മുഹിമ്മാതുല്‍ മുഅ്മിനീന്‍
തെക്കന്‍ മലബാറിലൊട്ടുക്കും ഖിലാഫത് പ്രസ്ഥാനം സജീവമായപ്പോള്‍ താനൂരിലെ ഖിലാഫത് കമ്മറ്റിക്ക് നേതൃത്വം നല്കിയ പ്രമുഖനാണ് മതപണ്ഡിതനായ ആമിനുമ്മാന്റകത്ത് പരീകുട്ടി മുസ്ലിയാര്‍. ഖിലാഫത് പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പരീകുട്ടി മുസ്ലിയാര്‍ അറബിമലയാള ഭാഷയില്‍ പ്രസിദ്ധീകരിച്ച ഫത്വയാണ് മുഹിമ്മാതുല്‍ മുഅ്മിനീന്‍. ചരിത്രകാരന്മാര്‍ക്ക് അജ്ഞാതമായ ഈ ഫത്വയെ കുറിച്ച് പറഞ്ഞുകേട്ടിരുന്നെങ്കിലും അത് മലബാറിലാകെ നിരോധിച്ചത് കൊണ്ടും ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടിയത് കൊണ്ടും ആരുടെയും ശേഖരത്തിലുണ്ടായിരുന്നില്ല. പ്രാദേശിക ചരിത്രകാരനായ കെ കെ മുഹമ്മദ് അബ്ദുല്‍കരീമാണ് നിരന്തരമായ അന്വേഷണത്തിലൂടെ ഇത് തപ്പിയെടുത്തത്. ഗവേഷണാവശ്യാര്‍ഥം അതിന്റെ കോപ്പി അദ്ദേഹം എനിക്ക് തരികയും പ്രസക്തമായ ഭാഗങ്ങള്‍ എന്റെ തിസീസില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. പിന്നീട് ചെന്നൈയില്‍ നടന്ന ദക്ഷിണേന്ത്യന്‍ ചരിത്രസമ്മേളനത്തില്‍ ഈ ഫത്വയെ ആസ്പദമാക്കി ഒരു പ്രബന്ധം അവതരിപ്പിച്ചു. ഫത്വയുടെ കര്‍ത്താവായ ആമിനുമ്മാന്റകത്ത് പരീകുട്ടി മുസ്ലിയാര്‍ താനൂരിലെ വലിയ കുളങ്ങര പള്ളിയിലെ ഇമാമും അധ്യാപകനുമായിരുന്നു. താനൂരിലെ തന്നെ പൗരപ്രമുഖനും ഖിലാഫത് നേതാവുമായിരുന്ന ഉമൈത്താന്റകത്ത് കുഞ്ഞിക്കാദറുമൊത്ത് ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്കുമ്പോഴാണ് മുസ്ലിയാര്‍ തന്റെ ഫത്വാ പുസ്തകം പ്രസിദ്ധീകരിച്ചത്. കുഞ്ഞിക്കാദറിനെ പിന്നീട് ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റി.
നാല്പത് പേജുള്ള ഈ ഫത്വ കോണ്‍ഗ്രസ് ഖിലാഫത് പ്രവര്‍ത്തകര്‍ മുസ്ലിം കേന്ദ്രങ്ങളിലൊക്കെ വ്യാപകമായി വിതരണം ചെയ്തു. ഫത്വ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പൊലീസ് സൂപ്രണ്ട് ആമു മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു. പുസ്തകം സര്‍ക്കാര്‍ കണ്ടുകെട്ടുകയും അതിന്റെ പ്രതികള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു. പുസ്തകം കൈവശംവയ്ക്കുന്നവരെ അഞ്ച് വര്‍ഷം കഠിനതടവിന് ശിക്ഷിക്കുന്നതാണെന്ന് വിജ്ഞാപനം പുറപ്പെടുവിച്ചു. കൂടാതെ കരുതല്‍ തടങ്കലില്‍ വയ്ക്കേണ്ട ഇരുപത്തിനാല് നേതാക്കളുടെ കൂട്ടത്തില്‍ പതിമൂന്നാം നമ്പറുകാരനായി പരീകുട്ടി മുസ്ലിയാരെയും ബ്രിട്ടീഷധികാരികള്‍ ഉള്‍പ്പെടുത്തി.
