സമരമുദ്രയായി ചരിത്രത്തിലേക്ക് കയറുന്ന ചില ചിത്രങ്ങളുണ്ട്. ഒക്ടോബര്‍ വിപ്ലവത്തിലെ ലെനിന്‍ അതിലൊന്നാണ്. ആ ചിത്രത്തെ ഓര്‍ക്കുക. അത്ര കരുത്തന്‍ രൂപമല്ല വ്‌ലാദിമിര്‍ ലെനിന്റേത്. ലെനിന്‍ വിരല്‍ ചൂണ്ടുകയാണ്. സാര്‍ ഭരണകൂടമാണ് അന്ന് റഷ്യയില്‍. സ്വേച്ഛാധിപത്യത്തിന്റെ സകലകുടിലതകളും പേറുന്ന ഉഗ്രരൂപികള്‍. എതിര്‍വാക്കില്ലാത്ത വിധം പടര്‍ന്ന സാമ്രാജ്യം. സാര്‍ കുലങ്ങളുടെ ക്രൂരചെയ്തികളെക്കുറിച്ചുള്ള പാട്ടുകളും കഥകളും റഷ്യക്ക് മേല്‍ ഭീതിയുടെ പെരുംകംബളം പുതപ്പിച്ച നാളുകള്‍. അവിടേക്കാണ് അതിന് മുന്‍പ് ലോകം ഒട്ടും തന്നെ ചെവികൊടുത്തിട്ടില്ലാത്ത ഒരു മനുഷ്യനും അത്ര വലുതല്ലാത്ത സംഘവും വിരല്‍ ചൂണ്ടിയടുത്തത്. സാര്‍ മറിഞ്ഞുവീണു. ദൈവം മരിച്ചു എന്ന് അന്നത്തെ മതശാസകര്‍. വിരല്‍ ചൂണ്ടി നില്‍ക്കുന്ന വ്‌ലാദിമിര്‍ ലെനിനിലേക്ക് വീണ്ടും നോക്കുക. അയാള്‍ ചോദ്യം ചോദിക്കുകയാണ്. ചോദ്യങ്ങളെ റദ്ദാക്കിയ ഭരണകൂടം ചോദ്യങ്ങളാല്‍ ചകിതരാവുന്നു. വീണ്ടും ചിത്രങ്ങളുണ്ട്. അതിദുര്‍ബലമായ ഒരു ശരീരം അതിവേഗം നടക്കുന്നു. ഗാന്ധി ആയിരുന്നു അത്. ഉപ്പുകുറുക്കാനുള്ള യാത്ര. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കുറുക്കി ഉപ്പാക്കാന്‍ പോന്ന ചലനക്ഷമത. ബ്രിട്ടണ്‍ നിലംപൊത്തി. ഭരണകൂടത്തെ പില്‍ക്കാലമെങ്കിലും തച്ചുടക്കാന്‍ പാങ്ങുള്ള ദൃശ്യങ്ങള്‍, ഒരു സമരത്തിന്റെ പ്രഭവത്തിലേക്ക്, ആ സമരം രൂപപ്പെട്ട മുഴുവന്‍ ആശയങ്ങളിലേക്ക്, ആ സമരത്തെ സാധ്യമാക്കിയ സംഘര്‍ഷങ്ങളിലേക്ക്, സമരപോരാളികളുടെ ഒടുങ്ങാത്ത വീറുകളിലേക്ക് ഒരു സമരചിത്രം നിങ്ങളെ കൊണ്ടുപോകുന്നുണ്ടെങ്കില്‍, ഒരൊറ്റ ചിത്രത്തിന് ആ സമരത്തില്‍ ഉള്ളടങ്ങിയ മഹാദര്‍ശനത്തെ വഹിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ ആ സമരം ചരിത്രത്തെ മാറ്റിയെഴുതാന്‍ പോന്ന ഒന്നായിരിക്കും. അത്തരം മാറ്റിയെഴുതല്‍ ഉടന്‍ സംഭവിക്കുന്ന ഒന്നാകണമെന്നില്ല. ഉപ്പുകുറുക്കിയതിന്റെ പിറ്റേന്നല്ല ബ്രിട്ടണ്‍ നിലം പൊത്തിയത്.
