‘നീ ശ്രദ്ധിച്ചോ, വസീം ജാഫറിന്റെ കാര്യം?’ ഫോണ്‍കോളാണ്. അതും ഒട്ടും പതിവില്ലാത്തത്. അപ്പുറത്ത് ഷമീറാണ്. കൗമാരകാലത്തെ ചങ്ങാതി. അക്കാലത്ത് ഒപ്പം പഠിച്ചവരുടെ അത്ര വലുതല്ലാത്ത ഒരു വാട്ട്സാപ്പ് കൂട്ടത്തില്‍ ഒന്നിച്ചുണ്ട്. അതിനപ്പുറം പതിവ് വിളികളോ ദീര്‍ഘസംഭാഷണങ്ങളോ ഉണ്ടാവാറില്ല.
‘കേട്ടു. ട്വീറ്റ് കണ്ടു.’
ദരിദ്രമല്ലാത്ത കാലത്ത് ഊണുകഴിച്ചോ എന്ന ഉപചാര ചോദ്യത്തിന് മറുപടി പറയും പോല്‍ ലാഘവത്വം നിറഞ്ഞതും അലസവുമായിരുന്നു എന്റെ മറുപടി. വസീം ജാഫറിനെ അറിയാം. ക്രിക്കറ്റില്‍ തല്‍പരരായ എല്ലാവരെയും പോലെ ജാഫറിന്റെ കളി ഇഷ്ടമാണ്. ഒന്നാം തരം ടെസ്റ്റ് കളിക്കാരന്‍. ഏതോ സംസ്ഥാനടീമിന്റെ പരിശീലകനാണ് ഇപ്പോള്‍ ജാഫറെന്നും അറിയാം. ജാഫര്‍ ആ പണിയില്‍ മതപരമായ വിവേചനം കാട്ടുന്നു എന്നോ മറ്റോ ആരോപണം ഉയര്‍ന്നിരുന്നു. അത്രയേ കേട്ടുള്ളൂ. അലക്ഷ്യമായ ട്വീറ്റ് വായനകളില്‍ അത് തീര്‍ന്നു.
‘അത്രേ ഉള്ളൂ. നിനക്ക് എന്തു തോന്നി എന്നറിയാന്‍ വിളിച്ചതാ. നീ ജാഫറിന്റെ മറുപടി കണ്ടിരുന്നോ?’
‘കണ്ടു. അത്ര ശ്രദ്ധിച്ചില്ല.’
‘സാരമില്ല. എനിക്കത് ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ല.’
എനിക്കത് എന്നു തന്നെയാണ് അവന്‍ പറഞ്ഞത്. പൊടുന്നനെ ഞങ്ങള്‍ക്കത് എന്നാണ് ഞാന്‍ കേട്ടത്. എനിക്ക് എന്ന അതിസാധാരണമായ വൈയക്തിക സംബോധനയെ ഞങ്ങള്‍ക്കത് എന്ന് എന്റെയുള്ളില്‍ നടുക്കത്തോടെ പരിഭാഷപ്പെട്ടു. അവന്റെ ശബ്ദം മുറിഞ്ഞൊഴുകുന്ന പോലെ അനുഭവപ്പെട്ടു. അവനെ സമാധാനിപ്പിക്കണമെന്ന് തോന്നി. എന്തിനായിരുന്നു ആ തോന്നല്‍ എന്ന് തിട്ടമില്ല.
‘ഞാന്‍ ആ മറുപടികളുടെ ലിങ്ക് അയക്കുന്നുണ്ട്. വായിച്ചിട്ട് എന്നെ ഒന്ന് വിളിക്കുമോ? എനിക്കൊരു സമാധാനവുമില്ല. സംസാരിക്കണം എന്നുണ്ട്.’
