കെ പി രാമനുണ്ണി: പ്രവാചക ജീവിതത്തിലെ ഓരോ മുഹൂര്‍ത്തങ്ങളും ഓരോ സന്ദേശങ്ങള്‍ പ്രസരിപ്പിക്കാനുള്ളതായിരുന്നു. ജനനം മുതല്‍ വിയോഗം വരെയുള്ള കര്‍മമണ്ഡലം പരിശോധിച്ചാല്‍ മാനവരാശിക്കുള്ള സന്ദേശങ്ങളും പാഠങ്ങളുമാണ് സ്വന്തം ജീവിതത്തിലൂടെ പകര്‍ന്നു നല്‍കിയത്. ഇതുകൊണ്ടാണ് പ്രിയപത്‌നി ആഇശ ബീവി പറഞ്ഞത്, സഞ്ചരിക്കുന്ന വിശുദ്ധ ഖുര്‍ആനായിരുന്നു റസൂലെന്ന്. ദൈവത്തിന്റെ വചനങ്ങളാണ് ഖുര്‍ആന്‍. മനുഷ്യരാശിയുടെ വിമോചനത്തിനു വേണ്ടി, സാദാചാര പൂര്‍ണമായ ജീവിതത്തിന് വേണ്ടി മനുഷ്യനും പ്രകൃതിയും പ്രപഞ്ചവും സ്രഷ്ടാവും തമ്മിലുള്ള ബന്ധത്തിന്റെ ഊടുകള്‍ വെളിപ്പെടുത്താന്‍ വേണ്ടിയുള്ളതായിരുന്നു ഖുര്‍ആന്‍.
വിശുദ്ധ ഖുര്‍ആന്‍ വെളിപ്പെടുത്തിയ സത്യങ്ങള്‍ ജീവിച്ചുകാണിക്കുകയായിരുന്നു പ്രവാചകന്‍. സാധാരണ മനുഷ്യരുടെ പ്രജ്ഞ അവരുടെ വ്യക്തിപരമായ അനുഭവപരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പ്രവാചകരുടെ പ്രജ്ഞ മുഴുവന്‍ സമൂഹബോധത്തെയും ആകിരണം ചെയ്യുന്നതാണ്.
അതുകൊണ്ടാണ് അവരുടെ വാക്കുകള്‍ക്ക് കാലാതീതമായി പ്രസക്തിയേറുന്നത്. ദൈവദൂതനെന്ന നിയോഗം അത്രത്തോളം വ്യക്തമാക്കുന്നതാണ് പ്രവാചക ജീവിതം. ജനിക്കുന്നതിന് മുമ്പ് പിതാവ് മരിച്ചു, ആറാം വയസില്‍ മാതാവും. അനാഥനായി ജീവിതത്തിലേക്ക് പ്രവേശിച്ചിട്ടും അറേബ്യയിലെ അക്കാലത്തെ അസാന്മാര്‍ഗിക പ്രവൃത്തികളില്‍ പങ്കുചേരാതെ സന്മാര്‍ഗത്തിലൂടെ ചെറുപ്പം മുതല്‍ സഞ്ചരിക്കാന്‍ മുഹമ്മദ് നബിക്ക് സാധ്യമായി. പിതാവിന്റെ നിയന്ത്രണങ്ങളൊന്നുമില്ലാതെ വളര്‍ന്നിട്ടും വഴിപിഴയ്ക്കാതെ മുന്നോട്ടു പോകാനായത് നിയോഗിക്കപ്പെട്ട വ്യക്തിയായിരുന്നു എന്നതിന്റെ ദൃഷ്ടാന്തമായിരുന്നു.
ചെറുപ്പത്തില്‍ തന്നെ അല്‍അമീന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. അല്‍അമീന്‍, വിശ്വസ്തന്‍ എന്ന നാമത്തിന് അഗാധമായ അര്‍ഥമാനങ്ങളുണ്ട്. വിശ്വസിക്കാന്‍ കൊള്ളുന്നവന്‍ ചതിക്കാത്തവന്‍ എന്ന വ്യാവഹാരികമായ അര്‍ഥം മാത്രമല്ല ഇതിനുള്ളത്. ദൈവം മനുഷ്യനെ മനുഷ്യനാക്കി മാറ്റിയ സിദ്ധിയോടുള്ള കടപ്പാടാണ് വിശ്വസ്തത. മനുഷ്യന്‍ മനുഷ്യനായത് അവനില്‍ മര്‍ത്യഭാഷ അംഗുരിച്ചപ്പോഴാണെന്ന് ആധുനിക ശാസ്ത്രം പറയുന്നുണ്ട്. ഭാഷ അടിസ്ഥാനപരമായി സഹജീവികള്‍ തമ്മിലുള്ള കരാറാണ്. ആ കരാര്‍ ഒരിക്കലും ലംഘിക്കാന്‍ പാടില്ല. അതായത് ഭാഷ സത്യം പറയാനെ ഉപയോഗിക്കാന്‍ പാടൂ. ഈ വിശ്വസ്തത നബി പുലര്‍ത്തി എന്നു പറഞ്ഞാല്‍ ദൈവം അംഗീകരിക്കുന്ന ഉല്‍കൃഷ്ഠ പുരുഷനായി എന്നാണര്‍ഥം. ട്രസ്റ്റ്, വിശ്വാസം എന്നത് ഇസ്ലാമിന്റെ അടിസ്ഥാന മൂല്യമാണ്. ലോകം ഇന്ന് വിനാശത്തിലേക്ക് പോകുന്നത് ഭാഷ കളവു പറയാന്‍ ഉപയോഗിക്കുന്നത് കൊണ്ടാണ്.
സത്യാനന്തര കാലം എന്നാണ് ഇന്നത്തെ കാലത്തെ പറയപ്പെടുന്നത്. സത്യത്തിന് വിലയില്ലാത്ത കാലം എന്നാണ് ഇതര്‍ഥമാക്കുന്നത്. മഹാമാരികളെക്കാളും കാലാവസ്ഥാ വ്യതിയാനത്തേക്കാളും വലിയ ഭീഷണി മനുഷ്യ ഭാഷ അസത്യം പറയാന്‍ ഉപയോഗിക്കുന്നു എന്നതാണ്. അല്‍ അമീന്‍ എന്ന നാമധേയത്തിലൂടെ നബി പ്രസരിപ്പിച്ച തത്വം ശിരസ്സാവഹിച്ചാലേ ലോകം ഗുണം പിടിക്കുകയുള്ളൂ. നബിയിലെ വിശ്വസ്തത എന്ന മൂല്യം മനുഷ്യരാശി മുഴുവന്‍ മാതൃകയാക്കേണ്ടതാണ്. കാലദീതമയി നിലനില്‍ക്കേണ്ടതാണ് റസൂല്‍ പ്രയോഗ വത്കരിച്ച മനുഷ്യനും ഭാഷയും തമ്മിലുള്ള പ്രതിബദ്ധത.
കഅ്ബയുടെ പുനര്‍നിര്‍മാണത്തില്‍ ഹജറുല്‍ അസ്വദ് യാഥാസ്ഥാനത്ത് സ്ഥാപിക്കാന്‍ മുഹമ്മദിനെ ഏല്‍പിച്ചത് സമൂഹത്തിന്റെ വിശ്വസ്തത പിടിച്ചു പറ്റിയത് കൊണ്ടായിരുന്നു. എല്ലാ ഗോത്രമുഖ്യന്മാരെയും കൊണ്ട് വിരിപ്പിന്റെ ഓരോ ഭാഗം പിടിക്കാന്‍ ആവശ്യപ്പെട്ടതിലൂടെ മാനവികമായ ഐക്യത്തിന്റെ സന്ദേശമാണ് ലോകത്തിന് നല്‍കിയത്. പ്രവാചക ജീവിതത്തിലെ ഓരോ സന്ദര്‍ഭത്തിലും പാഠങ്ങളും സന്ദേശങ്ങളും പ്രസരിക്കുന്നത് കാണാം. ഇരുപത്തഞ്ചു വയസ്സുള്ള നബി നാല്‍പതു വയസുള്ള ഖദീജയെ വിവാഹം കഴിച്ചതിലും സ്ത്രീയോട് പുരുഷന് ഉണ്ടായിരിക്കേണ്ട അടിസ്ഥാന ഭാവത്തെ കണ്ടെത്താം. സ്ത്രീയുടെ ശാരീരിക പ്രലോഭനത്തെക്കാള്‍ മാനസികമായ നന്മയെയും സൗന്ദര്യത്തെയുമാണ് അദ്ദേഹം വിലവെച്ചത്. സ്ത്രീയിലുള്ള അമ്മയെ റസൂല്‍ കൂടുതല്‍ ആദരിച്ചു. മാതാവിന്റെ കാല്‍ക്കീഴിലാണ് സ്വര്‍ഗമെന്നും ഒന്നാമതും രണ്ടാമതും മൂന്നാമതും അമ്മയെയാണ് ആദരിക്കേണ്ടതെന്നും പറഞ്ഞത് ഓര്‍ക്കുക. മതത്തില്‍ നിര്‍ബന്ധമില്ല, മതം നോക്കിയല്ല പെരുമാറേണ്ടത് എന്നീ തത്വങ്ങളും നബി ജീവിച്ചു കാണിക്കുകയായിരുന്നു. പിതൃവ്യനായ അബൂ ത്വാലിബ് മരിക്കുന്നതു വരെ ഇസ്ലാം സ്വീകരിച്ചിരുന്നില്ല. എന്നിട്ടും റസൂല്‍ അദ്ദേഹത്തെ അവസാന കാലത്ത് ആത്മാര്‍ഥമായി പരിപാലിച്ചു. പിതൃവ്യന്‍ നരകത്തില്‍ പോവാതിരിക്കാന്‍ ദൈവദൂതനായ തന്റെ കൈ കൊണ്ട് ആ ശരീരം മുഴുവന്‍ തടവി നടന്നു. ഈ കാരുണ്യം കണ്ട് അല്ലാഹു പോലും കാറ്റിലൂടെയും മഴയിലൂടെയും വിതുമ്പി പോയെന്ന് ദൈവത്തിന്റെ പുസ്തകത്തില്‍ ഞാന്‍ സൂചിപ്പിക്കുന്നുണ്ട്.
മനുഷ്യനിലെ ഏറ്റവും ശ്രേഷ്ടമായ വികാരം കാരുണ്യമാണ്. താന്‍ കാരുണ്യത്തിന്റെ പ്രവാചകനാണെന്ന് ഓരോ പ്രവര്‍ത്തിയിലൂടെയും പ്രവാചകന്‍ തെളിയിച്ചു. നാട്ടിലെ നിലവിലുള്ള നിയമങ്ങളെപ്പോലും അതിവര്‍ത്തിച്ച് ഗാമിതീയ വംശത്തിലെ സ്ത്രീയെ ശിക്ഷയില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചു. പെറ്റു കിടക്കുന്ന പട്ടിക്കു പോലും സംരക്ഷണം ഏര്‍പെടുത്തി. മക്കാ വിജയ സമയത്ത് തന്റെ നിദാന്ത ശത്രുക്കള്‍ക്കെല്ലാം മാപ്പു നല്‍കി. ഭൃത്യരെയും മൃഗങ്ങളെയും ഒരിക്കലും അടിക്കുകയോ ശകാരിക്കുകയോ ചെയ്തില്ല. സൈദ് എന്ന അടിമക്ക് സ്വപുത്രന്റെ സ്ഥാനം നല്‍കി. ഇങ്ങനെയുള്ള നബിയെയാണ് അക്രമകാരിയും ആഭാസനുമായി ചില നികൃഷ്ടന്മാര്‍ ചിത്രീകരിക്കുന്നത്.
എന്നാല്‍ സഹജീവികള്‍ക്കു നേരെയുള്ള സഹിഷ്ണുതയും മാര്‍ദവവും അടിസ്ഥാന തത്വങ്ങളില്‍ വിട്ടു വീഴ്ച ചെയ്യാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചിരുന്നില്ല. തന്നെ പ്രലോഭിപ്പിച്ച് വീഴ്ത്താനെത്തിയ ഖുറൈശി പ്രമുഖരോട് ഇടതു കൈയ്യില്‍ സൂര്യനെയും വലതു കൈയ്യില്‍ ചന്ദ്രനെയും വെച്ചു തന്നാലും സത്യവിശ്വാസത്തില്‍ നിന്ന് വ്യതിചലിക്കില്ലെന്നാണ് റസൂല്‍ അറിയിച്ചത്.
