ബാബരി മസ്ജിദ് ധ്വംസനം ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു നാല്‍ക്കവലയാണ്. 1992നു ശേഷം ദേശീയ, സംസ്ഥാന രാഷ്ട്രീയത്തില്‍ കെട്ടഴിഞ്ഞുവീണ ന്യൂനപക്ഷവിരുദ്ധ കലാപങ്ങളും അതുയര്‍ത്തിയ നിരാശയും രോഷവും ആശങ്കകളും തജ്ജന്യമായ ചിന്താവ്യതിയാനങ്ങളുമെല്ലാം മുസ്ലിംകളെ പല വിധേനയും സ്വാധീനിച്ചപ്പോള്‍, മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ എങ്ങനെ അതിനോട് പ്രതികരിച്ചുവെന്ന് ഇന്ന് പരിശോധിക്കുമ്പോള്‍, വര്‍ത്തമാനകാല രാഷ്ട്രീയം കടന്നുവന്ന നിര്‍ണായകമായ കുറെ ദശാസന്ധികള്‍ ഓര്‍മയില്‍ മിന്നിമറയും. അയോധ്യരാഷ്ട്രീയമാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസുമായുള്ള നാഭീനാളബന്ധം വിച്ഛേദിക്കാന്‍ മുസ്ലിംകളെ പ്രേരിപ്പിച്ചത്. കോണ്‍ഗ്രസുമായി എക്കാലവും ചേരുംപടി ചേര്‍ത്തുനിറുത്തപ്പെട്ട മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ ചിന്തിക്കാനും ശബ്ദിക്കാനും വിമര്‍ശിക്കാനും സമുദായത്തിന് ധൈര്യം പകര്‍ന്ന പ്രതിസന്ധി ഘട്ടമായിരുന്നു അത്. കോണ്‍ഗ്രസില്‍നിന്ന് അകന്ന, മുസ്ലിം ലീഗിനെതിരെ തിരിഞ്ഞ ന്യൂനപക്ഷത്തെ പൂര്‍ണമായും സ്വീകരിച്ച് അവരെ ഇടതുചേരിയുടെ ഭാഗമായി മാറ്റിയെടുക്കേണ്ടതുണ്ടെന്ന ചിന്ത നിഷ്പക്ഷമതികളില്‍ വളര്‍ന്നുവന്ന കാലഘട്ടമായിരുന്നു അത്. സന്ദര്‍ഭത്തിന്റെ പ്രാധാന്യം ഇടതുപക്ഷം ഉള്‍ക്കൊണ്ടില്ല എന്ന് ആര്‍ക്കും പറയാനാവില്ല. ‘മാര്‍ക്‌സിസ്റ്റ് സംവാദം’ 1993 ഏപ്രില്‍ -ജൂണ്‍ ലക്കം മാറ്റിവെച്ചത് തന്നെ, ന്യൂനപക്ഷവും ഇടതുപക്ഷവും തമ്മിലുള്ള രാഷ്ട്രീയ വ്യവഹാരങ്ങളെ ആഴത്തില്‍ സംവദിക്കാനാണ്. ആ ചര്‍ച്ചയില്‍ മുസ്ലിം പക്ഷത്തുനിന്ന് പങ്കെടുത്തത് പ്രൊഫ. കെ എ ജലീലും പ്രൊഫ. കെ എം ബഹാവുദ്ദീനുമായിരുന്നു. തീര്‍ത്തും അക്കാദമിഷ്യന്മാരായ ഇവരുടെ രാഷ്ട്രീയ കാഴ്ചപ്പാടിലെ എടുത്തുപറയേണ്ട പരിമിതി പ്രായോഗിക രാഷ്ട്രീയത്തിന്റെ മനുഷ്യഗന്ധിയായ മാനങ്ങള്‍ സ്പര്‍ശിക്കുന്നേ ഇല്ല എന്നതാണ്. എന്നാല്‍, ന്യൂനപക്ഷരാഷ്ട്രീയം കൈയാളുന്നിടത്ത് സി പി എമ്മിന് സംഭവിക്കുന്ന കൈപ്പിഴകളിലൂന്നിയാണ് ചെക്കുട്ടിയും നാസറും മൊയ്തുവുമൊക്കെ ചര്‍ച്ച മുന്നോട്ടുകൊണ്ടുപോയത്. പ്രശ്‌നസങ്കീര്‍ണമായ ഒരു കാലയളവില്‍ സംഭവിക്കുന്ന എല്ലാ അനര്‍ഥങ്ങളുടെയും ഉത്തരവാദിത്വം ഇടതുപക്ഷത്തിന്റെ തലയില്‍ കെട്ടിവെക്കുന്ന രീതി കേരളീയ മാധ്യമ-ധൈഷണിക ലോകത്തിന്റെ പ്രത്യേകതയാണെന്ന് ഇപ്പോള്‍ അരങ്ങുതകര്‍ക്കുന്ന പല സംവാദങ്ങളുടെയും സ്വഭാവം നോക്കിയാല്‍ മനസ്സിലാവുമല്ലോ. ‘ഇടതുപക്ഷവും ന്യൂനപക്ഷവും’ എന്ന ശീര്‍ഷകത്തില്‍ മൊയ്തുവാണിമേല്‍ എഴുതിയ കുറിപ്പില്‍ ( മാധ്യമം 1994 ജൂലൈ 10) ഇടതുപക്ഷത്തിനെതിരെ രോഷംകൊള്ളുന്നത് ഇങ്ങനെ: ”ഇന്ത്യന്‍ മുസ്ലിം യുവാക്കള്‍ ഭീകരവാദരാഷ്ട്രീയത്തിലേക്ക് കൂറുപുലര്‍ത്തിയിട്ടുണ്ടെങ്കില്‍ അതിനു മുഖ്യകാരണം ഇടതുപക്ഷ അയല്‍ക്കാരന്റെ കാരുണ്യരഹിതമായ നിലപാടാണ്. അരക്ഷിതവും ഒറ്റപ്പെട്ടതുമായ വര്‍ത്തമാന അവസ്ഥയാണ് അവനെ സ്വയംരക്ഷക്കായി തീവ്രവാദ രാഷ്ട്രീയത്തോട് അടുപ്പിക്കുന്നത്. മഅ്ദനിമാര്‍ ഈ യുവാക്കള്‍ക്ക് ‘ഹീറോ’ ആയി മാറുന്നതും ഈ കാലാവസ്ഥയിലാണ്. ഒരു പ്രത്യയശാസ്ത്രത്തിനും അവരെ തടയാനും കഴിയില്ല.” ഈ കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്ന വലിയൊരു വിഭാഗം അക്കാലത്തുണ്ടായിരുന്നു. ആ കാഴ്ചപ്പാട് ഉല്‍പാദിപ്പിച്ച ഇടതുവിരുദ്ധ വികാരം ആത്യന്തികവാദങ്ങള്‍ക്ക് വളമായിട്ടുണ്ട് എന്നത് നിസ്തര്‍ക്കമാണ്. പുതിയൊരു രാഷ്ട്രീയ അരുണോദയം കാണേണ്ടതിന് പകരം വൈകാരികവിക്ഷുബ്ധതയിലൂന്നിയ പിത്തലാട്ടങ്ങള്‍ക്ക് കാലം സാക്ഷിയായി.
അനുഭവങ്ങളും പാളിച്ചകളും
ഇന്ത്യയിലെ ഇടതുപക്ഷപ്രസ്ഥാനത്തെയും മതന്യൂനപക്ഷവിഭാഗങ്ങളെയും അധികരിച്ച് ഏറ്റവും കൂടുതല്‍ എഴുതിയിട്ടുണ്ടാവുക സഖാവ് ഇ എം എസ് നമ്പൂതിരിപ്പാടായിരിക്കും. ക്രൈസ്തവ-മുസ്ലിം രാഷ്ട്രീയത്തിന്റെ സകല ചേരുവകളെയും അതിന്റെ ചരിത്രപശ്ചാത്തലത്തില്‍ ആറ്റിക്കുറുക്കി കമ്യൂണിസ്റ്റ് ലെനിനിസ്റ്റ് വീക്ഷണകോണിലൂടെ സിദ്ധാന്തങ്ങള്‍ കരുപ്പിടിപ്പിച്ച ഇ എം എസ് ഈ സമസ്യയുമായി ബന്ധപ്പെട്ട മുഴുവന്‍ ചോദ്യങ്ങള്‍ക്കും സര്‍വാംഗീകൃതവും സമൂര്‍ത്തവുമായ ഉത്തരങ്ങള്‍ നല്‍കി എന്ന് ആരും അവകാശപ്പെടില്ല. എന്നിരുന്നാലും ഇടതുപക്ഷ രാഷ്ട്രീയം രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം മെനഞ്ഞെടുത്ത ന്യൂനപക്ഷസിദ്ധാന്തങ്ങള്‍ക്ക് നിഷ്പക്ഷമതികള്‍ വലിയ വില കല്‍പിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിതകാലത്ത് തന്നെ, സജീവമായ എത്രയോ സംവാദങ്ങള്‍ക്ക് അവ വഴിയൊരുക്കി. മതവും മാര്‍ക്‌സിസവും തമ്മിലുള്ള ബന്ധം പരിശോധിക്കാന്‍ അദ്ദേഹം തുടങ്ങുന്നതുതന്നെ ഇങ്ങനെയാണ്: ”ആശയപരമായി നോക്കിയാല്‍ വിപരീതങ്ങളെങ്കിലും പ്രായോഗികജീവിതത്തില്‍ അനുരൂപകങ്ങളാവുന്ന രണ്ടു പ്രതിഭാസങ്ങളാണ് മതവും മാര്‍ക്‌സിസവും. എന്നാല്‍ കേരളത്തില്‍ അവ അനൂരൂപകമായിട്ടില്ല”. എന്തുകൊണ്ട് എന്ന ചോദ്യത്തിനും അദ്ദേഹം ഉത്തരം നല്‍കുന്നുണ്ട്: ”മുസ്ലിം ലീഗിന്റെ കച്ചവടരാഷ്ട്രീയവും ക്രിസ്ത്യന്‍ പ്രമാണിമാര്‍ രൂപപ്പെടുത്തിയ കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയും എടുത്ത നിലപാട് നിമിത്തമാണ് കേരളത്തില്‍ മതനേതാക്കളും മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റുകാരും തമ്മില്‍ സഹകരണബന്ധം രൂപപ്പെടാന്‍ കഴിയാതെപോയത്” (മാര്‍ക്‌സിസ്റ്റ് സംവാദം, 1093 ഏപ്രില്‍ -ജൂണ്‍). ഇ എം എസ് ഈ സിദ്ധാന്തം കുറിച്ചിടുന്ന കാലത്തുനിന്ന് കേരളവും മുസ്ലിം -ക്രൈസ്തവ ന്യൂനപക്ഷങ്ങളും