ഇരുനൂറോളം സംഘടനകളില്‍ നിന്നും ഒരു ലക്ഷത്തില്‍പരം കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയത് രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ആദ്യ ദിവസങ്ങളില്‍ ദേശീയ മാധ്യമങ്ങള്‍ മാര്‍ച്ചിനെ വേണ്ട വിധം പരിഗണിച്ചില്ലെങ്കിലും, പ്രളയം പോലെ കടന്നുവന്ന കര്‍ഷകരുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പരക്കെ പ്രചരിച്ചു. അന്ന് കര്‍ഷകര്‍ തന്നെയാണ് അവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയത്. കടങ്ങള്‍ എഴുതിത്തള്ളുക, മാന്യമായ താങ്ങുവില ഉറപ്പാക്കുക, ഇതൊക്കെ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് വിളിച്ചുകൂട്ടുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു പ്രധാനമായും അന്നവര്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍, 6000 രൂപ വാര്‍ഷിക തുകയായി പ്രഖ്യാപിച്ച് 2019ലെ ബജറ്റിലൂടെ സര്‍ക്കാര്‍ തടിതപ്പി. ഈ ആവശ്യങ്ങളെല്ലാം നിലനില്‍ക്കെ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയ മൂന്ന് കര്‍ഷക ബില്ലുകള്‍ ആരെയാണ് അഭിസംബോധനം ചെയ്യുന്നത്? ആരുടെ ആവശ്യങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കിയിട്ടുള്ളത്?
വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്തുണ്ടായ കാര്‍ഷിക പ്രതിസന്ധികളെ മറികടക്കാനാണ്, ഹരിതവിപ്ലവത്തിന്റെ പിതാവ് കൂടിയായ എം എസ് സ്വാമിനാഥന്റെ നേതൃത്വത്തില്‍ 2004ല്‍ ഒരു കമ്മിറ്റി നിലവില്‍വന്നത്. 2006 ആകുമ്പോഴേക്കും 5 റിപ്പോര്‍ട്ടുകള്‍ കമ്മിറ്റി സമര്‍പ്പിച്ചു. ഭൂപരിഷ്‌കരണമായിരുന്നു പ്രധാന ആവശ്യം. വര്‍ഷങ്ങളായി ഒരു ഭൂമിയില്‍ കൃഷിചെയ്യുന്നവന് ഭൂമിയുടെ അവകാശം നല്‍കണം. ദിനേന 2000 ആളുകള്‍ കാര്‍ഷികരംഗത്ത് നിന്നും പിന്മാറുന്നുവെന്ന അനൗദ്യോഗിക കണക്കുകള്‍ വിരല്‍ചൂണ്ടുന്നതും ഇത്തരം പരിഷ്‌കരണ നയങ്ങളുടെ അത്യാവശ്യകതയിലേക്കാണ്. കൂടാതെ ഉത്പാദന ചെലവ് നിര്‍ണയിക്കുവാന്‍ പുതിയ ഫോര്‍മുല കൊണ്ടുവന്നു. C2 എന്ന പുതിയ ഗണിതത്തില്‍ പലിശനിരക്കും വാടകയും മറ്റു ചെലവുകളുമെല്ലാം കടന്നുവന്നു. അത് പ്രകാരമുള്ള മൊത്തം ചെലവിന്റെ 150 ശതമാനം താങ്ങുവിലയായി കണക്കാക്കണമെന്നായിരുന്നു കമ്മീഷന്റെ മറ്റൊരു ആവശ്യം. കോര്‍പ്പറേറ്റ് സെക്ടറുകള്‍ക്ക് വേണ്ടി കാര്‍ഷിക വിപണി നീക്കിക്കൊടുക്കരുതെന്നും പ്രത്യേക ശുപാര്‍ശയുണ്ടായിരുന്നു. മാത്രവുമല്ല, 2014ല്‍ ബി ജെ പി നാടുനീളെ വിളിച്ചുപറഞ്ഞ അവരുടെ മാനിഫെസ്റ്റോയില്‍ സ്വാമിനാഥന്‍ കമ്മീഷന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് പ്രഥമഗണനീയ സ്ഥാനം നല്‍കിയിരുന്നു. വര്‍ഷങ്ങള്‍ 6 കഴിഞ്ഞു. നിലവില്‍വരാനിരിക്കുന്ന കാര്‍ഷിക ബില്ലടക്കം ഏതൊക്കെ പ്രഖ്യാപനങ്ങളിലാണ് സ്വാമിനാഥന്‍ കമ്മീഷന്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ പരിഗണനയിലെടുത്തിട്ടുള്ളത്?
