ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി കഴിഞ്ഞ ദിവസം സംസാരിച്ചത് മുമ്പത്തെ സ്വരത്തില്ല. ഇത് കേവലമൊരു ചര്‍ച്ചാവിഷയമല്ലെന്നും ഇന്ത്യയെ സംബന്ധിച്ചിടത്തോളം അനിവാര്യമായ കാര്യമാണെന്നുമാണ് ഭരണാധികാരികളുടെ അഖിലേന്ത്യാസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞത്. ലോക് സഭാ, നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകള്‍ക്ക് ഒരൊറ്റ വോട്ടര്‍പട്ടിക മതിയെന്നും പല തിരഞ്ഞെടുപ്പുകള്‍ പല സമയത്ത് നടക്കുന്നത് വിഭവശേഷിയുടെ പാഴ്ച്ചെലവിനും വികസനപ്രവര്‍ത്തനങ്ങളുടെ സ്തംഭനത്തിനും വഴിവെക്കുന്നുവെന്നും അദ്ദേഹം ആവര്‍ത്തിച്ചു. സംഘപരിവാറിന്റെ ആശയമായ കേന്ദ്രീകൃത ഏകാധിപത്യത്തിലേക്കും ‘ഒരു രാജ്യം, ഒരു സംസ്‌കാരം, ഒരു ഭാഷ’ എന്ന ഹിന്ദുത്വ മുദ്രാവാക്യത്തിലേക്കും രാജ്യത്തെ നയിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേഗമേറിയിരിക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍.
അധികാരമേറ്റതിനു പിന്നാലെ 2016ലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ഈ നിര്‍ദേശം മുന്നോട്ടുവെക്കുന്നത്. യഥാര്‍ത്ഥത്തില്‍, മോഡിയുടെ മുന്‍ഗാമികളായ എ ബി വാജ്പേയിയും എല്‍ കെ അദ്വാനിയും ഒരു ദശാബ്ദം മുമ്പേ ഈ ആവശ്യം ഉന്നയിച്ചിരുന്നു. 1983ലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരമൊരു നിര്‍ദേശം ചര്‍ച്ചയ്ക്കുവെക്കുന്നത്. തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയസ്വാധീനം നേടിത്തുടങ്ങിയതോടെ ബി ജെ പി അത് ഏറ്റെടുത്തു. എല്‍ കെ അദ്വാനിയാണ് ഈ ആശയം നടപ്പാക്കണമെന്ന് പ്രത്യക്ഷത്തില്‍ ആവശ്യപ്പെട്ട ആദ്യ രാഷ്ട്രീയനേതാവ്. 2003ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഇതേപ്പറ്റി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തി. അനുകൂലമായാണ് അന്ന് സോണിയാഗാന്ധി പ്രതികരിച്ചത്. പിന്നീട് 2010ല്‍ എല്‍ കെ അദ്വാനി ഈ വിഷയം ഉന്നയിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെയും ധനമന്ത്രി പ്രണബ് മുഖര്‍ജിയെയും കണ്ടു.
നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ വന്‍ഭൂരിപക്ഷത്തോടെ ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍വന്നപ്പോള്‍ ഇത് വെറുമൊരു ചര്‍ച്ചാവിഷയത്തിന് അപ്പുറമെത്തി. അധികാരത്തിലെത്തിയ ഉടന്‍ ഈ ആവശ്യം മുന്നോട്ടുവെച്ച മോഡി രണ്ടാമതും ഭരണം ലഭിച്ചപ്പോള്‍ പ്രായോഗിക നടപടികളിലേക്കുകൂടി കടന്നു. ആശയം നടപ്പാക്കുന്നത് പഠിക്കാന്‍ സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചു. പ്രതിപക്ഷപാര്‍ട്ടികളുടെ യോഗവും വിളിച്ചു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികള്‍ അപ്പോഴേക്ക് അപകടനം മനസ്സിലാക്കിയിരുന്നു. സര്‍വകക്ഷി യോഗത്തിലേക്ക് ക്ഷണിക്കപ്പെട്ട 40 കക്ഷികളില്‍ 21 പാര്‍ട്ടികള്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. കോണ്‍ഗ്രസിന്റെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ബി എസ് പിയുടെയും എസ് പിയുടെയും ഡി എം കെയുടെയും പ്രതിനിധികള്‍ യോഗത്തില്‍നിന്നു വിട്ടുനിന്നു. തിരഞ്ഞെടുപ്പുരീതികള്‍ മാറ്റിയുള്ള അധികാരകേന്ദ്രീകരണമാണ് ബി ജെ പി ലക്ഷ്യമിടുന്നതെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ഈ നീക്കം ഫെഡറിലസം എന്ന അടിസ്ഥാനതത്വത്തെ തകര്‍ക്കുന്നതാണെന്ന് ഇടതുപാര്‍ട്ടികള്‍ അഭിപ്രായപ്പെട്ടു.