ഡല്‍ഹിയിലേക്ക് വരൂ. ഒരു ചിത്രത്തെ ഓര്‍ക്കൂ. അക്രമിക്കാന്‍ കോപ്പുമായി നില്‍ക്കുന്ന പൊലീസുകാരന്‍. അയാള്‍ അയാളുടെ തൊഴില്‍ മിടുക്കോടെ ചെയ്യുകയാണെന്നതിനാല്‍ ക്രുദ്ധതയും ക്രൗര്യവുമാണ് അയാളുടെ മുഖത്ത്. ക്ഷീണിതനായ അയാള്‍ക്ക് ജലം പകരുകയാണ് വൃദ്ധനായ ഒരു കര്‍ഷക ഭടന്‍. സമര പോരാളി. പുതുമാധ്യമ ഭാഷയില്‍, ആവോളം വൈറലായ ചിത്രമാണത്. ആ ചിത്രത്തിലേക്ക് ഉറ്റുനോക്കുമ്പോള്‍ പ്രാചീനവും ചിരഞ്ജീവിയുമായ ഒരശരീരി ആ ചിത്രം പ്രവഹിപ്പിക്കുന്നത് നിങ്ങള്‍ കേള്‍ക്കും. അതിങ്ങനെയാണ്:
”ഞങ്ങളെ ജലപീരങ്കികളാല്‍ വിറപ്പിക്കാന്‍ വൃഥാ ശ്രമിക്കുന്ന ഭരണകൂടങ്ങളേ, മണ്ണറിയുന്ന ഞങ്ങളെ തടയാന്‍ മണ്‍കൂനകള്‍ പണിയുന്ന അധികാരമേ, വെയിലാലും മഴയാലും മഞ്ഞാലും ഉരുവപ്പെട്ട ഞങ്ങളുടെ ദേഹങ്ങളെ ഷെല്ലുകളാല്‍ നോവിക്കാമെന്ന് കരുതുന്ന ഭരണകൂടത്തിന്റെ കാലാളുകളേ, ഞങ്ങളുടേത് ഇടനിലക്കാരന്റെയും വിഘടനവാദികളുടെയും ശബ്ദമാണെന്ന് വരുത്താന്‍ പണിയെടുക്കുന്ന ഞങ്ങളുടെ കുഞ്ഞുങ്ങളേ, നിങ്ങള്‍ക്ക് വിശക്കുന്നുണ്ടാവില്ലേ? വരൂ ഞങ്ങളിലേക്ക് വരൂ. എക്കാലവുമെന്നപോലെ ഞങ്ങള്‍ നിങ്ങളെ ഊട്ടാം”. കര്‍ഷകരും വിദ്യാര്‍ഥികളും കലാപം ചെയ്തിടത്ത് ഭരണകൂടങ്ങള്‍ ദീര്‍ഘനാള്‍ വാണിട്ടില്ല എന്ന ലോകചരിത്രം ഒരിക്കല്‍ കൂടി വായിച്ചിട്ട് ആ ചിത്രത്തെ നമുക്ക് എടുത്തുവെക്കാം.
