മൂന്ന് വര്‍ഷം മുന്‍പ് ഫെബ്രുവരി 22 നാണ് മധുവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നത്; 2018-ല്‍. മധു ആദിവാസിയായിരുന്നു. വീടുവിട്ട് പോയ ചെറുപ്പക്കാരനായിരുന്നു. മധുവിനെ കൊന്നുകളഞ്ഞ ആ നിമിഷങ്ങള്‍ മറന്നുപോകരുത്. അതൊരു ആസൂത്രിത കൊലപാതകം ആയിരുന്നില്ല. അങ്ങനെ ആയിരുന്നില്ല എന്നതാണ് ആ കൃത്യത്തെ അതീവമായി ക്രൂരമാക്കുന്നത്. എന്തിനായിരുന്നു അവര്‍, ആ ആള്‍ക്കൂട്ടം മധുവിനെ പൊതിരെ തല്ലിയത്? എന്തിനായിരുന്നു അവന്റെ ദുര്‍ബലവും ദയനീയവുമായ മുഖം പിടിച്ചുരച്ചത്? വിശപ്പിനാല്‍ വിറപൂണ്ട അവന്റെ ദേഹം അവരെന്തിനാണ് വലിച്ചിഴച്ചത്? അന്നത്തെ ആള്‍ക്കൂട്ടം അന്ന് തന്നെ പിരിഞ്ഞുപോയെന്നും അവര്‍ ഒറ്റക്കൊറ്റക്ക് കേസ് നടത്തി എന്നതും ഓര്‍ക്കുക. ആ ആള്‍ക്കൂട്ടത്തിന് നിയമത്തിന്റെ ഭാഷയിലെ മെന്‍സ് റിയ ഉണ്ടായിരുന്നില്ല. ഒരു കുറ്റകൃത്യം നിര്‍വഹിക്കുന്നതിനുള്ള കാരണമുള്ള ചോദനയാണത്. പക്ഷേ, അവര്‍ കൊന്നു. മധുവിന് മേല്‍ പതിച്ച ഓരോ അടിയും ആള്‍ക്കൂട്ടത്തെ ആനന്ദിപ്പിച്ചു. ഹിംസയില്‍ നിന്ന് ആനന്ദം സൃഷ്ടിക്കപ്പെട്ടു.
എങ്ങനെയാണ് ഈ ആള്‍ക്കൂട്ടം രൂപപ്പെട്ടത് എന്ന് ഓര്‍ക്കുക. മധു മോഷ്ടാവാണ്, മധു നാട്ടിലിറങ്ങി മോഷ്ടിച്ച് കാടു കയറുന്നു എന്ന ഒരു പ്രചാരണമാണ് അല്ലെങ്കില്‍ അങ്ങനെ ഒരു തോന്നലാണ് ആദ്യം രൂപപ്പെട്ടത്. അത് പെട്ടെന്ന് ഉണ്ടായ ഒരു പ്രചാരണമായിരുന്നു. മോഷണം എന്ന സംഗതി പെട്ടെന്ന് അടിച്ചൊതുക്കേണ്ട ഒന്നായി. അടിക്കണം ഒതുക്കണം എന്ന വികാരമായി രൂപപ്പെട്ടു. വികാരം ആശയമാണല്ലോ? സ്വാഭാവികമായും അത് ബലവത്തായ ഒന്നായി മാറി. കാരണം മോഷണം എന്ന് വന്നതോടെ അത് ആര് എന്തിന് എങ്ങനെ ചെയ്തു എന്നത് കാര്യമല്ലാതാവുകയും മോഷണം എന്ന പ്രവൃത്തി മാത്രം ബാക്കിയാവുകയും ചെയ്തു. അങ്ങനെയാണ് അതിനെതിരെ പെട്ടെന്ന് കുറച്ചാളുകള്‍ കൂട്ടം ചേര്‍ന്നത്. മോഷണം എന്ന എതിര്‍ക്കപ്പെടേണ്ട ഒരു സംഗതിക്കെതിരെ ക്ഷണത്തില്‍ അത് രൂപപ്പെടുകയായിരുന്നു.