നിയമസഭകളിലേക്കും ലോക്സഭയിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ഈ ആശയത്തിന്റെ കാതല്‍. അതുവഴി സമയവും പണവും ലാഭിക്കാമെന്നും വികസനപ്രവര്‍ത്തനങ്ങള്‍ വിഘാതമില്ലാതെ കൊണ്ടുപോകാനാവുമെന്നും അതിന്റെ അനുകൂലികള്‍ പറയുന്നു. തിരഞ്ഞെടുപ്പുകള്‍ പലസമയത്തു നടത്തുന്നതുകാരണം പൊതുഖജനാവിന് കനത്ത ബാധ്യതയുണ്ടാകുന്നുവെന്നത് വസ്തുതയാണ്. നീതി ആയോഗിന്റെ കണക്കുപ്രകാരം 2009ലെ തിരഞ്ഞെടുപ്പിന് 1115 കോടി രൂപയും 2014ലെ തിരഞ്ഞെടുപ്പിന് 3870 കോടി രൂപയുമാണ് സര്‍ക്കാര്‍ ചെലവിട്ടത്. രാഷ്ട്രീയകക്ഷികള്‍ ചെലവിടുന്ന പണം ഇതിന്റെ എത്രയോ മടങ്ങുവരും. അനൗദ്യോഗിക കണക്കനുസരിച്ച് കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിന്റെ മൊത്തം ചെലവ് 60,000 കോടി രൂപയാണ്. എവിടെയെങ്കിലുമൊക്കെ എപ്പോഴും തിരഞ്ഞെടുപ്പ് നടക്കുകയും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരികയും ചെയ്യുന്നത് ഭരണസ്തംഭനത്തിനു കാരണമാകുന്നുവെന്നും ഉദ്യോഗസ്ഥരുടെയും സുരക്ഷാഭടന്‍മാരുടെയും സമയം തിരഞ്ഞെടുപ്പു പ്രക്രിയക്കുവേണ്ടി പാഴാക്കേണ്ടിവരുന്നുവെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാക്കിയാല്‍ ഇതിനെയെല്ലാം മറികടക്കാം എന്നാണ് വാദം.
