല്ലാം വിശ്വസിച്ചു. ‘രാജാജി’യെ മുഖത്തടിച്ച മകനെ സ്ത്രീജനം ശപിച്ചു. പിന്നീടാണ് മനസ്സിലായത്,അത് കെട്ടിച്ചമച്ച ആരോപണമായിരുന്നു. പിന്നെങ്ങനെ അത് ഇത്ര കാര്യക്ഷമമായി പ്രചരിപ്പിക്കാന്‍ സാധിച്ചു? അന്നത്തെ ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ നല്‍കിയ മറുപടി ഇതാണ്. ‘നമ്മുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ 32ലക്ഷം മനുഷ്യരുണ്ടായിരുന്നു. അതുകൊണ്ട് എല്ലാം എളുപ്പമായിരുന്നു.’ 2019ലെ ലോകസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി 2018 സെപ്തംബറില്‍ രാജസ്ഥാനിലെ കോട്ടയില്‍ ബി.ജെ.പി സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരുടെ സംഗമത്തില്‍ അമിത് ഷാ ആത്മവിശ്വാസത്തോടെ ഒരുകാര്യം ഉണര്‍ത്തി: ‘പൊതുജനത്തിനു വേണ്ട ഏത് സന്ദേശവും -അത് മധുരമുള്ളതാവട്ടെ, കയ്‌പേറിയാതവട്ടെ, വ്യാജമാവട്ടെ, സത്യമാവട്ടെ നമുക്ക് എത്തിക്കാന്‍ കഴിയും.’ സോഷ്യല്‍ മീഡിയയിലൂടെ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനും രാഷ്ട്രീയ വിജയങ്ങള്‍ കൈപ്പിടിയിലൊതുക്കാനും ബി.ജെ.പിക്ക് അല്ലെങ്കില്‍ സംഘ്പരിവാറിന് സാധിക്കുമെന്ന ആത്മവിശ്വാസത്തിന്റെ പൊരുള്‍ ഇപ്പോഴിതാ മറനീക്കി പുറത്തുവന്നിരിക്കുന്നു. അതായത്, സൈബര്‍ ലോകത്തെ ഏറ്റവും വലിയ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്കും വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രമും ഹിന്ദുത്വക്ക് സേവനം ചെയ്യാന്‍ സദാസന്നദ്ധമായി നില്‍ക്കുകയാണെന്നും അതിന്റെ വഴിയിലുള്ള എല്ലാ നിയമതടസ്സങ്ങളും കാറ്റില്‍ പറത്താന്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് യാതൊരു സങ്കോചവുമുണ്ടായിരുന്നില്ല എന്നുമുള്ള ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടിരിക്കുന്നത് അമേരിക്കയിലെ സുപ്രസിദ്ധമായ വാള്‍സ്ട്രീറ്റ് ജേണലാണ്. ഇതുവരെ ബി.ജെ.പിക്കു മുന്നില്‍ രാഷ്ട്രീയമായി മുട്ടുമടക്കിയവര്‍ പോലും അന്തം വിട്ടുനില്‍ക്കുകയാണ് ഇതുകേട്ട്. മുഖപുസ്തകത്തിലൂടെ ഇന്ത്യയിലാകെ വര്‍ഗീയത പരത്താന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ സോഷ്യല്‍മീഡിയ കരാറെടുത്തപ്പോള്‍, ഇന്നാടിന്റെ ഉണ്‍മയും സമാധാനവും തകര്‍ക്കുകയാണെന്ന വലിയ സത്യത്തിനു മുന്നില്‍ ആര്‍ക്കും വിവേകമുദിച്ചില്ല. കൊടുംവര്‍ഗീയത പരത്തി ജനങ്ങളെ ഭിന്നിപ്പിക്കാനും വിദ്വേഷപ്രചാരണത്തിലൂടെ മുസ്‌ലിംകളാദി ദുര്‍ബലവിഭാഗങ്ങളെ അന്യവത്കരിക്കാനുമുള്ള ആര്‍ എസ് എസിന്റെ ഹീനശ്രമങ്ങള്‍ക്ക് മുന്നില്‍ ഫെയ്‌സ്ബുക്കും വാട്‌സ്ആപ്പും കീഴടങ്ങുകയായിരുന്നു. വിദ്വേഷപ്രചാരണങ്ങളെ തടയുന്നതിനുള്ള നിയമം ഇത്തരം ഘട്ടങ്ങളില്‍ പൂര്‍ണമായും കാറ്റില്‍ പറത്തി, വര്‍ഗീയപ്രസംഗങ്ങള്‍ക്കായി തങ്ങളുടെ പ്ലാറ്റ്‌ഫോം അനിയന്ത്രിതമായി ഉപയോഗിക്കാന്‍ അനുവദിച്ചതിനു പിന്നില്‍ കച്ചവടക്കണ്ണായിരുന്നു.
