മതരാഷ്ട്രവാദത്തിന്റെ ഇരുട്ട് സ്‌ക്രീനിലേക്ക് പടരുമ്പോള്‍

മതരാഷ്ട്രവാദത്തിന്റെ ഇരുട്ട് സ്‌ക്രീനിലേക്ക് പടരുമ്പോള്‍

ജമാഅത്തെ ഇസ്ലാമിക്ക് വിറളി പൂണ്ടിരിക്കുന്നു. നൂറ്റൊന്ന് ആവര്‍ത്തിച്ച് ചീറ്റിപ്പോയ മതരാഷ്ട്രവാദവും വിശ്വാസികള്‍ മുളയിലേ തള്ളിയ സമഗ്ര ഇസ്ലാം ജാര്‍ഗണുകളും അവരുടെ നിലതെറ്റിച്ച മട്ടാണ്. ഇക്കഴിഞ്ഞ നാളുകളില്‍ അവരുടെ ചാനല്‍ സ്ഥാപനമായ മീഡിയ വണ്‍ പ്രക്ഷേപണം ചെയ്ത കള്ളവാര്‍ത്ത ആ നിലതെറ്റലിന്റെയും നിലംപൊത്തലിന്റെയും ദൃഷ്ടാന്തമാണ്. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു എന്ന നിലയില്‍ ആ ചാനല്‍ പറത്തി വിട്ട കള്ളം മലയാള മാധ്യമ ചരിത്രത്തിലെ നികൃഷ്ടവും നെറികെട്ടതുമായ അധ്യായമാണ്.
മാധ്യമം പത്രവും മീഡിയ വണ്‍ ചാനലും ഉപയോഗിച്ച് സമുദായത്തിലും രാഷ്ട്രീയത്തിലും ഇടപെടാന്‍ ഒരുങ്ങിയിറങ്ങിയിരിക്കയാണ് ജമാഅത്തെ ഇസ്ലാമിയും അതിന്റെ രാഷ്ട്രീയരൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമെന്ന് വ്യക്തം. മുസ്ലിംകളെ ആകെ ‘നന്നാക്കിക്കളയാന്‍’ ചിലയാളുകളെ ഏര്‍പ്പാടാക്കിയിട്ടുമുണ്ട്. മതരാഷ്ട്രവാദവും ഇസ്ലാമിന്റെ സമഗ്രതയും പറഞ്ഞുപറഞ്ഞ് തേഞ്ഞുതീരുമ്പോള്‍ മുസ്ലിംകളെ വരുതിയിലാക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടിയല്ലേ മതിയാവൂ. സ്വന്തം ആശയങ്ങളുടെ പ്രചാരണത്തിന് ഉപാധികളുണ്ടാക്കുക, അത് സമര്‍ഥമായി ഉപയോഗിക്കുക എന്നത് ഏതൊരു സംഘടനയ്ക്കും ആകാവുന്നതാണ്. പക്ഷേ, വഴിത്തിരിവെന്ന അവകാശവാദം വഴിതെറ്റിക്കലായും നേരില്‍ നന്മ കലര്‍ത്തുന്നതെന്ന അവകാശവാദം നേരില്‍ നഞ്ച് കലര്‍ത്തലായും പരിണാമം പ്രാപിക്കുമ്പോള്‍ അത് മുസ്ലിംകള്‍ക്കും പൊതുസമൂഹത്തിനും ഒട്ടും ഗുണകരമാകില്ല.
