പ്രവാചകത്വത്തിന്റെ ഇരുപത്തി മൂന്ന് സംവത്സരങ്ങളില്‍ പന്ത്രണ്ട് സംവത്സരം മക്കയിലും പതിനൊന്ന് സംവത്സരം മദീനയിലുമായിരുന്നു നബിതിരുമേനിയുടെ ജീവിതം. നാല്പതാം വയസ്സില്‍ ‘ഇഖ്‌റഅ്’ എന്ന ആജ്ഞയോടെ ദിവ്യവെളിപാടിന് ആരംഭം കുറിച്ചു. പിന്നീടുള്ള തിരുദൂതരുടെ ജീവിതത്തെ മുഴുവന്‍ നിയന്ത്രിച്ചത് ആകാശത്തു നിന്നുള്ള ദൂതുകളാണ്. തിരുജീവിതത്തിന്റെ കുതിപ്പും കിതപ്പുമെല്ലാം ഖുര്‍ആന്‍ പ്രതിഫലിപ്പിക്കുന്നുണ്ട്. പ്രവാചകന്റെ മോഹങ്ങളും മോഹഭംഗങ്ങളും ഹൃദയവ്യഥകളും പ്രതീക്ഷകളും അചഞ്ചലമായ ഇച്ഛാശക്തിയും തുടര്‍ച്ചകളും പരിദേവനങ്ങളും ശത്രുക്കളില്‍ നിന്നും നിരന്തരം നേരിട്ട സമ്മര്‍ദങ്ങളും സഹജീവികളോടുള്ള ഉറവ വറ്റാത്ത കാരുണ്യവും ഔദാര്യവും ആര്‍ദ്രതയുമെല്ലാം ഖുര്‍ആന്‍ നമുക്ക് കാണിച്ചുതരുന്നു.
പ്രവാചക ജീവിതവുമായി നേരിട്ടു ബന്ധമുള്ള ഖുര്‍ആന്‍ സൂക്തങ്ങളിലുടെ കടന്നുപോവുമ്പോള്‍ പ്രവാചകനോടൊപ്പം മക്കയിലോ മദീനയിലോ ജീവിക്കുകയാണ് എന്ന പ്രതീതി നമുക്കുണ്ടാവുന്നു. നമുക്കറിയാവുന്നതു പോലെ ഖുര്‍ആന്‍ പ്രവാചകന്റെ ജീവചരിത്രമായോ ഒരധ്യായത്തിലും ഖുര്‍ആന്‍ തിരുനബിയുടെ ജീവിതം ആദിമധ്യാന്ത പൊരുത്തത്തോടെയോ കമ്പോടുകമ്പ് പ്രതിപാദിച്ചിട്ടില്ല. ഒരധ്യായത്തിന് ‘മുഹമ്മദ്’ എന്നു പേരുണ്ടെങ്കിലും നബിയുടെ ജീവിതമല്ല അതിന്റെ പ്രധാന പ്രതിപാദ്യവിഷയം. ഇരുപത്തിഅഞ്ചു തവണ ഈസാ നബിയുടെ(യേശു) പേരു പരാമര്‍ശിച്ച ഖുര്‍ആനില്‍ മുഹമ്മദ് എന്ന പേര് ആകെ നാലിടങ്ങളില്‍ (3:144, 83:40, 47:2, 48:29) മാത്രമാണുള്ളത്. ഒരിടത്ത് (61:6) ‘അഹ്മദ്’ എന്ന പേരുണ്ട്. റസൂല്‍, റഹീം, റഊഫ്, ബശീര്‍, നദീര്‍, നബി, ത്വാഹാ തുടങ്ങി ഇരുപതില്‍ പരം അപരനാമങ്ങളിലും ഖുര്‍ആന്‍ മുഹമ്മദ് നബിയെ പരാമര്‍ശിക്കുന്നു.
