”വിശ്വാസം പിറന്ന ഈ മണ്ണില്‍, നമ്മുടെ പിതാവായ അബ്രഹാമിന്റെ ജന്മനാട്ടില്‍ നമുക്ക് ഉറപ്പിച്ചുപറയാം; ദൈവം കാരുണ്യവാനാണെന്നും ഏറ്റവും വലിയ ദൈവനിന്ദ അവന്റെ പേര് അനാദരിച്ചുകൊണ്ട് നമ്മുടെ സഹോദരീ സഹോദരന്മാരെ വെറുക്കലാണെന്നും. ശത്രുതയും തീവ്രവാദവും ഹിംസയും മതാത്മകമായ ഹൃദയത്തില്‍നിന്ന് ഉറവകൊള്ളുന്നതല്ല; അത് മതത്തോടുള്ള വഞ്ചനയാണ്. ഭീകരവാദം മതത്തെ ദുരുപയോഗം ചെയ്യുമ്പോള്‍ നാം, വിശ്വാസികള്‍ക്ക് കാഴ്ചക്കാരായി, നിശബ്ദരായിരിക്കാന്‍ സാധ്യമല്ല. എല്ലാ തെറ്റിദ്ധാരണകളും അസന്ദിഗ്ധമായി നീക്കം ചെയ്യേണ്ടതുണ്ട്’. ഫ്രാന്‍സിസ് മാര്‍പാപയുടെ വാക്കുകളാണിത്. ‘സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അനുരഞ്ജനത്തിന്റെയും തീര്‍ഥാടകനായി’ മാര്‍ച്ച് 5ന് ഇറാഖിലെത്തിയ പോപ്പ്, അഞ്ച് വടക്കന്‍ പ്രവിശ്യകളിലൂടെ 1450 കി.മീറ്റര്‍ സഞ്ചരിച്ച് , കൊവിഡ് മഹാമാരിയുടെ കാലത്ത് പുതിയൊരു പാപല്‍ചരിത്രം രചിച്ചപ്പോള്‍ ലോകമത് മഹാസംഭവമായി അടയാളപ്പെടുത്തി. രാഷ്ട്രാന്തരീയ മീഡിയ മാര്‍പാപ്പയുടെ സന്ദര്‍ശനങ്ങള്‍ക്ക് നല്‍കാറുള്ള അതീവപ്രാധാന്യത്തിനപ്പുറം, ആ സന്ദശനത്തിന് പിന്നിലെ രാഷ്ട്രീയവും മതപരവും ചരിത്രപരവുമായ മാനങ്ങളെ തൊട്ടുണര്‍ത്തിയത് കേരളത്തില്‍പോലും ചര്‍ച്ച ചെയ്യപ്പെട്ടു. സാമ്രാജ്യത്വവും തീവ്രചിന്തകളും തകര്‍ത്തെറിഞ്ഞ ‘നാഗരികതയുടെ കളിത്തൊട്ടിലി’ലൂടെയാണ് പോപ്പും സംഘവും നാലുനാള്‍ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ദൂതുമായി നീങ്ങിയത്. 1999ല്‍ തന്റെ മുന്‍ഗാമി ജോണ്‍ പോള്‍ രണ്ടാമന് സാക്ഷാത്കരിക്കാന്‍ സാധിക്കാതിരുന്ന ദൗത്യമാണ് ഫ്രാന്‍സിസ് മാര്‍പാപ ഏറ്റെടുത്തു പൂര്‍ത്തിയാക്കിയത്. കൊവിഡാനന്തര കാലത്തെ പോപ്പിന്റെ ആദ്യ വിദേശ പര്യടനമാണിത് എന്നതില്‍നിന്നു തന്നെ അടിയന്തര പ്രാധാന്യത്തോടെയാണ് അബ്രഹാമിന്റെ മണ്ണ് തേടിയുള്ള ഈ പ്രയാണത്തെ നോക്കിക്കണ്ടതെന്ന് വായിച്ചെടുക്കാം. കത്തോലിക്ക