‘Don’t Lay Your Liberties at the Feet of Even a Great Man’: Anindita Sanyal
ജെസ്യൂട്ട് ക്രിസ്ത്യന്‍ സഭയിലെ മതപുരോഹിതരെ കുറിച്ച് ചരിത്രവിദ്യാര്‍ഥികള്‍ പഠിക്കുന്നത് മുഗള്‍ കൊട്ടാരത്തിലെത്തിയ വിദേശ അതിഥികള്‍ക്ക് അക്ബര്‍ ചക്രവര്‍ത്തിയും മറ്റും നല്‍കിയ വരവേല്‍പിനെ കുറിച്ച് വായിക്കുമ്പോഴാണ്. നൂറ്റാണ്ടുകളായി ഇവിടെ ജനസേവനവും സുവിശേഷ ദൗത്യവുമായി ജീവിക്കുന്ന അനേകായിരം ജെസ്യൂട്ട് മിഷനറിമാരില്‍ ഒരാളായ സ്റ്റാന്‍ സ്വാമി എന്ന ജെസ്യൂട്ട് പാതിരി ഇപ്പോള്‍ രാജ്യ മനഃസാക്ഷിക്കുമുന്നിലെ ചോദ്യചിഹ്നമാണ്. എന്നല്ല, ലോകത്തിന്റെ തന്നെ ചര്‍ച്ചാവിഷയമാണ്. ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്നാണ് 83കാരനായ ഈ വയോവൃദ്ധനെ ഇക്കഴിഞ്ഞ ഒക്ടോബറില്‍ അറസ്റ്റ് ചെയ്തത്, ഭീമ – കൊറേഗാവ് കേസില്‍ പ്രതിയാണെന്ന കുറ്റം ചുമത്തിയാണ്. 2018ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമ- കൊറേഗാവ് ഗ്രാമത്തില്‍, 200വര്‍ഷം മുമ്പ് ദളിതര്‍ നടത്തിയ ധീരമായ ബ്രിട്ടീഷ് വിരുദ്ധ ചെറുത്തുനില്‍പിന്റെ ഓര്‍മകള്‍ അയവിറക്കിയ സംഗമത്തില്‍ പങ്കെടുത്തതാണ് യു എ പി എ കരിനിയമമനുസരിച്ച് സ്റ്റാന്‍ സ്വാമി അടക്കമുള്ള ഒട്ടനവധി മനുഷ്യാവകാശ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും ‘ഭീകര’മുദ്ര ചാര്‍ത്തപ്പെടാന്‍ കാരണം. പാര്‍ക്കിന്‍സണ്‍സ് രോഗം പിടിപെട്ട സ്വാമിക്ക് പരസഹായമില്ലാതെ ഒരു ഗ്ലാസ് വെള്ളം കുടിക്കാന്‍ സാധിക്കില്ല. അറസ്റ്റ് ചെയ്യുന്ന സമയത്ത് അദ്ദേഹത്തിന്റെ കൈയിലുള്ള സഞ്ചിയില്‍ തൂവാതെ വെള്ളം കുടിക്കാവുന്ന സ്‌ട്രോയും സിപ്പര്‍ കപ്പും ഉണ്ടായിരുന്നു. അത് ജയിലിനകത്തേക്ക് കയറ്റിയില്ല. കൈവിറച്ചിട്ട് വെള്ളം കുടിക്കാന്‍ കഴിയാത്ത തനിക്ക് അത് വിട്ടുതരണമെന്ന് ജയില്‍ അധികൃതരോട് കേണപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. വിഷയം കോടതിയില്‍ പറഞ്ഞു. കോടതി കേസന്വേഷിക്കുന്ന എന്‍ ഐ എയോട് ഇക്കാര്യം ചോദിച്ചു. അവരത് നിഷേധിച്ചു. മൂന്നു ആഴ്ചക്ക് ശേഷമാണ് ഈ നിഷേധ മറുപടി അവര്‍ നല്‍കിയത്. 20ദിവസം കൂടി കിട്ടിയാല്‍ മറ്റൊരു സ്‌ട്രോയും സിപ്പറും ചൂടുകുപ്പായവുമൊക്കെ എത്തിക്കുന്ന കാര്യം പരിഗണിക്കാമെന്നാണ് എന്‍ ഐ എ മറുപടി നല്‍കിയത്. മൂന്നുതവണ ജയിലില്‍ കുഴഞ്ഞുവീണ ആ വയോവൃദ്ധന്റെ ആകുലതകളെ കുറിച്ച് തെല്ലും ആധിയില്ലാത്ത നീതിപീഠം അതുപ്രകാരം കേസ് ഡിസംബര്‍ നാലിലേക്ക് മാറ്റി.
കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വരവരറാവുവാണ് ഭീമ- കൊറേഗാവ് സംഭവത്തിന്റെ പേരില്‍ ജയിലില്‍ കഴിയുന്ന മറ്റൊരു വയോധികന്‍. 81കാരനായ റാവുവിനെ അറസ്റ്റ് ചെയ്തത് ഭീമ- കൊറേഗാവ് പരിപാടിയുടെ സംഘാടകരായ എല്‍ഗാര്‍ പരിഷത്തിന്റെ നേതാവ് എന്ന നിലയിലാണ്. തെലങ്കാന പ്രക്ഷോഭത്തിലും മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളിലും പെട്ട് നിരവധി തവണ തുറുങ്കിലടക്കപ്പെട്ട ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പല തവണ തള്ളപ്പെടുകയായിരുന്നു. 2017 ഡിസംബര്‍ 31ന് എല്‍ഗാര്‍ പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിലെ പ്രസംഗങ്ങളാണ് പിറ്റേന്നത്തെ അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമെന്ന് പറഞ്ഞാണ് യു എ പി എ ചുമത്തി അനിശ്ചിതകാല ജയില്‍ജീവിതത്തിന് കൊണ്ടുപോയത്. ദളിത്- ആദിവാസി വിഭാഗത്തില്‍നിന്ന് ഉണര്‍വിന്റെയും ചെറുത്തുനില്‍പിന്റെയും അനക്കമുണ്ടാവാന്‍ പാടില്ല എന്നാണ് സവര്‍ണ ഫാഷിസ്റ്റുകള്‍ ശഠിക്കുന്നത്. അംബേദ്കറുടെ ചെറുമകളുടെ ഭര്‍ത്താവും അക്കാദമിഷ്യനുമായ ആനന്ദ് തെല്‍തുംബ്‌ഡെയെ ജയിലിലടച്ചതും സംഘ്പരിവാറിന്റേതില്‍നിന്ന് ഭിന്നമായ ചിന്താധാര വളരാന്‍ പാടില്ല എന്ന തീരുമാനത്തോടെയാണ്. ഹിന്ദുത്വയെ സാമൂഹികതലത്തിലും സാമ്പത്തികതലത്തിലും പൊരുതിത്തോല്‍പിക്കണമെന്ന് വാദിക്കുന്ന അംബേദ്കറുടെ ശക്തനായ അനുയായിയോട് കൊവിഡ് കാലഘട്ടത്തില്‍ പോലും ദയാദാക്ഷിണ്യം കാണിക്കാന്‍ മോഡി ഭരണകൂടവും സര്‍ക്കാര്‍ അജണ്ട നടപ്പാക്കുന്ന നീതിന്യായ വ്യവസ്ഥയും തയാറാവാതിരുന്നത് അധഃസ്ഥിതരുടെ ഉയിര്‍ത്തെഴുന്നേല്‍പ് മുളയിലേ നുള്ളണം എന്ന വാശിയിലാണ്. എല്‍ഗാര്‍ പരിഷത്തിന്റെ പരിപാടിയില്‍ ആനന്ദ് പങ്കെടുക്കുക പോലുമുണ്ടായിട്ടില്ല. പക്ഷേ, ആര്‍ എസ് എസ് നേരത്തേ ഗോവ യൂനിവേഴ്‌സിറ്റിയിലെ ഈ മാനേജ്‌മെന്റ് സ്റ്റഡീസ് അധ്യാപകനെ കണ്ടുവെച്ചിരുന്നു. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം നടത്തിയവരെയും ആ സ്മരണ പുതുക്കുന്നവരെയും ആര്‍ എസ് എസ് ഇഷ്ടപ്പെടാതിരിക്കാന്‍ കാരണം, ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്ത പാരമ്പര്യത്തില്‍ അഭിരമിക്കുന്നവരായതുകൊണ്ടാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം അതിന്റെ പാരമ്യതയിലെത്തിയ ഘട്ടത്തില്‍ പോലും ആര്‍ എസ് എസ് ദ്വിതീയ സര്‍സംഘ്ചാലക് എം എസ് ഗോള്‍വാള്‍ക്കര്‍ പോരാട്ടം നടത്തേണ്ടത് ആരോടാണെന്ന് ഓര്‍മിപ്പിക്കുന്നുണ്ട്: ”ഹിന്ദു സഹോദരങ്ങളേ; ബ്രിട്ടീഷുകാരുമായി യുദ്ധം ചെയ്ത് നിങ്ങളുടെ ഊര്‍ജം പാഴാക്കരുത്. ആഭ്യന്തര ശത്രുക്കളായ മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും കമ്യുണിസ്റ്റുകാര്‍ക്കുമെതിരെ പോരാടുന്നതിന് ഊര്‍ജം കരുതിവെക്കുക.” എല്‍ഗാര്‍ പരിഷതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരെ ‘നഗരനക്‌സലുകള്‍’ എന്ന് വിളിച്ചു അപമാനിക്കാന്‍ ശ്രമിച്ചു. ഭരണകൂട ഭീകരത തിടംവെച്ചാടിയപ്പോള്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും ഇടതുചിന്താഗതിക്കാരുമല്ലാതെ, മുഖ്യധാരാ പാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കും ഇതൊന്നും ഗൗരവപ്പെട്ട വിഷയമായി തോന്നിയില്ല. ‘പുതിയ ഇന്ത്യ’ അഭിമുഖീകരിക്കുന്ന മുഖ്യപ്രതിസന്ധി ഇതാണെന്ന് ദിനേന കെട്ടഴിഞ്ഞുവീഴുന്ന മനുഷ്യാവകാശലംഘനങ്ങളും ഭരണകൂട ഭീകരതയും വിളിച്ചുപറയുന്നു. ഭരണകൂടത്തിന്റെ ആഗ്രഹാഭിലാഷങ്ങളും രാഷ്ട്രീയ അജണ്ടകളും നടപ്പാക്കുന്ന ഏജന്‍സികളായി ഭരണഘടനാ സ്ഥാപനങ്ങള്‍ അധഃപതിക്കുമ്പോഴുള്ള മൂല്യച്യുതിയാണ് നമ്മുടെ നാട് നേരിടുന്ന മുഖ്യപ്രതിസന്ധി.
