ലോകപ്രശസ്ത എന്‍വിറോണ്‍മെന്റല്‍ എക്കണോമിസ്റ്റായ കെന്നത് എവെര്‍ട് ബൗള്‍ഡിങ് 1966ല്‍ എഴുതിയ ദി എക്കണോമിക്‌സ് ഓഫ് ദി കമിങ് സ്പേസ്ഷിപ്പ് എര്‍ത്ത് എന്ന പ്രബന്ധമാണ് സാമ്പത്തിക വ്യവസ്ഥ, പരിമിതമായ വിഭവങ്ങളുപയോഗിച്ച് പരിസ്ഥിതി വ്യവസ്ഥയുമായി പൊരുത്തപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. ഭൂമിയെ ഒരു സ്പേസ്ഷിപ്പിനോട് ഉപമപ്പെടുത്തി വിഭവങ്ങള്‍ ഉപയോഗിക്കുന്നതും ഉത്പാദനപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ബാക്കിയാവുന്ന മാലിന്യങ്ങള്‍ പരിസ്ഥിതിയിലേക്ക് തന്നെ തള്ളുന്നതിന്റെ ദൂഷ്യഫലങ്ങള്‍ ജനസംഖ്യ വര്‍ധിക്കുമ്പോള്‍ എങ്ങനെ ഭൂമിയിലെ ജീവികളായ മനുഷ്യനെയും മൃഗങ്ങളെയും മറ്റു ജീവജാലങ്ങളെയും ബാധിക്കുന്നു എന്ന് സുദീര്‍ഘമായ ഈയൊരു പ്രബന്ധത്തിലൂടെ ബൗള്‍ഡിങ് വിശദീകരിക്കുന്നു. ജനസംഖ്യ താരതമ്യേന കുറഞ്ഞ സമയങ്ങളില്‍ ജനങ്ങളുടെ മൊത്തം ഉപഭോഗം കുറവായതുകൊണ്ട് തന്നെ ഭൂമിയിലെ റിസോഴ്‌സ് ഉപയോഗം കുറവായിരുന്നു. എന്നാല്‍ ഈയടുത്തുണ്ടായ ജനസംഖ്യ, വര്‍ധനയും ആളുകളുടെ അമിത ഉപഭോഗാസക്തിയും മൂലം വസ്തുക്കളുടെ ഉപയോഗം ഭൂമിയിലെ വിഭവങ്ങളുടെ വിതരണത്തെക്കാള്‍ കൂടിയതോടെ പല പ്രകൃതി വിഭവങ്ങളുടെയും നിലനില്‍പ്പും ആയുസും അപകടകരമായ അവസ്ഥയിലാണ്. ആദ്യ കാലത്ത് ഇന്‍ഫിനിറ്റി സ്വഭാവം കാണിച്ച പ്രകൃതി ഇപ്പോള്‍ അതിന്റെ വിഭവസമ്പത്തിലും വേസ്റ്റ് സ്വാംശീകരണ ശേഷിയിലും ഗണ്യമായ മാറ്റം വന്നു ഒരു ഫിനിറ്റ് സ്വഭാവത്തിലേക്ക് മാറിയിരിക്കുന്നു.