പ്രവാചകന്റെ വ്യക്തി-കുടുംബ ജീവിതത്തിലെ ചില പ്രശ്‌നങ്ങളില്‍ ഖുര്‍ആന്‍ ഇടപെടുന്നുണ്ട്. പക്ഷേ ഖുര്‍ആന്‍ ഏറെയും പരാമര്‍ശിക്കുന്നത് പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അവിടുന്ന് അനുഭവിച്ച ആത്മസംഘര്‍ഷങ്ങളാണ്. ഖുര്‍ആന്‍ അവിടുത്തെ നിരന്തരം സമാശ്വാസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ഉപദേശിക്കുകയും കൂടെനിര്‍ത്തുകയും ധൈര്യം പകരുകയും ചെയ്യുന്നു. പ്രവാചകന്റെ ഓരോ ചുവടുവെപ്പുകളെയും വിശകലന സാമര്‍ത്ഥ്യത്തോടെ ഖുര്‍ആന്‍ അപഗ്രഥന വിധേയമാകുന്നുണ്ട്. ഖുര്‍ആന്‍ തിരുനബിക്ക് നല്‍കുന്ന ആത്മധൈര്യം അപാരമാണ്. ഖുര്‍ആനിലൂടെയുള്ള അല്ലാഹുവിന്റെ അനല്പമായ പിന്തുണയോടെയാണ് തന്റെ ചുമലുകളില്‍ അര്‍പ്പിതമായ മഹാ ദൗത്യം നബി നിര്‍വഹിച്ചത.്
കല്ലു പിളര്‍ക്കാനും പര്‍വതങ്ങളെ ശിഥിലമാക്കാനും ശേഷിയുള്ള ദിവ്യസൂക്തങ്ങളാണ് ജിബ്രീല്‍ ഓരോ സന്ദിഗ്ധ ഘട്ടങ്ങളിലും പ്രവാചകനെ ഓതിക്കേള്‍പ്പിച്ചുകൊണ്ടിരുന്നത്. തിരുദൂതരുടെ കാല്പാടുകള്‍ പിന്തുടരാന്‍ ആ വചന പ്രവാഹത്തെ കൂടി അനുസന്ധാനം ചെയ്യേണ്ടതുണ്ട്. ഒരുപക്ഷേ, ജീവിതചരിത്ര കൃതികളില്‍ നിന്നു ലഭിക്കുന്നതിനേക്കാള്‍ വലിയ ഊര്‍ജം പ്രദാനംചെയ്യാന്‍ തിരുവരുളുകള്‍ക്ക് സാധിക്കും.
വൈദ്യുതാഘാതം പോലെ ഒന്നാം വെളിപാട്
ഹിറാ ഗുഹയില്‍ ധ്യാനനിരതനായിരിക്കേ അപ്രതീക്ഷിതമായി, എല്ലുനുറുക്കുന്ന ഒരാശ്ലേഷത്തിനു നിയുക്ത പ്രവാചകന്‍ വിധേയനാവുന്നു. നാല്പതാം വയസ്സിന്റെ എല്ലുറപ്പ് മുഴുവന്‍ തവിടുപൊടിയാക്കിയ ആശ്ലേഷം. ധ്യാനനിര്‍മലമായ പ്രജ്ഞയിലേക്ക് വൈദ്യുത പ്രവാഹം പോലെ പ്രഥമ ദൈവസൂക്തങ്ങള്‍:
‘വായിക്കുക. സൃഷ്ടി നടത്തിയ താങ്കളുടെ നാഥന്റെ നാമത്തില്‍. ഒട്ടിപ്പിടിച്ച രക്തപിണ്ഡത്തില്‍ നിന്ന് അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. വായിക്കുക. അത്യുദാരനാകുന്നു താങ്കളുടെ നാഥന്‍. പേനകൊണ്ട് എഴുതാന്‍ പഠിപ്പിച്ചത് അവന്‍. മനുഷ്യനെ അവനറിയാത്തത് അവന്‍ പഠിപ്പിച്ചു'(96:1-5).
