ആയുധങ്ങളുടെ പിറവിയും വികാസവും കൂടിച്ചേര്‍ന്നതാണ് മനുഷ്യരാശിയുടെ നാളിതുവരെയുള്ള ചരിത്രം. രണ്ടാം ലോകയുദ്ധത്തിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉള്ളടങ്ങിയ അവസാനത്തോടെ ആയുധങ്ങള്‍ എന്ന ആശയത്തിന്റെ ഭൗതികരൂപങ്ങള്‍ പലപാട് മാറുന്നുണ്ട്. ശരീരങ്ങളെയും ദേശങ്ങളെയും ഉടന്‍ പിളര്‍ത്താന്‍ കെല്‍പുള്ള ബോംബുകളെക്കാള്‍ ദീര്‍ഘകാലത്തേക്ക് നിഷ്പ്രഭമാക്കാന്‍ കഴിയും വിധമുള്ള ആയുധങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. അതില്‍ മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ, ഒരു ജനസമൂഹത്തിനെതിരില്‍ നടന്ന അതിനീച കുറ്റകൃത്യം എന്ന് വിശേഷിപ്പിക്കാവുന്ന ഒരായുധമുണ്ട്; ഇസ്ലാമോഫോബിയ. കഴിഞ്ഞ പതിറ്റാണ്ടുകളില്‍ അക്കാദമിക് രാഷ്ട്രീയ സംവാദലോകങ്ങള്‍ പലപാട് ചര്‍ച്ച ചെയ്തതാണ് അതിന്റെ ഉത്ഭവവും രൂപഭാവങ്ങളും. എല്ലാ ആയുധങ്ങളും എന്ന പോലെ സാമ്പത്തികാധിനിവേശം, സാമ്രാജ്യത്വം തുടങ്ങി നിരവധി ഘടകങ്ങളാല്‍ നിര്‍മിതമാണ് ഇസ്ലാമോഫോബിയയും. ആധുനികലോകത്തിനെതിരായ ഗൂഢാലോചനയായി ഇസ്ലാമിനെ അവതരിപ്പിക്കുക എന്നതായിരുന്നു ഈ ആയുധത്തിന്റെ ആത്യന്തികലക്ഷ്യം. മുസ്ലിം ജനസാമാന്യത്തിന്റെ മതജീവിതത്തെ അത് മതബാഹ്യമായ പരിസരത്ത് വെച്ച് ഇഴകീറി. ഈ ഉഗ്രായുധത്തിന്റെ നിര്‍മാതാക്കളാല്‍ സൃഷ്ടിക്കപ്പെട്ടത് എന്ന് ഇക്കാലത്ത് വ്യക്തമായിട്ടുള്ള ചില മുസ്ലിം ചിഹ്നവാഹകരായ കുറ്റവാളിസംഘങ്ങളുടെ ചെയ്തികളായിരുന്നു ഇസ്ലാമോഫോബിയ എന്ന ബൗദ്ധികായുധത്തിന്റെ പ്രധാന രാസക്കൂട്ടുകള്‍. ലോകമാകെ ഇസ്ലാംഭീതിയുടെ പലരൂപങ്ങള്‍ ഒരു ന്യൂക്ലിയര്‍ ബോംബെന്നപോല്‍ പടര്‍ന്നുചിതറി. അഭയമറ്റുള്ള പലായനങ്ങളുടെ ദൃശ്യങ്ങളായി അവ ചരിത്രത്തിന്റെ ഏടുകളില്‍ ഒട്ടേറെയുണ്ട്. റോഹിംഗ്യരെ മറന്നുപോകരുത്.
