ഇക്കഴിഞ്ഞ ജനുവരി അഞ്ചിന് സഊദി അറേബ്യയിലെ പുരാതന പട്ടണമായ അല്‍ ഉലയില്‍ രണ്ടു യുവ അറബ് ഭരണകര്‍ത്താക്കള്‍ പരസ്പരം ആശ്ലേഷിച്ച് സ്‌നേഹസൗഹാര്‍ദങ്ങള്‍ കൈമാറുന്നത് കണ്ടപ്പോള്‍ ലോകം മുഴുവന്‍ ആശ്വസിച്ചു. ഖത്തര്‍ ഭരണാധികാരി ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി മദീന ഗവര്‍ണറേറ്റില്‍പ്പെട്ട അല്‍ ഉലയില്‍ വിമാനമിറങ്ങിവന്നപ്പോള്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്‌നേഹമസൃണമായ കരസ്പര്‍ശത്തിലൂടെ അതിഥിയെ വരവേറ്റ ദൃശ്യം അറബ് ഇസ്ലാമിക ലോകം അത്യാഹ്ലാദത്തോടെ കണ്ടു. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) രാജ്യങ്ങള്‍ക്കിടയില്‍ നാല് വര്‍ഷമായി ഘനീഭവിച്ചുനിന്ന ശത്രുതയുടെയും അകല്‍ച്ചയുടെയും തജന്യമായ വൈഷമ്യങ്ങളുടെയും കൊടിപ്പടം താഴ്ത്തുന്ന ആ സമാഗമം മാധ്യമങ്ങളില്‍ ഉല ഉച്ചകോടിയായി വാഴ്ത്തപ്പെട്ടപ്പോള്‍ കേരളത്തിന്റെ ഗ്രാമാന്തരങ്ങളില്‍പോലും സന്തോഷത്തിന്റെ അലയൊലികളുണ്ടായി. 2017 ജൂണ്‍ 5ന് നാല് അറബ് രാജ്യങ്ങള്‍, അയല്‍ രാജ്യമായ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ക്കും ഒറ്റപ്പെടുത്തലിനും ഉലയില്‍ അന്ത്യമുണ്ടായി. മേഖലയിലെ രാഷ്ട്രീയ , സാമ്പത്തിക, നയതന്ത്ര രംഗങ്ങളില്‍ ഇത് പുതിയൊരു അരുണോദയത്തിന് നാന്ദികുറിക്കുമെന്നത് തീര്‍ച്ചയാണ്. ഉപരോധങ്ങളില്‍പ്പെട്ട് പ്രയാസങ്ങള്‍ അനുഭവിച്ച ഖത്തറിനാവട്ടെ, നയതന്ത്രത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്നുകിട്ടിയത് ശൈഖ് തമീമിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് മുന്നോട്ടു കുതിക്കാനുള്ള ഊര്‍ജവും ഇന്ധനവുമായി. അതോടെ മലയാളികളടക്കം പ്രതീക്ഷിക്കുന്നത് ഗള്‍ഫ് പ്രതിസന്ധി മൂലം മന്ദീഭവിച്ച സാമ്പത്തിക മേഖലയില്‍ പുത്തനുണര്‍വും അതുവഴി വാണിജ്യ മുന്നേറ്റവും തൊഴില്‍പരമായ മികച്ച സാധ്യതകളുമാണ്. കുവൈത്ത് വിദേശകാര്യമന്ത്രി നടത്തിയ ഫലപ്രദമായ മാധ്യസ്ഥ ശ്രമങ്ങള്‍ക്ക് അറബ് ഇസ്ലാമിക ലോകം ഒന്നടങ്കം നന്ദി പറയുന്നുണ്ടായിരുന്നു.
ആഗോളരാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയില്‍ എന്നും കരുക്കളാവാന്‍ വിധിക്കപ്പെട്ട അറബ് ശൈഖുമാരുടെമേല്‍ സാമ്രാജ്യശക്തികള്‍ ചെലുത്തിയ ദുസ്വാധീനങ്ങളാണ് എക്കാലവും പശ്ചിമേഷ്യയുടെ രാഷ്ട്രീയം നിര്‍ണയിച്ചതും ജനതയുടെ ശിരോലിഖിതം തിരുത്തിക്കുറിക്കുന്നതും. ഗള്‍ഫ് പ്രതിസന്ധിയും ഇതിന്റെ ഭാഗമായിരുന്നു. ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളുമായി ചേര്‍ന്ന് മേഖലയുടെ സന്തുലിതത്വം തെറ്റിക്കാന്‍ ഖത്തര്‍ ശ്രമിക്കുന്നുവെന്ന ഗുരുതരമായ ആരോപണം മുന്നോട്ടുവെച്ചാണ് ഖത്തറിനെതിരെ നയതന്ത്ര ഉപരോധം ഏര്‍പ്പെടുത്തിയതും കരയും കടലും ആകാശവും വഴിയുള്ള ബന്ധം അറുത്തുമാറ്റിയതും. ഈ നടപടി പിന്‍വലിക്കണമെങ്കില്‍ സഊദിയുടെ നേതൃത്വത്തിലുള്ള നാല് അറബ് രാജ്യങ്ങള്‍ ( Arab Quarter ) 13 നിബന്ധനകളാണ് മധ്യസ്ഥരായ കുവൈത്ത് വഴി ഖത്തറിന് മുന്നില്‍വെച്ചത്. ഖത്തറിലെ തുര്‍ക്കിയുടെ സൈനിക സാന്നിധ്യത്തിന് അന്ത്യം കുറിക്കുകയായിരുന്നു പ്രധാന ആവശ്യം. ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുക, തെഹ്‌റാനിലെ ഖത്തര്‍ എംബസി പൂട്ടുക എന്നതാണ് 13 നിബന്ധനകളില്‍ മുകളില്‍ എഴുതിച്ചേര്‍ത്തത്. ഖത്തറില്‍നിന്ന് ഇറാന്റെ റവല്യൂഷനറി ഗാര്‍ഡിനെ പുറത്തള്ളുക. ഇറാനുമായുള്ള സംയുക്ത സൈനിക ഓപ്പറേഷനുകള്‍ക്ക് അന്ത്യം കുറിക്കുക. മുസ്ലിം ബ്രദര്‍ഹുഡ് അടക്കം എല്ലാ ‘ഭീകരവാദ’ സംഘങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കുക എന്നതായിരുന്നു മറ്റാവശ്യങ്ങള്‍. അല്‍ ഖാഇദ, ഐ എസ്, ലബനാനിലെ ഹിസ്ബുല്ല തുടങ്ങിയ ആത്യന്തിക കൂട്ടായ്മകളുമായി ഖത്തര്‍ യോജിച്ചുപ്രവര്‍ത്തിക്കുന്നുണ്ടെന്നും അത് അറബ് ഇസ്ലാമിക ലോകത്തിന് ഭീഷണിയാണെന്നുമാണ് ഖത്തറിനെ ഓര്‍മപ്പെടുത്താനുണ്ടായിരുന്നത്. അല്‍ ജസീറ ചാനലും അനുബന്ധ സ്റ്റേഷനുകളും അടച്ചുപൂട്ടണമെന്നതായിരുന്നു വേറെ ഒരാവശ്യം. അല്‍ ജസീറ അറബ് രാജാക്കന്മാര്‍ക്കെതിരായ വാര്‍ത്തകള്‍ നല്‍കുന്നതും തീവ്രവാദി സംഘങ്ങളുടെ ശബ്ദം കേള്‍പ്പിക്കുന്നതും ഈ രാജ്യങ്ങള്‍ക്ക് വര്‍ഷങ്ങളായി അസഹ്യമായിരുന്നു. അറേബ്യ21, അല്‍ അറബി അല്‍ ജദീദ്, മിഡില്‍ ഈസ്റ്റ് ഐ തുടങ്ങി ഖത്തര്‍ പ്രത്യക്ഷമായോ പരോക്ഷമായോ സാമ്പത്തിക സഹായം നല്‍കുന്ന മീഡിയ ഔട്‌ലെറ്റുകള്‍ നിര്‍ത്തിവെക്കണമെന്നും നിബന്ധന വെച്ചു. സഊദി അറേബ്യ, യു എ ഇ, ബഹറൈന്‍, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങള്‍ ഭീകര സംഘടനകളായി മുദ്രകുത്തിയ ഗ്രൂപ്പുകള്‍ക്കും വ്യക്തികള്‍ക്കും മറ്റുമുള്ള സഹായങ്ങള്‍ നിര്‍ത്തുകയായിരുന്നു ആവശ്യങ്ങളിലെ മറ്റൊരിനം. മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍നിന്നുള്ള ഭീകരവാദികളെ അതത് രാജ്യത്തിനു വിട്ടുകൊടുക്കുകയും അവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും ചെയ്യണം. ഖത്തറിന്റെ നടപടികളുടെ ഫലമായി ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിനും മറ്റു തരത്തിലുള്ള നഷ്ടങ്ങള്‍ക്കും ഖത്തര്‍ നഷ്ടപരിഹാരം നല്‍കണമെന്നതായിരുന്നു ഇനിയൊരാവശ്യം. പത്ത് ദിവസമാണ് നിബന്ധനകള്‍ നടപ്പാക്കാന്‍ ഈ രാജ്യങ്ങള്‍ അനുവദിച്ചത്.