മാധ്യമം പത്രവും പിന്നീട് വാരികയുമായി ജമാഅത്തെ ഇസ്ലാമി രംഗപ്രവേശം ചെയ്തത് തന്നെ, മുസ്ലിം സമുദായത്തില്‍ അവര്‍ക്കില്ലാത്ത സ്ഥാനം പൊതുസമൂഹത്തില്‍ നേടിയെടുക്കാനാകുമോ എന്ന പരീക്ഷണത്തിന്റെ ഭാഗമായിട്ടായിരുന്നു. പുരോഗമന നിലപാട് സ്വീകരിക്കുന്നുവെന്ന പ്രതീതി ജനിപ്പിച്ച് മലയാളികളുടെ അഭിപ്രായങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന വ്യക്തികളെ ഒപ്പം നിര്‍ത്തി, അവരിലൂടെ പൊതുസമൂഹത്തില്‍ സ്വീകാര്യത ഉറപ്പിക്കാനാണ് ശ്രമിച്ചത്. ഭൂ പ്രശ്‌നമുള്‍പ്പെടെയുള്ള പൗരാവകാശ/ പരിസ്ഥിതി വിഷയങ്ങളുമൊക്കെ ഏറ്റെടുത്തതിലൂടെ കേരളത്തിലെ സാംസ്‌കാരിക സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാനും അവര്‍ ശ്രമിച്ചു. അത്തരം വിഷയങ്ങള്‍ മുന്‍വിധി കൂടാതെ ഏറ്റെടുക്കാന്‍ മാധ്യമങ്ങളെ അനുവദിക്കുന്ന വിശാല ജനാധിപത്യത്തിന്റെ വക്താക്കളാണ് ജമാഅത്തെ ഇസ്ലാമി എന്ന തോന്നലുണ്ടാക്കുകയെന്ന പരോക്ഷ ലക്ഷ്യം നേടുകയും ചെയ്തു. മുസ്ലിം ഉമ്മത്ത് എന്ന് വിശാലമായി പറഞ്ഞ് സമുദായത്തിലെ അസ്വാരസ്യങ്ങള്‍ മാധ്യമത്തിലൂടെ പുറത്തേക്കൊഴുക്കി സമുദായത്തിന്റെ വിശുദ്ധ അധ്യക്ഷപദം ജമാഅത്തെ ഇസ്ലാമി സ്വയം ഏറ്റെടുത്ത രൂപത്തിലായിരുന്നു കാര്യങ്ങള്‍. പാരമ്പര്യവാദികളായ സുന്നി വിഭാഗങ്ങളെ അപഹാസ്യരായി അവതരിപ്പിച്ച് ആ പത്രം സമുദായത്തിന്റെ കെട്ടുറപ്പ് നശിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

അച്ചടി മാധ്യമങ്ങളുടെ വളര്‍ച്ചയുറപ്പാക്കിയ ശേഷം ദൃശ്യമാധ്യമ രംഗത്തേക്ക് ജമാഅത്തെ ഇസ്ലാമി ഇറങ്ങിയത് ടെലിവിഷന്‍ സ്‌ക്രീനാകെ മാറാന്‍ പോകുകയാണ് എന്ന പ്രഖ്യാപനവുമായാണ്. അതായിരുന്നു മീഡിയവണ്‍. കേരളത്തിലെ ടെലിവിഷന്‍ സ്‌ക്രീനുകളല്ല, അവരാരംഭിച്ച ചാനലിന്റെ സ്‌ക്രീനാണ് അടിയ്ക്കടി മാറിയത് എന്നതാണ് വസ്തുത. ചലച്ചിത്രമുള്‍പ്പെടെ പരിപാടികള്‍ സംപ്രേഷണം ചെയ്ത് ആരംഭിച്ച ചാനല്‍, വൈകാതെ സിനിമയില്ലാത്ത പരിപാടികളും വാര്‍ത്തയും ചേരുന്ന ചാനലായി, പിന്നീട് മുഴുവന്‍ സമയ വാര്‍ത്താ ചാനലായി, ധാര്‍മികതയുടെ കെട്ടുപാടുകളില്ലാതെ വാര്‍ത്താ ചാനലുകളോട് മത്സരിക്കുന്ന ചാനലായി, ഒടുവില്‍ മിനി അര്‍ണബുമാര്‍ നയിക്കുന്ന ചാനലുമായി. ഏറ്റവുമൊടുവില്‍ വ്യാജങ്ങളും അവാസ്തവങ്ങളും പാതി സത്യങ്ങളും പ്രചരിപ്പിച്ച് സമുദായത്തെയും പൊതു സമൂഹത്തെയും തെറ്റിദ്ധരിപ്പിച്ചു. എല്ലാം ജമാഅത്തിന്റെ രാഷ്ട്രീയ ലക്ഷ്യം നേടുന്നതിനുള്ള ഉപാധികളായി. രാജ്യത്തെ ഏതാണ്ടെല്ലാ മാധ്യമങ്ങളെയും വിലക്കെടുത്ത്, സമൂഹമാധ്യമങ്ങളില്‍ ഇടപെടാനുള്ള പടയൊരുക്കി രാഷ്ട്രീയ സ്വയം സേവക് സംഘ് വിശാലമായി ചെയ്യുന്ന വ്യാജവാര്‍ത്തകളുടെ പ്രചാരണം, തങ്ങളുടെ ശേഷിക്കും കഴിവിനുമനുസരിച്ച് ജമാഅത്തെ ഇസ്ലാമി ഏറ്റെടുത്ത് കൃത്യമായി ചെയ്യുന്നു. ഇഖാമത്തുദ്ദീന്‍ സ്ഥാപിക്കാനുള്ള എളുപ്പവഴി!