ഒരുപാട് മുന്നോട്ട് സഞ്ചരിച്ചു. മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ട താല്‍ക്കാലികമായെങ്കിലും ചുവന്നു. ഇബ്രാഹീം സുലൈമാന്‍ സേട്ട് ബീജാവാപം നല്‍കിയ പാര്‍ട്ടി എല്‍ ഡി എഫിന്റെ ഘടകകക്ഷിയായി. ഐക്യജനാധിപത്യമുന്നണിയുടെ സ്ഥാപകനേതാക്കളിലൊരാളായ കെ എം മാണി നേതൃത്വം കൊടുത്ത കേരള കോണ്‍ഗ്രസിലെ ഒരു പ്രബലവിഭാഗം ജോസ് കെ മാണിയുടെ മുന്‍കൈയാല്‍ ഇടതുജനാധിപത്യമുന്നണിയുടെ ഭാഗമായി. ദേശീയതലത്തില്‍ ബി ജെ പി കേന്ദ്രവും ഭൂരിഭാഗം സംസ്ഥാനങ്ങളും ഭരിക്കുന്ന രാഷ്ട്രീയഭൂമികയില്‍ ഹിന്ദുത്വ ശക്തികള്‍ ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ ആര്‍ജവമുള്ള രാഷ്ട്രീയകൂട്ടായ്മ ഇടതുപക്ഷത്തിന്റേതാണ് എന്ന വിചാരഗതി പ്രബലപ്പെട്ടു. കോണ്‍ഗ്രസും ബി ജെ പിയും തമ്മിലുള്ള ആശയപരമായ അന്തരം നന്നേ നേര്‍ത്തപ്പോള്‍, അംഗബലത്തില്‍ കുറവാണെങ്കിലും ഇടതുപക്ഷമാണ് ശരി എന്ന കാഴ്ചപ്പാടിന് സ്വീകാര്യത വര്‍ധിച്ചു.
ഹിന്ദുത്വ ഫാഷിസം ഉയര്‍ത്തിക്കാട്ടുന്ന, വി ഡി സവര്‍ക്കറും ഗുരു ഗോള്‍വാള്‍ക്കറും ഉദ്‌ഘോഷിച്ച ഹിന്ദുരാഷ്ട്രസിദ്ധാന്തത്തില്‍ ലീനമായിക്കിടക്കുന്ന ന്യൂനപക്ഷവിരുദ്ധതയും ഹിംസാത്മക രാഷ്ട്രീയശൈലിയും വര്‍ത്തമാനകാല ഇന്ത്യയില്‍ തുറന്നുകാട്ടാന്‍ ആവേശപൂര്‍വം മുന്നോട്ടുവരുന്ന പാര്‍ട്ടി എന്ന നിലയില്‍ മുസ്ലിം- ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ മുമ്പൊരിക്കലുമില്ലാത്ത അംഗീകാരം ലഭിക്കുന്നുണ്ടെങ്കിലും 2004ല്‍ നിന്ന് 2020ല്‍ എത്തിനില്‍ക്കുമ്പോള്‍ ശുഷ്‌ക്കമായിത്തീര്‍ന്ന ഇടതുകരുത്ത് രാഷ്ട്രീയ എതിരാളികളുടെ മുഖത്ത് പരിഹാസച്ചിരി ഉയര്‍ത്തുന്നുണ്ട്. അതേസമയം, അംഗബലം നോക്കിയല്ല, അചഞ്ചലമായ മതനിരപേക്ഷ നിലപാടില്‍ പ്രതീക്ഷയര്‍പ്പിക്കുന്നതുകൊണ്ടാണ് ന്യൂനപക്ഷ സമുദായങ്ങള്‍ ഇടതുപക്ഷത്തേക്ക് ചായുന്നത്. ദേശീയതലത്തില്‍ ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന, അല്ലെങ്കില്‍ മതേതര മൂല്യ സംബന്ധമായ വിഷയം ചര്‍ച്ചക്ക് വരുമ്പോള്‍ ഇടതുപക്ഷം കൈക്കൊള്ളുന്ന കളങ്കലേശമില്ലാത്ത ഹിന്ദുത്വ വിരുദ്ധ നിലപാട് ന്യൂനപക്ഷങ്ങളെ വശീകരിക്കുന്നു. അയോധ്യയില്‍ ബാബരി മസ്ജിദ് നിലകൊണ്ട അതേസ്ഥലത്ത് ഇക്കഴിഞ്ഞ ആഗസ്ത് അഞ്ചിന് നടന്ന രാമക്ഷേത്ര ശിലാന്യാസ ചടങ്ങിലേക്ക് തങ്ങളെ ക്ഷണിച്ചില്ല എന്ന പരിദേവനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തുവന്ന ഘട്ടത്തില്‍, ‘ഇന്ത്യന്‍ സമൂഹത്തില്‍ ഹിന്ദുവര്‍ഗീയതക്ക് മേല്‍ക്കൈ കിട്ടാനുള്ള വര്‍ഗീയക്കാര്‍ഡാക്കി ശ്രീരാമനെയും അയോധ്യയിലെ രാമക്ഷേത്രത്തെയും വീണ്ടും സജീവമാക്കുകയാണ് സംഘ്പരിവാര്‍’ എന്നായിരുന്നു സി പി എം നിലപാട്. ന്യൂനപക്ഷ വികാരമുള്‍ക്കൊള്ളാന്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇടതുപക്ഷത്തിന് കഴിയുന്നു.
