ലോകത്തെ ഏറ്റവും സംഘടിതമായ ജനാധിപത്യങ്ങളിലൊന്ന് അതിന്റെ പരമപ്രധാനമായ ജനവിഭാഗത്താല്‍ പരസ്യവിചാരണ ചെയ്യപ്പെട്ട നാളിലാണ് നമ്മള്‍ അമേരിക്കന്‍ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാന്‍ ഒരുങ്ങുന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ നാണംകെട്ട പടിയിറക്കവും അമേരിക്കന്‍ ജനാധിപത്യത്തിന്റെ നഗ്നതയും ജോ ബൈഡനെന്ന എഴുപത്തിയെട്ടുകാരന്‍ നല്‍കുന്ന ചില ശുഭസൂചനകളുമാണ് നമ്മുടെ സംവാദകേന്ദ്രം. പക്ഷേ, ആ സംവാദത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ തലസ്ഥാനത്തേക്ക് ഇരമ്പിയെത്തിയ അനേകം ട്രാക്ടറുകളുടെ മുഴക്കമുണ്ട്. കര്‍ഷകരാല്‍ വിചാരണ ചെയ്യപ്പെട്ട, ബദല്‍ പതാകകള്‍ പാറിപ്പിച്ച ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ചിത്രമുണ്ട്. അമേരിക്കന്‍ ജനാധിപത്യത്തെ അക്ഷരാര്‍ഥത്തില്‍ വിവസ്ത്രമാക്കിയാണ് തീവ്രവലതുപക്ഷത്തിന്റെ പ്രതിനിധിയായ ട്രംപ് അധികാരമൊഴിഞ്ഞത്. അമേരിക്കന്‍ ജനതയുടെ യാഥാര്‍ഥ്യങ്ങളിലേക്ക് തരിമ്പും കണ്ണോടിക്കാതെ വംശീയതയുടെ അടുക്കളയില്‍ പാകംചെയ്ത വിദ്വേഷത്തിന്റെ മസാലകള്‍ കൊണ്ട് ജനാധിപത്യത്തെ നിര്‍വീര്യമാക്കാമെന്ന ട്രംപിന്റെ പദ്ധതിയാണ് അമേരിക്കന്‍ ജനാധിപത്യം അതിന്റെ സഹജമായ പദ്ധതികള്‍ കൊണ്ട് പരാജയപ്പെടുത്തിയത്. അതേ വിദ്വേഷത്തിന്റെ, മസാലകള്‍ നിരത്തി നാട് വാഴാമെന്ന ഇന്ത്യന്‍ തീവ്രവലതുപക്ഷത്തിന്റെ മോഹങ്ങള്‍ക്ക് മേലെയാണ് എഴുപത്തിരണ്ടാം റിപ്പബ്ലിക് ദിനത്തില്‍, സ്വതന്ത്ര പരമാധികാര ഇന്ത്യയുടെ പിറന്നാള്‍ ദിനത്തില്‍, ഈ രാജ്യത്തിന്റെ നട്ടെല്ലെന്നും പതാക വാഹകരെന്നും രാഷ്ട്രശില്‍പികളാല്‍ വാഴ്ത്തപ്പെട്ട കര്‍ഷകര്‍ ട്രാക്ടര്‍ പായിച്ചത്. ജനാധിപത്യത്തില്‍ ഫാഷിസത്തിന് ഒരു മുറി ഉണ്ട് എന്നതുപോലെ ജനാധിപത്യത്തില്‍ ഫാഷിസത്തിന് കൊലക്കയറുമുണ്ട് എന്നര്‍ഥം.