ഷമീര്‍ എന്തോ പറയാന്‍ ആഗ്രഹിക്കുന്നു എന്ന് തോന്നി. മറ്റൊരാളോടുള്ള ഭാഷണം പോലെ പരിഭ്രമമാര്‍ന്ന ഔപചാരികത അവന്റെ ശബ്ദത്തെ പൊതിഞ്ഞതെന്തിന് എന്ന തോന്നല്‍ പടര്‍ന്നു.
ഷമീര്‍ ഒരുപറ്റം ലിങ്കുകള്‍ അയച്ചു. അതില്‍ മുഴുവന്‍ വസീം ജാഫറിന്റെ മറുപടികള്‍. ജാഫറിനെതിരെ മതവിവേചനമാണ് ആരോപണമായി ഉയര്‍ന്നത്. അങ്ങനെ ചെയ്തിട്ടില്ല എന്ന് ജാഫര്‍ പറയുകയാണ്. ‘നോ, ഗെറ്റ് ലോസ്റ്റ്’ എന്ന ഒറ്റവാക്കില്‍, വസീം ജാഫറിനെപ്പോലൊരു കരുത്തന്‍ കളിക്കാരന് അവസാനിപ്പിക്കാവുന്ന മറുപടിക്ക് പകരം വിശദീകരണങ്ങള്‍. ഞാനങ്ങനെ ചെയ്തിട്ടില്ല എന്നതിന്റെ ഉദാഹരണങ്ങള്‍. പഴയ രഞ്ജി പടക്കുതിരയുടെ ഉഗ്രന്‍ കരുത്ത് തുളമ്പി നില്‍ക്കേണ്ട വാക്കുകള്‍ക്ക് പകരം ‘നോക്കൂ കളിയില്‍, കളിക്കാരുടെ തിരഞ്ഞെടുപ്പില്‍ എന്നില്‍ മതം പ്രവര്‍ത്തിച്ചിട്ടില്ല’ എന്ന ആണയിടല്‍. അത് സ്ഥാപിക്കാന്‍ തന്റെ മതസ്വത്വത്തെ സംശയിക്കരുതേ എന്ന മട്ടിലെ നിസ്സഹായ വാക്കുകള്‍. ‘This (communal bias) is a serious allegation. And if there was indeed a communal bias, I wouldn’t have resigned, they would have sacked me,’ അങ്ങനെയാണ് വസീം ജാഫര്‍ വിശദീകരണങ്ങള്‍ അവസാനിപ്പിച്ചത്.
കളിമൈതാനങ്ങളില്‍ കേളികേട്ട നിമിഷങ്ങളെ സൃഷ്ടിച്ച വസീം ജാഫറിനെ ഞാനോര്‍ത്തു. രഞ്ജിയിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനാണ് ജാഫര്‍. മുപ്പതോളം മല്‍സരങ്ങളില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞു. അങ്ങനെയൊരാളാണ് ധീരമെങ്കിലും നിസ്സഹായമായ വാക്കുകളുമായി പ്രതിരോധിക്കുന്നത്. ‘എനിക്ക് സംസാരിക്കണമെന്നുണ്ട്’ എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോള്‍ ഷമീര്‍ എന്ന കൗമാര ചങ്ങാതിയുടെ വാക്കുകളിലെ മുറിവ് ജാഫറില്‍ കണ്ടു. രണ്ടുനാള്‍ മുന്‍പ് ഞാന്‍ കടന്നുപോയ ഈ വാര്‍ത്തയും വാക്കുകളും എന്നെ സ്പര്‍ശിച്ചില്ലല്ലോ എന്ന അറിവ് നടുക്കി. അതിന്റെ കാരണം എന്തെന്ന തിരിച്ചറിവ് എന്നെ അപഹാസ്യനാക്കി. എത്രമേല്‍ ജാഗ്രത്താവാന്‍ ശ്രമിച്ചിട്ടും പിളര്‍ന്നുപോകുന്നല്ലോ നമ്മളെന്ന് ഷമീറിനോട് ഏറ്റുപറയണമെന്ന് തോന്നി. ഞാന്‍ തിരിച്ചുവിളിച്ചു.