ആലങ്കോട് ലീലാകൃഷ്ണന്‍: അത്ഭുതകരമായി ജീവിച്ച യുഗപുരുഷനായിരുന്നു പ്രവാചകന്‍. നാല്‍പതു വയസ് വരെ കച്ചവടം ചെയ്തു ജീവിച്ചയാളാണ്. ഇത്രയേറെ വിശ്വസ്തനും സല്‍സ്വഭാവിയുമായ ആളെ ചരിത്രത്തില്‍ കാണാനാകില്ല. തന്റെ വിശ്വാസങ്ങള്‍ക്കനുസരിച്ചുള്ള രാഷ്ട്രം നിര്‍മിച്ചു പ്രവാചകന്‍. അതിന്റെ ഉദ്ഘാടനം ബിലാല്‍ എന്ന് പേരായ ഒരു അടിമയെകൊണ്ട് വാങ്കു വിളിപ്പിച്ചാണ് നിര്‍വഹിച്ചത്. അടിമ വ്യാപാരം നിര്‍ത്തലാക്കാത്ത കാലത്താണിതെന്നോര്‍ക്കണം. അടിമകളുടെയും അനാഥരുടെയും മതമാണ് തന്റേതെന്ന സന്ദേശമാണിത്. യതീമുകളുടെ സമ്പത്തിനോട് അടുക്കരുത്, അന്ത്യനാളില്‍ അവനും അല്ലാഹുവിനും തമ്മില്‍ അകലമുണ്ടാവുകയില്ല എന്നാണ് ഖുര്‍ആന്‍ പറയുന്നത്. യതീമുകളുടെയും അനാഥകളുടെയും അടിമകളുടെയും പക്ഷത്താണ് മുഹമ്മദ് നബി നിലകൊണ്ടത്.
ദാരിദ്ര്യത്തിനിടയിലാണ് പ്രവാചകന്‍ വളര്‍ന്നുവന്നത്. യാതനകള്‍ ഏറെ അനുഭവിച്ചിട്ടുണ്ട്. സഫാ മലയുടെ പിന്നില്‍ നിന്ന് ഒരു സംഘമാളുകള്‍ നിങ്ങളെ അക്രമിക്കാന്‍ വരുന്നുവെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ എന്ന ചോദ്യത്തിന് ‘തീര്‍ച്ചയായും, നിങ്ങള്‍ പറഞ്ഞാല്‍ വിശ്വസിക്കും’ എന്നാണ് അവിടെക്കൂടിയവര്‍ മറുപടി നല്‍കിയത്. അത്രയേറെ വിശ്വസ്തനായിരുന്നു അവര്‍ക്ക് മുഹമ്മദ് നബി. ഹജറുല്‍ അസ്്വദ് വെക്കുന്നതിനെ കുറിച്ചുള്ള തര്‍ക്കമുണ്ടായപ്പോള്‍ പ്രവാചകനാണ് മധ്യസ്ഥത വഹിച്ചത്. യുക്തിബോധത്തോടെയും സമചിത്തതയോടെയും ഇടപെടുകയായിരുന്നു പ്രവാചകന്‍. വാളിന്റെ മതമല്ല, അറിവിന്റെ മതമാണ് പ്രവാചകന്‍ ഇവിടെ സ്ഥാപിച്ചത്. മുഹമ്മദ് നബിയുടെ മസ്ജിദുന്നബവി ലോകത്തെ ആദ്യ വിജ്ഞാനകേന്ദ്രമാണ്. പള്ളിയോട് ചേര്‍ത്ത് വിദ്യാലയം സ്ഥാപിക്കണമെന്ന് ആദ്യം പഠിപ്പിച്ചത് പ്രവാചകനാണ്. അറിവുള്ളവര്‍ മറ്റുള്ളവരെ പഠിപ്പിക്കാനുള്ള സന്ദേശം ഇതിലൂടെ ലോകത്തിന് നല്‍കി.
നിങ്ങളുടെ സമ്പത്തില്‍ നിന്ന് ഒരു വിഹിതം പാവങ്ങള്‍ക്ക് കൊടുക്കണമെന്നും അയല്‍ക്കാരന്‍ പട്ടിണിയില്‍ ആയിരിക്കേ വയര്‍ നിറച്ച് ഉണ്ണുന്നവന്‍ എന്നില്‍ പെട്ടവനല്ല എന്നും പ്രവാചക അധ്യാപനമുണ്ട്. ഒരു മനുഷ്യന് കൊണ്ടുനടക്കാന്‍ കഴിയുന്നതിനപ്പുറം സദ്ഗുണങ്ങള്‍ സമ്മേളിച്ച വിശിഷ്ട വ്യക്തിയാണ് പ്രവാചകന്‍.
വേല ചെയ്തു വിയര്‍പ്പ് വറ്റുന്നതിന് മുമ്പ് കൂലി കൊടുക്കണമെന്ന് പറഞ്ഞത് പ്രവാചകനാണ്. ഏറ്റവും മഹത്തായ സാമൂഹിക നവീകരണം നടപ്പിലാക്കുകയായിരുന്നു പ്രവാചകന്‍. പ്രവാചകന്റെ സത്യനിഷ്ഠയും നീതിയും കാരുണ്യവും സ്‌നേഹവുമെല്ലാം തുല്യതയില്ലാത്തതാണ്. ഇത്തരം മഹത്തായ സന്ദേശങ്ങളാണ് പ്രവാചക ജീവിതത്തില്‍ നിന്ന് ഞാന്‍ കേട്ട വലിയ പാഠങ്ങള്‍.
പൊന്നാനി
രാമനുണ്ണി: പൊന്നാനി കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമാണെന്ന് ഞങ്ങള്‍ അവകാശപ്പെടാറുണ്ട്. കാരണം കേരള സംസ്‌കാരത്തിന്റെ സവിശേഷതകള്‍ കേന്ദ്രീകരിച്ച സ്ഥലമാണവിടം. കേരളീയ സംസ്‌കാരത്തില്‍ മാനവരെല്ലാരുമൊന്നു പോലെ എന്ന സമത്വാഹ്വാനം എവിടെയെല്ലാമോ പടര്‍ന്നു പന്തലിച്ചിട്ടുണ്ട്. മതേതരത്വം എന്നതില്‍ കവിഞ്ഞ് സഹമത സ്‌നേഹമാണ് കേരളീയ സംസ്‌കാരത്തിന്റെ പ്രത്യേകത. യാന്ത്രികമായ മതേതരത്വം മറ്റു മതസ്ഥരെ സഹിക്കുക എന്ന നിലപാടിലേക്ക് ലോപിച്ചുപോകാം. അതുകൊണ്ടാണ് കേരളീയ സംസ്‌കാരം സഹമത സ്‌നേഹത്തിന്റേതാണ് എന്നു പറയുന്നത്. ഈ സഹമതസ്‌നേഹത്തിന്റെയും സമത്വാഹ്വാനത്തിന്റെയും കേന്ദ്രമായിരുന്നു കേരളത്തിലെ മക്ക, അഥവാ പൊന്നാനി. ഹിന്ദുക്കളും മുസ്ലിംകളും തമ്മില്‍ ചരിത്രത്തിന്റെ എല്ലാ ഘട്ടത്തിലും സ്‌നേഹവും സൗഹാര്‍ദവും പുലര്‍ത്തിപ്പോന്നിട്ടുള്ള നാടാണിത്. സൈനുദ്ദീന്‍ മഖ്ദൂമിനെ പോലുള്ള പുണ്യപുരുഷന്മാര്‍ ജനങ്ങളോട് മതഭേദമില്ലാതെ സ്‌നേഹത്തോടെയാണ് ഇടപെട്ടത്. അവരുടെ ആദര്‍ശാത്മകഥയിലും സ്വഭാവ വൈശിഷ്ട്യത്തിലും ആകൃഷ്ടരായാണ് ആളുകള്‍ ഇസ്ലാമിലേക്ക് വന്നത്. വാള് കാണിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ല. ഈ ഒരു പാരമ്പര്യം സൃഷ്ടിച്ച അന്തരീക്ഷത്തിലാണ് ഞാനും ലീലാകൃഷ്ണനുമെല്ലാം വളര്‍ന്നു വന്നത്. അതിനാല്‍ നബിയെയും ഇസ്ലാമിനെയും ഞങ്ങള്‍ക്ക് അന്യമായി തോന്നിയിട്ടില്ല.
നബിദിനമാകുന്ന സമയത്ത് പൊന്നാനിയുടെ തെരുവുകളെല്ലാം സുഗന്ധ പൂരിതമായിരിക്കും. ഒറ്റമുണ്ടും വെളുത്ത കുപ്പായവുമിട്ട് തെരുവുകളിലൂടെ കുട്ടികള്‍ നടന്നു പോവുന്നു. ഇസ്തിരിയിട്ട വസ്ത്രമിട്ട്, വെള്ളത്തൊപ്പി വെച്ച പുരുഷന്മാര്‍ അങ്ങാടികളിലുണ്ടാകും. ചന്ദനത്തിരി കത്തിച്ചതിന്റെയും ഉലുവാനും മണിക്കുന്തിരിക്കവും പുകച്ചതിന്റെയും സുഗന്ധം വീടുകളില്‍ നിന്ന് പ്രസരിക്കുന്നുണ്ടാകും. മന്‍ഖൂസ് മൗലിദ് പാരായണവും പ്രഭാത നിസ്‌കാരവും കഴിഞ്ഞ് ആളുകള്‍ പുറത്തിറങ്ങിയിട്ടുണ്ടാകും. നെയ്‌ചോറും പോത്തിറച്ചിയും വലിയ പള്ളിയില്‍ നിന്ന് വിതരണം ചെയ്ത് തുടങ്ങിയിട്ടുണ്ടാകും. ഇതാണ് പൊന്നാനിയുടെ നബിദിന ചിത്രം. എന്റെ ദൈവത്തിന്റെ പുസ്തകം എന്ന കൃതിയിലാണ് നോവലില്‍ ആദ്യമായി നബിയൊരു കഥാപാത്രമായി വരുന്നത്. മറ്റു ഭാഷകളിലൊന്നും ഇല്ലെന്നാണറിവ്. നബിയോടുള്ള ഈ സ്‌നേഹം എനിക്ക് ലഭിച്ചത് പൊന്നാനിക്കാരനാണ് എന്നതു കൊണ്ടാണെന്നതില്‍ അഭിമാനിക്കുന്നു.
സഹമതസ്‌നേഹത്തിന്റെ കാര്യമെടുക്കുകയാണെങ്കില്‍, മറ്റു മതക്കാര്‍ക്ക് അവരുടെ വിശ്വാസം വിട്ടുകൊടുക്കുക എന്നത് മാത്രമല്ല, മറ്റുള്ളവരുടെ വിശ്വാസങ്ങളെ ആദരിക്കുകയും ചെയ്യുക എന്ന സമ്പ്രദായവും പൊന്നാനിയിലുണ്ട്. നോമ്പുകാലങ്ങളില്‍ സുഹൃത്ത് ഖയ്യൂമിന്റെ മുന്നില്‍ വെച്ച് വെള്ളം കുടിക്കാന്‍ പോലും അമ്മ സമ്മതിക്കുമായിരുന്നില്ല. അവന്റെ നോമ്പ് നഷ്ടപ്പെടാന്‍ ഞാന്‍ കാരണമാവുമോ എന്നായിരുന്നു അമ്മയ്ക്ക് പേടി. മറ്റു മതക്കാരെ ആദരിക്കാനും സ്വീകരിക്കാനുമുള്ള സന്നദ്ധത ചെറുപ്പത്തിലേ പുലര്‍ത്തിക്കൊണ്ടുവന്നിരുന്നു. റമളാന്‍ കഴിയുമ്പോഴേക്കും ഖയ്യൂമിന്റെ വീട്ടിലെ നോമ്പുതുറ കാരണം, മെലിഞ്ഞിരുന്ന ഞാന്‍ തടിച്ചു കൊഴുക്കും. എല്ലാതരം വിഭവങ്ങളും അവിടെ നിന്നും കഴിക്കും. അങ്ങനെ ഇരുപത്തൊമ്പത് അല്ലെങ്കില്‍ മുപ്പത് ദിവസം ഭക്ഷണത്തിന്റെ ദിവസങ്ങളായി കുട്ടിക്കാലത്ത് ഞാനനുഭവിച്ചിട്ടുണ്ട്.
ഈ സംസ്‌കാരത്തില്‍ നിന്നാണ് ഇടശ്ശേരി ‘ഇസ്ലാമിന്റെ വന്‍മല’ എഴുതിയിട്ടുള്ളത്. മുസ്ലിം ചങ്ങാതിയുടെ തോളില്‍ കൈയ്യിട്ട് കൊണ്ട് ഏതൊരു ഹിന്ദുവിനും ജീവിതത്തില്‍ മുന്നോട്ടു പോകാനൊക്കൂ, കേരളത്തിന്റെ വിളര്‍പ്പു മാറ്റി വര്‍ണശഭളത ചേര്‍ക്കാനൊക്കൂ എന്നാണ് ഇസ്ലാമിലെ വന്മല പ്രഖ്യാപിക്കുന്നത്. സഹമത സ്നേഹത്തിന്റെ വന്മലയാണ് ഇടശ്ശേരിയുടെ ആ കവിത.