ഒട്ടും യാദൃച്ഛികമായിരുന്നില്ല, ഈ കുറിപ്പെഴുതുമ്പോള്‍ ഏഴുദിനം പിന്നിട്ട കര്‍ഷക മഹാസമരം. ആ സമരത്തിലേക്ക് അവരെ പൊടുന്നനെ നയിച്ച കര്‍ഷകബന്ധ നിയമത്തിലെ കര്‍ഷകവിരുദ്ധതയും ജനവിരുദ്ധതയും ഭരണഘടനാവിരുദ്ധതയും നാം ഇതേ താളുകളില്‍ അല്‍പകാലം മുമ്പ് ചര്‍ച്ച ചെയ്തതാണ്. നമ്മളില്‍ കര്‍ഷകരല്ലാത്തവര്‍ക്ക്, കര്‍ഷകര്‍ എന്ന വര്‍ഗം അധികമൊന്നുമില്ലാത്ത മലയാളി സമൂഹത്തിന് ആ നിയമവും അതുമായി ബന്ധപ്പെട്ട സംവാദവും പതിവുപോലെ അല്‍പായുസ്സായിരുന്നു. ഫാഷിസം, ഫാഷിസം എന്ന് രണ്ടുമൂന്ന് തവണ വിളിച്ചുകൂവി നാം ആ ചര്‍ച്ചകള്‍ അവസാനിപ്പിച്ചു. നമ്മുടെ ദൈനംദിന വര്‍ത്തമാനങ്ങളില്‍ നിന്ന് കൊവിഡിനെക്കാള്‍ വിനാശകാരിയായ ആ നിയമങ്ങള്‍ മാഞ്ഞുപോയിരുന്നു. അഗ്രേറിയന്‍ ക്രൈസിസ് എന്നത് ഒരു സര്‍വകലാശാല വിഷയം മാത്രമായി മാറിയ നമ്മെ സംബന്ധിച്ച് അതില്‍ ആശ്ചര്യവുമില്ല. കര്‍ഷകര്‍ക്ക് പക്ഷേ, കാര്യങ്ങള്‍ അങ്ങനെ ആയിരുന്നില്ല. രാജ്യം പാസാക്കിയ പുതിയ നിയമങ്ങളോട് അവര്‍ക്ക് ക്ഷമിക്കാനാവുമായിരുന്നില്ല. മൂര്‍ത്തരൂപത്തിലേക്ക് കുതിക്കുന്ന ഇന്ത്യന്‍ ഫാഷിസമോ, മതന്യൂനപക്ഷം നേരിടാന്‍ പോകുന്ന പൗരത്വഭീഷണിയോ, ഇന്ത്യന്‍ വിദ്യാഭ്യാസരംഗത്തിന്റെ അടിത്തറ തോണ്ടുന്ന വിദ്യാഭ്യാസ നിയമ ഭേദഗതിയോ, കാരണമില്ലാത്ത കസ്റ്റഡികളോ, ആള്‍ക്കൂട്ട കൊലകളോ ഒന്നും അവരെ ഇത്രമേല്‍ സ്പര്‍ശിച്ചിരുന്നില്ല. കാരണം ലളിതമാണ്. ഇന്ത്യന്‍ കാര്‍ഷികജീവിതമെന്നത് ഒരു സമ്പൂര്‍ണ പദ്ധതിയാണ്. കൃഷിക്ക് പുറമേ മറ്റൊന്നിലേക്കും സഞ്ചരിക്കാന്‍ കഴിയുന്ന ജീവിതക്രമമല്ല കര്‍ഷകരുടേത്. വിതക്കലും വിളവെടുക്കലും വിപണിയും എന്ന മൂന്ന് കുറ്റികളില്‍ കറങ്ങുന്നു ആ ജീവിതങ്ങള്‍. കുറ്റിയില്‍ കറങ്ങുന്നു എന്നത് കഷ്ടതയുടെ രൂപകമായി കണക്കാക്കരുത്. ആമോദങ്ങളും ആഹ്ലാദങ്ങളും നിറഞ്ഞ മറ്റൊരു ലോകമാണത്. തൊണ്ണൂറുകളില്‍ അതിര് കടന്നുവന്ന ആഗോളീകരണവും ഉദാരീകരണവും അതിന്റെ ഭാഗമായ ആഗോള കരാറുകളും കാണാച്ചരടുകളുടെ കളിയായ നിയമനിര്‍മാണങ്ങളുമെല്ലാം പലരൂപത്തില്‍ അവരുടെ കൃഷിയിടങ്ങളെ ആത്മഹത്യയുടെ വിളനിലങ്ങളാക്കിയിരുന്നു. എന്നിട്ടും അവര്‍ അതിജീവിക്കാന്‍ ശ്രമിച്ചു. വന്‍മഴകളും കൊടും വെയിലും വരള്‍ച്ചയും പ്രളയവും തങ്ങളോട് ചെയ്യുന്നതുപോലെ അവരതിനെയും കരുതി. അതിജീവനത്തിനുള്ള ശ്രമങ്ങള്‍ പലപാട് തുടര്‍ന്നു. ക്ഷേമരാഷ്ട്ര സംസ്‌കാരത്തിന്റെ ആണിക്കല്ലായ താങ്ങുവില അവരെ ഒരവളവോളം പിടിച്ചു നിര്‍ത്തി. വിളകള്‍ക്ക് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്ന മിനിമം വിലയാണല്ലോ അത്.
സഹികെടാന്‍ തുടങ്ങിയത് ഒന്നാം മോഡി സര്‍ക്കാരിന്റെ അവസാന നാളുകളിലാണ്. മോഡിയെ വാഴിക്കാന്‍ മൂലധനമിറക്കിയ കോര്‍പ്പറേറ്റുകള്‍ കൃഷിയില്‍ കണ്ണുവെക്കാന്‍ തുടങ്ങിയ കാലം. അവര്‍ക്കായി ഇപ്പോള്‍ പാസാക്കിയ നിയമങ്ങള്‍ പുറപ്പെടാന്‍ ഒരുങ്ങുന്ന കാലം. ചെറുകിട, ഇടത്തരം കര്‍ഷകര്‍ കൊടുംപട്ടിണിയിലേക്ക് കൂപ്പുകുത്തിയ കാലം. ഇടക്കാലാശ്വാസങ്ങള്‍ എന്ന ന്യായമായ ആവശ്യത്തോട് സര്‍ക്കാരുകള്‍ മുഖംതിരിച്ച കാലം. അക്കാലത്ത് അവര്‍ നടക്കാന്‍ ഒരുങ്ങി. കാതങ്ങള്‍ താണ്ടി നഗരങ്ങളെ അക്ഷരാര്‍ഥത്തില്‍ വളഞ്ഞു. അവരുടെ വിണ്ടപാദങ്ങളില്‍ നിന്നൂറിപ്പരന്ന ചോരയാല്‍ രാജവീഥിയെന്ന് മഹത്വപ്പെടുത്തിയ നഗരവഴികള്‍ നനഞ്ഞു. കര്‍ഷകര്‍ കണക്കുചോദിക്കുന്ന കാലം വന്നു എന്ന് നാമൊക്കെ കരുതി. നഗരം വളഞ്ഞ് ഭരണകൂടങ്ങളെ വിറപ്പിച്ച് അവര്‍ അന്ന് മടങ്ങി. കൃഷി എന്ന സമ്പൂര്‍ണ പദ്ധതിയിലേക്ക് അവര്‍ ജീവിതത്തെ പറിച്ചിട്ടു. അവരുയര്‍ത്തിയ അന്നത്തെ സമരജ്വാലകളെ കെടാതെ കാക്കാന്‍ ആരുമുണ്ടായിരുന്നില്ല. മണ്ണില്‍ പണിയെടുത്ത് അന്നം വിളയിക്കാന്‍ മാത്രമായി ജീവിക്കുന്ന ആ മനുഷ്യര്‍ നമ്മുടെ പൊതുരാഷ്ട്രീയത്താല്‍ വഞ്ചിക്കപ്പെട്ടു. തല്‍ക്കാലാശ്വാസമെന്ന അവരുടെ മുറവിളിയെ സംഘപരിവാര്‍ സമര്‍ഥമായി കൈകാര്യം ചെയ്തു. ആ സാമര്‍ഥ്യം വീണ്ടും വോട്ടായി മാറി. രണ്ടാം മോഡി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമായി. കൃഷിയിടങ്ങള്‍ ആത്മഹത്യയുടെ കൊലനിലങ്ങളായി തുടര്‍ന്നു. ഒരു മഴകണ്ടാല്‍ വെയിലിനെ മറക്കുന്ന മണ്ണിന്റെ മനുഷ്യരാണല്ലോ കര്‍ഷകര്‍. അവരുടെ മഹാസഹനങ്ങളാണല്ലോ നമ്മുടെ തീന്‍മേശകള്‍.