‘നീയത് വായിച്ചല്ലോ, എനിക്ക് പറയാനുള്ളത് വസീം ജാഫറിനെക്കുറിച്ചല്ല. ചിലപ്പോള്‍ ഞാന്‍ പറയുന്നത് അതേ പോലെ നിനക്ക് മനസിലാവണമെന്നില്ല. അത് നിന്റെ കുഴപ്പമായി ഞാന്‍ പറയില്ല. നമ്മള്‍ ആകെ കുഴപ്പത്തിലാവുമ്പോള്‍ നിനക്ക് മാത്രമായി എന്ത് കുഴപ്പം. ക്രിക്കറ്റില്‍ ഭ്രാന്തുള്ള, പത്രത്തില്‍ പണിയെടുക്കുന്ന നീ വസീം ജാഫറിന്റെ കാര്യം അറിഞ്ഞിട്ടുണ്ടാവും. അതു പക്ഷേ ഉള്ളില്‍ കേറിയിട്ടുണ്ടാവില്ല. ഇത് രണ്ടുമല്ലാത്ത എനിക്കത് വെറും വാര്‍ത്തയല്ല. പ്രത്യേകിച്ച് ഇപ്പോള്‍. നിനക്ക് മനസിലാവുന്നുണ്ടല്ലോ? ഞാന്‍ കുറ്റപ്പെടുത്തുന്നതല്ല.’
എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. ഏറ്റവും സ്നേഹത്തോടെ അവനെ കേള്‍ക്കുക എന്നതിനപ്പുറം മറ്റൊരു പ്രായശ്ചിത്തവും മനസ്സില്‍ വന്നില്ല.
‘പറഞ്ഞല്ലോ, ജാഫറല്ല എന്റെ വിഷയം. കഴിഞ്ഞ ദിവസങ്ങളില്‍ എന്റെ ജീവിതത്തെ ആകെ മാറ്റിയ ചില സംഭവങ്ങളാണ്. നമ്മള്‍ ഒന്നിച്ചുണ്ടായിരുന്ന കാലത്തിനു ശേഷം ഞാന്‍ ഒരു ഇന്‍ഡസ്ട്രിയല്‍ പരിശീലനത്തിന് പോയിരുന്നു. അവിടെ കൂടെയുണ്ടായിരുന്ന ഞങ്ങള്‍ പത്തമ്പത് പേര്‍ ഇപ്പോള്‍ വാട്സാപ്പില്‍ ഒരു ഗ്രൂപ്പായുണ്ട്. എല്ലാ മതക്കാരും തരക്കാരും ഒക്കെയുള്ള ഗ്രൂപ്പാണ്. നിനക്കറിയാമല്ലോ ഞാന്‍ വിശ്വസിയാണ്. മുസ്ലിമാണ്. കഴിഞ്ഞ ദിവസമാണ് ഞങ്ങള്‍ ഒരു കൂടിച്ചേരല്‍ തീരുമാനിച്ചത്. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ പുകിലായിരുന്നു. എല്ലാം ചിരിക്കാനുള്ള കാര്യങ്ങള്‍. തമാശകളാണ്. അതിനിടയിലാണ് ആ സംഭവമുണ്ടായത്.’
‘എന്തൊക്കെയാണ് ഭക്ഷണം വേണ്ടതെന്ന ചര്‍ച്ച നടക്കുന്നു.