ബി.ജെ.പിയെയോ പ്രധാനമന്ത്രി നരേന്ദ്രമോഡിയെയോ പിണക്കിയാല്‍ തങ്ങളുടെ വരുമാനം കുറഞ്ഞേക്കുമെന്ന ഭയം മൂലം ഫെയ്‌സ്ബുക്കിന്റെ ഇന്ത്യയിലെ പബ്ലിക് പോളിസി ഡയറക്ടര്‍ അന്‍ഖി ദാസ് മോഡിസര്‍ക്കാറിന് മുന്നില്‍ പൂര്‍ണമായും കീഴടങ്ങി. കീഴടങ്ങിയെന്നല്ല, അവര്‍ ഭരണകൂടവുമായി അവിഹിതബന്ധത്തിന്റെ സേതുബന്ധനം തീര്‍ത്തു. ഇവരുടെ ആര്‍.എസ്.എസ് ബന്ധം കൂടി അനാവൃതമായതോടെ ചിത്രം വ്യക്തതയോടെ ലോകത്തിനുമുന്നില്‍ തെളിയുന്നു. അന്‍ഖിയുടെ സഹോദരി രശ്മി ദാസ് ജെ.എന്‍.യുവില്‍ എബിവിപി യൂണിറ്റ് സെക്രട്ടറിയായിരുന്നുവത്രെ. ജ്യേഷ്ഠാനുജത്തിമാര്‍ക്ക് സംഘ്പരിവാര്‍ സംഘടനകളുമായി അടുത്ത ബന്ധമുണ്ട് എന്നാണ് എല്ലാറ്റിനുമൊടുവില്‍ പുറത്തുവന്ന സത്യം. ഫെയ്‌സ്ബുക് ആര്‍ എസ് എസിന് കര്‍സേവ ചെയ്യാന്‍ തീരുമാനിച്ചതോടെ എന്തുസംഭവിച്ചുവെന്നോ? തെലങ്കാനയിലെ ബി.ജെ.പി നിയമസഭാംഗം ടി. രാജസിങ് ഫെയ്‌സ്ബുക്കിലൂടെ അപകടകരമായ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയിട്ടും ഉത്തരവാദപ്പെട്ടവര്‍ അത് തടയാന്‍ മുന്നോട്ടുവന്നില്ല. ഗോമാംസം കഴിക്കുന്ന മുസ്‌ലിംകളെ കൊല്ലണമെന്നും പള്ളികള്‍ തകര്‍ക്കണമെന്നും റോഹിംഗ്യന്‍ മുസ്‌ലിംകളെ കാണുന്നിടത്ത് വെച്ച് വെടിവെച്ചുകൊല്ലണമെന്നും രാജസിങ് പച്ചയ്ക്ക് പറയുന്നതുകേട്ട് ജനം ഞെട്ടി. എന്നാല്‍, സുക്കര്‍ബര്‍ഗിന്റെ ഇന്ത്യന്‍ പ്രതിനിധികള്‍ കണ്ണടച്ചു. ഫെയ്‌സ് ബുക് പിന്തുടരുന്നതായി അവകാശപ്പെടുന്ന മാനദണ്ഡമനുസരിച്ച് ‘അപകടകാരിയായ വ്യക്തി’യായി (Dangerous Individual) രാജസിങിനെ അടയാളപ്പെടുത്തുകയും അയാളെ വിലക്കുകയും ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ആളിപ്പോഴും ‘മുഖപുസ്തക’ത്തില്‍ സജീവമാണ്. അച്ചടിയന്ത്രം കണ്ടുപിടിച്ചതിനു ശേഷമുള്ള സാമൂഹിക, ധൈഷണിക മാറ്റങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നിടത്ത് ചിന്താപരമായ മാറ്റം മനുഷ്യരാശിയെ നന്മയിലേക്കും ക്രിയാത്മകയിലേക്കും ആനയിച്ച കഥയാണ് പറയുന്നത്. എന്നാല്‍, ഇവിടെ വിഷധൂളികള്‍ പരത്താനാണ് ആശയവിനിമയ ലോകത്തെ ഈ ശക്തമായ ഉപാധികളെ ദുര്‍വിനിയോഗം ചെയ്തതെന്നും തിരഞ്ഞെടുപ്പില്‍ ജയിക്കാനും രാഷ്ട്രീയ പ്രതിയോഗികളെ കള്ളങ്ങള്‍ കൊണ്ട് കൊല്ലാനും സുക്കര്‍ബര്‍ഗിന്റെ ഇന്ത്യന്‍ പ്രതിനിധികള്‍ ചടുലമായ നീക്കങ്ങള്‍ നടത്തിയെന്നതും ഞെട്ടലുളവാക്കുന്ന വാര്‍ത്തയാണ്.

തീവ്രവലതുപക്ഷത്തിന്റെ പിണിയാളുകള്‍
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരി അവസാനവാരം നടമാടിയ ന്യൂനപക്ഷവിരുദ്ധ കൂട്ടക്കൊലക്ക് ആധാരമായ, ബി ജെ പി നേതാവ് കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗത്തിന്റെ കാര്യത്തിലും ഫെയ്‌സ്ബുക് ഒളിച്ചുകളിയാണ് നടത്തിയത്. നിയമം കൈയിലെടുക്കുമെന്ന് ഇന്ത്യയിലെ ഒരു നേതാവ് പ്രസംഗിച്ചെന്നും വര്‍ഗീയ കലാപത്തിനുള്ള പരസ്യമായ ആഹ്വാനമാണതെന്നും 25,000 വരുന്ന ഫെയ്‌സ്ബുക് ജീവനക്കാരെ ഒരു വീഡിയോ മീറ്റിങ്ങിലൂടെ സുക്കര്‍ബര്‍ഗ് ഓര്‍മപ്പെടുത്തിയെങ്കിലും ഇപ്പോഴും ‘അപകടകാരിയായ ഈ മനുഷ്യനെ’ ഫെയ്‌സ്ബുക് ഫ്‌ലാറ്റ്‌ഫോമില്‍നിന്ന് പിടിച്ചുപുറത്താക്കിയിട്ടില്ല. കപില്‍ മിശ്രയെ പോലുള്ള ബി.ജെ.പിനേതാക്കളെ കയറൂരി വിട്ട് വര്‍ഗീയാന്തരീക്ഷം കൂടുതല്‍ വഷളാക്കുന്നതില്‍ സുക്കര്‍ബര്‍ഗിന്റെ ആള്‍ക്കാര്‍ക്ക് പ്രയാസം ലവലേശമില്ല എന്ന് ചുരുക്കം. കപില്‍ മിശ്രയോടും രാജസിങ്ങിനോടും പ്രകടിപ്പിച്ച അനുകൂല സമീപനം മോഡി സര്‍ക്കാറിനോടും ബി.ജെ.പിയോടുമുള്ള പൊതുവായ മമതയുടെ ഒരു മാതൃക മാത്രമാണെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ അഭിപ്രായപ്പെടുന്നത്. ‘The current and former Facebook employees said Ms. Das’s intervention on behalf of Mr. Singh is part of a broader pattern of favoritism by Facebook toward Mr. Modi’s Bharatiya Janata Party and Hindu hardliners,’ ഫെയ്‌സ്ബുക് ഹിന്ദുത്വയുടെ ശക്തമായ പ്രചാരണായുധമായി മാറ്റിയെടുക്കുന്നതില്‍ മോഡിയും കൂട്ടരും നൂറുശതമാനം വിജയിച്ചതാണ് കാവിരാഷ്ട്രീയത്തിന്റെ കുതിപ്പ് ത്വരിതഗതിയിലാക്കിയത്. മോഡി സര്‍ക്കാരുമായി ഉന്നതതലത്തില്‍ കൂടിയാലോചന നടത്തിയാണത്രെ ഫെയ്‌സ്ബുക്കിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോയത് . ഗുജറാത്തില്‍നിന്ന് തുടങ്ങിയതാണ് ബി.