ഇമചിമ്മാതെ കര്‍ഷകര്‍ക്ക് കൂട്ടിരുന്ന 48 മണിക്കൂറുകള്‍, രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകരെ കോര്‍പ്പറേറ്റ് മാഫിയകള്‍ക്ക് തീറെഴുതാന്‍ അനുവദിക്കില്ലെന്ന് ഉറക്കെപ്പറഞ്ഞ എസ് എസ് എഫ് പകലന്തി പ്രക്ഷോഭം, വേറിട്ട ഐക്യദാര്‍ഢ്യമായി മാറി. പാടിയും പറഞ്ഞും വരച്ചും രചിച്ചും മുദ്രാവാക്യങ്ങള്‍ മുഴക്കിയും ‘പകലന്തി’ പ്രക്ഷോഭകര്‍ കര്‍ഷകരോട് മനസ്സ് കൊണ്ടും മുദ്രാവാക്യം കൊണ്ടും ഐക്യപ്പെട്ടു. ഡല്‍ഹിയിലെ മരവിക്കുന്ന തണുപ്പിലും കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധത്തിന്റെ വന്‍മല തീര്‍ക്കുന്ന രാജ്യത്തിന്റെ അന്നദാതാക്കളെ നമുക്കെങ്ങനെ അവഗണിക്കാനാകും? പകലന്തി പ്രക്ഷോഭം നാടുമുഴുവന്‍ ആവേശത്തോടെ ഏറ്റെടുത്തു. മലപ്പുറം ജില്ലയിലെ കക്കാട് ദേശീയപാതയോരത്ത് സമരപ്പന്തല്‍ പകലന്തി ഭേദമന്യേ ഉണര്‍ന്നിരുന്നു. സമരപോരാട്ടങ്ങളുടെ ഓര്‍മകളുള്ള മണ്ണും വിണ്ണുമാണ് തിരൂരങ്ങാടിയുടേത്. അധിനിവേശവിരുദ്ധ പോരാട്ടങ്ങളും ജന്മിത്വത്തിനെതിരെ സന്ധിയില്ലാ സമരങ്ങളും നടന്ന നാടാണത്. ഖുതുബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി തങ്ങളും മകന്‍ സയ്യിദ് ഫള് ല്‍ തങ്ങളും മുന്നോട്ടുവെച്ച വിപ്ലവവഴി അനന്തരമെടുത്താണ് എസ് എസ് എഫ് പകലന്തി പ്രക്ഷോഭത്തിനായി മുന്നോട്ട് വന്നത്.
മമ്പുറം മഖാം സിയാറത്തോടെയാണ് പ്രക്ഷോഭത്തിലേക്ക് പ്രവേശിച്ചത്. സമര നഗരിയില്‍ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് സി കെ റാശിദ് ബുഖാരി പതാക ഉയര്‍ത്തിയതോടെ ഔദ്യോഗിക തുടക്കമായി. ടി എന്‍ പ്രതാപന്‍ എം പി ആയിരുന്നു പകലന്തി സമരത്തിന്റെ ഉദ്ഘാടകന്‍. ഫാഷിസത്തിന്റെയും കോര്‍പ്പറേറ്റിസത്തിന്റെയും വിളനിലമാക്കി ഇന്ത്യയെ മാറ്റാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിര്‍ത്തി കാക്കുന്ന ജവാന്മാര്‍ക്ക് തുല്യമാണ് അന്നം നല്‍കുന്ന കര്‍ഷകരെന്നും പട്ടിണിയുടെ കറുത്തദിനങ്ങളില്‍ നിന്ന് വിപ്ലവാത്മകമായ കര്‍ഷക മുന്നേറ്റങ്ങളിലൂടെയാണ് രാജ്യം വളര്‍ന്നതെന്ന കാര്യം അധികാരികള്‍ മറന്നുപോകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷക അവകാശങ്ങളെ ധിക്കരിക്കുകയും കോര്‍പ്പറേറ്റുകളെ പാലൂട്ടുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെയും രാജ്യത്തിന്റെയും അന്തകരായി മാറുകയാണ്. തലതിരിഞ്ഞ പരിഷ്‌കരണങ്ങള്‍ നടപ്പാക്കി രാജ്യത്തെ ജനതയെ വഞ്ചിക്കാന്‍ ഇനിയും അനുവദിക്കില്ല. നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ കര്‍ഷകര്‍ക്ക് പിന്തുണയുമായി ജനങ്ങള്‍ ഉണ്ടാകുമെന്ന് പ്രക്ഷോഭം സാക്ഷ്യപ്പെടുത്തി.
