കേരള നവോത്ഥാനത്തെ പ്രതിയുള്ള ആഖ്യാനങ്ങള്‍ പലകാരണങ്ങളാല്‍ തമസ്‌കരിച്ചതാണ് അറബിമലയാളത്തെ. അതൊരു മുസ്ലിം ആവിഷ്‌കാരം എന്ന നിലയില്‍ ചുരുക്കിക്കെട്ടാനുള്ള ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. കനപ്പെട്ട ഒട്ടേറെ രചനകള്‍ വെളിച്ചം കാണിച്ച, സര്‍ഗാത്മക സാഹിത്യ സൃഷ്ടികള്‍ സാധ്യമാക്കിയ ഈ ഭാഷയെക്കുറിച്ച് മലയാളി പൊതുമണ്ഡലത്തിന് പരിമിതമായ അറിവേയുള്ളൂ. മലബാറിലെ മാപ്പിളമാര്‍ക്കിടയിലാണ് കൂടുതല്‍ പ്രചാരവും സ്വീകാര്യതയും ഉണ്ടായിരുന്നത് എന്നതുകൊണ്ടുതന്നെ മലയാളി വരേണ്യതയ്ക്ക് പരിഗണിക്കപ്പെടേണ്ട ഒന്നായി അറബി മലയാളം അനുഭവപ്പെട്ടില്ല എന്നും പറയാവുന്നതാണ്.
അറബി മലയാളത്തിന്റെ ഉദ്ഭവത്തെ കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകളാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. കച്ചവടക്കാരായും മതപ്രബോധകരായും ഇവിടെയെത്തിയ അറബികള്‍ ആശയവിനിമയത്തിന് വേണ്ടി രൂപപ്പെടുത്തിയതാണ് അറബി മലയാളം എന്നൊരു പക്ഷമുണ്ട്. അതേസമയം തദ്ദേശീയരായ മാപ്പിളമാര്‍ തന്നെയാണ് ഈ ഭാഷയുടെ ഉപജ്ഞാതാക്കള്‍ എന്ന മറുവാദവും നിലവിലുണ്ട്. മാപ്പിള സാഹിത്യ ഗവേഷകനായിരുന്ന ബാലകൃഷ്ണന്‍ വള്ളിക്കുന്ന് അറബി മലയാളത്തിന്റെ ഉദ്ഭവത്തെ ഇങ്ങനെയാണ് വിലയിരുത്തുന്നത്.
‘വര്‍ത്തക നഗരങ്ങളില്‍ കുടി പാര്‍ക്കുകയും പ്രാദേശിക വനിതകളെ ഇണയാക്കുകയും ചെയ്ത അറബിവര്‍ത്തകരും അവരുടെ കടുംബിനികളായ പ്രാദേശികവനിതകളും വിജാതീയമായ രണ്ടു ഭാഷാസമുദായങ്ങളിലെ അംഗങ്ങളായിരുന്നല്ലോ. അവര്‍ക്കിടയില്‍ ആശയവിനിമയത്തിന് ഒരു പൊതുഭാഷാമാധ്യമം അനിവാര്യവുമായിരുന്നു. പരിമിതമായ പദസമ്പത്തേ ഈ ഗാര്‍ഹികഭാഷക്ക് ഉണ്ടായിരുന്നുള്ളൂവെങ്കിലും അത് അറബിയുടെയും മലയാളത്തിന്റെയും മിശ്രിത രൂപമായിരുന്നു. ഭാഷ എന്ന നാദവഴക്കം ഒരു സാമൂഹികോല്പന്നമായതുകൊണ്ട് സാമൂഹികതയുടെ സ്വഭാവമനുസരിച്ചേ അത് മൂര്‍ത്തവത്കരിക്കുകയും നിലനില്‍ക്കുകയും ചെയ്യുന്നുള്ളൂ. വിഭിന്നമായ രണ്ടു ഭാഷാസമൂഹത്തില്‍ ഉള്‍പ്പെട്ടവര്‍ പരസ്പരം ഇടപഴകേണ്ടിവരുമ്പോള്‍ രണ്ടു ഭാഷകളിലെയും പദങ്ങള്‍ ഇടകലര്‍ത്തിക്കൊണ്ടേ അവര്‍ക്ക് ആശയവിനിമയം സാധ്യമാവുകയുള്ളൂവല്ലോ. അപ്പോള്‍ വര്‍ത്തക നഗരങ്ങളിലെ ആദ്യകാല