അന്ത്യപ്രവാചകന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന ചരിത്രവിദ്യാര്‍ഥിയെ അദ്ഭുതപ്പെടുത്തുന്ന ഒരു പ്രധാന ഘടകം ഏറ്റവും ചുരുങ്ങിയ കാലത്തിനിടയില്‍ നേടിയെടുത്ത നിയോഗവിജയമാണ്. രാഷ്ട്രീയപരമായോ ആധ്യാത്മികമായോ മതപരമായോ വന്‍വിപ്ലവങ്ങള്‍ സൃഷ്ടിച്ച ചരിത്രപുരുഷന്മാരില്‍ ഭൂരിഭാഗവും മഹത്തായ ദൗത്യങ്ങള്‍ നിറവേറ്റിയത് നീണ്ട കാലയളവിനിടയിലായിരിക്കും. മുത്തുനബിയുടെ ജീവിതം പരിശോധിക്കുമ്പോള്‍ അദ്ഭുതപ്പെടുത്തുന്നത് കേവലം 23വര്‍ഷം മാത്രമാണ് ആ ചരിത്രപുരുഷന്റെ പ്രവാചക കാലയളവ് എന്നതാണ്. അതില്‍ ആദ്യപത്തുവര്‍ഷം മക്കയില്‍ പീഡനങ്ങളും മര്‍ദനങ്ങളും അവഹേളനങ്ങളും കൊടിയ എതിര്‍പ്പുകളുമായി കഴിച്ചുകൂട്ടേണ്ടിവന്നു. ഖുര്‍ആനിന്റെ അവതരണവും ദൈവിക സന്ദേശത്തിന്റെ പ്രസാരണവും രഹസ്യമോ പരിമിതമോ ആയ പ്രബോധനവുമായി കഴിച്ചുകൂട്ടിയ മക്കയിലെ ഒരു ദശാബ്ദം നിലനില്‍പായിരുന്നു പ്രശ്നം. അതുകൊണ്ടുതന്നെ, ഇസ്ലാമിക പ്രത്യയശാസ്ത്രത്തിലധിഷ്ഠിതമായ ഒരു രാഷ്ട്രനിര്‍മിതിയെ കുറിച്ച് ആലോചിക്കാന്‍ പോലും സാഹചര്യങ്ങള്‍ അനുവദിച്ചിരുന്നില്ല. എന്നിട്ടും, പ്രവാചകന്‍ ചുരുങ്ങിയ കാലത്തിനിടയില്‍ സാക്ഷാത്കരിച്ച വിപ്ലവത്തിന്റെ ആന്തോളനം പ്രപഞ്ചമാകെ ദൃശ്യമായി. അത്തരമൊരു സഫലീകരണ പ്രയത്നത്തില്‍ അല്ലാഹുവിന്റെ ദൂതന്‍ പ്രദര്‍ശിപ്പിച്ച നയതന്ത്രജ്ഞത ആധുനിക രാഷ്ട്രമീംമാസയുടെ വീക്ഷണകോണിലുടെ പരിശോധിക്കുമ്പോള്‍, ഏത് ചരിത്രവിദ്യാര്‍ഥിയെയും അമ്പരപ്പിക്കും. തന്നെയും അനുയായികളെയും ആട്ടിയോടിച്ച അതേ മക്കയിലേക്ക് പത്തുവര്‍ഷം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ ആ പുണ്യപട്ടണവും പട്ടണവാസികളും തിരുനബിയെയും അനുചരന്മാരെയും വരവേറ്റ രീതി കണ്ടില്ലേ? ഭൂമുഖത്ത് ഏതു പ്രത്യയശാസ്ത്രത്തിനും ഭരണകര്‍ത്താവിനുമാണ് ഇമ്മട്ടില്‍ കാലത്തോട് മധുരമായി പകരംവീട്ടാന്‍ സാധിക്കുക എന്ന ചോദ്യത്തിന് ഉത്തരം പലതുമാവാം. പരീക്ഷണങ്ങളെയും പ്രാതികൂലാവസ്ഥകളെയും ബുദ്ധിപൂര്‍വം, ക്ഷമയോടെ നേരിടുന്നതില്‍ പ്രവാചക തിരുമേനി കാണിച്ച ഹൃദയമുറപ്പിന്റെ പരിണിതഫലം ലോകത്തിനു അനുഭവഗോചരമാകുന്നത് ഇസ്ലാം വെന്നിക്കൊടി പറത്തിയപ്പോഴാണ്.