മലപ്പുറത്തെ വാരിയന്‍കുന്നന്‍ ടൗണ്‍ ഹാളില്‍ നിന്നും കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ നിന്നും തുടങ്ങി കക്കാട് പ്രക്ഷോഭ നഗരിയില്‍ സമാപിച്ച രണ്ടു കാല്‍നടജാഥകള്‍ സമര ചരിത്രത്തില്‍ പുതിയ കാല്‍പ്പാടുകള്‍ തീര്‍ത്തു. വിവിധ ഗ്രാമങ്ങളില്‍നിന്ന് മഴവില്‍ സംഘത്തിലെ കുട്ടിക്കര്‍ഷകര്‍ ആവേശത്തോടെ സമരപ്പന്തലിലെത്തി. കൊണ്ടോട്ടിയില്‍ നിന്നുള്ള കുട്ടികള്‍ ഇരുപത്തി രണ്ടു കിലോമീറ്റര്‍ കാല്‍നടജാഥയായാണ് എത്തിയത്. ഊരകത്തുള്ള മഴവില്‍ സംഘം പ്രതിനിധികള്‍ പാളത്തൊപ്പിയണിഞ്ഞ് കര്‍ഷക വേഷത്തിലായിരുന്നു എത്തിയത്. വിവിധ സ്‌കൂളുകളില്‍ നിന്നുള്ള മഴവില്‍ ക്ലബ് പ്രതിനിധികള്‍ കൊളാഷ്, ബാനര്‍ എന്നിവ നിര്‍മിച്ച് പ്രദര്‍ശിപ്പിക്കുകയും സമരപ്പന്തലിനെ ആവേശഭരിതമാക്കുകയും ചെയ്തു. വേങ്ങര മമ്പീതി യൂണിറ്റ് മഴവില്‍ സംഘം പകലന്തി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് ഓണ്‍ലൈന്‍ കുട്ടിമാഗസിന്‍ പ്രസിദ്ധീകരിച്ചു. എന്‍ വി അബ്ദുല്‍റസാഖ് സഖാഫി മാഗസിന്‍ പ്രകാശനം ചെയ്തു. കര്‍ഷകദ്രോഹ ബില്ലുകള്‍ക്കെതിരെ മുദ്രാവാക്യം മുഴക്കി, പന്തം കൊളുത്തി, ചോര്‍ന്നുപോകാത്ത ആവേശവുമായി അണിനിരന്ന വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിലെ പ്രതീക്ഷാവഹമായ കാഴ്ചയായി. ബദറുദ്ദീന്‍ കോഡൂര്‍ ആരിഫ് പുത്തന്‍തെരുവ് എന്നിവര്‍ സമരപ്പന്തലിലേക്ക് നടത്തിയ രണ്ടാള്‍ പ്രകടനവും ശ്രദ്ധേയമായി.
വേങ്ങരയില്‍ നിന്നും തേഞ്ഞിപ്പലത്ത് നിന്നും ട്രാക്ടറുകളുടെ അകമ്പടിയോടെ വന്ന വാഹനജാഥ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക റാലികളുടെ പ്രതീകാത്മക പ്രകടനമായി. സമരപ്പന്തലിനടുത്ത് സജ്ജീകരിച്ച ജൈവ പച്ചക്കറി കൃഷിമേളയും ഐ പി ബി ബുക്ഫെയറും പ്രതിഷേധ സംഗമത്തിന് മാറ്റുകൂട്ടി. വേങ്ങര കൃഷിഭവനു കീഴിലെ മുപ്പതിലധികം കര്‍ഷകര്‍ ട്രാക്ടറുമായിട്ടാണ് നഗരിയില്‍ എത്തിയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം പേര്‍ അഭിവാദ്യമര്‍പ്പിക്കാന്‍ നഗരിയിലെത്തിയിരുന്നു. അര്‍ധരാത്രി കഴിഞ്ഞും കര്‍ഷകരടങ്ങിയ വിവിധ സംഘങ്ങള്‍ ഐക്യദാര്‍ഢ്യവുമായി സമരപ്പന്തലിലെത്തി.
വേങ്ങര ഡിവിഷനൊരുക്കിയ കിസാന്‍ ചായക്കട, പകലന്തി പ്രക്ഷോഭം കത്തി നിന്ന 48 മണിക്കൂറും സമരാവേശത്തിന് മധുരം പകര്‍ന്നു. രാത്രി ഏറെ വൈകിയിട്ടും സമരപ്പന്തലിനൊപ്പം ചായക്കടയും ചൂടാറാതെയിരുന്നു. അയ്യൂബ് താനാളൂര്‍ സ്വന്തം നിലത്ത് സ്വന്തമായി വിളയിച്ച അരി കൊണ്ട് പായസമുണ്ടാക്കി സമരസദസ്സിന് മധുരം നല്‍കി.