1921ല്‍ സാമ്രാജ്യത്വത്തിനെതരായി നടന്ന മലബാര്‍ ലഹള, ഖിലാഫത് പ്രസ്ഥാനത്തിന് ഗാന്ധിജി പിന്തുണ നല്‍കിയതിന്റെ ഭാഗമായിട്ടാണ് ഇവിടെ സമരം തുടങ്ങിയത്. സമരങ്ങളില്‍ സാധാരണ അനുഭവിക്കാറുള്ളതു പോലെ ചിലയിടങ്ങളില്‍ സാമൂഹ്യ വിരുദ്ധര്‍ കടന്നുകൂടി അക്രമാസക്തരായി. പൊതുലക്ഷ്യത്തില്‍ നിന്ന് അകന്നു പോവുക കൂടി ചെയ്തു. ആ സമയത്തും പൊന്നാനിയില്‍ യാതൊരു പ്രശ്‌നങ്ങളും ഉണ്ടായില്ല. സമരക്കാര്‍ പ്രശ്‌നമുണ്ടാക്കാന്‍ തുനിഞ്ഞപ്പോള്‍ പൊന്നാനിയില്‍ തോണിയിറക്കണ്ട എന്നു പറയുകയാണ് ചെയ്തത്. അഥവാ ഇവിടെ പ്രശ്‌നക്കാര്‍ ഇറങ്ങണ്ട എന്നര്‍ഥം. മലബാര്‍ സമരം ഹിന്ദു മുസ്ലിം സംഘര്‍ഷങ്ങളിലേക്ക് ചിലയിടങ്ങളില്‍ വഴുതിപ്പോയിട്ടും പൊന്നാനിയില്‍ അത് പ്രതിഫലിച്ചില്ല. ലഹള ശക്തമാകുന്നത് കണ്ട് നമുക്ക് തൃശൂരിലേക്കോ ഗുരുവായൂരിലേക്കോ പോകാമെന്നു പറഞ്ഞ് എന്റെ മുത്തശ്ശിമാരെല്ലാം കെട്ടും ഭാണ്ഡവും ഒരുക്കിവെച്ചിരുന്നു. അപ്പോഴാണ് വിവരം വന്നത് ഇവിടെ കുഴപ്പക്കാര്‍ വരണ്ടാന്ന് തങ്ങള്‍ പറഞ്ഞുവത്രെ. അതോടെ പ്രശ്‌നങ്ങള്‍ കെട്ടടങ്ങി. അതോടെ പൊന്നാനിയിലെ ഹിന്ദുക്കള്‍ക്ക് മുസ്ലിംകളോടുള്ള സ്നേഹം പതിന്മടങ്ങായി.
ലീലാ കൃഷ്ണന്‍: അതെ, ഇസ്ലാമിലെ വന്മലയാണ് ഓര്‍മവരുന്നത്.
നൂറു ശതമാനം ഞാനൊരാര്യക്കൂറും കുടുമയുമുള്ള ഹിന്ദു മാപ്പിളേ നീയെന്‍ അലവിയെങ്കില്‍ തോളില്‍ കൈയ്യിട്ട് നടന്നുകൊള്ളൂ, കാഫിറെന്നെന്നെ വിളിച്ചു കൊള്ളൂ, കാതുകുത്താതെ കഴിഞ്ഞുകൊള്ളൂ, നൂറു ശതമാനം മുസ്ലിം ധര്‍മക്കൂറും പെരുമയും വച്ചു പോറ്റി നമ്മള്‍ മുന്നോട്ടു പോയി. നന്മയോ തിന്മയോ നേടാം. ഒപ്പം കൂറും പൊരുത്തവും. തോളില്‍ കൈയ്യിട്ട് നടന്നു കൊള്ളൂ…
അങ്ങനെ തോളില്‍ കൈയ്യിട്ടു നടന്ന അയ്യൂബിന്റെയും ഖയ്യൂമിന്റെയുമൊക്കെ കഥ എനിക്കറിയാം. എനിക്കും ഒരുപാട് കൂട്ടുകാരുണ്ടായിരുന്നു. എന്റെ പ്രധാനപ്പെട്ട കൂട്ടുകാരൊക്കെ മുസ്ലിംകളായിരുന്നു. പേരു നോക്കിയിട്ടൊന്നുമല്ല. ഹിന്ദുമതത്തില്‍ ഉള്ളവരേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ നോക്കുമ്പോള്‍ മുസ്ലിംകളായിരുന്നു കൂടുതല്‍.
എന്റെ തൊട്ടടുത്ത വീടാണ് ആയ്ച്ചുമ്മയുടെ വീട്. എന്റെ മുത്തശ്ശിയും അവരും ഒപ്പമായിരുന്നു. അവളുടെ മകള്‍ ബീവി ഉമ്മയും എന്റെ അമ്മയും സമപ്രായക്കാരായിരുന്നു. ബീവി ഉമ്മയുടെ മകന്‍ കുഞ്ഞാണി എന്ന് ഞാന്‍ വിളിക്കുന്ന പരീക്കുട്ടി. അവന് കുഞ്ഞിമണി എന്ന ഹിന്ദു പേര് ചാര്‍ത്തിക്കൊടുത്തത് ഞാനാണ്. അവനെ ജനതാ സ്‌കൂളില്‍ ചേര്‍ക്കാന്‍ ചെന്നപ്പോള്‍ ബാലന്‍ മാഷ് ജനനത്തിയ്യതി ചോദിച്ചു. അതൊന്നും എനിക്കറിയില്ല അമ്മു അമ്മക്കേ അറിയൂ, ഞാന്‍ പെറ്റത് രാവിലെയാണ്, അമ്മു പെറ്റത് വൈകീട്ടാണ് എന്നായിരുന്നു അവരുടെ മറുപടി. അങ്ങനെ എന്റെ അമ്മയാണ് വയസ്സ് പറഞ്ഞു കൊടുത്തത്.
റമളാന്‍ മാസം വരുമ്പോള്‍ വൈകുന്നേരം കുഞ്ഞാണി എന്റെ മൂക്കില്‍ മണപ്പിക്കും. ഒരു പ്രത്യേക മണം. എന്റെ വീട്ടില്‍ ഇല്ലാത്ത മണം. ഇറച്ചിയും പത്തിരിയും തിന്ന മണമാണ്. ഞാന്‍ വീട്ടില്‍ പോയിട്ട് കുഞ്ഞാണി പറഞ്ഞ ഇറച്ചിയും പത്തിരിയും തിന്നണം എന്ന് പറഞ്ഞു. നിഷ്‌കളങ്കമായിട്ട് പറഞ്ഞതാ, വീട്ടില്‍ കലാപമായി. എന്റെ മുത്തഛന്‍ നമ്പൂതിരി ആണ്. ഞാന്‍ നമ്പൂതിരി അല്ല. അന്നത്തെ കാലത്ത് സംബന്ധം എന്ന ഒരു അസംബന്ധം ഉണ്ടായിരുന്നല്ലോ. എന്റെ അമ്മയുടെ അച്ഛന്‍ നമ്പൂതിരി ആണ്. നായന്മാര്‍ ചിലപ്പോള്‍ മത്സ്യമൊക്കെ കഴിക്കും. നമ്പൂതിരിക്ക് സംബന്ധമുള്ള വീടായതിനാല്‍ മത്സ്യ മാംസാദികള്‍ കൊണ്ടുവരാറില്ല. അവിടെയാണ് ഞാന്‍ മാംസമാവശ്യപ്പെട്ടത്. ഇത് വലിയ പ്രശ്നമായി. എങ്ങനെയോ വിവരം ആയ്ച്ചുമ്മ അറിഞ്ഞു. ഒരു ദിവസം സന്ധ്യക്ക് ആരും കാണാതെ കുറച്ച് അടഞ്ഞ ശബ്ദത്തില്‍ കല്യാണിയമ്മേന്ന് വിളിക്കുന്നു. അമ്മമ്മ ചെന്നപ്പോ ഒരു പാത്രത്തില്‍ കുറച്ച് ഇറച്ചിയും പത്തിരിയുമാണ്. മത്സ്യ മാംസാദികള്‍ കൈകൊണ്ട് തൊടാത്ത മുത്തശ്ശി എനിക്കത് വിളമ്പിത്തന്നു.
ഞങ്ങളുടെ ജീവിതം അങ്ങനെയായിരുന്നു. പരസ്പരം സ്‌നേഹിക്കാന്‍ വേണ്ടിയുള്ള കാട്ടിക്കൂട്ടലല്ല അത്. ഞങ്ങള്‍ക്ക് അതല്ലാതെ കഴിയില്ല. ആയ്ച്ചുമ്മ എന്റെ അമ്മമ്മയെ പോലെയാണ്. അമ്മമ്മ നേരത്തെ മരിച്ചു. ആയ്ച്ചുമ്മ നൂറാം വയസ്സിലാണ് മരിക്കുന്നത്. മരിക്കുന്നതിന് ഒരാഴ്ച മുമ്പ് ഞാന്‍ കാണാന്‍ പോയിരുന്നു. കണ്ടപ്പോള്‍ എന്നെ കെട്ടിപ്പിടിച്ച് കല്യാണി അമ്മയുടെ കുട്ടിയല്ലേ എന്നു പറഞ്ഞ് മുത്തിമണക്കുന്ന ആ ഓര്‍മ മറക്കാന്‍ കഴിയില്ല. എന്റെ അമ്മമ്മയെ പോലെ ആയ്ച്ചുമ്മക്ക് വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല. പക്ഷേ അവര്‍ ഞങ്ങളുടെ മനസ്സില്‍ നട്ടത് സ്‌നേഹമാണ്.
ചെറുപ്പത്തില്‍ അഞ്ചു വയസ്സുവരെ എനിക്ക് അപസ്മാരം വരുമായിരുന്നു. അപസ്മാരം വന്നാല്‍ എന്റെ അമ്മ ഉറക്കെ നിലവിളിച്ച് പൈസ ഉഴിഞ്ഞ് വെക്കും. വഴിപാട്. ആര്യങ്കാവല അമ്മയ്ക്ക് പുഷ്പാഞ്ജലിയും മുഹ്്യിദ്ദീന്‍ തങ്ങള്‍ക്ക് യാസീന്‍ ഓതാനും. കക്കിടിക്കല്‍ മുസ്ലിയാരടുത്തോ തറീക്കുട്ടി മുസ്ലിയാരടുത്തോ യാസീന്‍ ഓതാന്‍ കൊണ്ടുകൊടുക്കും. അന്ന് മുഹ്്യിദ്ദീന്‍ തങ്ങളെ ഒന്നും അറിയില്ല. പിന്നീടാണ് ഞാന്‍ മുഹ്്യിദ്ദീന്‍ മാലയൊക്കെ വായിക്കുന്നത്. ഈ സാഹോദര്യം ഉള്ളില്‍ തട്ടിയത് കൊണ്ടാവണം എഴുത്തച്ഛന്റെ കിളിപ്പാട്ടിനും ഇതേ വൃത്തമായത്. കോഴിക്കോട് വലിയ ഖാളി മുഹമ്മദും എഴുത്തച്ഛനും ഒരേ കാലക്കാരാണ്. മുഹ്്യിദ്ദീന്‍ മാല എഴുതി പത്തു വര്‍ഷം കഴിഞ്ഞാണ് അധ്യാത്മരാമായണം കിളിപ്പാട്ട് വരുന്നത്. ഇവ രണ്ടും ഒരേ വൃത്തമാകുന്നത് എന്തുകൊണ്ടാണ്? വീരാന്‍കുട്ടിയുടെ കവിതയില്‍ പറഞ്ഞത് പോലെ പരസ്പരം തൊടാതിരിക്കാന്‍ നാം അകറ്റി നട്ട മരങ്ങള്‍ വേരുകള്‍ കൊണ്ട് മണ്ണിനടിയില്‍ കെട്ടിപ്പിടിക്കുന്നു. പൊന്നാനിയുടെ ഈ സംസ്‌കാരമാണ് പൊന്നാനിയിലെ എഴുത്തുകാരുടെ രചനകളിലെ ഇസ്ലാം-ഹിന്ദു കൂട്ടുകള്‍. ഇടശ്ശേരി ഇസ്ലാമിലെ വന്മല എഴുതി. ഉറൂബ് ‘സുന്ദരികളും സുന്ദരന്മാരും’ എഴുതി. അതില്‍ ഗോവിന്ദന്‍ നായര്‍ മതംമാറി സുലൈമാനായി. ഈ ഉഭയമത ജീവിതം എല്ലാ പൊന്നാനി എഴുത്തുകാരുടെ ഹൃദയങ്ങളിലുമുണ്ട്. എം ടി വാസുദേവന്‍ നായരുടെ അസുരവിത്തിലുമുണ്ട്. രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥയിലുമുണ്ട്. സ്വന്തം വളപ്പില്‍ ക്ഷേത്രങ്ങളുണ്ടാക്കി പ്രാര്‍ഥിക്കാന്‍ അവസരം കൊടുക്കുന്ന വീക്ഷണങ്ങളൊക്കെ പൊന്നാനിക്കാര്‍ക്ക് മാത്രം കഴിയുന്നതാണ്. ഉറൂബ് ഉമ്മാച്ചു എഴുതി. മാധവിക്കുട്ടി മാധവിക്കുട്ടിയായും കമലസുരയ്യയായും ജീവിച്ചു കാണിച്ചു കൊടുത്തു. ഉഭയമതജീവിതം പൊന്നാനിയുടെ ഒരു സവിശേഷ സംസ്‌കാരമായി കാണാനാവും.