ചരിത്രപരമായ അധികാരമേല്‍ക്കലായിരുന്നു ജോ ബൈഡന്റേത്. ബൈഡന്റെ വിജയം പ്രവചിക്കപ്പെട്ടിരുന്നു. അമേരിക്കന്‍ ഐക്യനാടുകളുടെ നാല്പത്തിയാറാമത്തെ പ്രസിഡന്റായി ബൈഡന്‍ അവരോധിതനാവുമെന്ന് ചിലരെങ്കിലും കണക്കുകൂട്ടിയിരുന്നു. പക്ഷേ, സുഗമവും അമേരിക്കന്‍ പാരമ്പര്യത്തിന് അനുസൃതവുമായ ഒരു അന്തസാര്‍ന്ന അധികാരകൈമാറ്റം മിക്കവാറും അസാധ്യമാണ് എന്ന സൂചനകള്‍ തിരഞ്ഞെടുപ്പ് കാലത്തേ അമേരിക്കയില്‍ ശക്തമായിരുന്നു. തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും ട്രംപ് നടത്തിയ ഇടപെടലുകള്‍ ആ തോന്നലുകളെ ബലപ്പെടുത്തി. ഇന്ത്യയിലുള്‍പ്പടെ വംശീയവാദികളായ തീവ്രവലതുപക്ഷത്തിന്റെ പ്രധാന ആയുധമായ പച്ചക്കള്ളവും കപടനാടകവുമായിരുന്നല്ലോ ട്രംപിന്റെ കൈമുതല്‍. ന്യൂയോര്‍ക്ക് ടൈംസ് ട്രംപിയന്‍ നുണകളുടെ മലവെള്ളപ്പാച്ചിലിനെ കണക്കുകള്‍ സഹിതം കൈയോടെ പിടികൂടിയത് ഓര്‍ക്കുക. അധികാരത്തിലിരുന്ന നാല് വര്‍ഷത്തിനിടെ 30529 കള്ളങ്ങളാണ് അയാള്‍ തട്ടിവിട്ടത്. അതായത് ദിവസേന 20 നുണകള്‍. തിരഞ്ഞെടുപ്പില്‍ ഉടനീളം ട്രംപ് ഇതേ നുണക്കളികള്‍ തുടര്‍ന്നു. എങ്കിലും ബൈഡന്‍ അതിനെ അതിജീവിച്ചു. ഘടനാപരമായി അധിനിവേശാഭിമുഖ്യമുള്ള, അമേരിക്കയില്‍ തീവ്രവംശീയതക്ക് പിണിയാളുകള്‍ ധാരാളമുള്ള ഒരിടത്ത് ട്രംപ് പരാജയപ്പെട്ടു എന്നത് അതിപ്രധാനമാണ്. കേവലം 51.3 ശതമാനം വോട്ടുകളാണ് ബൈഡന്‍ നേടിയുള്ളൂ എങ്കിലും ആ വോട്ടുകള്‍ ലോകത്തിന്റെ ഗതിയെ പുതുക്കി നിര്‍വചിച്ച ഒന്നായിരുന്നു.
അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഈ ശതമാനത്തിന് വലിയ പ്രാധാന്യമില്ല. ജനസമ്മതിയല്ല അവിടെ പ്രസിഡന്റിനെ നിര്‍ണയിക്കുന്നത്. ട്രംപ് ജയിച്ച തിരഞ്ഞെടുപ്പില്‍ ഹിലരിക്കായിരുന്നു ജനസമ്മതി. ഇലക്ട്രല്‍ കോളജില്‍ ലഭിക്കുന്ന വോട്ടുകളാണ് പ്രസിഡന്റിനെ അവരോധിക്കുന്നത്. ഇക്കുറി വോട്ട് ചെയ്തവരില്‍ മൂന്നില്‍ രണ്ട് വോട്ടര്‍മാരും വെളുത്ത വര്‍ഗക്കാരാണ്. അവരില്‍ 41 ശതമാനം പേര്‍ മാത്രമാണ് ബൈഡനെ പിന്തുണച്ചത്. വെള്ളക്കാരില്‍ ഭൂരിപക്ഷവും ട്രംപിനൊപ്പം നിന്നു. ബഹുഭൂരിപക്ഷം കറുത്തവര്‍ഗക്കാരുടെ പിന്തുണയിലാണ് ബൈഡന്‍ വിജയമുറപ്പിച്ചത്.