രണ്ടാം മോഡി സര്‍വാര്‍ഥത്തിലും കൂടുതല്‍ കരുത്തനായിരുന്നു. പ്രതിപക്ഷമെന്നത് മിഥ്യയായി. അംബാനിയും അദാനിയും ഭരണകൂടമായി മാറി. ഫാഷിസം ഒരു ദീര്‍ഘകാല പദ്ധതിയാണല്ലോ? അത് ഭയക്കുന്നത് വരുംകാലത്ത് ഉയരാനിടയുള്ള പോരാട്ടങ്ങളെയാണ്. വരുംകാല ഉണര്‍വുകളെയാണ്. തടുത്ത് നിര്‍ത്താനാവാത്ത രണ്ടുതരം ഉണര്‍വുകളാണ് അവര്‍ കൂടുതല്‍ ഭയപ്പെടുന്നത്. ഒന്ന് വിദ്യാര്‍ഥികളുടെ ഉണര്‍ച്ചയാണ്. ഇന്ദിരാ ഗാന്ധിക്ക് മുന്നില്‍ നിര്‍ഭയം നിന്ന് വിചാരണപത്രം വായിക്കുന്ന സീതാറാം യെച്ചൂരി എന്ന പഴയ വിദ്യാര്‍ഥിനേതാവിന്റെ ചിത്രം ഓര്‍ക്കുക. പാരീസിലെ തെരുവുകളെ ഓര്‍ക്കുക. വാള്‍സ്ട്രീറ്റില്‍ തെരുവിലിറങ്ങിയ കുട്ടികളെ ഓര്‍ക്കുക. ഹിറ്റ്‌ലര്‍ക്കെതിരെ സര്‍വകലാശാല വിദ്യാര്‍ഥികള്‍ ഒരുക്കിയ വെണ്‍പനീര്‍ പൂവുകളെ ഓര്‍ക്കുക. അതിനാല്‍ രണ്ടാം മോഡി ആദ്യം വിദ്യാര്‍ഥികളെ നേരിട്ടു. അത്തരമൊരു വര്‍ഗത്തെ മായ്ച്ചുകളയാന്‍ കസ്തൂരി രംഗനെ മുന്നില്‍ നിര്‍ത്തി പുതിയ വിദ്യഭ്യാസ നയമുണ്ടാക്കി. സര്‍വകലാശാലകളിലേക്ക് സംഘപരിവാര്‍ അനുചരരെ വൈസ് ചാന്‍സലര്‍ കുപ്പായമിട്ട് കെട്ടിയിറക്കി. രണ്ടാം ഉണര്‍വ് കര്‍ഷകരില്‍ നിന്നാണ് ഉണ്ടാവുക. എല്ലാ സ്വേച്ഛാധിപത്യങ്ങളും അവരെ ഭയക്കും. എന്തെന്നാല്‍ അവര്‍ മണ്ണറിയുന്നവരാണ്. വിശപ്പാറ്റുന്നവരാണ്. അടിത്തറയാണ്. അടിത്തറയിലെ വിള്ളല്‍ ഏതു മഹാസൗധത്തെയും തകര്‍ത്തുകളയും. ആ അടിത്തറയാണ് ഈ കുറിപ്പ് എഴുതുമ്പോള്‍ ഡല്‍ഹിയിലുള്ളത്.
