ഞാന്‍ അഭയാര്‍ഥി
നിന്റെ മുഖ്യാതിഥി
ഇനി മറ്റൊരാതിഥ്യമെന്തിന്?’
‘സുറയ്യ !
വെറുക്കപ്പെട്ടവള്‍,
ക്ഷണിക്കപ്പെടാതെത്തിയ
വിരുന്നുകാരി.
എന്നെ സ്വീകരിക്കുക
തമ്പുരാനേ!’
കവയിത്രി സുറയ്യയുടെ (മാധവിക്കുട്ടി) ഈ കവിതാ ശകലങ്ങള്‍ വായിച്ചപ്പോള്‍ മനസ്സിനെ തൊട്ടുണര്‍ത്തിയത് ‘അല്ലാഹു വിളിക്കുന്നു നിത്യശാന്തിയുടെ ഭവനത്തിലേക്ക്.'(യൂനുസ് 25) എന്ന ഖുര്‍ആന്‍ വചനമായിരുന്നു. അതെ, അല്ലാഹു വിരുന്നിനു വിളിക്കുന്നുണ്ട്!
സമാധാനത്തിന്റെ പറുദീസകളിലേക്ക്, താഴ്ഭാഗത്തു കൂടെ അരുവികള്‍ ഒഴുകുന്ന ആരാമങ്ങളിലേക്ക്… നമ്മുടെ വേരുകള്‍ തുടങ്ങിയിടത്തേക്ക്…
അനശ്വരമായ നിത്യശാന്തിയുടെ ഭവനത്തിലേക്ക്. ഈ വിരുന്നു വിളിയാണ് ‘ദഅ്വത്തുല്ലാഹി’ അഥവാ അല്ലാഹുവിന്റെ പ്രബോധനം. അവന്റെ വിശിഷ്ടമായ ചര്യയാണിത്. മഹാനുഗ്രഹവും. ബധിരന് കേള്‍വി സമ്മാനിക്കുന്നതായിരുന്നു ആ വിളി. എന്തിന് ജീവിക്കുന്നു? എങ്ങനെ ജീവിക്കണം? എന്നീ ധൈഷണിക സമസ്യകളുടെ പരിഹാരവും. ആത്മാ\ക്കളുടെ ലോകത്തു വെച്ച് അല്ലാഹു സര്‍വ സൃഷ്ടികളോടും ചോദിച്ചു: ‘അലസ്തുബിറബ്ബിക്കും'( ഞാനല്ലയോ നിങ്ങളുടെ പരിപാലകന്‍ ) എല്ലാവരും ഉത്തരം നല്‍കി: ‘ബലാ വ ശഹിദ്‌നാ ‘ (അതെ നീ തന്നെ, ഞങ്ങള്‍ അതിനു സാക്ഷ്യം വഹിച്ചിരിക്കുന്നു) ഇതായിരുന്നുവത്രെ ആദ്യ ദൈവവിളിയും ഉത്തരവും (ദഅ്വതും ഇജാബത്തും). ദഅ്വത് എന്നത് ഒരു നാനാര്‍ഥ പദമാണല്ലോ( homonymous word) ചോദ്യം, അര്‍ഥന, പ്രബോധനം, വിളി തുടങ്ങിയ അര്‍ഥങ്ങളെ അതു പ്രകാശിപ്പിക്കുന്നതു കൊണ്ടു തന്നെ ‘അലസ്തു ബി റബ്ബിക്കും ‘ എന്നതിലെ അല്ലാഹുവിന്റെ ചോദ്യത്തെ ആദ്യ ദഅ്വതായി കാണേണ്ടിയിരിക്കുന്നു. ആ മഹാ പ്രബോധനത്തിന് ഏകസ്വരത്തില്‍ എല്ലാവരും നല്‍കിയ ഉത്തരത്തില്‍ അംഗീകാരം, വിധേയത്വം, വിശ്വാസം എന്നീ വികാരങ്ങളാണ് തുളുമ്പുന്നത്. തന്റെ ആത്മാവിനുയിരേകിയവന്‍ തന്നെയാണ് തന്നെ പരിപാലിക്കാന്‍ ഏറ്റവും അര്‍ഹന്‍, അവന്റെ പരിപാലനത്തിലാണ് താന്‍ ഏറ്റവും സന്തുഷ്ടന്‍ തുടങ്ങിയ ധ്വനികളതിലടങ്ങിയിട്ടുണ്ടെന്നു സാരം. കവി പാടിയതുപോലെ
‘യാ അല്ലാഹ്!