ലോക്സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ചു തിരഞ്ഞെടുപ്പു നടക്കുന്നത് ഇന്ത്യയില്‍ പുതിയ കാര്യമല്ല. സ്വതന്ത്രഇന്ത്യയില്‍ 1951ലും 52ലുമായി ആദ്യ പൊതുതിരഞ്ഞെടുപ്പു നടന്നപ്പോള്‍ സ്വാഭാവികമായും ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരുമിച്ചായിരുന്നു വോട്ടെടുപ്പ്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവത്കരിക്കപ്പെട്ടശേഷം 1957ല്‍ നടന്ന തിരഞ്ഞെടുപ്പും അങ്ങനെതന്നെയായിരുന്നു. പക്ഷേ, കേരളത്തില്‍ ആദ്യമായി അധികാരത്തില്‍വന്ന കമ്യൂണിസ്റ്റ് മന്ത്രിസഭയെ രണ്ടുവര്‍ഷം കഴിഞ്ഞ് കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടപ്പോള്‍തന്നെ ഈ പതിവ് തെറ്റി. അടുത്ത ലോക്സഭാതിരഞ്ഞെടുപ്പിനുമുമ്പ് കേരളത്തില്‍ നിയമസഭാതിരഞ്ഞെടുപ്പു നടത്തേണ്ടിവന്നു. 1962ലും 1967ലും തിരഞ്ഞെടുപ്പുകള്‍ ഏറെക്കുറെ ഒരുമിച്ചായിരുന്നു. പക്ഷേ, അപ്പോഴേക്കും ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിന്റെ അപ്രമാദിത്വം അവസാനിക്കുകയും കോണ്‍ഗ്രസ് പിളര്‍ന്നുണ്ടായ കക്ഷികള്‍ ചില സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വരികയും ചെയ്തിരുന്നു. അവയില്‍ പലതിനും കാലാവധി പൂര്‍ത്തിയാക്കാനായില്ല. 1967ല്‍ നിലവില്‍വന്ന നാലാം ലോക്സഭയ്ക്കും കാലാവധി തികയ്ക്കാനായില്ല. 1966നും 1977നുമിടയില്‍ 39തവണയാണ് വിവിധ സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത്. കേന്ദ്രത്തില്‍ ജനതാ പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ കോണ്‍ഗ്രസ് ഭരിച്ച ഒമ്പതു സംസ്ഥാനങ്ങളില്‍ രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചു. ഇതോടെ തിരഞ്ഞെടുപ്പുകളുടെ സമയക്രമം പാടേ തെറ്റി. ഇപ്പോഴത്തെ നിലയില്‍ ഇന്ത്യയില്‍ ഒരു വര്‍ഷം ശരാശരി അഞ്ചു തിരഞ്ഞെടുപ്പു നടക്കുന്നുണ്ട്. ആന്ധ്രാപ്രദേശ്, ഒഡിഷ, അരുണാചല്‍പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ മാത്രമാണ് നിലവില്‍ ലോക്സഭാതിരഞ്ഞെടുപ്പിനൊപ്പം വോട്ടെടുപ്പ് നടക്കുന്നത്.
ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമാണ് തിരഞ്ഞെടുപ്പ്. പൗരന്റെ മൗലികാവകാശമാണ് ജനാധിപത്യവകാശം. ജനാധിപത്യരാജ്യത്തിന് മൗലികാവകാശത്തിന്റെ മൂല്യത്തെ പണച്ചെലവിന്റെ അടിസ്ഥാനത്തില്‍ അളക്കാന്‍ കഴിയില്ല. പ്രായോഗികതയ്ക്കല്ല ജനഹിതത്തിനാവണം ജനാധിപത്യത്തില്‍ മുന്‍തൂക്കം ലഭിക്കേണ്ടത്. കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്ക്, ജാഗ്രതയും തിരുത്തലിനുമുള്ള അവസരം