അപ്പോള്‍ അത് ഒരു ആള്‍ക്കൂട്ടമായിരുന്നില്ല. കുറച്ചാളുകള്‍ ആയിരുന്നു. അവരാണ് മധുവാണ് മോഷ്ടാവ് എന്ന തീര്‍പ്പില്‍ എത്തിയതും മധുവിനെ തേടി കാട് കയറിയതും. ആ കയറ്റത്തിന്റെ സന്ദര്‍ഭത്തില്‍ ഒരു ആനന്ദാനുഭവം ആ കൂട്ടത്തില്‍ സംഭവിക്കുന്നുണ്ട്. പിന്നീട് അത് ആള്‍ക്കൂട്ടമായി മാറുന്നു. മോഷണം എന്ന സംഗതിയോടുള്ള എതിര്‍പ്പാണ് ആള്‍ക്കൂട്ടത്തിന്റെ ഏതാണ്ട് അല്ലെങ്കില്‍ ഏറെക്കുറെ പൊതുവായ പ്രചോദനം. എതിര്‍പക്ഷത്ത് ആരോപിതനായി അല്ലെങ്കില്‍ എതിര്‍ക്കപ്പെടേണ്ട ആളായി നില്‍ക്കുന്ന മധുവിന്റെ ആദിവാസിസ്വത്വം ആ ആള്‍ക്കൂട്ടത്തിന്റെ ഹിംസാനന്ദത്തെ വലിയ തോതില്‍ വര്‍ധിപ്പിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ആദിവാസി എന്ന സ്വത്വം ആള്‍ക്കൂട്ടത്തിന്റെ ഹിംസാനന്ദത്തെ ജ്വലിപ്പിച്ചത്? എങ്ങനെയാണ് തദ്ദേശീയരായ, കുടിയേറ്റക്കാര്‍ പോലുമായ, ഭൂരിപക്ഷവും ഇടത്തരക്കാരായ ഒരു വിഭാഗത്തിന് മധുവിന്റെ ആദിവാസിസ്വത്വം പ്രകോപനപരമായ ഒന്നായി മാറിയത്? കാരണങ്ങളുണ്ട്.
ഒന്നാമത്തെ കാരണം ആദിവാസികള്‍ നേടുന്നതായി ആദിവാസികള്‍ അല്ലാത്തവര്‍ കരുതുന്ന ആനുകൂല്യങ്ങളാണ്. രണ്ടാമതായി തങ്ങള്‍ക്കുണ്ടെന്ന് ആദിവാസികള്‍ അല്ലാത്തവര്‍ കരുതിപ്പോരുന്ന വേഷവിധാനത്തിലും ഔപചാരിക വിദ്യാഭ്യാസം പോലുള്ള ആധുനികമെന്ന് പറഞ്ഞുപോരുന്ന കാര്യങ്ങള്‍ ആദിവാസികള്‍ക്കില്ലാത്തതാണ്. അങ്ങനെ അവര്‍ ആദിവാസികളെ ശത്രുപക്ഷത്ത് കാണുന്നു. ഈ മനോനിലയുമായാണ് ആ ആള്‍ക്കൂട്ടം മധുവിനെ തേടി കാടുകയറിയത്.
ആള്‍ക്കൂട്ടവും അധികാരവും എന്ന വിഖ്യാത പഠനത്തില്‍ എലിയാസ് കനേറ്റി എഴുതുന്നു: ‘The crowd suddenly there where there was nothing before, is a mysterious and universal phenomenon. A few people may have been standing together-five, ten or twelve, not more; nothing has been announced, nothing is expected. Suddenly everywhere is black with people and more come streaming from all sides as though streets had only one direction. Most of them do not know what has happened and, if questioned, have no answer; but they hurry to be there where most other people are. There is a determination in their movement which is quite different from the expression of ordinary curiosity. It seems as though the movement of some of them transmits itself to the others. But that is not all; they have a goal which is there before they can find words for it.’