അര്‍ണബിന് ഉദാരത
നിയമം ഏത് രീതിയില്‍ വളച്ചൊടിക്കണമെന്നും വ്യാഖ്യാനിക്കണമെന്നും ജുഡീഷ്യറി ഉന്നതതലങ്ങളില്‍ തന്നെ മുമ്പൊരിക്കലുമില്ലാത്ത വിധം നിശ്ചയിച്ചുറപ്പിച്ചപോലെയുണ്ട്. മൗലികാവകാശങ്ങളെ കുറിച്ചുള്ള ഇതഃപര്യന്ത കാഴ്ചപ്പാടുകളെ തകര്‍ത്തുകൊണ്ടുള്ള തീരുമാനങ്ങളിലേക്ക് ഭരണകൂടവും ജുഡീഷ്യറിയും എത്തിപ്പെടാന്‍ കാരണമതാണ്. സ്റ്റാന്‍സ്വാമിയും വരവരറാവുവും ആനന്ദ് തെല്‍തുംബ്‌ഡെയും പ്രായത്തിന്റെയും രോഗാതുരതയുടെയും സകല ദുരിതങ്ങള്‍ക്കിടയിലും, കൊവിഡ് കാലത്ത് പ്രഖ്യാപിച്ച സകല ഇളവുകളും നിഷേധിക്കപ്പെട്ട് ഹിന്ദുത്വയുടെ ക്രൗര്യങ്ങള്‍ക്ക് ഇരയായി ജീവിക്കുമ്പോള്‍, അര്‍ണബ് ഗോസ്വാമിയെ പോലുള്ളവരുടെ മുന്നില്‍ ജുഡീഷ്യറി കാണിക്കുന്ന ഉദാരത ഞെട്ടിക്കുന്നു. റിപ്പബ്ലക് ടിവിയിലൂടെ, രാജ്യത്തിന്റെ മാധ്യമപ്രര്‍ത്തന പാരമ്പര്യത്തെ തച്ചുടച്ച അര്‍ണബ് ഗോസ്വാമിക്ക് മഹാരാഷ്ട്ര ഹൈകോടതി ജാമ്യം നിഷേധിച്ചപ്പോള്‍ അത് റദ്ദാക്കി പരമോന്നത നീതീപീഠം പ്രകടിപ്പിച്ച ഉദാരത കാണുമ്പോള്‍ വീണ്ടും ചോദിക്കാം; നിയമത്തിന് മുന്നില്‍ എത്രതരം പൗരന്മാരാണ് എന്ന്.
ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കുന്ന വിഷയത്തില്‍ സുപ്രീംകോടതി പരാജയം സമ്മതിച്ച മട്ടാണ്. ഭൂരിപക്ഷാധിപത്യത്തിനു മുന്നില്‍ കീഴടങ്ങുന്ന അവസ്ഥ ദയനീയമാണ്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി ജുഡീഷ്യറിയെ നിഷ്പ്രഭമാക്കാന്‍ ശ്രമിച്ചത് ജഡ്ജിമാരെ പല നിലക്കും സ്വാധീനിച്ചും (ഉദാ: നിയമനങ്ങളില്‍ ഇടങ്കോലിട്ടുകൊണ്ട് ) ജുഡീഷ്യറിയുടെ അധികാരപരിധികള്‍ വെട്ടിക്കുറക്കാന്‍ ഭരണഘടനാ ഭേദഗതികള്‍ കൊണ്ടുവന്നുമാണ്. മോഡിയുടെ കാലത്ത് അത്തരത്തിലുള്ള നീക്കങ്ങള്‍ക്ക് പകരം, ജുഡീഷ്യറി രാഷ്ട്രീയാന്തരീക്ഷം മണത്തറിഞ്ഞ് ഭരണകൂട ഇംഗിതങ്ങള്‍ക്കൊത്ത് ഹിന്ദുത്വ അജണ്ടക്കനുസൃതമായി നിയമം വ്യാഖ്യാനിക്കുകയും തീര്‍പ്പുകള്‍ കല്‍പിക്കുകയുമാണ്. പൊതുസമൂഹം ഈ ദുഷ്പ്രവണത സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്ന് കോടതി മനസ്സിലാക്കുന്നില്ല. ലോകത്തിലെ ഏറ്റവും ബലിഷ്ഠമായ ന്യായാസനമായാണ് സുപ്രീംകോടതി വിശേഷിപ്പിക്കപ്പെടാറ്. ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ പരമോന്നത നീതിപീഠം പ്രദര്‍ശിപ്പിക്കുന്ന ഔല്‍സുക്യം, അടിസ്ഥാന ചട്ടക്കൂടിന് (Basic Structure ) ഊനം തട്ടാന്‍ പാടില്ല എന്ന നിഷ്‌ക്കര്‍ഷത, പൊതുതാല്‍പര്യഹരജികളിലൂടെ പൗരാവകാശങ്ങള്‍ പരിരക്ഷിക്കപ്പെടുന്ന സംവിധാനം- എന്നിവയെല്ലാമാണ് ഇന്ത്യന്‍ ജുഡീഷ്യറിയുടെ യശസ്സ്. മൗലിക ചട്ടക്കൂടിനെ കുറിച്ചുള്ള സുചിന്തിത കാഴ്ചപ്പാട് ജുഡീഷ്യല്‍ റിവ്യൂ എന്ന ആശയത്തെ കൂടുതല്‍ ശക്തമായ വിതാനത്തിലെത്തിക്കുകയും ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമായ നിയമനിര്‍മാണങ്ങളെ തള്ളിക്കളയുന്ന കീഴ്്വഴക്കങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. അവിടെനിന്നെല്ലാം കോടതി താഴോട്ടേക്കിറങ്ങി. ഇപ്പോള്‍ വിധി പറയുമ്പോള്‍ ഭരണാധികാരിയുടെ മുഖം മനസ്സില്‍ കാണുന്ന തരത്തിലേക്ക് കോടതി വഴുതിവീണുപോവുകയാണോ?
കശ്മീരില്‍ എണ്ണമറ്റ നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും ജയിലില്‍ തുടരുമ്പോള്‍ അവര്‍ക്കുവേണ്ടി സമര്‍പ്പിക്കുന്ന ഹേബിയസ് കോര്‍പ്പസ് റിട്ട് ഹരജികള്‍ പരിഗണിക്കാന്‍ പോലും കോടതി വിമുഖത കാട്ടുന്ന ഒരവസ്ഥ. അതേസമയം, അര്‍ണബ് ഗോസ്വാമിയെ പോലുള്ള ‘വേണ്ടപ്പെട്ടവരു’ടെ കാര്യം വരുമ്പോള്‍ സുപ്രീംകോടതി പോലും പ്രദര്‍ശിപ്പിക്കുന്ന അമിതാവേശം നിയമവ്യവസ്ഥയുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നു. രണ്ട് പേരുടെ ആത്മഹത്യക്ക് പ്രേരണയായ കുറ്റം ചുമത്തി നവംബര്‍ നാലിന് മഹാരാഷ്ട്ര പൊലീസ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തപ്പോഴേക്കും മോഡി ഭരണകൂടം ആ നടപടിയെ ചോദ്യം ചെയ്തു. നവംബര്‍ 11ന് സുപ്രീംകോടതി പ്രത്യേക സിറ്റിംഗ് നടത്തിയാണ് അര്‍ണബിന് ജാമ്യം നല്‍കുന്നത്. രാജ്യം വളരെ പ്രതീക്ഷയര്‍പ്പിച്ച ന്യായാധിപരില്‍ ഒരാളായ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ പതിവിന് വിപരീതമായ മുഖമാണ് അന്ന് കാണാന്‍ കഴിഞ്ഞത്. ഇത്തരം കേസുകളില്‍ സുപ്രീംകോടതി ഇടപെട്ടില്ലെങ്കില്‍ രാജ്യം നാശത്തിന്റെ വഴിയിലൂടെയായിരിക്കും സഞ്ചരിക്കുക എന്ന് പറഞ്ഞാണ് അര്‍ണബിനെ മോചിപ്പിക്കുന്നത്. രണ്ടുദിവസം മുമ്പ് ബോംബെ ഹൈക്കോടതി ജാമ്യം നിഷേധിച്ചതാണ്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ സെഷന്‍സ് കോടതിയുടെ മുമ്പാകെയുണ്ട് താനും. സുപ്രീംകോടതി ജാമ്യം അനുവദിക്കേണ്ട