ജെ.പി-സുക്കര്‍ബര്‍ഗ് കൂട്ടുകെട്ട്. രണ്ടായിരത്തിലേറെ മുസ്‌ലിംകള്‍ കുട്ടക്കൊല ചെയ്യപ്പെട്ട 2002 കാലഘട്ടത്തില്‍, ലോകത്തിന്റെ മുഴുവന്‍ ശാപമേറ്റുവാങ്ങിയ മോഡിയെ അഭിഷിക്തനാക്കാന്‍ ഫെയ്‌സ്ബുക് നല്‍കിയ സഹായങ്ങള്‍ വലുതാണ്. ‘ഹിന്ദു ഹാര്‍ഡ്‌ലൈനേഴ്‌സ് ‘ എന്ന യു.എസ് മാധ്യമവ്യവഹാര ഭാഷയിലെ സംഘ്പരിവാറാണ് കൂട്ടക്കൊലക്കും നിലയ്ക്കാത്ത കൊലവെറിക്കും പിന്നിലെന്ന് അറിയാമായിരുന്നിട്ടും വിശാലമായ ഇന്ത്യന്‍ മാര്‍ക്കറ്റ് പിടിച്ചെടുക്കാന്‍ എളുപ്പവഴി ഭൂരിപക്ഷവര്‍ഗീയതയുടെ വഞ്ചിയില്‍ കയറി മറുകര കാണുകയാണെന്ന് ഫെയ്‌സ്ബുക്കിന്റെ ഇന്ത്യന്‍ പ്രതിനിധി അന്‍ഖി ദാസ് തിരിച്ചറിഞ്ഞു. അതോടെ മോഡിയുടെ മുഖം മിനുക്കാനും ഡല്‍ഹി സിംഹാസനം താലത്തില്‍വെച്ച് കൊടുക്കാനും പദ്ധതികളാവിഷ്‌കരിച്ചു. 2014ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഫെയ്‌സ്ബുക്കില്‍ നരേന്ദ്രമോഡി ലൈക് കാമ്പയിന്‍ നടത്തിയപ്പോള്‍ ഇവിടുത്തെ പ്രതിപക്ഷപാര്‍ട്ടികള്‍ ഉറങ്ങി. രാജ്യം മുഴുവന്‍ നരേന്ദ്രമോഡി തരംഗമാണെന്ന് വരുത്തിത്തീര്‍ത്ത ഈ വ്യാജകാമ്പയിന്റെ ഉള്ളുകള്ളികള്‍ പുറത്തുകൊണ്ടുവരാന്‍ അന്ന് ആര്‍ക്കും സാധിച്ചില്ല. മോഡി ഫാന്‍സിനെ സൃഷ്ടിച്ച് കുറെ വോട്ടുകള്‍ നേടിക്കൊടുത്ത അന്‍ഖി ദാസ് ഇത്തരം പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചപ്പോള്‍, ഒരു ബഹുരാഷ്ട്രകുത്തക കമ്പനിയുടെ അവിഹിതമായ ഇടപെടലിനെക്കുറിച്ച് കാര്യമായ പരാതികള്‍ ഉയര്‍ന്നില്ല എന്നതാണ് അദ്ഭുതകരം. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ ക്വാര്‍ട്ടസിന്റെ വെബ്‌സൈറ്റില്‍ 2014 മെയ് 17ന് അന്‍ഖി ദാസ് പേര് വെച്ചെഴുതിയ ലേഖനം ഇന്ന് ഒരാവര്‍ത്തി വായിച്ചാല്‍ മനസ്സിലാവും യഥാര്‍ത്ഥ ‘വാട്ടര്‍ഗേറ്റ്’ ആണ് ഇവിടെ സംഭവിച്ചതെന്ന്.