ചെറിയ വാക്കോ പ്രയോഗമോ അല്ല ഇസ്ലാമോഫോബിയ. അത് അതികൃത്യതയുള്ള ഗൂഢാലോചനയാണ്. ദീര്‍ഘപദ്ധതിയാണ്. ചെറിയ ചിഹ്നങ്ങള്‍ മുതല്‍ വലിയ സിദ്ധാന്തങ്ങള്‍ വരെ ഉള്‍ച്ചേരുന്നതാണ് അതിന്റെ അടിത്തറ. ലക്ഷ്യം വെക്കുന്ന ഇടങ്ങളില്‍ അത് പ്രഹരശേഷിയോടെ പ്രവര്‍ത്തിക്കും.
അണുബോംബുകള്‍ പോലെ ഉടന്‍ ദൃശ്യമാകുന്നതല്ല അതുണ്ടാക്കുന്ന കൊടുംദുരന്തം. തലമുറകളെ അത് വേരറ്റവരാക്കും. ലിബറലുകള്‍ എന്ന് നാം വിശ്വസിക്കുന്ന, റാഡിക്കലുകള്‍ എന്ന് കൊണ്ടാടുന്ന മനുഷ്യര്‍ പോലും ഈ ആയുധത്തിന്റെ വാഹകരാകും. ഇസ്ലാം സങ്കുചിതമായ ആശയാവലികളുടെയും അക്രാമകമായ പ്രയോഗത്തിന്റെയും കൂടാരമാണ് എന്ന തീര്‍പ്പിലേക്ക് മനുഷ്യരെ വലിച്ചിഴച്ച് കൊണ്ടുപോകാന്‍ ത്രാണിയുണ്ട് ഇസ്ലാമോഫോബിയ എന്ന ആയുധത്തിന്. വെറുപ്പാണ് അതിന്റെ മൂര്‍ച്ചയുള്ള ഫലങ്ങളില്‍ ഒന്ന്. അപരവല്‍കരണമാണ് അതിന്റെ ആക്രമണപദ്ധതി. ബാബരി അനന്തര ഇന്ത്യ ഈ ആയുധത്താല്‍ മുറിവേറ്റ ദേശസമൂഹമാണ്. അതിന്റെ ഉപോല്പന്നമാണ് ഇന്ത്യന്‍ ഫാഷിസം. അഥവാ ഇന്ത്യന്‍ ഫാഷിസത്തിന്റെ പ്രാഥമിക ആയുധങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് ഇസ്ലാമോഫോബിയ ആയിരുന്നു. അതെല്ലാം നാം മുമ്പ് കണ്ടതും സംവദിച്ചതുമായ വസ്തുതകളാണ്. ആശയങ്ങള്‍ അവയുടെ നിരന്തരസഞ്ചാരം കൊണ്ട് ഭൗതികമൂല്യം ആര്‍ജിക്കും എന്ന മാര്‍ക്‌സിയന്‍ പരികല്പന ഇപ്പോള്‍ ഒരു തര്‍ക്കവിഷയമല്ല. ഭൗതികരൂപമാര്‍ജിച്ച ആശയങ്ങളുടെ പ്രഹരശേഷി നാം നിത്യേന കാണുന്ന ഒന്നാണ്. അത്തരത്തില്‍ ഭീമാകാരമാം വിധം ഭൗതികമായിത്തീര്‍ന്ന ആശയം കൂടിയാണ് ഇസ്ലാമോഫോബിയ. അത്തരത്തില്‍ ഭൗതികവസ്തുവായി മാറിത്തീര്‍ന്നിട്ടുള്ള ഒരാശയത്തോട് സൂക്ഷ്മത പുലര്‍ത്താത്ത ഏത് പ്രതിരോധവും പരാജയപ്പെടും. എന്താണ് ഇസ്ലാമോഫോബിയ എന്നും എന്താണതിന്റെ പ്രഹരശേഷിയെന്നും എങ്ങനെയാണ് അതിനെ പ്രതിരോധിക്കുക എന്നും തിട്ടമില്ലാതെ നടത്തുന്ന ഏതു പ്രവര്‍ത്തനവും ഇസ്ാലമോഫോബിയ എന്ന മാരകായുധത്തെ കൂടുതല്‍ വിനാശകാരിയാക്കും എന്നതിന് സാക്ഷ്യങ്ങളുണ്ട്.
