മനുഷ്യര്‍ സങ്കീര്‍ണമായ പല മാര്‍ഗങ്ങളിലൂടെയും പരിസ്ഥിതിയെ ശല്യപ്പെടുത്തിയതാണ് പുത്തന്‍ സാംക്രമിക രോഗങ്ങള്‍ക്ക് കാരണമായതെന്ന നിരീക്ഷണം ശക്തമായി നിലനില്ക്കുന്നു. മഹാമാരികള്‍, പേമാരി മലിനീകരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങി വിവിധങ്ങളായ വഴികളിലൂടെ പരിസ്ഥിതി പകരം ചോദിച്ചുകൊണ്ടിരിക്കുകയാണ്.
പ്രകൃതിയുടെ പാളം തെറ്റിച്ചതിന് പ്രായശ്ചിത്തം ചെയ്യേണ്ട കാലത്താണ് പരിസ്ഥിതിയെ പ്രതിപക്ഷത്തു നിര്‍ത്തി ദുര്‍ബലമാക്കാനുള്ള നിയമങ്ങളും വ്യവസ്ഥകളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നിരിക്കുന്നത്.
കൊറോണക്കാലം മനുഷ്യര്‍ക്ക് പല വിധത്തിലുള്ള പ്രയാസങ്ങള്‍ സൃഷ്ടിച്ചപ്പോഴും മുമ്പൊരിക്കലുമി ല്ലാത്തവിധം സ്വസ്ഥത അനുഭവിക്കുകയായിരുന്നു പരിസ്ഥിതി. വായു ശുദ്ധമായി, ആകാശം നീലിമവെച്ചു, ഭൂപടം ഹരിതാഭമായി. പ്രകൃതി പുഞ്ചിരിച്ച് തുടങ്ങുകയായിരുന്നു. അപ്പോഴാണ് പുതിയ വിജ്ഞാപനത്തിന്റെ രൂപത്തില്‍ പരിസ്ഥിതിയെ പിണക്കാനൊരുങ്ങുന്നത്.
എന്‍വയോണ്‍മെന്റെല്‍ ഇംപാക്ട് അസസ് മെന്റ് (ഇ ഐ എ) അഥവാ പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍ നിയമത്തില്‍ ഭേദഗതി വരുത്തിയുള്ള കരട് വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുള്ളത് പരിസ്ഥിതി വിരുദ്ധ നിര്‍ദേശങ്ങളുടെ ഘോഷയാത്രയോടെയാണ്.
കൊവിഡിന്റെ മറവില്‍ അരങ്ങേറിയ തീവ്ര സ്വകാര്യവത്ക്കരണത്തിന്റെയും പൊതുമേഖലാസ്ഥാപനങ്ങളെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി കൊടുത്തതിന്റെയും ദുരന്തങ്ങള്‍ വരാനിരിക്കുമ്പോഴാണ് പ്രകൃതി സമ്പത്തിനെ കൂടി കുത്തകകള്‍ക്ക് വില്‍ക്കാനൊരുങ്ങുന്നത്. കരടിലെ നിര്‍ദേശങ്ങള്‍ നാടിന്റെ നട്ടെല്ല് തകര്‍ക്കുന്നതും ഭാവി ജീവിതത്തെ ദുസ്സഹമാക്കുന്നതുമാണെന്ന് പ്രഥമ വായനയില്‍ തന്നെ വ്യക്തമാണ്.
ഇന്ത്യയില്‍ ആദ്യമായി ഒരു പരിസ്ഥിതി നിയമം വരുന്നത് 1986ലാണ്. 1984ലെ ഭോപ്പാല്‍ ദുരന്തത്തെ തുടര്‍ന്ന് രാജ്യത്താകെ ഉയര്‍ന്നുവന്ന കടുത്ത പ്രതിഷേധങ്ങളെ തുടര്‍ന്നായിരുന്നു പുതിയ നിയമം. ഒരു പഠനവുമി ല്ലാതെ വ്യവസായ സ്ഥാപനങ്ങളെയും ഫാക്ടറികളെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതിലെ അപകടം അധികാരികള്‍ തിരിച്ചറിഞ്ഞതാണതിനുകാരണം. അതോടെ ഏതൊരാള്‍ക്കും, ഏതിടത്തും തോന്നിയ പോലെ വ്യവസായം തുടങ്ങി പരിസ്ഥിതിയെയും സാധാരണ ജനങ്ങളെയും ദ്രോഹിക്കാമെന്ന അവസ്ഥ ഏറെക്കുറെ ഇല്ലാതായി. ഇതിന്റെ എതിര് ദിശയിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്.