പ്രാഥമിക ഘട്ടത്തില്‍ ബേണി സാന്‍ഡേഴ്സിനെ ബൈഡന്‍ തോല്‍പിച്ചതിന് പിന്നിലും കറുത്ത വര്‍ഗക്കാരുടെ പിന്തുണയുണ്ട്. ഇന്ത്യന്‍ മാതൃകയുള്ള കറുത്തവര്‍ഗക്കാരിയായ കമലാ ഹാരിസിനെ ഒപ്പം ചേര്‍ത്ത് ഉള്‍ക്കൊള്ളല്‍ ജനാധിപത്യത്തിന്റെ പ്രതിനിധിയാണ് താനെന്ന് വാഗ്ദാനം ചെയ്യാനും ബൈഡന് കഴിഞ്ഞു. അരിസോണയിലും ജോര്‍ജിയയിലും ഉള്‍പ്പടെ പരമ്പരാഗത റിപ്പബ്ലിക്കന്‍ ശക്തികേന്ദ്രങ്ങളില്‍ ബൈഡന്‍ നടത്തിയ കുതിപ്പിന് പിന്നില്‍ ഈ ഉള്‍ക്കൊള്ളല്‍ ജനാധിപത്യത്തിന് പങ്കുണ്ട്. കറുത്തവരാല്‍ തോല്‍പിക്കപ്പെട്ടതിലുള്ള ഹാലിളക്കം ട്രംപിന്റെ പിന്നീടുള്ള നിലപാടുകളില്‍ തെളിഞ്ഞുകണ്ടത് ഓര്‍ക്കുക. വര്‍ണവെറിയാണ് ബൈഡന്റെ വിജയം അംഗീകരിക്കാതിരിക്കാന്‍ ട്രംപിന് കാരണമായത് എന്ന് ചുരുക്കം.
ഇന്ത്യന്‍ ജനാധിപത്യത്തില്‍ വിഭജനാനന്തരം പിറവിയെടുക്കുകയും ബാബരിയനന്തരം തിടംവെക്കുകയും ചെയ്ത വംശീയ മുന്‍വിധി, വര്‍ണവെറിയുടെ രൂപത്തില്‍ അമേരിക്കന്‍ ജനാധിപത്യത്തില്‍ തുടക്കം മുതലേ ഉണ്ട്. ബൈഡന്റെ തിരഞ്ഞെടുപ്പ് അംഗീകരിക്കാനുള്ള നടപടിക്രമങ്ങള്‍ക്കിടെ അമേരിക്കന്‍ ജനാധിപത്യത്തിന്റെ അടയാളമായ ക്യാപിറ്റോളില്‍ ട്രംപന്‍മാര്‍ നടത്തിയ അക്രമണം ഈ വര്‍ണവെറിയില്‍ നിന്ന് ഉരുവം കൊണ്ടതാണ്. അമേരിക്കന്‍ ജനാധിപത്യത്തിന്റെ ആന്തരിക ദൗര്‍ബല്യത്തെയും അടിത്തട്ടിലെ വേരില്ലായ്മയെയും വെളിപ്പെടുത്തിയ ക്യാപിറ്റോള്‍ ആക്രമണം ഒട്ടും യാദൃച്ഛികമല്ല എന്നോര്‍ക്കണം. അത്തരം ഒരു അട്ടിമറിക്ക് സകല സാധ്യതയും അവശേഷിക്കുന്ന ഒന്നാണ് കൊട്ടിഘോഷിക്കപ്പെടുന്ന അമേരിക്കന്‍ ജനാധിപത്യം. അത് രൂപപ്പെട്ടത് ഇന്ത്യയിലേതുപോലെ ദേശീയ പ്രസ്ഥാനം പോലുള്ള സര്‍വരേയും ഉള്‍ക്കൊണ്ട ഒരു സമഗ്ര പദ്ധതിയില്‍ നിന്നല്ല. മറിച്ച് വര്‍ണവെറിയെ, വര്‍ണാക്രമണത്തെ ഉള്‍വഹിച്ചുകൊണ്ടാണ്. അടിമത്ത നിരോധനത്തിന് ശേഷമാണല്ലോ ഒരു ഇലക്ടറല്‍ ജനാധിപത്യം അമേരിക്കയില്‍ ഉണ്ടാവുന്നത്. 