അത്രയേ ഉള്ളൂ. സാധാരണ നിലയില്‍ നമുക്ക് കാണാന്‍ കഴിയുന്ന ഒന്നായിരിക്കില്ല ആ ആള്‍ക്കൂട്ടത്തിന്റെ പ്രകൃതവും അവരെ നയിക്കുന്ന ചോദനയും. അതിനാലാണ് മധുവിനെ തേടി കാടുകയറിയവരുടെ ഹിംസാനന്ദത്തില്‍ ആദിവാസിസ്വത്വം എന്ന പ്രമേയം മോഷണം എന്ന പ്രവൃത്തിയോടുള്ള എതിര്‍പ്പിനൊപ്പം സ്ഥാനം പിടിച്ചത്. നാം ചിലപ്പോള്‍ മോഷണത്തോടുള്ള, അല്ലെങ്കില്‍ മറ്റെന്തിനോടെങ്കിലും ഉള്ള എതിര്‍പ്പായി മാത്രമേ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തെ കാണാറുള്ളൂ. അതുമാത്രമല്ല എന്ന് കനേറ്റി എത്രയോ കാലം മുന്‍പ് പറഞ്ഞുവെച്ചു. മധുവിനെ വധിച്ചതിന് പിന്നിലെ പ്രേരകങ്ങളിലെ പ്രധാനി ആ മനുഷ്യന്റെ ആദിവാസിസ്വത്വമായിരുന്നു. ആ സ്വത്വത്തോടുള്ള എതിര്‍പ്പിന്റെ കാരണമാകട്ടെ നാം നേരത്തെ പറഞ്ഞ ആദിവാസിക്ക് കിട്ടുന്നു എന്ന് പ്രചരിപ്പിക്കപ്പെടുന്ന പ്രിവിലേജുകളും അവരുടെ മധ്യവര്‍ഗ ശീലങ്ങളില്ലായ്മയും. മധുവിനെക്കുറിച്ചല്ല നമ്മള്‍ ഇനി സംസാരിക്കുന്നത്. കേരളത്തില്‍ തരംഗമാകുന്നു എന്ന് പ്രചരിപ്പിക്കപ്പെടുന്ന ചില ആള്‍ക്കൂട്ട രാഷ്ട്രീയ പരീക്ഷണങ്ങളെക്കുറിച്ചാണ്. മധുവിനെ അടിച്ചുകൊന്ന ആള്‍ക്കൂട്ട മനോനിലയുടെ മറ്റൊരു തലത്തിലുള്ള പ്രകാശനമാണോ ആ ആള്‍ക്കൂട്ട രാഷ്ട്രീയം എന്ന അന്വേഷണമാണ് താല്‍പര്യം.
എറണാകുളം ജില്ലയിലെ ഒരു ഗ്രാമമാണ് കിഴക്കമ്പലം. അക്ഷരാര്‍ഥത്തിലുള്ള ഗ്രാമമല്ല. നഗര സാമീപ്യമുള്ള, കിറ്റെക്സ് പോലെ ഒരു വന്‍ വ്യവസായഗ്രൂപ്പിന്റെ ആസ്ഥാനമായ പഞ്ചായത്ത്. അത്തരം വ്യവസായങ്ങളുള്ള മറ്റിടങ്ങള്‍ എന്നപോലെ കിഴക്കമ്പലത്തിന്റെ ഭൂരിഭാഗം ജീവിതത്തിലും കിറ്റെക്സ് ഒരു ഭാഗമാണ്. പ്രദേശത്തെ കുടുംബങ്ങളില്‍ പലതിലും കിറ്റെക്സുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ആളുകള്‍ ഉണ്ട്. കിറ്റെക്സ് ജീവനക്കാര്‍. കിറ്റെക്സ് ഉടമയാവട്ടെ രാഷ്ട്രീയ സൗഹൃദങ്ങളും പൊതുകാര്യ ഇടപെടലുകളും സൂക്ഷിച്ചിരുന്ന ഒരാളുമായിരുന്നു. അങ്ങനെ നീങ്ങി ആ കാലം.