ഈ സവിശേഷ സാഹചര്യത്തില്‍ വിഭവങ്ങളുടെ ഉപയോഗം വളരെ ഫലപ്രദമായ രീതിയില്‍ ക്രമീകരിക്കുക എന്നത് അത്യാവശ്യമായ കാര്യമാണ്. നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതോടൊപ്പം ഭാവി തലമുറകള്‍ക്ക് ആവശ്യത്തിനുള്ള വിഭവങ്ങള്‍ സംരക്ഷിക്കപ്പെടുകയും വേണം. നമ്മുടെ വിഭവങ്ങളെ അവയുടെ നിലനില്പിനെ അടിസ്ഥാനപ്പെടുത്തി പ്രധാനമായും രണ്ടായി തരംതിരിക്കാം. ആവര്‍ത്തനാര്‍ഹമായ വിഭവങ്ങളും ആവര്‍ത്തനം അല്ലെങ്കില്‍ പുനരുപയോഗം സാധ്യമാവാത്ത വിഭവങ്ങളുമാണത്. പ്രകൃതി പുനരുത്പാദനത്തിലൂടെയോ അല്ലെങ്കില്‍ ആവര്‍ത്തിച്ചുള്ള മറ്റു പ്രക്രിയകളിലൂടെയോ പുനരുത്പാദന കഴിവുള്ള പ്രകൃതി വിഭവങ്ങള്‍ക്കാണ് റിന്യൂവബിള്‍ അഥവാ പുനരുപയോഗ വിഭവങ്ങള്‍ എന്ന് പറയുന്നത്. എന്നാല്‍ പ്രകൃതിദത്ത മാര്‍ഗങ്ങളിലൂടെ പെട്ടെന്നു പുനസ്ഥാപിക്കാന്‍ കഴിയാത്ത വിഭവങ്ങള്‍ക്കാണ് നോണ്‍ റിന്യൂവബിള്‍ വിഭവങ്ങള്‍ എന്നു പറയുന്നത്. വളരെ ദീര്‍ഘമായ സമയം കൊണ്ടാണ് അത്തരം വിഭവങ്ങള്‍ രൂപപ്പെടുന്നത്. അതുകൊണ്ടു തന്നെ നമ്മുടെ ഉത്പാദനപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതലായും നാം ആശ്രയിക്കുന്നത് നോണ്‍ റിന്യൂവബിള്‍ വിഭവങ്ങളെയാണെങ്കില്‍ ഇപ്പോഴത്തെ ഉപയോഗ അളവ് വെച്ചുനോക്കുകയാണെങ്കില്‍ വളരെ കുറഞ്ഞ കാലം കൊണ്ട് അത്തരം വിഭവങ്ങള്‍ക്ക് ക്ഷാമം അനുഭവപ്പെടുകയും വര്‍ധിച്ചുവരുന്ന ഡിമാന്‍ഡിന് യോജിച്ച സപ്ലൈ ഇല്ലാതാവുകയും വില വര്‍ധനക്ക് കാരണമാവുകയും ചെയ്യും. ഫോസില്‍ ഫ്യൂവല്‍, കല്‍ക്കരി തുടങ്ങിയ വസ്തുക്കള്‍ നമ്മുടെ നിത്യജീവിത ഊര്‍ജസ്രോതസുകളാവുമ്പോള്‍ തീര്‍ച്ചയായും നാമുപയോഗിക്കുന്ന വസ്തുക്കളുടെ വില നല്ലൊരു ശതമാനം വര്‍ധിക്കുകയും ചെയ്യും. ഇത്തരം വെല്ലുവിളികള്‍ മുന്നില്‍ കണ്ടുകൊണ്ട് തന്നെയാണ് സാമ്പത്തിക വിദഗ്ധരും മറ്റു പോളിസി മേക്കേഴ്സുമെല്ലാം പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഉപഭോഗാവശ്യങ്ങള്‍ക്കും റിന്യൂവബിള്‍ വിഭവങ്ങളെ പ്രത്യേകിച്ചും അത്തരം ഊര്‍ജ്ജങ്ങളെ ഉപയോഗപ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കുന്നതും അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നേതൃത്വം നല്‍കുന്നതും.
ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ചെറിയ ഒരു കാലത്തേക്ക് വേണ്ടിയാണ് അവന്‍ ഭൂമിയില്‍ വന്നിട്ടുള്ളത്. ഈയൊരു ചെറിയ സമയത്തില്‍ അവന് ആവശ്യമായ വിഭവങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതുമാണ്. എന്നാല്‍ ആവശ്യങ്ങള്‍ക്ക് അപ്പുറം ആരുടെയും അത്യാഗ്രഹത്തിനും അമിതവ്യയത്തിനും വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ നിന്ന് അവനെ മതം വിലക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആനിലെ വചനങ്ങളില്‍ നിന്ന് അത് സുവ്യക്തവുമാണ്. എല്ലാവരും ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗം ക്രമീകരിക്കുമ്പോള്‍ അത് സന്തുലിതാവസ്ഥ പ്രാപിക്കുകയും മറിച്ച് അത്യാഗ്രഹത്തിനും അമിതവ്യയത്തിനും വിഭവങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുകയും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിക്കുകയും ചെയ്യും. ആത്യന്തികമായി, പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ലാതെ എല്ലാവരും ദൂഷ്യഫലങ്ങള്‍ക്ക് ഇരകളാവുകയും ചെയ്യും. മനുഷ്യന് പ്രകൃതിയോടുള്ള കടപ്പാടുകള്‍ ഇസ്ലാം വ്യക്തമായി വിവരിച്ചിട്ടുണ്ട്. അപ്പോള്‍ അതനുസരിച്ച് ജീവിക്കുക എന്നത് ഏതൊരു മുസ്ലിമിനും നിര്‍ബന്ധമായ കാര്യമാണ്. അങ്ങനെ വരുമ്പോള്‍ പ്രകൃതി സംരക്ഷണം, പരിപാലനം പോലെയുള്ള സദുദ്യമങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുസ്ലിംകള്‍ക്ക് അധിക ബാധ്യതയുണ്ട്. ഇത്തരം ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു മാതൃക സൃഷ്ടിച്ച മുസ്ലിം ഉദ്യമങ്ങളെ പരിചയപ്പെടാം:
ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ അറ്റ്‌ലാന്റിക് സമുദ്രത്തോട് ചേര്‍ന്നുകിടക്കുന്ന രാജ്യമാണ് മൊറോക്കോ. രാജ്യത്തെ പ്രമുഖ ടൂറിസ്റ്റ് പട്ടണമായ മറാകിഷില്‍ നിന്ന് ഏകദേശം നാല്പത് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ അറ്റ്‌ലസ് മലനിരകളിലെ കൊച്ചു ഗ്രാമമായ തദ്മാമത്തിലെത്താം (Tedmamet). നാനൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടത്തെ പ്രധാന തൊഴില്‍ കൃഷി തന്നെയാണ്. ബാര്‍ലിയും ആപ്പിളും ഉരുളക്കിഴങ്ങുമാണ് പ്രധാന വിളകള്‍. ഇന്റര്‍നെറ്റ് സര്‍വീസും വാഹനങ്ങളുടെ അതിപ്രസരവും വളരെ കുറവുള്ള ഒരു കൊച്ചു ഗ്രാമം. മൊറോക്കോ മുസ്ലിം രാജ്യമായതുകൊണ്ട് തന്നെ ഈ ഗ്രാമത്തിലും നല്ലൊരു ശതമാനം മുസ്ലിംകള്‍ തന്നെയാണ്. ഗ്രാമത്തിലെ ആകെയുള്ള പൊതുകെട്ടിടം ഒരു ചെറിയ പള്ളി മാത്രമാണ്. അടുത്തുണ്ടായിരുന്ന മദ്‌റസ കെട്ടിടം ശോഷിച്ച അവസ്ഥയിലാണ്. അങ്ങനെയാണ് ഊര്‍ജ്ജ സംരക്ഷണത്തിന് വേണ്ടിയുള്ള മൊറോക്കന്‍ ഗവണ്മെന്റിന്റെ പ്രത്യേകപ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമത്തിലെ മസ്ജിദ് തിരഞ്ഞെടുക്കപ്പെടുന്നത്. ജര്‍മന്‍ കോര്‍പ്പറേഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്റെ സഹായത്തോടെ മസ്ജിദ് നവീകരിക്കുകയും അതോടൊപ്പം സോളാര്‍ ഫോട്ടോവോള്‍ടൈക് പാനലുകള്‍ ഘടിപ്പിക്കുകയും ചെയ്തു. പദ്ധതി വിജയംകണ്ടതോടെ രാജ്യത്തെ അന്‍പത്തൊന്നായിരം മസ്ജിദുകളിലും ഇത്തരം സംവിധാനം ഒരുക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. പള്ളിയുടെ ആവശ്യങ്ങളായ വിളക്കുകള്‍, വാക്വം ക്ലീനര്‍, സൗണ്ട് സെറ്റിങ്സ്, മോട്ടോര്‍ തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കാനുള്ള വൈദ്യുതി സോളാര്‍ പാനലിലൂടെ ലഭിക്കുന്നതിന് പുറമെ മിച്ചംവരുന്ന വൈദ്യുതി ഗ്രാമത്തിലെ തെരുവ് വിളക്കുകള്‍ പ്രകാശിപ്പിക്കാനും ഉപയോഗിക്കുന്നു. അധികം വരുന്നത് ഗ്രിഡിലേക് പോകുന്നു. മസ്ജിദില്‍ മെച്ചപ്പെട്ട സൗകര്യം ഉണ്ടായതോടെ മദ്രസ പഠനം ഇപ്പോള്‍ പള്ളിയിലാണ് നടക്കുന്നത്. വെളിച്ചം അനുഭവിച്ചു പഠിക്കാന്‍ അവസരം ഉണ്ടായതുകൊണ്ട് ഗ്രാമത്തിലെ കുട്ടികള്‍ ഇന്ന് സന്തോഷത്തിലാണ്. നാട്ടിലെ കൃഷിയിടത്തിലേക്കുള്ള ജലസേചന പദ്ധതിയും വീടുകളും ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിക്കാനാണ് തീരുമാനം. ഊര്‍ജ്ജോത്പാദനം ധാരാളം സാമ്പത്തിക ചെലവുള്ള പ്രവര്‍ത്തനം ആയതിനാല്‍ കുറഞ്ഞ വരുമാനമുള്ള സമ്പദ്്വ്യവസ്ഥയില്‍ ചെലവ് ചുരുങ്ങിയ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് ദീര്‍ഘകാലത്തേക്ക് ഉപകാരപ്പെടും. രാജ്യത്തെ പൊതുസ്ഥാപനങ്ങളോടൊപ്പം ജനങ്ങളും ഇത്തരം കൂട്ടായ ശ്രമങ്ങളില്‍ പങ്കാളികളാകുമ്പോള്‍ രാജ്യത്തിന്റെ സമ്പദ്ഘടനക്ക് അതൊരു വലിയ മുതല്‍ക്കൂട്ടാകും. പാരീസ് ഉടമ്പടിയുടെ ഭാഗമായി രണ്ടായിരത്തിമുപ്പത് ആവുമ്പോഴേക്കും മുപ്പത്തിനാല് ശതമാനം കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാനാണ് ഗവണ്‍മെന്റ് തീരുമാനം. രാജ്യത്തെ പൊതുഇടങ്ങള്‍ എന്ന നിലക്ക് ആദ്യം മസ്ജിദുകളില്‍ നിന്ന് തുടങ്ങി മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ മസ്ജിദായ കാസബ്ലാങ്കയിലെ ഹസ്സന്‍ റ്റു (Hassan II) മസ്ജിദും മാറാകിഷിലെ ഖുതുബിയ മസ്ജിദും അടക്കം ധാരാളം മസ്ജിദുകളാണ് ഇന്ന് മൊറോക്കോയില്‍ പോസിറ്റീവ് എനര്‍ജി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ കല്‍ക്കരി, എണ്ണ , ഗ്യാസ് തുടങ്ങിയവയുടെ 97 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാല്‍ ഈ വകയില്‍ മാത്രം രാജ്യത്തിന് ധാരാളം വിദേശകറന്‍സിയും ചെലവാകുന്നു. വര്‍ഷത്തില്‍ മൂവായിരം മണിക്കൂര്‍ സൂര്യപ്രകാശം ലഭിക്കുന്ന മോറോക്കോയില്‍ ഈ പദ്ധതി നല്ല ഫലം നല്‍കും എന്നാണ് കണക്കാക്കുന്നത്. ഏതായാലും സൂര്യാസ്തമയത്തിനു ശേഷം ഇരുട്ടിലായിപ്പോകുന്ന ഒരു ഗ്രാമത്തെ പ്രകാശിപ്പിച്ച ഈ മാതൃക പ്രശംസനീയമാണ്.