താമസം അര്‍ണബ് മുംബൈ തലോജ ജയിലില്‍നിന്ന് അന്ന് തന്നെ പുറത്തിറങ്ങി. അതേസമയം, രണ്ടുദിവസം മുമ്പ് മലയാളിയായ സിദ്ദീഖ് കാപ്പന്റെ കേസ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ മുന്നിലെത്തിയപ്പോള്‍ പറഞ്ഞത്; ഭരണഘടനയുടെ 32ാം അനുച്ഛേദപ്രകാരമുള്ള റിട്ട് ഹര്‍ജികള്‍ നിരുല്‍സാഹപ്പെടുത്തുന്നതിനെ കുറിച്ച് സുപ്രീംകോടതി ആലോചിക്കുന്നുണ്ടെന്നാണ്. 32ാം അനുച്ഛേദം പൗരന്റെ മൗലികാവകാശം സംരക്ഷിക്കാനുള്ളതാണ്. സര്‍ക്കാര്‍ പൗരാവകാശത്തിന്മേല്‍ കടന്നുകയറുമ്പോള്‍ അത് തടയാനും അന്തസ്സാര്‍ന്ന ജീവിതം ഉറപ്പാക്കാനുമുള്ള സുചിന്തിതമായ ഉപാധിയാണതെന്ന് ബാബാസാഹിബ് അംബേദ്കര്‍ ഓര്‍മപ്പെടുത്തിയതാണ്. ഹാഥ്‌റസില്‍ ദളിത് യുവതി ക്രൂരമായ ബലാല്‍സംഗത്തിനു ശേഷം കൊല്ലപ്പെടുകയും യോഗി ഭരണകൂടം രായ്ക്കുരാമാനം ജഡം കത്തിച്ചുകളഞ്ഞ് തെളിവുകള്‍ നശിപ്പിക്കുകയും ചെയ്ത ശപ്തയാമത്തില്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്ന വഴിക്കാണ് ഡല്‍ഹി മലയാളി ജേര്‍ണലിസ്റ്റ് യൂണിയന്‍ സെക്രട്ടറി കൂടിയായ സിദ്ദീഖിനെ പൊലീസ് അറസ്റ്റ്‌ചെയ്തു ജയിലലടക്കുന്നത്. ഗോസ്വാമിയെ പോലെ മാധ്യമപ്രവര്‍ത്തകനാണ് സിദ്ദീഖും. സവര്‍ണനും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഉപാസകനുമായ അര്‍ണബിന് മോഡിയുടെ പുതിയ ഇന്ത്യയില്‍ ലഭിക്കുന്ന മുന്തിയ പരിഗണനയും ഭരണകൂട തലോടലും സിദ്ദീഖിന് ഒരിക്കലും കിട്ടില്ലെന്ന് സുപ്രീംകോടതി പോലും ശരിവെക്കുകയാണ്. പൗരസമത്വം ഉദ്‌ഘോഷിക്കുന്ന ജനാധിപത്യ ക്രമത്തെ ഏതുവിധമാണ് ഭൂരിപക്ഷാധിപത്യ, ഫാഷിസ്റ്റ് വ്യവസ്ഥിതിയാക്കി മാറ്റുന്നത്? മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് അസംബ്ലി സെക്രട്ടറി അര്‍ണബ് ഗോസ്വാമിക്ക് അവകാശലംഘനത്തിന് നോട്ടീസ് അയച്ചപ്പോള്‍ , ഇതേ ചീഫ് ജസ്റ്റിസ് ബോബ്‌ഡെ 32-ാം ഖണ്ഡികയെ കുറിച്ചാണ് സംസാരിച്ചത്! ആ ഭരണഘടനാവ്യവസ്ഥ തന്നെ മൗലികാവകാശമാണെന്ന് ഓര്‍മപ്പിക്കാനും മറന്നില്ല. മഹാരാഷ്ട്ര അസംബ്ലി സെക്രട്ടറിയുടെ കത്ത് സുപ്രീംകോടതിയെ സമീപിക്കുന്നത് തടയാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് അര്‍ണബ് ബോധിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍, ചീഫ് ജസ്റ്റിസ് ക്ഷുഭിതനായി ചോദിച്ചു; അയാള്‍ക്ക്(അസംബ്ലി