ഞങ്ങളോട് പലരും ചോദിക്കാറുണ്ട് നിങ്ങളെന്തിനാണ് ഇസ്ലാമിനെ ഇങ്ങനെ പുകഴ്ത്തി സംസാരിക്കുന്നത് എന്ന്. ഞാന്‍ പറയും, ഞാനൊരു ഹിന്ദുവായത് കൊണ്ടാണ്. ഒരു ശരിയായ ഹിന്ദു ഇസ്ലാമിനെ മനസ്സിലാക്കും, ക്രിസ്ത്യാനിറ്റിയെ മനസ്സിലാക്കും. ഗാന്ധിയെപ്പോലെ, ഈശ്വരന്‍ അല്ലാഹ് തേരെ നാം/ സബ് കൊ സന്‍മധി ദേ ഭഗവാന്‍ എന്ന് പാടും. അത് ഞങ്ങള്‍ക്ക് ഇടശ്ശേരി കാട്ടിത്തന്നതാണ്. ഉറൂബ് കാട്ടിത്തന്നതാണ്. എം ഗോവിന്ദന്‍, എം ടി, മാധവിക്കുട്ടി, പി സുരേന്ദ്രന്‍, രാമനുണ്ണി ഇവരുടെയെല്ലാം എഴുത്തിലെ ഈ ഉഭയമത ജീവിതം എന്നത് ഞങ്ങള്‍ ജീവിച്ച ജീവിതമാണ്. അത് ആരെയും ബോധ്യപ്പെടുത്താനൊന്നുമല്ല.
ചെറുപ്പത്തില്‍ മാപ്പിളപ്പാട്ടുകളൊക്കെ പാടാറുണ്ട്.
‘ഇലാഹായ പുരാനോട്/
ഇരവും പകലും തേടി/
ഖലീലായ ഇബ്‌റാഹീം/
നബിക്ക് കിട്ടി/
മകനായ് ഇസ്മായീല്‍ നബിയെന്ന
കനകക്കട്ടി’
പാട്ടിലെ ഖലീലായ ഇബ്‌റാഹീം എന്നത് എന്താണെന്നറിയില്ലായിരുന്നു. അന്വേഷിച്ചപ്പോഴാണ് അല്ലാഹുവിന്റെ സ്‌നേഹിതന്‍ എന്നറിയപ്പെട്ട ഇബ്‌റാഹീം നബിയെ കുറിച്ച് അറിയുന്നത്. നടേ സൂചിപ്പിച്ച ഉഭയ ജീവിതമാണ് ഈ സത്യാന്വേഷണത്തിന്റെ പാത തുറന്നുതരുന്നത്.
ഇടകലര്‍ന്ന് ജീവിച്ച പൊന്നാനിയുടെ മതത്തിനപ്പുറത്തേക്കുള്ള സാഹോദര്യ ജീവിതം എക്കാലത്തും, ഞങ്ങളുടെ ഓര്‍മകള്‍ നശിക്കുന്നത് വരെയും പറഞ്ഞു കൊണ്ടേയിരിക്കും. അതിന്റെ പേരില്‍ എന്തു സംഭവിച്ചാലും പിന്മാറില്ല. കാരണം ഇത് നന്മക്കു വേണ്ടിയാണ്. ഒരു മതവും മനുഷ്യനെ തമ്മിലടിപ്പിക്കാനല്ല, അടുപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന ഉത്തമ ബോധ്യമുണ്ട്.
രാമനുണ്ണി: പൊന്നാനി സംസ്‌കാരത്തിലെ സഹമത സ്‌നേഹത്തിന്റെ സരണിയില്‍ കൂടിതന്നെ പ്രവാചകന്‍ ശ്രീകൃഷ്ണനെ പോലെ നമ്മുടെ സ്വന്തമാണ് എന്നൊരു അവബോധം ഉണ്ടാകുന്നുണ്ട്. അത് കുട്ടിക്കാലത്തു തന്നെ മനസ്സില്‍ പതിയുകയാണ്. ഖയ്യൂമിന്റെ മതവും എന്റെ മതവും മനുഷ്യര്‍ തമ്മില്‍ വ്യത്യാസപ്പെട്ടിരിക്കുന്നത് പോലെ ചെറിയ വ്യത്യാസം മാത്രമേയുള്ളൂ എന്നാണെന്റെ ബോധ്യം. അവന്‍ പെരുന്നാള്‍ ആഘോഷിക്കുന്നു. ഞാന്‍ ഓണം ആഘോഷിക്കുന്നു. ഇതു രണ്ടും പരസ്പര വിരുദ്ധമല്ല. ചില വ്യതിയാനങ്ങളാണ്. അതുകൊണ്ടു തന്നെ ഓണവും വിഷുവും തിരുവാതിരയും പോലെയാണ് ബലിപെരുന്നാളും ചെറിയ പെരുന്നാളും. എല്ലാം ആഘോഷങ്ങളാണ്. കൃഷ്ണനെന്ന പോലെ ബഹുമാനിക്കപ്പെടേണ്ടവരാണ് മുഹമ്മദ് നബി എന്നത് ബാല മനസ്സില്‍ തന്നെ പതിഞ്ഞതാണ്. കൃഷ്ണന്‍ കുട്ടിക്കാലത്ത് ഏറ്റവും ഇഷ്ടമുള്ള ആളാണ്. കാരണം കൃഷ്ണനെ കാണാന്‍ വേണ്ടി ആദ്യമായി ഗുരുവായൂരില്‍ പോകുമ്പോഴാണ് ആദ്യമായി മസാല ദോശ കഴിച്ചത്. മസാല ദോശയോടുള്ള സ്‌നേഹം കൂടി കൃഷ്ണനോടുണ്ട്. ഇസ്ലാമിന്റെ നന്മകളാണ് ഞങ്ങള്‍ കണ്ടു വളര്‍ന്നിട്ടുള്ളത്. പരമസാത്വികരും നിഷ്‌കളങ്കരുമായ മുസല്‍മാന്‍മാര്‍ പൊന്നാനിയില്‍ ധാരാളമുണ്ടായിരുന്നു.
ഖയ്യൂമിന്റെ ഉപ്പ അബ്ദുല്ല ഹാജി, എല്ലാവര്‍ക്കും വേണ്ടപ്പെട്ട ആളായിരുന്നു. എല്ലാവരെയും സഹായിക്കുന്ന ആളായിരുന്നു. എനിക്ക് മൂന്നര വയസ്സായപ്പോള്‍ അച്ഛന്‍ മരിച്ചിട്ടുണ്ട്. അതുകൊണ്ട് എന്നോട് അദ്ദേഹത്തിന് പ്രത്യേക വാത്സല്യമുണ്ടായിരുന്നു. ഖയ്യൂമിന്റെ വീട്ടില്‍ ഞങ്ങള്‍ ചെസ്സു കളിക്കുമ്പോള്‍ ഖയ്യൂമിന്റെ ഏട്ടന്‍ ഖയ്യൂമിന്റെ ഭാഗം വന്നിരിക്കും. അങ്ങനെ ഇരിക്കുന്നത് കണ്ടാല്‍ ആ പറമ്പിന്റെ ഏതെങ്കിലും ഭാഗത്ത് അബ്ദുല്ല ഹാജിയുണ്ടെങ്കില്‍ ഓടി വന്ന് പറയും രാമനുണ്ണിയെ തോല്‍പിക്കാന്‍ നിങ്ങളെ അനുവദിക്കില്ല. എന്നിട്ട് എന്റെ ഭാഗം ഇരുന്നിട്ട് എന്നെ ജയിപ്പിച്ചേ വിടൂ.
ഒരു അച്ഛനില്ലാത്ത കുട്ടിയെ സംബന്ധിച്ചിടത്തോളം ഈ സമയത്ത് ഇദ്ദേഹത്തോട് തോന്നുന്ന സ്‌നേഹം വലുതായിരിക്കും. ഒരു സംരക്ഷണ വന്മരമായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. പിന്നീടാണ് അബ്ദുല്ല ഹാജി ചെയ്തതിന്റെ പൊരുള്‍ എനിക്ക് മനസ്സിലാകുന്നത്. റസൂല്‍ പറഞ്ഞിട്ടുണ്ട്. അനാഥനായ ഒരു കുട്ടിയുടെ മുമ്പില്‍ വെച്ച് സ്വന്തം മക്കളെ ഓമനിക്കാന്‍ പാടില്ല. ഈ ഒരു വാചകം പറഞ്ഞതിനാലാണ് ഒ വി വിജയന്‍ നബിയെ ലോക ഗുരുനാഥന്‍ എന്നു വിശേഷിപ്പിച്ചത്. വലിയൊരു ആശയമാണത്. സ്വന്തം മക്കളെ താലോലിക്കുന്നത് ജൈവികമായ ചോദനയാണ്. ആ ചോദനയെ പോലും കാരുണ്യത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തണം. അനാഥനായ കുട്ടിക്ക് എന്തൊരു മാനസിക വേദനയാണത് ഉണ്ടാക്കുക. അതാണ് അബ്ദുല്ല ഹാജി നിറവേറ്റിയത്. അനാഥന്റെ മനസ്സ് വ്രണിതമാകരുതെന്ന നബിയുടെ കല്‍പന നിറവേറ്റുകയായിരുന്നു അദ്ദേഹം. അങ്ങനെ ചെറുപ്പം തൊട്ടേ പ്രവാചകരുടെ കാരുണ്യമറിഞ്ഞാണ് ഞാന്‍ വളര്‍ന്നത്. തുടര്‍ന്ന് നബിയുടെ ഓരോ ചരിത്രങ്ങളും വായിക്കുമ്പോഴും കേള്‍ക്കുമ്പോഴും അതെല്ലാം ഓരോ സന്ദേശമായിരുന്നു എന്നു മനസ്സിലായി.
അധികാരത്തിന്റെ കൊടുമുടിയിലായിരുന്നപ്പോഴും ലളിതമായിരുന്നു നബിയുടെ ജീവിതം. അതൊരു വലിയ സന്ദേശമാണ്. കാരണം ഭൗതികമായ സമ്പത്ത് വര്‍ധിക്കുമ്പോള്‍ ആത്മീയമായും മാനസികമായും ബുദ്ധിപരമായും ദരിദ്രരാവുകയാണ്. അതുകൊണ്ടാണ് നബി മരിക്കുന്നതു വരെ ദരിദ്രനായി ജീവിച്ചത്. ഇങ്ങനെ നബിയുടെ ഓരോ സന്ദര്‍ഭങ്ങളും വലിയ സന്ദേശമായത് കൊണ്ടാണ് എന്റെ ജീവിതത്തിലും എന്റെ കാഴ്ചപ്പാടിലും എന്റെ വായനകളിലും എഴുത്തിലും നബി സ്വാധീനിക്കുന്നത്. അങ്ങനെയാണ് ദൈവത്തിന്റെ പുസ്തകത്തില്‍ നബിയെ കഥാപാത്രമാക്കി കൊണ്ടുവരുന്നത്.
നബിയെ നോവലില്‍ പ്രധാന കഥാപാത്രമാക്കുന്നു എന്നറിഞ്ഞപ്പോള്‍ പല വിവാദ പരാമര്‍ശങ്ങളും ഉയര്‍ന്നിരുന്നു. എന്റെ തലപോകുമെന്നായിരുന്നു ഒരു പരാമര്‍ശം. പക്ഷേ എന്റെ നിയ്യത്ത് കൊണ്ടായിരിക്കാം എല്ലാ മുസ്ലിം വിഭാഗങ്ങളും നോവലിനെ ഹൃദയപൂര്‍വം സ്വീകരിക്കുകയാണുണ്ടായത്. നബിയെ കഥാപാത്രമാക്കി അവതരിപ്പിക്കുന്നത് വലിയ പ്രയാസമാണ്. ശ്രീ കൃഷ്ണനെപ്പോലെയല്ല. കൃഷ്ണനെ കുറിച്ച് കുറെ കഥകളാണുള്ളത്. നബി അങ്ങനെയല്ല, എല്ലാം തുറന്ന പുസ്തകം പോലെ ചരിത്രമാണ്, യഥാര്‍ത്ഥ സംഭവങ്ങളാണ്. നോവലിന് കുറേ സങ്കല്‍പങ്ങള്‍ ആവശ്യമാണ്. അങ്ങനെ നബിയുടെ തത്വങ്ങള്‍ക്കും ആശയങ്ങള്‍ക്കും വ്യക്തിത്വത്തിനും വിരുദ്ധമായി ഒന്നും ചേര്‍ക്കാതെ തത്വങ്ങള്‍ക്കും ആശയങ്ങള്‍ക്കും അനുസൃതമായ സങ്കല്‍പങ്ങള്‍ ഞാന്‍ ചേര്‍ത്തു. ചരിത്രത്തില്‍ എഴുതപ്പെടാത്ത മുഹൂര്‍ത്തങ്ങളില്‍ സങ്കല്‍പങ്ങള്‍ ചേര്‍ത്താണ് നോവല്‍ പൂര്‍ത്തിയാക്കിയത്.