1870-ല്‍ പുരുഷന്‍മാര്‍ക്ക് വോട്ടവകാശം ലഭിക്കുന്നുണ്ട്. പക്ഷേ, പുരുഷന്‍മാര്‍ക്ക് ലഭിച്ച സാര്‍വത്രിക വോട്ടവകാശം കറുത്ത വര്‍ഗക്കാരായ പുരുഷന്‍മാര്‍ക്ക് പ്രയോഗിക്കാന്‍ സാധിച്ചിരുന്നില്ല. വോട്ട് ചെയ്യാന്‍ ശ്രമിച്ച കറുത്തവര്‍ കൊല്ലപ്പെട്ടു. 1965-ല്‍ മാത്രമാണ് കറുത്തവര്‍ക്ക് വോട്ട് ചെയ്യാന്‍ നിയമപരമായ സംരക്ഷണം ലഭിക്കുന്നത്; വോട്ടവകാശ നിയമത്തിലൂടെ. അത്തരമൊരു നിയമത്തിന് ചുക്കാന്‍ പിടിച്ച ലിന്റണ്‍ ജോണ്‍സണും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ഡമോക്രാറ്റുകളും വെളുത്ത വര്‍ഗക്കാരുടെ വര്‍ണവെറിക്ക് ക്രൂരമായി ഇരപ്പെട്ടു. റിപ്പബ്ലിക്കന്‍മാരായിരുന്നു എക്കാലത്തും അമേരിക്കന്‍ വര്‍ണവെറിയുടെ പ്രായോജകര്‍. വര്‍ണവെറി മുന്നില്‍ നിര്‍ത്തി റിപ്പബ്ലിക്കന്‍മാര്‍ വാണരുളിയ ഇടങ്ങളില്‍ കറുത്തവരെ കൂടെ നിര്‍ത്തി ഇക്കുറി ബൈഡന്‍ ജയിച്ചുകയറി.
അതോടെയാണ് റിപ്പബ്ലിക്കന്‍മാര്‍ക്ക് കലിയിളകിയതും ബൈഡനെതിരെ ഉറഞ്ഞുതുള്ളിയതും. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സമീപഭാവിയില്‍ നാം അഭിമുഖീകരിക്കാന്‍ പോകുന്ന ഒന്നാണ് ഇത്തരം വംശീയ ഉറഞ്ഞുതുള്ളല്‍ എന്നും കൂട്ടി വായിക്കുക. ഫെഡറലിസത്തിന്റെ ശക്തിയും അസാധാരണമാം വിധം കരുത്തുകാട്ടിയ ജുഡീഷ്യറിയും ഇല്ലായിരുന്നെങ്കില്‍ ബൈഡന്‍ അട്ടിമറിക്കപ്പെടുകയും ട്രംപിസം അമേരിക്ക വാഴുകയും ചെയ്യുമായിരുന്നു. ഫെഡറലിസം, നിഷ്പക്ഷ കോടതി എന്നീ വാക്കുകള്‍ ശ്രദ്ധിക്കേണ്ടതാണ്.
ബൈഡന്‍ അധികാരമേറ്റു. ജനാധിപത്യത്തെക്കുറിച്ചും അതിന്റെ മഹത്തായ ശക്തിയെക്കുറിച്ചും ഓര്‍മിപ്പിച്ചാണ് ബൈഡന്‍ സത്യപ്രതിജ്ഞാനന്തര പ്രഭാഷണം ആരംഭിച്ചത്. ജനാധിപത്യത്തിന്റെ വിജയദിവസമെന്നാണ് തന്റെ അധികാരാരോഹണത്തെ ബൈഡന്‍ വിശേഷിപ്പിച്ചത്. ജനാധിപത്യം പുനസ്ഥാപിക്കാനുള്ള നിമിത്തം എന്നാണ് സ്വയം വിശേഷിപ്പിച്ചത്. ജനാധിപത്യത്തിന്റെ ദൗര്‍ബല്യത്തെ ബൈഡന്‍ ഓര്‍മിപ്പിച്ചു.