അക്കാലമെന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് നിരവധി രാഷ്ട്രീയ പ്രത്യേകതകള്‍ ഉണ്ടായിരുന്ന കാലമായിരുന്നു. രണ്ടാം യു പി എ സര്‍ക്കാരിന്റെ കാലമാണ്. സ്പെക്ട്രം മുതലുള്ള അനേക കോടികളുടെ അഴിമതി ആരോപണങ്ങളായി അന്തരീക്ഷത്തിലുണ്ട്. അഭി നഹി തോ കഭി നഹി എന്ന മുദ്രാവാക്യമുയര്‍ത്തി അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ ലോക്പാല്‍സമരം വരുന്നു. അഴിമതിക്കെതിരെ ഇന്ത്യന്‍ മധ്യവര്‍ഗത്തില്‍ ആശയപ്രചാരണം കൊടുമ്പിരി കൊള്ളുന്നു. സോഷ്യല്‍ എഞ്ചിനീയറിംഗില്‍ സവിശേഷ താല്‍പര്യമുണ്ടായിരുന്ന അരവിന്ദ് കെജ്രിവാള്‍ എന്ന ഉന്നത ബിരുദധാരിയും മധ്യവര്‍ഗത്തിന്റെ പലതരം താല്‍പര്യങ്ങളെ തൃപ്തിപ്പെടുത്താന്‍ പോന്ന ഭൂതവര്‍ത്തമാനങ്ങളുമുള്ള ചെറുപ്പക്കാരന്‍ ആ സമരത്തിന്റെ മുന്‍നിരയില്‍ വരുന്നു. പില്‍ക്കാലത്ത് പൂച്ച് പുറത്തായ ബാബാ രാംദേവും കിരണ്‍ ബേദിയുമടക്കമുള്ളവര്‍ മുന്നില്‍ നിറയുന്നു. രാഷ്ട്രീയമെന്നാല്‍ അഴിമതി എന്ന സമവാക്യം ക്ലച്ച് പിടിക്കുന്നു. മധ്യവര്‍ഗമാണ് വലതുപക്ഷത്തിന്റെ താക്കോല്‍. അക്കാര്യം കൃത്യമായി അറിയാം സംഘപരിവാറിന്. സ്വാഭാവികമായും ലോക്പാല്‍സമരത്തെ സംഘപരിവാര്‍, പ്രത്യേകിച്ച് ആര്‍ എസ് എസ് സ്പോണ്‍സര്‍ ചെയ്തു. ആളും അര്‍ഥവും ഒഴുക്കി. പലപാട് നാം കണ്ടതുപോലെ ഇപ്പോഴും തുടരുന്ന സംഘഭരണവും ഇന്ത്യന്‍ ഫാഷിസത്തിന്റെ ആരോഹണവും സംഭവിച്ചതിന് പിന്നില്‍ ലോക്പാലുമുണ്ട്.