അധിപന്റെ ഓരോ ചുവടുവെപ്പിലും മതപരവും സാംസ്‌കാരികവുമായ മാനങ്ങള്‍ വായിച്ചെടുക്കുമ്പോള്‍ തന്നെ മാനവികതയുടെ ഉജ്വലമായ ചില പ്രഖ്യാപനങ്ങളും കരാറുകളും കൈമാറി എന്നിടത്താണ് പോപ്പിന്റെ ഈ സന്ദര്‍ശനം ചരിത്രമാകുന്നത്. അറബ്- ഇസ്ലാമിക ലോകത്തെ ഏറ്റവും സമ്പന്നവും ഫലഭൂയിഷ്ഠവുമായ ലെവാന്ത് മേഖല സാമ്രാജ്യത്വശക്തികള്‍ വീതംവെച്ചെടുത്ത് ഇറാഖ് എന്ന രാജ്യം സൃഷ്ടിക്കപ്പെട്ടതിന്റെ നൂറാം വാര്‍ഷികമാണിതെന്ന് പലര്‍ക്കുമറിയാനിടയില്ല. എന്നാല്‍ റോമിന്റെ ചരിത്രപുസ്തകത്തില്‍ ചുവന്ന മഷി കൊണ്ട് അടിവരയിട്ട സംഭവമാണത്. അക്കാരണത്താല്‍ യുദ്ധവും ഭീകരവാദവും ധൂമപടലങ്ങളാക്കിയ ഒരു ചരിത്രഭൂമിയിലൂടെയുള്ള സ്‌നേഹയാത്രയായി പോപ്പിന്റെ സന്ദര്‍ശനത്തെ ചുരുക്കിക്കെട്ടുന്നത് ചരിത്രത്തോട് ചെയ്യുന്ന അനീതിയായിരിക്കും. റോമിന് എന്നും രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം മതത്തിന്റെ പാവനീയ ഉത്തരീയമണിയിച്ച് സ്‌നേഹത്തിന്റെ ഭാഷയില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ വസ്തുത മറയ്ക്കപ്പെടുന്നു എന്നതാണ് സത്യം. ആ സത്യം ചികഞ്ഞു കണ്ടെത്തുമ്പോഴേ തീര്‍ഥയാത്രകളുടെ ഉദ്ദേശ്യശുദ്ധി പൂര്‍ണമായും മറനീക്കപ്പെടുന്നുള്ളൂ.
ഉര്‍ പ്രതിനിധാനം ചെയ്യുന്ന മൂല്യം
5,500 വര്‍ഷം മുമ്പ് ഇന്നത്തെ ഇറാഖിലാണ് മെസൊപൊട്ടോമിയന്‍ സംസ്‌കാരം തളിര്‍ത്തുപുഷ്‌കലിച്ചത്. ഇവിടെയാണ് ഇബ്രാഹീം നബി ജനിച്ചതും ഐതിഹാസിക ജീവിതവഴികളിലുടെ സഞ്ചരിച്ച് മൂന്ന് മതചിന്താധാരയുടെ പ്രഭവകേന്ദ്രമായി മാറുന്നതും. യൂഫ്രട്ടീസ് -ടൈഗ്രീസ് നദികള്‍ക്കിടയിലെ ഫലഭൂയിഷ്ഠമായ മണ്ണിലാണ് മെസൊപൊട്ടോമിയന്‍ നാഗരികത വളര്‍ന്നുപന്തലിച്ചത്. അവിടെനിന്നാണ് മറ്റു മനുഷ്യസമൂഹത്തിലേക്ക് നാഗരികമൂല്യങ്ങള്‍ പരന്നൊഴുകുന്നതും ദൈവവിശ്വാസത്തിന്റെ വൈവിധ്യമാര്‍ന്ന ധാരകള്‍ രൂപപ്പെടുന്നതും. ജുത, ക്രൈസ്തവ, ഇസ്ലാമിക മതവിഭാഗങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മണ്ണാണ് ഉറിന്റേത്. ഇബ്രാഹീമിന്റെ(അബ്രഹാം) ജീവിതം കൊണ്ട് ധന്യമായ മണ്ണ് എന്ന വിശ്വാസത്തില്‍ അബ്രഹാമിന്റെ മക്കള്‍ പരസ്പരം പോരാടി രാഷ്ട്രീയാധിപത്യം സ്ഥാപിക്കാന്‍ 21ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തിരഞ്ഞെടുത്തത് ഇതേ നിലമാണ് എന്നത് ചരിത്രത്തോടുള്ള വെല്ലുവിളിയാവാം. ഈ പ്രദേശവും ചുറ്റുമുള്ള പ്രവിശ്യകളും തന്റെ സന്ദര്‍ശന ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയത് ക്രൈസ്തവമുക്ത ഇറാഖിലേക്കുള്ള കുതിപ്പിന് തടയിടാനാവണം. ഉറിലെ അതീവമൂല്യമുള്ള ചരിത്രാവശേഷിപ്പുകള്‍ സര്‍വതും നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഇത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ കൈകള്‍ കൊണ്ട് മാത്രമായിരുന്നില്ല. 2003ലെ അമേരിക്കയുടെ ഇറാഖ് അധിനിവേശം സര്‍വനാശത്തിന്റെയും തുടക്കമായിരുന്നു. 2001 സെപ്റ്റംബര്‍ 11ന്റെ ഭീകരാക്രമണം മറയാക്കി, പ്രസിഡന്റ് ബുഷ് ഇറാഖിലേക്ക് സഖ്യസേനയെ അയക്കുന്നത് വരെ ഇറാഖില്‍ സമാധാനമുണ്ടായിരുന്നു. വിവിധ സെമിറ്റിക് മതങ്ങള്‍ ഒരുമയോടെയാണ് ജീവിച്ചുപോന്നത്. ലോകത്തിലെ ഏറ്റവും പുരാതനമായ ക്രൈസ്തവസമൂഹത്തിന്റെ ആസ്ഥാനം കൂടിയാണ് സദ്ദാം ഹുസൈന്റെ നാട്. അധിനിവേശകര്‍ ഇറാഖിനെ ബോംബിട്ട് ചുട്ടെരിച്ചപ്പോള്‍ ഇബ്രാഹീമിന്റെ പാദപതനം കേട്ട കല്ലും മണ്ണും പോലും ചാരമായി. പുരാവസ്തു സംരക്ഷകര്‍ അന്ന് തന്നെ ലോകത്തോട് അലമുറയിട്ട് പറഞ്ഞതാണ്; മാനവചരിത്രത്തിന്റെ ആധാരശിലകളാണ് ചൂട്ടുചാമ്പലാവുന്നതെന്ന്. പക്ഷേ അന്ന് ആരുമത് കേട്ടതായി ഭാവിച്ചില്ല. അതിപുരാതനമായ ക്രൈസ്തവദേവാലയങ്ങള്‍ക്ക് മുകളില്‍ ബോംബ് വര്‍ഷിച്ചപ്പോള്‍ അരുത് കാട്ടാളാ എന്ന് താക്കീത് നല്‍കാന്‍ പോപ്പോ വത്തിക്കാനോ മുന്നോട്ടുവന്നതായി നാം കണ്ടിട്ടില്ല. എല്ലാം കഴിഞ്ഞ് പാരസ്പര്യത്തിന്റെയും സ്‌നേഹത്തിന്റെയും ഗീതികള്‍ കോറസ്സായി പാടുന്നതിലടങ്ങിയ കാപട്യം കാണാതെപോയിക്കൂടാ.
മറക്കാനും പൊറുക്കാനും ഉദ്‌ബോധിപ്പിക്കുന്നതായിരുന്നു പോപ്പ് കാര്‍മികത്വം വഹിച്ച മൂന്ന് സുപ്രധാന പരിപാടികള്‍. കുര്‍ദിസ്ഥാന്റെ തലസ്ഥാനമായ ഇര്‍ബിലിലെ തകര്‍ക്കപ്പെട്ട ദേവാലയത്തിന്റെ പരിസരത്തുള്ള ഫ്രാന്‍സോ ഹരീരീ സ്റ്റേഡിയത്തില്‍ കുര്‍ബാന അര്‍പ്പിച്ചാണ് വിശ്വാസികള്‍ക്ക് പോപ്പ് ആത്മശാന്തി പകര്‍ന്നുനല്‍കിയത്. തീവ്രവാദികള്‍ ചെയ്ത സകല അനീതികളും പൊറുത്തുകൊടുത്ത് നഷ്ടപ്പെട്ടതെല്ലാം പുനര്‍നിര്‍മിക്കാന്‍ യത്‌നിക്കണമെന്ന അദ്ദേഹത്തിന്റെ ഉദ്‌ബോധനം ഇരുളുറഞ്ഞ ഭാവിക്കു മുന്നില്‍ ഹതാശയരായി കഴിയുന്ന വിശ്വാസി സമൂഹത്തിന് സാന്ത്വനം പകരുന്നുണ്ടാവാം. ക്രൈസ്തവമൂഹത്തിന്റെ കേന്ദ്രമായി അറിയപ്പെട്ട നീനവാ താഴ്്വരയിലെ ശ്മശാന മൂകതയും ക്രൈസ്തവരുടെ നിരാശാഭരിതമായ മാനസികാവസ്ഥയും പോപ്പിനെ അതീവ ദുഃഖിതനാക്കിയിട്ടുണ്ടാവാം. അതുകൊണ്ടാണ് പൊറുക്കുക എന്നതാണ് ക്രിസ്തീയതയുടെ അടിസ്ഥാന വാക്കെന്ന് മാര്‍പാപ്പ അനുയായികളെ ഓര്‍മിപ്പിച്ചത്. തകര്‍ക്കപ്പെട്ടതെല്ലാം നമുക്ക് പുനര്‍നിര്‍മിക്കാമെന്ന ആശ്വാസത്തിന്റെ വചനങ്ങള്‍ പോപിന്റെ മുന്നില്‍ തടിച്ചുകൂടിയ ആയിരങ്ങളുടെ കാതില്‍ സമാശ്വാസമന്ത്രമായി പതിയുമ്പോഴും എല്ലാം തകര്‍ത്തത് മുസ്ലിം ഭീകരവാദികളല്ല എന്ന ചരിത്രസത്യം കൂടി ഓര്‍മപ്പെടുത്തേണ്ടതുണ്ട്. ഇറാഖിന്റെയടക്കം പശ്ചിമേഷ്യയുടെ ഭാഗധേയം ഇത്രമാത്രം ഇരുട്ടിലാഴ്ത്തിയത് ആഗോള അധിനിവേശ ദുശ്ശക്തികളാണ്. അതിന്റെ പ്രത്യാഘാതവും പരിണതിയുമായിരുന്നു അവിടെ നടന്നതൊക്കെയും. ഇസ്ലാമിക തീവ്രവാദം പടിഞ്ഞാറിന്റെ കൈകളിലെ മൂര്‍ച്ചയുള്ള ഒരായുധമാണ്. ഇസ്ലാമിക ലോകത്തിന് രാക്ഷസീയ മുദ്ര ചാര്‍ത്തി ആ വിണ്ണിലും മണ്ണിലും രാഷ്ട്രീയാധീശത്വം ഉറപ്പിക്കാനുള്ള ഗൂഢതന്ത്രം. ആ തന്ത്രമനുസരിച്ച് നടപ്പാക്കിയ സൈനികാതിക്രമങ്ങളാണ് ഇബ്രാഹീമിന്റെ മക്കളുടെ ആവാസവ്യവസ്ഥ മുഴുവന്‍ ചുട്ടുചാമ്പലാക്കിയത്. യൂഫ്രട്ടീസ്- ടൈഗ്രീസ് തീരങ്ങള്‍ ഇതുപോലെ നശിപ്പിക്കപ്പെട്ട ഒരു കാലഘട്ടം ബഗ്ദാദിന്റെ ഇന്നേവരെയുള്ള ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. എന്നിട്ടും അധിനിവേശകരുടെ നേരെ വിരല്‍ചൂണ്ടാന്‍ ആത്മബലം പ്രദര്‍ശിപ്പിക്കാത്ത മതപുരോഹിതര്‍ക്ക് ക്ഷമിക്കാനും പൊറുക്കാനും ഉപദേശിക്കാന്‍ എന്തര്‍ഹത. തിന്മയെ അതിന്റെ പ്രഭവകേന്ദ്രത്തില്‍വെച്ച് പോരാടി തോല്‍പിക്കണം. അപ്പോഴേ സമാധാനകാംക്ഷികളായ വിശ്വാസികള്‍ക്ക് ദൈവത്തിന്റെ മണ്ണില്‍ സ്വസ്ഥമായി കിടന്നുറങ്ങാന്‍ സാധിക്കൂ.