നോമ്പുകാലമായതിനാലാവണം ചില ക്രിസ്ത്യന്‍ ആളുകള്‍ വെജ് മതിയെന്ന് പറയുന്നു. നോണ്‍ വെജുകാര്‍ വേണ്ട കാര്യങ്ങള്‍ മല്‍സരിച്ച് പറയുന്നു. അതിനിടയിലാണ് മുസ്ലിമായ ഒരു സുഹൃത്ത് ആ വാചകം പറഞ്ഞത്; ഹലാല്‍. അതൊരു തമാശയായിരുന്നു. ഒന്നാമത് അവന്‍ മതം പ്രാക്ടീസ് ചെയ്യുന്നില്ല. രണ്ടാമത് അവന്‍ എല്ലാത്തിനോടും തമാശ സൂക്ഷിക്കുന്ന പ്രകൃതമാണ്. അക്കാര്യങ്ങള്‍ അറിയാത്ത ആരും ആ ഗ്രൂപ്പില്‍ ഇല്ല.’
‘എന്നിട്ട്? എന്തിനാണ് ഹലാല്‍ ഒരു തമാശ വാക്കാക്കുന്നത്? അത് ഭക്ഷണത്തിലെ അയാളുടെ ചോയ്‌സ് അല്ലേ?’
‘ഞാനും നീയും സംസാരിക്കുകയാണെങ്കില്‍ ചിലപ്പോള്‍ അങ്ങനെ പറയാം.’
ചിലപ്പോള്‍ എന്ന വാക്ക് ഷമീര്‍ കൂടുതലായി ഊന്നിയത് ഞാന്‍ ശ്രദ്ധിച്ചു. വസീം ജാഫറിനെ വായിക്കാതിരുന്നത് ഓര്‍ത്തു.
‘ആ വാക്ക് പ്രശ്നമായി. ഹലാല്‍ മുസ്ലിംകള്‍ കഴിച്ചാല്‍ മതി എന്നിങ്ങനെ അത് നീണ്ടു. വഴക്കുകളും പക്ഷം പിടിക്കലും തര്‍ക്കങ്ങളും. ഞാന്‍ കാഴ്ചക്കാരനായിരുന്നു. അപ്പോഴാണ് എന്റെ അതുവരെയുള്ള ധാരണകള്‍ മുഴുവന്‍ തകര്‍ന്നത്. പൊതുവില്‍ എന്നെ ഷമീര്‍ എന്നല്ല മനസിലാക്കുന്നത് എന്ന് വന്നു. മുമ്പൊരിക്കല്‍ ഒരു മരണവാര്‍ത്തയോട് ഞാന്‍ നടത്തിയ ഇന്നാലില്ല എന്ന, കുഞ്ഞുന്നാളിലേ നാവിലുറച്ച ഒരു പ്രതികരണം, ഏറ്റവും പ്രിയപ്പെട്ട , സെക്യുലറായ ഒരുത്തനെന്ന് ഞാന്‍ മനസിലാക്കിയ ഒരാള്‍ എടുത്തിട്ടു. ഒറ്റ നിമിഷം കൊണ്ട് ഞാന്‍ മറ്റൊരാളായി. അതാണ് നിന്നോട് വസീം ജഫറെ വായിച്ചോ എന്ന് ചോദിച്ചത്.’
‘അത് അവരുടെ വിവരക്കേടായി കണ്ടുകൂടേ?’ അതിദുര്‍ബലവും ആത്മവിശ്വാസമില്ലാത്തതുമായിരുന്നു എന്റെ മറുപടി.
‘കാണാമായിരുന്നു മറ്റൊരു കാലത്തായിരുന്നു എങ്കില്‍? ഞാന്‍ പറഞ്ഞത് നിനക്ക് മനസിലാവും. കഷ്ടമാണ് അല്ലേ? ഹലാല്‍.’
പിന്നീട് വിളിക്കാം എന്ന വാചകത്തോടെ ആ വിളി അവസാനിച്ചു.
ഹലാല്‍ തര്‍ക്കത്തില്‍ ഷമീറിനോട് മനപൂര്‍വം അജ്ഞത നടിച്ചതാണല്ലോ എന്ന് ഞാനോര്‍ത്തു. അതെന്തിന് എന്ന് ഖേദിച്ചു. കാരണം ഹലാല്‍ ചര്‍ച്ചകള്‍ പല മൂലകളില്‍ ഉയരുന്നത് കാണാതിരുന്നിട്ടില്ല.