പിന്നീട് സംഭവിച്ചത് ചരിത്രം. ഭയന്നു വിറച്ചു. പനി പിടിച്ചു. ‘സമ്മിലൂനീ…’ എന്ന് വിളിച്ചുപറഞ്ഞു തണലിടമായ ധര്‍മപത്‌നി ഖദീജയുടെ(റ) ചാരത്തേക്ക് ദ്രുതഗമനം. അവര്‍ പകര്‍ന്ന സമാശ്വാസം. വറകതുബ്‌നു നൗഫലിന്റെ വെളിപ്പെടുത്തല്‍. കാലം കരുതിവെച്ച കാഠിന്യങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍. വെളിപാടിന്റെ തുടര്‍ച്ചയില്ലാതെ കടന്നുപോയ നാളുകള്‍…
പുതച്ചുമൂടിയവന്‍ എന്ന രൂപകം
ആകാശത്തു ചിറകുവിരിച്ച് ജിബ്രീല്‍ വീണ്ടും വരുന്നു. ആ കാഴ്ചയുടെ ആഘാതം താങ്ങാനാവാത്ത കൊച്ചു ഭവനത്തിലേക്ക.് അവിടെ വരാനിരിക്കുന്നത് എന്തെന്ന് തിട്ടമില്ലാതെ പുതച്ചു കിടപ്പ്. ഖുര്‍ആന്‍ എഴുപത്തി നാലാം അധ്യായത്തിലെ ആദ്യ വചസ്സുകളുമായി മാലാഖ:
‘ഹേ! പുതച്ചു മൂടിയവനേ. എഴുന്നേറ്റ് മുന്നറിയിപ്പു നല്‍കുക. നാഥനെ മഹത്വപ്പെടുത്തുക. വസ്ത്രം വൃത്തിയാക്കുക. പാപം വെടിയുക’ (74:13). എല്‍പ്പിക്കപ്പെട്ട ചുമതലയുടെ ഗൗരവത്തിലേക്ക് പ്രവാചകനെ വിളിച്ചുണര്‍ത്തുകയാണ് വചനം. ‘പുതപ്പു മൂടിയവന്‍’ എന്ന സംബോധന അതേ അര്‍ഥമുള്ള മറ്റൊരു വാക്ക് ഉപയോഗിച്ച് ആവര്‍ത്തിക്കുന്നു ‘അല്‍ മുസ്സമ്മില്‍’ അധ്യായത്തിന്റെ തുടക്ക വചനങ്ങളില്‍. രാത്രി പ്രാര്‍ഥിക്കുകയും പകല്‍ പ്രബോധന നിരതനാവേണ്ടതിന്റെയും പ്രാധാന്യം പ്രതീക്ഷയുടെ തമ്പുരാന്‍ തന്റെ അരുമ ദൂതനെ ഈ വചനങ്ങളില്‍ ഓര്‍മിപ്പിക്കുന്നു. ആളുകള്‍ നാക്കിനെല്ലില്ലാത്തതിനാല്‍ പുലമ്പുന്നത് കേള്‍ക്കാനിടവരും. അവ കേള്‍ക്കുമ്പോള്‍ പക്ഷേ പുഞ്ചിരി തൂകി, ക്ഷമയോടെ ഒഴിഞ്ഞുമാറണം.
‘ഹേ! വസ്ത്രം കൊണ്ടു മുടിയവനേ! രാത്രി ഇത്തിരി നേരമൊഴികെ എഴുന്നേറ്റുനിന്ന് പ്രാര്‍ഥന നടത്തുക. രാത്രിയുടെ പാതി, അല്ലെങ്കില്‍ അല്‍പം കുറവ്. കൂടുകയുമാവാം. ഖുര്‍ആന്‍ വചനങ്ങള്‍ സാവകാശം ഉരുവിടുക. കനമേറിയ വാക്കുകള്‍ പിന്നീട് വരും. തീര്‍ച്ചയായും രാത്രിയിലെ പ്രാര്‍ഥന ഹൃദയ സാന്നിധ്യത്തെ ബലപ്പെടുത്തും. വാക്കിനെ കൂടുതല്‍ നേരെയാക്കും. പകല്‍ കുറച്ചധികം പണിയെടുക്കേണ്ടതായി വരുമെന്ന കാര്യം ഉറപ്പാണ്. തമ്പുരാന്റെ തീരുമാനം ഓര്‍ക്കുക. പൂര്‍ണമായി അവനിലേക്ക് മടങ്ങുക. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും നാഥന്‍. അവനല്ലാതെ ആരാധ്യനില്ല. ഭരമേല്‍പ്പിക്കാന്‍ അവനെ മാത്രം അവലംബിക്കുക. അവര്‍ പറയുന്നതിനെ പ്രതി ക്ഷമിക്കുക. സുന്ദരമായി അവരില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുക’ (78:110).