നിന്‍ പാലനത്തില്‍ ഞാന്‍ സുരക്ഷിതന്‍
ചിപ്പിയില്‍ പൊതിഞ്ഞ മുത്തു പോലെ. ‘
‘അലസ്തു ‘വിലെ ചോദ്യത്തിലടങ്ങിയ കരുണാമയമായ പരിപാലനത്തിന്റെയും പ്രബോധനത്തിന്റെയും തുടര്‍ച്ചയും മുന്നോട്ടുള്ള പ്രയാണവുമാണ് അവിടുന്നിങ്ങോട്ടുള്ള ചരിത്ര ചിത്രങ്ങളില്‍ പതിഞ്ഞതും പതിഞ്ഞു കൊണ്ടിരിക്കുന്നതുമായ പരിണാമങ്ങള്‍. ആദം നബി(അ) മുതല്‍ ലോകാവസാനം വരെ തുടര്‍ന്നുകൊണ്ടിരിക്കുന്നുണ്ട് ഈ വിശിഷ്ടമായ ചര്യ. ഉദ്ധൃത സൂക്തത്തിലെ ഭാവികാല ക്രിയ (യദ്ഊ – അവന്‍ വിളിക്കുന്നു) അതിന്റെ അനുസ്യൂതമായ തുടര്‍ച്ചയെയാണ് (തജദ്ദുദ് ഹുദൂസ്) ദ്യോതിപ്പിക്കുന്നത്. ഈ ചര്യയുടെ നടപ്പാക്കലിനായി പ്രവാചകരും ഔലിയാക്കളും ക്ഷണിതാക്കളായി നിയോഗിക്കപ്പെട്ടു. ഓരോ ദേശങ്ങളിലും നിശ്ചിത കാലയളവിലായി നിയോഗിക്കപ്പെട്ട് ഓരോരുത്തരും ക്ഷണിച്ചു: ‘നിങ്ങളെ വിരുന്നിനു വിളിച്ച നിങ്ങളുടെ ദൈവം ഏകനാണ്. ഞങ്ങള്‍ അവന്റെ ദൂതന്മാരാണ്. ഞങ്ങളുടെ ബാധ്യത നിങ്ങളെ ക്ഷണിക്കല്‍ മാത്രം. നിങ്ങളുടെ ജീവിതം ഇതോടെയവസാനിക്കുന്നില്ല. പുനരുഥാനവും പരലോകവും സത്യവും ദൈവ വാഗ്ദാനവുമാണ്. ഒരിക്കലും മരിക്കാത്ത അനശ്വരതയുടെ ആരാമങ്ങളത്രെ നിങ്ങള്‍ക്കവന്‍ പരലോകത്ത് ഒരുക്കിയത്. ‘ അവര്‍ ദൈവവിളിയോതിക്കേള്‍പ്പിച്ചു. എല്ലാവരെയും വിളിച്ചുണര്‍ത്തി. വിരുന്നിനൊരുങ്ങാന്‍ മുന്നറിയിപ്പ് നല്‍കി. ക്ഷണിതാവിനെ വിശ്വസിക്കാന്‍ കൂട്ടാക്കാത്തവര്‍ക്കും തെളിവു ചോദിച്ചവര്‍ക്കും മുന്നില്‍ സാലിഹ് നബിയുടെ (അ)ഒട്ടകവും