1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിനു കീഴില്‍ നിന്നുകൊണ്ട് 1994 ല്‍ ആദ്യത്തെ പരിസ്ഥിതി ആഘാത നിര്‍ണയ നിയമം (ഇ ഐ എ)നിലവില്‍ വന്നു. 2006 ല്‍ ചെറിയ ഇളവുകള്‍ ഉള്‍പ്പെടുത്തി പുതിയ ഇഐഎ വിജ്ഞാപനം പുറത്തിറക്കി. പരിസ്ഥിതിയെ ഒട്ടൊക്കെ സംരക്ഷിക്കാനുതകുന്ന സവിശേഷ നിര്‍ദേശങ്ങള്‍ നിലവിലെ നിയമത്തിലുണ്ടായിരുന്നു. അത് പരിഷ്കരിച്ചപ്പോള്‍ മാരകമായ പിഴവുകളാണ് വന്നുചേര്‍ന്നിരിക്കുന്നത്. ഇ ഐ എ സംവിധാനത്തില്‍ ഘടനാപരമായി തന്നെ മാറ്റം വരുത്തുന്ന വിജ്ഞാപനമാണെന്നതിനാല് ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്.
രാജ്യത്തെ ഏതൊരു പദ്ധതികള്‍ക്കും, വ്യവസായങ്ങള്‍ക്കും മുന്‍കൂര്‍ പാരിസ്ഥിതികാനുമതി നേടണമെന്നാണ് നിലവിലെ നിര്‍ബന്ധ വ്യവസ്ഥ. അതായത് നാട്ടില്‍ ഒരു ക്വാറി, അല്ലെങ്കില്‍ ജലവൈദ്യുത പദ്ധതി വരണമെങ്കില്‍ അതിനു മുന്നോടിയായി ഒരു വിദഗ്ധ സമിതി നിശ്ചിത പദ്ധതി; പ്രദേശത്തെ പരിസ്ഥിതിക്കും ജനങ്ങള്‍ക്കും ഉണ്ടാക്കിയേക്കാവുന്ന പരിസ്ഥിതി, ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് പദ്ധതിയുടമയുടെ ചെലവില്‍ പഠനം നടത്തണം, ശേഷം അത് പ്രസിദ്ധീകരിക്കണം, പൊതുജനങ്ങളില്‍ നിന്ന് ഇത് സംബന്ധിച്ചുള്ള അഭിപ്രായങ്ങള്‍ ലഭ്യമാക്കണം, അത് പരിശോധിച്ച ശേഷം സമിതി അനുമതി നല്‍കണം. എങ്കില്‍ മാത്രമേ പദ്ധതി തുടങ്ങാനാകൂ.
എന്നാല്‍ പുതിയ കരട് വിജ്ഞാപന പ്രകാരം പദ്ധതികള്‍ ആരംഭിച്ച ശേഷം അനുമതി വാങ്ങിയാല്‍ മതി. പാരിസ്ഥിതികാനുമതി അനിവാര്യമായ ഖനികള്‍, വ്യവസായശാലകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങിയവ യഥേഷ്ടം ഇനി ആരംഭിക്കാമെന്നര്ഥം.
പുതിയനിയമത്തിന്റെ മറവില്‍ പരിസ്ഥിതി സംരക്ഷണ നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന പദ്ധതികള്‍ക്കും വ്യവസായങ്ങള്‍ക്കും പരിസ്ഥിതി അനുമതി വാങ്ങാനും നിയമസാധുത നേടിയെടുക്കാനുമുള്ള വഴികൂടി ഒരുങ്ങിയിരിക്കുന്നു. വന്‍തോതില്‍ പരിസ്ഥിതി സംരക്ഷണ നിയമം അട്ടിമറിക്കാന്‍ ഇതിലൂടെ സാധിക്കുന്നു.
നിയമലംഘനങ്ങള്‍ നടന്നാല്‍; അതിന് കാരണക്കാരായ സ്ഥാപനത്തിന് സ്വമേധയാലോ സര്‍ക്കാരിനോ അല്ലാതെ പൗരന് ചൂണ്ടികാണിക്കാനാവില്ല.
നിയമലംഘനങ്ങള്‍ നടത്തിയവരും അതിന് കൂട്ടുനില്‍ക്കുന്ന ഭരണസംവിധാനങ്ങളും നല്കുന്ന റിപ്പോര്‍ട്ടുകള്‍ മാത്രം സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്വീകരിച്ചാല്‍മതി എന്ന് പറയുമ്പോള്‍ എത്രമാത്രം അത് ജനവിരുദ്ധമായിരിക്കുന്നു, അയുക്തികമാകുന്നു എന്നതിന് വേറെ ഉദാഹരണങ്ങള്‍ തേടി പോകേണ്ടതില്ല.