പരീകുട്ടി മുസ്ലിയാരെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ആയിരം രൂപ ഇനാം പ്രഖ്യാപിച്ചു. അധികാരികള്‍ക്ക് പിടികൊടുക്കാതെ ഒളിവില്‍കഴിഞ്ഞുകൊണ്ട് അദ്ദേഹം സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. പട്ടാളം തിരച്ചില്‍ ശക്തിപ്പെടുത്തിയപ്പോള്‍ മുസ്ലിയാര്‍ കൊടുങ്ങല്ലൂരിലേക്കും അവിടെനിന്ന് കൊല്ലത്തേക്കും പോയി. കൊല്ലത്ത് നിന്ന് ഒരു ചരക്കുകപ്പലില്‍ ബോബെയിലെത്തി. അവിടെനിന്ന് മക്കയിലേക്ക് രക്ഷപ്പെട്ടെങ്കിലും ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറിയില്ല. മക്കയിലെ അറബി ജേര്‍ണലുകളില്‍ ബ്രിട്ടീഷ് വിരുദ്ധ ലേഖനങ്ങളെഴുതിയും ഹജ്ജിനെത്തുന്ന മലയാളി ഹാജിമാരുമായി ബന്ധപ്പെട്ടും പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം തുടര്‍ന്നു. മുസ്ലിയാര്‍ 1934ല്‍ മക്കയില്‍ അന്തരിച്ചു.
1921 ഫെബ്രുവരി 24ന് താനൂരിലെ ഖിലാഫത് കമ്മറ്റിയാണ് പരീകുട്ടി മുസ്ലിയാരുടെ മുഹിമ്മാതുല്‍ മുഅ്മിനീന്‍ പ്രസിദ്ധപ്പെടുത്തുന്നത്. തര്‍ജുമ മുഹിമ്മാതുല്‍ മുഅ്മിനീന്‍ ഫീ തര്‍കില്‍ മുവാലാതി അഅ്ദാഇദ്ദീനി വ നുസ്റതി ഖിലാഫതി സയ്യിദില്‍ മുര്‍സലീന്‍ വതന്‍സീഹി ജസീറതി അറബി മിനല്‍ മുശ്രികീന്‍ (അവിശ്വാസികളില്‍നിന്ന് അറേബ്യ മോചിപ്പിക്കാനും പ്രവാചകന്റെ ഖിലാഫത് സംരക്ഷിക്കാനും മതത്തിന്റെ ശത്രുക്കളുമായി നിസ്സഹകരിക്കുന്നതിനും വിശ്വാസികള്‍ക്കായുള്ള പ്രധാന കാര്യങ്ങള്‍) എന്ന പേരുള്ള മതവിധി വിശ്വാസികളെ ബ്രിട്ടീഷ് വിരുദ്ധ സമരത്തിന് പ്രേരിപ്പിക്കാന്‍ ലക്ഷ്യംവച്ചുകൊണ്ടുള്ളതായിരുന്നു. വിശ്വാസത്തെ ദേശീയതക്കായി വിനിയോഗിക്കുന്ന ഗാന്ധിയന്‍ ആശയത്തിന്റെ മുസ്ലിം പതിപ്പായിരുന്നു ഇതെന്ന് കാണാം. ദേശീയതക്ക് മതങ്ങള്‍ വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയെ എങ്ങനെ ഉപയോഗിക്കാമെന്ന് കൂടി ഈ ഫത്വ വിളംബരപ്പെടുത്തുന്നു. സ്വാതന്ത്ര്യസമരത്തിന് ആശയമാവാന്‍ കഴിയുന്ന വിധത്തിലേക്ക് ദേശീയത അക്കാലത്ത് വളര്‍ന്നിട്ടില്ലായിരുന്നു. എന്നാല്‍ ഇസ്ലാം മതത്തെ സംബന്ധിച്ചിടത്തോളം, സാമ്രാജ്യത്വം അവിശ്വാസത്തിന് തുല്യമായിരുന്നു. സാമ്രാജ്യത്വം അക്രമമാണ്. സാമ്രാജ്യത്വവുമായോ അവരെ അനുകൂലിക്കുന്നവരുമായോ ബന്ധം പാടില്ലെന്നാണ് ഇസ്ലാം കല്പന. ഇക്കാര്യം തന്റെ ഫത്വയില്‍ ഊന്നിപ്പറയുകയാണ് പരീകുട്ടി മുസ്ലിയാര്‍. മുസ്ലിംകളില്‍ തന്നെ ഒരു വിഭാഗം ബ്രിട്ടീഷുകാര്‍ക്കനുകൂലമാവുകയും ഖിലാഫത് പ്രസ്ഥാനത്തിനെതിരു നില്ക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് മുസ്ലിയാര്‍ ഈ ഫത്വ പ്രസിദ്ധീകരിച്ചത്.
‘യഹൂദി നസാറാക്കളായ കുഫ്ഫാരീങ്ങളോട്(അവിശ്വാസികള്‍) അനുകൂലമായി നില്ക്കുന്നതുകൊണ്ട് തടിനെ (ശരീരത്തെ) ദ്രോഹം ചെയ്യുന്ന ദ്രോഹക്കാരെ അല്ലാഹു നേര്‍വഴിയാക്കുന്നതല്ല. അവര്‍ അല്ലാനെ കൊണ്ടും നബിയെ കൊണ്ടും ഖുര്‍ആന്‍ കൊണ്ടും നല്‍പ്രകാരം വിശ്വസിച്ചവരായിരുന്നെങ്കില്‍ കുഫ്ഫാരീങ്ങളായ കൂട്ടക്കാരെ സഹായ സമ്മന്തക്കാരും ലോഹ്യക്കാരും ആക്കൂലായിരുന്നു. എങ്കിലും അവരില്‍ നിന്ന് പെരുത്തവരും ഫാസിഖീങ്ങളാവുന്നു(ദൈവത്തെ അനുസരിക്കാത്തവന്‍)’.