മൂസാ നബിയുടെ (അ) കൈയ്യും വടിയും പിന്നെ കടലും കരയും തുടങ്ങി പ്രകൃതി മുഴുവനും സാക്ഷിയായി. ആവശ്യമായവര്‍ക്ക് അല്ലാഹു വേദ ഗ്രന്ഥങ്ങളും ഏടുകളും ക്ഷണപത്രമായി അവതരിപ്പിച്ചു. എല്ലാവരേയും വിളിക്കുവാനായിരുന്നു അല്ലാഹുവിന്റെ കല്‍പ്പന. അതു കൊണ്ടാണ് ഉപരി സൂചിത സൂക്തത്തില്‍( അല്ലാഹുവിളിക്കുന്നു നിത്യശാന്തിയുടെ ഭവനത്തിലേക്ക്) ആരെ വിളിക്കുന്നുവെന്ന് പറയാതിരുന്നത്. എല്ലാവരെയുമാണ് വിളിക്കുന്നത്. വര്‍ഗ വര്‍ണ ദേശ ഭാഷ വൈവിധ്യങ്ങള്‍ക്കും വൈജാത്യങ്ങള്‍ക്കും അതീതമായി സര്‍വരെയും വിരുന്നിനു വിളിക്കുകയാണ് അല്ലാഹു. അതിന് ഒരുങ്ങിപ്പോകലാണ് മനുഷ്യന്റെ ദൗത്യം. ഇങ്ങനെ അവര്‍ പ്രബോധനമെന്ന ദൈവിക ചര്യയില്‍ അവരുടെ ഊഴം നിര്‍വഹിച്ചു. അവര്‍ ജനതയുടെ ജീവിതത്തിന് അര്‍ഥവും സൗന്ദര്യവുമേകി. സ്വപ്നങ്ങള്‍ക്ക് ചിറകുകളും നല്‍കി. കണ്ണും കാതും ഉള്ളും പുറവുമെല്ലാം തുറപ്പിച്ചു. പക്ഷേ, അധികപേരും ആ ക്ഷണം സ്വീകരിച്ചില്ല. മാത്രമല്ല വിരുന്നു വിളിക്കാന്‍ വന്ന പ്രവാചകരെ ആക്രമിച്ചു. കൊല്ലാന്‍ വരെ പദ്ധതിയിടുകയും ചിലരെ വകവരുത്തുകയും ചെയ്തു. തന്റെ ദൂതരെ അവമാനിച്ചവരെ അല്ലാഹു നശിപ്പിച്ചു. വിരുന്നു പോകുന്നതിന് പകരം ധിക്കാരവും അഹങ്കാരവും കാട്ടിയതിന്റെ തിക്ത ഫലമവര്‍ അറിഞ്ഞു. കഷ്ടം! ഇനിയവര്‍ക്കാ വിരുന്നുവേള സ്വപ്നം കാണാന്‍ പോലും പറ്റില്ല. ബൈബിളിലെ മത്തായിയുടെ സുവിശേഷത്തിലെ വിവാഹ വിരുന്നിന്റെ ഉപമയാണിപ്പോള്‍ ഓര്‍മ വരുന്നത്.
