കര്‍ഷകര്‍ ചോദിച്ചതു കേട്ടോ, ഇന്ത്യ ആരുടെ റിപ്പബ്ലിക്കാണ്?

കര്‍ഷകര്‍ ചോദിച്ചതു കേട്ടോ, ഇന്ത്യ ആരുടെ റിപ്പബ്ലിക്കാണ്?

സ്വതന്ത്ര ഇന്ത്യയിലെ ആസൂത്രണ കമ്മീഷന്റെ ആദ്യ യോഗത്തിലേക്ക് തന്റെ കുതിരവണ്ടിയുമായി എത്തിയ കമ്മീഷന്‍ അംഗം ജെ സി കുമരപ്പയെ പാര്‍ലമെന്റ് സ്ട്രീറ്റില്‍ വെച്ച് സുരക്ഷാഭടന്മാര്‍ തടഞ്ഞതിനെ കുറിച്ച് കുമരപ്പ നെഹ്‌റുവുമായി സംസാരിക്കുന്നുണ്ട്. ആധുനിക ഇന്ത്യയില്‍ കര്‍ഷകരുടെയും സാധാരണക്കാരന്റെയും സ്ഥാനം നിശ്ചയിച്ചിരിക്കുന്നതെവിടെയാണ് എന്ന ചോദ്യമായിരുന്നു കുമരപ്പ ഉയര്‍ത്തിയത്. യന്ത്ര വാഹനങ്ങളുടെ തിരക്കില്‍ കര്‍ഷകരുടെ കാളകളുടെയും കുതിരകളുടെയും സുരക്ഷിതത്വം പ്രധാനമായതുകൊണ്ടാണ് അവ നിരോധിച്ചതെന്നായിരുന്നു നെഹ്‌റുവിന്റെ മറുപടി. എങ്കില്‍ അപകടങ്ങളുണ്ടാക്കുന്ന യന്ത്രവാഹനങ്ങളല്ലേ നിരോധിക്കേണ്ടത് എന്ന കുമരപ്പയുടെ ചോദ്യത്തില്‍ നിന്ന് നെഹ്‌റു കൗശലപൂര്‍വം ഒഴിഞ്ഞുമാറി. കാലം മാറി. കാളവണ്ടികള്‍ പോയിട്ട് ട്രാക്ടറുകള്‍ പോലും, പാര്‍ലമെന്റ് സ്ട്രീറ്റില്‍ പോയിട്ട് ഔട്ടര്‍ ഡല്‍ഹിയില്‍ പോലും അനുവദിക്കാതായിട്ട് പതിറ്റാണ്ടുകളായി. ഏഴു പതിറ്റാണ്ടുകള്‍ക്കിടയില്‍ ലക്ഷക്കണക്കായ കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനുള്ളില്‍ മാത്രം 86 ലക്ഷം കര്‍ഷകര്‍ കര്‍ഷകതൊഴിലാളികളായി മാറി! ഇതേ കാലയളവില്‍ 36 ദശലക്ഷം ഹെക്ടര്‍ കൃഷി ഭൂമി കര്‍ഷകരില്‍ നിന്ന് തട്ടിയെടുക്കപ്പെട്ടു. ഏഴു പതിറ്റാണ്ടിന് ശേഷം ഡല്‍ഹിയിലേക്ക് കര്‍ഷകര്‍ ട്രാക്ടറുകളുമായി എത്തിയിരിക്കുന്നു. ‘തിളങ്ങുന്ന ഇന്ത്യ’യിലെ തങ്ങളുടെ സ്ഥാനമേതെന്ന് അവര്‍ ചോദിക്കുന്നു.

അര്‍ധരാത്രിയില്‍
കൈമാറിക്കിട്ടിയ
‘അധികാരവും’
നട്ടുച്ചയ്ക്ക് പ്രഖ്യാപിക്കുന്ന
‘സ്വാതന്ത്ര്യവും’
ഏഴു പതിറ്റാണ്ടു മുമ്പ് വെളുത്ത ധ്വരമാര്‍ അധികാരം കൈമാറുമ്പോള്‍ ഒരു കാര്യം ഉറപ്പിച്ചിരുന്നു. കൊളോണിയല്‍ അടിമത്തത്തില്‍ നിന്ന് മോചിക്കപ്പെടാത്തവരില്‍ തന്നെ അധികാരത്തിന്റെ ദണ്ഡ് എത്തിപ്പെടണം എന്ന്. അക്കാര്യത്തില്‍ അവര്‍ക്ക് നാളിതുവരെയും ഖേദിക്കേണ്ടി വന്നില്ല.