പിന്നെയെങ്ങനെയാണ് ലോകം, വിശിഷ്യാ ഇസ്ലാമികലോകം ഈ മാരകവൈറസിനെ ചെറുത്തു നില്‍ക്കുന്നതും പലയിടങ്ങളിലും പരാജയപ്പെടുത്തിയതും? തീര്‍ച്ചയായും അത് ഇസ്ലാംപേടി എന്ന നിര്‍മിതാശയത്തിന്റെ ആന്തരികവൈരുധ്യങ്ങളെ തുറന്നുകാട്ടിയും പൊള്ളത്തരങ്ങളെ പുറത്തുചാടിച്ചും യാഥാര്‍ത്ഥ്യത്തെ തെളിച്ചുകൊടുത്തുമാണ്. അപരവത്കരിക്കാനും അന്യവത്കരിക്കാനും ഉപയോഗിക്കുന്ന ചിഹ്നങ്ങളുടെ സാമൂഹ്യസൗന്ദര്യത്തെ വെളിപ്പെടുത്തിക്കൊണ്ടാണ്. അത്തരം പ്രതിരോധത്തിന് വളക്കൂറുള്ള ഒരിടം ജനാധിപത്യമാണ്. അതും ബഹുസ്വരത ആന്തരികഭാവമായ ജനാധിപത്യം. ഒരു ബഹുസ്വര സമൂഹത്തില്‍ സാധ്യമാകുന്ന പരസ്പരം ചേരലാണ് ഒരു ജനതയെ ഒറ്റതിരിച്ച് ആക്രമിക്കാനുള്ള ഏതുപദ്ധതിക്കും എതിരായ വലിയ പ്രതിരോധം. അത്തരം ബഹുസ്വര സമൂഹങ്ങളാണ് അതിലെ അംഗ സമൂഹങ്ങള്‍ക്ക് ആത്മാന്തസിനെ പ്രദാനം ചെയ്യുക. ഉത്തരേന്ത്യയില്‍ സംഘപരിവാരം ആസൂത്രിതമായി പടര്‍ത്തിയ ഇസ്ലാമോഫോബിയക്ക് കേരളത്തില്‍ ഒരുകാലത്തും ആഴത്തില്‍ വേരോട്ടം ലഭിക്കാതെ പോയതിന്റെ ഒരു കാരണം ബഹുസ്വര ജനാധിപത്യത്തിന്റെ അതിശക്ത സാന്നിധ്യമാണ്, അടര്‍ത്തിമാറ്റാനാവാത്ത വിധം ഇവിടെ ഇഴചേര്‍ന്ന് തിടം വെച്ച മുസ്ലിം സാമൂഹികതയുടെ വേരുബലം ഒന്നുകൊണ്ടാണ്. ആ സാമൂഹികതയുടെ പരസ്പരാദരങ്ങളെയും, ആ സാമൂഹികതയുടെ അടരുകളിലെ മുസ്ലിം പടര്‍ച്ചകളെയും കീറിമാറ്റാത്തിടത്തോളം ഇസ്ലാമോഫോബിയക്ക് കേരളത്തില്‍ പടരാനാവില്ല. 1921-ലെ മലബാര്‍ വിപ്ലവത്തിലേക്ക് ജാഗ്രതയോടെ നോക്കിയാല്‍ കേരളീയ ഇസ്ലാമിന്റെ സവിശേഷമായ സാമൂഹിക പടര്‍ച്ചയെ നിങ്ങള്‍ക്ക് കണ്ടെടുക്കാനാവും. വളരെ എളുപ്പത്തില്‍ ഒരു മുസ്ലിം വര്‍ഗീയ സമരമായി മാറാമായിരുന്ന മലബാര്‍ വിപ്ലവം നമ്മുടെ ദേശീയ പ്രസ്ഥാനത്തിലെ വലിയ മുന്നേറ്റമായി പരിവര്‍ത്തിക്കാന്‍ കാരണം ആദ്യം പറഞ്ഞ സാമൂഹിക പടര്‍ച്ചയാണ്. 1921-നെ ഒരു മാപ്പിള കലാപമായി വായിച്ചതും രേഖപ്പെടുത്തിയതും സാമ്രാജ്യത്വമാണ്. അങ്ങനെയല്ല അത് പൊതുസമരമായിരുന്നു എന്ന് തിരുത്തിയത് ബഹുസ്വര ജനാധിപത്യ കേരളമാണ്. അത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ അനിഷേധ്യ മുന്നേറ്റമായിരുന്നു എന്നു സ്ഥാപിക്കുന്നതിലൂടെ ഇസ്ലാമോഫോബിയക്കെതിരായ വാക്‌സിനേഷന്‍ കൂടിയാണ് പ്രഖ്യാപിക്കപ്പെട്ടത്.