സങ്കര ജനതയ്ക്കും അവരുടെ സന്തതി പരമ്പരക്കും വ്യവഹാരഭാഷയായിരുന്നത് അറബി മലയാള മിശ്രഭാഷയായിരുന്നുവെന്നു കാണാനാകുമല്ലോ. വ്യാപാരികളായ അറബികള്‍ക്ക് തദ്ദേശീയരായ സഹായികളും ഇടനിലക്കാരുമായും ആശയവിനിമയം ചെയ്യുന്നതിനും ഈ സങ്കരഭാഷയല്ലാതെ മറ്റൊരുപാധിയും ഉണ്ടായിരുന്നുമില്ല. ഉപജീവനസാധ്യതയിലെ ഈ അനുപേക്ഷണീയ ഘടകങ്ങളാണ് അറബിമലയാളമെന്ന സങ്കരഭാഷയുടെ ഉല്പത്തിക്ക് തുടക്കം കുറിച്ചത് (മാപ്പിള ഭാഷ; അറബി മലയാളത്തില്‍ നിന്ന് ശ്രേഷ്ഠ മലയാളത്തിലേക്ക്). കച്ചവടക്കാരായ അറബികളുമായി ബന്ധപ്പെട്ടാണ് അറബിമലയാളം പിറവികൊണ്ടത് എന്ന നിഗമനത്തിലാണ് ബാലകൃഷ്ണന്‍ വള്ളിക്കുന്ന് എത്തിച്ചേരുന്നത്. അതേസമയം, മതപ്രബോധനത്തിനും ആശയപ്രചാരണത്തിനുമായി ഇവിടെ എത്തിയ പണ്ഡിതസമൂഹമാണ് അറബിമലയാളത്തിനു വിത്തെറിഞ്ഞത് എന്ന നിഗമനവും നിലനില്‍ക്കുന്നു. ഒരു ഭാഷ ആര്, ഏത് കാലത്ത് സൃഷ്ടിച്ചു എന്നതിനേക്കാള്‍ പ്രധാനം ആ ഭാഷ സമൂഹത്തില്‍ എങ്ങനെ ഇടപെട്ടു എന്നതാണ് പ്രധാനം. അങ്ങനെ നോക്കുമ്പോള്‍ അറബിമലയാളം എവിടെ നില്‍ക്കുന്നു?
മലയാളഭാഷയുടെ തന്നെ മറ്റൊരു മുഖമായാണ്, അഥവാ പ്രാദേശികഭാഷയുടെ ഉപഭാഷയായാണ് അറബിമലയാളത്തെ ഒ ആബു സാഹിബ് വിശേഷിപ്പിക്കുന്നത്. ആ ദിശയില്‍ കാര്യമായ ഗവേഷണങ്ങളും പഠനങ്ങളും ഉണ്ടായിട്ടില്ല. അതിനിയും സാധ്യമാകേണ്ടതാണ്. ഒരു ഭാഷയില്‍ സാധ്യമാകേണ്ട എല്ലാ ആവിഷ്‌ക്കാരങ്ങളും അറബിമലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. ജൈവികമായ ഒരു ഭാഷയില്‍ കാലാന്തരത്തില്‍ ഉണ്ടാകേണ്ട ലിപി പരിഷ്‌കരണവും അറബിമലയാളത്തില്‍ സംഭവിച്ചിട്ടുണ്ട്. സുറിയാനി ക്രിസ്ത്യാനികള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന സുറിയാനിമലയാളം പോലെ പൊടുന്നനെ മാഞ്ഞുപോയ ഭാഷ ആയിരുന്നില്ല അറബിമലയാളം. അതിന്റെ ജീവല്‍ത്തുടിപ്പുകള്‍ നൂറ്റാണ്ടുകള്‍ക്കിപ്പുറവും നിലച്ചുപോയിട്ടില്ല എന്നതുതന്നെ അറബിമലയാളത്തിന്റെ ജൈവികതയും ജനകീയതയും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ചരിത്രം, ആത്മീയം, ശാസ്ത്രം, പദ്യസാഹിത്യം, ഗദ്യസാഹിത്യം, വിശ്വാസം, കര്‍മശാസ്ത്രം, പാട്ടുകള്‍ തുടങ്ങി എഴുത്തിന്റെ അനേകം കൈവഴികളിലൂടെ ഒഴുകിയിട്ടുണ്ട് അറബി മലയാളം.