വ്യവസായ സൗഹൃദാന്തരീക്ഷത്തിനുതകുന്ന നിര്‍ദേശമാണിതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. വികസനത്തിനുവേണ്ടി പ്രകൃതിയെ കുരുതി കൊടുക്കേണ്ടതുണ്ടോ എന്നതാണ് കാതലായ ചോദ്യം.
ഏതെങ്കിലും സ്ഥാപനം പാരിസ്ഥിതിക മാനേജ്മെന്റ് പ്ലാന്‍ ലംഘിച്ചാല്‍ (ഇഎംപി) പിഴ ചുമത്തി രക്ഷപെടാം.
സ്ഥാപനങ്ങള്‍ പരിസ്ഥിതി നാശത്തിന് പരിഹാരം ഏര്‍പ്പെടുത്തിയാല്‍ ഈ പദ്ധതികള്‍ക്ക് വീണ്ടും അനുമതി നല്‍കാം. പദ്ധതിയുണ്ടാക്കിയ പരിസ്ഥിതി നാശത്തെക്കുറിച്ചും പരിഹാരത്തെ കുറിച്ചും വിലയിരുത്തേണ്ടത് പദ്ധതി നടത്തിപ്പുകാര്‍ തന്നെ. ലളിത സമവാക്യങ്ങളിലൂടെ കുത്തകകള്‍ക്ക് രക്ഷപെടാനുള്ള പഴുതുകളെമ്പാടും ഒരുക്കിവെച്ചിരിക്കുന്നു അധികൃതര്‍.
സര്‍ക്കാരിന് തന്ത്രപരം(സ്ട്രാറ്റജിക്) എന്ന പേരില്‍ 40 തരം വ്യവസായ സ്ഥാപനങ്ങളെ പാരിസ്ഥിതികാനുമതിയില്‍ നിന്ന് ഒഴിവാക്കാമെന്നും കരട് പറയുന്നു. ഇത്തരം പദ്ധതികളുടെ ഒരു വിവരവും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ടതില്ലെന്നാണ് നിര്‍ദേശം.
പദ്ധതികളുടെ വിപുലീകരണം, പദ്ധതി നവീകരണം തുടങ്ങിയവക്ക് നിലവിലുള്ള നിയമപ്രകാരം പരിസ്ഥിതി ആഘാത പഠനവും പൊതുജനാഭിപ്രായ ശേഖരണവും ആവശ്യമാണ്. എന്നാല്‍ പുതിയ കരട് വിജ്ഞാപന പ്രകാരം 25 ശതമാനത്തിലധികം വിപുലീകരണം നടത്തുന്ന പദ്ധതികള്‍ക്ക് മാത്രമേ പരിസ്ഥിതി ആഘാതപഠനം വേണ്ടിവരുന്നുള്ളൂ. 50 ശതമാനത്തിലേറെ വിപുലീകരണം ആവശ്യമുള്ള പദ്ധതികള്‍ക്കു മാത്രമേ പൊതുജനാഭിപ്രായം കേള്ക്കേണ്ടതുള്ളൂവെന്നും വ്യവസ്ഥ വ്യക്തമാക്കുന്നു.
പാരിസ്ഥിതികാനുമതിക്ക് അപേക്ഷ നല്കി 15 ദിവസത്തിനകം നല്‍കിയില്ലെങ്കില്‍ അത് കിട്ടിയതായി കണക്കാക്കും(എത്ര എതിര്‍പ്പുണ്ടായാലും അനുമതി നല്‍കേണ്ടിവരും). സമുദ്രത്തിലെ പ്രകൃതി വാതക ഖനനം, സംസ്കരണം എന്നീ പ്രവര്‍ത്തനങ്ങള്‍ക്കും താപ വൈദ്യുതനിലയങ്ങള്‍ക്കും വന്‍ ഇളവുകള്‍,
70 മീറ്ററില്‍ കുറവ് വീതിയുള്ള ഹൈവേകള്‍ക്ക് അനുമതി ആവശ്യമില്ല(ഇന്ത്യയിലെ എല്ലാ ഹൈവേകളും 60 മീറ്ററില്‍ താഴെ മാത്രം വീതിയുള്ളവയാണ്, 2006 ലെ വിജ്ഞാപനത്തില്‍ ഈ പരിധി 40 മീറ്റര്‍ ആയിരുന്നു). തുടങ്ങി ചെറുതും വലുതുമായ അപകടകരമായ നിരവധി നിയമങ്ങളാണ് കരട് വിജ്ഞാപനത്തിലുള്ളത്.