സിസ്താനിയല്ല ശാന്തിയുടെ ഗ്യാരണ്ടി
പശ്ചിമേഷ്യയില്‍നിന്ന് ക്രൈസ്തവര്‍ അന്യമാവുന്നു എന്ന മുറവിളി ഉയരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ക്രൈസ്തവര്‍ മാത്രമല്ല, യഹൂദ വിശ്വാസികളും അപ്രത്യക്ഷമാവുകയാണ്. ആരും കൊന്നൊടുക്കിയിട്ടല്ല. അവര്‍ യുദ്ധമില്ലാത്ത, വാഗ്ദത്ത ഭൂമിയിലേക്ക് പലായനം ചെയ്തതാണ് ഇതിനു കാരണം. ഇരുപതാം നൂറ്റാണ്ടിന്റെ അസ്തമയ വേളയില്‍ 13ലക്ഷത്തിലധികമുണ്ടായിരുന്നു ക്രൈസ്തവ സമൂഹം. ഇന്നത് നാല് ലക്ഷത്തില്‍ താഴെയാണത്രെ. ഇറാഖില്‍ ക്രൈസ്തവര്‍ നാമാവശേഷമാവുകയാണെന്നും ആഗോള ക്രൈസ്തവ സഭകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെടാതിരിക്കുന്നത് വന്‍ പാപമാനെന്നും കുറച്ചുനാള്‍ മുമ്പ് ഇര്‍ബില്‍ ആര്‍ച്ച് ബിഷപ്പ് ബഷര്‍ വര്‍ദ ആശങ്ക പറഞ്ഞത് ലോകം കേട്ടു. ഐ എസ് ഭീകരവാഴ്ച ഭയന്ന് ഒരു ലക്ഷത്തിലേറെ ക്രൈസ്തവരും യസീദികളും ഉത്തര ഇറാഖ് വിട്ടതായി ലോകമീഡിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത് വലിയൊരു ദുരന്തത്തിന്റെ ഭാഗികചിത്രം മാത്രമായിരുന്നു. ഐ എസ് പടയോട്ടത്തില്‍ ഏറ്റവും കൂടുതല്‍ ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയത് മുസ്ലിംകള്‍ തന്നെയായിരുന്നു. സുന്നി-ഷിയാ വിഭാഗീയതയുടെ പേരില്‍ ഏറ്റവും കൂടുതല്‍ മരണവും നശീകരണങ്ങളും ഏറ്റുവാങ്ങേണ്ടിവന്നത് മുസ്ലിംകള്‍ക്കായിരുന്നു. യസീദികള്‍ക്ക് നേരെയുള്ള പീഢനങ്ങള്‍ മാത്രമേ പാശ്ചാത്യ മാധ്യമങ്ങളിലൂടെ വെളിച്ചം കണ്ടുളളൂവെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. മുസോളില്‍ നാല് പള്ളികളാണ് ഐ എസ് ഭീകരവാദികള്‍ തര്‍ത്തെറിഞ്ഞതെങ്കില്‍ സഖ്യസേനയുടെ കാട്ടാളത്തത്തിനു മുന്നില്‍ എത്രയോ പള്ളികള്‍ക്കും ചര്‍ച്ചുകള്‍ക്കും നിലംപരിശാവേണ്ടിവന്നു. ഉറിലെയും ബാബിലോണിയയിലെയും ‘സിഗുറാത്തുകള്‍’ (ദേവാലയ സമുച്ചയം ) ഇന്ന് ഓര്‍മകള്‍ മാത്രമാണ്. അവ പുനര്‍നിര്‍മിക്കാനുള്ള പദ്ധതികള്‍ യുനെസ്‌കോയെ പോലുള്ള ആഗോള ഏജന്‍സികളുടെ മുന്‍കൈയാല്‍ ഉണ്ടാവേണ്ടതാണ്.