‘യേശു വീണ്ടും ഉപമകള്‍ വഴി അവരോടു സംസാരിച്ചു. സ്വര്‍ഗരാജ്യം തന്റെ പുത്രനു വേണ്ടി വിവാഹവിരുന്നൊരുക്കിയ രാജാവിനു സദൃശം. വിവാഹ വിരുന്നിനു ക്ഷണിക്കപ്പെട്ടവരെ വിളിക്കാന്‍ അവന്‍ ഭൃത്യന്മാരെ അയച്ചു; എന്നാല്‍, വരാന്‍ അവര്‍ വിസമ്മതിച്ചു. വീണ്ടും അവര്‍ വേറെ ഭൃത്യന്മാരെ അയച്ചു കൊണ്ടു പറഞ്ഞു: ഇതാ, വിരുന്നു സജ്ജമായിരിക്കുന്നു. എന്റെ കാളകളെയും കൊഴുത്ത മൃഗങ്ങളെയും കൊന്ന് എല്ലാം തയാറാക്കിക്കഴിഞ്ഞു; വിവാഹവിരുന്നിനു വരിക, എന്നു ക്ഷണിക്കപ്പെട്ടവരോടു ചെന്നു പറയുവീന്‍. എന്നാല്‍, ക്ഷണിക്കപ്പെട്ടവര്‍ അതു വകവെക്കാതെ ഒരുവന്‍ വയലിലേക്കും വേറൊരുവന്‍ വ്യാപാരത്തിനും പൊയ്ക്കളഞ്ഞു. മറ്റുള്ളവര്‍ ആ ഭൃത്യന്മാരെ പിടികൂടി അവരെ അപമാനിക്കുകയും വധിക്കുകയും ചെയ്തു. രാജാവ് ക്രുദ്ധനായി, സൈന്യത്തെ അയച്ച് ആ കൊലപാതകികളെ നശിപ്പിച്ചു; അവരുടെ നഗരം അഗ്‌നിക്കിരയാക്കി. അനന്തരം, അവന്‍ ഭൃത്യന്മാരോടു പറഞ്ഞു: വിവാഹ വിരുന്നു തയാറാക്കിയിരിക്കുന്നു; എന്നാല്‍ ക്ഷണിക്കപ്പെട്ടവര്‍ അയോഗ്യരായിരുന്നു. അതിനാല്‍, നിങ്ങള്‍ വഴിക്കവലകളില്‍ ചെന്ന് അവിടെ കണ്ടെത്തുന്നവരെയെല്ലാം വിവാഹവിരുന്നിനു ക്ഷണിക്കുവീന്‍. ആ ഭൃത്യന്മാര്‍ നിരത്തുകളില്‍ ചെന്ന് ദുഷ്ടരും ശിഷ്ടരും ഉള്‍പ്പെടെ കണ്ടെത്തിയവരെയെല്ലാം വിളിച്ചു കൂട്ടി. അങ്ങനെ വിരുന്നു ശാല അതിഥികളെക്കൊണ്ട് നിറഞ്ഞു. അതിഥികളെക്കാണാന്‍ രാജാവ് എഴുന്നള്ളിയപ്പോള്‍ വിവാഹ വസ്ത്രം ധരിക്കാത്ത ഒരാളെ അവിടെ കണ്ടു. രാജാവ് അവനോട് ചോദിച്ചു: സ്‌നേഹിതാ, വിവാഹ വസ്ത്രം ധരിക്കാതെ നീ ഇവിടെ പ്രവേശിച്ചതെങ്ങനെ? അവന്‍ മൗനം അവലംബിച്ചു. അപ്പോള്‍ രാജാവ് പരിചാരകന്മാരോടു പറഞ്ഞു: അവനെ കൈകാലുകള്‍ കെട്ടി പുറത്തെ അന്ധകാരത്തിലേക്ക് വലിച്ചെറിയുക; അവിടെ വിലാപവും പല്ലുകടിയുമായിരിക്കും. എന്തെന്നാല്‍, വിളിക്കപ്പെട്ടവര്‍ വളരെ; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം'(മത്തായി – 22:1-14 ).