കേരളത്തിലെ പ്രധാനപ്പെട്ട മുസ്ലിം സംഘടനകള്‍ക്കുള്ളില്‍ ആശയക്കുഴപ്പമുണ്ടാക്കുകയോ ആ സംഘടനകളെക്കുറിച്ച് പൊതു സമൂഹത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുകയോ അതുവഴി വര്‍ഗീയ ധ്രൂവീകരണമുണ്ടാക്കുകയോ ഒക്കെയാണ് ജമാഅത്ത് ലക്ഷ്യമെന്ന് കരുതാന്‍ ന്യായമായും കഴിയും. അതിന് പാകത്തില്‍ ചാനലിനെയും പത്രത്തെയും ഉപയോഗിക്കുകയും ചെയ്യുന്നു. കേരളത്തിലെ മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാറെടുത്ത തീരുമാനം നടപ്പാക്കിയപ്പോള്‍ ചില അപാകതകളുണ്ടായിരുന്നു. ഇതുമൂലം പത്ത് ശതമാനത്തിലധികം സംവരണം അനുവദിക്കപ്പെടുകയോ പിന്നാക്ക വിഭാഗങ്ങളുടെ അവസരങ്ങളെ പരിമിതപ്പെടുത്തുകയോ ചെയ്തു. ഇത് വിവിധ വിഭാഗങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പാകപ്പിഴകള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കണ്ടു തിരുത്തലുകളിലേക്ക് കടന്നു. പിന്നാക്ക വിഭാഗങ്ങളുടെ സംവരണ അവസരത്തില്‍ യാതൊരു കുറവുമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. മുന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം അനുവദിക്കുന്നതിന് എതിരല്ലെന്നും പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായത് നിഷേധിക്കപ്പെടരുത് എന്ന നിര്‍ബന്ധമേയുള്ളൂവെന്നുമാണ് സുന്നി നേതാക്കള്‍ വ്യക്തമാക്കിയത്. കേരള മുസ്ലിംകളില്‍ ബഹുഭൂരിപക്ഷത്തിന്റെയും നേതാക്കള്‍ ഈ നിലപാട് വ്യക്തമാക്കുമ്പോഴും ചെറിയ വിഷയങ്ങള്‍ പെരുപ്പിച്ച് കാണിച്ച് മുന്നാക്ക സംവരണം ആകെ എതിര്‍ക്കപ്പെടേണ്ടതാണെന്ന് വരുത്തുകയായിരുന്നു ജമാഅത്തെ ഇസ്ലാമി മാധ്യമങ്ങള്‍. മുന്നാക്ക സംവരണത്തെ ആകെ എതിര്‍ക്കുന്ന നിലപാടിലേക്ക് മുസ്ലിം സംഘടനകളെത്തി എന്ന തോന്നലാണ് ഈ ബഹളത്തിലൂടെ സൃഷ്ടിച്ചത്. അതിനനുസരിച്ച് നിലപാടെടുക്കാന്‍ മുസ്ലിംലീഗിനെ നിര്‍ബന്ധിതമാക്കുകയും ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക നീക്കുപോക്കെന്ന മണ്ടത്തരത്തിലേക്ക് നേരത്തെ തന്നെ എത്തിയ മുസ്ലിംലീഗ് നേതൃത്വത്തിന് ജമാഅത്തെ ഇസ്ലാമി സൈദ്ധാന്തികരുടെ ഉപദേശങ്ങള്‍ കാതില്‍ തേന്‍മഴയായിട്ടുണ്ടാകണം.