കര്‍ഷകരുടെയും കമ്മീഷന്റെയും അഭിപ്രായങ്ങള്‍ മാത്രമല്ല ഗൗനിക്കാതെപോയത്. നോബല്‍ ജേതാവ് അഭിജിത് ബാനര്‍ജിയടക്കമുള്ള സാമ്പത്തിക വിദഗ്ധര്‍ എഴുതിയ what the economy needs now? എന്ന പുസ്തകം ഇറങ്ങിയിട്ട് വര്‍ഷം ഒന്നാകുന്നേയുള്ളു. പ്രസ്തുത പുസ്തകത്തില്‍ കര്‍ഷകരെ കുറിച്ചും കാര്‍ഷിക രംഗത്തെ പ്രശ്‌നങ്ങളെ കുറിച്ചും പരാമര്‍ശിക്കുന്ന ഒരു ലേഖനമുണ്ട്. സാമ്പത്തിക വിദഗ്ധന്‍ നീലകാന്ത് മിശ്ര എഴുതിയ ലേഖനത്തില്‍ 14 നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നു. എ പി എം സികളും (Agricultural produce market committee) മണ്ഡികളും സൃഷ്ടിച്ച കുത്തക വിപണന രീതിയെ ഒഴിവാക്കണമെന്ന് ലേഖനത്തില്‍ പറയുന്നു. അവര്‍ക്ക് ലഭിക്കുന്ന ലാഭം ശരിയായ ഗുണഭോക്താക്കളാകേണ്ട കര്‍ഷകരിലെത്തണം. കൃഷിക്കുള്ള ഉപകരണങ്ങള്‍ നേരിട്ട് എത്തിച്ചുകൊടുക്കുകയോ അതിനുള്ള തുക നല്‍കി സഹായം ഉറപ്പുവരുത്തുകയോ വേണം. മണ്ഡി സംവിധാനത്തിന്റെ കൃത്യത, ഇന്‍ഷുറന്‍സിലെ വര്‍ധനവ്, വിദേശ വിപണന സാധ്യതകളെ ഉപയോഗപ്പെടുത്തല്‍, ജലസേചന പദ്ധതികള്‍, ഇ-മാര്‍ക്കറ്റ് തുടങ്ങിയ കാര്യങ്ങളുടെ ആവശ്യകതയെ കുറിച്ചായിരുന്നു ലേഖനത്തില്‍ നീലകാന്ത് മിശ്ര അഭിപ്രായപ്പെട്ടത്. ഇത്തരം ആധികാരിക പഠനങ്ങള്‍ ഒരുപാട് നടന്ന ഇന്ത്യ ഏതു ദിശയിലാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത് എന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ആമുഖമായി ഇത്രയും പറഞ്ഞത്. നിലവിലെ കര്‍ഷക ബില്ലുകള്‍ ഇത്തരം പഠനങ്ങളോട് എത്രത്തോളം നീതി പുലര്‍ത്തുന്നുണ്ട് എന്ന അന്വേഷണവും പ്രസക്തമാണ്.