വിപ്ലവഗാനം, പ്രതിരോധപ്പാട്ട്, സപ്തഭാഷാ പ്രഭാഷണം, കര്‍ഷകസഭ, സംവാദം തുടങ്ങിയ സെഷനുകള്‍ സമരസദസ്സില്‍ ആവേശംപകര്‍ന്നു. ഡല്‍ഹി, തമിഴ്നാട്, ബംഗാള്‍, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ പ്രതിനിധികള്‍, ഹിന്ദി, കന്നട, ബംഗ്ല, അറബി, തമിഴ് ഭാഷകളില്‍ സദസ്സിനെ അഭിവാദ്യം ചെയ്തു. കര്‍ഷകസംഘം ജില്ലാ സെക്രട്ടറി യോഹന്നാന്‍ മത്തായി, ആര്‍ എസ് പി ജില്ലാ സെക്രട്ടറിയേറ്റ് അംഗം സിദ്ദീഖ് പനങ്ങാടന്‍, വിടല്‍ കെ മൊയ്തു, മാപ്പിള കലാകാരന്‍ ഫൈസല്‍ എളേറ്റില്‍, കാഥികന്‍ തൃക്കുളം കൃഷ്ണന്‍കുട്ടി തുടങ്ങിയവരുടെ സംസാരങ്ങള്‍ ഹൃദയഹാരിയായി.
കാര്‍ഷിക നിയമ ഭേദഗതി പൂര്‍ണമായി പിന്‍വലിച്ച് കര്‍ഷക സമരം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് എസ് എസ് എഫ് സമരവേദിയില്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ കടുംപിടുത്തം കാരണം ചര്‍ച്ചകള്‍ പരാജയപ്പെടുകയാണ്. ജനഹിതത്തിനൊപ്പം നില്‍ക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണമെന്നും പ്രമേയം ആവശ്യപ്പെട്ടു. എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ പി മുഹമ്മദ് അശ്ഹറാണ് പ്രമേയം അവതരിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളി, ചരിത്രകാരന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, അബൂഹനീഫല്‍ ഫൈസി തെന്നല, റഹ്മത്തുല്ല സഖാഫി എളമരം, അനീസ് മുഹമ്മദ് ആലപ്പുഴ തുടങ്ങി രാഷ്ട്രീയ മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംസാരിച്ചു. സമരവേദിയിലെ പാട്ടുകളും മുദ്രാവാക്യങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
ജാതിമതഭേദമന്യേ സര്‍വരും പിന്തുണച്ച പകലന്തി പ്രക്ഷോഭം ഐക്യദാര്‍ഢ്യ സമരത്തിന്റെ പുതിയ മാതൃക സൃഷ്ടിച്ചു. സമാപന സംഗമം ഉദ്ഘാടനം ചെയ്തത് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലക്കുന്ന കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുകയാണെന്നും രാജ്യത്തെ വിഭജിച്ച് നേട്ടം കൊയ്യാനുള്ള ഫാഷിസ്റ്റ് ശ്രമങ്ങളെ കരുതിയിരിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മത-രാഷ്ട്രീയ, സാംസ്‌കാരിക, കാര്‍ഷിക രംഗത്തുള്ള നൂറോളം പ്രതിനിധികളാണ് വിവിധ സെഷനുകളില്‍ പ്രസംഗിച്ചത്.
ഓര്‍ത്തിരിക്കാന്‍ ഒരുപാട് അനുഭവങ്ങള്‍ സമ്മാനിച്ചാണ് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പകലന്തി പ്രക്ഷോഭം പിരിഞ്ഞത്. ഡല്‍ഹിയില്‍ നടക്കുന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്കും കര്‍ഷകരുടെ അവകാശ സമരങ്ങള്‍ക്കുമുള്ള ശക്തമായ പിന്തുണയാണ് കേരളത്തിന്റെ ഹൃദയഭാഗത്ത് നടന്ന പകലന്തി പ്രക്ഷോഭം സമ്മാനിച്ചത്. സദസ്സില്‍ സംഗമിച്ച ആബാലവൃദ്ധം പ്രക്ഷോഭത്തിന്റെ ചൂട് ഹൃദയത്തിലേറ്റുവാങ്ങി. എസ് എസ് എഫ് ഒരുക്കിയ പകലന്തി പ്രക്ഷോഭം കേരളത്തിന്റെ സമരചരിത്രത്തില്‍ പുതിയ ചുവടുവയ്പായി. ഡല്‍ഹിയിലെ സമരം ഇന്ത്യയൊന്നാകെ പടരേണ്ടതിന്റെ അനിവാര്യത ഊന്നിപ്പറഞ്ഞാണ് പ്രക്ഷോഭവേദിയിലെ പ്രഭാഷണങ്ങളോരോന്നും സമാപിച്ചത്.
സ്വഫ്്വാന്‍ കോട്ടുമല
You must be logged in to post a comment Login