എന്തുകൊണ്ട് മധ്യവര്‍ഗ അരാഷ്ട്രീയത വലതുപക്ഷ രാഷ്ട്രീയത്തിലേക്ക് വേഗത്തില്‍ ചായുന്നു എന്ന ചോദ്യത്തിന് ഇന്ന് ധാരാളം ഉത്തരങ്ങളുണ്ട്. വലതുപക്ഷ രാഷ്ട്രീയം എന്നതിന് ഇടത് വലത് മുന്നണി രാഷ്ട്രീയത്തിലെ വലതുമുന്നണി എന്ന് അര്‍ഥമില്ല. നിലവില്‍ ബി ജെ പി നയിക്കുന്ന ഹിന്ദുത്വരാഷ്ട്രീയത്തെയാണ് നമ്മള്‍ വലതുപക്ഷം എന്ന് തിരിച്ചറിയുന്നത്. ആ വലതുപക്ഷത്തിന്റെ ഉഗ്രരൂപത്തെയാണ് നാം ഹിറ്റ്ലറിലൂടെ ജര്‍മനിയിലും മുസോളിനിയിലൂടെ ഇറ്റലിയിലും കണ്ടത്. വലതുപക്ഷത്തിന്റെ ഒരു രാഷ്ട്രീയസ്വഭാവം അവര്‍ രാഷ്ട്രീയം സംസാരിക്കില്ല എന്നതാണ്. അവര്‍ മറ്റ് രാഷ്ട്രീയപാര്‍ട്ടികളെക്കുറിച്ചാണ്, അല്ലെങ്കില്‍ മറ്റുള്ളവരെ കുറിച്ചാണ് സംസാരിക്കുക. നമ്മുടെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാറുള്ള സംഘപരിവാര്‍ വക്താക്കളുടെ ചര്‍ച്ചാസ്വഭാവം അതിന്റെ ചെറുരൂപമാണ്. എല്ലാവരും കണക്കാണ് എന്ന ബോധമാണ് വലതുപക്ഷം ആദ്യം സൃഷ്ടിക്കുക. തൊട്ടുപിന്നാലെ ദാ അവര്‍ പിന്നേം ഭേദമാണ് എന്ന കൈചൂണ്ടലുകള്‍ സംഭവിക്കും. തങ്ങള്‍ക്ക് പ്രത്യേകിച്ച് താല്‍പര്യങ്ങള്‍ ഒന്നുമില്ല എന്ന മട്ടിലാണ് അവര്‍ കൈചൂണ്ടുക. അവര്‍ ചൂണ്ടിക്കാട്ടുന്നിടത്ത് അപ്പോള്‍ ഉണ്ടാവുക വലതുപക്ഷം ആയിരിക്കും, സംഘപരിവാരം ആയിരിക്കും. ആള്‍ക്കൂട്ടത്തിന്റെ ക്രമരഹിതമായ മനസ്സാണ് വലത് രാഷ്ട്രീയത്തിന്റെ, വിശാലമായി പറഞ്ഞാല്‍ ഫാഷിസത്തിന്റെ വിളഭൂമി എന്ന് ചുരുക്കം. അവരെപ്പോഴും ഒരു പക്ഷത്തോട് വെറുപ്പുള്ളവരായിരിക്കും. ഇന്ത്യയിലെ സംഘപരിവാരത്തിന് മുസ്ലിംകളോടും കമ്യൂണിസ്റ്റുകാരോടുമുള്ള വെറുപ്പിനെ ഓര്‍ക്കാം. മധുവിനെ തല്ലിക്കൊന്ന ആള്‍ക്കൂട്ടത്തിന് ആദിവാസികളോടുള്ള വെറുപ്പ് ഓര്‍ക്കാം. ആ വെറുപ്പ് അവിടെ ഉള്ളതാണ്. എന്നിട്ട് അവര്‍ ഒരു പൊതുപ്രസക്തമായ കാരണം തിരയും. മധുവിന്റെ കാര്യത്തില്‍ അത് മോഷണം ആയിരുന്നു എങ്കില്‍ ഇടത് വലത് മുന്നണികളോടുള്ള വെറുപ്പിന് നിദാനം അഴിമതിക്കഥകളാണ്. അങ്ങനെ എല്ലാവരും കണക്കാണ് നമുക്ക് മറ്റൊരു ബദല്‍ വേണം എന്ന ആശയം ഉത്പാദിപ്പിക്കും. പക്ഷേ, ബദല്‍ മുന്നോട്ടുവെക്കില്ല. ബദല്‍ മുന്നോട്ടുവെക്കണമെങ്കില്‍ ബദലിനെക്കുറിച്ച് സങ്കല്‍പം വേണമല്ലോ? അതവര്‍ക്കില്ല. അപ്പോള്‍ അവര്‍ രാജവാഴ്ചയുടെ കേമത്തം പറയാന്‍ തുടങ്ങും. അപ്പോളവര്‍ വ്യക്തിശക്തിയെ വാഴ്ത്താന്‍ തുടങ്ങും. മികച്ച ഒരു വ്യക്തി വന്നാല്‍ എല്ലാം ശരിയാവും എന്ന് പറയും. ആ വ്യക്തിയിലേക്ക് വിരല്‍ ചൂണ്ടും. അങ്ങനെ ചൂണ്ടപ്പെട്ട ഒരു വ്യക്തിയുടെ പേര് നരേന്ദ്രമോഡി എന്നാണ്.