കര്‍ഷക ബില്‍:ഒരു അവലോകനം
ഇന്ത്യയില്‍ എത്ര കര്‍ഷകരുണ്ടെന്ന കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. എന്നാലും, ഇന്ത്യയില്‍ ഏകദേശം 15 കോടി കര്‍ഷകരുണ്ടെന്നാണ്, പ്രധാന മന്ത്രി കിസാന്‍ യോജന കണക്കുകള്‍ പറയുന്നത്. അതില്‍ 85 ശതമാനവും ചെറുകിട കര്‍ഷകരാണ്. വര്‍ഷത്തില്‍ പതിനായിരം എന്ന തോതില്‍ ആത്മഹത്യ നടക്കുന്ന ഇടം കൂടിയാണ് കാര്‍ഷികരംഗം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശതമാനം ആളുകള്‍ തൊഴില്‍ ചെയ്യുന്ന മേഖല കൂടെയാണത്. മാത്രവുമല്ല, രാജ്യത്തിന്റെ സ്വയംപര്യാപ്തതയുടെ പ്രഥമ സ്ഥാനവും കര്‍ഷകര്‍ക്കാണ്. അതുകൊണ്ട് തന്നെ കാര്‍ഷിക രംഗത്തെ പ്രശ്‌നങ്ങള്‍ക്ക് ദേശീയ വികാരം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. കഴിഞ്ഞ സെപ്തംബര്‍ 27നാണ് മൂന്ന് കാര്‍ഷിക ബില്ലുകള്‍ക്ക് പ്രസിഡണ്ട് രാംനാഥ് കോവിന്ദ് അനുമതി നല്‍കുന്നത്. അവ മൂന്നും വെവ്വേറെ തന്നെ മനസ്സിലാക്കാം.
1. The Farmers’ Produce Trade and Commerce (Promotion and Facilitation) Act, 2020:
ബ്രിട്ടീഷ് കാലത്ത് തന്നെ ഇന്ത്യയില്‍ എ പി എം സിയുടെ രൂപങ്ങളുണ്ടായിരുന്നു. കര്‍ഷകര്‍ക്ക് മതിയായ വില നല്‍കാന്‍ വേണ്ടി സര്‍ക്കാര്‍ തലത്തില്‍ സ്ഥാപിക്കപ്പെട്ട വിപണനകേന്ദ്രങ്ങളായിരുന്നു എ പി എം സി. കര്‍ഷകരില്‍ നിന്നും ഇടനിലക്കാരനിലൂടെ പൊതുവിപണിയില്‍ കാര്‍ഷിക ഉത്പന്നമെത്തിക്കുന്ന രീതിയായിരുന്നുവത്. ഇടനിലക്കാരന് കൂലിയും സംസ്ഥാന സര്‍ക്കാരിന് നികുതിയും ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട്, ഏതിലെയും പോലെ എ പി എം സിയിലും ചൂഷണങ്ങള്‍ അരങ്ങേറിത്തുടങ്ങി. കര്‍ഷകര്‍ക്ക് താങ്ങുവിലയെന്ന പേരില്‍ അതിനേക്കാള്‍ കുറഞ്ഞ വില ലഭിക്കാന്‍ തുടങ്ങി. മാര്‍ക്കറ്റ് വിലയെ കുറിച്ച് ഭൂരിഭാഗം കര്‍ഷകരും അജ്ഞരായിരുന്നു. ഈ വിഷയം യശ്വന്ത് സിന്‍ഹ തന്റെ Unmade India എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.