മുഖ്യധാരാ, പരമ്പരാഗത മാധ്യമങ്ങളെപ്പോലും ഫെയ്‌സ്ബുക് ഇതിനകം തങ്ങളുടെ വരുതിയില്‍ കൊണ്ടുവന്ന സ്ഥിതിക്ക് ഇപ്പോഴത്തെ വിവാദം പെട്ടെന്ന് കെട്ടണയാനാണ് സാധ്യത. അന്‍ഖി ദാസിനെതിരെ പലരും വിവിധ കോടതികളില്‍ കേസ് കൊടുത്തിട്ടുണ്ടെങ്കിലും വര്‍ത്തമാനകാല അവസ്ഥയില്‍ അനുകൂലവിധി പ്രതീക്ഷിക്കേണ്ടതില്ല. ഹീനരാഷ്ട്രീയമാര്‍ഗങ്ങളോട് വിവേകപൂര്‍ണമായ സമീപനം സ്വീകരിച്ചില്ലെങ്കില്‍ സോഷ്യല്‍ മീഡിയ മനുഷ്യരാശിക്ക് മുന്നില്‍ വലിയ വെല്ലുവിളികളായിരിക്കും ഉയര്‍ത്താന്‍ പോകുന്നത്. സമീപകാല രാഷ്ട്രീയ ചരിത്രം അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ജനാധിപത്യക്രമത്തെ തന്നെ അട്ടിമറിക്കുന്ന ഭയാനകമായ അവസ്ഥയാണ് ഇവിടെ സൃഷ്ടിച്ചെടുത്തിരിക്കുന്നത്. ആസുര ചിന്തകളെയും വികാരങ്ങളെയും പടര്‍ത്തുന്ന അതിമാരകമായ ഉപകരണമായി സാമൂഹികമാധ്യമങ്ങളെ ഇവര്‍ മാറ്റിയെടുക്കുമ്പോള്‍ ഒരു രാജ്യത്തിന്റെ മൊത്തം മനോഘടനയെയാണ് ഇവര്‍ മാറ്റിമറിക്കാന്‍ ശ്രമിക്കുന്നത്. 34കോടി മനുഷ്യര്‍ ഫെയ്‌സ്ബുക്കിലും 40 കോടി പേര്‍ വാട്‌സ്ആപ്പിലും ഉപഭോക്താക്കളാണിന്ന്. പ്രായപൂര്‍ത്തി വോട്ടവകാശം നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഇത്ര വലിയ അളവില്‍ ജനങ്ങളെ സ്വാധീനിക്കാന്‍ സോഷ്യല്‍മീഡിയ കരുത്താര്‍ജിക്കുമ്പോള്‍ ഒരു മഹാപ്രഹേളികയായി അത് മാറുമെന്ന കാര്യത്തില്‍ സംശയമില്ല.
അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയം ഇപ്പോഴും ആഗോളസമൂഹത്തിന് ഉള്‍ക്കൊളളാന്‍ കഴിഞ്ഞിട്ടില്ല. ഭ്രാന്തനും വര്‍ണവെറിയനുമായ ട്രംപിനെ വകതിരിവുള്ളവര്‍ ജയിപ്പിക്കില്ല എന്ന് ലോകം ഒരേ മനസ്സോടെ പ്രതീക്ഷ വെച്ചുപുലര്‍ത്തിയിട്ടും എങ്ങനെ അദ്ദേഹം വന്‍ഭൂരിപക്ഷം നേടി എന്ന ചോദ്യം ഏറെക്കാലം ചര്‍ച്ച ചെയ്യപ്പെട്ടത് ആരും മറന്നിട്ടില്ല. ബ്രിട്ടനിലെ കാംബ്രിഡ്ജ് അനലിറ്റിക എന്ന കമ്പനിയുമായി കൂട്ടുചേര്‍ന്ന് സുക്കര്‍ബര്‍ഗ് തിരഞ്ഞെടുപ്പ് ഒരുതരത്തില്‍ അട്ടിമറിക്കുകയായിരുന്നു. മറ്റൊരു വാട്ടര്‍ഗേറ്റായാണ് മാധ്യമവിശാരദന്മാര്‍ അതിനെ കണ്ടത്. അനലിറ്റിക സി.ഇ.