രണ്ടോ മൂന്നോ പഞ്ചായത്തുകളുടെ ഭരണത്തിനുവേണ്ടി ലീഗ് കൊടുത്തത് വലിയ വില തന്നെയാണ്. ലീഗിനോട് അഭിപ്രായവ്യത്യാസമുള്ളവരും ഒരു വര്‍ഗീയ സംഘടനയായി അതിനെ കണ്ടിരുന്നില്ല. ഇന്ന് കേരളത്തിലെ പല സമുദായ സംഘടനകളും മുസ്ലിംലീഗിനെ സംശയത്തോടെ കാണുന്നുണ്ടെങ്കില്‍ മുഖ്യ കാരണങ്ങളിലൊന്ന് ജമാഅത്തെ ഇസ്ലാമിയുമായി ലീഗിലെ വലിയ തന്ത്രജ്ഞന്മാര്‍ ഒരുക്കിയ അടവുനയം തന്നെയാണ്. ജമാഅത്തിന്ന് അവരുടെ ദൗത്യം വിജയിച്ച സംതൃപ്തിയുണ്ട്. ലീഗിന് കേരള രാഷ്ട്രീയത്തിലുണ്ടായേക്കാവുന്ന വലിയ തിരിച്ചടികള്‍ ചരിത്രം രേഖപ്പെടുത്തുകതന്നെ ചെയ്യും.

ഈ ‘മാധ്യമ’ ബഹളവും മുസ്ലിംലീഗിന്റെ കടുത്ത നിലപാടും വിവേകമുള്ള മുസ്ലിം സംഘടനാ നേതൃത്വങ്ങളുടെ നിലപാടിനെ മറച്ചു. അതോടെ മുസ്ലിംകളാകെ മുന്നാക്ക സംവരണത്തിനെതിരാണെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. ക്രിസ്ത്യന്‍, ഹിന്ദു വിഭാങ്ങളിലെ ചില വിഭാഗങ്ങള്‍ക്ക് ഇത് അതൃപ്തിയുണ്ടാക്കി. ഇതിനൊപ്പമാണ് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഇല്ലാത്ത വലുപ്പം നല്‍കി, മുസ്ലിം ലീഗും കോണ്‍ഗ്രസും രംഗത്തുവന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ സാഹചര്യം വിലയിരുത്തി മലയാളികള്‍ വോട്ട് ചെയ്തപ്പോള്‍ യു ഡി എഫിനുണ്ടായ വലിയ വിജയത്തിലൊരു പങ്ക് വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും കണക്കിലെഴുതിയ കെ മുരളീധരനാണ് ഇല്ലാത്ത വലുപ്പമുണ്ടാക്കുന്നതില്‍ ലീഗിനൊപ്പം മുന്നില്‍ നിന്നത്. ഇത് യു ഡി എഫില്‍ മുസ്ലിം ലീഗിന് മേല്‍ക്കൈ ലഭിക്കുന്നുവെന്ന തോന്നലുണ്ടാക്കി. ക്രൈസ്തവ വിഭാഗത്തിന് സംശയങ്ങള്‍ ബലപ്പെടാന്‍ ഇത് കാരണവുമായി. ഇതെല്ലാം തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്തു. ഇതുതന്നെയാണ് ജമാഅത്തെ ഇസ്ലാമിയുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും സൈദ്ധാന്തികര്‍ ആഗ്രഹിച്ചിരുന്നത് എന്നുവേണം കരുതാന്‍. സംസ്ഥാനത്ത് ഇസ്ലാമോഫോബിയ വളര്‍ത്താന്‍ ശ്രമം നടക്കുന്നുവെന്ന പ്രചാരണം തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായപ്പോഴേക്കും അവരഴിച്ചുവിട്ടു. തിരഞ്ഞെടുപ്പ് ഫലം വന്നതോടെ അതിന് ആക്കം കൂട്ടുകയും ലീഗും കോണ്‍ഗ്രസും ഒരുപരിധിവരെ ഇത് ഏറ്റെടുക്കുകയും ചെയ്തു. അതിനെ വിവിധ മുസ്ലിം സംഘടനകള്‍ കൂടി ശരിവെക്കുന്നുവെന്ന് വരുത്തുക എന്നതായിരുന്നു കഴിഞ്ഞ ദിവസം മീഡിയവണില്‍ പ്രത്യക്ഷപ്പെട്ട കള്ളവാര്‍ത്ത.

