ജീവിതത്തിലുടനീളം ശുചിത്വം പാലിച്ചിരിക്കണം. വസ്ത്രവും ശരീരവും മറ്റിടങ്ങളും മാലിന്യങ്ങള്‍ പുരളാതെ സൂക്ഷിക്കണം. വസ്ത്രം, ശരീരം എന്നിവ മലിനമാകാനിടവരുന്നത് തെറ്റാണ്. എന്തെങ്കിലും അത്യാവശ്യകാര്യത്തിന്ന് ഇടപെടുമ്പോള്‍ മലിനമായിപ്പോകുന്നതിനെക്കുറിച്ചല്ല ഇപ്പറഞ്ഞത്. മാലിന്യവുമായി ബന്ധപ്പെട്ടുള്ള ജോലികള്‍ മറ്റ് നിവൃത്തിയുണ്ടെങ്കില്‍ സ്വീകരിക്കുന്നതും നല്ലതല്ല. മലിനമായ വസ്തു ഉപയോഗിക്കുകയോ, ആവശ്യമില്ലാതെ മാലിന്യത്തില്‍ പുരളുകയോ ചെയ്താല്‍ ഉടന്‍ വൃത്തിയാക്കണം. മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള വസ്തു മലിനമാക്കിയാല്‍ അത് വൃത്തിയാക്കിക്കൊടുക്കണം. മസ്ജിദ്, മുസ്ഹഫ്, മതഗ്രന്ഥങ്ങള്‍ തുടങ്ങിയവയില്‍ മാലിന്യമായാല്‍ അത് നീക്കം ചെയ്ത് വൃത്തിയാക്കണം. മാലിന്യങ്ങളില്‍നിന്ന് ശുദ്ധിയാകാതെ നിസ്‌കാരം, ജുമുഅ ഖുതുബ, ത്വവാഫ് തുടങ്ങിയ കര്‍മങ്ങള്‍ സാധുവാകുകയില്ല. നിസ്‌കാരത്തിന്റെ രണ്ടാം ഉപാധിയാണ് (ശര്‍ത്) മാലിന്യങ്ങളില്‍നിന്നുള്ള ശുചീകരണം. നിസ്‌കരിക്കുന്നയാളുടെ ദേഹം, വസ്ത്രം, വഹിക്കുന്ന വസ്തുക്കള്‍, നിസ്‌കരിക്കുന്ന സ്ഥലം എന്നിവയെല്ലാം മാലിന്യ(നജസ്) മുക്തമായിരിക്കണം. മാലിന്യമുണ്ടെന്ന കാര്യം അറിയാതെയോ മറന്നുകൊണ്ടോ മാലിന്യത്തോടെ നിസ്‌കാരം സാധുവല്ല എന്നറിയാതെയോ നിസ്‌കരിച്ചാല്‍ അത് സാധുവാകുന്നതല്ല. നിസ്‌കരിക്കുന്ന സ്ഥലത്തിന് ചുറ്റിലുമുള്ള മാലിന്യങ്ങള്‍ നിസ്‌കാരത്തിന്റെ സാധുതയെ ബാധിക്കില്ല. എങ്കിലും അത്തരത്തില്‍ മാലിന്യമുണ്ടാകുന്നത് അഭിലഷണീയമല്ല. നജസ് എന്ന അറബി പദത്തെയാണ് മാലിന്യം എന്ന് മൊഴി മാറ്റിയിരിക്കുന്നത്. മ്ലേഛമായ വസ്തുക്കള്‍ക്കാണ് ഭാഷാപരമായി നജസ് എന്നു പറയുന്നത്. ഇളവ് ലഭിക്കാതിരിക്കുന്ന സാഹചര്യത്തില്‍ നിസ്‌കാരത്തിന്റെ സാധുതക്ക് വിഘാതം സൃഷ്ടിക്കുന്ന വസ്തുക്കളാണ് സാങ്കേതികമായി നജസ് എന്ന് പറയുന്നതിലൂടെ ഉദ്ദേശിക്കുന്നത്. മദ്യം, നായ, പന്നി, ശവം, മലം, മൂത്രം, മദ്്യ്, വദ്്യ്, രക്തം, ചലം, ഛര്‍ദിച്ചത്, വിഷവസ്തുക്കള്‍ എന്നിവയാണ് പൊതുവില്‍ മലിന വസ്തുക്കളായി കണക്കാക്കുന്നത്.
