ചേരമാന്‍ പെരുമാളിന്റെ നിര്‍ദേശപ്രകാരമായിരുന്നു ആദ്യപ്രബോധന സംഘം കൊടുങ്ങല്ലൂരെത്തിയതും പ്രബോധനത്തിന് തുടക്കം കുറിച്ചതും. മാലിക്ബ്‌നുദീനാറിന്റെയും സംഘത്തിന്റെയും ദൗത്യത്തെക്കുറിച്ച് എല്ലാവരും വിവരിക്കുന്നുണ്ടെങ്കിലും പെരുമാളിന്റെ മതംമാറ്റ വിഷയത്തില്‍ കാലഗണനാപരമായ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ട്. ഇസ്ലാമിന്റെ ആദ്യകാലങ്ങളില്‍ മാലിക്ബ്‌നു ദീനാര്‍ എന്ന പേര് വഹിക്കുന്ന പല വ്യക്തികളുമുണ്ടായിരുന്നു. ഇവരില്‍ ആരാണ് മലബാറിലേക്ക് വന്നത് എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്. എ ശുഷ്തറി സൂചിപ്പിക്കുന്നതുപോലെ, മാലിക്ബ്‌നു ദീനാര്‍ എന്ന പേര് സൂചിപ്പിക്കുന്നത് അദ്ദേഹം തനി അറബി എന്നതിലുപരി ഇറാനിയാണെന്നാണ്. മലബാര്‍ ദൗത്യത്തിന് ശേഷം മാലിക്ബ്‌നു ദീനാര്‍ ഖുറാസാനിലേക്ക് പോവുകയും വഴിയില്‍ വെച്ച് മരണപ്പെടുകയും ചെയ്തു എന്നാണ് ചില സ്രോതസുകള്‍ പറയുന്നത്. മലബാറിലേക്ക് ദൗത്യ സംഘത്തെ നയിച്ച മാലിക്ബ്‌നു ദീനാര്‍ എ ഡി 701ല്‍ (ഹിജ്‌റ 82) ഖുറാസാനില്‍ മരണപ്പെട്ട പ്രശസ്ത സൂഫി ഹസനുല്‍ ബസരിയുടെ ശിഷ്യനാകാമെന്ന് വിശ്വസിക്കാവുന്ന സാധ്യതയുണ്ട്. ചേരമാന്‍ പെരുമാളിന്റെ നിര്‍ദേശപ്രകാരം മലബാറിലേക്കു വന്ന മാലിക്ബ്‌നു ദീനാര്‍ ഹിജ്‌റ 82ല്‍ (എ ഡി 701ല്‍) അറേബ്യയിലേക്ക് തിരിച്ചുപോയി എന്ന രിഹ്‌ലതുല്‍ മുലൂകിലെ പ്രസ്താവന കൃത്യമാണെങ്കില്‍ ഇത് സത്യത്തോട് കുറച്ചുകൂടി അടുക്കുന്നുണ്ട്. രാഷ്ട്രീയ ലഹളകളുടെയും അനിശ്ചിതത്വത്തിന്റെയും ചരിത്രമായിരുന്നു ഈ കാലഘട്ടമെന്ന് ശ്രീധരമേനോന്‍ നിരീക്ഷിക്കുന്നു. അതേസമയം മഹത്തായ മത-ധൈഷണിക പ്രവര്‍ത്തനങ്ങളുടെ കാലം കൂടിയായിരുന്നു ഈ ചരിത്രദശ. അതിനാല്‍ ഒരു പെരുമാളിന്റെ മതംമാറ്റം ഈ കാലഘട്ടത്തിലെ സുപ്രധാന സൂചകമാവാന്‍ സാധ്യതയുണ്ട്. ശങ്കരാചാര്യന്‍ ജനിച്ച കാലടി ഉള്‍പ്പെടുന്ന കൊച്ചു പ്രവിശ്യയിലെ രാജാവ് ഇസ്ലാം സ്വീകരിച്ചിരുന്നുവെന്ന സംഭവവും ഇതുമായി ബന്ധപ്പെട്ട് ശ്രദ്ധേയമാണ്.