മുസ്ലിം, ക്രൈസ്തവ ദ്വന്ദവും ഇടതുചേരിയും
‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്’ എന്ന മാര്‍ക്‌സിന്റെ ഒരു വാചകം കമ്യൂണിസ്റ്റ് വിരുദ്ധര്‍ സദാ എടുത്തുദ്ധരിക്കാറുണ്ട്. മാര്‍ക്‌സ് മതത്തെ കറുപ്പായി കണ്ടത് വര്‍ഗസമൂഹത്തിലുണ്ടാവുന്ന പ്രശ്‌നങ്ങളില്‍നിന്നും ദുരിതങ്ങളില്‍നിന്നും താല്‍ക്കാലിക ശമനം നല്‍കുന്ന സംവിധാനം എന്ന നിലയ്ക്കാണ്. ‘മതത്തെ സൃഷ്ടിച്ച സാഹചര്യങ്ങള്‍ക്കെതിരെയുള്ള സമരമാണ് മതത്തിനെതിരായ സമരമെന്ന്’ മാര്‍ക്‌സ് പ്രഖ്യാപിച്ചതായി ഇ എം എസ് ഓര്‍മപ്പെടുത്തുന്നുണ്ട്. അതേസമയം ഇസ്ലാമിന്റെയും ക്രിസ്ത്യാനിറ്റിയുടെയും ജൈവിക ഘടനയില്‍ അന്തര്‍ലീനമായി നിലനില്‍ക്കുന്ന വിമോചന പ്രത്യയശാസ്ത്രത്തിന്റെ അനന്ത സാധ്യതകളെ കമ്യൂണിസ്റ്റുകള്‍ തള്ളിപ്പറയാന്‍ ഒരിക്കലും മുന്നോട്ടുവന്നിട്ടില്ല എന്ന്, ന്യൂനപക്ഷങ്ങളെ ഇടതുനേതാക്കള്‍ ഇടയ്ക്കിടെ ഓര്‍മപ്പെടുത്തുന്നുണ്ട്. ഇങ്ങനെ ഓര്‍മപ്പെടുത്തേണ്ടിവരുന്നത് തന്നെ, കമ്യൂണിസത്തോടുള്ള മതസമൂഹങ്ങളുടെ വിപ്രതിപത്തി സൃഷ്ടിച്ച രാഷ്ട്രീയപ്രതിസന്ധി മറികടക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്. ഇസ്ലാമിനെ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി എങ്ങനെ പ്രസാദാത്മകമായി നോക്കിക്കാണുന്നുവെന്ന് വിവരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ തുടര്‍ലേഖനത്തിലെ പ്രസക്ത ഭാഗമിങ്ങനെ: ”ഇസ്ലാം മതത്തിന്റെ രൂപീകരണം തൊട്ടുള്ള സവിശേഷതകളെയും അവ ചരിത്രത്തില്‍ നിര്‍വഹിച്ച പങ്കിനെയുമെല്ലാം ശരിയായ രീതിയില്‍ കാണുന്നതിനു കമ്യൂണിസ്റ്റ് പാര്‍ട്ടി തയാറായിട്ടുണ്ട്. അറേബ്യന്‍ ജനത ലോകത്തിനു നല്‍കിയ സംഭാവനയെ എടുത്തുപറയുന്നതിന് ഒരു മടിയും കമ്യൂണിസ്റ്റ് ആചാര്യന്മാര്‍ കാണിച്ചിരുന്നില്ല. ആ പാരമ്പര്യം പിന്തുടര്‍ന്നാണ് കേരളത്തിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്റെ രൂപീകരണഘട്ടം തൊട്ട് ഇന്നുവരെ പ്രവര്‍ത്തിച്ചത്. ഭാവിയിലും അതേ നിലപാടുകളെ പിന്‍പറ്റിത്തന്നെ മുന്നോട്ടുപോവും” (മുഖ്യധാര- നവംബര്‍ 2013). സംസ്ഥാനം ഭരിച്ച കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ന്യൂനപക്ഷങ്ങള്‍ക്കായി എന്തൊക്കെ ചെയ്തുവെന്നും പിണറായി അക്കമിട്ട് നിരത്തുന്നുണ്ട്. രാജ്യത്ത് ആദ്യമായി മുസ്ലിംകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത് 1957ലെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റാണ്. മുസ്ലിം കുടിയാന്മാര്‍ക്ക് ഭൂപരിഷ്‌കരണം വഴി ഭൂമി കിട്ടി. പ്രദേശത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി മലപ്പുറം ജില്ല രൂപീകരിച്ചു. ആ ജില്ലയില്‍ കാലിക്കറ്റ് സര്‍വകലാശാല സ്ഥാപിച്ചു. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസപരവും തൊഴില്‍പരവുമായ പിന്നാക്കാവസ്ഥക്ക് പ്രതിവിധി കാണാന്‍ പാലോളി കമ്മീഷനെ വെച്ചതും ഇടതുസര്‍ക്കാരാണ്. ഇന്ത്യയിലെ മുസ്ലിംകളുടെ സാമൂഹികവും വിദ്യാഭ്യാസപരവും തൊഴില്‍പരവും സാമ്പത്തികവുമായ നേരവസ്ഥയെ കുറിച്ച് പഠിക്കാന്‍ 2005ല്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് സച്ചാറിന്റെ നേതൃത്വത്തിലള്ള ഏഴംഗ കമ്മീഷന്‍ വിഷയം ആഴത്തില്‍ പഠിച്ച് 2006 നവംബറില്‍ നാനൂറിലേറെ പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ അത് എത്രയും പെട്ടെന്ന് പാര്‍ലമെന്റില്‍ വെക്കണമെന്നും സമഗ്രമായി ചര്‍ച്ചചെയ്യണമെന്നും ആവശ്യപ്പെട്ടത് ഇടതുകക്ഷികളായിരുന്നു.
കമ്യൂണിസത്തിനെതിരെ സൈദ്ധാന്തികമായി മതമണ്ഡലത്തില്‍നിന്ന് എതിര്‍പ്പുകളുയര്‍ന്നെങ്കിലും അടിസ്ഥാനവര്‍ഗത്തിന്റെ വിമോചന പ്രത്യയശാസ്ത്രമെന്ന നിലയില്‍ ആ ചിന്താപദ്ധതിയെ സ്വീകരിച്ച മുസ്ലിംകളും ക്രിസ്ത്യാനികളും ലോകത്തിലുടനീളം കാണും. കിഴക്കനേഷ്യയിലും മധ്യപൗരസ്ത്യദേശത്തും ഒരുവേള കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് നല്ല വിപണിയുണ്ടായിരുന്നു. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഥമ സെക്രട്ടറി മുസ്ലിമായ മുഹമ്മദ് ശഫീഖായിരുന്നു. ഇന്നത്തെ മുസ്ലിം തലമുറക്ക് വിശ്വസിക്കാന്‍ പ്രയാസം തോന്നാം; 1920 ഒക്ടോബര്‍ 17ന് ഉസ്‌ബെകിസ്ഥാനിലെ താഷ്‌ക്കന്റില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബീജാവാപം നല്‍കുമ്പോള്‍ അബനി മുഖര്‍ജിക്കും എം എന്‍ റോയിക്കുമൊപ്പം ചരിത്രത്തിന് ഒരു ചുകപ്പന്‍ അധ്യായം തീര്‍ക്കാന്‍ എത്തിയവരില്‍ വേറെയും ഒരു സംഘം ഉണ്ടായിരുന്നു. ഇന്ത്യയില്‍നിന്ന് വിപ്ലവവീര്യവുമായി അഫ്ഗാന്‍ വഴി റഷ്യയിലേക്ക് ഹിജ്‌റ പോയവരാണവര്‍. മുഹമ്മദ് ശഫീഖിന് പുറമെ, ഷൗക്കത്ത് ഉസ്മാനി, റഫീഖ് അഹമ്മദ്, മീര്‍ അബ്ദുല്‍ മജീദ്, ഫിറോസുദ്ദീന്‍ മന്‍സൂര്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. സ്വദേശത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിക്കാനുള്ള അദമ്യമായ മോഹവുമായി വടക്കുകിഴക്കന്‍ അതിര്‍ത്തി കടന്നുവരാന്‍ തുടങ്ങിയപ്പോള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഗൂഢാലോചന കുറ്റം ചുമത്തി ഇവരെ ജയിലിലടച്ചൂ. എന്തു ജീവത്യാഗത്തിനും അവര്‍ സന്നദ്ധമായിരുന്നു. പില്‍ക്കാലത്ത് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നയിച്ച ഹസ്രത്ത് മൊഹാനിയും മുസഫര്‍ അഹമ്മദുമെല്ലാം അജ്ഞാതനാമങ്ങളായി ചരിത്രത്തില്‍ വിലയം പ്രാപിച്ചപ്പോഴാണ് കമ്യൂണിസവും മുസ്ലിംകളും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധം പോലും അറ്റുപോകുന്ന അവസ്ഥ സംജാതമായത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം സംസ്ഥാന രാഷ്ട്രീയത്തില്‍ മുസ്ലിം രാഷ്ട്രീയ കൂട്ടായ്മയുമായി ചങ്ങാത്തം കൂടാനും കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്താനും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വീണുകിട്ടിയ അവസരങ്ങള്‍ പ്രയോജപ്പെടുത്താനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തിയത് മുസ്ലിം ലീഗും ഇവിടുത്തെ മാധ്യമങ്ങളുമാണ്. നിരീശ്വരവാദികളും നിര്‍മതപ്രസ്ഥാനക്കാരുമായ കമ്യൂണിസ്റ്റുകളോട് സഖ്യംചേരുക ഹറാമാണെന്ന വിശ്വാസം രൂഢമൂലമാക്കുന്നതില്‍ പലരും ഇറങ്ങിക്കളിച്ചു. അതേസമയം, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ സ്ഥാപനകാലം തൊട്ട് ആ പാര്‍ട്ടിയോട് അസ്പൃശ്യത പുലര്‍ത്തിയ കോണ്‍ഗ്രസ് ഒരു നിലക്കും രാഷ്ട്രീയചങ്ങാത്തത്തിന് തയാറായിരുന്നില്ല. എന്നല്ല, പ്രഥമ ഇ എം എസ് മന്ത്രിസഭയെ അധികാരത്തില്‍നിന്ന് താഴെ ഇറക്കുന്നതിന് ക്രൈസ്തവസഭയും നായന്മാരും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കൈകോര്‍ത്തപ്പോള്‍ മുസ്ലിം ലീഗും അമിതാവേശത്തോടെ അതില്‍ പങ്കാളികളായി. എന്നിട്ടും മുന്നണിക്ക് പുറത്തുനിറുത്തപ്പെട്ട മുസ്ലിം ലീഗിന് എല്ലാറ്റിനുമൊടുവില്‍ ശാപമോക്ഷമുണ്ടാവുന്നത് 1967ലെ രണ്ടാം ഇ എം എസ് മന്ത്രിസഭയില്‍ പ്രവേശനം ലഭിച്ചതോടെയാണ്. സി എച്ച് മുഹമ്മദ് കോയയും അഹമ്മദ് കുട്ടി കുരിക്കളും ആ മന്ത്രിസഭയില്‍ അംഗങ്ങളായതോടെയാണ് ലീഗ് ആദ്യമായി അധികാരം ആസ്വദിക്കുന്നത്. പക്ഷേ, 1969 ആയപ്പോഴേക്കും മുസ്ലിം ലീഗിനെ നാം കാണുന്നത് കോണ്‍ഗ്രസിനൊപ്പമാണ്. കമ്യൂണിസ്റ്റ് വിരുദ്ധത ലീഗിന്റെ ഡി എന്‍ എയില്‍ ലീനമായി കിടപ്പുണ്ട്. അതിനു കാരണമാവട്ടെ, മതപരമായ ദുര്‍വ്യാഖ്യാനങ്ങളും മതവികാരം ചൂഷണം ചെയ്തു സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗൂഢപദ്ധതിയും. എന്നിട്ടും, മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും ഓരോ വിഭാഗം എക്കാലവും ഇടതുചേരിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.
