മതമോ രാഷ്ട്രീയമോ എന്ന ചോദ്യം കഴിഞ്ഞ നൂറ്റാണ്ടില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഭിന്നധ്രുവങ്ങളിലൂടെ മാത്രം സഞ്ചരിക്കുന്ന രണ്ടു ധാരകളായി മതത്തെയും രാഷ്ട്രീയത്തെയും മനസിലാക്കിയതായിരുന്നു പ്രശ്നം. മതത്തിന്റെ രാഷ്ട്രീയഭാവനകളെ സങ്കുചിതമായ അധികാര താല്പര്യങ്ങളോട് ചേര്‍ത്തുവെച്ച് വായിച്ചതിന്റെ പരിമിതി എന്നും പറയാം. രണ്ടുതരം തെറ്റുധാരണകള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ മേല്‍ക്കോയ്മ നേടിയിരുന്നു. മതം ഒരാത്മീയ പദ്ധതി മാത്രമാണെന്ന വിചാരമായിരുന്നു അതിലൊന്ന്. മറ്റൊന്ന്, മതം സമം അധികാര രാഷ്ട്രീയം എന്ന സമീകരണമാണ്. ഇതുരണ്ടിനെയും റദ്ദ് ചെയ്യുന്ന മത, രാഷ്ട്രീയ ബോധ്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് കേരളത്തിലെ ഇസ്ലാമിക സമൂഹം ഇന്ന് കാണുന്ന യശസ്സ് എത്തിപ്പിടിച്ചത്.
ഇസ്ലാം സമഗ്രമാണ്, പ്രമേയങ്ങള്‍ കൊണ്ടും പ്രയോഗം കൊണ്ടും. മനസുകളെ കീഴടക്കിയാണ് ഇസ്ലാം ലോകത്തെ ജയിച്ചത്. നിര്‍ബന്ധിച്ച് മതം മാറ്റിയോ ആയുധം കൊണ്ട് അധികാരം പിടിച്ചോ സ്ഥാപിച്ചെടുത്തതല്ല. പ്രത്യുത, മനുഷ്യാന്തസ്സിനെ ഉയര്‍ത്തിപ്പിടിക്കുക വഴി ഹൃദയങ്ങളിലേക്ക് പാലം പണിതാണ് ഇസ്ലാം തേരോട്ടം നടത്തിയത്. അത് ചോരയില്‍ മുങ്ങിയ പ്രയാണമായിരുന്നില്ല. നിര്‍ബന്ധിത മതംമാറ്റം തടയാനെന്ന പേരില്‍ ഇസ്ലാമിലേക്കുള്ള കടന്നുവരവിനെ തടയിടാന്‍ നിയമം പടച്ചുണ്ടാക്കുന്നവര്‍ക്ക് ഇസ്ലാമിനെ കുറിച്ച് ഒന്നുമറിയില്ല. സമാധാനപരമായ പ്രബോധനങ്ങളിലൂടെയാണ് ഇസ്ലാം നൂറ്റാണ്ടുകള്‍ താണ്ടിയത്. യുദ്ധമായിരുന്നില്ല, അനുരഞ്ജനമായിരുന്നു പ്രബോധകരുടെ വഴി. അത് പ്രവാചക ചരിത്രത്തിലുണ്ട്, പില്‍ക്കാല ഭരണാധിപരുടെ ചരിത്രത്തിലുമുണ്ട്.
മതപ്രബോധനത്തിന്റെ ലക്ഷ്യം അധികാരം പിടിക്കുകയോ രാഷ്ട്രം പടക്കുകയോ അല്ല. രാഷ്ട്രം സ്ഥാപിക്കാന്‍ വേണ്ടി പ്രബോധനം ചെയ്തവരല്ല മുന്‍ഗാമികള്‍. മുത്തുനബിയുടെ മദീന പോലും അങ്ങനെ രാജ്യമാക്കപ്പെട്ടതല്ല. കാലാന്തരേണ ഒരു രാഷ്ട്രമായി മദീന മാറിയതാണ് ചരിത്രം. അധികാരത്തിനും രാഷ്ട്രനിര്‍മാണത്തിനും വേണ്ടി പ്രയത്നിക്കലാണ് വിശ്വാസിയുടെ ബാധ്യത എന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ മദീനയെ കുറിച്ച്, പ്രവാചകരുടെ പ്രബോധന ശൈലിയെ കുറിച്ച് പഠിക്കുകയാണ് വേണ്ടത്.
എസ് എസ് എഫിന്റെ രാഷ്ട്രീയം
ഇസ്ലാമാണ് എസ് എസ് എഫിന്റെ നിലപാടുതറ. പക്ഷേ മുസ്ലിംകള്‍ മാത്രമുള്ള ഒരു സമൂഹത്തിലല്ല എസ് എസ് എഫ് പ്രവര്‍ത്തിക്കുന്നത്. വൈവിധ്യങ്ങള്‍ അഭിമാനമായി കൊണ്ടുനടക്കുന്ന ഒരു ജനാധിപത്യരാജ്യത്ത് രാഷ്ട്രീയമില്ലാതെ മുന്നോട്ടുപോവുക അസാധ്യമാണ്. അതുകൊണ്ട് ഇസ്ലാം വിഭാവന ചെയ്യുന്ന രാഷ്ട്രീയത്തെ നമ്മുടെ ജനാധിപത്യപരിസരത്തേക്ക് പറിച്ചുനടുക മാത്രമേ എസ് എസ് എഫിന് വേണ്ടി വന്നുള്ളൂ. അതാകട്ടെ ഒട്ടും സാഹസമുള്ളതായിരുന്നില്ല. കാരണം ഇസ്ലാം ജനാധിപത്യത്തോടോ മതേതരത്വത്തോടോ ബഹുസ്വരതയോടോ ഏറ്റുമുട്ടുന്നില്ല. മുസ്ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള നാട്ടില്‍ മാത്രമല്ല, മറ്റു മതസമൂഹങ്ങള്‍ ഭൂരിപക്ഷമായിരിക്കുന്ന ദേശങ്ങളിലും ഇസ്ലാമിന് നിലനില്‍ക്കാന്‍ കഴിയും. ഇന്ത്യയിലെ മുസ്ലിം ജീവിതം തന്നെയാണ് സാക്ഷ്യം.
