വ്യക്തി ശുചിത്വത്തിന്റെയും, സാംസ്‌കാരിക അവബോധത്തിന്റെയും ഭാഗമെന്ന നിലയില്‍ ഏതാണ്ടെല്ലാ മതങ്ങളിലും, സംസ്‌കാരങ്ങളിലും സ്നാനത്തിന് മഹത്തായ സ്ഥാനമുണ്ട്. സാംസ്‌കാരിക ഔന്നത്യത്തിന്റെയും, നാഗരിക പുരോഗതിയുടെയും അളവുകോലായാണ് സ്നാനഘട്ടങ്ങളും, ശുചിമുറികളും കണക്കാക്കപ്പെടുന്നത്. പൗരാണിക സമൂഹങ്ങളുടെ നഗരാവശിഷ്ടങ്ങളില്‍ കാണപ്പെടുന്ന കുളിപ്പുരകളും, ശുചിമുറികളും അവര്‍ എത്ര സംസ്‌കാര സമ്പന്നരായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കിത്തരുന്നു. ശുചിത്വത്തിന്റെ ഭാഗമെന്ന നിലയില്‍ സ്നാനത്തിന് ഇസ്ലാം വളരെയേറെ പ്രാധാന്യം നല്‍കിയിരിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഇസ്ലാം കുളി അനിവാര്യമാക്കുകയും മറ്റു ചിലപ്പോള്‍ അഭികാമ്യമാക്കുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച പ്രാര്‍ത്ഥന (ജുമുഅ), പെരുന്നാളുകള്‍, ഗ്രഹണ നിസ്‌കാരം, മഴക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന, ഇഅ്തികാഫ്, ബാങ്ക്, മക്കാ മദീനാ ഹറമുകളില്‍ പ്രവേശിക്കുക, പള്ളിയില്‍ പ്രവേശിക്കുക, ഉത്തമ സദസ്സുകളില്‍ പ്രവേശിക്കുക, സത്യവിശ്വാസം സ്വീകരിക്കുക, പ്രായപൂര്‍ത്തിയെത്തുക, ഭ്രാന്ത്, ബോധക്ഷയം സുഖപ്പെടുക, ഉന്മാദം നീങ്ങുക എന്നിവയെല്ലാം സ്നാനം അഭികാമ്യമായ കാര്യങ്ങളാണ്. മയ്യിത്തിനെ കുളിപ്പിച്ചവര്‍, മീശ, കൈക്കുഴിയിലെ രോമങ്ങള്‍, ഗുഹ്യരോമങ്ങള്‍ മുതലായവ വൃത്തിയാക്കിയവര്‍, ശരീരം പകര്‍ച്ചയായവര്‍ എന്നിവര്‍ക്കും കുളി സുന്നത്തുണ്ട്. ഹജ്ജ്, ഉംറ തുടങ്ങിയ കര്‍മങ്ങള്‍ക്കും കുളി സുന്നത്താണ്. റമളാനിലെ ഓരോ രാത്രിയും കുളിക്കല്‍ പ്രത്യേകം സുന്നത്തുണ്ട്. ശുക്ല സ്ഖലനം, ഗുഹ്യാവയവത്തില്‍ ലിംഗാഗ്രം (ഹശ്ഫ) പ്രവേശിക്കുക, ആര്‍ത്തവം, പ്രസവം, പ്രസവാനന്തരരക്ത സ്രാവം (നിഫാസ് ), മരണം എന്നിവയാണ് കുളി നിര്‍ബന്ധമാക്കുന്ന കാര്യങ്ങള്‍.
ഒന്ന്: ശുക്ലസ്ഖലനം. സ്വന്തം ശുക്ലം സ്രവിക്കുമ്പോഴാണ് കുളി നിര്‍ബന്ധമാകുന്നത്. മറ്റൊരാളുടെ ശുക്ലം വിസര്‍ജിക്കുന്നത് കൊണ്ടോ, വിസര്‍ജിച്ച ശുക്ലം അകത്തേക്ക് കടന്നശേഷം വീണ്ടും പുറത്തേക്കു വരുന്നതു കൊണ്ടോ കുളി നിര്‍ബന്ധമാവുകയില്ല. തെറിച്ച് തെറിച്ച് വീഴുക, പുറത്തു വരുമ്പോള്‍ ആനന്ദമുണ്ടാവുക, ഉണങ്ങിയാല്‍ കോഴിമുട്ട വെള്ളയുടെയും അതിന് മുമ്പ് ഗോതമ്പു മാവിന്റെയും ഗന്ധമുണ്ടാവുക എന്നീ ലക്ഷണങ്ങളിലൂടെ പുറപ്പെട്ടത് ശുക്ലമാണെന്ന് തിരിച്ചറിയാനാകും. ഇത്തരം ഗുണങ്ങളൊന്നുമില്ലെങ്കില്‍ കുളി അനിവാര്യമോ അഭികാമ്യമോ അല്ല. അസാധുവായ ഒരു ആരാധനാകര്‍മത്തില്‍ ഏര്‍പ്പെടലായതുകൊണ്ട് അത് നിഷിദ്ധവുമാണ്. വിസര്‍ജിച്ചത് ശുക്ലമാണോ മദജലമാണോ (മദിയ്) എന്ന് സംശയിച്ചാല്‍ ശുക്ലമാണെന്ന് വെച്ച് കുളിച്ചു വൃത്തിയാകുകയോ, മദജലമാണെന്ന് വെച്ച് കഴുകി വൃത്തിയാക്കി ശേഷം അംഗശുദ്ധി വരുത്തുകയോ ഇഷ്ടമുള്ളത് ചെയ്യാം.
വിരിപ്പിലോ വസ്ത്രത്തിലോ ശുക്ലത്തിന്റെ അംശം കണ്ടെത്തുകയും അത് മറ്റൊരാളുടെതാകാന്‍ സാധ്യതയില്ലാതിരിക്കുകയും ചെയ്താല്‍ കുളിക്കുകയും ശുക്ല വിസര്‍ജനത്തിന് ശേഷമാണെന്ന് ഉറപ്പുള്ള നിസ്‌കാരങ്ങളെല്ലാം മടക്കി നിര്‍വ്വഹിക്കുകയും വേണം. ഇത് അനിവാര്യമാണ്. ശുക്ല വിസര്‍ജനത്തിന് ശേഷമാകാന്‍ സാധ്യതയുള്ള നിസ്‌കാരങ്ങള്‍ മടക്കി നിര്‍വ്വഹിക്കുന്നത് അഭികാമ്യവുമാണ്. മറ്റൊരാളുടേതാകാന്‍ സാധ്യതയുണ്ടെങ്കില്‍ കുളിക്കലും നിസ്‌ക്കാരം മടക്കി നിര്‍വ്വഹിക്കലും സുന്നത്താണ്. നിര്‍ബന്ധമില്ല.