”ജനാധിപത്യം എന്ന പ്രയോഗം എത്ര ദുര്‍ബലമാണെന്ന് നമ്മള്‍ മനസിലാക്കി. അതിവിശിഷ്ഠമായ ഈ ക്യാപിറ്റോളിന്റെ അടിത്തറ ഇളക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായി. സമാധാനപരമായ അധികാരക്കൈമാറ്റം അട്ടിമറിക്കപ്പെട്ടു. പക്ഷേ, നമുക്ക് അവിശ്രമം മുന്നോട്ട് പോകേണ്ടതുണ്ട്. നമുക്ക് തകര്‍ന്നുപോയവയെ പുനര്‍നിര്‍മിക്കേണ്ടതുണ്ട്. അമേരിക്കയുടെ ചരിത്രം പല വെല്ലുവിളികളെയും അഭിമുഖീകരിച്ചിട്ടുണ്ട്. ഓരോ നൂറ്റാണ്ടിലും വൈറസുകള്‍ നമ്മെ തേടിയെത്തി. ലോകയുദ്ധത്തില്‍ മരിച്ചവരെക്കാള്‍ കൂടുതല്‍ പേരെ വൈറസ് കൊലപ്പെടുത്തി. തൊഴില്‍ രാഹിത്യം പടര്‍ന്നു. കച്ചവടസ്ഥാപനങ്ങള്‍ ഇല്ലാതായി. വംശപരമായ സമത്വത്തിനായി ഇന്നും മുറവിളികള്‍ ഉയരുന്നു. പക്ഷേ, തുല്യ നീതിക്കുവേണ്ടി നമുക്ക് അധികകാലം കാത്തിരിക്കേണ്ടി വരില്ല. തീവ്രവാദവും വെള്ളക്കാരുടെ അധീശത്വവാദവും നാം തുടച്ചുമാറ്റും. ഞാന്‍ അമേരിക്കയെ പുനസൃഷ്ടിക്കാന്‍ സ്വയമര്‍പ്പിക്കുകയാണ്. നമുക്ക് സര്‍വതോന്‍മുഖമായ ഐക്യത്തിലൂടെ നേട്ടമുണ്ടാക്കാം. തൊഴിലുകള്‍ സംസ്ഥാപിക്കപ്പെടണം. വിദ്യാലയങ്ങള്‍ സുരക്ഷിതമാകണം. വൈറസ് തുടച്ചുനീക്കപ്പെടണം. വംശീയ തുല്യത ഉറപ്പാക്കണം. സര്‍വോപരി അമേരിക്കയുടെ അന്തസ്സ് വീണ്ടെടുക്കണം. അമേരിക്ക ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കണം. ക്യാപിറ്റോളിന് മുന്നില്‍ നടന്ന വെറുപ്പിന്റെയും വംശീയതയുടെയും പ്രകടനം അമേരിക്കയെ അതീവമായി വിഭജിച്ചിരിക്കുന്നു. ഒന്നിച്ചുനിന്നാല്‍ നമ്മള്‍ പരാജയപ്പെടില്ല.” അമേരിക്കയുടെ നഷ്ടപ്പെട്ട അന്തസ്സ് എന്ന കേന്ദ്രത്തില്‍ ഊന്നിയുള്ള ബൈഡന്റെ പ്രഭാഷണം ഏതാണ്ടിങ്ങനെ ആയിരുന്നു.