നല്‍കുന്നതാണ് ഇടയ്ക്കിടെ ഉണ്ടാകുന്ന തിരഞ്ഞെടുപ്പുകള്‍. സര്‍ക്കാരിനെയോ ജനപ്രതിനിധിയെയോ തിരിച്ചുവിളിക്കാനുള്ള അവകാശം നിലവില്‍ വോട്ടര്‍മാര്‍ക്ക് ഇല്ലാത്തതുകൊണ്ട് ഇടവിട്ട തിരഞ്ഞെടുപ്പ് ഹിതപരിശോധനയുടെ ഫലം ചെയ്യുന്നു. ഒരു തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍, ജനവികാരം പ്രകടിപ്പിക്കാന്‍ അഞ്ചുവര്‍ഷം കാത്തിരിക്കണം എന്നുവന്നാല്‍, അത് അഞ്ചുവര്‍ഷം തന്നിഷ്ടപ്രകാരം ഭരിക്കാനുള്ള അനുമതിപത്രമായി മാറും. വ്യത്യസ്ത ഘട്ടങ്ങളില്‍ തിരഞ്ഞെടുപ്പു നടക്കുമ്പോള്‍ സര്‍ക്കാരും രാഷ്ട്രീയകക്ഷികളും നിരന്തരം ജനങ്ങളുമായി ബന്ധപ്പെടാന്‍ നിര്‍ബന്ധിതരാവും. വികസനപ്രവര്‍ത്തനങ്ങളും അടിയന്തര സഹായവും സ്തംഭിക്കാതിരിക്കുന്നതിന് മാതൃകാ പെരുമാറ്റച്ചട്ടങ്ങളില്‍ വിവേചനമനുസരിച്ച് ഇളവുകളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിക്കാറുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ഒരുമിച്ചു നടത്തുന്നതില്‍ ഭരണഘടനാപരമായ പ്രശ്നങ്ങളുമുണ്ട്. ലോക്സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പു നടന്നാലും ചില സംസ്ഥാനങ്ങളിലെങ്കിലും കാലാവധിയെത്തുന്നതിനുമുമ്പ് സര്‍ക്കാരുകള്‍ നിലംപതിക്കും. അഞ്ചു വര്‍ഷം തികയുന്നതിന് മുമ്പ് അവിടെ തിരഞ്ഞെടുപ്പു നടത്തിയാല്‍ പതുക്കെ കാര്യങ്ങള്‍ ഇപ്പോഴത്തെ അവസ്ഥയിലെത്തും. ലോക്സഭയ്ക്കും നിയമസഭയ്ക്കും നിശ്ചിത കാലാവധി ഏര്‍പ്പെടുത്തുക എന്നതാണ് അതിന് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന പോംവഴി. ഇടയ്ക്ക് സര്‍ക്കാര്‍ നിലംപതിച്ചാല്‍ അവശേഷിക്കുന്ന കാലാവധിക്കു വേണ്ടി മാത്രം ഇടക്കാല തിരഞ്ഞെടുപ്പ് നടത്തുക. അതനുസരിച്ച് മൂന്നുവര്‍ഷം കഴിഞ്ഞ് നിയസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പു നടത്തേണ്ടിവന്നാല്‍ പിന്നീടു വരുന്ന നിയമസഭയ്ക്ക് രണ്ടു വര്‍ഷ കാലാവധിയേ ഉണ്ടാവൂ. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം തിരഞ്ഞെടുപ്പ് നടത്തുന്നതിന് ചില നിയമസഭകളുടെ കാലാവധി വെട്ടിക്കുറയ്ക്കുകയും ചിലതിന്റേത് ദീര്‍ഘിപ്പിക്കുകയും ചെയ്യേണ്ടിവരും. ഇതിനൊന്നും ഭരണഘടനയുടെ അനുമതിയില്ല. ഭരണഘടനയുടെ 172-ാം വകുപ്പ് അനുസരിച്ച് നിയമസഭയുടെ കാലാവധി അഞ്ചു വര്‍ഷമാണ്. നിയമസഭ പിരിച്ചുവിട്ടാല്‍ ആറുമാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തുകയും വേണം. ഇതു മറികടക്കണമെങ്കില്‍ ഭരണഘടന ഭേദഗതി ചെയ്യണം. തല്‍ക്കാലം അതിനുള്ള അംഗബലമില്ലാത്തതുകൊണ്ടാണ് സര്‍ക്കാര്‍ സമവായത്തിനു ശ്രമിക്കുന്നത്.