കിഴക്കമ്പലത്തേക്ക് വരാം. 2013 ലാണ് കിഴക്കമ്പലത്തെ വ്യവസായി എം സി ജേക്കബിന്റെ മകന്‍ സാബു ജേക്കബ് ട്വന്റി ട്വന്റി പ്രഖ്യാപിക്കുന്നത്. 2014-ല്‍ ആണ് നരേന്ദ്ര മോഡി അധികാരത്തില്‍ വന്നതെന്ന് നമുക്കറിയാം. ഒരു വ്യവസായം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് സാധാരണമായി വന്‍കിട കമ്പനികള്‍ നടത്താറുള്ള ക്ഷേമപ്രവര്‍ത്തനത്തെ സാബു അധികാരവത്കരിച്ചു. വ്യവസായസ്ഥാപനങ്ങള്‍ തദ്ദേശീയമായി വീടുകള്‍ വച്ച് നല്‍കുന്നതും കുടിവെള്ളം കൊടുക്കുന്നതും ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും അസാധാരണമല്ല. 2014-ല്‍ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി നിയമമായ രാജ്യമാണല്ലോ ഇന്ത്യ. കിറ്റെക്സ് പക്ഷേ ഈ ചെയ്യുന്നതിനെ സംഘടനാപരമാക്കി. അന്നൊക്കെ അതൊരു എന്‍ ജി ഒ പ്രവര്‍ത്തനമായി മാത്രമാണ് മനസ്സിലാക്കപ്പെട്ടത്. കാര്യങ്ങള്‍ പൂര്‍ണമായി മാറിമറിഞ്ഞത് പിന്നീടാണ്. തങ്ങളുടെ ചൊല്‍പ്പടിയില്‍ തദ്ദേശസ്ഥാപനങ്ങള്‍ നില്‍ക്കണമെന്ന ആഗ്രഹം ഏതൊരു വ്യവസായത്തിനും ഉണ്ടാകും. ആ ആഗ്രഹപൂര്‍ത്തിക്കുള്ള മാര്‍ഗം തദ്ദേശ സ്ഥാപനം സ്വന്തമാക്കുക എന്നതാണ്. അതിനുള്ള കളമൊരുക്കല്‍ അവര്‍ നടത്തി. നമ്മളാദ്യം പറഞ്ഞ ‘എല്ലാവരും കണക്കാ’ തന്ത്രമായിരുന്നു ആദ്യം. ആനുകൂല്യങ്ങളുടെ വിതരണവും തൊഴില്‍ കാട്ടിയുള്ള പ്രലോഭനവും രണ്ടാമത് ( നോക്കൂ ജനാധിപത്യത്തിലെ ഗുരുതരമായ ഒരു കുറ്റകൃത്യമാണത്). ആ തന്ത്രം ഫലിച്ചു. കിഴക്കമ്പലത്തെ ഭൂരിപക്ഷം വാര്‍ഡുകളില്‍ അവര്‍ വിജയിച്ചു. യാദൃച്ഛികമെന്നും ഒറ്റത്തവണ സംഭവം എന്നും വിലയിരുത്തല്‍ വന്നു. സംഭവിച്ചത് മറ്റൊന്നാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാനശിലക്ക് മേല്‍ സാബുജേക്കബിന്റെ രാജവാഴ്ച വന്നു. പഞ്ചായത്തംഗം എന്ന ജനാധിപത്യത്തിലെ അന്തസാര്‍ന്ന നില ഉദ്യോഗമെന്ന നിലയിലേക്ക് വന്നു. പഞ്ചായത്തംഗത്വം