തനതുരചനകളെ കൊണ്ട് മാത്രമല്ല, വിവര്‍ത്തനങ്ങളെ കൊണ്ടും സമൃദ്ധമായിരുന്നു അറബിമലയാളം. പേര്‍ഷ്യന്‍, അറബി, സംസ്‌കൃതം എന്നിങ്ങനെ പല ഭാഷകളില്‍ നിന്നുള്ള ഈടുറ്റ രചനകള്‍ അറബിമലയാളത്തില്‍ പുനരാവിഷ്‌കൃതമായിട്ടുണ്ട്. വിശ്വപ്രസിദ്ധനായ അമീര്‍ ഖുസ്രുവിന്റെ ചാര്‍ ദര്‍വേഷ് ഉള്‍പ്പടെ അനേകം പേര്‍ഷ്യന്‍ നോവലുകള്‍ അറബി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാലു സാത്വികരുടെ കഥ പറഞ്ഞ ആ നോവല്‍ ലോകഭാഷകളിലെ മഹത്തായ കൃതികളോട് കിട പിടിക്കുന്നതായിരുന്നു എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. 1866-ല്‍ ഭാഗികമായും 1883- ല്‍ പൂര്‍ണരൂപത്തിലും (നാലു വാള്യങ്ങള്‍) അറബിമലയാളത്തില്‍ ചാര്‍ ദര്‍വേഷ് വെളിച്ചം കണ്ട് നാലുവര്‍ഷത്തിനു ശേഷമാണ് മലയാളത്തിലെ ആദ്യനോവല്‍ കുന്ദലത പ്രകാശിതമാകുന്നത്.
‘പില്‍ക്കാല നോവലുകള്‍ക്കെല്ലാം ചാര്‍ ദര്‍വേഷ് ഒരു മികച്ച മാതൃകയായിരുന്നു. പേര്‍ഷ്യന്‍ സാഹിത്യത്തില്‍ നിന്നുതന്നെ ഒട്ടേറെ നോവലുകള്‍ പരിഭാഷകളായി അറബി മലയാളത്തിന് ലഭിച്ചു. അലാവുദ്ധീന്‍, ഖമര്‍സമാന്‍, ശംസുസ്സമാന്‍, ഉമറയ്യാര്‍, അമീര്‍ ഹംസ, ഗുല്‍സനോബര്‍, വര്‍ജീന, തുത്താക്കി കഹാനി എന്നിവയെല്ലാം ആ ഗണത്തില്‍ ഉള്‍പ്പെടുന്നു’ (വി കെ രമേശ്/ അറബി-മലയാള സാഹിത്യ പഠനങ്ങള്‍, എഡി. ടി മന്‍സൂറലി). നബികീര്‍ത്തനങ്ങള്‍, പടപ്പാട്ടുകള്‍, മാലപ്പാട്ടുകള്‍, മാപ്പിളപ്പാട്ടുകള്‍, കത്തുപാട്ടുകള്‍ തുടങ്ങി പാട്ടുശാഖയിലെ ഏതാണ്ടെല്ലാ ശ്രേണികളിലും അറബിമലയാളത്തില്‍ രചനകള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ പ്രഥമവും പ്രധാനവുമായി കണക്കാക്കപ്പെടുന്നത് ഖാളി മുഹമ്മദ് രചിച്ച മുഹ്യിദ്ധീന്‍ മാലയാണ്.