ഇന്ത്യയില്‍ നിലനില്‍ക്കുന്നത് ബഹുകക്ഷി സംവിധാനമാണെങ്കിലും രാജ്യം സ്വതന്ത്രമായി ആദ്യ രണ്ട് പതിറ്റാണ്ടുകാലം ഏകദേശം ഏകപാര്‍ട്ടി മേധാവിത്തമായിരുന്നു നിലനിന്നിരുന്നത്. പിന്നീട് പ്രാദേശികപാര്‍ട്ടികള്‍ വന്നു. സംസ്ഥാനതലത്തില്‍ അവ നിര്‍ണായകശക്തിയായി മാറുകയും ചെയ്തു. കൂട്ടുകക്ഷി ഭരണസമ്പ്രദായം നിലവില്‍ വരികയും ദേശീയപാര്‍ട്ടികള്‍ ക്ഷയിക്കുകയും ചെയ്തു. ഭരണസ്ഥിരത കുറഞ്ഞെങ്കിലും ജനാധിപത്യത്തിന്റെ പുഷ്‌കലകാലമായി ഇതിനെ വിലയിരുത്തുന്നവരുണ്ട്. 1990കള്‍ക്ക് ശേഷം മറ്റൊരു രാഷ്ട്രീയഗതി ഇന്ത്യന്‍ രാഷ്ട്രീയത്തെ പുതിയ ദിശയിലേക്ക് നയിച്ചു. പടിപടിയായി ബിജെപി വളര്‍ന്നു. നിലവിലെ രാഷ്ട്രീയസാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് ഏകീകരണത്തിലൂടെ രാഷ്ട്രീയ മേല്‍ക്കൈ നേടാന്‍ ബി ജെ പിക്ക് കഴിയും. കോണ്‍ഗ്രസ് മുക്ത ഭാരതം, ഏകകക്ഷി ഭരണം എന്നിവ ലക്ഷ്യമിടുന്ന ബി ജെ പിക്ക് തടസ്സമാകുന്നത് പ്രാദേശികപാര്‍ട്ടികളാണ്. ലോക്സഭയില്‍ ബി ജെ പിക്ക് മൃഗീയ ഭൂരിപക്ഷം കിട്ടിയെങ്കിലും പല സംസ്ഥാനങ്ങളിലും പ്രാദേശിക കക്ഷികളാണ് ഭരിക്കുന്നത്. തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചുനടക്കുന്നതോടെ പ്രാദേശിക കക്ഷികള്‍ ഏറെക്കുറെ ഉന്‍മൂലനം ചെയ്യപ്പെടും. കേന്ദ്രം ഭരിക്കുന്നവര്‍ തന്നെ സംസ്ഥാനങ്ങളിലും അധികാരത്തില്‍ വരും. രാജ്യം ഏകാധിപത്യത്തിലേക്കും സ്വേച്ഛാധിപത്യത്തിലേക്കും നീങ്ങും. ഒരു ദേശം, ഒരു ഭാഷ, ഒരു സംസ്‌കാരം എന്ന ഏകശിലാ രാജ്യമായി ഇന്ത്യ മാറും.
നിയമസഭയിലേക്കും ലോക്സഭയിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പു നടന്നാല്‍, കേന്ദ്രത്തിലും മിക്ക സംസ്ഥാനങ്ങളിലും ഒരേ കക്ഷി തന്നെ വിജയിക്കാനാണ് സാധ്യത. അതോടെ രാജ്യസഭ എന്ന ആശയം തന്നെ അപ്രസക്തമാകും. വന്‍ഭൂരിപക്ഷത്തിന് രണ്ടാംതവണ അധികാരത്തിലേറിയിട്ടും ബിജെപിക്ക് രാജ്യസഭയില്‍ വ്യക്തമായ ഭൂരിപക്ഷം കിട്ടിയിട്ടില്ല. ശക്തമായ പ്രതിപക്ഷമാണ് ലോക്സഭയില്‍ നിന്ന് രാജ്യസഭയെ വ്യത്യസ്തമാക്കുന്നത്. വൈവിധ്യങ്ങള്‍ നിറഞ്ഞ ഇന്ത്യയുടെ സാംസ്‌കാരിക ഭൂമിശാസ്ത്ര ഘടനയുടെ അടിസ്ഥാനത്തില്‍ രണ്ടുവര്‍ഷം കൂടുമ്പോള്‍ മൂന്നിലൊന്ന് അംഗങ്ങള്‍ മാറിവരുന്ന രീതിയില്‍ രാജ്യസഭയുടെ ഘടന വിഭാവനം ചെയ്തതുതന്നെ വിവിധ മേഖലകളിലെ, വിവിധ കാലങ്ങളിലെ ജനാഭിലാഷങ്ങളെ ഭരണകൂടം മുഖവിലയ്ക്ക് എടുക്കണം എന്നതുകൊണ്ടുകൂടിയാണ്. ഇന്ത്യ എന്ന ദേശീയത നിലനില്‍ക്കുന്നത് രാജ്യത്തെ വൈവിധ്യങ്ങള്‍ക്ക് മുകളിലാണ്. എല്ലാ സംസ്ഥാനങ്ങളിലും പ്രാദേശിക സ്വത്വബോധം നിലനിര്‍ത്തുമ്പോള്‍ തന്നെ ഇന്ത്യ എന്ന ദേശീയതയെ അംഗീകരിക്കുന്നതിലാണ് രാജ്യത്തിന്റെ വിജയം. ഈ വൈവിധ്യങ്ങളെയെല്ലാം തച്ചുടച്ച് കൊണ്ട് ഒരു ഏകശിലാ രാജ്യമാക്കി ഇന്ത്യയെ മാറ്റിയെടുക്കുകയെന്നതാണ് സംഘപരിവാറിന്റെ ലക്ഷ്യം. അതിലേക്കുള്ള സുപ്രധാന ചുവടുവെപ്പായിരിക്കും ഒറ്റത്തിരഞ്ഞെടുപ്പ്.