ഒ അലക്‌സാണ്ടര്‍ നിക്‌സ് വിക്കിലീക്‌സ് സ്ഥാപകന്‍ അസാന്‍ജിനെ രഹസ്യമായി ബന്ധപ്പെട്ട് ഹിലരി ക്ലിന്റന്റെ സ്വകാര്യ ഇ മെയിലുകള്‍ ദുരുപയോഗം ചെയ്യുകയായിരുന്നു. ട്രംപിന്റെ വിജയത്തില്‍ കാംബ്രിഡ്ജ് അനലിറ്റിക എന്തു പങ്കാണ് വഹിച്ചതെന്നും ഇതില്‍ റഷ്യന്‍ ഇടപെടലുകള്‍ എത്രത്തോളമെന്നും പിന്നീട് ഗവേഷണങ്ങള്‍ നടക്കുകയുണ്ടായി. ഈ സംഭവത്തിലെ യഥാര്‍ത്ഥ കുറ്റവാളി സുക്കര്‍ബര്‍ഗായിരുന്നു. ബ്രസീലിലും ബ്രിട്ടനിലും തീവ്രവലതുപക്ഷത്തെ അധികാരത്തിലേറ്റുന്നതില്‍ ഫെയ്‌സ്ബുക്കും വാട്‌സ്ആപ്പും ട്വിറ്ററും വലിയ പങ്കുവഹിച്ചു. നവആശയവിനിമയ മാര്‍ഗം അധികാരം പിടിച്ചെടുക്കാനുള്ള ആയുധമാക്കി മാറ്റിയപ്പോള്‍ തകര്‍ക്കപ്പെട്ടത് ജനാധിപത്യമാണ്. അതേ അജണ്ടയാണ് ഇന്ത്യയില്‍ ഹിന്ദുത്വ സര്‍ക്കാറിനെ ഡല്‍ഹിയില്‍ അവരോധിക്കുന്നതിലൂടെ സുക്കര്‍ബര്‍ഗ് നിറവേറ്റിയത്. 2011 തൊട്ട് തുടങ്ങിയതാണ് ബി.ജെ.പി-ഫെയ്‌സ്ബുക് കൂട്ടുകെട്ട്. വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ മുഖപുസ്തകത്തിലൂടെ ഒഴുകിനടന്നപ്പോള്‍ ഫെയ്‌സ്ബുക്കിന്റെ ഇന്ത്യന്‍ മേലധികാരിയുടെ നിര്‍ദേശം അതൊന്നും കാര്യമായി എടുക്കേണ്ട എന്ന മട്ടിലായിരുന്നു. 2014ലെ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ സുക്കര്‍ബര്‍ഗും അന്‍ഖിയും ഇറങ്ങിക്കളിക്കുന്നുണ്ടായിരുന്നു. ഡിജിറ്റല്‍ ഇന്ത്യയുടെ പല പരിപാടികളിലും മുഖ്യാതിഥിയായി മോഡി എത്തിയപ്പോള്‍ സുക്കള്‍ബര്‍ഗ് ആശ്ലേഷിക്കുന്ന ചിത്രങ്ങള്‍ ലോകമീഡിയയില്‍ നിറഞ്ഞുനിന്നു. അന്‍ഖി ദാസും പല സന്ദര്‍ഭങ്ങളിലായി മോഡിയോടൊപ്പം പടമെടുക്കാന്‍ മത്സരിച്ചു. അന്നൊന്നും ഈ കൂട്ടുകൃഷിയുടെ പ്രത്യാഘാതം കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മനസിലാക്കാന്‍ സാധിച്ചിരുന്നില്ല. വാള്‍സ്ട്രീറ്റ് ജേണലിലെ വാര്‍ത്തയ്ക്കു ശേഷം മാത്രമാണ് രാഹുല്‍ ഗാന്ധിയും മറ്റു നേതാക്കളും പ്രതികരണവുമായെത്തിയത്. ഫെയ്‌സ്ബുക് ഇന്ത്യന്‍ ടീമിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന കോണ്‍ഗ്രസ് ജന.സെക്രട്ടറി കെ.സി വേണുഗോപാലിന്റെ ആവശ്യം ആഗോളകോര്‍പ്പറേറ്റ് ജയന്റ് ഗൗരവത്തിലെടുക്കാന്‍ ഇടയില്ല.