ക്രൈസ്തവര്‍ ഇടതുപക്ഷമാകുമ്പോള്‍
ക്രൈസ്തവസഭകള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കൊച്ചുകേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തമായി നിലനില്‍ക്കുന്നതില്‍ അദ്ഭുതം കൂറിക്കൊണ്ട് ‘ദി ന്യൂ ഇന്റര്‍നാഷനലിസ്റ്റ് ‘ മാസികയില്‍ വനേസ്സാ ബെയിര്‍ഡ് ഒരു പഠനം പ്രസിദ്ധീകരിച്ചപ്പോള്‍ ( 1993മാര്‍ച്ച് ) രാഷ്ട്രീയ-അക്കാദമിക തലങ്ങളില്‍ അത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. ‘പറുദീസയിലെ വിരോധാഭാസം’ എന്നാണ് ഈ പ്രഹേളികയെ ലേഖിക വിശേഷിപ്പിച്ചത്. ലാറ്റിനമേരിക്കയില്‍ സഭയും കമ്യൂണിസ്റ്റ്പാര്‍ട്ടിയും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയും വിമോചന ദൈവശാസ്ത്രമെന്ന ഒരു രാഷ്ട്രീയ ദര്‍ശനത്തിലൂടെ മതത്തിന്റെ ചട്ടക്കൂട്ടിലിരുന്ന് കൊണ്ട് കമ്യൂണിസം ആക്ടിവിസത്തിന്റെ റോളിലേക്ക് വികസിക്കുകയും ചെയ്തപ്പോള്‍ കേരളത്തില്‍ അത് വിപുലമായ സംവാദങ്ങള്‍ക്ക് വഴിവെച്ചു. എന്നാല്‍, ഇവിടുത്തെ ക്രിസ്ത്യാനികളെ ഇടതുപക്ഷത്തുനിന്ന് അകറ്റിനിറുത്തുന്നതില്‍ മതപുരോഹിത വര്‍ഗവും ‘മലയാള മനോരമ’ പോലുള്ള പത്രങ്ങളും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇടത്തോട്ട് ചായുക എന്നാല്‍ വലിയൊരു അപരാധം ചെയ്യുന്നതിന് തുല്യമാണെന്ന ഒരു കാഴ്ചപ്പാട് വളര്‍ത്തിയതിനു പിന്നില്‍ തല്പരകക്ഷികളുടെ കരങ്ങളും മസ്തിഷ്‌കങ്ങളും ഏറെ പണിയെടുത്തിട്ടുണ്ട്. പള്ളിയെയും പട്ടക്കാരെയും തള്ളിപ്പറഞ്ഞാലേ മതേതരമാകൂ എന്ന ചില കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രത്യയശാസ്ത്രപരമായ ദുശ്ശാഠ്യങ്ങളും ഈ ദിശയില്‍ ഇടതിനു എതിരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1964ല്‍ കോണ്‍ഗ്രസിനെ ശത്രുപക്ഷത്ത് നിര്‍ത്തി രൂപംകൊണ്ട കേരള കോണ്‍ഗ്രസ് അധികം വൈകാതെ ആ കോണ്‍ഗ്രസുമായി കെട്ടിപ്പുണരുന്ന തമാശയിലടങ്ങിയ വിരോധോക്തിയാണ് കേരള കോണ്‍ഗ്രസിനെ പരിഹാസ്യമാക്കിയതും ഇതിനകം 15ലേറെ പിളര്‍പ്പിന് സാഹചര്യമൊരുക്കിയതും. കര്‍ഷകരുടെ (വിശിഷ്യാ റബ്ബര്‍ കര്‍ഷകരുടെ) താല്പര്യങ്ങള്‍ സംരക്ഷിക്കുക എന്ന നിയോഗമാണ് ദൈവംതമ്പുരാന്‍ തങ്ങളെ ഏല്‍പിച്ചിരിക്കുന്നതെന്ന വിശ്വാസത്തിനിടയിലും രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ ഒന്നടങ്കം ഹിന്ദുത്വ ഫാഷിസത്തിന്റെ ഭാഗത്തുനിന്ന് അസ്തിത്വ ഭീഷണി നേരിടുകയാണെന്ന നഗ്‌ന യാഥാര്‍ത്ഥ്യത്തിനു മുന്നില്‍ ക്രൈസ്തവ രാഷ്ട്രീയം കണ്ണടച്ചു. രാജ്യത്തെ പ്രബല ന്യൂനപക്ഷങ്ങളായ മുസ്ലിംകളും ക്രിസ്ത്യാനികളും ഇന്നഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ സമാനമാണ്. വി ഡി സവര്‍ക്കരും ഗോള്‍വാള്‍ക്കറും മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ രാഷ്ട്രനിര്‍മിതിയിലെ പ്രഖ്യാപിത ശത്രുക്കളാണ് മുസ്ലിംകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരും. ആര്‍ എസ് എസിന്റെ ഹിംസാത്മക രാഷ്ട്രീയശൈലിയുടെ ഇരകളാണ് ഈ വിഭാഗങ്ങള്‍. മതംമാറ്റത്തിന്റെയും ഘര്‍വാപസിയുടെയും ലവ് ജിഹാദിന്റെയും പേരില്‍ എക്കാലത്തും തീവ്രവലതുപക്ഷം മുസ്ലിംകളെയും