ഇതിന് പരിഹാരമെന്നോണമാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്. എ പി എം സിക്ക് പുറത്തും അന്തര്‍ സംസ്ഥാന തലത്തിലും വ്യാപാരം സാധ്യമാകും. മെച്ചപ്പെട്ട വില ലഭ്യമാക്കുമെന്നും നിയമം ഉറപ്പ് നല്‍കുന്നു. ഇത് എത്രത്തോളം യാഥാര്‍ത്ഥ്യമാകുമെന്നാണ് നമ്മള്‍ കണ്ടറിയേണ്ടത്. കുത്തക വിപണന രീതിയെ തടയാന്‍ മാര്‍ക്കറ്റ് കൂടുതല്‍ തുറന്നുകൊടുക്കുന്നത് എത്രത്തോളം ഉപകാരപ്പെടും? മറിച്ച് അഭിജിത് ബാനര്‍ജി അഭിപ്രായപ്പെട്ടത് പോലെ നിലവിലുള്ള എ പി എം സിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് കൂടുതല്‍ കാര്യക്ഷമതയോടെ കര്‍ഷകര്‍ക്ക് മിതമായ വില ഉറപ്പുവരുത്തുകയായിരുന്നു വേണ്ടത്. പുതിയ നിയമത്തിലൂടെ, കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ചെറുകിട കര്‍ഷകര്‍ വിപണിയിലെ മത്സരത്തില്‍ പകച്ചുപോകുന്ന അവസ്ഥയാണ് നാം കാണേണ്ടിവരിക. കാര്യങ്ങളെല്ലാം സുവ്യക്തമാണ്. കോര്‍പ്പറേറ്റുകള്‍ക്ക് മാര്‍ക്കറ്റ് തുറന്നുകൊടുക്കുന്നു. കോര്‍പ്പറേറ്റുകള്‍ വരുന്നതിലൂടെ മാര്‍ക്കറ്റ് അവരുടെ കയ്യിലാകുന്നു. കര്‍ഷകര്‍ വെറും ഉത്പാദകരായി മാറുന്നു. ആവശ്യമായ താങ്ങുവില പോലും കിട്ടാതെവരുന്നു. ഏതു പ്രശ്നത്തെ പരിഹരിക്കാനാണോ പുതിയ നിയമം കൊണ്ടുവരുന്നത്, പ്രസ്തുത പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് നിയമം ചെയ്യുന്നത്.
2. The Farmers (Empowerment and Protection) Agreement on Price Assurance and Farm Services Act, 2020:
കരാര്‍ കൃഷിയാണ് ഈ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്. കര്‍ഷകനും വ്യവസായിയും നേരിട്ട് ബന്ധപ്പെടുന്ന രൂപമാണിത്. ഇതിലൂടെ ഇടനിലക്കാരന്റെ ചൂഷണമില്ലാതെ, വിത്ത് വിതക്കുമ്പോള്‍ തന്നെ കര്‍ഷകര്‍ക്ക് മതിയായ വില ലഭിക്കുമെന്നാണ് വാദം. ഇവിടെയും ആരുടെ പ്രശ്‌നങ്ങള്‍ക്കാണ് പ്രാധാന്യം കൊടുത്തിട്ടുള്ളത്? നിലവില്‍ വിപണി വില പോലുമറിയാത്ത കര്‍ഷകര്‍ക്ക് വ്യവസായ സ്ഥാപനങ്ങളുടെ കരാര്‍ വ്യവസ്ഥയെ കുറിച്ച് സാക്ഷരത ലഭിക്കുന്നതെപ്പോഴാണ്? പ്രസ്തുത നിയമത്തിലൂടെ വ്യവസായം ഒന്നുകൂടെ ശക്തിപ്പെടുകയും കര്‍ഷകര്‍ക്ക് വില പേശാനുള്ള അവസരം നഷ്ടപ്പെടുകയും ചെയ്യുമെന്നതാണ് യാഥാര്‍ത്ഥ്യം.
3. The Essential Commodities (Amendment) Act, 2020:
നിലവിലെ അവസ്ഥയില്‍ ചില ഉത്പന്നങ്ങളുടെ വിപണനാവകാശം പൂര്‍ണമായും സര്‍ക്കാര്‍ പരിധിയില്‍ ഉള്‍പ്പെടുന്നവയാണ്. ഇത് കുത്തകവ്യാപാരങ്ങളിലേക്കാണ് നയിക്കുന്നത്. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വില ലഭിക്കാന്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന് നേരത്തെ തന്നെ ശുപാര്‍ശ വന്നിരുന്നു. പുതിയ നിയമപ്രകാരം ഉരുളക്കിഴങ്ങ്, ഉള്ളി, ഭക്ഷ്യധാന്യങ്ങള്‍, എണ്ണ തുടങ്ങിയ സര്‍വ്വ വ്യാപിയായ ഉത്പന്നങ്ങള്‍ അവശ്യ ഉത്പന്നങ്ങളുടെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു.