ഇത്തവണ ഇടക്കാലാശ്വസങ്ങള്‍ക്കല്ല ആ വരവ് എന്നത് കര്‍ഷകസമരത്തെ സവിശേഷമാക്കുന്നുണ്ട്. തങ്ങളെ വാഴിച്ച, ഒരുവേള തങ്ങളുടെ സൃഷ്ടാക്കള്‍ പോലുമായ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി, അവരുടെ നിര്‍ദേശപ്രകാരം തയാറാക്കിയ കര്‍ഷക നിയമത്തെ റദ്ദാക്കണം എന്ന ഒറ്റ ആവശ്യമാണ് അവരുടെ മുദ്രാവാക്യം. മറിച്ചൊന്നും അവര്‍ക്ക് സ്വീകാര്യമല്ല. ഒരു മുന്നേറ്റത്തിന് മുന്നില്‍ നയം തിരുത്തുക എന്നാല്‍ ഫാഷിസത്തിന്റെ മരണമെന്നാണ് അര്‍ഥം. അടിമകളായ, അഭിപ്രായമില്ലാത്ത പൗരന്‍മാരാണ് ഫാഷിസത്തിന്റെ പ്രജകള്‍. ഭയത്താല്‍ നിശബ്ദരാക്കപ്പെട്ടവര്‍. മരണം വാള്‍ പോലെ തൂങ്ങുന്നുണ്ട് ഓരോ ഫാഷിസ്റ്റ് രാഷ്ട്രത്തിലെയും പൗരന്റെ തലയ്ക്ക് മുകളില്‍. മരണങ്ങളാല്‍ കലങ്ങിപ്പോയ മനുഷ്യരാണ് മൂന്നിലേറെ പതിറ്റാണ്ടായി ഇന്ത്യന്‍ കര്‍ഷകര്‍. അവരുടെ ദൃഢവും വിഷാദമേറിയതുമായ മുഖത്തേക്ക് സൂക്ഷിച്ചുനോക്കിയാല്‍ അത് കാണാം. അതിനാല്‍ അവര്‍ ഭയപ്പെടുന്നില്ല. ആ നിര്‍ഭയത്വമാണ് ദില്ലി ചലോ എന്ന ഇപ്പോഴത്തെ സമരത്തിന്റെ കാതല്‍. സമരമാകട്ടെ ഏറെക്കാലമായുള്ള പ്രതിഷേധത്തിന്റെ കൊടുമ്പിരിയും.
കര്‍ഷകവിരുദ്ധ നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ കര്‍ഷക കോഓര്‍ഡിനേഷന്‍ കമ്മിറ്റി നവംബര്‍ 26നാണ് മാര്‍ച്ച് തുടങ്ങിയത്. 22-ലേറെ കര്‍ഷക സംഘടനകളുടെ മുന്‍കൈയ്യില്‍ രൂപീകരിച്ചതാണ് അഖിലേന്ത്യാ കോഓര്‍ഡിനേഷന്‍ കമ്മിറ്റി. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ പ്രക്ഷോഭകരുള്ളത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും പതിനായിരക്കണക്കിന് കര്‍ഷകര്‍ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. കര്‍ഷകരുടെ ദില്ലി പ്രവേശം തടയാന്‍ ക്രൂരവും പരിഹാസ്യവുമായ നടപടികളാണ് കേന്ദ്ര ഭരണകൂടം കൈക്കൊണ്ടത്. ദേശീയപാതകള്‍ വെട്ടിമുറിച്ചും, ട്രക്കുകളും മരങ്ങളും കല്ലുകളും കൂട്ടിയിട്ടും മാര്‍ഗതടസം സൃഷ്ടിച്ചത് അതില്‍ ചിലത് മാത്രം. പതിനായിരക്കണക്കിന് വാഹനങ്ങളില്‍ മൂന്നിലേറെ മാസം കഴിയാനുള്ള സാമഗ്രികളുമായാണ് അവരുടെ വരവ്. മഹേന്ദ്രസിംഗ് ടിക്കായത്തിന്റെ നേതൃത്വത്തില്‍ എണ്‍പതുകളില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തെ അനുസ്മരിപ്പിക്കുന്നുണ്ട് ദില്ലി ചലോ. ആളെണ്ണത്തിലാകട്ടെ അതിന്റെ അനേകം മടങ്ങാണ് പങ്കാളിത്തം.