ഭാഷ എന്നതിലുപരി ഒരു ജനതയുടെ സാംസ്‌കാരിക വെളിപ്പെടല്‍ എന്ന പ്രാധാന്യം കൂടിയുണ്ട് അറബിമലയാളത്തിന്. അത്തരം വെളിപ്പെടലുകളെ അസഹിഷ്ണുതയോടെ കണ്ടവര്‍ മുസ്ലിംകളില്‍ തന്നെ ഉണ്ടായിരുന്നു എന്നതും മറച്ചുവെക്കാനാകില്ല. മക്തി തങ്ങള്‍ അവരില്‍ പ്രധാനി ആയിരുന്നു. കേരളത്തിലെ മുസ്ലിംകളെ ആധുനികവിദ്യാഭ്യാസത്തിലേക്ക് ആകര്‍ഷിക്കാന്‍ ബ്രിട്ടീഷുകാരുടെ കയ്യാളായി ഒരു ഘട്ടത്തില്‍ പ്രവര്‍ത്തിച്ചയാളാണ് മക്തി തങ്ങള്‍. ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ ആദ്യം വേണ്ടിയിരുന്നത് മുസ്ലിംകളില്‍ പ്രചാരത്തിലുള്ള വിദ്യാഭ്യാസരീതികളെ അവമതിക്കുകയായിരുന്നു. പൊന്നാനിയിലെ മതവിദ്യാഭ്യാസ രീതികളെ കടുത്ത വാക്കുകളില്‍ അദ്ദേഹം പുച്ഛിക്കുന്നത് ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. ആ പുച്ഛത്തിന്റെ മുഖ്യമായ കാരണങ്ങളിലൊന്ന് അവിടുത്തെ പഠനമാധ്യമം അറബിമലയാളം ഭാഷ ആയിരുന്നതിനാലാണെന്ന് ബാലകൃഷ്ണന്‍ വള്ളിക്കുന്ന് നിരീക്ഷിക്കുന്നുണ്ട്. ‘പുരോഗമന ഇസ്ലാമിന്’ ഒത്തുപോകാന്‍ കഴിയാത്ത വേറെയും ഘടകങ്ങള്‍ പൊന്നാനിയില്‍ ഉണ്ടായിരുന്നല്ലോ. സമുദായത്തിലെ ‘പരിഷ്‌കരണവാദികളെ’ അന്നുമിന്നും അസ്വസ്ഥപ്പെടുത്തുന്ന ചരിത്രസന്ദര്‍ഭങ്ങളിലൊന്ന് മഖ്ദൂമുമാരുടെ പൊന്നാനിക്കാലമാണ്. പൊന്നാനിപ്പഠനത്തെ രൂക്ഷമായി കുറ്റപ്പെടുത്താന്‍ മക്തി തങ്ങള്‍ മുതിരുന്നതും ഇക്കാരണത്താലാണ്. പൊന്നാനിയിലെ മുസ്ല്യാന്മാരോടും അവിടുത്തെ ബോധനരീതികളോടും ഒട്ടുമേ താല്പര്യമില്ലാതിരുന്ന, ഒരുവേള അങ്ങേയറ്റം വെറുപ്പ് ഉള്ളില്‍ പേറി നടന്നിരുന്ന മക്തി തങ്ങളില്‍ മഹാമാതൃക കണ്ടെത്തിയവരാണ് പില്‍ക്കാലത്ത് മുസ്ലിം നവോത്ഥാനത്തിന്റെ നടത്തിപ്പുകാരായി വേഷമിട്ടത്. നമ്മുടെ നവോത്ഥാന വിശകലനങ്ങളില്‍ നിന്ന് അറബിമലയാളം എങ്ങനെ പുറത്തായി എന്നത് അതുകൊണ്ടുതന്നെ കൂടുതല്‍ വിശദീകരിക്കേണ്ടതില്ല.
(ഐപിബി പ്രസിദ്ധീകരിക്കുന്ന നവോത്ഥാനം; അട്ടിമറികള്‍, ആള്‍മാറാട്ടങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്നുള്ള അധ്യായം)
മുഹമ്മദലി കിനാലൂര്‍
You must be logged in to post a comment Login