പ്രസിഡന്‍ഷ്യല്‍ ഭരണരീതി നിലവിലുള്ള രാജ്യങ്ങളിലെ തിരഞ്ഞെടുപ്പിന് സമാനമായി മോഡി എന്ന ഒരൊറ്റ നേതാവിനെ മുന്‍നിര്‍ത്തിയാണ് ബി ജെ പി കഴിഞ്ഞ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അമേരിക്കയിലുള്ളതുപോലെയുള്ള പ്രസിഡന്‍ഷ്യല്‍ രീതിയോടുള്ള ആരാധന അവര്‍ മറച്ചുവെച്ചിട്ടില്ല. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തിന് ഉദാഹരണമായി ബി ജെ പി ചൂണ്ടിക്കാണിക്കുന്നത് അമേരിക്കയെയാണ്. എന്നാല്‍, അമേരിക്കയില്‍ യഥാര്‍ത്ഥത്തില്‍ ഒരൊറ്റ തിരഞ്ഞെടുപ്പല്ല ഉള്ളതെന്ന് ദ പ്രിന്റില്‍ എഴുതിയ ലേഖനത്തില്‍ പ്രവീണ്‍ ചക്രവര്‍ത്തി ചൂണ്ടിക്കാണിക്കുന്നു. പ്രസിഡന്‍ഷ്യല്‍ ഭരണരീതിയാണെങ്കിലും ഏകീകൃത തിരഞ്ഞെടുപ്പുനിയമമോ സംവിധാനമോ തിരഞ്ഞെടുപ്പില്‍ അന്തിമ തീര്‍പ്പു കല്‍പിക്കാന്‍ തിരഞ്ഞെടുപ്പു കമ്മീഷനോ അവിടെയില്ല. യു എസിലെ ഏറ്റവും വലിയ സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ തിരിച്ചറിയല്‍ കാര്‍ഡ് ഒന്നുമില്ലാതെ വോട്ടു ചെയ്യാം. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്കേ വിസ്‌കണ്‍സിന്‍ സംസ്ഥാനത്ത് വോട്ടു ചെയ്യാനാവൂ. അരിസോണയില്‍ തിരിച്ചറിയല്‍ കാര്‍ഡു വേണം, പക്ഷേ, അതില്‍ ഫോട്ടോ വേണമെന്നില്ല. 50 സംസ്ഥാനങ്ങളില്‍ 50 തിരഞ്ഞെടുപ്പു രീതികളാണ്. 50 വ്യത്യസ്ത തിരഞ്ഞെടുപ്പു പ്രക്രിയയാണ്. ലോകം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പായിട്ടും അതിനൊരു ഏകീകൃത ചട്ടമുണ്ടാക്കണമെന്നുപോലും അമേരിക്കക്കാര്‍ക്ക് തോന്നിയിട്ടില്ല. അങ്ങനെ ചെയ്താല്‍ ദുര്‍ബലമാവുക ജനാധിപത്യമാണെന്ന് അവര്‍ കരുതുന്നു.
എസ് കുമാര്‍
You must be logged in to post a comment Login