എന്തുകൊണ്ടാണ് യൂറോപ്പില്‍ ഇപ്പോള്‍ കൊവിഡ് 19 കേസുകള്‍ വര്‍ധിക്കുന്നത്? വേനല്‍ക്കാലത്തിന്റെ ആരംഭത്തോടെ ഏതാണ്ടെല്ലാ രാജ്യങ്ങളും തന്നെ അവരുടെ സമ്പൂര്‍ണ ലോക്ക് ഡൗണുകള്‍ അവസാനിപ്പിച്ചെങ്കിലും ശരത് കാലത്തോടെ മിക്ക സ്ഥലങ്ങളിലും വൈറസിന്റെ വ്യാപനത്തില്‍ ഗണ്യമായ വര്‍ധന കണ്ടുതുടങ്ങി. സ്‌കൂളുകളും സര്‍വകലാശാലകളും തുറന്നതോടെ വ്യത്യസ്ത വീടുകളില്‍ നിന്നുള്ള വ്യക്തികളുടെ കൂടിച്ചേരല്‍ വര്‍ധിച്ചത് ഇതിനൊരു കാരണമാണ്. എന്നാല്‍ പുറത്തെ താപനില കുറഞ്ഞതിന് ഇതിലൊരു പങ്കുണ്ടോ?
മഞ്ഞു കാലത്താണ് കൂടുതല്‍ ആളുകള്‍ക്ക് ജലദോഷവും പനിയും വരുന്നത്(കൊറോണ വൈറസിന്റെ മറ്റ് ഇനങ്ങള്‍ ജലദോഷത്തിന് കാരണമാകാം). പക്ഷേ, ഇതിനും നിരവധി കാരണങ്ങളുണ്ടാകാം. തണുപ്പു കാലാവസ്ഥയില്‍ ആളുകള്‍ കൂടുതല്‍ സമയം അകത്തു ചെലവഴിക്കുകയും തുമ്മിയും ചുമച്ചും ശ്വസിച്ചും പരസ്പരം രോഗാണുക്കള്‍ പടര്‍ത്തുകയും ചെയ്യും.
കാലാവസ്ഥ തണുത്തതും ഈര്‍പ്പമുള്ളതുമാണെങ്കില്‍ ഓഫീസിലേക്ക് നടക്കുകയോ സൈക്കിള്‍ ചവിട്ടുകയോ ചെയ്യുന്നതിനു പകരം നിങ്ങള്‍ തിരക്കുള്ള ബസിലോ തീവണ്ടിയിലോ സഞ്ചരിക്കും. സൂര്യപ്രകാശം കുറയുമ്പോള്‍ ആളുകള്‍ കുറച്ചു മാത്രം ജീവകം ഡി ഉല്പാദിപ്പിക്കുകയും അത് രോഗപ്രതിരോധ വ്യവസ്ഥയെ ദുര്‍ബലമാക്കുകയും ചെയ്യുന്നു.
തണുത്ത കാലാവസ്ഥയിലാണ് ജലദോഷവും പനിയും പടരുന്നതില്‍ വാര്‍ഷിക വര്‍ധനയെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പനിയുടെ വൈറസുകള്‍ കൂടുതല്‍ എളുപ്പത്തില്‍ അതിജീവിക്കുന്നതും പകരുന്നതും തണുത്ത, വരണ്ട വായുവിലാണ്. ഇക്കാര്യം സമാനമായ വലിപ്പവും ഘടനയുമുള്ള കൊവിഡ് 19 കൊറോണാവൈറസിനും ബാധകമാണ്.
താപനിലയും ഈര്‍പ്പവും കൂടുതലുള്ള പ്രതലങ്ങളില്‍ കൊറോണാ വൈറസും സമാനമായ മറ്റു വൈറസുകളും അതിജീവിക്കില്ലെന്ന് പരീക്ഷണശാലയിലെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ സൗകര്യപ്രദമായ താപനില മുറിയ്ക്കുള്ളില്‍ അവയെ ദിവസങ്ങളോളം നിലനിര്‍ത്തും. നാലു ഡിഗ്രി സെല്‍ഷ്യസിലും കുറഞ്ഞ ഈര്‍പ്പത്തിലും അവ ഒരു മാസം പോലും അതിജീവിക്കും.
ഇത്തരം സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാംസ സംസ്‌കരണ ഫാക്ടറികളില്‍ തുടര്‍ച്ചയായി കൊവിഡ് പൊട്ടിപ്പുറപ്പെടുന്നുണ്ട്. അവിടെ ആളുകള്‍ തൊട്ടടുത്തു നിന്ന് പണിയെടുക്കുകയും യന്ത്രങ്ങളുടെ ഒച്ചക്കപ്പുറം കേള്‍ക്കാന്‍ ഉറക്കെപ്പറയുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം വൈറസ് പടരുന്നതിന് കാരണമാകും. മുറികള്‍ പങ്കിട്ടു കൊണ്ടുള്ള താമസവും വൈറസു പടരുന്നത് വര്‍ധിപ്പിക്കും.