പീഡനങ്ങളേറ്റ് ജീവിതം ദുസ്സഹമായപ്പോള്‍ അനുയായികളോട് ആദ്യം അബ്സീനിയയിലേക്കും പിന്നീട് മദീനയിലേക്കും പലായനം ചെയ്യാന്‍ ആജ്ഞാപിച്ച തിരുനബിയുടെ പ്രായോഗി ബുദ്ധി, ഇസ്ലാമിക റിപ്പബ്ലിക് കെട്ടിപ്പടുക്കുന്നതില്‍ എത്രമാത്രം പ്രയോജനപ്പെട്ടുവെന്ന് ചരിത്രത്തിന്റെ പുതിയ അധ്യായങ്ങള്‍ ചുരുളഴിഞ്ഞുവരുമ്പോഴാണ് ലോകത്തിന് ബോധ്യപ്പെടുന്നത്. പ്രവാചകന്‍ ജനിച്ച മക്കയില്‍ ഒരു ഭരണകൂടമുണ്ടായിരുന്നില്ല. ഗോത്രങ്ങളാണ് അവരവരുടെ ജനസമൂഹങ്ങളെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്തിരുന്നത്. അത്തരമൊരു സാമൂഹിക പശ്ചാത്തലത്തിലാണ് വിവാഹത്തിലൂടെയും മറ്റു മാര്‍ഗേണയും പുതിയ ബന്ധങ്ങളുണ്ടാക്കുകയും പഴയത് കൂടുതല്‍ ദൃഢീകരിക്കുകയും ചെയ്യുന്നതിന് മുഹമ്മദ് നബി ശ്രദ്ധ കേന്ദ്രീകരിച്ചത്. മര്‍ദനങ്ങള്‍ സഹിക്കവയ്യാതെ മറുനാടുകളിലേക്ക് ഹിജ്റ പോകുന്നവരെ പോലും സംഘങ്ങളായി യാത്രയാക്കുമ്പോള്‍ അതീവ ബുദ്ധികൂര്‍മതയോടെയാണ് ഓരോരുത്തരെയും തിരഞ്ഞെടുത്തത്. അബ്സീനിയയിലേക്ക് (ഇന്നത്തെ എത്യോപ്യ ) പ്രവാചകദൗത്യത്തിന്റെ അഞ്ചാം വര്‍ഷം ഒരു സംഘം വിശ്വാസികളെ യാത്രയാക്കി. മുത്തുനബിക്ക് അന്നത്തെ ആഫ്രിക്കന്‍ വന്‍കരയെ കുറിച്ചും അവിടുത്തെ മതസമൂഹത്തെ കുറിച്ചും നല്ല ധാരണയുണ്ടെന്ന് ഉറച്ചുവിശ്വസിക്കണം. മറുനാട്ടില്‍ അഭയം തേടാനുള്ള തീരുമാനമെടുത്തപ്പോള്‍ എന്തുകൊണ്ട് വിദൂരസ്ഥമായ ഒരാഫ്രിക്കന്‍ രാജ്യം തിരഞ്ഞെടുത്തു? യെമനോ ശാമോ ഇറാഖോ എന്തുകൊണ്ട് ചിന്തയില്‍ കയറിവന്നില്ല? ഇങ്ങനെ ഒരാപ്തവാക്യമുണ്ടത്രെ: ‘ഇസ്ലാം ആഫ്രിക്കക്കാണ്. ആഫ്രിക്ക ഇസ്ലാമിനുള്ളതാണ്’. ഭൂമിശാസ്ത്രപരമായും ഭൗതികമായും അറേബ്യന്‍ ഉപഭൂഖണ്ഡത്തിന്റെ തുടര്‍ച്ചയാണ് ആഫ്രിക്കന്‍ വന്‍കര. സുലൈമാന്‍ നബിയും ഖുര്‍ആനില്‍ സവിസ്തരം പ്രതിപാദിക്കപ്പെട്ട ചരിത്രപുരുഷന്‍ ലുഖ്മാനും വരുന്നത് ആഫ്രിക്കയില്‍നിന്നാണ്. ഫറോവമാരുടെ കഥ കെട്ടഴിഞ്ഞുവീഴുന്നത് രണ്ടുവന്‍കരകള്‍ സംഗമിക്കുന്ന