ഇടതു കര്‍ഷക സംഘടനകളുടെയും ഭാരതീയ കിസാന്‍ യൂണിയന്റെയും സ്വരാജ് അഭിയാനിന്റെയും ദേശീയ നേതൃത്വങ്ങള്‍ സമരത്തിന്റെ മുന്‍നിരയിലുണ്ട്. കിസാന്‍ മസ്ദൂര്‍ സമന്വയ് സമിതി, അഖില്‍ ഭാരതീയ കിസാന്‍ സംഘര്‍ഷ് സമിതി, ആള്‍ ഇന്ത്യ കിസാന്‍ സഭ, ആള്‍ ഇന്ത്യ കിസാന്‍ മഹാസഭ, രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘടന്‍, ഭാരതീയ കിസാന്‍ യൂണിയന്‍, മസ്ദൂര്‍ കിസാന്‍ സംഗ്രാം സമിതി, മസ്ദൂര്‍ കിസാന്‍ ശക്തി സംഘടന്‍, ജയ് കിസാന്‍ ആന്ദോളന്‍, കൃഷക് മുക്തി സംഗ്രാം സമിതി, രാഷ്ട്രീയ കിസാന്‍ മഹാസംഘ്, മസ്ദൂര്‍ കര്‍മചാരി സമന്വയ് സമിതി, കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി, നാഷണല്‍ അലയന്‍സ് ഓഫ് പീപ്പ്ള്‍സ് മൂവ്‌മെന്റ്, ഭാരതീയ കിസാന്‍ ഖേത് സംഘടന്‍, സ്വരാജ് അഭിയാന്‍, തരായ് കിസാന്‍ സംഘടന്‍, സ്വാഭിമാന്‍ ശേത്കാരി സംഘടന്‍, ലോക് സംഘര്‍ഷ് മോര്‍ച്ച, നാഷണല്‍ സൗത്ത് ഇന്ത്യ റിവര്‍ ഇന്റര്‍ലിങ്കിംഗ് അഗ്രികള്‍ച്ചറിസ്റ്റ് അസോസിയേഷന്‍, കര്‍ണാടക രാജ്യ റെയ്ത സംഘം, റെയ്തു സ്വരാജ്യ വേദികെ എന്നിവയെല്ലാം സമരത്തിലുണ്ട്. പങ്കാളിത്തത്തിലെ ഈ മഹാവൈവിധ്യമാണ് സമരത്തെ ചരിത്രപരമാക്കുന്നത്.
കൃഷിനിലങ്ങളിലേക്ക് വന്‍കിട കോര്‍പ്പറേറ്റുകളെ കൂടുതുറന്നുവിടുന്ന ഫാര്‍മേഴ്‌സ് എംപവര്‍മെന്റ് ആന്റ് എഗ്രിമെന്റ് ഓഫ് പൈരസ് പ്രൊട്ടക്ഷന്‍ അഷ്വറന്‍സ് ആന്റ് ഫാം സര്‍വീസ് ബില്‍ 2020, ഫാര്‍മേര്‍സ് പ്രൊഡ്യൂസ് ട്രേഡ് ആന്റ് കൊമേഴ്‌സ് പ്രമോഷന്‍ ആന്റ് ഫസിലിറ്റേഷന്‍ ബില്‍ 2020, എസ്സന്‍ഷ്യല്‍ കമ്മോഡിറ്റീസ് (അമെന്‍ഡ്‌മെന്റ്) ആക്ട് 2020 എന്നീ മൂന്ന് നിയമങ്ങളാണ് ഈ സമരത്തിന്റെ കേന്ദ്രം. ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ വിഷയമായ കൃഷിയില്‍ സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ നടപ്പാക്കിയ നിയമം എന്ന ഭരണഘടനാവിരുദ്ധതയെക്കാള്‍ ഈ നിയമം തരിശിടാന്‍ പോകുന്ന തങ്ങളുടെ ജീവിതമാണ് കര്‍ഷകരെ ഇപ്പോള്‍ തെരുവിലിറക്കിയത് ( ഈ നിയമങ്ങളുടെ അപകട നിലങ്ങളെക്കുറിച്ച് ഇതേ പംക്തിയില്‍ നമ്മള്‍ സംസാരിച്ചത് ഓര്‍ക്കുക). കോര്‍പ്പറേറ്റുകള്‍ കൃഷിയിലേക്കും കര്‍ഷകരിലേക്കും വരുന്നത് കര്‍ഷകരുടെ ജീവിതത്തെ സമ്പന്നവും ആധുനികവുമാക്കില്ലേ എന്ന ചോദ്യമാണ് കേന്ദ്രസര്‍ക്കാരും സമരവിരുദ്ധരും അര്‍ണബ് സിന്‍ഡ്രോം ബാധിച്ച മാധ്യമങ്ങളും ഉയര്‍ത്തുന്നത്. ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകരെ കോടതി കയറ്റിയ പെപ്‌സിയെ മറക്കരുത് എന്നാണ് അതിനുള്ള മറുപടി.