ഇത്തരം മാതൃക സൃഷ്ടിച്ച വേറൊരു രാജ്യമാണ് ജോര്‍ദാന്‍. 2013ല്‍ തുടങ്ങി 2019 ആയപ്പോഴേക്കും അഞ്ഞൂറ് മസ്ജിദുകള്‍ പോസിറ്റീവ് എനര്‍ജി ഉല്പാദിപ്പിക്കുന്ന കേന്ദ്രങ്ങളാക്കി മാറ്റി. ശേഷിച്ച ആറായിരത്തി അഞ്ഞൂറ് മസ്ജിദുകളിലും ഇത്തരം സംവിധാനം ഒരുക്കാന്‍ പദ്ധതികളുമായി ഗവണ്‍മെന്റ് മുന്നോട്ടുപോകുന്നു. രാജ്യത്തെ എനര്‍ജി ആന്‍ഡ് മിനറല്‍ റിസോഴ്‌സ് മന്ത്രാലയത്തിന് കീഴില്‍ 2012 ല്‍ സ്ഥാപിതമായ ജോര്‍ദാന്‍ റിന്യൂവബിള്‍ എനര്‍ജി ആന്‍ഡ് എനര്‍ജി എഫിഷെന്‍സി ഫണ്ടിന്റെ (JREEEF) കീഴിലായാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മസ്ജിദ് അബൂഗുവൈലയിലാണ് ആദ്യമായി നടപ്പാക്കിയത്. പ്രതിമാസം 1000 ജോര്‍ദാന്‍ ദിര്‍ഹം (1400 യുഎസ് ഡോളര്‍) വൈദ്യുതി ഇനത്തില്‍ ചെലവ് വന്നിരുന്ന ഈ മസ്ജിദ് ഇന്ന് സീറോ കോസ്റ്റിലാണ് പ്രവര്‍ത്തിക്കുന്നത്. അതായത് പള്ളിക്കു വേണ്ട മുഴുവന്‍ വൈദ്യുതിയും സോളാര്‍ പാനല്‍ വഴി ഉത്പാദിപ്പിക്കുന്നു. ജോര്‍ദാനില്‍ വൈദ്യുതി ഉപയോഗം താരതമ്യേന കൂടുതലായതുകൊണ്ടുതന്നെ ഈ ഇനത്തില്‍ ചെലവും കൂടുതലാണ്. ആളുകള്‍ക്കിടയില്‍ ഇത്തരം പുതിയ മാര്‍ഗങ്ങള്‍ പരിചയപ്പെടുത്താന്‍ ഏറ്റവും നല്ല കേന്ദ്രം മസ്ജിദ് തന്നെയാണെന്ന് പദ്ധതിക്ക് മേല്‍നോട്ടം വഹിച്ച എഞ്ചിനീയര്‍ പറയുന്നു. മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇത്തരം സംവിധാനം വ്യാപിപ്പിക്കാനാണ് തീരുമാനം. ഓരോ പള്ളിയിലും പാനല്‍ സ്ഥാപിക്കാനുള്ള ചെലവിന്റെ പകുതി ക്രൗഡ് ഫണ്ടിംഗ് മുഖേന ജനങ്ങളില്‍ നിന്ന് സ്വരൂപിക്കുകയും ബാക്കി പകുതി മിനിസ്ട്രി ഓഫ് ഔഖാഫും ജെ ആര്‍ ഇ ഇ ഇ എഫും വഹിക്കുന്നു.
(തുടരും)
You must be logged in to post a comment Login