പശ്ചിമേഷ്യയിലെ ഏറ്റവും സമ്പന്നവും കുലീനവുമായ ജനസമൂഹം ഇറാഖിലേതായിരുന്നുവെങ്കില്‍ ഇന്ന് എല്ലാം ഓര്‍മകളായി അസ്തമിച്ചിരിക്കുന്നു. നിരന്തരമായ വൈദേശികാധിനിവേശം പുരാതനമായ നഗരങ്ങളെയും സമൂഹങ്ങളെയും തവിട്‌പൊടികളായി ചുഴറ്റിയെറിഞ്ഞപ്പോള്‍, മത, രാഷ്ട്രീയ വിഭാഗീയതകള്‍ ഇറാഖികളെ ഭിന്ന ധ്രുവങ്ങളില്‍ ശത്രുക്കളായി പ്രതിഷ്ഠിച്ചു. സദ്ദാം ഹുസൈന്റെ അസാന്നിധ്യം ഒരുപക്ഷേ ഏറ്റവും കൂടുതല്‍ അവസരമായെടുത്തത് ഷിയാക്കളാണ്. ഇമാം അലി അന്ത്യവിശ്രമം കൊള്ളുന്ന നജഫില്‍, ആത്മീയ നേതാവ് ആയത്തുള്ള അലി സിസ്താനി ചെലുത്തുന്ന സ്വാധീനം നന്നായി ഉള്‍ക്കൊണ്ടതുകൊണ്ടാണ് മാര്‍പാപ്പ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തിയത്. 90 തികഞ്ഞ സിസ്താനിയുടെ സാധാരണ വസതിയിലേക്ക് , സുരക്ഷാ വെല്ലുവിളികള്‍ മറികടന്നുകൊണ്ട് പോപ്പ് കടന്നുചെന്നപ്പോള്‍, ഇറാനുള്ള പരോക്ഷമായ സന്ദേശം അതുള്‍വഹിക്കുന്നുണ്ടായിരുന്നു. മതപരമായ ഭിന്നതയല്ല, രാഷ്ട്രീയമായ നിലപാടുകള്‍ മൂലമാണ് ഇറാന്‍ ആഗോളതലത്തില്‍ ഒറ്റപ്പെടുന്നതിന് കാരണമാവുന്നതെന്നും സുന്നി-ഷിയ വേര്‍തിരിവ് വത്തിക്കാെന്റ നിലപാടുകളില്‍ മാറ്റം വരുത്തുന്നില്ലെന്നും. ട്രംപ് പോയതോടെ സമാധാനം തിരിച്ചുവരുന്ന ആഗോള രാഷ്ട്രീയ ഘടനയില്‍ ഇറാനും വിവേകപൂര്‍വം പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടെന്ന സന്ദേശമാണ് പോപ്പ് കൈമാറിയതെന്ന് നിരീക്ഷകള്‍ ഓര്‍മപ്പെടുത്തുന്നു. എന്നാല്‍, ലോകസ്ഥിതിഗതികളെ കുറിച്ച് ആഴത്തില്‍ ഗ്രഹിക്കാന്‍ മാനസികമായി ശേഷിയില്ലാത്ത സിസ്താനിയുമായുള്ള പോപ്പിന്റെ കൂടിക്കാഴ്ചയില്‍ കൂടുതലൊന്നും വായിച്ചെടുക്കാനില്ല എന്നാണ് പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.