ഇസ്ലാമോഫോബിയ വളര്‍ത്തും വിധത്തിലുള്ള നിലപാടുകളിലേക്ക് പോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടുവെന്നായിരുന്നു വാര്‍ത്ത. മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ഈ ആവശ്യം ഉന്നയിച്ചുവെന്ന് ‘ആധികാരിക’മായി മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തു(ഫേസ്ബുക്ക് മീഡിയവണ്ണിലെ ഈ വാര്‍ത്തക്ക് മുകളില്‍ ‘തെറ്റായ വിവരം’ എന്ന ലേബല്‍ വെച്ചിട്ടുണ്ട്). നിവേദനത്തില്‍ അത്തരത്തില്‍ പരാമര്‍ശമൊന്നുമില്ലാതിരിക്കെ, ഈ വാര്‍ത്ത നല്‍കിയവരുടെ ലക്ഷ്യം വ്യക്തമാണ്. ഇസ്ലാമോഫോബിയ വളര്‍ത്തി സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ ശ്രമം നടന്നുവെന്നും അതിന്റെ ഫലമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നേടിയ വിജയമെന്നും വരുത്തുക. അതിനെതിരെ മുസ്ലിം സംഘടനകളൊന്നാകെ നിലപാടെടുക്കുന്നുവെന്ന് ധ്വനിപ്പിക്കുക. യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ കേരളത്തില്‍ ഇസ്ലാമോഫോബിയ വളര്‍ത്തുന്നത് ജമാഅത്തെ ഇസ്ലാമിയാണ്. ആ ആശയം എല്ലാ സംഘടനകളും പങ്കിടുന്നുവെന്ന വ്യാജം പ്രചരിപ്പിച്ച് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ് അവര്‍ ചെയ്യുന്നത്. അതിന് വേണ്ട വ്യാജ വാര്‍ത്ത നിര്‍മിക്കാനും പ്രചരിപ്പിക്കാനും മീഡിയവണിന്റെ ചുമതലയിലേക്ക് ജമാഅത്തെ ഇസ്ലാമി നിയോഗിച്ച സൈദ്ധാന്തികന്റെ കാര്‍മികത്വത്തില്‍ ചില ‘മിടുക്കന്‍മാര്‍ക്ക്’ ദിനേന ടാസ്‌ക്കുകള്‍ നല്‍കുകയാണ്. അങ്ങനെ സൃഷ്ടിക്കുന്ന നേരും നെറിയുമില്ലാത്ത, വ്യാജവാര്‍ത്തകളിലൂടെയാണ് സമഗ്ര ഇസ്ലാമിനെ പൊതുസമൂഹത്തിന് പരിചയപ്പെടുത്താന്‍ കഴിയുക!

ഇതിനെ ഒറ്റപ്പെട്ടതായി കാണാന്‍ സാധിക്കില്ല. കാഞ്ഞങ്ങാട് എസ് വൈ എസ് പ്രവര്‍ത്തകനെ മുസ്ലിംലീഗുകാര്‍ കൊലപ്പെടുത്തിയപ്പോള്‍ കൊലപാതകത്തെക്കാള്‍ വലുത്, മൃതദേഹത്തില്‍ കൊടിപുതപ്പിച്ചതാണെന്ന് വരുത്താന്‍ മീഡിയവണിലെ സൈദ്ധാന്തികന്റെ നേതൃത്വത്തില്‍ ശ്രമം നടന്നു. അബ്ദുറഹ്മാന്‍ ഔഫിനെ ലീഗുകാര്‍ കൊലപ്പെടുത്തിയതിന് രാഷ്ട്രീയ വൈരം മാത്രമേ കാരണമായുള്ളൂ. മതപരമായ ചടങ്ങളുകളോടെയാണ് ഔഫിന്റെ ഖബറടക്കം നടന്നതും. എന്നിട്ടും സി പി എമ്മിന്റെ ഇംഗിതങ്ങള്‍ക്കനുസരിച്ച് സംസ്‌കാരച്ചടങ്ങുകള്‍ നടന്നുവെന്ന വ്യാജം പ്രചരിപ്പിക്കാന്‍ തയാറാകുമ്പോള്‍ അതിന്റെ ഉദ്ദേശ്യം മറ്റൊന്നാണ്. സുന്നി സംഘടന, സി പി എമ്മിന്റെ കീഴിലായി മാറിയെന്ന നുണ പ്രചരിപ്പിച്ച് സുന്നി പ്രസ്ഥാനത്തിനൊപ്പം നില്‍ക്കുന്നവര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള നീക്കം. കൊലയേക്കാള്‍ വലുതായി, മറ്റു താല്പര്യങ്ങള്‍ കാണുന്നവര്‍ മനുഷ്യത്വത്തെക്കുറിച്ച് എക്കാലത്തും സംസാരിക്കുന്നവരാണെന്നതാണ് വൈരുധ്യം. നന്നേ ചെറിയ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി, ഒരു ചെറുപ്പക്കാരന്റെ മരണത്തെപ്പോലും ദുരുപയോഗിക്കാന്‍ മടികാട്ടാത്തവര്‍ മനസ്സില്‍ എത്രമാത്രം വിഷം കൊണ്ടുനടക്കുന്നവരായിരിക്കും!