രണ്ട്: ലിംഗാഗ്രം – ചേലാകര്‍മത്തിനിടെ ചര്‍മം ഛേദിച്ചുകളയുന്ന ഭാഗം( ഹശ്ഫ) ഗുഹ്യാവയവത്തില്‍ പ്രവേശിക്കുക. ലിംഗാഗ്രം ഛേദിക്കപ്പെടുകയോ ‘അഗ്രഭാഗ രഹിതനായി ജനിക്കുകയോ ചെയ്തവരാണെങ്കില്‍ അഗ്രഭാഗത്തിന്റെ അത്രയും ഭാഗം പ്രവേശിച്ചാലും കുളി നിര്‍ബന്ധമാകും. ഛേദിക്കപ്പെട്ട ഗുഹ്യഭാഗത്താണ് പ്രവേശിച്ചതെങ്കിലും, മൃതദേഹത്തിന്റെയോ, മൃഗത്തിന്റെയോ ഗുഹ്യാവയവയത്തിലാണ് പ്രവേശിച്ചതെങ്കിലും കുളിക്കണം. എന്നാല്‍ മൃതശരീരത്തിനോ ഛേദിക്കപ്പെട്ട അവയവത്തിന്റെ ഉടമക്കോ കുളി നിര്‍ബന്ധമാവുകയില്ല. ഗുദത്തിലാണ് പ്രവേശിച്ചതെങ്കിലും, മറയോടെയാണെങ്കിലും, മറന്നു കൊണ്ടോ, ബലാല്‍ക്കാരമായോ ആണ് പ്രവേശിച്ചതെങ്കിലും കാമാസക്തിയില്ലാതെയാണെങ്കിലും ഇരുപേര്‍ക്കും കുളി നിര്‍ബന്ധമാണ്. ഗുദഭോഗവും, മൃഗങ്ങളെ ഭോഗിക്കുന്നതും, സ്വവര്‍ഗ സംഭോഗവും ഇസ്ലാം കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഇണയുമായുള്ള നിയമപരമായ ഭോഗം മാത്രമാണ് ഇസ്ലാം അനുവദിക്കുന്നത്. കുറ്റകരമായ രീതിയില്‍ അത്തരം കാര്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ കുളി നിര്‍ബന്ധമാണോ എന്ന് മാത്രമാണ് ഇവിടെ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ വിവരിച്ചിരിക്കുന്നത്. അത്തരം കാര്യങ്ങള്‍ അതിന്റെ ഭാഗത്ത് പറയും.
മൂന്ന്: ആര്‍ത്തവം. സ്ത്രൈണ ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായി ഗര്‍ഭപാത്രത്തിന്റെ ഉള്‍പാളി അടര്‍ന്ന് രക്തത്തോടൊപ്പം യോനിയിലൂടെ പുറത്ത് വരുന്ന പ്രക്രിയയാണ് ആര്‍ത്തവം. ശരീര പ്രകൃതി, ആരോഗ്യം, കാലാവസ്ഥ, പ്രാദേശിക സവിശേഷതകള്‍ എന്നിവക്കനുസരിച്ച് ആര്‍ത്തവ പ്രായത്തില്‍ വ്യത്യാസങ്ങളുണ്ടാകാം. ഏതാണ്ട് ഒന്‍പത് വയസ്സു മുതല്‍ക്ക് സ്ത്രീ പുഷ്പിണിയാകാമെന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്. ഒന്‍പത് വയസ്സ് തികയുന്നതിന്റെ പതിനാറ് ദിവസം മുമ്പ് വരെ പുറപ്പെടുന്ന രക്തം ആര്‍ത്തവമായി ഗണിക്കപ്പെടും. അതിന് മുമ്പ് പുറപ്പെടുന്നവ ആര്‍ത്തവമായി കണക്കാക്കുകയില്ല. നാല്‍പത്തിയഞ്ചിനും അന്‍പത്തിഅഞ്ചിനുമിടയിലാണ് സാധാരണയില്‍ ആര്‍ത്തവ വിരാമമുണ്ടാകാറുള്ളത്. അറുപത്തിരണ്ട് വയസ്സുവരെയാണ് പരമാവധി ആര്‍ത്തവമുണ്ടാകാറുള്ളതെങ്കിലും. ആരോഗ്യം, ഭക്ഷണം, ജീവിത സാഹചര്യങ്ങള്‍ എന്നിവക്കനുസരിച്ച് അതിനു ശേഷവും ആര്‍ത്തവമുണ്ടായെന്ന് വരാം.