ഈ സമരം ഭരണകൂടത്തെ എന്തുചെയ്യും എന്നതും ഭരണകൂടം ഈ സമരത്തെ എന്തുചെയ്യും എന്നതും കാത്തിരുന്നറിയേണ്ട വസ്തുതയാണ്. പക്ഷേ, വൈവിധ്യങ്ങള്‍ ഏറെയുള്ള സംഘടനകള്‍ ഒറ്റ വര്‍ഗതാല്‍പര്യത്താല്‍ പ്രചോദിതമായി സമരം ചെയ്യുന്നു എന്നതിലെ ചരിത്രപരത കാണാതിരിക്കരുത്. ആ സംഘടനകള്‍ ഭൂരിപക്ഷവും ഫാഷിസ്റ്റ് വിരുദ്ധരല്ല എന്ന് നമുക്കറിയാം. ഒരുവേള അവരില്‍ പലരും സംഘപരിവാറിന്റെ കൂട്ടുകാരുമാണ്. അതിനാല്‍ ഫാഷിസത്തിനെതിരായ സമരമല്ല പ്രത്യക്ഷത്തില്‍ ദില്ലി ചലോ. മറിച്ച് ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള കര്‍ഷക സമരമാണ്. ലോക ചരിത്രത്തില്‍ ഒരിടത്തും ഫാഷിസം വീണത് ഫാഷിസത്തിന് എതിരായ ജനമുന്നേറ്റത്തില്‍ അല്ല, മറിച്ച് ജീവിക്കാനുള്ള അവകാശത്തിനായി മനുഷ്യര്‍ നടത്തിയ പോരാട്ടങ്ങളിലാണ്. കൃഷിയിടത്തിലെ അവകാശവും ഉടമസ്ഥതയും വിളാവകാശവും സംരക്ഷിക്കാന്‍ മാത്രമാണ് ചമ്പാരനില്‍ കര്‍ഷകര്‍ സമരം പ്രഖ്യാപിച്ചത്. ബ്രിട്ടന്റെ വീഴ്ചയോ വാഴ്ചയോ അവരുടെ പ്രശ്‌നമായിരുന്നില്ല. പക്ഷേ, ആ സമരമാണ് ഇന്ത്യയിലെ ഗാന്ധിയുടെ ആദ്യ സത്യഗ്രഹ സമരം. ചമ്പാരനില്‍ നിന്ന് പടര്‍ന്ന സത്യഗ്രഹമാണ് ബ്രിട്ടനെ വീഴ്ത്തിയത്. അതിനാലാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം അടിസ്ഥാനപരമായി കര്‍ഷക സമരമാണെന്ന് പറയുന്നത്. കര്‍ഷക ഉണര്‍ച്ചകളെ സാമ്രാജ്യത്വത്തിനെതിരായ സ്വാതന്ത്ര്യ സമരമായി പരിവര്‍ത്തിപ്പിക്കാന്‍ പാങ്ങുള്ള ഒരു രാഷ്ട്രീയനേതൃത്വം അന്നുണ്ടായിരുന്നു. ഇന്നതുണ്ടെങ്കില്‍ ദില്ലിയിലെ ഈ മഹാസമരവും വലിയ ഫാഷിസ്റ്റ് വിരുദ്ധ ഉണര്‍ച്ചയായി മാറും. അങ്ങനെ സംഭവിക്കുമെന്ന പ്രതീക്ഷക്ക് സമകാലിക ഇന്ത്യയില്‍ വലിയ കാമ്പില്ല. പക്ഷേ, അത്തരം രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയാല്‍ അല്ലാതെ ഇത്ര വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അതില്‍ പ്രതീക്ഷക്ക് വകയുണ്ട്. മണ്ണ്, വിത്ത്, പ്രതീക്ഷ എന്നിവയില്‍ നിന്നാണല്ലോ വിള യാഥാര്‍ത്ഥ്യമാവുക.
കെ കെ ജോഷി
You must be logged in to post a comment Login