സ്വര്‍ണക്കടത്തെന്ന കുറ്റകൃത്യവുമായി ബന്ധപ്പെട്ട് നിറംപിടിപ്പിച്ച കഥകള്‍ പ്രചരിപ്പിക്കുന്നതില്‍ ഒട്ടും പിറകിലായിരുന്നില്ല മീഡിയവണ്‍. മന്ത്രി കെ ടി ജലീല്‍ ഇടപെട്ട് ഖുര്‍ആന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്ന് സ്ഥാപിച്ചെടുക്കാന്‍ ഇവര്‍ പെട്ട പാട് ചെറുതായിരുന്നില്ല. അര്‍ദ്ധസത്യങ്ങളും അവാസ്തവങ്ങളും പൊലിപ്പിച്ചെടുക്കുകയാണ് മീഡിയവണ്‍ ചെയ്തത്. അത് ഏതെങ്കിലും റിപ്പോര്‍ട്ടറുടെ മനോവിചാരത്തില്‍ ഉദിച്ചതാണെന്ന് കരുതാനാവില്ല. യു ഡി എഫില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഇടം കണ്ടെത്തുക എന്ന രാഷ്ട്രീയ ഉദ്ദേശ്യത്തില്‍ ആസൂത്രണം ചെയ്യപ്പെട്ടതാകാനാണ് സാധ്യത. കെ ടി ജലീല്‍ കുരുക്കിലെന്ന് ദിവസങ്ങളോളം വാര്‍ത്ത നല്‍കിയത് സംഘടനാ നേതൃത്വത്തിന്റെ നിര്‍ദേശമില്ലാതെയാണെന്ന് വിശ്വസിക്കാനാകില്ല.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന സുന്നി സംഘടനയുമായി ബന്ധിപ്പിക്കാന്‍ ജന്മഭൂമി പടച്ചുവിട്ട വ്യാജ വാര്‍ത്ത, മാധ്യമം ദിനപത്രം ഒരു ദിവസം കഴിഞ്ഞ് ആവര്‍ത്തിക്കുന്നതും ഈ ദിവസങ്ങളില്‍ നമ്മള്‍ കണ്ടു. ജമാഅത്തെ ഇസ്ലാമിയുടെ ഒളിയജണ്ടകളെയും കപട പുരോഗമന മുഖത്തെയും നഖശിഖാന്തം എതിര്‍ത്തുവന്ന സുന്നി സംഘടനയെ അപകീര്‍ത്തിപ്പെടുത്തുകയും പൊതു മധ്യത്തില്‍ അപമാനിക്കുകയും ചെയ്യുന്നതിനായി ആര്‍ എസ് എസ്സിന്റെ പ്രചാരണം ഏറ്റുപിടിക്കാന്‍ മടി കാണിച്ചില്ല മാധ്യമം പത്രവും അതിന്റെ മാനേജുമെന്റും.