അങ്ങനെയാണ് വയറ്റില്‍ കിടക്കുമ്പോള്‍ തന്നെ നബി ആമിന ഉമ്മയോട് സംസാരിക്കുന്നത്. ഉമ്മാ ഇടത്തോട്ട് ചെരിഞ്ഞു കിടക്കണം ട്ടോ, ആവണക്കെണ്ണ കുടിക്കണം, കുമ്പിടുകയും നിവരുകയും ചെയ്യണം. ഉമ്മാക്ക് പ്രസവ വേദന ഇല്ലാതിരിക്കണം എന്ന് നബിക്ക് നിര്‍ബന്ധം ഉണ്ട്. മാതാവിന് അത്രയും സ്ഥാനം നല്‍കിയവരാണല്ലോ നബി. ആ നബി മാതാവ് വേദനിക്കുന്നത് ഇഷ്ടപ്പെടില്ലല്ലോ. നബിയെന്നില്‍ ചെലുത്തിയ ചിന്തകളും സ്വാധീനങ്ങളുമാണ് ദൈവത്തിന്റെ പുസ്തകത്തില്‍ നബിയെ പ്രധാന കഥാപാത്രമാക്കാന്‍ എനിക്ക് പ്രചോദനമായത്.
ലീലാകൃഷ്ണന്‍: പൊന്നാനിക്കാരെന്ന നിലയില്‍ ഞങ്ങള്‍ക്ക് സമാനമായ അനുഭവങ്ങളാണുള്ളത്. വികാരത്തേക്കാളേറെ മതത്തെ അറിയുകയാണ് ഞങ്ങള്‍ ചെയ്തത്. അറിവാണ് പ്രധാനം. പൊന്നാനിയിലെ വലിയ ജുമുഅത്ത് പള്ളിയിലാണ് പ്രധാനപ്പെട്ട ദര്‍സുള്ളത്. അന്ത്യപ്രവാചകന്റെ മസ്ജിദുന്നബവി പോലെ വളരെ പ്രധാനപ്പെട്ട ദര്‍സായിരുന്നത്. കേരളത്തിന്റെ മക്ക എന്ന് അറിയപ്പെട്ട പൊന്നാനിയില്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ സ്ഥാപിച്ച ആ ദര്‍സിലാണ് മഹാപണ്ഡിതന്മാര്‍ പലരും വന്നു പഠിച്ചത്. ഞങ്ങളൊക്കെ പഠിക്കുന്ന കാലത്ത്, കിണര്‍ സ്റ്റോപ്പിലിറങ്ങി ആ പള്ളിക്കരികിലൂടെയാണ് പോകാറുള്ളത്. സൂഫിവര്യന്മാരായ പണ്ഡിതന്മാര്‍ തസ്ബീഹ് മാലയും കയ്യില്‍ പിടിച്ച് പടിഞ്ഞാറോട്ട് നോക്കിയിരിക്കുന്നത് കാണാം. വെളുത്ത താടിയും വെളുത്ത വസ്ത്രവുമിട്ട നിരവധിയാളുകള്‍ തസ്ബീഹില്‍ മണി പിടിച്ചുകൊണ്ടിരിക്കുന്നത് കാണാം. അക്കാലത്ത് ആ വഴിയിലൂടെ ഒരുപാട് പോയിട്ടുണ്ട്. അതൊരു വീക്ഷണമായിരുന്നു.
പൊന്നാനിയിലെ പള്ളിയുടെ പണിതീര്‍ത്ത ആശാരിയോട് താഴികക്കുടം വെക്കുമ്പോള്‍ പടിഞ്ഞാറോട്ട് നോക്കരുതെന്ന് വിലക്കിയെന്നും ആ വിലക്ക് ലംഘിച്ച് അങ്ങോട്ട് നോക്കി മക്കയുടെ ഭൗമപ്രകാശം ഏറ്റ് ആശാരിത്തങ്ങളായി എന്നുമൊക്കെ ഒരു കഥയുണ്ട്. ആ കഥയൊക്കെ ഞങ്ങള്‍ പൊന്നാനിക്കാരുടെ പൊതുജീവിതമാണ്. ഫരീദ് ഔലിയയും കുഞ്ഞായിന്‍ മുസ്ലിയാരുമൊക്കെ വന്ന് പഠിച്ച ആ ദര്‍സിന്റെ പരിസരം ഒരു ഭാഗം. ഇപ്പുറത്ത് തൃക്കാവ്. സാമൂതിരിയുടെ പ്രധാനപ്പെട്ട വിജ്ഞാനകേന്ദ്രവും സംസ്‌കാര കേന്ദ്രവുമാണ്. രണ്ടും തൊട്ടുതൊട്ടാണ്. എന്നാലും വിശ്വാസത്തിന്റെ പേരില്‍ ഒരനിഷ്ട സംഭവവും അവിടെ ഉണ്ടായിട്ടില്ല. ഇങ്ങനെയൊരു പാരമ്പര്യത്തില്‍ നിന്നാണ് ഇസ്ലാമിനെ കുറിച്ച് പഠിക്കാന്‍ കാരണമായത്. മറ്റൊരു മതമെന്ന നിലയിലല്ല ഞാന്‍ പ്രവാചകനെ അറിയാന്‍ ശ്രമിച്ചത്. ശ്രീകൃഷ്ണനെ പോലെ തന്നെയാണ് കണ്ടത്. ഇടതുസഹയാത്രികനാണെങ്കിലും ഞാനൊരു ദൈവവിശ്വാസിയാണ്. ദൈവത്തെ കണ്ടിട്ടില്ല എന്നൊക്കെ പറയുന്നവരോട്, നമ്മള്‍ കണ്ടിട്ടില്ലെങ്കിലും കൊറോണ വൈറസില്‍ വിശ്വസിക്കുമ്പോലെയെങ്കിലും ദൈവത്തില്‍ വിശ്വസിച്ചുകൂടെ എന്ന് ചോദിക്കാറുണ്ട്. പളളിയില്‍ പോയില്ലെങ്കിലും അമ്പലവും ചര്‍ച്ചും ഒന്നുമില്ലെങ്കിലും അങ്ങനെ വിശ്വസിക്കുന്നത് ഒരു ധാര്‍മികതയാണ്. അല്ലാതെ ആരെയെങ്കിലും ഉപദ്രവിക്കാനോ വേദനിപ്പിക്കാനോ പീഡിപ്പിക്കാനോ ദ്രോഹിക്കാനോ അല്ല. അന്ധവിശ്വാസം അല്ലാത്ത ഒരു സത്യവിശ്വാസം. ശ്രീകൃഷ്ണന്‍ പരിപൂര്‍ണ പ്രേമാവതാരമാണ്. വിശുദ്ധ ഖുര്‍ആനില്‍ കറുത്ത പ്രവാചകനെ കുറിച്ച് പറയുന്നുണ്ടെന്ന് എന്നോട് ആദ്യം പറയുന്നത് യൂസുഫലി കേച്ചേരിയാണ്. അങ്ങനെ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് മഹാമ്മദം എന്ന് ഭവിഷത്പുരാണത്തില്‍ പറയുന്ന മഹാമ്മദന്‍ വരും എന്ന് അറിയുന്നത്. ആ മഹാമ്മദന്‍ ആരാണ്? മുഹമ്മദ് നബിയാവാം. ഭാവി പുരാണമാണ് ഭവിഷത് പുരാണം. ഇതൊക്കെച്ചേര്‍ത്ത് വായിക്കുമ്പോള്‍, പ്രബോധനങ്ങളിലോ വേദഗ്രന്ഥങ്ങളിലോ ഇതൊക്കെ വേറെവേറെ കാര്യങ്ങളാണെന്ന സൂചനകളില്ല. പല കാലങ്ങളില്‍ പല പ്രദേശങ്ങളിലുണ്ടായ മതങ്ങള്‍ എന്ന നിലയില്‍ അനുഷ്ഠാനങ്ങളിലും ആചാരങ്ങളിലും സമ്പ്രദായങ്ങളിലും വ്യത്യാസങ്ങളുണ്ടായേക്കാം. അതിന്റെ പേരില്‍ പരസ്പരം അകലേണ്ട കാര്യമില്ല. അങ്ങനെയാണ് പ്രവാചകനെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. മൈക്കല്‍ എച്ച് ഹാര്‍ട്ട് ലോകത്തെ സ്വാധീനിച്ച നൂറു വ്യക്തികളില്‍ ഒന്നാമനായി എണ്ണിയത് മുഹമ്മദ് നബിയെയാണ്. അദ്ദേഹത്തിന്റെ പുസ്തകം വായിച്ചു. ബെഗോവിച്ചിന്റെ പുസ്തകം വായിച്ചു. ഹൈക്കലിന്റെ പുസ്തകം വായിച്ചു. പല പുസ്തകങ്ങളും വായിച്ചു. ഖുര്‍ആന്റെ പരിഭാഷകള്‍ വായിച്ചു. വേദങ്ങളും ഉപനിഷത്തും ഭഗവദ് ഗീതയും ഭാഗവതങ്ങളും വായിച്ചു. കാള്‍ മാക്സിനെ വായിച്ചു. ഫിലോസഫിക്കല്‍ മാനിഫെസ്റ്റോ വായിച്ചു. മൂലധനത്തിന്റെ പരിഭാഷകള്‍ വായിച്ചിട്ടുണ്ട്. സത്യാന്വേഷകര്‍ക്ക് ഇതിനെയൊന്നും വേറെവേറെക്കാണേണ്ടതില്ല. ഇന്നത്തേക്കാള്‍ സ്നേഹത്തോടെയും സഹവര്‍ത്തിത്തത്തോടെയും ജീവിക്കാനുള്ള വ്യവസ്ഥ നാളെ ഉണ്ടാകണമെന്നാഗ്രഹിക്കുന്ന ഒരാള്‍ക്കും മതങ്ങള്‍ തമ്മില്‍ കലഹിക്കേണ്ട ആവശ്യമില്ല. അതുകൊണ്ടാണ് വാസ്തവത്തില്‍ നബിയെ കുറിച്ച് അറിയാനും പഠിക്കാനും ശ്രമിച്ചത്. അറിയും തോറും നമ്മളെ അത്ഭുതപ്പെടുത്തുകയാണ് നബിയുടെ ജീവിതവും ചര്യകളും ഹദീസുകളും. പ്രവാചകന്റെ ജീവിതം പകയുടെയോ വെറുപ്പിന്റെയോ അകല്‍ച്ചയുടെതോ വിദ്വേഷത്തിന്റെതോ ആയിരുന്നില്ല; സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും അടുപ്പത്തിന്റെയുമായിരുന്നു എന്ന് മനസ്സിലാകും. തന്നെ വിഷമിപ്പിച്ചവരെ പോലും സ്നേഹിച്ചു. ആരെയും നിന്ദിച്ചില്ല. മനുഷ്യരെ ആദരിച്ചിരിക്കുന്നു എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്.