ബഹുസ്വരതയിലേക്കുള്ള ഇസ്ലാമിന്റെ സര്‍ഗാത്മകമായ പടര്‍ച്ചകളെ റദ്ദാക്കുക എന്നത് പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ദൗത്യങ്ങളില്‍ ഒന്നാണ്. പൊളിറ്റിക്കല്‍ ഇസ്ലാം എന്നത് അനേകം രൂപങ്ങള്‍ ഉള്ള ഒരു ആശയമായിരിക്കേ തന്നെ അതിന്റെ അടിത്തറ നാമിപ്പോള്‍ മൗദൂദിസം എന്ന് സാമാന്യമായി പറയുന്ന ദര്‍ശനമാണ്. ഇസ്ലാമോഫോബിയ പടര്‍ത്താന്‍ സാമ്രാജ്യത്വം എക്കാലവും എതിര്‍നിര്‍ത്തുന്ന മുസ്ലിം, പൊളിറ്റിക്കല്‍ ഇസ്ലാം വിഭാവനം ചെയ്യുന്ന മുസ്ലിമാണ്. കുറേക്കൂടി കടന്ന് പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ക്രിമിനല്‍ രൂപങ്ങളെ സൃഷ്ടിക്കാന്‍ കൂടി സാമ്രാജ്യത്വം ശ്രമിക്കാറുണ്ട്. അങ്ങനെ സൃഷ്ടിക്കപ്പെട്ട പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ബഹുവിധ രൂപങ്ങളെ മുന്‍നിര്‍ത്തി ഫോബിയന്‍ ബോംബുകള്‍ വര്‍ഷിക്കുക എന്നതാണ് തന്ത്രം. പലയിടങ്ങളില്‍ അത് വിജയിച്ചതിന്റെ ചോര പുരണ്ട കണക്കുകള്‍ ചരിത്രത്തിലുണ്ട്. ഇസ്ലാമോഫോബിയക്കെതിരായ മുസ്ലിം പോരാട്ടം അതിനാല്‍ത്തന്നെ പൊളിറ്റിക്കല്‍ ഇസ്ലാമിനെതിരായ സമരം കൂടിയാണ്. കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യം കൂടുതല്‍ പരിശോധിക്കാം.