അനാഥത്വത്തില്‍ നിന്ന് സനാഥത്വത്തിലേക്ക്, യശസ്സിലേക്ക്
ഖുര്‍ആന്‍ തൊണ്ണൂറ്റി മൂന്നാം അധ്യായം. ഒമ്പതു വചനങ്ങള്‍. അനാഥ ബാലന് അഭയം നല്‍കുകയായിരുന്നു അല്ലാഹു. വഴിയറിയാത്തവനെ വഴി കാണിച്ചു. ദാരിദ്ര്യത്തെ നീക്കി ഐശ്വര്യം നല്‍കി.
‘പൂര്‍വാഹ്നമാണു സത്യം, രജനി-ശാന്തമാവുമ്പോള്‍, അതുകൊണ്ടും സത്യം. പ്രവാചകരേ, ഉപേക്ഷിച്ചിട്ടില്ല അങ്ങയുടെ നാഥന്‍ അങ്ങയെ. വെറുത്തിട്ടുമില്ല. താങ്കള്‍ക്ക് പരലോകമാണ് ഇഹലോകത്തേക്കാള്‍ ഉത്തമം. പിന്നീട് അല്ലാഹു താങ്കളെ അനുഗ്രഹിക്കും. അപ്പോള്‍ താങ്കള്‍ക്കു തൃപ്തിയാകുന്നതാണ.് താങ്കളെ അവന്‍ അനാഥനായി കാണുകയും എന്നിട്ട് അഭയമരുളുകയും ചെയ്തില്ലേ? വഴിയറിയാത്തവനായി കണ്ടപ്പോള്‍ വഴി കാണിച്ചുതന്നില്ലേ? ദരിദ്രനായി കാണുകയാല്‍ ഐശ്വര്യം നല്‍കിയില്ലേ? അതിനാല്‍ താങ്കള്‍ അനാഥനു ഞെരുക്കമുണ്ടാക്കരുത്’ (93:19).
മനുഷ്യരാശിക്കാകെ അനുഗ്രഹം
മക്കയിലും പരിസരങ്ങളിലുമുള്ളവര്‍ക്ക് മുന്നറിയിപ്പു നല്‍കാന്‍ അറബി ഭാഷയിലുള്ള ഖുര്‍ആനുമായി നിയോഗിക്കപ്പെട്ട നബി. പക്ഷേ ആ സന്ദേശം ആ കാലത്തിനോ ദേശത്തിനോ മാത്രമായുള്ളതല്ല. മാനവകുലത്തിനാകമാനമുള്ള അനുഗ്രഹമാണവിടുന്ന്.
‘അപ്രകാരം നാം താങ്കള്‍ക്ക് അറബിഭാഷയിലുള്ള ഖുര്‍ആന്‍ ബോധനം നല്‍കിയിരിക്കുന്നു. ഉമ്മുല്‍ഖുറയിലുള്ളവര്‍ക്കും(മക്ക) അതിനു ചുറ്റുമുള്ളവര്‍ക്കും താങ്കള്‍ താക്കീതു നല്‍കുന്നതിനും സംശയ രഹിതമായ ഒരുമിച്ചുകൂടല്‍ നാളിനെപ്പറ്റി മുന്നറിയിപ്പുനല്‍കുന്നതിനും വേണ്ടി. അന്ന് ഒരു വിഭാഗം സ്വര്‍ഗത്തിലും ഒരു വിഭാഗം നരകത്തിലുമായിരിക്കും'(42:7).
ഉമ്മുല്‍ഖുറായ്ക്കു നല്‍കിയത് ലോകത്തിനു മുഴുവനുമുള്ളതാണ്. ‘താങ്കളെ നാം മനുഷ്യര്‍ക്ക് മുഴുവന്‍ സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതു നല്‍കുന്നവനും ആയിക്കൊണ്ട് തന്നെയാണ് അയച്ചിരിക്കുന്നത്. പക്ഷേ ജനങ്ങളില്‍ ഏറെപേരും അറിയുന്നില്ല’ (34:28).
‘ലോകത്തിന് അനുഗ്രഹമായിട്ടല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല'(21: 107).
തങ്ങളെ ആത്മീയമായി സംസ്‌കരിക്കാനും നല്ലതു പഠിപ്പിക്കാനും ഒരു ദൂതനെ ലഭിച്ചത് ജനങ്ങളെ സംബന്ധിച്ചിടത്തോളം ദൈവികമായ അനുഗ്രഹമാണ്.