മതങ്ങള്‍ തമ്മിലുള്ള അഗാധമായ ബന്ധമാണ് പൊന്നാനിയുടെ സംസ്‌കാരം. അന്ന് മതഗ്രന്ഥങ്ങള്‍ പരസ്പരം കൈമാറാനുള്ള സാഹചര്യമുണ്ടായില്ല. ഖുര്‍ആന്‍ അമുസ്ലിംകള്‍ക്ക് കാണിച്ചു കൊടുത്താല്‍ കണ്ണുപൊട്ടുമെന്ന ധാരണയുണ്ടായിരുന്നു കുട്ടികള്‍ക്കിടയില്‍. മദ്രസയില്‍ നിന്ന് വരുമ്പോള്‍ പോലും എന്റെ അടുത്ത കൂട്ടുകാരനായ മുഹമ്മദ് എനിക്ക് ഖുര്‍ആന്‍ കാണിച്ചു തരില്ല. റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനാണ് നബിദിനം എന്ന് കുട്ടിക്കാലത്തേ മനസ്സില്‍ പതിഞ്ഞിരുന്നു. രാമനുണ്ണിയും ഞാനുമൊക്കെ ഒരേ ജീവിതവും സംസ്‌കാരവും അനുഭവിച്ചുവന്ന പൊന്നാനിയിലെ എഴുത്തുകാരുടെ പ്രതിനിധികളാണ്. ഞങ്ങളെന്തെങ്കിലും ലാഭത്തിനോ മെച്ചത്തിനോ വേണ്ടിയല്ലല്ലോ സമയം കണ്ടെത്തി വരുന്നതും ഇതിന്റെയൊക്കെ ഭാഗമാവുന്നതും. ഈ കാലം ആവശ്യപ്പടുന്നതാണ്. ഒരു മതത്തെ അല്ലെങ്കില്‍ ചില മതങ്ങളെ മാറ്റിനിര്‍ത്താന്‍, ക്രിമിനലുകളാണെന്ന് വിധിക്കാന്‍, വെറുപ്പിലൂടെ മാത്രം കാണാന്‍ ഫാഷിസം പോലുള്ള പ്രത്യയശാസ്ത്രങ്ങള്‍ നമ്മുടെ നാട്ടിലും ശക്തിപ്പെട്ടുവരുന്നു എന്ന ഭയപ്പെടുത്തുന്ന അറിവുകള്‍ നമുക്കുണ്ടാവുമ്പോള്‍, അതല്ല മതം എന്നു പറയാനാണ്. മതങ്ങളുടെ യഥാര്‍ത്ഥ പ്രബോധനവും അത് നിര്‍വഹിച്ച പ്രവാചകന്മാരെയും അറിയണം. അത് തിരിച്ചുമാകാം. മുസ്ലിംകള്‍ക്ക് കൃഷ്ണനെയും രാമനെയും ബുദ്ധനെയും അറിയുന്നതുകൊണ്ട് ഒരു കുഴപ്പവും സംഭവിക്കാനില്ല. മത ഗ്രന്ഥങ്ങള്‍ പരസ്പരം അടച്ചുവെക്കുകയല്ല, നീട്ടിക്കാണിക്കണം. ദൈവത്തിന്റെ പുസ്തകം എഴുതിയതു പോലെ കൃഷ്ണനെയും പ്രവാചകനെയും ഒരേ തരത്തില്‍ കാണാന്‍ കഴിയുന്ന മാനസികാവസ്ഥ രാമനുണ്ണിയെ പോലുള്ളവര്‍ക്കുണ്ടാകുന്നത് ഇടശ്ശേരിയുടെയും ഉറൂബിന്റെയും ഗോവിന്ദന്റെയും വഴിയിലൂടെ സഞ്ചരിച്ചതുകൊണ്ടാണ്. തുഞ്ചത്തെഴുത്തച്ഛന്റെ കാലം മുതല്‍ക്കിതുണ്ട്.
‘ജാതി നാമാദികള്‍ക്കല്ല ഗുണഗണം’ എന്നാണ് ഞങ്ങളെ പഠിപ്പിച്ചത്. യാ അല്ലാഹ് എന്നു പറയുന്ന വള്ളത്തോളിന്റെ കവിതയുണ്ട്. ഇതൊക്കെ വായിച്ച് അറിയാന്‍ ശ്രമിച്ചാല്‍ അകലാന്‍ കഴിയില്ല. അടുക്കാനേ കഴിയൂ.
ഇസ്ലാം സ്വാധീനം
ലീലാകൃഷ്ണന്‍: ആദ്യകാലങ്ങളില്‍ ഉച്ചനീചത്വം ഹിന്ദു മതത്തില്‍ സജീവമാണ്. സവര്‍ണാധിപത്യം വളരെ ഗൗരവതരമായിട്ട് അടുത്തകാലം വരെയുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കകാലത്തുള്ള ഒരു സംഭവം ഓര്‍ക്കാം. വളാഞ്ചേരിയിലെ ഹരിജനായ ഒരാള്‍ വെള്ളാട്ടുതറവാട് എന്ന പ്രശസ്തമായ ആഢ്യതറവാടിന്റെ മുമ്പിലൂടെ തലേക്കെട്ട് കെട്ടി നടന്നു എന്ന ഒറ്റക്കാരണത്താല്‍ അയാളെ പിടിച്ച് മര്‍ദിച്ച് അവശനാക്കി, കൊല്ലാക്കൊല ചെയ്ത്, മരിച്ചു എന്ന് വിചാരിച്ച് ഉപേക്ഷിച്ചുപോയി. ഉച്ചനീചത്വങ്ങള്‍ സഹിക്കാന്‍ വയ്യാതെ അയാള്‍ പൊന്നാനിയില്‍ പോയി തൊപ്പിയിട്ട് മുസ്ലിമായി. അതിനു ശേഷം അയാള്‍ തലേക്കെട്ടു കെട്ടി വെള്ളാട്ടുതറവാടിന്റെ മുമ്പിലൂടെ അമ്പതു പ്രാവശ്യം നടന്നുപോയി. അപ്പോള്‍ ആരും തല്ലാന്‍ വന്നില്ല. ഹിന്ദു മതത്തിലെത്തന്നെ ജാതിയില്‍ താഴ്ന്നവര്‍ അനുഭവിക്കേണ്ടിവന്ന പീഡനങ്ങള്‍ ആ കാലത്തെ സാമൂഹികമായ യാഥാര്‍ത്ഥ്യമായിരുന്നു. അതുകൊണ്ട് കീഴാളവിഭാഗത്തിലെ ധാരാളം ആളുകള്‍ മതംമാറി ഇസ്ലാമിലേക്ക് വന്നു. ആരും നിര്‍ബന്ധിച്ച് മതം മാറ്റിയതൊന്നുമല്ല. ഹിന്ദു മതത്തിലെ ഉച്ചനീചത്വങ്ങളുടെ ഭീകരത അനുഭവിക്കാനാവാതെ മാറിയതാണ്. ജാതിയില്‍ താഴ്ന്നവനെ കാണാന്‍ പറ്റില്ല. കണ്ടാല്‍ ആട്ടിയോടിക്കണം. ആ കാലത്ത് മഖ്ദൂം പരമ്പരകള്‍ വന്നപ്പോള്‍ ധാരാളം ആളുകള്‍ ഇസ്ലാം സ്വീകരിക്കുന്നുണ്ട്. പൊന്നാനി കടപ്പുറത്തെ പാവങ്ങളാണ് കൂടുതലും സ്വീകരിച്ചത്. അവരെയൊക്കെയാണ് മഖ്ദൂം കുടുംബം സംരക്ഷണം കൊടുത്ത് പോറ്റിയത്.
വെളിയംകോട് ഉമര്‍ ഖാളി പള്ളിയുടെ മുകളിലെഴുതിയ : ‘അയാ ഫാഖിറന്‍ ബിന്നസബി കൈഫാ തഫാഖുറു/ വ അസ്ലൂകുമു മിന്‍ ഖബ്ലു തിയ്യന്‍ വ നായരു..’ എന്നൊരു കവിതയുണ്ട്. ജാതീയമായ വൈജാത്യങ്ങളെ വിളിച്ചോതുന്നുണ്ടത്. ഉമര്‍ ഖാളി പണ്ഡിതനാണ്, കവിയാണ്, ആക്ടിവിസ്റ്റാണ്. ഗാന്ധിക്കു മുമ്പ് നികുതി നിഷേധ പ്രസ്ഥാനം രൂപീകരിച്ചിരുന്നു. ഇതൊക്കെയാണ് ചരിത്രത്തില്‍ നമുക്ക് കാണാനാവുന്നത്.
ഹിന്ദു മതത്തില്‍ നിന്നാരെങ്കിലും ഇസ്ലാം മതത്തിലേക്ക് പോയിട്ടുണ്ടെങ്കില്‍ അത് വാളു കൊണ്ടോ ആയുധംകൊണ്ടോ അല്ല; ഉച്ചനീചത്വങ്ങളുടെ ക്രൂരതയില്‍ കിടന്നു വീര്‍പ്പുമുട്ടി താഴേതട്ടിലുള്ളവര്‍ മതം മാറിയതാണ്. അത് ഇസ്ലാമിനെ അറിഞ്ഞുകൊണ്ടാണ്. നീതിയും സംരക്ഷണവും കിട്ടുമെന്ന വിശ്വാസം കൊണ്ടാണ്.
1921ലെ കലാപത്തെ കുറിച്ച് ഇന്ന് പലതും പറയുന്നുണ്ട്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിക്കൊണ്ടാണ് ഖിലാഫത്തൊക്കെ നടന്നത്. പിന്നീട് ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കലിന്റെ ഫലമായി സവര്‍ണ ജന്മിമാരുടെ ഒറ്റു കാരണമായി കാര്യങ്ങള്‍ കൈവിട്ടുപോവുകയാണ്. പലയിടത്തും പിന്നീടത് ഹിന്ദു മുസ്ലിം കലാപമായിത്തീര്‍ന്നു. അത് ആരെങ്കിലും ആസൂത്രിതമായി നടത്തുന്നതല്ല. ഇങ്ങനെ ഒരു കലാപമുണ്ടാക്കാന്‍ പലരും ആഗ്രഹിക്കുന്നുണ്ട്. കലാപം നടക്കുമ്പോള്‍ പേര് നോക്കി മതം നിര്‍ണയിക്കും. അങ്ങനെയാണ് കലാപവും കലഹവും ഉണ്ടാകുമ്പോള്‍ സംഭവിക്കുന്നത്.
ഉലമാക്കള്‍ അന്ന് ചെയ്തത് വലിയ ദൗത്യമാണ്. ഉലമാ ആക്ടിവിസം എന്നു പറയാം. മമ്പുറം തങ്ങളൊക്കെ രാജ്യ ഭ്രഷ്ടനായില്ലേ? ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടിയിട്ടാണ് ഇത് സംഭവിച്ചത്.
പോര്‍ച്ചുഗീസുകാര്‍ക്കെതിരെ ആദ്യമായി പടയ്ക്കിറങ്ങിയത് മരക്കാര്‍മാര്‍ക്ക് കീഴിലെ നാവികരായിരുന്നു. അന്ന് സാമൂതിരിയുടെ നാവികസേന മരക്കാര്‍മാരാണ്.
രാമനുണ്ണി: മഖ്ദൂം നീതിയുടെയും സഹവര്‍ത്തിത്വത്തിന്റെയും പ്രാതിനിധ്യമായിരുന്നു നിര്‍വഹിച്ചിരുന്നത്. അതുകൊണ്ടായിരുന്നു പലരും ഇസ്ലാം മതത്തിലേക്ക് വരുകയും തുല്യതയുടെയും നീതിയുടെയും സ്ഥാനങ്ങളിലെത്തുകയും ചെയ്തത്. നേരത്തെ പറഞ്ഞതിന്റെ ഭാഗമായി ഞാന്‍ പറയുകയാണ്, പൊന്നാനിയില്‍ താരതമ്യേന ജാതീയമായ വേര്‍തിരിവുകള്‍ കുറവാണ്. സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറവാണ് പൊന്നാനിയില്‍. അതിനുള്ള ഒരു കാരണം, ഇസ്ലാമിന്റെ സ്വാധീനമാണ്.
ഞങ്ങളുടെ കുട്ടിക്കാലത്ത് ദളിതനായ താമിയുണ്ടായിരുന്നു. വീട്ടില്‍ ഓണവും വിഷുവും തിരുവാതിരയുമൊക്കെയാവുമ്പോള്‍ കാഴ്ചകളുമായി വരും. വീട്ടുജോലികളൊക്കെ ചെയ്തിരുന്നത് അദ്ദേഹമായിരുന്നു. മരം വെട്ടുക, വേലി കെട്ടുക തുടങ്ങിയ പ്രധാനപ്പെട്ട തൊഴിലുകള്‍ താമിയും കാളിയുമായിരുന്നു ചെയ്തിരുന്നത്. കൃഷിയുടെ കാര്യത്തിലൊക്കെ താമി പറയുന്നതാണ് അവസാന വാക്ക്. അമ്മയെ തമ്പ്രാട്ടി എന്നൊക്കെയാണ് വിളിക്കുകയെങ്കിലും വളരെ അധികാരത്തോടെയാണ് വിളിക്കുക. താമി പറയുന്നതിനപ്പുറത്തേക്ക് ഒരു കാര്യം നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല. സ്വയം നിര്‍ണയാവകാശം അന്നത്തെ കീഴാളന്മാര്‍ക്ക് പൊന്നാനിയില്‍ താരതമ്യേന കൂടുതലുണ്ടായിരുന്നു.