ബാബരി മസ്ജിദ് പുകഞ്ഞ്‌നിന്ന കാലം ഓര്‍ക്കുക. തൊണ്ണൂറുകളുടെ തുടക്കമാണ്. കേരളത്തില്‍ അക്കാലമാണ് അബ്ദുന്നാസിര്‍ മഅ്ദനിയുടെ രാഷ്ട്രീയ കാലം. മഅ്ദനി അക്ഷരാര്‍ഥത്തില്‍ തീപാറുന്ന പ്രഭാഷണങ്ങളുമായി നിറയുന്നു. ബാബരി മുന്‍നിര്‍ത്തി ആര്‍ എസ് എസ് കേരളത്തിലെമ്പാടും ഇസ്ലാമോഫോബിയ പ്രയോഗിക്കുന്നുണ്ട്. അവരുടെ പഥസഞ്ചലനങ്ങള്‍ സകലസീമകളും ലംഘിക്കുന്നുണ്ട്. സ്വാഭാവികമായും മഅ്ദനി ഉയര്‍ത്തിയ നേരിട്ടുള്ള പ്രതിരോധമെന്ന സ്വത്വവാദ പ്രചോദിതമായ വാദങ്ങള്‍ക്ക് ഒരു ചെറു ന്യൂനപക്ഷം മുസ്‌ലിം ചെറുപ്പക്കാര്‍ക്കിടയില്‍ സ്വയം പ്രതിരോധമെന്ന ഒരാശയത്തിന് സ്വീകാര്യത ഉണ്ടായി. ഒരു പൊട്ടിത്തെറിയിലേക്ക് കേരളം പോകാവുന്ന അവസ്ഥയ്ക്ക് കളമൊരുങ്ങി. മഅ്ദനി ഹിന്ദുത്വവാദികള്‍ക്ക് കിട്ടിയ ഒന്നാംതരം ഉപകരണമായിരുന്നു. മഅ്ദനിയുടെ പ്രസംഗങ്ങള്‍ അവര്‍ സാധ്യമാകുന്ന ഹിന്ദുഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു. പരിഭ്രാന്തികള്‍ക്ക് തിരിയിട്ടു. പക്ഷേ, വിശ്വാസി മുസ്ലിമും അവരുടെ വിവിധ കൂട്ടായ്മകളും അപകടം മണത്തു. സ്വയം പ്രതിരോധമെന്ന ആശയം പ്രതിരോധിക്കപ്പെട്ടു. ഇതിനിടയില്‍ ഹിന്ദു രാഷ്ട്രവാദികള്‍ ബാബരി പള്ളി തകര്‍ത്തു. ഈ ഘട്ടത്തിലും ഒരു തരി മണ്ണ് വീണില്ല കേരളത്തില്‍. കാരണം നാം മനസ്സിലാക്കിയതുപോലെ വിശ്വാസി മുസ്ലിമിന്റെയും അവരുടെ പലതരം സംഘാടനങ്ങളുടെയും ബഹുസ്വരാത്മകവും സാമൂഹികതയില്‍ വേരാഴ്ത്തി നില്‍ക്കുന്നതുമായ ഘടനയാണ്. ബാബരി കാലത്തെ സമാധാന കേരളമെന്നാല്‍ ഇസ്ലാമോഫോബിയയെ ചെറുത്ത് തോല്‍പിച്ച കേരളം എന്നുകൂടിയാണ്.
പക്ഷേ, ഒന്നും അവസാനിച്ചില്ല. നാടോടിക്കഥകളിലെ പെരുംഭൂതങ്ങളെപ്പോലെ പലവേഷങ്ങളില്‍ ആ ഫോബിയ കേരളത്തില്‍ അലഞ്ഞുനടന്നു. പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പ്രധാന വിഭവം ഇസ്ലാമോഫോബിയ ആണെന്ന് നാം മനസ്സിലാക്കിയിട്ടുണ്ട്. പത്തി ഉയര്‍ത്താന്‍ തക്കം കിട്ടിയപ്പോഴൊക്കെ ഇസ്ലാമോഫോബിയ എന്ന ഭൂതത്തെ തുറന്നുവിടാന്‍ പൊളിറ്റിക്കല്‍ ഇസ്ലാം വട്ടംകൂട്ടി. ഇക്കാലങ്ങളില്‍ ഗതികെട്ട അലച്ചിലിന് മൗദൂദികളും വിധേയമാകുന്നുണ്ട്. അവര്‍ പരിസ്ഥിതിവാദികളായി പ്രത്യക്ഷപ്പെടുന്നുണ്ട്. എന്തിനധികം മാവോയിസ്റ്റ് പിന്തുണക്കാരായിപോലും കേരളത്തില്‍ അവരെ കണ്ടവരുണ്ട്. സാമൂഹിക ജീവിതത്തിന്റെ സന്ദര്‍ഭങ്ങളില്‍ അവര്‍ മതം തിരഞ്ഞു പമ്മി നടക്കുന്നുണ്ടായിരുന്നു. തരം കിട്ടുമ്പോഴെല്ലാം അവരത് പ്രയോഗിച്ചു. വിശദീകരണം വേണമെങ്കില്‍ സമീപകാല ഉദാഹരണം പറയാം.