കര്‍ഷകനും കര്‍ഷകത്തൊഴിലാളിയും ദളിതനും ആദിവാസിയും എവിടെ നില്‍ക്കണമെന്ന് ‘സ്വതന്ത്ര ഇന്ത്യ’യിലെ കറുത്ത ധ്വരമാര്‍ നിശ്ചയിച്ചു. വയലുകളില്‍ നിന്ന് കര്‍ഷകരും വനമേഖലകളില്‍ നിന്ന് ആദിവാസികളും ആട്ടിയിറക്കപ്പെട്ടു. കര്‍ഷകരും ആദിവാസികളും അടങ്ങുന്ന 60 ദശലക്ഷം ആളുകള്‍ ടാറ്റമാര്‍ക്കും അംബാനിമാര്‍ക്കും മറ്റുമായി പിറന്ന മണ്ണില്‍ നിന്ന് പിഴുതെറിയപ്പെട്ടു. ‘രാജ്യതാല്‍പര്യങ്ങള്‍ക്കായ് ജീവന്‍ സമര്‍പ്പിക്കാന്‍ ‘ അവര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ആരോട്? രാജ്യത്തെ കര്‍ഷകനോട്, കര്‍ഷകത്തൊഴിലാളികളോട്, ദളിതുകളോട്, ആദിവാസികളോട്.

കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വവും, ‘പരിഷ്‌കരണ’ നടപടികളിലെ കാര്യക്ഷമതയും പോരാതെ വന്നപ്പോള്‍ പഴയ പാദസേവകരെ അധികാരക്കസേരയില്‍ സജ്ജരാക്കി നിര്‍ത്തി. വെറുപ്പിന്റെയും വിഭജനത്തിന്റെയും പ്രത്യയശാസ്ത്ര മൂശയില്‍ വളര്‍ന്നു വികസിച്ച സംഘപരിവാര്‍ രാഷ്ട്രീയം നവ ലിബറല്‍ നയങ്ങളുടെ നല്ല നടത്തിപ്പുകാരാണെന്ന് സാക്ഷ്യപ്പെടുത്താന്‍ ഏറെ പണിപ്പെടേണ്ടി വന്നില്ല.
സമൂഹത്തെ വര്‍ഗീയമായി വിഭജിച്ചും, ഭരണഘടനാസ്ഥാപനങ്ങളെ അട്ടിമറിച്ചും, പൗരന്മാരെ മതപരമായി വേര്‍തിരിച്ചും, ഫെഡറല്‍ സംവിധാനങ്ങളെ തകര്‍ത്തും, കാര്‍ഷിക നിയമങ്ങള്‍, തൊഴില്‍ നിയമങ്ങള്‍, പരിസ്ഥിതി നിയമങ്ങള്‍ എന്നിവ പൊളിച്ചെഴുതിയും അവര്‍ തങ്ങളുടെ ദൗത്യം തുടരുകയാണ്. രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒന്നാകെ ഭരണവര്‍ഗ പാര്‍ട്ടികളായി മാറുകയും പ്രതിപക്ഷ ധര്‍മം നിര്‍വഹിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ജനങ്ങളുടെ മുന്നില്‍ അവശേഷിക്കുന്ന ഏകമാര്‍ഗം സ്വയം സംഘടിതരാകുക എന്നത് മാത്രമാണ്. അതുതന്നെയാണ് ഇന്ത്യയിലെ കര്‍ഷക സമൂഹവും ദളിത്-ആദിവാസി സമൂഹവും വര്‍ത്തമാന ഇന്ത്യയില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഭൂമി അടക്കമുള്ള പൊതുവിഭവങ്ങളുടെ ഉടമസ്ഥാവകാശം ആര്‍ക്ക്? ഇന്ത്യ ആരുടെ റിപ്പബ്ലിക്കാണ്? തുടങ്ങിയ ചോദ്യമാണ് അവര്‍ ഉയര്‍ത്തുന്നത്. രാജ്യം എഴുപത്തിരണ്ടാമത്തെ റിപ്പബ്ലിക് ദിനം ആചരിക്കുമ്പോള്‍ ലക്ഷക്കണക്കായ കര്‍ഷകര്‍ നട്ടുച്ചയ്ക്ക് തങ്ങളുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണ്. ഇതൊരു കര്‍ഷക റിപ്പബ്ലിക് ആണെന്ന പ്രഖ്യാപനം. ഈ ദിനം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടു. അടിച്ചമര്‍ത്തപ്പെട്ടവരും പാര്‍ശ്വവല്‍ക്കരിപ്പെട്ടവരും നഗര ചത്വരങ്ങളിലേക്ക് മാര്‍ച്ച് ചെയ്യുന്ന ദിനം. അര്‍ദ്ധരാത്രിയില്‍ കൈമാറിക്കിട്ടിയ അധികാരത്തെ ജനകീയ റിപ്പബ്ലിക്കിന്റെ പകല്‍ വെളിച്ചത്തിലേക്ക് നയിക്കാനുള്ള മഹത്തായ വിപ്ലവ ദിനം.
കഴിഞ്ഞ 60 ദിനങ്ങള്‍ ഡല്‍ഹി അതിര്‍ത്തികളില്‍ ലക്ഷക്കണക്കായ കര്‍ഷകര്‍ തടിച്ചു കൂടിയിട്ടും, ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും പ്രകോപനപരമായ നിരവധി നീക്കങ്ങള്‍ ഉണ്ടായിട്ടും, അങ്ങേയറ്റത്തെ ക്ഷമയും സഹനവുമായിരുന്നു കര്‍ഷകരുടെ ഭാഗത്തുനിന്നുമുണ്ടായിട്ടുള്ളത്. സമരം ചെയ്യുന്ന കര്‍ഷകര്‍ക്കിടയിലേക്ക് പോലീസ് ഉദ്യോഗസ്ഥരുടെ ഉപദേശമനുസരിച്ച് ആയുധ ധാരികളായ ആളുകള്‍ കടന്നുചെല്ലുകയുണ്ടായി. അത്തരക്കാരെ കയ്യോടെ പിടികൂടി, മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ തിരികെയേല്‍പ്പിക്കുന്ന സംഭവങ്ങള്‍ പോലും അരങ്ങേറുകയുണ്ടായി.