സന്ധ്യയാകുന്ന സമയത്ത് കള്ള് കുടിച്ചുപോകുമ്പോള്‍ താമി വരമ്പ് ചെറുതാക്കിയതിന്റെ പേരില്‍ എല്ലാ തമ്പ്രാക്കന്മാരെയും ചീത്തവിളിച്ചുകൊണ്ടാണ് പോവുക. അതിനുള്ള സ്വാതന്ത്ര്യം കീഴാളനായ താമിക്കുണ്ടായിരുന്നു. പൊന്നാനി പണ്ട് പാലക്കാട് ജില്ലയുടെ ഭാഗമായിരുന്നു എന്നതോര്‍ക്കണം. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനടുത്തൊക്കെ ദളിതരെ തെങ്ങിന്മേല്‍ കെട്ടിയിട്ട് അടിക്കുന്ന കാലത്താണ് താമി പൊന്നാനിയിലിങ്ങനെ സ്വാതന്ത്ര്യത്തോടെ അധികാരം വിളിച്ചുപറഞ്ഞു നടന്നത്. ഇസ്ലാമിന്റെയും മഖ്ദൂമിന്റെയും സ്വാധീനം, ജാതിക്കെതിരായ അവബോധം എല്ലാം തന്നെ പൊന്നാനിയില്‍ ജാതീയമായ ഉച്ചനീചത്വങ്ങള്‍ താരതമ്യേന പരിമിതമാക്കി നിര്‍ത്താന്‍ സഹായിച്ചു.
പോസിറ്റീവായിട്ടുള്ള സ്വാധീനമാണ് സത്യത്തില്‍ ഇസ്ലാം കേരളത്തില്‍ ഉണ്ടാക്കിയിട്ടുള്ളത്. സാമൂതിരിയും കുഞ്ഞാലിമരക്കാരും തമ്മിലുള്ള ബന്ധം നമുക്കറിയാം. ബ്രിട്ടീഷുകാര്‍ കുത്തിത്തിരിപ്പുണ്ടാക്കി പരമാവധി അവരെ ശത്രുക്കളാക്കാന്‍ ശ്രമിച്ച് അവസാനം വിജയിച്ചു. എങ്കിലും സാമൂതിരിയുടെ ഏറ്റവും വിശ്വസ്തനായിട്ടാണ് കുഞ്ഞാലിമരക്കാര്‍ പ്രവര്‍ത്തിച്ചത്. ഹൈന്ദവതയും ഇസ്ലാമും തമ്മില്‍ കേരളത്തിലുണ്ടായിരുന്ന ബന്ധമാണ് ഏറ്റവും അനുകരണീയമായ ബന്ധം. ഹൈന്ദവവും ഇസ്ലാമികവുമായ ദര്‍ശനങ്ങള്‍ അത് ശരിവെക്കുന്നുണ്ട്. ‘മഹാമദി’നെ പറ്റി ഭവ്യഷത് പുരാണത്തില്‍ പരാമര്‍ശമുണ്ടെന്ന് പറഞ്ഞല്ലോ. അടുത്തകാലത്ത് ബംഗാളീ ബ്രാഹ്മണനായ വേദ പ്രകാശ് ഉപാധ്യായ കല്‍ക്കി മുഹമ്മദ് നബി തന്നെയെന്ന് ഹൈന്ദവ ഗ്രന്ഥങ്ങളെ സാക്ഷിയാക്കി തെളിയിച്ചിട്ടുണ്ട്. എവിടെ ധര്‍മത്തിന് ഗ്ലാനി സംഭവിക്കുന്നോ അവിടെ ഞാന്‍ അവതരിക്കും എന്നാണല്ലോ ഭഗവത് ഗീതയില്‍ കൃഷ്ണന്‍ പറയുന്നത്. (ഞാന്‍ എന്നാല്‍ ദൈവദൂതന്‍). ഋഗ്വേദത്തിലെയും അല്‍ഫാതിഹയിലേയും പ്രാരംഭത്തിലുള്ള സാമ്യങ്ങള്‍ അത്ഭുതാവഹമാണ്. ഡോക്ടര്‍ മുഹമ്മദ് ഖാനി ഡുറാനി എഴുതിയ ഗീത ആന്‍ഡ് ഖുറാന്‍ എന്ന പുസ്തകത്തില്‍ ഭഗവത് ഗീതയും വിശുദ്ധ ഖുര്‍ആനും തമ്മിലുള്ള അതിശയകരമായ സാമ്യവും വിവരിച്ചിരിക്കുന്നു. ലൈറ്റ് ഓഫ് ലൈറ്റ് (വെളിച്ചത്തിന്റെ വെളിച്ചം) എന്ന നിലക്കാണ് രണ്ട് ഗ്രന്ഥങ്ങളിലും ദൈവത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഗീത എന്ന വാക്കിനും ഖുര്‍ആന്‍ എന്ന വാക്കിനും ചൊല്ലല്‍(recital) എന്നാണ് അര്‍ഥവും. രണ്ട് ഗ്രന്ഥങ്ങളും ധര്‍മ സംസ്ഥാപനാര്‍ഥം നന്മയെ വളര്‍ത്താനും തിന്മയെ തളര്‍ത്താനുമാണ് അവതീര്‍ണമായിരിക്കുന്നത്. ഈ മതദര്‍ശനങ്ങളെല്ലാം സ്വാംശീകരിച്ച പോലെയാണ് കേരളത്തില്‍, വിശേഷിച്ച് പൊന്നാനിയില്‍ ഹിന്ദുക്കളും മുസ്ലിംകളും കാലാകാലമായി കൂടിക്കഴിയുന്നത്. ആ സംസ്‌കാര വിശേഷമാണ് പുതിയ കലികാലത്തും എന്നിലും ലീലാകൃഷ്ണനിലുമെല്ലാം പ്രതിഫലിക്കുന്നത്. സമകാലികരായ മറ്റു പൊന്നാനി എഴുത്തുകാരിലും അതുണ്ട്. എന്നാലും സഹമത സ്നേഹത്തിന്റെ കാര്യത്തില്‍ എന്നോടു കൂടുതല്‍ ഐക്യപ്പെടുന്ന ലീലാകൃഷ്ണനോട് ഇളയ സഹോദരോനുള്ള സ്നേഹം എനിക്കുണ്ട്.
ഇസ്ലാമോഫോബിയ
രാമനുണ്ണി: ഇസ്ലാമോഫോബിയ എന്നത് ഒരു മലയാളിക്കും ദഹിക്കാത്ത കാര്യമാണ്. ഇസ്ലാം ഭയപ്പെടുത്തുന്ന കാര്യമായോ തങ്ങളെ ഉപദ്രവിക്കാന്‍ വരുന്ന സാധനമായോ ഒരു കേരളീയനും അനുഭവപ്പെട്ടിട്ടില്ല. ഇത് വിദേശത്ത് ഉണ്ടായ പദമാണ്. അതിന് ചരിത്രപരമായ പല കാരണങ്ങളുണ്ട്.
മുസ്ലിം സ്നേഹിയായ സാമൂതിരിയുടെ രണ്ടാം തലസ്ഥാനമായിരുന്നു പൊന്നാനി. ഓരോ മുക്കുവ ഗൃഹങ്ങളിലും ഒരു മുസ്ലിം ഉണ്ടാവണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. മുസ്ലിംകള്‍ അഞ്ചുനേരം നിസ്‌കരിക്കാനും ആ ഹിന്ദു രാജാവ് നിശ്കര്‍ഷിച്ചു. ഇങ്ങനെയുള്ള ചരിത്രപരമായ അനുഭവങ്ങള്‍ കൊണ്ടുതന്നെ പൊന്നാനിക്കാര്‍ക്കാണെങ്കിലും കേരളത്തിലെ മുഴുവന്‍ ആളുകള്‍ക്കാണെങ്കിലും ഇസ്ലാമോഫോബിയ എന്നത് അവരുടെ മനഃശാസ്ത്ര ഘടനയില്‍ ഒരിക്കലും വരുകയില്ല. കാരണം മുസ്ലിം കഥാപാത്രങ്ങളെ, ഉറൂബിന്റെ കഥാപാത്രങ്ങളാണെങ്കിലും എം ടിയുടെ കഥാപാത്രങ്ങളാണെങ്കിലും ഇടശ്ശേരിയുടെ കഥാപാത്രങ്ങളാണെങ്കിലും മുസ്ലിം കഥാപാത്രങ്ങളെല്ലാം നല്ലവരായിട്ടേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. അതേ സമയം കേരളത്തിലെ തരംതാഴ്ന്ന സാഹിത്യത്തില്‍ മാത്രമാണ് മുസ്ലിംകളെ രാക്ഷസ കഥാപാത്രങ്ങളായി ചിത്രീകരിച്ചിട്ടുള്ളത്. വൈക്കം മുഹമ്മദ് ബഷീര്‍ പറയാറുണ്ട്, ‘തന്റെ നാട്ടില്‍ രാവിലെ ഒരാള്‍ പുസ്തകം വില്‍ക്കാന്‍ വരാറുണ്ട്. തല്ലിപ്പൊളി പുസ്തകങ്ങളായിരിക്കും. അതില്‍ അസുരന്‍മാരും രാക്ഷസന്‍മാരും സംസാരിക്കുന്നത് മലപ്പുറത്തുള്ള മുസ്ലിംകളുടെ ഭാഷയാണ’. തരംതാഴ്ന്ന ചില സാഹിത്യകൃതികളും വീക്ഷണരീതികളും മാത്രമാണ് കേരളത്തില്‍ മുസ്ലിംകളെ പ്രതിനായകസ്ഥാനത്ത് പ്രതിഷ്ഠിച്ചിട്ടുള്ളത്. കേരളത്തിലെ മുഖ്യധാരാ സാഹിത്യകൃതികളെല്ലാം തന്നെ, വിശേഷിച്ച് സി വി രാമന്‍പിള്ളയുടെ നോവലുകള്‍ നമ്മള്‍ നോക്കണം, മുസ്ലിംകളെ വളരെ ശ്രേഷ്ഠ കഥാപാത്രങ്ങളായിട്ടാണ് പ്രതിനിധീകരിച്ചിട്ടുള്ളത്. ഇസ്ലാമോഫോബിയ എന്ന മനോഘടന കേരളത്തില്‍ പാരമ്പര്യമായിട്ടില്ല. പശ്ചാത്യന്‍ നാടുകളിലുണ്ടായിട്ടുള്ള സങ്കല്പമാണിത്. കുരിശുയുദ്ധങ്ങള്‍ മുതല്‍ ചര്‍ച്ചാനിറ്റിയുടെ (ക്രിസ്റ്റ്യാനിറ്റി എന്നു പറയാന്‍ പറ്റില്ല) ഇസ്ലാമിനെതിരായി നടന്നിട്ടുള്ള അതിക്രമങ്ങള്‍ നമുക്കറിയാം. അതിന്റെയെല്ലാം ചില അവശിഷ്ടങ്ങളാണിത്. അതിന് ശേഷം ആധുനിക ചരിത്രത്തില്‍ ഇസ്ലാമോഫോബിയ എന്നൊരു സാധനം കരുതിക്കൂട്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ള രാഷ്ട്രീയ പ്രതിഭാസമായാണ് കാണുന്നത്. കാരണം സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം ശീതയുദ്ധം അവസാനിക്കുകയാണ്. അങ്ങനെ ഏകധ്രുവ ലോകം രൂപപ്പെടുകയാണ്. ഏകധ്രുവ ലോകം സൃഷ്ടിക്കപ്പെടുമ്പോഴുള്ള പ്രശ്നം, ശീതയുദ്ധ സമയത്തുണ്ടായിരുന്ന ആയുധക്കച്ചവടം നഷ്ടപ്പെടുകയാണ്. രണ്ടാം ലോക മഹായുദ്ധ ശേഷം വ്യാവസായിക വിപ്ലവമുണ്ടായി. അങ്ങനെ ആയുധക്കച്ചവടം നന്നായി നടന്നു. ശീതയുദ്ധം അവസാനിച്ച ശേഷം അതില്ലാതായി. ഒരു സാങ്കല്പിക ശത്രുവിനെ സൃഷ്ടിക്കുക എന്നത് മൂലധന താല്‍പര്യമായിരുന്നു. അതുകൊണ്ട് തന്നെയാണ് ഹണ്ടിങ്ടണൊക്കെ പറഞ്ഞത്, ഇനി വരാനിരിക്കുന്നത് നാഷനാലിറ്റികള്‍ തമ്മിലുള്ള യുദ്ധമല്ല, സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംഘട്ടനങ്ങളാണ്, മതങ്ങള്‍ തമ്മിലുള്ള സംഘട്ടനങ്ങളാണ് എന്ന്. മതങ്ങള്‍ തമ്മിലുള്ള സംഘട്ടനം എന്ന സിദ്ധാന്തത്തെ ന്യായീകരിക്കാന്‍ ഇസ്ലാമിനെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിച്ചു. അതായത്, ഇസ്ലാം ആധുനിക സംസ്‌കാരങ്ങള്‍ക്ക് എതിരാണെന്ന് വരുത്തിത്തീര്‍ക്കുക. മധ്യകാലഘട്ടത്തിന്റെ പ്രാകൃതമായ മതമാണ് എന്ന് തെറ്റിദ്ധരിപ്പിക്കുക. അങ്ങനെ സോവിയറ്റ് യൂണിയനെ എതിര്‍ പക്ഷത്ത് നിര്‍ത്തിയ പോലെ ഇസ്ലാമിനെയും എതിര്‍പക്ഷത്ത് നിര്‍ത്തുക എന്നത് ആധുനിക മുതലാളിത്ത താല്‍പര്യമാണ്. ഇസ്ലാമോഫോബിയ എന്നത് കൃത്രിമമായ രാഷ്ട്രീയ സൃഷ്ടിയാണ്. ആ ഇസ്ലാമോഫോബിയ സൃഷ്ടിക്കപ്പെടുന്ന കാലത്ത് തീര്‍ച്ചയായും മുസ്ലിംകള്‍ പാര്‍ശ്വവത്കൃതരാവും. മുസ്ലിംകള്‍ക്കെതിരായിട്ടുള്ള മനോഭാവം സൃഷ്ടിക്കപ്പെടും. ഈ മനോഭാവം കൊണ്ടുതന്നെ ഇസ്ലാമിന്റെ അകത്തുതന്നെയുള്ള വിനാശകരമായിട്ടുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂടും. അങ്ങനെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുമ്പോള്‍ അതു വീണ്ടും ഇസ്ലാമോഫോബിയ സൃഷ്ടിക്കും. കൃത്രിമമായ സംഘര്‍ഷത്തിന്റെയും വൈപരീത്യത്തിന്റെയും ലോകത്തെ സൃഷ്ടിക്കുകയും ആ വൈപരീത്യത്തില്‍ നിന്ന് മൂലധന താത്പര്യങ്ങളെ സംരക്ഷിക്കുകയും ചെയ്യുക എന്ന, സാമ്രാജ്യത്വത്തിന്റെ ഒരു പുതിയ തന്ത്രമാണ് ഇസ്ലാമോഫോബിയ. ഇതില്‍ മൂലധന താല്‍പര്യമുണ്ട്. രാഷ്ട്രീയ താല്‍പര്യമുണ്ട്. മൂല്യപരമായ താത്പര്യമുണ്ട്. കാരണം പാശ്ചാത്യ മുഖ്യധാരാ ആധുനികതയുടെ പരികല്‍പനകള്‍ എല്ലാ മൂല്യങ്ങള്‍ക്കുമെതിരാണ്. അതിനെ പിന്തുടരുന്ന സാമ്രാജ്യത്വവും യാന്ത്രികമായ മൂല്യരഹിതമായ യുക്തിചിന്തകളാണ് മുന്നോട്ടുവെക്കുന്നത്. എല്ലാ മാനുഷിക മൂല്യങ്ങള്‍ക്കും എതിരായിട്ടുള്ള പ്രത്യയശാസ്ത്രമാണത്.