മദ്യം: ദ്രവരൂപത്തിലുള്ള ലഹരി വസ്തുക്കളെല്ലാം മലിനമാണ്. അവയില്‍നിന്ന് അല്പം ദേഹത്തോ വസ്ത്രത്തിലോ നിസ്‌കരിക്കുന്ന സ്ഥലത്തോ വീണാല്‍ ശുദ്ധിയാക്കുന്നത് വരെ നിസ്‌കാരം സാധുവാകുന്നതല്ല. മുന്തിരി, ഈത്തപ്പഴം, തെങ്ങ്, പന തുടങ്ങി എല്ലാതരം വസ്തുക്കളില്‍നിന്നുള്ള മദ്യവും മലിനമാണ്. മദ്യം ചേര്‍ത്ത് നിര്‍മിച്ച വസ്തുക്കളും മലിനമാണ്. മദ്യം മറ്റു വസ്തുക്കളൊന്നും ചേര്‍ക്കാതെ സ്വയം വിനാഗിരിയായിത്തീര്‍ന്നാല്‍ ശുദ്ധിയാവുന്നതാണ്. കറുപ്പ്, അവീന്‍, കഞ്ചാവ്, ക്ലോറോഫോം തുടങ്ങിയ ഖര വസ്തുക്കള്‍ മലിനമല്ല. എന്നാല്‍ അവയുടെ ഉപയോഗം തെറ്റാണ്.
നായ, പന്നി: നായ, പന്നികളും അവയില്‍നിന്നുണ്ടായ ജീവികളും മലിനമാണ്. ഏറ്റവും കടുപ്പമുള്ള മാലിന്യമായാണ് ഇസ്ലാമിക കര്‍മശാസ്ത്രം നായ, പന്നികളെയും അവയില്‍നിന്നുണ്ടായ ജീവികളെയും കാണുന്നത്. അവയുടെ വിസര്‍ജ്യങ്ങള്‍, രക്തം, രോമം തുടങ്ങിയവയും ഇതുപോലെ മാലിന്യങ്ങളാണ്. നനവോടുകൂടി അത്തരം വസ്തുക്കള്‍ സ്പര്‍ശിച്ചാല്‍ ഏഴുതവണ കഴുകി വൃത്തിയാക്കേണ്ടതാണ്. അതിലൊരുതവണ ശുദ്ധമായ മണ്ണ് ചേര്‍ത്ത വെള്ളം കൊണ്ടാണ് കഴുകേണ്ടത്. മാലിന്യങ്ങള്‍ നീക്കം ചെയ്ത ശേഷമാണ് ഇങ്ങനെ ഏഴുതവണ കഴുകേണ്ടത്. ആദ്യം മണ്ണ് ചേര്‍ത്ത് വെള്ളം കൊണ്ട് കഴുകിയശേഷം ശുദ്ധവെള്ളം കൊണ്ട് ആറു തവണ കഴുകുന്നതാണ് ഉചിതം. മണ്ണ് കലക്കിയ വെള്ളം കൊണ്ട് കഴുകിയ ശേഷം ധാരാളം ജലം കെട്ടി നില്‍ക്കുന്ന തടാകത്തിലോ മറ്റോ ആറുതവണ മുക്കിയെടുത്തും, വെള്ളം കുത്തിയൊലിച്ചുപോകുന്ന സ്ഥലത്ത് ഏഴുതവണ വെച്ചുകൊണ്ടും ശുദ്ധിയാക്കാം. മണ്ണിലാണ് അത്തരം മാലിന്യങ്ങള്‍ പുരണ്ടതെങ്കില്‍ മണ്ണു കലര്‍ത്തി കഴുകേണ്ടതില്ല. മാലിന്യം നീക്കിയ ശേഷം ഏഴു തവണ വെള്ളം ഒഴിച്ചാല്‍ മതി.