ഈ ഉപമ ദഅ്വതിന്റെ പ്രതീകമാണ്. ഈ കഥയിലെ രാജാവ് അല്ലാഹുവാണ്. ഭൃത്യന്മാര്‍ പ്രവാചകന്മാരും അവരെ അവമാനിച്ചവര്‍ ധിക്കാരികളും വിവാഹ വസ്ത്രം വിശ്വാസമാണ്. അതു ധരിക്കാതെ വിരുന്നിനു വന്നവന്‍ അവിശ്വാസിയും അവരില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ എന്നു സൂചിപ്പിച്ചവര്‍ വിശ്വാസികളുമാണ്. യേശു തന്റെ ജനതക്കു നല്‍കിയ ഈ ഉപമയില്‍ പ്രബോധനത്തോടും ദൈവവിളിയോടും എങ്ങനെയാണ് മുന്‍ കാല സമൂഹം പ്രതികരിച്ചതിന്റെ നേര്‍ക്കാഴ്ചയുടെ ചിത്രീകരണമാണ്. പ്രവാചകന്‍ ഈസാ(അ) യോടുകൂടെ ദേശ കാല ദ്വന്ദങ്ങള്‍ക്കുള്ളിലെ പ്രബോധനം അവസാനിച്ചു. സമാപ്തികനായ തിരുനബിയുടെ(സ) ആഗമനത്തോടെ ദഅവത്ത് കാലദേശങ്ങള്‍ക്കതീതമായി. ലോകാവസാനം വരെയുള്ള പ്രബോധന ദൗത്യത്തിന് തിരുനബി (സ) നേതൃത്വം നല്‍കി. അല്ലാഹു വിളിക്കുന്നുവെന്ന് ഉണര്‍ത്തി. പ്രവാചകരെ, ജനങ്ങളെ, വിശ്വസിച്ചവരെ, എന്റെ അടിമകളെ, ആദം സന്തതികളെ തുടങ്ങിയ ഖുര്‍ആനിക സംബോധനകളിലൂടെ ആ വിളി ലോകത്ത് മുഴങ്ങിക്കേട്ടു.
ഖുര്‍ആന്‍ അല്ലാഹുവിന്റെ വിരുന്നിനൊരുങ്ങാന്‍ പഠിപ്പിച്ചു. ബൈബിളിലെ ഉപമയില്‍ പറഞ്ഞ വിളിക്കപ്പെട്ടവരില്‍ തിരഞ്ഞെടുക്കപ്പെട്ടവരാവാന്‍ വേണ്ടി വിശ്വാസികള്‍ മനസ്സുകൊണ്ടും ശരീരം കൊണ്ടും വിരുന്നിനൊരുങ്ങി പ്രതീക്ഷയോടെ കരങ്ങളുയര്‍ത്തി പ്രാര്‍ഥിക്കുന്നു: ‘ഞങ്ങളുടെ നാഥാ, സത്യവിശ്വാസത്തിലേക്കു വിളിക്കുന്ന ഒരു വിളിയാളന്‍, നിങ്ങളുടെ നാഥനില്‍ വിശ്വസിപ്പിന്‍’ എന്നു വിളിച്ചുകൊണ്ടിരിക്കുന്നത് കേട്ടു. ഞങ്ങള്‍ അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചു. തമ്പുരാനേ, അതിനാല്‍ നീ ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കേണമേ, ഞങ്ങളിലുള്ള തിന്മകള്‍ ദൂരീകരിക്കേണമേ, ഞങ്ങളെ നീ സജ്ജനങ്ങളോടൊപ്പം മരിപ്പിക്കേണമേ! നാഥാ, നിന്റെ ദൂതന്മാരിലൂടെ വാഗ്ദത്തം ചെയ്തിട്ടുള്ളതൊക്കെയും ഞങ്ങള്‍ക്കു നിവര്‍ത്തിച്ചു തരേണമേ, അന്ത്യനാളില്‍ ഞങ്ങളെ അപമാനത്തിലകപ്പെടുത്തരുതേ, നിശ്ചയം നീ വാഗ്ദത്തം ലംഘിക്കാത്തവനല്ലോ!(വി. ഖു: 2 :193, 194).
റഫറന്‍സ്
* വിശുദ്ധ ഖുര്‍ആന്‍
* ബൈബിള്‍
* വചനപ്പൊരുള്‍ – പ്രൊ. അഹ്മദ് കുട്ടി ശിവപുരം
* യാ അല്ലാഹ് സുറയ്യ (മാധവിക്കുട്ടി)
* മതം ഒരു ബൗദ്ധിക വായന -ഇ എം എ ആരിഫ് ബുഖാരി
മുഖ്താര്‍ റാസി
You must be logged in to post a comment Login