ജനങ്ങളുടെ അഭിപ്രായം കണക്കിലെടുത്തായിരിക്കും അന്തിമ വിജ്ഞാപനം എന്ന് പറയുന്നുണ്ടെങ്കിലും മോഡിസര്‍ക്കാരിന്റെ സ്വകാര്യ മൂലധന വിധേയത്വവും ചങ്ങാത്ത മുതലാളിത്തവും അറിയാവുന്നവരാരും അത് വിശ്വസിക്കാന്‍ തയാറല്ല. ജനങ്ങളേക്കാള്‍ തങ്ങളെ തീറ്റിപ്പോറ്റുന്ന കോര്‍പ്പറേറ്റുകളോടാണ് കൂറെന്ന് പ്രവര്‍ത്തിയിലൂടെ പലവുരു തെളിയിച്ചിട്ടുള്ളവരാണവര്. അതുകൊണ്ട് പാരിസ്ഥിതിക നീതിക്ക് വേണ്ടിയുള്ള സമരാധ്യായങ്ങള്‍ തന്നെ ആരംഭിക്കേണ്ടിവരും. എസ് എസ് എഫിന്റെ നേതൃത്വത്തില്‍ പ്രകൃതിക്കായുള്ള സമരങ്ങള്‍ക്കും പൊതു വിചാരണകള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. നിയമം ദുര്‍ബലമാകുമ്പോള്‍ നീതിക്കായി തെരുവിലിറങ്ങുക തന്നെ വേണം.
പ്രകൃതിയുടെ നിലവിളി കേള്‍ക്കാതെ കാലങ്ങളായി നടത്തി കൊണ്ടിരിക്കുന്ന ഇക്കോ ഫാഷിസത്തിന്റെ ഫലമായി നിരവധി ദുരന്തങ്ങളാണ് നിരന്തരമായി പിടികൂടുന്നത്. വരുംതലമുറകള്‍ക്ക് വാസയോഗ്യമല്ലാത്ത ഭൗമ ലോകത്തെ കൈമാറുക എന്നത് അവരോടുളള അങ്ങേയറ്റത്തെ അനീതിയാണ്.
1984 ലെ വീരേന്ദ്രകുമാറിന്റെ ഒരു പ്രസംഗം മകന് അനുസ്മരിക്കുന്നുണ്ട്. കോഴിക്കോട്ടെ ഒരു പുഷ്പമേളയുടെ ഉദ്ഘാടനമാണ് വേദി. ‘ഞാന്‍ വിചാരിച്ചത് എന്റെ മകന് എന്നെക്കാള്‍ ഭാഗ്യവാനാണ് എന്നാണ് കാരണം ഞാന്‍ ജനിക്കുമ്പോള്‍ റേഡിയോ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ടെലിവിഷന്‍ വന്നു. കംപ്യൂട്ടര്‍ വരാന്‍ പോകുന്നു. അങ്ങിനെ വലിയ സാധ്യതകളുടേതായ ലോകത്താണ് ഈ തലമുറ വളരുന്നത് എന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷേ ഇപ്പോള്‍ ഞാന്‍ പറയുന്നു ഞാനാണ് ഭാഗ്യവാനെന്ന്. കാരണം ഞാന്‍ വെള്ളം കുടിച്ച് മരിക്കും. എന്റെ മകന് അത് സാധിക്കുമോ എന്നെനിക്കറിയില്ല. ഇവിടെ പുഴകള്‍ മലിനമാവും, പ്രാണജലം കിട്ടാതാകും. പ്രണയവും സംഗീതവും കവിതകളുമെല്ലാം ഉണ്ടാകുന്നത് ഈ പുഴകളുടെ കരയിലായിരുന്നു. എന്റെ മകന് പ്രണയിക്കാന്‍ പുഴകളുണ്ടാകുമോ എന്നെനിക്കറിയില്ല.’
ആ പ്രവചനത്തിന്റെ ദുരന്തപര്യവസായിയായ പുലര്‍ച്ചയിലേക്കാണ് പുതിയ വിജ്ഞാപനത്തിലൂടെ രാജ്യം പിച്ചവെക്കുന്നത്.
ഒരു ജനതയുടെ ജീവനും അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനും ഉന്നതി ഉണ്ടാകുന്നതാകണം വികസനം. വികസനത്തിനു വേണ്ടി പരിസ്ഥിതിയേയും പരിസ്ഥിതിക്ക് വേണ്ടി വികസനവും അടിയറവെക്കരുത്.
കെ ബി ബഷീര്‍ (എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റംഗം)
You must be logged in to post a comment Login