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പ്രത്യക്ഷപ്പെട്ട മറ്റ് കൊറോണാ വൈറസുകളായ സാര്‍സ്-കോവ്,മെര്‍സ് കോവ് എന്നിവയുടെ കഥ വ്യത്യസ്തമാണ്. ചൈനയില്‍ 2003 ലുണ്ടായ സാര്‍സ് പകര്‍ച്ചവ്യാധി ഉച്ചസ്ഥായിലെത്തിയത് വസന്തകാലത്തേതു പോലുള്ള കാലാവസ്ഥയിലാണ്. മധ്യപൗരസ്ത്യ രാജ്യങ്ങളില്‍ മെര്‍സ് വൈറസിന്റെ പടരലുണ്ടായതും വസന്തകാലത്താണ്(മാര്‍ച്ച് മുതല്‍ മെയ് വരെ). പക്ഷേ, ഇതിന് കാലാവസ്ഥ മാത്രമല്ല കാരണം. മനുഷ്യരില്‍ നിന്നും ഒട്ടകങ്ങളില്‍ നിന്നും ആ രോഗം പടരുമായിരുന്നു. ഒട്ടകക്കുഞ്ഞുങ്ങള്‍ ധാരാളമായുണ്ടാകുന്ന മാസമാണ് മാര്‍ച്ച്.
ഉത്തര അര്‍ധഗോളത്തില്‍ മഞ്ഞു കാലത്ത് എന്തു സംഭവിച്ചുവെന്നും പരിഗണിക്കേണ്ടതുണ്ട്. ദക്ഷിണാഫ്രിക്കയില്‍ ഏഴു ലക്ഷം കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത് ജൂലൈയിലാണ്. പക്ഷേ, ന്യൂസിലാന്റ് രോഗത്തിന്റെ വ്യാപനം ഫലപ്രദമായി തടഞ്ഞു. അവിടെ രണ്ടായിരത്തില്‍ കുറവ് കേസുകള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ.
ഈ രണ്ടു രാജ്യങ്ങളിലും വളരെ വ്യത്യസ്ത സാഹചര്യങ്ങളുള്ളതിനാല്‍ താരതമ്യ പഠനം ഉപകാരപ്രദമല്ല. എന്നാല്‍ ജൂലൈ,ആഗസ്തു മാസങ്ങളിലെ തണുത്ത കാലാവസ്ഥ കൊവിഡിന്റെ വ്യാപനത്തിലെ പ്രധാന ഘടകമല്ലെന്നു തന്നെ തോന്നുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ആരോഗ്യ സംവിധാനത്തിന്റെ ഗുണമേന്മയും പൊതു ആരോഗ്യ പ്രതികരണത്തിന്റെ കാര്യപ്രാപ്തിയുമാണ് രോഗത്തിന് തടയിടുന്നതില്‍ ന്യൂസിലാന്റിനെ സഹായിച്ചത്. ഏതു കാലാവസ്ഥയിലും ആ രാജ്യം ഇതുതന്നെ ചെയ്‌തേനേ.
ആസ് ത്രേലിയയില്‍ നിന്നുള്ള ആദ്യത്തെ വിവരങ്ങള്‍ കുറഞ്ഞ താപനിലയെക്കാള്‍ കുറഞ്ഞ ഈര്‍പ്പമാണ് രോഗവ്യാപനത്തില്‍ പരിഗണിക്കേണ്ട ഘടകമെന്ന് പറയുന്നുണ്ട്. എന്നാല്‍ തണുത്ത കാലാവസ്ഥയില്‍, ജൂലൈ മാസത്തില്‍ മെല്‍ബണില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചു. തുടര്‍ന്നുണ്ടായ കര്‍ശനമായ ലോക്ഡൗണ്‍ ഒക്ടോബര്‍ മാസത്തില്‍ മാത്രമാണ് ലഘൂകരിക്കപ്പെട്ടത്.
തണുത്ത മാസങ്ങളില്‍ കൊവിഡ് വ്യാപനത്തെ ചെറുക്കാന്‍ കൂടുതല്‍ തയാറെടുക്കണമെന്നു തന്നെയാണ് ഇതില്‍ നിന്നെല്ലാം മനസ്സിലാക്കേണ്ടത്. എന്നാല്‍ സാര്‍സ് കോവ് 2ല്‍ നിന്ന് നാം പഠിച്ച ഒരു കാര്യം പുതിയ വൈറസുകള്‍ക്ക് നമ്മളെ ഞെട്ടിക്കാനാകുമെന്നാണ്!
ഏതു കാലാവസ്ഥയിലും മനുഷ്യര്‍ അടുത്തിടപഴകുന്നത് വൈറസിന് പരക്കാനുള്ള അവസരം നല്‍കും. അതു കൊണ്ടു തന്നെ ഒരേ വീട്ടില്‍ താമസിക്കുന്നവര്‍ പോലും സുരക്ഷിതമായ അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം, പ്രത്യേകിച്ചും കുടുസ്സായ ഇടങ്ങളില്‍. കാലാവസ്ഥ എങ്ങിനെ ഈ മഹാമാരിയെ ബാധിക്കുമെന്ന് അതിലൂടെ കടന്നു പോകുന്നതിലൂടെ മാത്രമേ നിര്‍ഭാഗ്യവശാല്‍ നമുക്ക് മനസ്സിലാക്കാനാകൂ.
സാറാ പിറ്റ്
You must be logged in to post a comment Login