ഉപരോധം ഖത്തര്‍ അതിജീവിച്ചതെങ്ങനെ?
ഖത്തറിനെ വല്ലാതെ ഉലച്ചു അയല്‍ക്കാരുടെ വകയുള്ള ഉപരോധങ്ങളും ഒറ്റപ്പെടുത്തലും. സഊദിയില്‍നിന്നും ദുബൈയില്‍നിന്നുമുള്ള കയറ്റുമതി നിലച്ചതോടെ അത്യാവശ്യസാധനങ്ങള്‍ക്കായി ഖത്തറിന് അടിയന്തര ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടിവന്നു. രായ്ക്കുരാമാനം തുര്‍ക്കിയില്‍നിന്നും ഇസ്രായേലില്‍നിന്നും മേത്തരം പശുക്കളെ കൊണ്ടുവന്നു പാല്‍ക്ഷാമം നേരിട്ടു. പച്ചക്കറി കൃഷി വ്യാപകമാക്കി ആ വഴിക്കും സ്വയംപര്യാപ്തത കൈവരിച്ചു. ജനങ്ങളുടെ മുഴുവന്‍ പിന്തുണയും ആര്‍ജിക്കുന്ന വിഷയത്തില്‍ അന്ന് കിരീടാവകാശിയായി ശൈഖ് തമീം അശ്രാന്ത പരിശ്രമം നടത്തി. ജനം ഭരണകൂടത്തിന് കരുത്തുപകര്‍ന്നു. മണിക്കൂറ് കൊണ്ട് സഊദിയില്‍ പറന്നെത്താറുള്ള ഖത്തരികള്‍ക്ക് പുണ്യഭൂമിയുടെ കവാടം കൊട്ടിയടക്കപ്പെട്ടതിന്റെ വേദന അസഹ്യമായി. സഹോദര രാജ്യങ്ങളായ കുവൈത്തും ഒമാനും സഹായത്തിനെത്തി. തുര്‍ക്കിയിലെ റജബ് ഉര്‍ദുഗാന്‍ ഭരണകൂടം ഖത്തറിന്റെ അചഞ്ചലമായ നിലപാടിന് ധൈര്യവും കരുത്തും പകര്‍ന്നു. സൈനിക സഹായം വര്‍ധിപ്പിച്ചു. അതോടെ, സഊദിയും യു എ ഇയും ഉയര്‍ത്തിയ ഭീഷണിയുടെ കനം കുറഞ്ഞു. അവര്‍ മുന്നോട്ടുവെച്ച നിബന്ധനകളിലൊന്നു പോലും പാലിക്കാന്‍ തയാറായില്ല. ലോകഫുട്ബാളിന് വേദിയൊരുക്കാനുള്ള ദോഹയുടെ ശ്രമങ്ങള്‍ കൂടുതല്‍ ആവേശത്തോടെ മുന്നോട്ടുപോയി.