അതിനാല്‍ ആര്‍ത്തവ വിരാമത്തിന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ നിശ്ചിത സമയ പരിധി നിശ്ചയിച്ചിട്ടില്ല. സാധാരണയായി മൂന്ന് മുതല്‍ ആറ്, ഏഴ് ദിവസങ്ങള്‍ വരെയാണ് ആര്‍ത്തവമുണ്ടാകാറുള്ളത് . പതിനഞ്ച് ദിവസം വരെ ഇതുണ്ടായെന്നും ഒരു ദിവസത്തില്‍ പരിമിതപ്പെട്ടെന്നും വരാം. രണ്ട് ആര്‍ത്തവങ്ങള്‍ക്കിടയില്‍ ചുരുങ്ങിയത് പതിനഞ്ച് ദിവസത്തെ ഇടവേളയെങ്കിലുമുണ്ടായിരിക്കും. ഇടവേള ക്രമാതീതമായി ദീര്‍ഘിച്ചു എന്നും വരാം. രക്തസ്രാവമുണ്ടായ സമയം ഒരു ദിവസത്തേക്കാള്‍ കുറയാതിരിക്കുകയും, രക്തസ്രാവമുണ്ടായ സമയവും ഇടവേളയും കൂടി പതിനഞ്ച് ദിവസത്തെക്കാള്‍ കൂടാതിരിക്കുകയും ചെയ്യുമ്പോള്‍ രക്ത സ്രാവത്തിനിടയിലുള്ള സമയം ആര്‍ത്തവമായാണ് കണക്കാക്കുക.ഒരു ദിവസത്തെക്കാള്‍ കുറഞ്ഞ രക്തസ്രാവവും പതിനഞ്ച് ദിവസത്തെക്കാള്‍ കൂടിയതും ആര്‍ത്തവമായി പരിഗണിക്കപ്പെടുകയില്ല. രോഗകാരണം പുറപ്പെടുന്ന രക്തം (ഇസ്തിഹാളത്) ആയാണ് അവ പരിഗണിക്കുക. ഒന്‍പത് വയസ്സ് തികയുന്നതിന് പതിനാറ് ദിവസങ്ങള്‍ക്ക് മുമ്പുണ്ടാകുന്ന രക്തസ്രാവം, ആര്‍ത്തവ രക്തം നിലച്ച് പതിനഞ്ച് ദിവസം പൂര്‍ത്തിയാകുന്നതിന് മുമ്പ് പുറപ്പെടുന്ന രക്തം, പ്രസവം കഴിഞ്ഞ് അറുപത് ദിവസം കഴിഞ്ഞും നിലക്കാത്ത രക്തം എന്നിവയും ഇസ്തിഹാളതായാണ് ഗണിക്കുക. ഇസ്തിഹാളത് ഉള്ള സ്ത്രീക്ക് നിസ്‌കാരം, നോമ്പ് തുടങ്ങി ആര്‍ത്തവകാരികള്‍ക്കും, പ്രസവാനന്തര രക്ത സ്രാവമുള്ളവര്‍ക്കും നിഷിദ്ധമായ കാര്യങ്ങളൊന്നും തന്നെ നിഷിദ്ധമല്ല. അവള്‍ നിസ്‌കാരം, നോമ്പ് തുടങ്ങിയ നിര്‍ബന്ധ കര്‍മങ്ങളെല്ലാം അനുഷ്ഠിക്കേണ്ടതാണ്.
നാല്: പ്രസവ രക്തം. പ്രസവം കഴിഞ്ഞ് പതിനഞ്ച് ദിവസം പൂര്‍ത്തിയാകുന്നതിന് മുമ്പ് പുറപ്പെടുന്ന രക്തമാണ് പ്രസവരക്തമായി (നിഫാസ് ) പരിഗണിക്കുന്നത്. സാധാരണയില്‍ നാല്‍പത് ദിവസം വരെയാണ് നിഫാസുണ്ടാകാറുള്ളത്. അറുപത് ദിവസം വരെ ഇതുണ്ടായേക്കാം. നിമിഷ നേരം കൊണ്ട് അവസാനിച്ചു എന്നും വരാം. പ്രസവം കഴിഞ്ഞ് പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷം പുറപ്പെടുന്ന രക്തം നിഫാസ് അല്ല.