ഈജിപ്തിലാണ്. ഇതിനെല്ലാം പുറമെ, എത്യോപ്യന്‍ നാഗരികതക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. കെനിയന്‍ പണ്ഡിതന്‍ പ്രൊഫ. അലി മര്‍സൂഹി അബ്സീനിയയുടെ വൈശിഷ്ട്യങ്ങള്‍ ആഴത്തില്‍ വിവരിക്കുന്നുണ്ട്. അവിടുത്തെ ഫലഭൂയിഷ്ഠമായ മണ്ണില്‍ വിളയിച്ച അപൂര്‍വ കാര്‍ഷികവിഭവങ്ങളും കായ്കനികളും പഴവര്‍ഗങ്ങളും ലോകമാസകലം അന്നറിയപ്പെട്ടിരുന്നു ( ഉദാഹരണത്തിന് അറബിക്കാപ്പിയുടെ ഉദ്ഭവം അബ്സീനിയന്‍ മലമടക്കുകളാണ്). എല്ലാറ്റിനുമുപരി, ആ കാലഘട്ടത്തില്‍ രാജ്യം ഭരിച്ചത് നീതിമാനും സത്യസന്ധനും ക്രൈസ്തവ വിശ്വാസിയുമായ അശമ നീഗസ് ആണ്. റജബ് മാസം അങ്ങനെ 15പേര്‍ ഉള്‍ക്കൊള്ളുന്ന ഒരു സംഘം അതീവരഹസ്യമായി ചെങ്കടല്‍ കടന്ന് അബ്സീനിയയിലേക്ക് പുറപ്പെടുകയാണ്. ഒരാളില്‍നിന്ന് അര ദീനാറാണ് യാത്രക്കൂലിയായി ബോട്ടുടമ വാങ്ങിയത്. അബ്ദുല്ലാഹിബ്നു മസ്ഊദ്, ജഅ്ഫര്‍ ബിന്‍ അബീത്വാലിബ് തുടങ്ങിയ പ്രമുഖരടക്കം മൊത്തം 80 സ്വഹാബിമാരാണ് ഒടുവില്‍ അബ്സീനിയയില്‍ എത്തുന്നത്. ഖുറൈശി ശത്രുക്കള്‍ പിറകെയുള്ള കപ്പലില്‍ വിശ്വാസികളെ പിന്തുടര്‍ന്നെത്തിയിരുന്നു. ഇവര്‍ നാട്ടിലെ കുഴപ്പക്കാരാണെന്നും അവരുടെ പൂര്‍വികര്‍ ആരാധിക്കുന്ന ദൈവത്തെ തള്ളിപ്പറയുന്നവരാണെന്നും അതുകൊണ്ട് അവര്‍ക്ക് അഭയം നല്‍കരുതെന്നും സൈനികമേധാവിയെയും മറ്റു ഉന്നതരെയും കണ്ട് കുതന്ത്രങ്ങള്‍ മെനഞ്ഞു. പക്ഷേ നീഗസ് ചക്രവര്‍ത്തി മുസ്ലിം പക്ഷത്തിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ സന്നദ്ധനായി. ജഅ്ഫര്‍ ബിന്‍ അബീത്വാലിബ് ബഹുദൈവവിശ്വാസികള്‍ മുസ്ലിംകളോട് കാണിച്ച ക്രൂരതകളത്രയും വിവരിച്ചു. ഈസാ നബിയെയും മാതാവ് മറിയം ബീവിയെയും പരാമര്‍ശിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിച്ചു. സത്യദീനിന്റെ വക്താക്കളാണ് ഇവരെന്ന് ബോധ്യപ്പെട്ട അബ്സീനിയന്‍ രാജാവ് സര്‍വവിധ സുരക്ഷയും വാഗ്ദാനം ചെയ്തു. അതോടെ ഖുറൈശികള്‍ ജാള്യത്തോടെ മടങ്ങി.