മുസ്ലിം സംഘടനകളില്‍ ഭിന്നിപ്പുണ്ടാക്കുകയും ഇസ്ലാമോഫോബിയയെന്ന പ്രചാരണം അഴിച്ചുവിട്ട് ജമാ അത്തെ ഇസ്ലാമിയുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും കീഴില്‍ ഏകോപനം സാധ്യമാക്കുകയുമാണ് ഇവരുടെ ഉദ്ദേശ്യം. മീഡിയവണ്‍ ഫേസ് ബുക്കില്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുത്ത സി ദാവൂദ് നടത്തിയ മറ്റൊരു വര്‍ഗീയ പരാമര്‍ശം ഇതൊരു തുടര്‍ പ്രക്രിയയാക്കാന്‍ ജമാഅത്തെ ഇസ്ലാമി ഉദ്ദേശിക്കുന്നുവെന്നതിന് തെളിവാണ്. കോഴിക്കോട് മേയറായി തിരഞ്ഞെടുക്കപ്പെട്ട ബീന ഫിലിപ്പിന്റെ പേര് ബീന ഫിലിപ്പ് എന്നാണെന്ന് ഇപ്പോഴാണ് ജനം അറിയുന്നത് എന്നായിരുന്നു ദാവൂദിന്റെ പരാമര്‍ശം. മത്സരിച്ച വാര്‍ഡില്‍ സി പി എം സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകളില്‍ ബീന ടീച്ചര്‍ എന്നാണത്രെ ഉപയോഗിച്ചിരുന്നത്. ടീച്ചറായിരുന്ന അവരെ ബീന ടീച്ചര്‍ എന്ന് വിശേഷിപ്പിച്ച് പോസ്റ്റര്‍ പതിക്കുന്നതില്‍ തെറ്റുകാണാനാകില്ല. ഇങ്ങനെ ഇവരെ മാത്രമല്ല വിശേഷിപ്പിക്കുന്നതും. എന്നിരിക്കേ, ബീന ടീച്ചര്‍ എന്ന് പരിചയപ്പെടുത്തി ക്രിസ്ത്യാനിയെന്നത് മറച്ചുവെച്ച് വിജയിപ്പിച്ചിട്ട് മേയറാകുമ്പോള്‍ മാത്രം ക്രിസ്ത്യാനിയായി പരിചയപ്പെടുത്തിയെന്ന് ദാവൂദ് വാദിക്കുന്നത്, ജമാഅത്തിന്റെ വര്‍ഗീയ അജണ്ടയായി മാത്രമേ കാണാനാകൂ. ക്രിസ്തീയ വിഭാഗങ്ങളെ പ്രീണിപ്പിക്കാന്‍ സി പി എം ബീന ഫിലിപ്പിനെ മേയറാക്കി എന്നതാണ് ഈ ‘സൈദ്ധാന്തികന്‍’ ഉദ്ദേശിക്കുന്നത്. പൂര്‍ണമായും കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നാണ് ബീന ഫിലിപ്പ് വരുന്നതെന്നും അവര്‍ സി പി എമ്മുകാരിയാണെന്നും അറിയില്ലെങ്കില്‍ അന്വേഷിച്ചറിയാനുള്ള സംവിധാനമെങ്കിലും മീഡിയവണിന്റെ മാനേജിംഗ് എഡിറ്റര്‍ക്കുണ്ടാകും. അതിന് ശ്രമിക്കാതെ കോഴിക്കോട് മേയര്‍ സ്ഥാനം ക്രിസ്ത്യാനികള്‍ക്ക് നല്‍കി, മുസ്ലിംകളെ നിര്‍ണായക സ്ഥാനത്തു നിന്ന് അകറ്റി നിര്‍ത്തി, ക്രിസ്തീയ വിഭാഗങ്ങളിലുണ്ടായെന്ന് അവര്‍ പറയുന്ന ഇസ്ലാമോഫോബിയയെ വളര്‍ത്താന്‍ സി പി എം ശ്രമിക്കുകയാണെന്ന് സ്ഥാപിക്കാനാണ് ദാവൂദിന്റെ ശ്രമം.

ഇതിന്റെ ഹീനമായ മറ്റൊരു മുഖമാണ്, ജമാഅത്തെ ഇസ്ലാമി സൃഷ്ടിച്ചെടുക്കുന്ന ഇസ്ലാമോഫോബിയ, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ വായില്‍ തിരുകാന്‍ നടത്തിയ ശ്രമം. ഒരു നിമിഷം കൊണ്ട് തകരുമെന്ന് അറിയാവുന്ന വ്യാജം സൃഷ്ടിക്കാനും അത് പ്രചരിപ്പിക്കാനും അവര്‍ തയാറായെന്നതാണ് ഏറ്റവും വലിയ അപകടം. പ്രചാരണമാധ്യമം കൈയിലുള്ളതുകൊണ്ടു തന്നെ നിഷേധം വന്നാലും ജനങ്ങളില്‍ ചെറുവിഭാഗത്തിന്റെ മനസ്സിലെങ്കിലും സംശയത്തിന്റെ കരട് അവശേഷിപ്പിക്കാന്‍ സാധിക്കുമെന്നും അതിന്റെ ഫലം പിന്നീട് കൊയ്യാമെന്നുമുള്ള കണക്കുകൂട്ടല്‍. ഔഫിന്റെ ജീവനേക്കാള്‍ വലുത്, കൊലയെത്തുടര്‍ന്ന് ഉയര്‍ന്ന പ്രതിഷേധമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചപ്പോളും ഇതേ ദുഷ്ടലാക്കായിരുന്നു.