അലനെയും താഹയെയും ഓര്‍ക്കുക. അലന്‍ മിശ്രദമ്പതികളുടെ കമ്യൂണിസ്റ്റായ മകന്‍ എന്ന സ്വത്വത്തെ പ്രഖ്യാപിച്ച യുവാവാണ്. താഹ കമ്യൂണിസ്റ്റാണ്. മതവിശ്വാസികളോ മതം പ്രാക്ടീസ് ചെയ്യുന്നവരോ അല്ല. ഒരു ബഹുസ്വര ജനാധിപത്യ സമൂഹത്തില്‍ മതം പ്രാക്ടീസ് ചെയ്യുന്ന പോലെ പ്രാക്ടീസ് ചെയ്യാതിരിക്കുക എന്നതും ഒരുപോലെ സാധ്യമാണ്. ഈ ചെറുപ്പക്കാര്‍ അറസ്റ്റിലാകുന്നു. രണ്ട് യുവാക്കളുടെ ദുരൂഹമായ അറസ്റ്റ് എന്ന നിലയില്‍ അതിന് വലിയ പ്രാധാന്യമുണ്ട്. അവര്‍ക്കെതിരില്‍ യു എ പി എ എന്ന മനുഷ്യാവകാശവിരുദ്ധ നിയമം ചുമത്തപ്പെടുന്നു. അരുത് എന്ന ശബ്ദം സ്വാഭാവികമായും ഉയരും. ഉയര്‍ന്നു. നടുക്കുന്നതും അശ്ലീലവുമായ ശബ്ദം ജമാഅത്തെ ഇസ്ലാമിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്ന് ഉയര്‍ന്നതായിരുന്നു. അലനും താഹയും മുസ്ലിംകളായതിനാല്‍ പിണറായി വിജയന്റെ ഹിന്ദുത്വ സര്‍ക്കാര്‍ അവരെ അറസ്റ്റ് ചെയ്തുവത്രെ. ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമത്തിലെ പത്രപ്രവര്‍ത്തകനും ജമാഅത്തെ ഇസ്ലാമിയുടെ ബുദ്ധിജീവി ഇമേജുമുള്ള ഒരാളുടെ ആ നിലയിലുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് ഈ ലേഖകന്‍ കണ്ടിരുന്നു. അയാളുടെ മനോവൈകല്യം എന്ന് സമാധാനിക്കും മുന്‍പ് സമാനമായ പോസ്റ്റുകളുടെ ഘോഷയാത്രക്കും സാക്ഷിയാകേണ്ടി വന്നു. ജെ എന്‍ യുവിലെ വിദ്യാര്‍ഥിനേതാക്കളുടെ ജാതി തിരഞ്ഞും മറ്റുമായിരുന്നു പല പോസ്റ്റുകളും.