അഭയാര്‍ഥികളില്‍നിന്ന് കണ്ടെടുത്ത ജീവിതപങ്കാളി
അബ്സീനിയയില്‍ അഭയം തേടിയവരുടെ കൂട്ടത്തില്‍നിന്ന് പ്രവാചകന്‍(സ) ഒരു ജീവിതപങ്കാളിയെ കണ്ടത്തെിയത് ചരിത്രത്തിന്റെ ഗതി തിരുത്തിക്കുറിച്ചു. അത് ആ ചരിത്രനായകന്റെ ദീര്‍ഘദൃഷ്ടി ലോകത്തിന് കാട്ടിക്കൊടുക്കുന്നതുമായി. ഖുറൈശി നേതാവ് അബൂസുഫ്യാന്റെ പുത്രി റംലക്കായിരുന്നു ആ ഭാഗ്യം. മുആവിയയുടെ സഹോദരിയാണ് ഉമ്മുഹബീബ എന്നറിയപ്പെടുന്ന റംല. അഭയാര്‍ഥി ജീവിതം നയിക്കുന്നതിനിടയില്‍ ആ മഹതി വലിയൊരു ജീവിത ദുരന്തം നേരിട്ടു. അവരുടെ ഭര്‍ത്താവ് ഉബൈദുല്ല ബിന്‍ ജയ്ഷ് പൂര്‍വ മതമായ ക്രിസ്ത്യാനിറ്റിയിലേക്ക് തിരിച്ചുപോയി. ഉമ്മുഹബീബ സത്യമതത്തില്‍ ഉറച്ചുനിന്നു. അധികനാള്‍ കഴിയുന്നതിന് മുമ്പ് ഉബൈദുല്ല മരണം പ്രാപിച്ചു. എല്ലാ നിലക്കും അനാഥയായ ഉമ്മുഹബീബക്ക് സ്വദേശത്തേക്ക് ഒരുനിലക്കും തിരിച്ചുപോവാന്‍ പറ്റാത്ത അവസ്ഥ. പിതാവ് അബൂസുഫ്യാന്‍ മുത്തുനബിക്കെതിരെ എതിര്‍പ്പ് കത്തിച്ചുവിടുകയാണ്. ഭര്‍തൃവീട്ടുകാര്‍ ആരുമില്ല. ഈ ഘട്ടത്തിലാണ് മുത്തുനബിയുടെ ദൂതുമായി അംറ് ബിന്‍ ഉമയ്യ അബ്സീനിയന്‍ രാജാവിന്റെ മുന്നിലെത്തുന്നത്. ഉമ്മുഹബീബയെ ജീവിതപങ്കാളിയായി സ്വീകരിക്കാന്‍ പ്രവാചകന്‍ ആഗ്രഹിക്കുന്നുവെന്നും ഇദ്ദ കാലത്തിനു ശേഷം ആരെയെങ്കിലും രക്ഷിതാവായി നിയോഗിക്കണമെന്നുമാണ് സന്ദേശം. അടക്കാനാവാത്ത സന്തോഷത്തോടെ, അവര്‍ ഖാലിദ് ബിന്‍ സഈദ് ബിന്‍ അല്‍ ആസിനെ വിവാഹച്ചുമതല ഏല്‍പിച്ചു. നീഗസ് ചക്രവര്‍ത്തി മുഴുവന്‍ വിശ്വാസികളെയും കൊട്ടാരത്തിലേക്ക് വിളിച്ചുകൂട്ടി സന്തോഷവാര്‍ത്ത അറിയിച്ചു. മഹ്റായി 400 ദീനാര്‍ രാജാവ് നല്‍കി. അതിഥികള്‍ മടങ്ങിപ്പോവാന്‍ നേരത്ത് എല്ലാവരെയും അവിടെ പിടിച്ചിരുത്തി; അറബ് ആചാരപ്രകാരം സല്‍ക്കാരം കഴിച്ചിട്ടേ പോകാവൂ എന്ന് ശഠിച്ചു. ആഹ്ലാദം അലതല്ലിയ അന്തരീക്ഷത്തില്‍ സ്വാദിഷ്ഠമായ ഭക്ഷണം വിളമ്പി. നീഗസ് ചക്രവര്‍ത്തി രാജ്ഞിയുടെ വിലപിടിപ്പുള്ള ആഭരണങ്ങളും മറ്റും ഉമ്മുഹബീബക്ക് വിവാഹ പാരിതോഷികമായി നല്‍കി.