ഇവിടെ സ്വതന്ത്ര വിപണിയും നിയന്ത്രിത വിപണിയും തമ്മിലുള്ള മത്സരമാണ് കാണാന്‍ സാധിക്കുന്നത്. പാശ്ചാത്യ സാമ്പത്തിക നയങ്ങളിലൊക്കെ നടപ്പിലാക്കി പരാജയപ്പെട്ട സ്വതന്ത്ര വിപണിയാണ് ഇപ്പോള്‍ ഇന്ത്യയിലും പരീക്ഷിക്കുന്നത്. മാത്രവുമല്ല, ഒരു വലിയ ജനസംഖ്യ ആശ്രയിക്കുന്ന മേഖല കൂടിയാണ് കാര്‍ഷികരംഗം. നിലവിലെ ഭേദഗതിയിലൂടെ പ്രസ്തുത ഉത്പന്നങ്ങള്‍ നിയന്ത്രണമില്ലാതെ ശേഖരിക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് സാധിക്കും. താങ്ങുവില പോലും നഷ്ടപ്പെടാന്‍ ഇത് കാരണമായേക്കും. മാത്രവുമല്ല, ജനങ്ങള്‍ക്ക് വേണ്ട സമയത്ത് കുറഞ്ഞ വിലക്ക് ഉത്പന്നം ലഭിക്കാതെയും വരും.
പുതിയ നിയമങ്ങള്‍ അഭിസംബോധന ചെയ്ത പ്രശ്‌നങ്ങളെല്ലാം പ്രശ്‌നങ്ങള്‍ തന്നെയായിരുന്നു. അതിന്റെ മൂലകാരണം നിലവിലെ വ്യവസ്ഥയിലെ പഴുതുകളായിരുന്നു. അത് ശരിപ്പെടുത്തുന്നതിന് പകരം വ്യവസ്ഥ തന്നെ ഒഴിവാക്കുന്നത് എത്രത്തോളം ഗുണകരമാണ്? ഒരേ സമയം കര്‍ഷകര്‍ക്കും ഇടനിലക്കാര്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും പ്രശ്‌നം സൃഷ്ടിക്കുന്നവയാണ് പുതിയ നിയമങ്ങളെന്ന് തീര്‍ച്ച. ഈയൊരു സാഹചര്യത്തില്‍, ആരുടെ നിര്‍ദേശ പ്രകാരമായിരുന്നു ഇത്തരമൊരു നിയമമെന്നതാണ് ഏറെ കൗതുകകരം. എം എസ് സ്വാമിനാഥന്‍ കമ്മീഷന്റെ ആവശ്യമായ, ചെലവായ തുകയുടെ 150 ശതമാനമെന്ന വിലയിലേക്ക്, ഇതിലേത് നിയമമാണ് വഴിനടത്തുന്നത്?
അധികാരവും കോര്‍പ്പറേറ്റ് സേവയും ഒരുമിക്കുന്നിടത്താണ് മുസോളിയന്‍ ഫാഷിസം ഉടലെടുക്കുന്നത്. ഇന്ത്യയിലെ സമീപ കാല നിയമങ്ങളിലെല്ലാം കണ്ടുവരുന്ന പ്രവണതയും ഇതാണ്. ഇവിടെ കര്‍ഷകരല്ല പ്രശ്‌നം. അവര്‍ പറഞ്ഞ, അവരുടെ പ്രശ്‌നങ്ങളല്ല പ്രതിപാദ്യ വിഷയം. അവര്‍ക്കു വേണ്ടി വിവിധ കമ്മീഷനും സാമ്പത്തിക വിദഗ്ധരും മുന്നോട്ടുവെച്ച സാമ്പത്തിക പരിഷ്‌കരണങ്ങളല്ല നിയമങ്ങളുടെ ഉള്ളടക്കം. മറിച്ച് ക്രോണി ക്യാപിറ്റലിസത്തിന്റെ മറ്റൊരു പതിപ്പായി മാത്രമേ പുതിയ നിയമത്തെ കണക്കിലെടുക്കാന്‍ സാധിക്കുകയുള്ളു. ഒരേ സമയം ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടെയും ജീവല്‍പ്രശ്‌നം കൂടിയാണ് കര്‍ഷക സമരങ്ങള്‍ എന്ന തിരിച്ചറിവാണ് ഇന്ത്യന്‍ പൗരനെന്ന നിലയില്‍ നമുക്കുണ്ടാകേണ്ടത്.