ക്രിസ്ത്യാനികളെയും വേട്ടയാടുന്നുണ്ടായിരുന്നു. ഡോ. ദയാനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ ആര്യസമാജ് രൂപീകരിക്കപ്പെട്ടത് മുതല്‍ തുടങ്ങിയതാണീ പീഡനങ്ങള്‍. അതില്‍നിന്നുള്ള പരിരക്ഷ ആരില്‍നിന്നാണ് പ്രതീക്ഷിക്കേണ്ടത് എന്ന പ്രസക്തമായ ചോദ്യം ഉയരുന്നതിനിടയിലാണ് ജോസ് കെ മാണി നേതൃത്വം കൊടുക്കുന്ന കേരള കോണ്‍ഗ്രസ് വിഭാഗം എല്‍ ഡി എഫിലേക്ക് ചേരാന്‍ മുന്നോട്ടുവന്നിരിക്കുന്നത്. അതും 38വര്‍ഷത്തെ യു ഡി എഫ് ബന്ധം വിച്ഛേദിച്ചുകൊണ്ട്. ഇടതുപക്ഷമാണ് ശരി എന്നാണ് മാണിപുത്രന്‍ ഇപ്പോള്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. മതേതരത്വം സംരക്ഷിക്കുന്ന വിഷയത്തില്‍ വിശ്വസിക്കാന്‍ കൊള്ളുക ഇടതുമുന്നണിയാണെന്ന വിളംബരം, അനുഭവസാക്ഷ്യങ്ങളുടെ വെളിച്ചത്തില്‍ കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും എതിരായ കുറ്റപത്രമാണ്. പാര്‍ട്ടി മറ്റൊരു പിളര്‍പ്പിന് കൂടി വശംവദമായപ്പോള്‍, പലരും ഭയപ്പെട്ടത് പോലെ എന്‍ ഡി എയിലേക്ക് പച്ചപ്പ് തേടി പോകാന്‍ ജോസ് കെ മാണി തയാറായില്ല എന്നത് ആശ്വാസകരമാണ്. കേരള കോണ്‍ഗ്രസിന്റെ പിറവിക്കു നിദാനമായ പീച്ചി ഡാം സംഭവത്തിലെ നായകന്‍ പി ടി ചാക്കോയുടെ പുത്രന്‍ പി സി തോമസ് ഒരവസരം കൈവന്നപ്പോള്‍ ബി ജെ പി മുന്നണിയിലേക്ക് ചേക്കേറിയതും മന്ത്രിബെര്‍ത്ത് ഒപ്പിച്ചെടുത്തതും ഞെട്ടലോടെയാണ് നാമിപ്പോഴും ഓര്‍ക്കുന്നത്.
കേരളത്തില്‍ പള്ളിയും പാര്‍ട്ടിയും എങ്ങനെയാണ് ഏറ്റുമുട്ടുകയോ ആശയപരമായ സംഘട്ടനത്തിലേര്‍പ്പെടുകയോ ചെയ്യാതെ സ്വസ്ഥമായി മുന്നോട്ടുപോകുന്നതെന്ന് പ്രൊഫസര്‍ നൈനാന്‍ കോശി വളരെ ലളിതമായി വിവരിക്കുന്നതിങ്ങനെ: ”…ക്രിസ്തീയ വിശ്വാസിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയത്തില്‍ പങ്കെടുക്കുമ്പോള്‍ വിശ്വാസവും രാഷ്ട്രീയവും തമ്മില്‍ ശക്തമായ സംഘര്‍ഷങ്ങളുണ്ടാവാം. തീരുമാനങ്ങളെടുക്കുമ്പോള്‍ നൈതിക പ്രശ്‌നങ്ങളും വിഷമസന്ധികളുമുണ്ട്. എവിടംവരെ ഒത്തുതീര്‍പ്പുകള്‍ ആവാം എന്ന സംശയം പലപ്പോഴും ഉണ്ടാകാം. സാധാരണ നിലയില്‍ ക്രിസ്ത്യാനികള്‍ രാഷ്ട്രീയത്തില്‍ പങ്കെടുക്കുമ്പോള്‍, പ്രത്യേകിച്ചും ഭരണവര്‍ഗത്തിന്റെ കൂടെയുള്ള രാഷ്ട്രീയമാണെങ്കില്‍, ഇതൊന്നും അവരെ അലട്ടാറില്ല. കാരണം വിശ്വാസത്തെ പള്ളിക്കുള്ളില്‍ ഭദ്രമായി സൂക്ഷിച്ചശേഷമാണ് അവര്‍ രാഷ്ട്രീയത്തിലിറങ്ങുന്നത്”. അതുകൊണ്ട് തന്നെ ഭരണസഖ്യത്തിന്റെ കൂട്ടത്തിലേക്ക് പോയ ജോസിന്റെ മുന്നില്‍ കടമ്പയൊന്നുമില്ല. രാഷ്ട്രീയത്തിന്റെ പ്രായോഗികവും സൈദ്ധാന്തികവുമായ മേല്‍പറഞ്ഞ വൈരുധ്യങ്ങളെ നിഷ്പ്രയാസം തരണംചെയ്യാന്‍ ജോസ് കെ മാണിക്ക് സാധിക്കും. മാണിയുടെ വീട്ടിലുണ്ടായിരുന്ന നോട്ടെണ്ണുന്ന യന്ത്രത്തെക്കുറിച്ച് സംവാദങ്ങള്‍ നടത്തി ചാനലുകള്‍ സമയം പാഴാക്കട്ടെ; മുസ്ലിം -ക്രൈസ്തവ ന്യൂനപക്ഷവോട്ടുകള്‍, ഇടതുപക്ഷ വോട്ടുമായി ചേര്‍ത്ത് ഹിന്ദുത്വഭീഷണിക്കെതിരെ കരുത്തുറ്റ ജനാധിപത്യ പ്രതിരോധം തീര്‍ക്കാന്‍ സാധിക്കുമെങ്കില്‍ രാജ്യത്തിനു തന്നെ വഴികാട്ടിയാവും ഈ കേരള മാതൃക!
Kasim Irikkoor
You must be logged in to post a comment Login