എന്തുകൊണ്ട് അമേരിക്കന്‍ തിരഞ്ഞെടുപ്പും അവിടത്തെ ഭരണമാറ്റവും ലോകരാഷ്ട്രങ്ങളെ സംബന്ധിച്ച് പ്രധാനപ്പെട്ടതാവുന്നു എന്നതിന് വിശദീകരണം ആവശ്യമില്ല. ഒരു രാഷ്ട്രം എന്നതിനെക്കാള്‍ അധിനിവേശത്തിന്റെ പ്രത്യയശാസ്ത്രമായാണ് അമേരിക്ക ഇന്ന് മനസിലാക്കപ്പെടേണ്ടത്. മറ്റ് സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളുടെ ഭരണാശയത്തെ അമേരിക്ക നിര്‍മിക്കുന്നു, നിലനിര്‍ത്തുന്നു. സമാധാനമാണ് ആധുനിക രാഷ്ട്രങ്ങളുടെ ആദ്യ വികസന സ്രോതസ്സ്. ആ സമാധാനം ആഭ്യന്തരമാകാം ഇതര രാഷ്ട്രങ്ങളുമായി ബന്ധപ്പെട്ടാകാം, പക്ഷേ, സമാധാനം എന്ന ആ വലിയ വിഭവ സ്രോതസ്സിനെ പതിറ്റാണ്ടുകളായി നിര്‍ണയിക്കുന്നത് അമേരിക്കന്‍ താല്‍പര്യങ്ങളാണ്. ചൈന-ഇന്ത്യ തര്‍ക്കമായാലും ഇന്ത്യ-പാക് പ്രശ്നങ്ങളായാലും അടിത്തട്ടില്‍ അവയിലൊക്കെ ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ പ്രവര്‍ത്തിക്കും. അതിനാല്‍ തന്നെ അമേരിക്കന്‍ ഭരണമാറ്റം എന്നത് അമേരിക്കയിതര രാജ്യങ്ങളെ സംബന്ധിച്ച് ആഭ്യന്തര പ്രാധാന്യമുള്ള ഒന്നാണ്. ട്രംപിന്റെ പടിയിറക്കവും ബൈഡന്റെ വരവും ഇതര രാഷ്ട്രങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കും എന്നുള്ള പര്യാലോചനകളുടെ കാരണവും അതാണ്.
അമേരിക്കന്‍ ജനാധിപത്യത്തിന്റെ അടിത്തട്ടിലെ ദൗര്‍ബല്യങ്ങളെക്കുറിച്ച് മുന്‍പേ നാം കണ്ടു. അതിന്റെ പ്രത്യക്ഷമായ അഴിഞ്ഞാട്ടത്തിനാണ് ക്യാപിറ്റോള്‍ വേദിയായതെന്നും കണ്ടു. ക്യാപിറ്റോളിലേക്ക് ആ വര്‍ണവെറിയന്‍മാരെ എത്തിച്ചത് അമേരിക്കയില്‍ ആഴത്തില്‍ വേരോട്ടമുള്ള വര്‍ണവെറിയാണെന്നും നാം മനസിലാക്കുന്നുണ്ട്. ആ വര്‍ണവെറിയുടെ, താന്‍പോരിമാ വാദത്തിന്റെ, അപരവിദ്വേഷത്തിന്റെ, അധിനിവേശാത്മകതയുടെ ആള്‍രൂപമായിരുന്നു ഇപ്പോള്‍ പടിയിറങ്ങിയ ട്രംപ്, എല്ലാക്കാലത്തും. റിപ്പബ്ലിക്കന്‍മാരുടെ അടിത്തറയായ വര്‍ണവെറി അയാള്‍ രാജ്യത്തിന് പുറത്തേക്ക് പടര്‍ത്തി. അന്തസ്സ് എന്നത് അയാളുടെ ഒരുകാലത്തെയും പ്രമേയമായിരുന്നില്ല. സ്വാഭാവികമായി അയാള്‍ മുസ്ലിം വിദ്വേഷത്തിന്റെ നടത്തിപ്പുകാരനായി മാറി. ഫലസ്തീനികളെ അപമാനിക്കും വിധം