മലബാറിലെ ആദ്യ പള്ളിനിര്‍മാണത്തിനു പിന്നില്‍ മാലിക്ബ്‌നു ദീനാറും സംഘവുമാണെന്ന് പറയപ്പെടുന്നു. കേരളോല്‍പത്തിയുടെ വിവരണം വിശ്വസനീയമാണെങ്കില്‍ മക്കയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ജോനകരുടെ (മാപ്പിളമാര്‍) സംരക്ഷണവും പരിപാലനവും ഖാളിമാരുടെ കാര്യങ്ങളും ഉള്‍പ്പെടെ പൂന്തുറക്കോനെ (സാമൂതിരിമാരെ) ഏല്‍പ്പിച്ചിരുന്നു. ഇത് മക്കയിലേക്ക് പോയ രണ്ടാം പെരുമാളുടെ കാര്യമാവണം. ഇതു പ്രകാരം പെരുമാളിന്റെ പുറപ്പാടിനുമുമ്പ് തന്നെ മലബാറില്‍ മുസ്ലിംകളും ഖാളിമാരും ഉണ്ടായിരുന്നു എന്ന് വ്യക്തം. മാത്രമല്ല; 1122ല്‍ മക്കത്തേക്ക് പോയെന്ന് എം ജി എസ് പറയുന്ന പെരുമാളും കേരളോല്‍പത്തി ഇവിടെ പറയുന്ന പെരുമാളും ഒന്ന് തന്നെയാവാം. ഇസ്ലാമിക നിയമങ്ങള്‍ പരിപാലിക്കാന്‍ ഖാളിമാര്‍ക്ക് പള്ളികള്‍ അനിവാര്യമാണ്. ഇതനുസരിച്ച് ആദ്യപള്ളിയുടെ നിര്‍മാണത്തിന്റെ പിന്നില്‍ പെരുമാളിന്റെ പുറപ്പാടിനു വര്‍ഷങ്ങള്‍ക്കു ശേഷം വന്ന മാലിക്ബ്‌നു ദീനാറോ സംഘമോ ആവാനിടയില്ല. ആദ്യ പള്ളി വരുന്നത് ആദ്യം മക്കത്ത് പോയ ചെങ്കല്‍ പെരുമാളിന്റെ കാലത്താവണം. കുറഞ്ഞ കാലയളവില്‍ വിവിധ സ്ഥലങ്ങളില്‍ പള്ളികള്‍ നിര്‍മിക്കാന്‍ അവര്‍ക്ക് സാധിച്ചിരിക്കില്ല എന്നാണ് ലോഗന്‍ പറയുന്നത്. ഒരുപരിധിവരെയെങ്കിലും അത് സാധ്യമാവാന്‍ അവര്‍ക്കു മുമ്പ് തന്നെ അതിനുള്ള സൗകര്യങ്ങള്‍ സജ്ജമാക്കപ്പെടേണ്ടതായിരുന്നു. പള്ളികള്‍ നിര്‍മിച്ച തീരപ്രദേശത്ത് നേരത്തെതന്നെ മു സ്ലിംകളുണ്ടായിരിക്കണം. അപ്പോഴാണ് പള്ളികള്‍ നിര്‍മിച്ച് സംഘ പ്രാര്‍ഥനക്ക് സൗകര്യമുണ്ടാക്കുക.
മാലിക്ബ്‌നു ദീനാറിന്റെയും സംഘത്തിന്റെയും കയ്യില്‍ വിവിധ നാട്ടുരാജാക്കന്‍മാര്‍ക്ക് നല്‍കാന്‍ പെരുമാള്‍ കത്തു നല്‍കിയിരുന്നതായി പറയുന്നുണ്ട്. മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കും പള്ളികള്‍ നിര്‍മിക്കാനും അവര്‍ക്ക് ആവശ്യമായ സഹായം അഭ്യര്‍ഥിച്ചുകൊണ്ടായിരുന്നു കത്ത്. സംഘം ആദ്യമായി എത്തിച്ചേര്‍ന്നതായി പറയപ്പെടുന്ന കൊടുങ്ങല്ലൂരിലെ ‘ഭരണാധികാരി ഒരു ബുദ്ധവിഹാരം മുസ്ലിംകള്‍ക്ക് ഒഴിപ്പിച്ചുകൊടുത്തു. ഇതാണ് ചേരമാന്‍ പള്ളി എന്ന പേരില്‍ അറിയപ്പെട്ടതത്രെ. മു സ്ലിം മിഷനറി സംഘം പ്രബോധനം ആരംഭിച്ചതോടെ ബുദ്ധമതം അപ്രസക്തമായിത്തീര്‍ന്നു. വിഹാരം പള്ളിയായി