കാര്‍ഷിക രംഗത്തെ ഇസ്ലാമിക പരികല്പനകള്‍
കൃഷിയെ വളരെയേറെ പ്രോത്സാഹിപ്പിച്ച മതമാണ് ഇസ്ലാം. ഏറ്റവും നല്ല ജോലി കൃഷിയാണെന്ന് ഹദീസുകളില്‍ കാണാം. കൃഷി ചെയ്ത ഭൂമിയില്‍ നിന്നും ഒരാള്‍ ഭക്ഷിക്കുകയോ പക്ഷികള്‍ ജീവിതോപാധി കണ്ടെത്തുകയോ ചെയ്താല്‍, കര്‍ഷകന് വലിയ ദാനധര്‍മത്തിന്റെ പ്രതിഫലമുണ്ടെന്ന് തിരുനബി (സ്വ) പഠിപ്പിക്കുന്നുണ്ട്. മദീന നല്ല ഒരു കൃഷിയിടമായിരുന്നു. മദീനയില്‍ നിന്നും കൃഷി ചെയ്ത ഉത്പന്നങ്ങള്‍ ലോകമാകെ കച്ചവടത്തിന് വേണ്ടി കൊണ്ടുപോകുന്ന രീതി അറബികള്‍ക്കിടയില്‍ സജീവമായിരുന്നു. നിലവിലെ കാര്‍ഷിക പ്രശ്‌നങ്ങളില്‍ ഇസ്ലാമിലെ കാര്‍ഷിക നയങ്ങള്‍ കൂടുതല്‍ കര്‍ഷക സംരക്ഷണ സമീപനം സ്വീകരിക്കുന്നതായി മനസ്സിലാക്കാം. അവയില്‍ പ്രധാനപ്പെട്ട കുറച്ച് കാര്യങ്ങള്‍ താഴെ കൊടുക്കുന്നു.
1. വില നിര്‍ണയം: വസ്തുക്കളുടെ വില നിര്‍ണയിക്കാനുള്ള പൂര്‍ണ അധികാരം വില്പനക്കാരനാണ്. അവര്‍ ആക്രമിക്കപ്പെടുന്ന രൂപത്തില്‍ വില നിശ്ചയിക്കുന്നത് ഭരണകൂടത്തിന് അനുവദനീയമല്ല. എന്നാല്‍ ആവശ്യമുള്ള സമയത്ത് വസ്തുക്കള്‍ പൂഴ്ത്തിവെച്ച് കൃത്രിമമായ ഡിമാന്‍ഡ് ഉണ്ടാക്കുകയും വില വര്‍ധിപ്പിക്കുകയും ചെയ്യുന്ന രൂപം അംഗീകരിക്കാനാവില്ല. പൂഴ്ത്തിവെപ്പിനെ ശക്തമായി എതിര്‍ത്ത മതമാണ് ഇസ്ലാം. പൂഴ്ത്തിവെക്കുന്നവന്‍ ശപിക്കപ്പെട്ടവനാണെന്ന തിരുനബി വചനം അതിനുദാഹരണമാണ്. പ്രസ്തുത സമയത്ത് ഭരണാധികാരികള്‍ക്ക് ഇടപെടാം. നിലവാര വില ഏര്‍പ്പെടുത്തുകയും ചെയ്യാം.
രണ്ടു കാരണങ്ങള്‍ കൊണ്ട് വില ഉയരാം. ഉത്പന്നങ്ങളുടെ ദൗര്‍ലഭ്യവും ആവശ്യക്കാരുടെ വര്‍ധനവും. പ്രസ്തുത സമയത്ത് വില കുറക്കാന്‍ നിര്‍ബന്ധിപ്പിക്കരുത്. അത് കച്ചവടക്കാരോടുള്ള അക്രമമാണ്. എന്നാല്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ആവശ്യമുണ്ടാകുന്ന സമയത്ത് അമിതവിലക്ക് വില്‍ക്കുന്ന കുത്തക വ്യവസ്ഥകള്‍ അനുവദിക്കപ്പെടുന്നതല്ല. ഇവിടെ നിലവാരവിലക്ക് വില്‍ക്കാവുന്നതാണ്. അത്തരം വില ഭരണാധികാരികള്‍ക്ക് നിശ്ചയിക്കാവുന്നതുമാണ് (ശറഹുല്‍ മുഹദ്ദബ് 13/29).