ഇസ്രയേല്‍ പക്ഷത്ത് നിലയുറപ്പിച്ചു. അമേരിക്കയുടെ ഇസ്രയേല്‍ പക്ഷപാതം പുതിയകാര്യമല്ല. പക്ഷേ, ട്രംപ് ഒരു പടികൂടിക്കടന്ന് ഫലസ്തീന്‍ ജനതയുടെ ആത്മാഭിമാനത്തെ തകര്‍ത്തു. എല്ലാത്തരം ഇതര ശക്തികളെയും അയാള്‍ വ്യക്തിപരമായി വെറുത്തു. ട്രംപിന് മറ്റെല്ലാ തീവ്രവലതുകളെയും പോലെ രാഷ്ട്രീയമെന്നാല്‍ വ്യക്തിപരമായിരുന്നു. അതിനാല്‍ അയാള്‍ ചൈനയെ പരമശത്രുവായി പരിഗണിച്ചു. ഇന്ത്യയിലെ വലതുപക്ഷ ഭരണകൂടത്തെ വാനോളം പുകഴ്ത്തി, വ്യക്തിപരമായി പിന്തുണച്ചു. കൊവിഡ് കാലത്ത് പക്ഷേ, അയാള്‍ അമേരിക്കയുടെ ചരിത്രത്തില്‍ മുമ്പില്ലാത്ത വിധം ഇന്ത്യ എന്ന പരമാധികാര രാഷ്ട്രത്തെ വെല്ലുവിളിച്ചു; വാക്കുകളാല്‍ അപമാനിച്ചു. തങ്ങളുടെ അപരനെ ട്രംപില്‍ ദര്‍ശിച്ച ഇന്ത്യന്‍ ഭരണാധികാരികള്‍ അയാളുടെ മുന്നില്‍ ഓച്ഛാനിച്ചു. ഇറാനെതിരില്‍ അയാള്‍ ചോരകൊണ്ട് കളം വരച്ചു. നിര്‍ഭാഗ്യവാന്‍മാരായ കുടിയേറ്റക്കാര്‍ക്ക് മുന്നില്‍ അന്തസ്സില്ലാതെ വാതിലുകള്‍ അടച്ചു. കുടിയേറ്റ നയത്തില്‍ നിര്‍ലജ്ജം വംശീയ നിലപാടുകള്‍ പ്രഖ്യാപിച്ചു. സാമന്തരൊഴികെയുള്ള മുഴുവന്‍ ഭരണകൂടങ്ങളെയും അപമാനിച്ചു. സാമ്പത്തികമായ ദൗര്‍ബല്യം ഒന്നുകൊണ്ട് മാത്രമാണ് അയാള്‍ പടനയിക്കാന്‍ മടിച്ചത്. അമേരിക്കയുടെ നൂറ്റാണ്ട് ചരിത്രത്തില്‍ അപരിഷ്‌കൃത വാചകങ്ങള്‍ ഒരു പ്രസിഡന്റില്‍ നിന്ന് പുറപ്പെട്ടിട്ടില്ല. ജന്മസിദ്ധമായ മനുഷ്യവിരുദ്ധതയും വര്‍ണവെറിയും അയാള്‍ ഉള്ളില്‍ പേറി. അങ്ങനെയുള്ള ട്രംപാണ് അധികാരമൊഴിഞ്ഞത്.
പക്ഷേ, ട്രംപിനെ അമേരിക്ക തോല്‍പിച്ചത് ഇക്കാരണങ്ങളാല്‍ അല്ല എന്നത് ലോകത്തെ സംബന്ധിച്ച് ആശങ്കകള്‍ തുടരേണ്ട വസ്തുതയാണ്. ട്രംപിനെ തോല്‍പിച്ചത് ന്യൂനപക്ഷത്തിന്റെ ആഭ്യന്തര ഭയാശങ്കകള്‍ മാത്രമാണ്. അമേരിക്കയുടെ അടിത്തട്ടിലെ വര്‍ണവെറി ആര്‍ക്കും ഊതിത്തെളിക്കാന്‍ പാകത്തില്‍ കനലാക്കി വെച്ചിട്ടാണ് ട്രംപ് ശപിച്ചുകൊണ്ട് ഇറങ്ങിയത് എന്നുമോര്‍ക്കണം. തിരിച്ചുവരും എന്ന അയാളുടെ പ്രഖ്യാപനത്തിന് വലിയ ആഘാതശേഷിയുണ്ട്. തീവ്ര വെറിയന്‍മാരുടെ കൂട്ടത്തെ സൃഷ്ടിക്കാനുള്ള പണികള്‍ അയാള്‍ തുടരുന്നതും കാണാതിരുന്നുകൂടാ.