ശവം: മനുഷ്യന്‍, മത്സ്യം, വെട്ടുകിളി, അറവ് നടത്താന്‍ സാധിക്കുന്നതിനുമുമ്പ് ജീവന്‍ നഷ്ടപ്പെട്ട വേട്ടമൃഗം, മാതാവിനെ കശാപ്പ് നടത്തിയത് കാരണം ജീവന്‍ നഷ്ടമായ ഗര്‍ഭസ്ഥ ശിശു എന്നിവയുടേതല്ലാത്ത എല്ലാ ശവങ്ങളും മലിനമാണ്. ഈച്ച പോലുള്ള ഒലിക്കുന്ന രക്തമില്ലാത്ത ജീവികളുടെ ശവം, ശവത്തിന്റെ രോമം, എല്ല്, കൊമ്പ് എന്നിവയെല്ലാം മലിനമാണ്. ഈച്ചയുടെ ശല്യം രൂക്ഷമായ ഒരുഘട്ടത്തില്‍ അവയുടെ ശവം ശരീരത്തില്‍ വീഴുന്നത് ശ്രദ്ധിക്കാന്‍ പ്രയാസം വന്നുവെങ്കില്‍ അത്തരം ഘട്ടങ്ങളില്‍/ സ്ഥലങ്ങളില്‍ ഈച്ചയുടെ ശവം വഹിക്കാനിടവന്നാല്‍/ വഹിച്ച് നിസ്‌കരിച്ചാല്‍ ഇളവ് ലഭിക്കുമെന്ന് ഇബ്‌നുഹജര്‍ അല്‍ അസ്ഖലാനി(റ) ഫത്്വ നല്‍കിയിട്ടുണ്ട്. അതില്‍ ഭക്ഷ്യയോഗ്യമായ ജീവിയില്‍നിന്ന് ജീവനുള്ള സമയത്ത് വേര്‍പെട്ട രോമം, തൂവല്‍ എന്നിവയും അറവ് നടത്തിയ ശേഷം വേര്‍പെട്ടവയും ശുദ്ധമാണ്. ചത്ത ജീവികളുടെ രോമം, തൂവല്‍ എന്നിവ മലിനമാണ്. ഭക്ഷ്യയോഗ്യമല്ലാത്ത ജീവികളുടെ ശരീരത്തില്‍നിന്ന് അവയുടെ ജീവിതകാലത്ത് വേര്‍പെട്ടുപോന്ന തൂവല്‍, രോമം എന്നിവ മലിനമാണ്. നായ, പന്നി, അവയില്‍നിന്നുണ്ടായ ജീവികള്‍ എന്നിവയല്ലാത്ത മറ്റു ജീവികളുടെ ശവത്തിന്റെ തോല്‍ ഊറക്കിട്ട് വൃത്തിയാക്കാവുന്നതാണ്. അത്തരത്തില്‍ ഊറക്കിട്ട വസ്തുക്കള്‍ മാലിന്യം പുരണ്ട വസ്തു(മുതനജ്ജിസ്) പോലെയാണ്. അതിനാല്‍ കഴുകിയ ശേഷമായിരിക്കണം ഉപയോഗിക്കുന്നത്. ശവം കരിച്ചാല്‍ ലഭിക്കുന്ന ചാരവും മലിനമാണ്. എന്നാല്‍ ശവത്തില്‍നിന്ന് ഉല്‍ഭവിക്കുന്ന പുഴു പോലുള്ള ജീവികള്‍ മലിനമല്ല.
മലം, മൂത്രം: ഭക്ഷ്യയോഗ്യമായതും, അല്ലാത്തതുമായ എല്ലാ ജീവികളുടെയും മലം, മൂത്രം എന്നിവ നജസാണ്. ഭക്ഷ്യയോഗ്യമായ ജീവികളുടെ കാഷ്ടവും മൂത്രവും മലിനമല്ല എന്ന വീക്ഷണം പ്രകടിപ്പിച്ച പണ്ഡിതന്മാരുണ്ട്. ഇമാം മാലിക്(റ), ഇമാം അഹ്മദ്(റ) എന്നിവര്‍ ഈ വീക്ഷണക്കാരാണ്. ശാഫിഈ പണ്ഡിതനായ ഇമാം റൂയാനി, ഇസ്തഖ്്രീ എന്നിവരും ഈ വീക്ഷണം പ്രകടിപ്പിച്ചിട്ടുണ്ട്. ജീവികള്‍ കാഷ്ടിക്കുകയോ ഛര്‍ദിക്കുകയോ ചെയ്ത വിത്ത്; കൃഷി ചെയ്താല്‍ മുളക്കും വിധം കടുപ്പമുള്ളതാണെങ്കില്‍ മുതനജ്ജിസ്(മാലിന്യം പുരണ്ടത്) ആയിട്ടാണ് ഗണിക്കുക. കഴുകി വൃത്തിയാക്കിയ ശേഷം അവ ഭക്ഷിക്കാം. കൃഷി ചെയ്താല്‍ മുളക്കാത്ത വിധം ജീര്‍ണിച്ചതാണെങ്കില്‍ അത് മാലിന്യമാണ്. വിത്ത് അല്ലാത്ത വസ്തുക്കള്‍ ചെറിയ തോതിലെങ്കിലും മാറ്റങ്ങള്‍ക്ക് വിധേയമായാല്‍ അവ മലിനമാവുന്നതാണ്. യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല എങ്കില്‍ മാലിന്യം പുരണ്ടത്(മുതനജ്ജിസ്) ആയിട്ടാണ് ഗണിക്കുക. രണ്ടു വയസ്സ് തികഞ്ഞിട്ടില്ലാത്ത, പാലല്ലാതെ മറ്റൊന്നും ഭക്ഷണമായി കഴിച്ചിട്ടില്ലാത്ത ആണ്‍കുട്ടികളുടെ മൂത്രം പുരണ്ട് മലിനമായ വസ്തുവിന് മീതെ വെള്ളം തെറിപ്പിച്ചാല്‍ ശുദ്ധിയാകുന്നതാണ്. മൂത്രത്തെക്കാള്‍ കൂടുതല്‍ വെള്ളം വേണമെന്ന് മാത്രം. മധുരം തൊട്ടുകൊടുക്കുക, പാലല്ലാത്ത വസ്തുക്കള്‍ ഔഷധമായോ തബര്‍റുകിന് വേണ്ടിയോ നല്‍കുക എന്നിവകൊണ്ട് ഈയൊരു ഇളവ് ലഭിക്കാതിരിക്കുകയില്ല. മാതാവല്ലാത്ത മറ്റു സ്ത്രീകള്‍, ജീവികള്‍ എന്നിവയുടെ പാല്‍ കഴിക്കുന്നതുകൊണ്ടും ഇളവ് ഇല്ലാതെയാകില്ല. ഈച്ചയുടെ ശരീരത്തിലുണ്ടാകുന്ന മാലിന്യങ്ങള്‍, ചിത്രശലഭങ്ങള്‍, കടന്നലുകള്‍, കടവാതിലുകള്‍ എന്നിവയുടെ കാഷ്ടം, മൂത്രം എന്നിവക്കും നിസ്‌കാരത്തില്‍ ഇളവ് ലഭിക്കുന്നതാണ്. പക്ഷികളുടെ ശല്യം രൂക്ഷമായിടങ്ങളില്‍ നിസ്‌കരിക്കുന്ന സ്ഥലത്ത് ഉണങ്ങിയ പക്ഷിക്കാഷ്ടത്തിന് ഇളവ് ലഭിക്കും. വസ്ത്രത്തിലും ദേഹത്തും ഇളവ് ലഭിക്കുകയില്ല.
മദ്്യ്, വദ്്യ്: ലൈംഗിക ഉത്തേജനമുണ്ടായി രതിമൂര്‍ഛയിലെത്തുന്നതിന് മുമ്പായി ജനനേന്ദ്രിയത്തിലൂടെ പുറത്തേക്ക് വരുന്ന കൊഴുപ്പുള്ള നേര്‍ത്ത ദ്രാവകമാണ് മദ്്യ്. വെള്ള നിറത്തിലും, മഞ്ഞ നിറത്തിലും ഇത് കാണാറുണ്ട്. അല്പം കലര്‍പോടുകൂടിയ കട്ടിയുള്ള മറ്റൊരു വെളുത്ത ദ്രാവകമാണ് വദ്്യ്. സാധാരണയായി മൂത്രമൊഴിച്ച ഉടനെയോ ഭാരം ചുമക്കുന്ന ഘട്ടത്തിലോ ആണ് ഇത് പുറപ്പെടാറുള്ളത്. മദ്്യും വദ്്യും മലിന വസ്തുക്കളാണ്(നജസ്). ശരീരത്തിലോ വസ്ത്രത്തിലോ ഇവയായാല്‍ കഴുകി വൃത്തിയാക്കേണ്ടതുണ്ട്. കുളിക്കേണ്ടതില്ല. അലി(റ) പറഞ്ഞു: ഞാന്‍ മദ്്യ് കൂടുതലുള്ള ആളായിരുന്നു. ഭാര്യാപിതാവായതുകൊണ്ട് അതേകുറിച്ച് റസൂലിനോട് ചോദിക്കാന്‍ എനിക്ക് ലജ്ജതോന്നി. അതേക്കുറിച്ച് ചോദിക്കാന്‍ മിഖ്ദാദിനെ(റ) ഏല്പിച്ചു. അദ്ദേഹം അതേക്കുറിച്ച് തിരുനബിയോട് ചോദിച്ചപ്പോള്‍ ലിംഗം കഴുകാനും വുളൂ ചെയ്യാനുമാണ് തിരുനബി നിര്‍ദേശിച്ചത്(ബുഖാരി, മുസ്ലിം). ശുദ്ധമായ ജീവികളുടെ ബീജം, ഗര്‍ഭാഷയത്തില്‍നിന്ന് പുറത്തുവരുന്ന രക്തപിണ്ഡം, മാംസപിണ്ഡം എന്നിവ ശുദ്ധവും മലിനജീവികളുടേതാണെങ്കില്‍ മലിനവുമാണ്. മനുഷ്യന്‍, ഭക്ഷ്യയോഗ്യമായ ജീവികള്‍ എന്നിവയുടെ സ്തന്യം ശുദ്ധവും മറ്റുള്ളവയുടേത് മാലിന്യവുമാണ്. എല്ലാത്തരം ജീവികളുടെയും മുട്ട ശുദ്ധിയുള്ളതാണ്. എന്നാല്‍ ആരോഗ്യത്തിന് ഹാനികരമാകുന്നവ ഭക്ഷിക്കല്‍ അനുവദനീയമല്ല.
ഇസ്ഹാഖ് അഹ്‌സനി
You must be logged in to post a comment Login