ജനുവരി 26ന്റെ ട്രാക്ടര്‍ പരേഡ് അങ്ങേയറ്റം സമാധാനപരമായിരിക്കണമെന്നും, ഔദ്യോഗിക പരേഡിനെ ഒരു തരത്തിലും കര്‍ഷക പരേഡ് ബാധിക്കരുതെന്നും ഉള്ള നിര്‍ബ്ബന്ധം കര്‍ഷക സംഘടനാ നേതാക്കള്‍ക്കുണ്ടായിരുന്നു. അത്തരം കാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിനായി 3000ത്തോളം സന്നദ്ധപ്രവര്‍ത്തകരെ നേരത്തെ തന്നെ പരിശീലിപ്പിച്ച് തയാറാക്കി നിര്‍ത്തിയിരുന്നു. ട്രാക്ടര്‍ റാലി പോകേണ്ട സ്ഥലങ്ങള്‍ വളരെ കൃത്യമായിത്തന്നെ മുന്‍കൂട്ടി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ജനുവരി 26ന് നടന്നത്
• കര്‍ഷക സംഘടനകളുടെ പ്രതീക്ഷകളെപ്പോലും തെറ്റിച്ചുകൊണ്ട് ലക്ഷക്കണക്കായ ആളുകളാണ് പരേഡിനായി എത്തിയത്. തൊട്ടടുത്ത ദിവസം തന്നെ ഔട്ടര്‍ ഡല്‍ഹിയിലെ റോഡുകള്‍ ട്രാക്ടറുകളാല്‍ നിറഞ്ഞു കഴിഞ്ഞിരിന്നു.
• വളരെ സമാധാനപൂര്‍വം നടന്ന റാലിയില്‍ ഇടയ്ക്ക് വെച്ച് പോലീസുമായുള്ള ഏറ്റമുട്ടലുകളുണ്ടായി. കര്‍ഷക റാലിയെ ഇടയ്ക്ക് വെച്ച് ചിതറിക്കുന്നതില്‍ ഡല്‍ഹി പോലീസ് കൃത്യമായ ആസൂത്രണം നടത്തുകയുണ്ടായി.

• കര്‍ഷക റിപ്പബ്ലിക് പരേഡുമായി ബന്ധപ്പെട്ട റാലികള്‍ക്കിടയില്‍ നുഴഞ്ഞുകയറിയ നിരവധി പൊലീസ് – ഗവ. ഒഫീഷ്യല്‍സുകളെ കര്‍ഷകപ്രക്ഷോഭവളണ്ടിയര്‍മാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു. – സമാധാനപൂര്‍വം റാലി നടത്തിയ കര്‍ഷകരെ ചിതറിക്കുന്നതില്‍ പൊലീസ് കരുതിക്കൂട്ടി ശ്രമം നടത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്.