സെക്രട്ടറി)എവിടുന്നാണ് അതിന് ധൈര്യം വന്നതെന്ന്? കോടതിലക്ഷ്യത്തിന് നോട്ടീസയക്കാനും മറന്നില്ല. ഗോസ്വാമിയോടുള്ള കോടതിയുടെ ഈ വിധേയത്വം കണ്ട് ധര്‍മരോഷം പൂണ്ട കാര്‍ട്ടൂണിസ്റ്റും കോമഡിയനുമായ കുനാല്‍ കംറ ട്വിറ്ററിലൂടെ അഭിപ്രായപ്രകടനം നടത്തിയപ്പോള്‍ അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യത്തിന് നടപടി എടുക്കണമെന്ന് ആര്‍ എസ് എസുകാര്‍ ബഹളം വെച്ചു. നുറുകണക്കിന് വിചാരണത്തടവുകാര്‍ ജയിലില്‍ നരക ജീവിതം നയിക്കുമ്പോള്‍ ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാത്ത കോടതി ഫാസ്റ്റ് ട്രാക്കിലൂടെ ഗോസ്വാമിയെ രക്ഷിച്ചെടുക്കാന്‍ ശ്രമിച്ചതിനെ വിമര്‍ശിച്ചത് ഹിന്ദുത്വലോബിക്ക് രസിച്ചില്ല. ഏതാനും അഭിഭാഷകരും നിയമവിദ്യാര്‍ഥികളുമാണ് കോടതിയലക്ഷ്യ നടപടിക്കായി സുപ്രീംകോടതിയെ സമീപിച്ചത്. ട്വീറ്റുകള്‍ പിന്‍വലിക്കാനോ മാപ്പ് പറയാനോ താന്‍ തയാറല്ല എന്ന കുനാല്‍ കംറയുടെ നിലപാട് പ്രശാന്ത് ഭൂഷണും ഉന്നത നീതിപീഠവും തമ്മില്‍ നടന്ന വടംവലിയുടെ രണ്ടാം അധ്യായത്തിന് വഴി തുറക്കുകയാണ്.
നാശത്തിലേക്ക്
1949 നവംബര്‍ 25ന് ഭരണഘടനാ നിര്‍മാണ സഭയില്‍ ഡ്രാഫ്റ്റിങ് കമ്മിറ്റി അധ്യക്ഷനായ ബാബാ സാഹിബ് അംബേദ്കര്‍ അംഗങ്ങളെ ഒരുകാര്യമോര്‍പ്പിച്ചു:
”We must observe the caution which John Stuart Mill has given to all who are interested in the maintenance of democracy, namely, not ‘to lay their liberties at the feet of even a great man, or to trust him with powers which enable him to subvert their institutions’- ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ നമ്മള്‍ ജോണ്‍ സ്റ്റുവാര്‍ട്ട് മില്ലിന്റെ മുന്നറിയിപ്പ് എന്നും ഓര്‍മയില്‍ വെക്കണം. എത്ര മഹാനായ മനുഷ്യനായാലും ശരി നമ്മുടെ സ്വാതന്ത്ര്യം അത്തരക്കാരുടെ കാല്‍ക്കല്‍ വെക്കാന്‍ പാടില്ല. ജനാധിപത്യക്രമത്തെ അട്ടിമറിക്കാന്‍ സൗകര്യം ചെയ്യുന്ന വിധത്തില്‍ അധികാരങ്ങള്‍ വകവെച്ചുകൊടുക്കാനും പാടില്ല. ഇന്ന് ‘പുതിയ ഇന്ത്യ’യില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്. ഈ ഘട്ടത്തില്‍ നിശബ്ദരായിരിക്കുക മഹാഅപരാധമായിരിക്കും!
Kasim Irikkoor
You must be logged in to post a comment Login