ആമുഖമായി ഈ സംഭാഷണം അതേപടി പകര്‍ത്തിയത് മറ്റൊരു കാര്യത്തെ കുറിച്ച് പറയാനാണ്. അത് നാമറിയാതെ, നാം പോലും ഭാഗഭാക്കാകേണ്ടി വരുന്ന ക്രൂരമായ വിഭജനങ്ങളെക്കുറിച്ച് പറയാനാണ്. അല്‍പാല്‍പമായി ശരീരത്തിന്റെ ചിലഭാഗങ്ങളില്‍ മാത്രം ലക്ഷണം കാണിച്ച് പടരുന്ന വമ്പന്‍ കാന്‍സറിനെ ചൂണ്ടിക്കാട്ടാനാണ്. നാം പിളര്‍ത്തപ്പെട്ടിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടാനാണ്. ബഹുസ്വരതയുടെയും മതേതര ജീവിതത്തിന്റെയും മഹാമാതൃകയായി അവശേഷിക്കുന്നുവെന്ന് നാം ഇപ്പോഴും വിശ്വസിക്കുന്ന കേരളം പിളര്‍പ്പിന്റെ ആയുധപ്പുരയായി മാറാന്‍ തുടങ്ങുന്നുണ്ടോ എന്ന ആശങ്ക പങ്കുവെക്കാനാണ്.
ഒരു പ്രയോഗം എന്ന നിലയില്‍ പ്രാഥമികമായി മതം ജന്മസിദ്ധമാണ്. നിങ്ങള്‍ അത് അനുഷ്ഠിക്കുന്നതോ അല്ലാത്തതോ നിങ്ങളുടെ തിരഞ്ഞെടുപ്പാണ്.
ഭരണഘടനാപരമായും ചരിത്രപരമായും മതനിരപേക്ഷവും മതേതരവും ബഹുസ്വരവുമായ ഇന്ത്യയില്‍ ആ തിരഞ്ഞെടുപ്പിന് മേല്‍ ബാഹ്യശക്തികള്‍ക്ക് ഒരു കാര്യവുമില്ല. ചരിത്രപരമെന്ന് ഒരൊഴുക്കിന് വേണ്ടി പറഞ്ഞതല്ല. ചരിത്രപരമായി മതനിരപേക്ഷമായിരിക്കാന്‍ ബാധ്യതയുണ്ട് നമ്മുടെ രാജ്യത്തിന്. കാരണം ആധുനിക ഇന്ത്യയുടെ ചരിത്രം വാസ്തവത്തില്‍ ആരംഭിക്കേണ്ടത് ദേശീയപ്രസ്ഥാനത്തില്‍ നിന്നാണ്. ദേശീയപ്രസ്ഥാനമെന്ന് ഇന്ന് നാം മനസിലാക്കുന്ന വമ്പിച്ച മുന്നേറ്റത്തിന്റെ ചരിത്രത്തിന് ഗാന്ധിയും ആസാദുമടക്കമുള്ള വലിയ പ്രഭവസ്ഥാനങ്ങളാണുള്ളത്. ആ ചരിത്രമാകട്ടെ മതാത്മക ഉള്ളടക്കത്താല്‍ സമ്പന്നവും മതേതര മൂല്യങ്ങളാല്‍ പ്രകാശിതവുമായിരുന്നു. ഗാന്ധിയുടെ ഭഗവദ് ഗീതയുടെ വിപരീത പദമായി ആസാദിന്റെ ഖുര്‍ആന്‍ മനസിലാക്കപ്പെട്ടിരുന്നില്ല. അതിനാലാണ് ചരിത്രപരമായും മതനിരപേക്ഷമെന്ന് പറഞ്ഞത്.