മാറിയതിന് പിന്നിലെ കാരണം ഇതായിരിക്കാം. ചേരമാന്‍ പള്ളി മാലിക് ദീനാര്‍ നിര്‍മിച്ചതാണെങ്കില്‍ അതെങ്ങനെ ആദ്യത്തെ പള്ളിയാവും? കോഴിക്കോട് ഖാളിയാരെ നിയമിച്ചതിന് ശേഷമാണ് ചേരമാന്‍ പെരുമാള്‍ മക്കത്തേക്ക് പോയത് എന്ന് കേരളോല്‍പത്തി പറയുന്നുണ്ടല്ലോ? ചേരമാന്‍ പള്ളി നേരത്തെ ഉണ്ടായിരിക്കണം. ആദ്യം മക്കത്ത് പോയ ചെങ്കല്‍ പെരുമാളിന്റെ പിന്‍തലമുറക്കാര്‍ ആരോ ആവണം അദ്ദേഹത്തിന്റെ പേരില്‍ ഈ പള്ളി നിര്‍മിച്ചിരിക്കുക. മാലിക്ദീനാര്‍ അതിഥിയായി ഈ പള്ളിയില്‍ താമസിച്ചതാവാം. രണ്ടാമത്തെ ചേരമാന്‍ പെരുമാള്‍ പല രാജാക്കന്‍മാര്‍ക്കും കത്ത് കൊടുത്തിരുന്നു. ഇപ്രകാരം, കത്തുകളിലൊന്ന് കോലത്തിരി രാജാവിനുള്ളതായിരുന്നു. അദ്ദേഹത്തിന്റെ സഹായത്തോടെയാവണം മാടായി പള്ളി നിര്‍മിക്കപ്പെട്ടത്. ഒന്നിനുമില്ല നിശ്ചയം. കേരളോല്‍പത്തി ശരിയാവണമെന്നും ഇല്ല.
മറ്റൊരു കോലത്തിരി രാജാവാണ് വളപട്ടണത്തെ (ബലിയപട്ടം) പള്ളി പണിതത്. അവിടുത്തെ ആദ്യ ഖാളിയായിരുന്ന സയ്യിദ് അബൂബക്കറിന്റെ കീഴില്‍ മുസ്ലിം മിഷനറിമാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും അദ്ദേഹം നല്‍കി. ദാദ്ഖാനയിലെ (ബലിയപട്ടം) രാജാവിന്റെ മതംമാറ്റത്തെ സംബന്ധിച്ച് ഇബ്‌നു ബത്തൂത്തയുടെ യാത്രാ വിവരണത്തില്‍ നിന്നുള്ള ഒരു കഥ സി എ ഇന്നസ് ഉദ്ധരിക്കുന്നുണ്ട്. ‘ഇബ്‌നു ബത്തൂത്ത ഇവിടെ സന്ദര്‍ശിച്ചപ്പോള്‍ രാജാവ് ‘അവിശ്വാസി’യായിരുന്നു. അദ്ദേഹത്തിന്റെ പിതാമഹന്‍ മുഹമ്മദീയനായി മാറുകയും പള്ളിയും അതോടൊപ്പമുള്ള കുളവും പണിയുകയും ചെയ്തിരുന്നുവത്രേ. പള്ളിക്കടുത്തുള്ള ഒരു വൃക്ഷമായിരുന്നു പിതാമഹന്റെ ഇ സ്ലാമാശ്ലേഷണത്തിന് കാരണം. ചേരമാന്‍ പെരുമാളിന്റെ മരുമകന്‍ കോഹിനൂര്‍ ആണ് അറക്കല്‍ രാജവംശത്തിന്റെ സ്ഥാപകനെന്ന് ഒരു ഐതിഹ്യമുണ്ട്. പെരുമാളിനൊപ്പം മക്കയിലേക്ക് ഇദ്ദേഹവും പോയിരുന്നു. ഇസ്ലാം ആശ്ലേഷിച്ച ഇദ്ദേഹം സൈഫുദ്ദീന്‍ മുഹമ്മദ് അലി എന്ന പേര് സ്വീകരിച്ചു. അറക്കല്‍ കുടുംബത്തിന്റെ സ്ഥാപകന്‍ കോലത്തിരി രാജാവിന്റെ മന്ത്രിയായിരുന്ന ഒരു നായരായിരുന്നുവെന്നാണ് മറ്റൊരഭിപ്രായം.’ ജാതി നിയമം ലംഘിച്ച് അദ്ദേഹം ഒരു മുസ്ലിം സ്ത്രീയെ വിവാഹം കഴിക്കുകയും ഇസ്ലാം സ്വീകരിക്കുകയും ചെയ്തു.
(തുടരും)
ഹുസൈന്‍ രണ്ടത്താണി
You must be logged in to post a comment Login