ഇരകള്‍ മുസ്‌ലിംകള്‍ തന്നെ
നിയമവും കീഴ്്വഴക്കങ്ങളും ലംഘിച്ചുള്ള ഫെയ്‌സ്ബുക്കിന്റെ ഹിന്ദുത്വകര്‍സേവ, രാജ്യത്തെ ന്യൂനപക്ഷങ്ങളെ, വിശിഷ്യാ മുസ്‌ലിംകളെയാണ് ഏറ്റവും പ്രതികൂലമായി ബാധിക്കാന്‍ പോകുന്നത്. വിദ്വേഷപ്രസംഗങ്ങളെ പല ഗണത്തില്‍പെടുത്തി ഫെയ്‌സ്ബുക് പ്ലാറ്റ്‌ഫോമില്‍നിന്ന് എത്രയും പെട്ടെന്ന് ഡിലീറ്റ് ചെയ്യാനും ഉള്ളടക്കം നോക്കി എന്നെന്നേക്കുമായി വിലക്കേര്‍പ്പെടുത്താനും വ്യവസ്ഥകള്‍ വെക്കുന്നതാണ് ലിഖിതമായ മാനദണ്ഡം. ‘ടയര്‍ 1’ ഗണത്തില്‍പെട്ട വിദ്വേഷപ്രസംഗം എന്താണെന്ന് ഫെയ്‌സ്ബുക് നിര്‍വചിക്കുന്നത് ഇങ്ങനെ:

”Attacks, which target a perosn or group of people who share one of the above listed characteristics or immigration status (including all subsets except those described as having carried out violent crimes or sexual offences), where attack is defined as any violent speech or support in written or visual form. Dehumanising speech such as reference or compariosn to: Insects, Animals that are culturally perceived as intellectually or physically inferior, Filth, bacteria, disease and faeces, Sexual predator, Subhumanity, Violent and sexual criminals, Other criminals (including but not limited to ‘thieves’, ‘bank robbers’ or saying that ‘all [protected characteristic or quasiprotected characteristic] are ‘criminals’)
ഇതനുസരിച്ച് ഒരു വിഭാഗത്തെ വര്‍ഗീയമായി അധിക്ഷേപിക്കുന്നതോ രോഗവുമായി ബന്ധപ്പെടുത്തി കുറ്റപ്പെടുത്തുന്നതോ വിദ്വേഷപ്രസംഗമാണ്. കൊവിഡ് -19 വ്യാപനം തുടങ്ങിയപ്പോള്‍ തന്നെ ‘കൊറോണ ജിഹാദ്’ എന്ന പ്രയോഗം പരത്താന്‍ സംഘ്പരിവാരം എല്ലാ മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തി. ‘ലൗ ജിഹാദ് ‘പോലെ ‘കൊറോണ ജിഹാദും’ ഇസ്‌ലാമോഫോബിയയുടെ മൂര്‍ച്ചയുള്ള ആയുധമായി മാറി. തബ്‌ലീഗ് ജമാഅത്ത് ആസ്ഥാനത്ത് സംഗമിച്ച വിദേശികളടക്കമുള്ളവര്‍ രാജ്യത്ത് കൊവിഡ് പരത്തുകയാണെന്ന ആരോപണം മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നപ്പോള്‍ ഫെയ്‌സ്ബുക് അത് പ്രചരിപ്പിക്കാനുള്ള വേദിയൊരുക്കിക്കൊടുത്തു. ദളിതുകളും മുസ്‌ലിംകളും ബുദ്ധിസ്റ്റുകളുമടങ്ങുന്ന 20 അംഗ രാഷ്ട്രാന്തരീയ സംഘം 