എന്ന രാഷ്ട്രീയപ്രവര്‍ത്തനത്തിന് സാബു പ്രതിഫലം കൊടുത്തു തുടങ്ങി. അഴിമതി നടത്താതിരിക്കാനാണ് പ്രതിഫലം നല്‍കുന്നത് എന്ന വിളംബരത്തിലൂടെ രാഷ്ട്രീയം സമം അഴിമതി എന്ന സമീകരണം സൃഷ്ടിച്ചു. ജനാധിപത്യസര്‍ക്കാരിന്റെ അധികാരത്തിലേക്ക് വ്യവസായിയുടെ കടന്നുകയറ്റം നടന്നു. കേരളത്തിലെ പഞ്ചായത്തുകളെ സംബന്ധിക്കുന്ന ചട്ടങ്ങള്‍ കാറ്റില്‍ പറന്നു.
രാഷ്ട്രീയം എന്ന പ്രമേയത്തോടുളള അവജ്ഞയാണ് ട്വന്റി ട്വന്റിയുടെ കേന്ദ്രം. അതിന്റെ നേതാവ് സാബു ജേക്കബ് ആലുവ യു സി കോളജില്‍ കെ എസ് യുവിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി ആയിരുന്നു. അതി സമ്പന്നമായ പശ്ചാത്തലത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥി ആയിരുന്നിട്ടും സാബു എസ് എഫ് ഐയോട് തോറ്റു ( അവലംബം: ഗൃഹലക്ഷ്മി അഭിമുഖം). ഇങ്ങനെയെല്ലാമാണ് കിഴക്കമ്പലംകാര്‍ കക്ഷി രാഷ്ട്രീയത്തെ കോര്‍പറേറ്റ് രാഷ്ട്രീയത്തിന് മുന്നില്‍ തോല്‍പിച്ചത്. സമാനമായ ഒന്നിനാണ് വീ ഫോര്‍ കൊച്ചിയുടെ ശ്രമവും. സാബുവിന്റെ അതേ മനോനിലയാണ് വി ഫോര്‍ കൊച്ചിയുടെ ആളുകളും പങ്കിടുന്നത്. സമാനമായ അരാഷ്ട്രീയതയാണ് അവരെ നയിക്കുന്നത്. മധ്യവര്‍ഗ പൊങ്ങച്ചത്തിന്റെ കളിയാട്ടമാണ് ആ വേദികള്‍.
മധുവിനെ അടിച്ചുകൊന്ന ആ ആള്‍ക്കൂട്ടമുണ്ടല്ലോ അതിന്റെ പകര്‍പ്പാണ് ജനാധിപത്യത്തിന്റെ ദൗര്‍ബല്യങ്ങളെ മുതലെടുത്ത് രാജവാഴ്ചയും ദാസ്യവും ഉറപ്പിക്കാന്‍ പണിയെടുക്കുന്ന ഇക്കൂട്ടര്‍. ജനാധിപത്യത്തിന്റെ പ്രക്രിയാപരമായ ദൗര്‍ബല്യങ്ങളില്‍ നിന്നാണ് ഹിറ്റ്ലര്‍ ഉണ്ടായത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ദൗര്‍ബല്യത്തില്‍ നിന്നാണ് നരേന്ദ്രമോഡിയുടെ പിറവി. ആരുടെ പിറവിക്കാണ് ഈ കൂട്ടങ്ങള്‍ കളമൊരുക്കുന്നത് എന്നാണ് കാത്തിരുന്നു കാണേണ്ടത്.
കെ കെ ജോഷി
You must be logged in to post a comment Login