‘തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്നു തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി മഹത്തായ അനുഗ്രഹമാണ് അവര്‍ക്കു നല്‍കിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവരെ വായിച്ചുകേള്‍പ്പിക്കുകയും അവരെ സംസ്‌കരിക്കുകയും വേദവും ജ്ഞാനവും അവരെ പഠിപ്പിക്കുകയും ചെയ്യുന്ന ദൂതനെ. നേരത്തെ അവര്‍ പ്രകടമായ വഴികേടിലായിരുന്നു’ (3:164).
ആ കാരുണ്യാതിരേകത്തെ പിന്തുടരുന്നവര്‍ അനുഗ്രഹീതരായിരിക്കും.
‘ആര് അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്‍മാര്‍, സത്യസന്ധന്‍മാര്‍, രക്തസാക്ഷികള്‍, സച്ചരിതര്‍ എന്നിവര്‍ക്കൊപ്പമായിരിക്കും. എത്ര നല്ല കൂട്ടുകാരാണ് അവര്‍!’ (4:69).
ഭാരങ്ങളും ചങ്ങലകളും നീക്കംചെയ്യുന്ന വിമോചകന്‍
ആലംബഹീനര്‍ക്ക് അവലംബവും മര്‍ദിതര്‍ക്ക് വിമോചകനുമാണ് പൂര്‍വവേദങ്ങളില്‍ പ്രവചിക്കപ്പെട്ട പ്രവാചകന്‍.
‘തങ്ങളുടെ പക്കലുള്ള തോറയിലും ബൈബിളിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക് കാണാനാവുന്ന, നിരക്ഷരനായ പ്രവാചകനെ പിന്‍പറ്റുന്നവര്‍ക്ക് ഈശ്വരന്റെ കടാക്ഷമുണ്ട്. ദൂതന്‍ അവരോട് നന്‍മ കല്‍പിക്കുന്നു. തിന്മ തടയുന്നു. നല്ലത് അനുവദിക്കുന്നു. ചീത്ത വിലക്കുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും എടുത്തുകളയുന്നു. അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുടരുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ട പ്രകാശത്തെ പിന്‍പറ്റുകയും ചെയ്യുന്നവരത്രെ വിജയികള്‍’ (7:157).
മറ്റു സകലമാര്‍ഗങ്ങളെയും അതിജയിച്ച് സ്വന്തം പാതകള്‍ വിജയിപ്പിക്കാന്‍ ചുമതലയുണ്ട് പ്രവാചകന്.
‘അവനാണ് സന്‍മാര്‍ഗവും സത്യവുമായി തന്റെ ദൂതനെ നിയോഗിച്ചവന്‍. അതുകൊണ്ട് സര്‍വ മതങ്ങളെയും ജയിക്കുന്നതിനായി. ബഹുദൈവ വിശ്വാസികള്‍ക്ക് അത് നഷ്ടമായിയെങ്കിലും'(9:33).
നേര്‍വഴിയിലേക്കു നയിക്കുന്നവനാണ് നബി. അതിനാകട്ടെ ആരോടും പ്രതിഫലം ചോദിക്കുന്നുമില്ല.
‘തീര്‍ച്ചയായും താങ്കള്‍ അവരെ നേര്‍വഴിയിലേക്കാകുന്നു ക്ഷണിക്കുന്നത്’ (23:73).
‘അതല്ല താങ്കള്‍ അവരോട് വല്ല പ്രതിഫലവും ചോദിക്കുന്നുണ്ടോ? താങ്കളുടെ രക്ഷിതാവില്‍ നിന്നുള്ള പ്രതിഫലമാകുന്നു ഏറ്റവും ഉത്തമം. ഏറ്റവും നന്നായി ആഹാരം നല്‍കുന്നവനാകുന്നു അവന്‍’ (23:72).
തിരുനബിയുടെ നിയോഗ ലക്ഷ്യം കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു.
‘നിരക്ഷരര്‍ക്കിടയില്‍ തന്റെ വചനങ്ങള്‍ അവരെ ഓതിക്കേള്‍പ്പിക്കുകയും അവരെ വേദവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുള്ള ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. മുമ്പ് പ്രകടമായ വഴികേടിലായിരുന്നു അവര്‍’ (62:2).