2. ഇടനിലക്കാരന്‍: മാര്‍ക്കറ്റിലേക്ക് എത്തുന്നതിന് മുമ്പേ മാര്‍ക്കറ്റ് വില അറിയിക്കാതെ വില്പനക്കാരനില്‍ നിന്നും കുറഞ്ഞ വിലക്ക് വസ്തുക്കള്‍ കൈപ്പറ്റുന്ന ഇടനിലക്കാരന്റെ ജോലിയെ ഇസ്ലാം വിമര്‍ശിക്കുന്നുണ്ട്. അത്തരം ഇടപാടുകള്‍ കര്‍മശാസ്ത്രപരമായി അനുവദനീയമല്ല. ശരിയായ വില അറിയാതെ വില്‍പ്പനക്കാരന്‍ വഞ്ചിക്കപ്പെടുന്നുവെന്നതാണ് കാരണം. നിലവില്‍ ഇന്ത്യയില്‍, APMC മാര്‍ക്കറ്റുകളിലും മണ്ഡികളിലും ഇത്തരം ഇടനിലക്കാര്‍ ജോലി ചെയ്യുന്നുണ്ട്. മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ വിലക്ക് അവര്‍ വസ്തുക്കള്‍ കര്‍ഷകരുടെ അടുത്തു നിന്നും തട്ടിയെടുക്കുന്നുമുണ്ട്. ഈ സംവിധാനമാണ് മാറേണ്ടത്. യഥാര്‍ത്ഥ വില കര്‍ഷകരിലെത്തിച്ച് ഇടനിലക്കാരന്‍ വെറും ജോലിക്കാരന്റെ കൂലി മാത്രം വാങ്ങുന്ന രൂപത്തിലേക്ക് കാര്യങ്ങള്‍ മാറണം. നീലകാന്ത് മിശ്ര അഭിപ്രായപ്പെട്ടതും അതാണ്. ഇടനിലക്കാരനെ പാടെ ഒഴിവാക്കി കോര്‍പ്പറേറ്റുകള്‍ക്ക് പൂഴ്ത്തിവെക്കാനുള്ള വഴി തുറന്നുകൊടുക്കുകയും ചെയ്യരുത്.
3. പലിശ രഹിത വായ്പകള്‍: എം എസ് സ്വാമിനാഥന്‍ 2010ല്‍ എഴുതിയ ഒരു ലേഖനത്തില്‍ കാര്‍ഷികരംഗത്ത് പലിശരഹിത വായ്പകള്‍ക്കുള്ള പ്രാധാന്യത്തെ കുറിച്ച് പറയുന്നുണ്ട്. അഞ്ചാം ഖലീഫയായ ഉമര്‍ ബിന്‍ അബ്ദില്‍ അസീസിന്റെ ഭരണകാലത്ത് ഇത്തരം വായ്പകള്‍ നല്‍കിയിരുന്നുവെന്ന് ചരിത്രത്തില്‍ കാണാം. നിലവില്‍ കോര്‍പ്പറേറ്റുകളുടെ കോടിക്കണക്കിന് രൂപ എഴുതിത്തള്ളുന്ന സര്‍ക്കാരിന് അതിന്റെ പത്തു ശതമാനത്തില്‍ താഴെ വരുന്ന കര്‍ഷകരുടെ കടങ്ങള്‍, ചുരുങ്ങിയത്, പലിശരഹിതമാക്കാനെങ്കിലും കഴിയേണ്ടതുണ്ട്.