നാല് അയല്‍രാജ്യങ്ങളുടെ നീക്കം തങ്ങളുടെ പരമാധികാരത്തിലുള്ള കൈകടത്തലായും നീതിരാഹിത്യമായും ഖത്തര്‍ നോക്കിക്കണ്ടു. അമേരിക്കയുടെ കുല്‍സിത അജണ്ട നടപ്പാക്കാനുള്ള വേദിയല്ല തങ്ങളുടെ രാജ്യമെന്ന് അവര്‍ പറയേണ്ടിടത്ത് പറഞ്ഞു. ഡോണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ എത്തിയത് തൊട്ട് പുറത്തെടുത്ത ശാത്രവത്തിന്റെ നയത്തിന് എന്തിനു കരുവാക്കപ്പെടണം എന്ന ചോദ്യമാണ് ഖത്തര്‍ ഉയര്‍ത്തിയത്. അല്‍ ഉലയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിനിധികള്‍ ഒത്തുചേര്‍ന്നപ്പോള്‍ ഉച്ചകോടിക്ക് നേതൃത്വം നല്‍കാന്‍ ഒരു ചെറുപ്പക്കാരന്‍ കസേരയിട്ട് ഇരിക്കുന്നുണ്ടായിരുന്നു: ട്രംപിന്റെ സീനിയര്‍ ഉപദേഷ്ടാവും (മരുമകനും) സയണിസ്റ്റ് നേതാവുമായ ജരദ് കുഷ്‌നര്‍. ഇതേ മനുഷ്യനാണ് നാല് വര്‍ഷം മുമ്പ് ഖത്തറിനെ ഒറ്റപ്പെടുത്താന്‍ സഹോദര രാജ്യങ്ങള്‍ക്ക് പ്രചോദനം നല്‍കിയത്. ട്രംപിന്റെ സഊദി സന്ദര്‍ശനത്തിനു ശേഷമായിരുന്നു ഗള്‍ഫ് പ്രതിസന്ധി മറനീക്കി പുറത്തുവരുന്നത്.
ശാശ്വത സമാധാനം സാധ്യമോ?
അല്‍ ഉലാ ഉച്ചകോടിയിലൂടെ ഗള്‍ഫില്‍ ശാശ്വത സമാധാനം പുലരുമെന്ന ശുഭാപ്തി വിശ്വാസം വെല്ലുപുലര്‍ത്താനാകുമോ? അമേരിക്കയില്‍ ഡോണാള്‍ഡ് ട്രംപ് അധികാരത്തില്‍നിന്ന് പുറന്തള്ളപ്പെടുകയും ഡെമോക്രാറ്റിക് പ്രതിനിധി ജോ ബെയ്ഡന്‍ വൈറ്റ് ഹൗസിലെത്തുകയും ചെയ്യുന്ന ഈ മൂഹൂര്‍ത്തത്തില്‍ രാഷ്ട്രീയ-നയതന്ത്ര മേഖലകളില്‍ പുനക്രമീകരണങ്ങള്‍ പ്രതീക്ഷിക്കുന്നവരുണ്ട്. ബറാക് ഒബാമയുടെ വാഴ്ചക്കാലത്ത് ഇറാനുമായി ആണവ കരാറിലൂടെ ബന്ധം മെച്ചപ്പെടുത്തിയത് മാതൃകയായി എടുത്ത് ആ ദിശയില്‍ ചുവടുവെപ്പുകളുണ്ടാവാം. അതോടെ, സഊദിയുടെ ചെങ്കോല്‍ ഏന്തുന്ന മുഹമ്മദ് ബിന്‍ സല്‍മാന് ഖത്തറുമായും മറ്റു അയല്‍രാജ്യങ്ങളുമായും നല്ല ബന്ധം സ്ഥാപിക്കാന്‍ മാത്രമല്ല, സ്വദേശത്ത് പരിഹരിക്കപ്പെടാതെ കിടക്കുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പ്രതിവിധി കണ്ടെത്തേണ്ടതായും വരും. പഴയ വ്യവസ്ഥയിലേക്കുള്ള തിരിച്ചുപോക്ക് മുഹമ്മദിന് സാധ്യമല്ല. ‘പരിഷ്‌ക്കരണ’ഉദ്യമങ്ങള്‍ക്ക് ആക്കം കൂട്ടേണ്ടിവരും. അപ്പോള്‍ ഉയര്‍ന്നേക്കാവുന്ന മതശക്തികളുടെ വെല്ലുവിളി ഇഖ്്വാന്‍ ചിന്താഗതിയില്‍നിന്നാവുമെന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ട്. യു എ ഇയുടെ അവസ്ഥയും അത്ര തൃപ്തികരമല്ല, ബ്രദര്‍ഹുഡിന്റെ പ്രാദേശിക വകഭേദമായ അല്‍ ഇസ്ലാഹ് പാര്‍ട്ടി മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ കൂടുതല്‍ കരുത്താര്‍ജിക്കാന്‍ സാധ്യതയുണ്ട്. അമേരിക്കയെ കൂടുതല്‍ ആശ്രയിക്കേണ്ടിവരുമ്പോള്‍, സ്വാഭാവികമായും സഊദി-യു എ ഇ മല്‍സരം കനക്കാന്‍ സാധ്യതയേറെയാണ്. തുര്‍ക്കിയും ഖത്തറും ഇറാനുമായി ചേര്‍ന്ന് പുതിയൊരു സഖ്യം രൂപപ്പെടുത്തുമ്പോള്‍ സൗദിക്ക് ആ കൂട്ടുകെട്ടുമായി അടുക്കേണ്ട സാഹചര്യം വന്നുചേര്‍ന്നേക്കാം. ജോ ബെയ്ഡന്റെ പശ്ചിമേഷ്യന്‍ നയം അനാച്ഛാദനം ചെയ്യപ്പെടുന്നതോടെ ഗള്‍ഫ് രാജ്യങ്ങളുടെ പരസ്പരബന്ധത്തിലും ജി സി സിയുടെ പൊതുവായ നയരൂപീകരണത്തിലും ഒരുപക്ഷേ, കാതലായ മാറ്റങ്ങള്‍ പ്രകടമായി വന്നേക്കാം.