പ്രയാസങ്ങളും വെല്ലുവിളികളും നിറഞ്ഞ ജീവിതകാലഘട്ടം കടന്നുപോകുമ്പോഴും പ്രവാചകന്‍( സ) വിദൂരതയിലുള്ള തന്റെ അനുചരന്മാരെ പോലും മറന്നില്ല എന്നതിന്റെ തെളിവാണ് ഉമ്മുഹബീബയോടുള്ള പരിഗണന. അബൂസുഫ്യാന്റെ മകളുമായുള്ള ദാമ്പത്യം ഇസ്ലാമിന്റെ രാഷ്ട്രീയപ്രയാണത്തില്‍ വലിയ പങ്കുവഹിച്ചു. 13വര്‍ഷം അബ്സീനിയയില്‍ കഴിഞ്ഞ ഉമ്മുഹബീബയും സംഘവും പ്രവാചകന്‍ മദീനയിലത്തെി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മടക്കയാത്ര തിരിച്ചത്. പുത്രിക്കും പ്രവാചകനുമൊപ്പം അവര്‍ സന്തോഷജീവിതം നയിച്ചു. ഇതിനിടയിലാണ് ഇസ്ലാമിക റിപ്പബ്ലിക്കിന്റെ പ്രാരംഭദശയിലെ വലിയ രാഷ്ട്രീയം കടന്നുവരുന്നത്. വിശുദ്ധ ഖുര്‍ആന്‍ വിജയമായി പ്രഖ്യാപിച്ച ഹുദൈബിയ സന്ധിയുടെ ആന്തരിക സത്യം അനാവൃതമായ ദശാസന്ധിയായിരുന്നു അത്. സന്ധി വ്യവസ്ഥകള്‍ ആരെങ്കിലും ലംഘിച്ചാല്‍ അവര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കാന്‍ മറുപക്ഷത്തിന് അവകാശമുണ്ടെന്നിരിക്കേ, ബനീബക്കര്‍ ഖുറൈശികളുമായും ബനീഖുസാ പ്രവാചകനുമായും സഖ്യംചേര്‍ന്നത് വഴിത്തിരിവുകള്‍ സൃഷ്ടിച്ചു. ഖുറൈശികള്‍ക്കെതിരെ മുസ്ലിംകള്‍ നടപടി സ്വീകരിക്കുമെന്ന് കണ്ടപ്പോള്‍, അടിയന്തിരയോഗം ചേര്‍ന്നു അബൂസുഫ്യാനെ പ്രവാചകന്റെ അടുത്തേക്ക് അയക്കാന്‍ ഖുറൈശികള്‍ തീരുമാനിക്കുകയായിരുന്നു. തിരുദൂതരുടെ സഹധര്‍മിണിയായി തന്റെ മകള്‍ മദീനയിലുള്ളപ്പോള്‍ ആ സാഹചര്യം പ്രയോജനപ്പെടുത്താമെന്ന് അബൂസുഫ്യാന്‍ കരുതിക്കാണണം. മകളുടെ മുറിയിലേക്ക് അറച്ചറച്ച് കടന്ന ഖുറൈശി മുഖ്യന്‍, അവിടെ വിരിച്ച പുല്‍പായയില്‍ ഇരിക്കാന്‍ ഭാവിക്കവേ, ഉമ്മുഹബീബ ഓടിച്ചെന്ന് ആ പായ വലിച്ചുനീക്കി; തിരുദൂതര്‍ ഇരിക്കുന്ന പായയാണത് എന്ന താക്കീതോടെ. എന്റെ പിതാവാണെങ്കിലും താങ്കള്‍ ഒരു ബഹുദൈവ വിശ്വാസിയാണല്ലോ എന്ന് ഓര്‍മപ്പെടുത്താനും മറന്നില്ല. മകളുടെ മുന്നില്‍ പരിഹാസ്യനായ അബൂസുഫ്്യാന്‍ ദുഃഖാര്‍ത്തനായി മുറിയില്‍നിന്ന് ഇറങ്ങിപ്പോയി. പ്രവാചകന്റെ അടുത്ത് ചെന്ന് ഹുദൈബിയ സന്ധി പുതുക്കണമെന്ന് അഭ്യര്‍ഥിച്ചു. മുത്തുനബി ഒരുറപ്പും നല്‍കിയില്ല. പിന്നീട് ചെന്നത് അബൂബക്കര്‍ സിദ്ദീഖിന്റെ( റ ) അടുത്താണ്. വ്യക്തമായ മറുപടി കിട്ടിയില്ല. ഉമറുബ്നുല്‍ ഖത്താബിന്റെയും ഉസ്മാനു ബിന്‍ അഫാന്റെയും അലിയ്യിബ്നു അബൂത്വാലിബിന്റെയും അടുത്ത് ചെന്ന് കെഞ്ചിയെങ്കിലും പ്രവാചകന്‍ ഒരു തീരുമാനമെടുത്ത സ്ഥിതിക്ക് തങ്ങള്‍ നിസ്സഹായരാണെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. ഹുദൈബിയ സന്ധി അതിന്റെ പൂര്‍ണവിജയത്തിലേക്ക് ദളങ്ങള്‍ വിരിക്കുകയാണ്. വിഷണ്ണനായി മക്കയിലേക്ക് മടങ്ങിയ അബൂസുഫ്യാന്‍ കാത്തിരിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് അനുയായികളെ ഓര്‍മപ്പെടുത്തി. താമസിച്ചില്ല, ഹിജ്റ എട്ടാം വര്‍ഷം റമളാന്‍ 10ന് പ്രവാചകന്റെ നേതൃത്വത്തിലുള്ള ഒരു കൂറ്റന്‍ സൈന്യം മക്ക ലക്ഷ്യമിട്ട് നീങ്ങുകയാണ്.