4. ഭൂവുടമാവകാശം: വര്‍ഷങ്ങളായി തങ്ങള്‍ ജീവിക്കുന്ന സ്ഥലത്ത് കൃഷി ചെയ്യുന്ന ഗോത്രസമൂഹത്തിന് ഇപ്പോഴും പ്രസ്തുത ഭൂമിയുടെ മേലുള്ള അവകാശം ലഭിച്ചിട്ടില്ല. ആള്‍താമസമില്ലാത്ത ഇടങ്ങളില്‍ പര്യവേക്ഷണം നടത്തി വിളവെടുപ്പുള്ള ഭൂമിയാക്കുന്നവര്‍ക്ക് പ്രസ്തുത സ്ഥലത്തിന്റെ അവകാശമുണ്ടെന്നാണ് മതത്തിന്റെ ഭാഷ്യം. മാത്രവുമല്ല, ഒരു ഭൂമി ഒരാളുടെ കയ്യില്‍ ഒരുപാട് കാലം ഉപയോഗശൂന്യമായി കിടക്കുന്നതിലൂടെ അത് പിടിച്ചെടുക്കണമെന്ന് തിരുനബി (സ്വ) പറയുന്നുണ്ട്. ഒന്നുകില്‍ അവിടെ സ്വയം കൃഷി ചെയ്യുക, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് കൃഷി ചെയ്യാന്‍ വേണ്ടി ആ സ്ഥലം ഒഴിഞ്ഞുകൊടുക്കുക.
5. ജലസേചനം: കാര്‍ഷിക രംഗത്ത് ജലസേചനത്തെ ഇസ്ലാം കണക്കാക്കുന്നത്. ജലസേചനത്തിന് വളരെ പ്രാധാന്യമുണ്ടെന്നാണ് ചെലവ് വന്ന വ്യക്തി, ജലസേചന ചെലവില്ലാതെ കൃഷി ചെയ്തവനേക്കാള്‍ പകുതിയേ സകാത് നല്‍കേണ്ടിവരുന്നുള്ളൂ. മാത്രവുമല്ല, ഖുര്‍ആനില്‍ ഭക്ഷ്യവിഭവങ്ങളെ അനുഗ്രഹമായി നല്‍കിയെന്ന് പറഞ്ഞ സ്ഥലത്തിലധികവും വെള്ളം കൊണ്ടാണ് അവയെ ഉത്പാദിപ്പിച്ചതെന്ന് പറയുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിക്കപ്പെട്ട കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരെ കൂടുതല്‍ പ്രയാസത്തിലാക്കും. പാശ്ചാത്യ നാടുകളില്‍ കാര്‍ഷിക രംഗത്ത് സംഭവിച്ചത് നമ്മുടെ നാട്ടിലും സംഭവിക്കും. ആത്മഹത്യകള്‍ ഇനിയും വര്‍ധിക്കും. ഒരുകാലത്ത് നമ്മില്‍ നിന്നുമെടുക്കപ്പെട്ട സമീന്ദാരി സംവിധാനത്തിന്റെ കോര്‍പ്പറേറ്റ് അപ്ഡേഷന്‍ നമുക്ക് അനുഭവിക്കേണ്ടിവരും. കര്‍ഷകരല്ല ഭരണകൂടത്തിന്റെ നോട്ടം. കോര്‍പ്പറേറ്റുകളാണ്. ഇത്തരം സംവിധാനങ്ങളില്‍ വഞ്ചനയും അസന്തുലിതമായ വികസനവും ആത്മഹത്യാപരമായ ലാഭവുമുള്ളത് കൊണ്ടാണ് ഇസ്ലാം അതിനെ മുരടോടെ പിഴുതുകളയാനായുള്ള കര്‍മശാസ്ത്ര വിധികള്‍ മുന്നോട്ട് വെക്കുന്നത്. കര്‍ഷകനാവാന്‍ തയാറല്ലെങ്കിലും കര്‍ഷകരുള്ളതു കൊണ്ടാണ് നമ്മള്‍ അന്നംമുട്ടാതെ ജീവിച്ചുപോകുന്നതെന്ന ബോധമെങ്കിലും നമുക്കു വേണം. അവര്‍ക്ക് പ്രശ്‌നങ്ങള്‍ വരുത്തുന്ന നടപടികള്‍ക്കു നേരെ കണ്ണടക്കാതിരിക്കാനെങ്കിലും നാം തയാറാകണം.
സി എം ശഫീഖ് നൂറാനി
You must be logged in to post a comment Login