മതം കേവലം രാഷ്ട്രീയമാണ് എന്ന് എസ് എസ് എഫ് കരുതുന്നില്ല. മതത്തില്‍ രാഷ്ട്രീയം കൂടിയുണ്ട് എന്നതാണ് ഞങ്ങളുടെ ബോധ്യം. ആ രാഷ്ട്രീയം മാനവികമാണ്, അപരനെ സ്നേഹിക്കുന്നതും അവരുടെ അവകാശങ്ങള്‍ വകവെച്ചു നല്‍കുന്നതുമാണ്. മാനവികമായ രാഷ്ട്രീയത്തിന് തിന്മകളോട് സന്ധി ചെയ്യാനാകില്ല. എല്ലാ തിന്മകളും മാനവികവിരുദ്ധമാണ്. തെറ്റുകളെ തെറ്റാണെന്ന് പറയാനുള്ള ഇച്ഛാശക്തിയാണ് എസ് എസ് എഫ് അതിന്റെ പ്രവര്‍ത്തകര്‍ക്ക് പകരുന്നത്. കക്ഷിരാഷ്ട്രീയത്തോട് അകലം പാലിക്കുന്നതും ഈ ഇച്ഛാശക്തി കൈമോശം വരാതിരിക്കാനാണ്. ഇങ്ങോട്ട് ശാത്രവം പുലര്‍ത്തിയവരെപ്പോലും സ്നേഹം കൊണ്ട് കീഴടക്കിയതാണ് മുത്തുനബിയുടെ ചരിത്രം. ആ ചരിത്രത്തില്‍ നിന്നാണ് ഞങ്ങള്‍ പാഠമുള്‍ക്കൊള്ളുന്നത്. അതുകൊണ്ടു തന്നെ ഞങ്ങള്‍ ആരെയും ശത്രുക്കളായി കാണുന്നില്ല. വിയോജിക്കുന്നവരെ കൊന്നുതള്ളുന്നത് എസ് എസ് എഫിന്റെ ചരിത്രത്തിലില്ല. ഒന്നാമതായി അത് ഇസ്ലാമിക വിരുദ്ധമാണ്. രണ്ടാമതായി, അത് ജനാധിപത്യ വിരുദ്ധവുമാണ്. എതിര്‍ശബ്ദങ്ങളെ ആയുധം കൊണ്ട് തോല്പിക്കാമെന്നു കരുതുന്ന വങ്കത്തങ്ങളെ അതേ നാണയത്തില്‍ പ്രതിരോധിക്കുന്നതല്ല ഞങ്ങളുടെ രാഷ്ട്രീയം.
സ്റ്റുഡന്റ്സ് കോണ്‍ഗ്രസ്
എസ് എസ് എഫ് 116 കേന്ദ്രങ്ങളില്‍ സ്റ്റുഡന്റസ് കോണ്‍ഗ്രസുകള്‍ നടത്തുകയാണ്. വിദ്യാര്‍ഥികള്‍ തന്നെയാണ് വിപ്ലവം എന്നതാണ് പ്രമേയം. നേരിന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ആലോചനകളാണ് സ്റ്റുഡന്റ്സ് കോണ്‍ഗ്രസില്‍ പങ്കുവെക്കുന്നത്. കക്ഷിരാഷ്ട്രീയം തര്‍ക്കങ്ങളിലും വിവാദങ്ങളിലും അഭിരമിക്കുമ്പോള്‍, തിരഞ്ഞെടുപ്പാഘോഷങ്ങള്‍ മാത്രമായി ജനാധിപത്യം മാറ്റപ്പെടുമ്പോള്‍ രാഷ്ട്രീയത്തിന്റെ ഉള്ളുതൊടുന്ന ചര്‍ച്ചകളിലൂടെ എസ് എസ് എഫ് കേരളത്തിന് വഴി കാട്ടുകയാണ്. അധികാരത്തിനു വേണ്ടിയുള്ള പലതരം ഒത്തുതീര്‍പ്പുകളുടെ കാലത്ത് അധികാരത്തിനും മുകളില്‍ നില്‍ക്കേണ്ട രാഷ്ട്രീയ ജാഗ്രതയെ കുറിച്ചാണ് എസ് എസ് എഫ് സംസാരിക്കുന്നത്. അങ്ങനെ സംസാരിക്കാന്‍ എസ് എസ് എഫിനെ പ്രാപ്തമാക്കിയത് മഖ്ദൂമുമാര്‍ മുതലിങ്ങോട്ട് മഹാപണ്ഡിതന്മാര്‍ സാധ്യമാക്കിയ രാഷ്ട്രീയവ്യവഹാരങ്ങളാണ്.
സി കെ റാശിദ് ബുഖാരി
You must be logged in to post a comment Login