2018ല്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയത് 1000ത്തിലധികം ഫെയ്‌സ്ബുക് പോസ്റ്റുകള്‍ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് പ്രചരിപ്പിക്കപ്പെടുന്നുവെന്നാണ്. പരാതി ഉയരുമ്പോള്‍ തല്‍ക്കാലം ഒഴിവാക്കുകയും കുറച്ചുകഴിഞ്ഞാല്‍ വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന അനുഭവങ്ങളാണ് കൂടുതല്‍. ഫെയ്‌സ്ബുക്കിന്റെ മാര്‍ഗനിര്‍ദേശങ്ങളൊന്നും പ്രാദേശികഭാഷകളിലേക്ക് പരിഭാഷപ്പെടുത്താനോ താഴെത്തട്ടില്‍ പ്രയോഗവത്കരിക്കാനോ ഇവര്‍ തയാറായിട്ടില്ല. ജാതിപറഞ്ഞുകൊണ്ടുള്ള പോസ്റ്റുകള്‍ മാസങ്ങളോളം ഫെയ്‌സ്ബുക് പ്ലാറ്റ്‌ഫോമില്‍ കിടന്നപ്പോള്‍ കമ്പനി അര്‍ഥഗര്‍ഭമായ മൗനം ദീക്ഷിച്ചു. ‘Keep Calm and Go Against Chamars- മൗനം പാലിക്കുക, ചമറുകള്‍ക്ക് എതിരെ നീങ്ങുക’ എന്ന പോസ്റ്റര്‍ ഫെയ്‌സ്ബുക്കില്‍ ജനശ്രദ്ധ പിടിച്ചുപറ്റിയപ്പോള്‍, താഴ്ന്ന ജാതിക്കാര്‍ക്കെതിരായ വിദ്വേഷപ്രചാരണമാണതെന്ന് സുക്കര്‍ബര്‍ഗിന്റെ തൊഴിലാളികള്‍ക്ക് ബോധ്യം വന്നില്ലത്രെ. മുംബൈയില്‍ കുടുങ്ങിക്കിടന്ന തൊഴിലാളികള്‍ ബസ് വരുന്നതും കാത്ത് ഒരു പള്ളിക്ക് മുന്നില്‍ നിന്നപ്പോള്‍ ‘മസ്ജിദ് കൊറോണ’യെക്കുറിച്ച് ഏതോ വിവരം കെട്ട സംഘി പുലമ്പിയപ്പോള്‍, അതുപോലും ഫെയ്‌സ്ബുക്കിന് വാര്‍ത്തയായി.

അത്യന്തം വിപദ്കരമായ വഴിയിലേക്കാണ് ഈ സാമൂഹിക മാധ്യമങ്ങള്‍ രാജ്യത്തെയും 135കോടി പൗരന്മാരെയും നയിക്കുന്നത്. മനുഷ്യര്‍ പരസ്പരം കൊന്നുമരിക്കുന്ന അതിഭീഷണമായ, സംഘര്‍ഷഭരിതമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ സുക്കര്‍ബര്‍ഗിന്റെ ‘ഫിത്‌ന കമ്പനി’ക്ക് സാധിച്ചേക്കാം. ഇന്ത്യയില്‍ വന്‍ മുതല്‍ മുടക്ക് നടത്താനും രാഷ്ട്രീയ ഇടപെടലുകളിലൂടെ സാമ്പത്തിക, വ്യവസായ മേഖകളില്‍ ഇറങ്ങിക്കളിക്കാനും സുക്കര്‍ബര്‍ഗിന് പദ്ധതിയുണ്ടെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയില്‍ 43,574 കോടി രൂപയാണ് സുക്കര്‍ബര്‍ഗ് നിക്ഷേപിച്ചത്. ഇത്തരം വന്‍ ബിസിനസുകളിലെല്ലാം ബി.ജെ.പിയും പങ്കാളിയാണെന്ന യാഥാര്‍ത്ഥ്യം കൂടി ചേര്‍ത്തുവായിക്കുക. പൗരന്മാര്‍ ഗാഢനിദ്രയില്‍നിന്ന് സടകുടഞ്ഞെഴുന്നേറ്റില്ലെങ്കില്‍ ഈ രാജ്യം പോലും അഭിനവ ‘ഈസ്റ്റ് ഇന്ത്യ’ കമ്പനിയുടെ കാല്‍ക്കീഴില്‍ നമുക്ക് പണയം വെക്കേണ്ടിവരും.

KASIM IRIKKOOR

You must be logged in to post a comment Login