‘യാസീന്‍. തത്വസമ്പൂര്‍ണമായ ഖുര്‍ആന്‍ തന്നെ സത്യം. താങ്കള്‍ ദൈവദൂതന്‍മാരില്‍പെട്ട ആള്‍ തന്നെ. ഋജുവായ മാര്‍ഗത്തില്‍ അജയ്യനും കാരുണ്യവാനുമായവന്‍ അവതരിപ്പിച്ചതാണീ വേദം. പിതാക്കന്‍മാര്‍ക്ക് മുന്നറിയിപ്പുനല്‍കാത്തതിനാല്‍ അശ്രദ്ധയിലായിപ്പോയ ജനതയ്ക്കു താങ്കള്‍ മുന്നറിയിപ്പു നല്‍കുന്നതിനു വേണ്ടി’ (36:1-6).
സൗമ്യം, കരുണാര്‍ദ്രം പ്രകാശം പരത്തുന്ന ദീപം
അജ്ഞാനത്തിന്റെ ഇരുള്‍മുറ്റിയ ലോകത്തേക്ക് ജ്ഞാനത്തിന്റെ നിറവെളിച്ചവുമായി വന്ന ദീപമായിരുന്നു പ്രവാചകന്‍. ആര്‍ദ്രതയുടെ ആള്‍രൂപം. സൗമ്യതയുടെ പര്യായം. ജനങ്ങള്‍ക്ക് സാക്ഷി.
‘പ്രവാകരേ, തീര്‍ച്ചയായും താങ്കളെ നാം സാക്ഷിയും സന്തോഷവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പുകാരനും അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് അവനിലേക്ക് ക്ഷണിക്കുന്നവനായും പ്രകാശിക്കുന്ന ദീപമായും അയച്ചിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് അല്ലാഹുവില്‍ നിന്ന് വലിയ ഔദാര്യം ലഭിക്കാനുണ്ട് എന്ന സന്തോഷവാര്‍ത്ത താങ്കള്‍ അവരെ അറിയിക്കുക’ (33:45-47).
‘തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നു തന്നെയുള്ള ദൂതര്‍ ആഗതനായിരിക്കുന്നു. നിങ്ങള്‍ കഷ്ടതയനുഭവിക്കുന്നത് ആ തിരുദൂതര്‍ക്ക് അസഹ്യമാണ്. നിങ്ങളുടെ കാര്യത്തില്‍ ഏറെ തല്പരനും വിശ്വാസികളോട് അളവറ്റ ദയാലുവും കാരുണ്യവാനുമാകുന്നു അവിടുന്ന്’ (9;128).
ഓരോ ജനതക്കും ഒരു സാക്ഷിയുണ്ട്. പ്രവാചകന്‍ തന്റെ ജനതയുടെ സാക്ഷിയാണ്. ജനത പ്രവാചകനും സാക്ഷിയാകുന്നു.
‘ഓരോ സമുദായത്തിനും അവരില്‍ നിന്നു തന്നെയുള്ള ഒരു സാക്ഷിയെ നാം നിയോഗിക്കുകയും ഇവരുടെ സാക്ഷിയായി താങ്കളെ നാം ഹാജരാക്കുകയും ചെയ്യുന്ന ദിവസം. സകല കാര്യങ്ങള്‍ക്കും വിശദീകരണമായും മാര്‍ഗദര്‍ശനവും കാരുണ്യവും അനുസരണയുള്ളവര്‍ക്ക് സന്തോഷവാര്‍ത്തയുമായി താങ്കള്‍ക്കു നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നു’ (16:89).
ഇരുട്ടില്‍ നിന്നു വെളിച്ചത്തിലേക്ക്
‘അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങളെ ഓതിക്കേള്‍പ്പിക്കുന്ന ദൂതനെ നിങ്ങളിലേക്ക് അയച്ചിരിക്കുന്നു. വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ അധികാരങ്ങളില്‍ നിന്ന് വെളിച്ചത്തിലേക്കു നയിക്കുന്നതിനു വേണ്ടി….’ (165:11).