നബിയുടെ കാല്‍ക്കീഴില്‍ മക്ക
ഒരു രാഷ്ട്രം എന്ന നിലയില്‍ ഇസ്ലാമിക് റിപ്പബ്ലിക് അതിന്റെ കരുത്ത് ലോകത്തെ കാണിക്കാന്‍ പോവുകയാണ്. ഒരു ദശകം കൊണ്ട് സംഭവിച്ച മാറ്റങ്ങള്‍ മനുഷ്യചരിത്രത്തില്‍ തുല്യതയില്ലാത്തത്. അനുചരന്മാരെ മുഴുവന്‍ യസ്രിബിലേക്ക്(മദീന ) യാത്രയാക്കിയ ശേഷം പ്രവാചകനും(സ) അബൂബക്കര്‍ സിദ്ദീഖും(റ) മാത്രം ശേഷിക്കവെയാണ് ഖുറൈശികള്‍ പുണ്യദേഹങ്ങളെ വകവരുത്തുന്നതിന് ‘യൗമൂ സഹ്മ’യില്‍ ( ജനം നിറഞ്ഞൊഴുകിയ ദിവസം) തീരുമാനമെടുക്കുന്നത്. അതീവരഹസ്യവും നിഗൂഢതകളേറിയതുമായ ഹിജ്റ ചരിത്രത്തെ മാറ്റിയെഴുതി. അത് കഴിഞ്ഞ് എട്ടുവര്‍ഷം പിന്നിടുമ്പോഴിതാ അന്ന് പലായനം ചെയ്ത അതേ ദൈവദൂതന്‍, മക്കയെ കീഴടക്കാന്‍ വരുന്നു. ഒരിറ്റ് രക്തമൊഴുക്കാതെ അത് പൂര്‍ത്തിയാക്കണമെന്ന് പ്രവാചകന് നിര്‍ബന്ധമുണ്ടായിരുന്നു. എല്ലാം അതീവ രഹസ്യമായി. അന്തിമലക്ഷ്യം ആരെയും അറിയിച്ചില്ല. ആധുനിക യുദ്ധതന്ത്രങ്ങളെ കുറിച്ച് ലോകം ആലോചിക്കാന്‍ തുടങ്ങിയിട്ടില്ലാത്ത ഒരു കാലഘട്ടത്തിലാണ് രഹസ്യാന്വേഷണത്തിന് കാര്യക്ഷമമായ വഴികളാവിഷ്‌കരിച്ച് ശത്രുക്കളെ കീഴടക്കാന്‍ തിരുനബി ഒരുക്കങ്ങള്‍ തുടങ്ങിയത്. രഹസ്യം സൂക്ഷിക്കേണ്ടവര്‍ അത് ചോര്‍ത്തിയത് പോലും പ്രവാചകന്‍ കണ്ടുപിടിച്ചു. വഴിയില്‍വെച്ച് സുലൈം, മുസൈന, ഗത്ഫാന്‍ തുടങ്ങിയ ഗോത്രങ്ങള്‍ ഇസ്ലാമിക സൈന്യത്തോടൊപ്പം ചേരുകയാണ്. മക്കയില്‍നിന്ന് ഏഴു കിലോമീറ്റര്‍ അകലെ മര്‍റല്‍ സഹ്റാനില്‍ എത്തിയപ്പോഴേക്കും സൈനികബലം പതിനായിരം കടന്നിരുന്നു. പരിഭ്രാന്തരായ അബൂസുഫ്യാനും സംഘവും നിജസ്ഥിതി അറിയാന്‍ ഹക്കീം ഇബ്നു ഹിസാനെയും ബുദൈല്‍ ബിന്‍ ബറക്കയെയും