ഫ്രാന്‍സിസ് മാര്‍പാപ്പക്ക് ഒരു ഗ്രീന്‍സലാം
വത്തിക്കാന്റെ രാഷ്ട്രീയവും മതപക്ഷപാതിത്വവും എക്കാലത്തും സുവിദിതമാണെങ്കിലും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാലഘട്ടം അടയാളപ്പെടുത്തിയ പുരോഗമന, സുതാര്യ ചുവടുവെപ്പുകള്‍ ആഗോളസമൂഹം ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സക്രിയതയുടെ നിദര്‍ശനമായി കാണുന്നത് അതിലെ ക്രിയാത്മകത തൊട്ടുകാണിച്ചാണ്. യുദ്ധാനന്തര പശ്ചിമേഷ്യയെ പഴയ പ്രതാപത്തിലേക്കും സമാധാനാന്തരീക്ഷത്തിലേക്കും തിരിച്ചുകൊണ്ടുപോവാന്‍ കാര്യമായ മൂന്‍കൈ ആരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. എന്നല്ല, അതിനു നേതൃത്വം കൊടുക്കേണ്ട അറബ് ശൈഖുമാരെ തമ്മില്‍ തല്ലിച്ച് അന്തരീക്ഷം കൂടുതല്‍ സങ്കീര്‍ണമാക്കാനാണ് ട്രംപിന്റെ അന്ത്യദശയില്‍, മരുമകന്‍ ജറാദ് കുശ്‌നര്‍ എന്ന സയണിസ്റ്റിന്റെ നേതൃത്വത്തില്‍ ശ്രമമുണ്ടായത്. അതില്‍നിന്നുള്ള വ്യതിയാനം ജോ ബൈഡന്റെ ആഗമത്തോടെ കണ്ടുതുടങ്ങിയ നല്ല പുലരിയിലാണ് പോപ്പിന്റെ ഇറാഖ് സന്ദര്‍ശനം ഉണ്ടായിരിക്കുന്നത്. മത നേതാവിന്റെ കേവലമൊരു സന്ദര്‍ശനം എന്നതിനപ്പുറം മതസമൂഹങ്ങള്‍ക്കിടയില്‍ സമാധാനാവും സൗഹൃദവും പുഷ്‌ക്കലപ്പെടുത്താന്‍ പോപ്പിനെ പോലുള്ള വ്യക്തിപ്രഭാവം മുന്നോട്ടുവരുമ്പോള്‍ അത് കൈമാറുന്ന ആശ്വാസം നിസ്സാരമല്ല. അദ്ദേഹം സന്ദര്‍ശനവേളയില്‍ ഒപ്പുവെച്ച ‘മാനവ സാഹോദര്യ പ്രഖ്യാപനം’ കൂരിരുട്ട് പരന്ന ഈ കെട്ടകാലത്ത് വലിയൊരു ചുവടുവെപ്പാണ്. ഇര്‍ബില്‍ സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ പതിനായിരങ്ങളെ അഭിസംബോധന ചെയ്യവേ , സദസ്സിലേക്ക് കൈനീട്ടി ‘സലാം , സലാം , സലാം ‘എന്ന് മൂന്നുവട്ടം മൊഴിഞ്ഞത് സ്‌നേഹത്തിന്റെ സലാം സ്പര്‍ശം ആഗ്രഹിക്കുന്ന മുസ്ലിം ലോകത്തോടുള്ള അഭിവാദ്യമാണ്. അത് കേവലമൊരു സലാം പറച്ചിലല്ല. ലോകം കാത്തിരിക്കുന്ന നല്ലൊരു നാളെയെ വരവേല്‍ക്കാനുള്ള സലാമാണ്. എല്ലാ ചിന്താധാരയുടെയും ഇഷ്ട അഭിസംബോധനയായി സലാം മാറിയിട്ടുണ്ട്. പോപ്പിനുമിരിക്കട്ടെ ഒരു ഗ്രീന്‍സലാം.
Kasim Irikkoor
You must be logged in to post a comment Login