മനുഷ്യനില്‍ ഹിംസയാണ് കൂടുതലുള്ളത്, അവനില്‍ അരാജകവാദിയാണ് മുന്തിനില്‍ക്കുന്നത് എന്ന, നരവംശശാസ്ത്രപരമായിട്ടുള്ള പ്രതിലോമകരമായ സിദ്ധാന്തങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. എഡ്വേഡ് ഒ വില്‍സന്റെ ഓണ്‍ അഗ്രഷന്‍, ലോറന്‍സ് കോണ്ട്റാക്റ്റിന്റെ സോഷ്യോ ബയോളജി, ഡെസ്മണ്ട് മോറിസിന്റെ നേക്കട് ഏപ്പ് എന്നീ ഗ്രന്ഥങ്ങളിലെ ആശയങ്ങളും ഇതിനോട് ചേര്‍ന്ന് നില്‍ക്കുന്നു. ഒരു മൂല്യവുമില്ല എന്ന് സ്ഥാപിക്കുന്ന സമയത്ത് മൂല്യരഹിതമായിട്ടുള്ള മുതലാളിത്ത വ്യവസ്ഥിതിക്ക് ന്യായീകരണം സൃഷ്ടിക്കപ്പെടുന്നു. മതം എന്നാല്‍ ഇതിനെതിരായിട്ടുള്ള മൂല്യമാണ്. ലോകത്ത് ഏറ്റവും സക്രിയമായ മതം ഇസ്ലാം ആണെന്നതില്‍ സംശയമില്ല. അരാജകമായ, മൂല്യ രഹിതമായ നരവംശശാസ്ത്ര സിദ്ധാന്തങ്ങള്‍ക്കെതിരായ ഇസ്ലാമിന്റെ മൂല്യബോധത്തെ ശത്രുസ്ഥാനത്ത് നിര്‍ത്തുന്നത് അവരുടെ സിദ്ധാന്തപരമായ ഒരു അനിവാര്യതയായി മാറുന്നു. സിദ്ധാന്തപരമായ അനിവാര്യതയായിട്ടും രാഷ്ട്രീയപരമായ അനിവാര്യതയായിട്ടുമാണ് ഇസ്ലാമോഫോബിയ എന്ന കൃത്രിമ പ്രതിഭാസത്തെ ഉത്പാദിപ്പിക്കുന്നത്. സാമ്രാജ്യത്വ ശക്തികള്‍ അവതരിപ്പിച്ച ഇസ്ലാമോഫോബിയയുടെ പതിപ്പാണ് ഫാഷിസ്റ്റുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഹൈന്ദവതയെ ഏറ്റവും വികൃതമായ രൂപത്തിലാക്കി, ഹൈന്ദവതയിലെ എല്ലാ നന്മകളെയും വലിച്ചെറിഞ്ഞാണ് ലോക മുതലാളിത്തത്തോട് ഐക്യപ്പെടുന്ന ഇന്ത്യയിലെ ഫാഷിസ്റ്റ് ശക്തികള്‍ ഇസ്ലാമിനെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നത്. അന്തര്‍ദേശീയമായ മൂലധന താത്പര്യങ്ങള്‍ക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനാണ് ഫാഷിസ്റ്റുകള്‍ ഇന്ത്യയില്‍ ഇസ്ലാമോഫോബിയ വളര്‍ത്തുന്നത്. സൈദ്ധാന്തികമായി നോക്കുകയാണെങ്കില്‍ ഇസ്ലാം അപരവത്കരിക്കപ്പെടേണ്ട അസഹിഷ്ണുതയുടെ മതമല്ല. അല്‍ ബഖറ എന്ന വിശുദ്ധ ഖുര്‍ആനിലെ സൂറത്ത് നോക്കൂ. അതില്‍ നബിക്കു മുമ്പെ വന്ന വിശുദ്ധ ഗ്രന്ഥങ്ങളെയും ദൈവദൂതരെയുമെല്ലാം തുല്യതയോടെ ആദരിക്കാനാണ് പറയുന്നത്. ഒരു ലക്ഷത്തിലധികം പ്രവാചകര്‍ ഭൂമിയില്‍ വന്നതായും പരാമര്‍ശമുണ്ട്. ആദ്യന്തികമായി ഒരൊറ്റ മതമെ പ്രവചിക്കപ്പെട്ടിട്ടുള്ളൂ എന്ന് പറയുന്ന ഇസ്ലാം എല്ലാ മതങ്ങളിലുമുള്ള അടിസ്ഥാന ധാരയെ അംഗീകരിക്കുന്നുണ്ട്.
നബിയോര്‍മകള്‍
ആലങ്കോട്: ഓര്‍മിക്കാതെ മനുഷ്യ ചരിത്രത്തിന് മുന്നോട്ട് ചലിക്കാനാവില്ല. മനുഷ്യന്‍ ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളക്കുന്നതല്ല. തുടര്‍ച്ചയാണത്. മനുഷ്യ സംസ്‌കാര ചരിത്രം തുടര്‍ച്ചയായി വരുന്നതാണ്. അതുകൊണ്ടാവും, ‘മനുഷ്യരേ നിങ്ങളെ നാം ഒരു സ്ത്രീയില്‍ നിന്നും പുരുഷനില്‍ നിന്നും സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് വിവിധ ഗോത്രങ്ങളുടെ അടയാള വ്യത്യാസങ്ങള്‍ തന്നത് നിങ്ങള്‍ തമ്മതമ്മില്‍ തിരിച്ചറിയാന്‍ വേണ്ടിയാണ്’ എന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രയോഗിച്ചത്. ഓര്‍മകള്‍ കുറച്ചു പിറകിലേക്ക് സഞ്ചരിച്ചാല്‍, ആദ്യത്തെ മാതാവില്‍ നിന്നും പിതാവില്‍ നിന്നും സൃഷ്ടിക്കപ്പെട്ട് നാനാ ദേശങ്ങളിലേക്കു വ്യാപിച്ച വംശമാണ് മനുഷ്യവംശം. അതുകൊണ്ട് ആദിമ സാഹോദര്യത്തില്‍ നിന്നാണ് ആരംഭിക്കേണ്ടത്. അത് വിസ്മരിക്കുമ്പോള്‍ വെര്‍ച്വല്‍ കാപ്പിറ്റലിസവും കള്‍ച്ചറല്‍ കാപ്പിറ്റലിസവും ഉത്പാദിപ്പിക്കാന്‍ കഴിയും. മതമിവിടെ മൂല്യമായി നില്‍ക്കുന്നത് അവര്‍ക്ക് ബുദ്ധിമുട്ടാണ്. അവര്‍ പറയും നിങ്ങളതൊന്നും ഓര്‍ക്കാന്‍ പാടില്ല, ഇന്നത്തെ ഈ നിമിഷത്തില്‍ ജീവിച്ചാല്‍ മതി. ഇന്നലെകളിലേക്ക് തിരിഞ്ഞു നോക്കേണ്ടതില്ല. അങ്ങനെയൊരു ലോക വ്യവസ്ഥിതി സൃഷ്ടിക്കാന്‍ വികസിത മുതലാളിത്ത മൂലധന ശക്തികളും ശ്രമിക്കുന്നുണ്ട്. അതിന്റെ വലിയ പ്രതിസന്ധിയിലാണ് ലോകം അകപ്പെട്ടിരിക്കുന്നത്. രോഗം ഒരു ഭയമായി മാറി. കൊവിഡ് 19 നമ്മളെ നിശ്ചലരാക്കിയിരിക്കുകയാണ്. മുമ്പിലേക്കൊന്നും നോക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഓര്‍മകള്‍ ഉണ്ടായിരിക്കണം. അതെന്തിനാണ്? മുന്നോട്ടു പോകാനാണ്. വടക്കന്‍പാട്ടിലൊരു പാട്ടുണ്ട്. ‘മൂന്നടി പിന്നാക്കം വാങ്ങിനിന്ന് ഏഴടി മുന്നാക്കം ചാടിയവന്‍’. എന്നുവെച്ചാല്‍ നിന്നിടത്തു നിന്നു ചാടിയാല്‍ ഇത്തിരിയേ മുന്നോട്ടു പോകാനാകൂ. മൂന്നടി പിന്നിലേക്കിറങ്ങി വന്ന് ഓടിവന്ന് ചാടിയാല്‍ കുറച്ചുകൂടെ മുമ്പിലേക്ക് ചാടാം. അതുകൊണ്ട് ഓര്‍മിക്കുക എന്നത് മുന്നിലേക്ക് കുതിക്കാനുള്ള മനുഷ്യവംശത്തിന്റെ സാംസ്‌കാരികമായ ഇന്ധനമാണ്. സാംസ്‌കാരിക സമ്പത്താണ്. അതുകൊണ്ട് പ്രവാചകന്മാരെ ഓര്‍ക്കണം. അന്ത്യപ്രവാചകനെ ഓര്‍ക്കുമ്പോള്‍ നമ്മള്‍ ആര്‍ജിക്കേണ്ടത് പ്രവാചകന്‍ ലോകത്തിന് നല്‍കിയ ധാര്‍മിക പ്രബോധനത്തിന്റെ ബലമാണ്. ആ ബലം കിട്ടാന്‍ പ്രവാചകനിലേക്ക് ഇറങ്ങിനില്‍ക്കുന്നത് ഒരു ദോഷമല്ല. ഓര്‍മകള്‍ ഉണ്ടായിരിക്കണം. നല്ല ഓര്‍മകള്‍. സ്നേഹത്തിന്റെ, ഐക്യത്തിന്റെ, ധര്‍മത്തിന്റെ, സമഭാവനയുടെ, സാഹോദര്യത്തിന്റെ ഓര്‍മകള്‍ ഉണ്ടായിരിക്കണം.
കെ പി രാമനുണ്ണി, ആലങ്കോട് ലീലാകൃഷ്ണന്‍
You must be logged in to post a comment Login