അയച്ചു. ഇസ്ലാം സ്വീകരിച്ച് കീഴടങ്ങുകയല്ലാതെ, മറ്റു രക്ഷാമാര്‍ഗമില്ലെന്ന് വഴിവക്കില്‍ കണ്ടുമുട്ടിയ അബ്ബാസ്(റ) ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. അതോടെ അബ്ബാസിന്റെ കൂടെ(റ) അബൂസുഫ്യാന്‍ പ്രവാചകനെ കാണാനെത്തുകയാണ്. വിശ്വാസികള്‍ക്ക് ആ ദൃശ്യം സഹിച്ചില്ല. ശത്രുമുഖ്യനെതിരെ കൊലവിളി ഉയര്‍ന്നു. അബ്ബാസ് (റ) അവരെ സമാധാനിപ്പിച്ചു. എല്ലാറ്റിനുമൊടുവില്‍, അബൂസുഫ്യാന് മുത്തുനബിയെ കാണാന്‍ സമയം കൊടുത്തു. അല്ലാഹുവിലും പ്രവാചകനിലും തനിക്ക് വിശ്വാസമുണ്ടെന്നും ദയാദാക്ഷിണ്യത്തോടെ മക്കാവാസികളോട് പെരുമാറണമെന്നും ഖുറൈശി നേതാവ് കേണപേക്ഷിച്ചു. മനുഷ്യസ്വഭാവത്തിന്റെ ആന്തരിക രഹസ്യം നന്നായി അറിയുന്ന പ്രവാചകന്‍ ആ അപേക്ഷ സ്വീകരിച്ചുകൊണ്ട് നയതന്ത്രചരിത്രത്തില്‍ തങ്കലിപികളില്‍ കുറിച്ചിട്ട ആ വ്യവസ്ഥ ഉറക്കെ പറഞ്ഞു: ആരാണ് അബൂസുഫ്യാന്റെ ഭവനത്തില്‍ അഭയംതേടിയത് അവര്‍ സുരക്ഷിതരാണ്. ആരാണ് അവരവരുടെ വീടുകളില്‍ ഒതുങ്ങിക്കഴിയുന്നത് അവരും സുരക്ഷിതരാണ്. ആരാണ് അല്ലാഹുവിന്റെ വിശുദ്ധ ഭവനത്തില്‍ അഭയംതേടുന്നത് അവരും സുരക്ഷിതരാണ്. യുദ്ധമെന്നാല്‍ രക്തച്ചൊരിച്ചിലാണെന്ന് വിശ്വസിച്ചുപോന്ന ലോകത്തിനു മുന്നില്‍, സ്നേഹവും സമാധാനവും പ്രദാനം ചെയ്തു തിരുനബി അപൂര്‍വമായൊരു മാതൃക സൃഷ്ടിക്കുകയാണ്. യുദ്ധമെന്നാല്‍ മനുഷ്യക്കുരുതിയാണെന്ന് വിശ്വസിച്ചുപോന്ന നാഗകരിക സമൂഹത്തിനുമുന്നില്‍ അപവാദത്തിന്റെ ഗാഥ രചിക്കുകയായിരുന്നു പ്രവാചകന്‍. എത്രയോ യുദ്ധങ്ങള്‍ക്ക് നേതൃത്വം കൊടുത്തിട്ടും ആയിരത്തിച്ചില്വാനും മനുഷ്യര്‍ക്കേ പ്രവാചക കാലഘട്ടത്തില്‍ ജീവന്‍ പൊലിഞ്ഞിട്ടുള്ളൂ.