ഇതേ പണി തന്നെയല്ലേ ദേശീയതലത്തില്‍ പരിവാര സംഘടനകളും അതിന്റെ നേതാക്കളുമൊക്കെ എടുത്തുകൊണ്ടിരിക്കുന്നത്. അതിനെ എതിര്‍ക്കുന്നുവെന്ന് അവകാശപ്പെടുന്നവരാണ് ജമാഅത്തെ ഇസ്ലാമിയും അതിന്റെ വിവിധ സംഘടനകളും സ്ഥാപനങ്ങളുമൊക്കെ. എന്നിട്ട് സംഘപരിവാരത്തിന്റെ അതേ തന്ത്രം പയറ്റാന്‍ തയാറാകുമ്പോള്‍ അത് സ്വയം വളരാന്‍ മാത്രമുദ്ദേശിച്ചുള്ളതാവില്ല, സംഘ് പരിവാറിനെ വളര്‍ത്താന്‍ കൂടിയുള്ളതാകണം.

വാല്‍ക്കഷ്ണം
ടെലിവിഷന്‍ സ്‌ക്രീനാകെ മാറ്റാന്‍ രംഗത്തുവന്നവര്‍ മത്സരത്തിലും പിന്നാക്കം പോയതാണ് ചരിത്രം. തുടക്കത്തില്‍ ഏഷ്യാനെറ്റിനും മനോരമയ്ക്കും മാതൃഭൂമിയ്ക്കും താഴെ നാലാമതായിരുന്നു സ്ഥാനം. അതുമൊരു പലവക ചാനലായിരിക്കെ. വഴിത്തിരിവിന്റെ തുടര്‍ച്ചയായുള്ള സമ്പൂര്‍ണ വാര്‍ത്താ ചാനലായതോടെ റേറ്റിംഗ് കുത്തനെ താണു. 24 രംഗത്തുവരും വരെ അഞ്ചിലും ആറിലുമായി തത്തിക്കളി. 24 വന്നതോടെ കുറച്ചുകാലം ആറിലുറച്ചു. പിന്നെ കൈരളിയിലും താഴേക്ക് കുതിച്ചു. റിപ്പബ്ലിക് ടി വി കൃത്രിമം കാട്ടിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ബാര്‍ക് റേറ്റിംഗ് തത്കാലത്തേക്ക് നിര്‍ത്തിവെക്കുന്ന കാലത്ത് എട്ടാം സ്ഥാനത്ത് സ്ഥിരതയുണ്ടായിരുന്നു മീഡിയവണിന്. എന്നുവെച്ചാല്‍ അവസാനത്തില്‍നിന്ന് എണ്ണിത്തുടങ്ങിയാല്‍ ഒന്നാം സ്ഥാനം. വിപണിയിലെ ഓഹരി നാല് ശതമാനത്തില്‍ താഴെയായത് പ്രകടനത്തിലെ ദയനീയത കൂടുതല്‍ വെളിവാക്കുന്നു. പടവലങ്ങയേക്കാള്‍ വേഗത്തിലുള്ള വളര്‍ച്ചയെന്ന് ജമാഅത്തുകാര്‍ തന്നെ തമാശയ്ക്ക് പറയും; ജമാഅത്ത് വെല്‍ഫെയര്‍ അജണ്ടകള്‍ തിരുകിക്കയറ്റാനും അതിന് വേണ്ടി വ്യാജം നിരത്താനും തുടങ്ങിയതോടെയാണ് താഴേക്കുള്ള വളര്‍ച്ചയ്ക്ക് വേഗം കൂടിയതെന്നും.

എസ് ശറഫുദ്ദീന്‍

You must be logged in to post a comment Login