മതാത്മക മതനിരപേക്ഷതയുടെ സവിശേഷത മതചിഹ്നങ്ങളുടെ സൗഹാര്‍ദപൂര്‍ണവും സൗന്ദര്യഭരിതവുമായ സഹവര്‍ത്തിത്തമാണ്. സിക്കുകാരുടെ ചിഹ്നങ്ങളുടെ ശാസ്ത്രീയതയോ അനുശാസനാ നിയമാവലികളോ ഒന്നും ഇതര സമൂഹത്തിന്റെ പ്രശ്നമോ താല്‍പര്യമോ അല്ല. കൃപാണ്‍ ഇടത്തോ വലത്തോ വേണ്ടതെന്ന് അവരുടെ മതം തീരുമാനിക്കും. അതില്‍ തര്‍ക്കം വന്നാല്‍ അവര്‍ പരിഹരിക്കും. അത് ഇതര സമൂഹങ്ങളുടെ സൈ്വര്യ ജീവിതത്തെ ബാധിക്കുന്ന ക്രമസമാധാന പ്രശ്നമാകുമ്പോള്‍ മാത്രമാണ് സിക്ക് ഇതരര്‍ക്കും നിയമത്തിനും സര്‍ക്കാരിനും അതില്‍ റോളുണ്ടാവുക. സമാനമാണ് മുസ്ലിം ക്രിസ്ത്യന്‍ ഹിന്ദു മതജീവിതത്തിന്റെയും കാര്യം. മാത്രവുമല്ല മതാഘോഷങ്ങളില്‍, ആചാരങ്ങളില്‍ ഇതരരും പങ്കുചേരുമ്പോഴുള്ള മഹാസിംഫണിയാണ് ഇന്ത്യന്‍ മതേതര ജീവിതത്തിന്റെ കാതല്‍.
മാത്രവുമല്ല സമ്പൂര്‍ണ ജീവിത പദ്ധതിയായി പ്രാക്ടീസ് ചെയ്യപ്പെടുന്ന മതങ്ങളുടെ കാര്യത്തില്‍ സഹവര്‍ത്തിത്തം അനിവാര്യമാണ്. ഉദാഹരണത്തിന് മുസല്‍മാനെ സംബന്ധിച്ച് ഭാഗികമായ ഒരു മതജീവിതം സാധ്യമല്ല. കാരണം അവന്‍ അനുഷ്ഠിക്കുന്ന ഇസ്ലാം ഒരു സമ്പൂര്‍ണ ആത്മീയ പദ്ധതിയാണ്. ആ ആത്മീയതയാണ് ഒരു മുസ്ലിമിന്റെ ഭൗതികതയുടെ ആണിക്കല്ല്. എല്ലാ മതങ്ങളെ സംബന്ധിച്ചും ഇത്തരം പദ്ധതികള്‍ ഉണ്ട്. ഒരു സമ്പൂര്‍ണ മത പദ്ധതിയായി വികസിക്കാന്‍ തടസ്സങ്ങളുള്ള ഹിന്ദു വിശ്വാസ സംഹിതകളെ പിന്‍പറ്റുന്ന ജാതി വിഭാഗങ്ങള്‍ അവരുടേതായ പദ്ധതികള്‍ അനുഷ്ഠിക്കാറുണ്ട്. ഉള്ളി എന്ന ഭക്ഷ്യ വസ്തുവുമായി ബന്ധപ്പെട്ട വിശ്വാസം ഓര്‍ക്കുക. മാംസം വര്‍ജിക്കുന്ന ജാതി വിഭാഗങ്ങളെ ഓര്‍ക്കുക. പശുമാംസം സ്വീകാര്യമല്ലാത്ത പ്രാക്ടീസുകളെ ഓര്‍ക്കുക. ഇസ്ലാമാകട്ടെ ഇത്തരം പദ്ധതികള്‍ക്ക് രൂപരേഖയുള്ള മതമാണ്. ആ രൂപരേഖകളാണ് അതിന്റെ അടിത്തറ. ജൂതമതത്തിലും വ്യത്യസ്തമല്ല. അനുവദനീയമായതും അല്ലാത്തതും എന്നത് സമ്പൂര്‍ണ ജീവിതപദ്ധതികളെ സംബന്ധിച്ച് അനിവാര്യതയാണ്.