ആ ആര്‍ദ്രഹൃദയത്തില്‍ നിന്നു നന്‍മകള്‍ പെയ്തിറങ്ങി. ‘ദൂതരേ, അല്ലാഹുവില്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് താങ്കള്‍ അവരോട് സൗമ്യമായി പെരുമാറിയത്. താങ്കള്‍ പുരഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ താങ്കളുടെ ചുറ്റുപാടു നിന്നും അവര്‍ പോയ്ക്കളയുമായിരുന്നു. ആകയാല്‍ താങ്കള്‍ അവര്‍ക്കു മാപ്പരുളുക. അവര്‍ക്കു വേണ്ടി പാപമോചനം തേടുക. കാര്യങ്ങള്‍ അവരുമായി കൂടിയാലോചിക്കുക. തീരുമാനമെടുത്താല്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുക. ഭരമേല്‍പ്പിക്കുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുന്നു’ (3:159).
എതിര്‍പ്പുകള്‍, മനോവ്യഥകള്‍, സമാശ്വാസം
കഴുത്തില്‍ ചത്ത ഒട്ടകത്തിന്റെ കുടല്‍മാല അണിയിച്ചാണ് പുതിയ പ്രവാചകനെ മക്കിയിലെ വരേണ്യത ഏതിരേറ്റത്.
‘കണ്ടില്ലേ, നിസ്‌കരിക്കുന്ന ദൈവദാസനെ തടയുന്ന മനുഷ്യനെ? അദ്ദേഹം സന്‍മാര്‍ഗത്തിലാണങ്കിലോ? സൂക്ഷ്മത പാലിക്കാന്‍ കല്‍പിച്ചതാണെങ്കിലോ? നീ കണ്ടില്ലേ? അവര്‍ നിഷേധിക്കുകയും പിന്തിരിയുകയും ചെയ്താല്‍? നീ കണ്ടില്ലേ? അവനറിയില്ലേ അല്ലാഹു കാണുന്നുണ്ട് എന്ന്. നിസ്സംശയം അവന്‍ (അബൂജഹല്‍) നിര്‍ത്തുന്നില്ലെങ്കില്‍ ആ കടുവ പിടിച്ചുവലിക്കുക തന്നെ ചെയ്യും. കള്ളം പറയുന്ന, പാപം ചെയ്യുന്ന കടുവ. തന്റെ വിളിപ്പുറത്തുള്ളവരെ അവന്‍ വിളിക്കട്ടെ. നാം സബാനിയാക്കളെയും വിളിക്കാം. അവനെ അനുസരിക്കരുത് താങ്കള്‍. സാഷ്ടാംഗം പ്രണമിച്ച് ദൈവസാമീപ്യം കരസ്ഥമാക്കുക’ (96:9-19).
നബിയെ അവര്‍ ഭ്രാന്തനെന്നും കവിയെന്നും ജോത്സ്യനെന്നും ആക്ഷേപിച്ചു.
‘തങ്ങളുടെ ദൂതനെ പരിചയമില്ലാഞ്ഞിട്ടാണോ അവര്‍ നിഷേധിക്കുന്നത്? അതല്ല അദ്ദേഹത്തിന് ഭ്രാന്താണെന്നാണോ അവരുടെ ജല്പനം? അവരുടെയടുക്കല്‍ സത്യവുമായി വന്നിരിക്കുകയാണ് അവിടുന്ന്. എന്നാല്‍ അവരില്‍ അധികമാളുകളും സത്യത്തെ വെറുക്കുന്നവരാകുന്നു’ (23:69, 70).
‘അവര്‍ അദ്ദേഹത്തെ അവഗണിച്ചു. ആരോ പഠിപ്പിച്ചുവിട്ട ഭ്രാന്തന്‍ എന്ന് അവര്‍ പറയുകയും ചെയ്തു’ (44:14).
‘താങ്കളുടെ രക്ഷിതാവിന്റെ അനുഗ്രഹത്താല്‍ താങ്കള്‍ ഭ്രാന്തനല്ല. മുറിഞ്ഞുപോവാത്ത പ്രതിഫലമുണ്ട് നിശ്ചയം താങ്കള്‍ക്ക്’ (68:2,3).