ഭാര്യാപിതാവ് കൂടിയായ അബൂസുഫ്യാന് മാപ്പ് നല്‍കിയിട്ടും അബ്ബാസിനോട്(റ) പ്രവാചകന്‍ പറഞ്ഞു; മുസ്ലിം സൈന്യത്തിന്റെ മുഴുവന്‍ പ്രഭാവവും കരുത്തും കാണത്തക്കവിധം ഖുറൈശി തലവനെ നിറുത്തുക. ഇസ്ലാമിക സൈന്യത്തിന്റെ കരുത്തും അച്ചടക്കവും പൊലിമയും പ്രഭാവവും കണ്ട് അദ്ഭുതപ്പെട്ട അബൂസുഫ്യാന്‍ നേരെ മക്കയിലേക്ക് ഓടുകയാണ്, ഖുറൈശികളോട് വീടകങ്ങളില്‍ ഒതുങ്ങിക്കൂടാന്‍ പറയാന്‍. സുപ്രീം കമാണ്ടര്‍ എന്ന നിലയില്‍ പ്രവാചകന്‍ ഏത് സാഹചര്യവും നേരിടാന്‍ അപ്പോഴും സൈന്യത്തെ ഒരുക്കിനിര്‍ത്തുകയായിരുന്നു. ദൂത്വാ എന്ന സ്ഥലത്ത് എത്തിയപ്പോള്‍ മുസ്ലിം സൈന്യത്തെ നാലായി വിഭജിച്ചു. അനിവാര്യമായ ഘട്ടത്തില്‍ മാത്രമേ രക്തം ചിന്താവൂ എന്ന് ആജ്ഞ നല്‍കി. ഒരു ഡിവിഷനെ നയിക്കുന്ന ഖാലിദ് ബിന്‍ വലീദിനോട് തന്റെ വലതുവശത്തുടെ നീങ്ങാനും ഏതെങ്കിലും തരത്തിലുള്ള തടസ്സം വരുകയാണെങ്കില്‍ ഉടന്‍ നീക്കംചെയ്യാനും കല്‍പിച്ചു. ഓരോ വിഭാഗത്തിനും സൂക്ഷ്മമായ നിര്‍ദേശങ്ങള്‍ നല്‍കി. പ്രതിരോധത്തിന്റെ ചില അനുഭവങ്ങള്‍ ഉണ്ടായപ്പോള്‍ ഖാലിദ് ബിന്‍ വലീദ് അത് തട്ടിനീക്കി. പ്രവാചകന്‍ നേരെ സഫാ മലയുടെ താഴെ എത്തി. അവിടെനിന്ന് തന്റെ പ്രിയപ്പെട്ട ഒട്ടകം ‘ഖസ്്വ’യുടെ പുറത്തേറി കഅ്ബാലയത്തിലേക്ക്. പ്രമുഖരായ സ്വഹാബികള്‍ ആ കാഴ്ചക്ക് സാക്ഷികളായി. ഹുദൈബിയ സന്ധിക്കു ശേഷം അവതീര്‍ണമായ ‘സൂറത്ത് ഫത്ഹ്’ തിരുനബി ഉച്ചത്തില്‍ ഓതി. രണ്ടുവര്‍ഷം മുമ്പ് ഉണ്ടാക്കിയ ഹുദൈബിയ സന്ധിയുടെ പരിണിതിയാണ് ഈ വിജയം.
20വര്‍ഷത്തിനു ശേഷം മക്കയിലെ ബഹുദൈവാരധകര്‍ ഏക ഇലാഹിന്റെ ചിന്താപദ്ധതിയായ ഇസ്ലാമിനെ അംഗീകരിച്ചിരിക്കുന്നു. ഇസ്ലാമിന്റെ പ്രവാചകനെ ശരിവെച്ചിരിക്കുന്നു. ഇസ്ലാമിക റിപ്പബ്ലിക്കിന്റെ ആധിപത്യത്തിന് കീഴില്‍ അണിനിരന്നിരിക്കുന്നു. വിശുദ്ധ ദൈവഗേഹം -കഅ്ബാലയം, ഇസ്ലാമിന്റെ വരുതിയില്‍ വന്നിരിക്കുന്നു. അങ്ങനെ സത്യം ആഗതമായിരിക്കുന്നു. അധര്‍മം അപ്രത്യക്ഷമായിരിക്കുന്നു. അസത്യം നശിക്കേണ്ടത് തന്നെയാണെന്ന് ലോകം ഉറക്കെവിളിച്ചുപറയുകയാണ്. അതിന് നേതൃത്വം കൊടുത്ത വ്യക്തിപ്രഭാവത്തിന് ചരിത്രത്തില്‍ തുല്യതയില്ല. ആ നയതന്ത്രജ്ഞതക്കു മുന്നില്‍ ചരിത്രവും വര്‍ത്തമാനവും വിസ്മയം കൂറുന്നു. അതാണ് ചരിത്രപണ്ഡിതനായ മൈക്കല്‍ ഹാര്‍ട്ട് പറഞ്ഞത്, 100ചരിത്രപുരുഷന്മാരെ തിരഞ്ഞെടുത്തപ്പോള്‍ ആത്മീയവും മതേതരവുമായ മേഖലകളില്‍ ഒരുപോലെ വിജയം കൈവരിച്ച മുഹമ്മദ് നബിയെ പോലൊരു നേതാവിനെ എനിക്ക് അടയാളപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന്.
Kasim Irikkoor
You must be logged in to post a comment Login