അതിനിടെയാണ് കേരളം ഒരു വഷളന്‍ വിവാദത്തിന് തിരികൊളുത്തിയത്. ഏറെ നാളുകളായി പടരുന്ന അഥവാ പടര്‍ത്തുന്ന ഒരു തെറ്റുധാരണയുടെ ചുവട് പിടിച്ചാണ് വിവാദം സൃഷ്ടിക്കപ്പെട്ടത്. ഹലാല്‍ എന്നാല്‍ മുസ്ലിംകള്‍ മന്ത്രം ചൊല്ലി ഉണ്ടാക്കുന്ന ഇറച്ചി എന്ന നിലയിലാണ് വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചാരണം നടന്നത്. ആ മാംസം അമുസ്ലിംകള്‍ കഴിക്കരുത് എന്ന പ്രചാരണം വന്നു. വസ്തുത ആരും അന്വേഷിച്ചില്ല. ശ്വാസനാളവും അന്നനാളവും മുറിച്ച് മാത്രമേ ഭക്ഷ്യയോഗ്യമായ ജീവിയെ കൊല്ലാവൂ എന്ന അനുശാസനയാണ് തെറ്റുധരിക്കപ്പെട്ടത്. ഞെക്കിക്കൊല്ലരുത് എന്ന ലളിത വസ്തുത. അറുത്തമാംസമാണ് മുസ്ലിം മതവിശ്വാസിക്ക് അനുവദനീയം. നൂറ്റാണ്ടുകളായി അങ്ങനെയാണ്. അതിലെന്താണ്, ആര്‍ക്കാണ് പ്രശ്നം എന്ന ചോദ്യം ദേശീയ പ്രസ്ഥാനത്തിന്റെ മഹിത പാരമ്പര്യത്തില്‍ നിന്ന് പുറപ്പെട്ടുവരുന്ന ചോദ്യമാണ്. ആ പാരമ്പര്യത്തെ റദ്ദാക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ടല്ലോ? അതാണ് ഹലാലിനെ വിവാദകേന്ദ്രമാക്കാന്‍ ഒരു കൂട്ടര്‍ ശ്രമം നടത്താന്‍ കാരണം.
പോയ ഡിസംബറില്‍ ഈ വിവാദങ്ങള്‍ കുറ്റകൃത്യത്തിന്റെ രൂപം പ്രാപിച്ചു. അതും കേരളത്തില്‍. എറണാകുളം ജില്ലയിലെ ആലുവക്കടുത്ത് കുറുമശ്ശേരിയായിരുന്നു പ്രഭവകേന്ദ്രം. അവിടത്തെ ഒരു ബേക്കറിയില്‍ സ്ഥാപനമുടമ ഹലാല്‍ വിഭവങ്ങള്‍ ലഭിക്കും എന്ന ബോര്‍ഡ് സ്ഥാപിക്കുന്നു. വിപണിയുടെ പലവിധ തന്ത്രങ്ങളില്‍ ഒന്ന്. ഒരു തെറ്റുമില്ലാത്ത തന്ത്രം കൂടിയല്ലേ അത്? മതവിശ്വാസികളായ ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള ഒരു വിപണി തന്ത്രം. ഹലാല്‍ എന്ന വാക്ക് മതാത്മകമാണ് എന്നതില്‍ തര്‍ക്കമില്ല. മതചിഹ്നങ്ങളും മതാത്മക മൂല്യമുള്ള സംഗതികളും വില്‍പനക്ക് വെക്കുന്നത് പുതിയ കാര്യമോ പാതകമോ ആണോ? അല്ല എന്നാണ് ഒരു മതനിരപേക്ഷ, മതേതര സമൂഹം ഉത്തരം നല്‍കേണ്ടത്. കുറുമശ്ശേരിയില്‍ പക്ഷേ, അതല്ല ഉണ്ടായത്. ഹിന്ദു ഐക്യവേദിയുടെ പ്രവര്‍ത്തകര്‍ ആ സ്ഥാപനത്തില്‍ ഭീഷണിയുമായി എത്തി. പരസ്യമായി നോട്ടീസ് നല്‍കി. തര്‍ക്കങ്ങള്‍ സ്വാഭാവികമായും ഉണ്ടായി. അപ്പുറത്ത് മുസ്ലിം വരുന്ന ഏതുതര്‍ക്കവും സംഘപരിവാറിന് ആയുധമാണല്ലോ? അവര്‍ രാജ്യവ്യാപകമായി നവമാധ്യമങ്ങളിലൂടെ ഇക്കാര്യം പ്രചരിപ്പിച്ചു.