അഞ്ച്: പ്രസവം. സാധാരണ പ്രസവമാണെങ്കിലും ശസ്ത്രക്രിയ വഴിയാണ് കുഞ്ഞിനെ പുറത്തെടുത്തതെങ്കിലും കുളി നിര്‍ബന്ധമാണ്.
ജനനേന്ദ്രിയത്തിലൂടെയായിരിക്കണമെന്നോ, നവജാത ശിശുവിന് ജീവനുണ്ടായിരിക്കണമെന്നോ നിബന്ധനയില്ല. മനുഷ്യ ശിശുവാകാന്‍ സാധ്യതയുള്ള രക്തപിണ്ഡം, മാംസപിണ്ഡം എന്നിവ പ്രസവിച്ചാലും കുളി നിര്‍ബന്ധമാണ്. മനുഷ്യരൂപമില്ലെങ്കിലും ഒട്ടും നനവില്ലാതെയാണ് പ്രസവിച്ചതെങ്കിലും കുളി നിര്‍ബന്ധമാണ് .
ആറ്: മരണം. രക്തസാക്ഷിയല്ലാത്ത ഏതൊരു വിശ്വാസി മരണപ്പെട്ടാലും കുളിപ്പിക്കണം; നിര്‍ബന്ധമാണ്. വെള്ളത്തില്‍ വീണ് മരിച്ചതാണെങ്കില്‍ പോലും കുളിപ്പിക്കണം. മലക്കുകളോ, ജിന്നുകളോ കുളിപ്പിച്ചതാണെങ്കിലും കുളിപ്പിക്കല്‍ നിര്‍ബന്ധമാണ്. ജലം ദുര്‍ലഭമായതുകൊണ്ടോ, ജഢം കത്തിക്കരിഞ്ഞതുകൊണ്ടോ, രോഗവ്യാപനം ഭയപ്പെടുന്നതുകൊണ്ടോ, അന്യരല്ലാതെ മറ്റാരും കുളിപ്പിക്കാന്‍ ഇല്ലാത്തതുകൊണ്ടോ കുളിപ്പിക്കല്‍ പ്രയാസമാകുന്ന സമയം കുളിപ്പിക്കാതെ തയമ്മും ചെയ്ത് കൊടുക്കുകയാണ് വേണ്ടത്.
രണ്ടു കാര്യങ്ങളാണ് കുളിക്കുമ്പോള്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ടത് .
ഒന്ന്: നിയ്യത് അഥവാ ഉദ്ദേശ്യപൂര്‍വം ചെയ്യുക. ജനാബതിനെ ഉയര്‍ത്താന്‍ ഞാന്‍കരുതി, ഹൈള് ഉയര്‍ത്താന്‍ ഞാന്‍ കരുതി, നിഫാസ് ഉയര്‍ത്താന്‍ കരുതി, അശുദ്ധി ഉയര്‍ത്താന്‍ കരുതി, അശുദ്ധിയില്‍ നിന്ന് ശുദ്ധി വരുത്താന്‍ കരുതി, കുളിക്കാന്‍ കരുതി, കുളിയുടെ ഫര്‍ള് നിര്‍വഹിക്കാന്‍ കരുതി, ജനാബത് കുളിക്കാന്‍ ഞാന്‍ കരുതി എന്നിവയില്‍ ഏതെങ്കിലുമൊന്നാണ് കരുതേണ്ടത്. നിത്യ അശുദ്ധിയുള്ളവര്‍ അവസാന മൂന്ന് നിയ്യതുകളില്‍ ഒന്നാണ് കരുതേണ്ടത്. ശരീരത്തിന്റെ ആദ്യഭാഗം കഴുകുന്നതിനോട് ചേര്‍ത്ത് കൊണ്ടാണ് നിയ്യത് ചെയ്യേണ്ടത്.