പുരുഷന്മാര്‍ തമ്മിലുള്ള ആഴത്തിലുള്ള ലൈംഗികേതര ബന്ധത്തെ സൂചിപ്പിക്കുന്ന ആംഗലേയ പദമാണ് ‘Bomance’എന്നത്. സഊദി കിരീടാവകാശിയും ഖത്തറിന്റെ യുവ ഭരണാധികാരിയും തമ്മില്‍ അല്‍ ഉലയില്‍ സന്ധിക്കുകയും ഗാഢമായ സൗഹൃദത്തിലേര്‍പ്പെടുകയും ചെയ്തപ്പോള്‍, ഒരു അറബ് മാധ്യമം നല്‍കിയ തലക്കെട്ട്, The New GCC: Two Princes ‘Bomance Story’ എന്നാണ്. ഗള്‍ഫ് ഭരണാധികാരികളുടെ ഏറെ ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു വശം, പുതു തലമുറയുടെ കൈകളിലാണ് അധികാരച്ചെങ്കോല്‍ എന്നതാണ്. സഊദിയിലും ഖത്തറിലും യു എ ഇയിലും ബഹറൈനിലുമെല്ലാം യഥാര്‍ഥ ഭരണക്കടിഞ്ഞാണ്‍ താമതമ്യേന യുവാക്കളുടെ കൈയിലാണ്. 18ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ആശ്രിത വലയത്തില്‍ രൂപംകൊണ്ട അറബ് ശൈഖ്ഡം, പെട്രോഡോളര്‍ ചുരത്തിയ അരനൂറ്റാണ്ടിന്റെ ക്ഷേമൈശ്വര്യങ്ങളുടെ ദശാസന്ധികള്‍ കടന്ന് പുതിയ ലോകത്തെ അഭിമുഖീകരിക്കുമ്പോള്‍ അവരുടെ മുന്നിലുള്ള വെല്ലുവിളികള്‍ ചെറുതല്ല എന്ന സന്ദേശമാണ് അല്‍ ഉല ഉച്ചകോടി കൈമാറുന്നത്. അതുകൊണ്ട്തന്നെയാണ്, ജി സി സി രാജ്യങ്ങള്‍ കൂടുതല്‍ ഐക്യത്തോടെ നീങ്ങുന്ന കാഴ്ചക്ക് കൂടുതല്‍ സ്വീകാര്യതയും മനോഹാരിതയും കൈവരുന്നത്. മുഹമ്മദ് ബിന്‍ സല്‍മാനും ശൈഖ് തമീം ബിന്‍ ഹമദും മരുഭൂമിയിലൂടെ ഒരേ കാറില്‍ അത്യാവേശത്തോടെ ചുറ്റിക്കറങ്ങിയതും അല്‍ ഉലയിലെ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള പുരാവസ്തു അവശിഷ്ടങ്ങള്‍ നടന്നുകണ്ടതും ലോകം കൗതുകത്തോടെ വീക്ഷിച്ചതില്‍ വലിയൊരു രാഷ്ട്രീയമുണ്ടെന്ന് പറയാതെ വയ്യ.
Kasim Irikkoor
You must be logged in to post a comment Login