അതിനിടെ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ഇറച്ചി കയറ്റുമതി മാനുവലില്‍ നിന്ന് ഹലാല്‍ എന്ന വാക്ക് നീക്കം ചെയ്തു. ഇറക്കുമതിക്കാരായ മുസ്ലിം രാഷ്ട്രങ്ങള്‍ക്കുവേണ്ടി ഉള്‍പ്പെടുത്തിയ വാക്കായിരുന്നു അത്. കഴിഞ്ഞ ജനുവരിയില്‍ ഓര്‍ഗനൈസര്‍ ഹലാല്‍ നീക്കം ചെയ്ത വാര്‍ത്ത പ്രസിദ്ധീകരിച്ചു. ഒരുപടികൂടി കടന്ന് എറണാകുളത്തെ ഒരു സംരംഭക ഹലാല്‍ വിമുക്ത ഭക്ഷണം എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ചു. കൃത്യമായ അര്‍ഥവും ചരിത്രത്തിലൂടെ സഞ്ചരിച്ച പാരമ്പര്യവുമുള്ള ഒരു വാക്ക്, എല്ലാ മതസമൂഹങ്ങളിലും പലപേരില്‍ നിലനില്‍ക്കുന്ന ഒരു നിര്‍ദേശം ആദ്യമായി പിളര്‍പ്പിനും സംഘര്‍ഷത്തിനും കാരണമായി. അതും ഈ കേരളത്തില്‍. ഹലാല്‍ ഇപ്പോള്‍ ഒരു ചൂടന്‍ പദമാണ്. ഇസ്ലാമിനെ അപരമാക്കാനുള്ള മാരകായുധം. അതാണ് ഷമീര്‍ പറയാന്‍ ശ്രമിച്ചത്. എവിടേക്കാണ് പോകുന്നത് എന്നതിന്റെ ഭൂപടനിര്‍ദേശം.
വസീം ജാഫറിനെപ്പോലെ എല്ലാ വൈജാത്യങ്ങളെയും ഇല്ലാതാക്കേണ്ട കായിക രംഗത്ത് കരുത്ത് തെളിയിച്ച ഒരു പ്രതിഭാശാലി പരിഭ്രാന്തിയോടെ തന്റെ മതേതര സ്വത്വത്തെ ഉദാഹരണങ്ങളിലൂടെ അക്കമിട്ട് നിരത്താന്‍ ബാധ്യസ്ഥമാം വിധം കെട്ടുകൊണ്ടിരിക്കുന്ന അന്തരീക്ഷമാണിത്. ഇരുട്ടിന് ആഴം കൂട്ടാനാണ് കേരളത്തില്‍ നിന്നുള്ള ചില ശ്രമങ്ങള്‍ എന്നത് നമ്മെ ജാഗ്രതയുള്ളവര്‍ ആക്കേണ്ടിയിരിക്കുന്നു.
കെ കെ ജോഷി
You must be logged in to post a comment Login