അന്തസ്സ് എന്ന പ്രമേയത്തില്‍ ബൈഡന്‍ വിശ്വസിക്കുന്നു എന്നതും കറുത്തവരും ന്യൂനപക്ഷവും ഉള്‍പ്പെടുന്ന ജനതയെ ബൈഡനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അംഗീകരിക്കുന്നു എന്നതും മറ്റൊരര്‍ഥത്തില്‍ അവരാണ് തങ്ങളുടെ നിലനില്‍പിനെ സാധ്യമാക്കുന്നത് എന്ന് ബൈഡന് അറിയാമെന്നതും മാത്രമാണ് ലോകത്തിന് പ്രതീക്ഷ നല്‍കുന്നത്. അതിനാല്‍ തന്നെ കുടിയേറ്റക്കാരുടെ കാര്യത്തില്‍ അന്തസ്സാര്‍ന്നതും ലേകമര്യാദകള്‍ പിന്തുടരുന്നതുമായ നിലപാട് ബൈഡന്‍ സ്വീകരിച്ചേക്കും. കാരണം ബൈഡനെ ജയിപ്പിച്ച ജനതക്ക് അത്തരമൊരു സമീപനമാണ് പൊതുവിലുള്ളത്. വലതുപക്ഷ തീവ്രവാദമാണ് വെറിയുടെ ഉത്പാദകര്‍ എന്ന് ഡെമോക്രാറ്റുകള്‍ മനസിലാക്കുന്നുണ്ട്. അതിനാല്‍ തന്നെ വെറി എന്ന പ്രയോഗത്തില്‍ നിന്ന് അവര്‍ വിട്ടുനിന്നേക്കാം. ആ വിട്ടുനില്‍ക്കല്‍ ഫലസ്തീനില്‍ ഉള്‍പ്പടെ പ്രതിഫലിച്ചേക്കാം. ഇടത്തരക്കാരായ മനുഷ്യരുടെ അതിജീവനത്തെ ബൈഡന്‍ മുഖ്യമായി കാണുന്നുണ്ട്. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നീക്കം ചൈനയുമായുള്ള ഭിന്നതകളെ പരിഹരിച്ചേക്കാം. ഇന്ത്യന്‍ വലത് ഭരണകൂടത്തിന് അധികാരിയെ നഷ്ടപ്പെട്ടു എന്നതാണ് ട്രംപിന്റെ തോല്‍വിയുടെ ഒരു ഫലം. അത്തരമൊരു യജമാന പദവിയിലേക്ക് ബൈഡന്‍ വന്നിരിക്കില്ല എന്നത് ഇന്ത്യന്‍ ജനാധിപത്യത്തിനും പ്രധാനമാണ്. ഇന്ത്യയില്‍ ജനാധിപത്യ പൗരാവകാശ സമരങ്ങള്‍ കനക്കാനിരിക്കുന്ന നാളുകളില്‍ ഇന്ത്യയെ അന്തസ്സോടെ വീക്ഷിക്കുന്ന ബഹുസ്വര ജനാധിപത്യത്തെ അംഗീകരിക്കാന്‍ താല്‍പര്യമുള്ള ഒരു ഭരണകൂടം അമേരിക്ക പോലെ ഒരു ലോകശക്തിയെ നയിക്കുന്നത് ചെറുതല്ലാത്ത കാര്യമാണ്.
പുതുതായൊന്നും ബൈഡന്‍ ചെയ്യുമെന്ന് കരുതേണ്ടതില്ല. പക്ഷേ, പോയ നാല് വര്‍ഷം ട്രംപ് വിതച്ച അപരവിദ്വേഷത്തിന്റെയും അന്തസ്സ് കെട്ട ലോകനയത്തിന്റെയും കാര്യത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടായേക്കാം. സ്വന്തം രാഷ്ട്രത്തിലെ കാര്യങ്ങളില്‍ അവരുടെ അതിജീവനത്തില്‍ ബദ്ധശ്രദ്ധനായ ഒരു ഭരണാധികാരിയായി ബൈഡന്‍ മാറിയാല്‍ ലോകത്തെ ശല്യപ്പെടുത്താതിരിക്കാനെങ്കിലും അമേരിക്കക്ക് കഴിയും. അത് പോലും ലോകത്തെ സംബന്ധിച്ച് ആശ്വാസകരമാണ്.
കെ കെ ജോഷി
You must be logged in to post a comment Login