എല്ലാവരും സന്‍മാര്‍ഗം സ്വീകരിച്ചു കാണാന്‍ അദമ്യമായി ആഗ്രഹിച്ചു നബി. പക്ഷേ അല്ലാഹു അവനുദ്ദേശിക്കുന്നവരെ മാത്രമേ നേര്‍വഴിയിലാക്കുകയുള്ളൂ.
‘തീര്‍ച്ചയായും താങ്കള്‍ക്കിഷ്ടപ്പെട്ടവരെ നേര്‍വഴിയിലാക്കാന്‍ താങ്കള്‍ക്കാവില്ല. അല്ലാഹു അവനുദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം പ്രാപിക്കുന്നവരെ പറ്റി നന്നായറിയുന്നവന്‍ അവനാകുന്നു’ (28:58).
ജനം ഒരു കാരണവുമില്ലാതെ തന്നെ എതിര്‍ക്കുന്നതു കണ്ട് വ്യഥിതചിത്തനായ തിരുദൂതര്‍ അനുഭവിച്ച മനഃക്ലേശങ്ങള്‍ക്ക് അതിരില്ല. അങ്ങേയറ്റം അവിടുന്ന് ദുഃഖിച്ചു.
‘പ്രവാചകരേ, ജനം വിശ്വാസികളാവാത്തതില്‍ മനംനൊന്ത് താങ്കള്‍ നിരാശയില്‍ നിപതിച്ചേക്കാം. വേണമെങ്കില്‍ നമുക്ക് അവരുടെ കഴുത്തുകള്‍ കുഴഞ്ഞുപോകത്തക്കവിധം ഒരു ദൃഷ്ടാന്തം വാനലോകത്തു നിന്ന് ഇറക്കാവുന്നതേയുള്ളൂ’ (26:3).
‘…അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ വഴികേടിലോ നേര്‍വഴിയിലോ ആക്കുന്നു. അതിനാല്‍ അവരെയോര്‍ത്ത് വല്ലാതെ വ്യസനിച്ച് താങ്കള്‍ ജീവന്‍ കളയേണ്ടതില്ല. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെ സംബന്ധിച്ച് അറിയുന്നവനാകുന്നു'(35:8).
എല്ലാം ദൈവദൂതന്‍മാരും പരിഹസിക്കപ്പെട്ടിട്ടുണ്ട്.
‘തീര്‍ച്ചയായും താങ്കള്‍ക്കു മുമ്പും ദൈവദൂതന്‍മാര്‍ പരിഹസിക്കപ്പെട്ടിട്ടുണ്ട്. അവിശ്വാസികള്‍ക്ക് നാം സമയം നീട്ടിക്കൊടുക്കുകയും പിന്നീട് അവരെ നാം പിടിക്കുകയും ചെയ്തു. അപ്പോള്‍ എങ്ങനെയുണ്ടായിരുന്നു നമ്മുടെ ശിക്ഷ?'(12:32).
മുന്‍ പ്രവാചകരെയും ജനം തള്ളിപ്പറഞ്ഞു.
‘അവര്‍ താങ്കളെ നിഷേധിച്ചിട്ടുണ്ടെങ്കില്‍ താങ്കള്‍ക്കു മുമ്പും ദൂതന്‍മാര്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്. കാര്യങ്ങള്‍ മടക്കപ്പെടുന്നത് അല്ലാഹുവിലേക്കാകുന്നു’ (35:4).
വേദക്കാര്‍ക്ക്-യഹൂദര്‍ക്കും ക്രൈസ്തവര്‍ക്കും-സ്വന്തം മക്കളെ അറിയുന്നതു പോലെ നബിയെ അറിയാം. അറിഞ്ഞുകൊണ്ട് അറിവില്ലായ്മ നടിക്കുകയാണ് അവര്‍.
‘നാം വേദം നല്‍കിയിട്ടുള്ളവര്‍ക്ക് സ്വന്തം സന്താനങ്ങളെ അറിയാവുന്നതു പോലെ അദ്ദേഹത്തെ അറിയാം. തീര്‍ച്ചയായും അവരില്‍ ഒരു വിഭാഗം അറിഞ്ഞുകൊണ്ടു തന്നെ സത്യം മറച്ചുവെക്കുകയാണ്’ (2:146).
എ കെ അബ്ദുല്‍ മജീദ്
You must be logged in to post a comment Login