• ചെങ്കോട്ടയില്‍ കര്‍ഷകരുമായെത്തിയ ദീപ് സിദ്ദുവെന്ന പഞ്ചാബി നടനും ഗായകനുമായ യുവാവ്, കര്‍ഷക സംഘടനകളുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയാണെന്ന് മാത്രമല്ല. അദ്ദേഹത്തിന്റെ ബിജെപി ബന്ധം സുവിദിതവുമാണ്. അതുകൊണ്ടുതന്നെ ഈ പ്രവൃത്തിയുടെ പിന്നിലുള്ള കുതന്ത്രങ്ങളെ പ്രക്ഷോഭ സംഘടനകള്‍ ആ സമയത്തുതന്നെ തിരിച്ചറിയുകയും തള്ളിക്കളയുകയും ചെയ്തിരുന്നു.

• ഒരു വിഭാഗം കര്‍ഷകരെ ചെങ്കോട്ടയിലേക്ക് നയിച്ചത് താന്‍തന്നെയാണെന്നും അതിന് തങ്ങള്‍ക്ക് അവകാശമുണ്ടെന്നും ദീപ് സിദ്ദു ഫേസ്ബുക് ലൈവിലൂടെ അവകാശപ്പെട്ടിട്ടുണ്ട്.

• ഈ സംഭവത്തിന് ശേഷം ദീപ് സിദ്ദുവിനെതിരെ പ്രക്ഷോഭകാരികളായ കര്‍ഷകരില്‍ ചിലര്‍ തിരിയുകയും അവരുടെ ആക്രമണങ്ങളില്‍പ്പെടാതെ അദ്ദേഹത്തെ മറ്റ് കര്‍ഷകര്‍ രക്ഷപ്പെടുത്തുകയും ചെയ്തു.

• കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളും അവരവര്‍ക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിലേക്ക് തിരിച്ചുപോകാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെടുകയും, പ്രക്ഷോഭം സമാധാനപൂര്‍വം മുന്നോട്ടു കൊണ്ടുപോകാന്‍ കൂടുതല്‍ ക്ഷമയും സഹനവും ആവശ്യമുണ്ടെന്ന് നേതാക്കള്‍ അഭിപ്രായപ്പെടുകയും ചെയ്തു.

• വരും നാളുകളില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉണ്ടാകുമെന്നും അവര്‍ അറിയിച്ചു.

• സംയുക്ത കിസാന്‍ മോര്‍ച്ച നടത്തിയ ട്രാക്ടര്‍ റാലി അക്രമാസക്തമായെന്ന വാര്‍ത്ത പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ബോധപൂര്‍വമായി നടക്കുന്നുണ്ട്. കര്‍ഷക റാലി കര്‍ഷക സംഘടനകള്‍ നിശ്ചയിച്ച വഴികളിലൂടെ നടക്കുകയും വൈകുന്നേരം കൃത്യം 7 മണിയോടു കൂടി റാലി അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ഷക സംഘടനാ നേതാക്കള്‍ നടത്തുകയുമുണ്ടായി.

• റെഡ് ഫോര്‍ട്ടില്‍ പതാക ഉയര്‍ത്തിയതുമായോ റെഡ് ഫോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്തിയതുമായോ കര്‍ഷക സംഘടനകള്‍ക്ക് യാതൊരു ബന്ധവുമില്ല.

• എല്ലാവിധ അക്രമങ്ങളെയും സംയുക്ത കിസാന്‍ സമിതി അപലപിച്ചു.

• ജനു. 26ന് നടന്ന റാലിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും മഫ്ടിയിലുള്ള പൊലീസുകാരും നുഴഞ്ഞുകയറിയിട്ടുണ്ട്. അതില്‍ ഡസനോളം ആളുകളെ അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം പൊലീസ് മേധാവികളെ ഏല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

• 110ലധികം പൊലീസുകാര്‍ക്കും 225ലധികം കര്‍ഷകര്‍ക്കും പരിക്കേറ്റതായി അറിയുന്നു.

• കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രക്ഷോഭങ്ങളും അഹിംസാത്മകമായിരിക്കുമെന്നും അക്രമങ്ങള്‍ക്കോ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കോ അതില്‍ സ്ഥാനമുണ്ടായിരിക്കുകയില്ലെന്നും കര്‍ഷക സംഘടനകള്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നു.

കെ സഹദേവന്‍

You must be logged in to post a comment Login