തീര്‍ന്നില്ല. അലന്റെ ജാമ്യം നിലനിര്‍ത്തുകയും താഹയുടേത് റദ്ദാക്കുകയും ചെയ്ത സന്ദര്‍ഭം ഓര്‍ക്കുക. സമാനമായ പോസ്റ്റുകള്‍ അപ്പോഴുമുണ്ടായി. ഇല്ലാത്ത ഇസ്ലാമോഫോബിയയെ കെട്ടിയിറക്കാന്‍ ഇക്കൂട്ടര്‍ നടത്തിവരുന്ന ആസൂത്രിത ഗൂഡാലോചനകളുടെ ചെറിയ സാംപിള്‍ മാത്രമാണിത്.
ഇസ്ലാമോഫോബിയ എന്ന, ബഹുസ്വര ജനാധിപത്യം കഠിന പരിശ്രമത്തിലൂടെ അകറ്റിനിര്‍ത്തിയിട്ടുള്ള സാമ്രാജ്യത്വ ആയുധത്തെ ജനാധിപത്യത്തെ മറയാക്കി കെട്ടിയിറക്കുകയാണ് ജമാഅത്തെ ഇസ്ലാമി എന്നതിന്റെ മറ്റൊരു ഉദാഹരണം ഇസ്ലാമോഫോബിയയുമായി ബന്ധപ്പെട്ട് മീഡിയവണ്‍ നല്‍കിയ ഇതിനോടകം വിവാദമായ വാര്‍ത്തയില്‍ കാണാം. കാന്തപുരത്തിന്റെ പേരില്‍ പടച്ചുവിട്ട പച്ചക്കള്ളം, തങ്ങളുടെ ഇസ്ലാം ഭീതി കച്ചവടത്തിന് വിശ്വാസി മുസ്ലിമിന്റെ പിന്തുണയുണ്ടെന്ന് വരുത്താനുള്ള കപട നാടകം കയ്യോടെ പൊളിയുകയും നടപടി നേരിടേണ്ടി വരികയും ചെയ്തത് ഓര്‍ക്കുക. കാര്യങ്ങള്‍ അങ്ങനെയാണ് ഇക്കൂട്ടര്‍ പൊലിപ്പിക്കുന്നത്.
പക്ഷേ, നമ്മുടെ ബഹുസ്വര സാമൂഹികതയെ അങ്കലാപ്പിലാക്കുന്ന അവരുടെ പരിപാടികള്‍ ഇനിയും തുടരാനാണ് സാധ്യത. കാരണം ഇപ്പോള്‍ അവരുള്ളത് ബഹുസ്വര മതേതര മുന്നണിയായ യു ഡി എഫിന്റെ തണലില്‍ ആണ്. ഇടതുമുന്നണിയില്‍ നിന്ന് പരാജയം മണത്തുതുടങ്ങിയ യു ഡി എഫ് കൈവിട്ട കളിക്ക് തയാറാകാന്‍ സാധ്യതയുണ്ട്. എങ്ങനെയും അധികാരം തിരിച്ചുപിടിച്ചേ പറ്റൂ എന്ന നില സ്വീകരിക്കുന്നത് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. കേരളീയ സമൂഹം കൊടുംപിളര്‍പ്പിലേക്ക് കൂപ്പുകുത്തിയേക്കാം. മൗദൂദികളുടെ ഫോബിയ ബോംബുകള്‍ ഉന്നംവെക്കുന്നത് ഇവിടത്തെ സൗഹാര്‍ദ അന്തരീക്ഷത്തെയാണ്. ചെറുത്തുനിന്നില്ലെങ്കില്‍ വിഭജിത കേരളം വിദൂരമല്ല. ജമാഅത്തെ ഇസ്ലാമിയെ സംവാദസാധ്യതയുള്ള ഇടമായി കാണുന്ന മുഴുവന്‍ എഴുത്തുകാരും ദളിത് ബുദ്ധിജീവികളും സാമൂഹ്യശാസ്ത്രജ്ഞരും ആ പിളര്‍പ്പിന് കണക്കുപറയേണ്ട കാലവും വരാനിരിക്കുന്നു.
കെ കെ ജോഷി
You must be logged in to post a comment Login