രണ്ട്: ശരീരമാസകലം വെള്ളം ഒഴുക്കുക. ചര്‍മങ്ങളും, കേശങ്ങളും നഖങ്ങളുമെല്ലാം വെള്ളമൊഴിച്ച് കഴുകണം. നഖത്തിനടിയിലും ഛേദിക്കപ്പെട്ടിട്ടില്ലാത്ത ലിംഗാഗ്ര ചര്‍മത്തിനടിയിലും ജലം എത്തിക്കണം. ചെവിക്കുഴിയിലും വിണ്ടുകീറി യ സ്ഥലങ്ങളിലും പൊട്ടിയ നീര്‍ക്കുമിളകള്‍ക്കകത്തും വെള്ളമെത്തണം. സ്ത്രീ, കുതികാലിലിരിക്കുമ്പോള്‍ തന്റെ യോനിയില്‍നിന്നും പ്രത്യക്ഷമാകുന്ന ഭാഗം വരെ കഴുകി വൃത്തിയാക്കണം. എല്ലായിടത്തും ജലം എത്തിയിട്ടുണ്ടെന്ന മികച്ച ധാരണയുണ്ടായാല്‍ മതി, ഉറപ്പു വരുത്തല്‍ നിര്‍ബന്ധമില്ല.
ശുക്ലസ്ഖലനമുണ്ടായവര്‍ കുളിക്കുന്നതിന് മുമ്പ് മൂത്രവിസര്‍ജനം നടത്തുക, ഖിബ്‌ലക്ക് അഭിമുഖമായി നിന്ന് കൊണ്ട് കുളിക്കുക. ബിസ്മി കൊണ്ട് ആരംഭിക്കുക. ശരീരത്തിലെ അഴുക്ക് നീക്കുക, ദന്തശുദ്ധി വരുത്തുക, വായും നാസദ്വാരങ്ങളും വൃത്തിയാക്കുക, കുളിക്കുന്നതിന് മുമ്പ് പൂര്‍ണ്ണാത്ഥത്തിലുള്ള വുളു നിര്‍വ്വഹിക്കുക, കുളി കഴിയുന്നതുവരെ വുളു നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക,ചെവി, കൈക്കുഴി, പൊക്കിള്‍ തുടങ്ങിയുള്ള ചുളിഞ്ഞ സ്ഥലങ്ങള്‍ സൂക്ഷിച്ചു കഴുകുക, തലമുടിയും, താടിയും മറ്റു കേശങ്ങളും തിക്കകറ്റി കഴുകുക, ആദ്യം ശിരസ്സിലും ശേഷം വലതുഭാഗത്തും അനന്തരം ഇടതുഭാഗത്തും വെള്ളം ഒഴിക്കുക, ശരീരം ഉരച്ചു കഴുകുക, ആദ്യാവസാനം നിയ്യത് ഉണ്ടായിരിക്കുക, ക്രമപ്രകാരവും, തുടരെയായും നിര്‍വ്വഹിക്കുക, കുളിക്കുന്നതിനിടയില്‍ സംസാരിക്കാതിരിക്കുക, കുളിക്കാനുപയോഗിക്കുന്ന വെള്ളം ഒരു സ്വാഇല്‍ കുറയാതിരിക്കുക. നിര്‍ബന്ധ സ്നാനത്തിന് മുമ്പ് നഖം, മുടി പോലുള്ള ശരീര ഭാഗങ്ങളൊന്നും തന്നെ നീക്കം ചെയ്യാതിരിക്കുക, വിജനമായ സ്ഥലത്തുവെച്ചാണ് കുളിക്കുന്നതെങ്കില്‍ പോലും നഗ്നത പ്രകടിപ്പിക്കാതിരിക്കുക, കുളി കഴിഞ്ഞയുടനെ വുളുവിന് ശേഷം നിര്‍വ്വഹിക്കുന്ന പ്രാര്‍ത്ഥന ചൊല്ലുക, എല്ലാ കര്‍മങ്ങളും മൂന്ന് തവണ നിര്‍വ്വഹിക്കുക എന്നിവയെല്ലാം കുളിയുടെ അഭികാമ്യഘടകങ്ങളാണ്. ചെറിയ അശുദ്ധിയുള്ളവര്‍ക്ക് നിഷിദ്ധമായ കാര്യങ്ങളോടൊപ്പം പള്ളിയില്‍ താമസിക്കുക, ഖുര്‍ആന്‍ പാരായണം തുടങ്ങിയ കാര്യങ്ങളും വലിയ അശുദ്ധിയുള്ളവര്‍ക്കും പ്രസവിച്ച സ്ത്രീകള്‍ക്കും കുളിക്കുന്നതിന് മുമ്പ് നിഷിദ്ധമാണ്.വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുക എന്ന ലക്ഷ്യത്തോടെ വിശുദ്ധ ഖുര്‍ആനിലെ ഒരക്ഷരം പോലും പാരായണം ചെയ്യാന്‍ പാടില്ല. ഖുര്‍ആനാണെന്ന ഉദ്ദേശ്യമില്ലാതെ ഖുര്‍ആനില്‍ വന്നിട്ടുള്ള പ്രാര്‍ത്ഥനകളും കീര്‍ത്തനങ്ങളും ഉരുവിടാവുന്നതാണ്. ഖുര്‍ആന്‍ പാരായണം ചെയ്യുകയാണെന്ന ഉദ്ദേശ്യമില്ലാതെ ഭക്ഷണം കഴിക്കുമ്പോള്‍ ബിസ്മി ചൊല്ലുന്നതിനോ, വാഹനം കയറുമ്പോള്‍ സുബ്ഹാനല്ലദീ… എന്ന് തുടങ്ങുന്ന ദിക്റ് ചൊല്ലുന്നതിനോ വിപത്ത് സംഭവിക്കുമ്പോള്‍ ‘ഇന്നാലില്ലാഹി…’ എന്ന് തുടങ്ങുന്ന ദിക്റ് ചൊല്ലുന്നതിനോ വിരോധമില്ല.
ആര്‍ത്തവമുള്ളവര്‍ക്കും, പ്രസവരക്തം നിലച്ചിട്ടില്ലാത്തവര്‍ക്കും ഇവക്ക് പുറമേ വ്രതം, വിവാഹമോചനം, സംഭോഗം, മറയില്ലാതെ മുട്ടിനും പൊക്കിളിനുമിടയിലുള്ള മറ്റു ലൈംഗിക ബന്ധങ്ങള്‍ എന്നിവ കൂടി നിഷിദ്ധമാണ്. രക്തം നിലച്ചാല്‍ പോലും കുളിക്കുന്നതിന് മുമ്പ് സംഭോഗമോ, മുട്ടിനും പൊക്കിളിനുമിടയിലുള്ള മറ്റു ലൈംഗിക ബന്ധങ്ങളോ അനുവദനീയമല്ല. വ്രതം, വിവാഹ മോചനം എന്നിവയാകാം. ദേഹ ശുദ്ധിയില്ലാത്തവര്‍ ( ജനാബതുകാര്‍ ) ആര്‍ത്തവരക്തം, പ്രസവ രക്തം എന്നിവ നിലച്ചവര്‍ എന്നിവര്‍ അന്നപാനീയങ്ങള്‍ കഴിക്കാനുദ്ദേശിക്കുകയോ ഉറങ്ങാന്‍ ഉദ്യമിക്കുകയോ ചെയ്യുന്നുവെങ്കില്‍ ഗുഹ്യാവയവം കഴുകലും വുളൂ ചെയ്യലും സുന്നതാണ്. ജനാബതുകാര്‍ വീണ്ടും സംഭോഗത്തിലേര്‍പ്പെടാന്‍ ഉദ്ദേശിക്കുമ്പോള്‍ വുളു സുന്നതുണ്ട്.
ഇസ്ഹാഖ് അഹ്‌സനി
You must be logged in to post a comment Login