പരസ്പരം സഹായിക്കുന്ന അവിശ്വാസികളുമായി സഹകരണത്തിന് വിരോധം വേണ്ടെന്ന് മുസ്ലിയാര്‍ പ്രത്യേകം തന്നെ പറയുന്നു. ‘ഞമ്മളെ ഉപദ്രവിക്കുന്നെയും ഞമ്മളില്‍ നിന്ന് ചിലരെ പിടിച്ച് നാട് കടത്തുന്നെയും ദീന്‍(മതം) സംബന്ധമായ കാര്യങ്ങളെ നാശം വരുത്തുന്നെയും നസാറാക്കള്‍ യഹൂദിയാക്കള്‍ മുതലായ സിദ്ധാന്തികളും അവരെ സഹായികളായ ദ്രോഹക്കാരായ കാഫിരീങ്ങളുമാകുന്നു(അവിശ്വാസികള്‍). ഈ വക നാശങ്ങളൊന്നും ചെയ്യാതെ നമ്മളോട് അനുകൂലമായി നില്ക്കുന്ന കാഫിരീങ്ങളുമായി ലോഗ്യ സംബന്ധവും സഹായ സമ്മന്തവും ഉണ്ടാക്കുന്നതിന് വിരോധമില്ലാ…… ‘ ‘ദ്രോഹം ചെയ്യുന്നവര്‍ ആരായാലും അവരോട് അനുകൂലവും അവരെക്കൊള്ളെ മനസ്സ് ചാച്ചലും പാടുള്ളതല്ല. അങ്ങനെ ദ്രോഹക്കാരുമായി അനുകൂലം ചെയ്യുന്നവര്‍ നരകം വേണ്ടപ്പെട്ടവരാകും’. ‘എന്നാല്‍ തെറ്റു കുറ്റ ദ്രോഹങ്ങളെ നീക്കുവാനും ദ്രോഹക്കാരെ അമര്‍ത്തുവാനും ഏതെങ്കിലും ഒരു മുസ്ലിം ഒരുങ്ങിയെങ്കില്‍ ആ മുസ്ലിമിനിക്ക് തടി കൊണ്ടും മുതല് കൊണ്ടും കഴിയും പോലെ സഹായം ചെയ്യേണ്ടത് എല്ലാ മുസ്ലിംകളെ അളവിലും ഫര്‍ള് അയ്നായ വാജിബാകുന്നു (നിര്‍ബന്ധം). അങ്ങനെ സഹായം ചെയ്യാതെ ഇരുന്ന് കളയലും ആ സഹായം ചെയ്യുന്നതിനെ തൊട്ട് ഗഫ്ലത്താവലും (അശ്രദ്ധ)മുസ്ലികളില്‍ നിന്ന് ഒരുത്തര്‍ക്കും ജായിസാകു(അനുവദനീയം)ന്നതല്ല. ഒരുങ്ങിയെ മുസ്ലിമിന്റെ ഒരുക്കം കൊണ്ടും ഞമ്മളെ സഹായം കൊണ്ടും ദ്രോഹത്തെ നീക്കുവാനും ദ്രോഹക്കാരെ അമര്‍ത്തുവാനും സാധിക്കുന്നതല്ല എന്ന് അറിഞ്ഞാലും അതിലേക്ക് ഒരുങ്ങാതെയും ഒരുങ്ങിയവര്‍ക്ക് കഴിയുന്ന വിധം തടി കൊണ്ടും മുതല് കൊണ്ടും സഹായം ചെയ്യാതെ ഇരിക്കലും ജായിസാകുന്നതല്ല(അനുവദനീയമല്ല).’
‘ഇത് പ്രകാരം തന്നെ മുസ്ലിങ്ങളെ രാജ്യത്ത് കാഫിര്‍ കടക്കുകയോ അതല്ല കടക്കാന്‍ കരുതി രാജ്യം കൊള്ളെ മുന്നിടുകയോ ചെയ്താലും ആ കാഫിരീങ്ങളോട് യുദ്ധം ഫര്‍ള് അയ്നാകുന്നു (നിര്‍ബന്ധം)’. മുസ്ലിംകള്‍ക്ക് സ്വാതന്ത്ര്യവും സംരക്ഷണവും ലഭിക്കുകയും നീതി പൂര്‍വം ഭരണം നടത്തുകയും ചെയ്യുന്ന ഒരു രാജ്യത്തെ മുസ്ലിം രാജ്യമായാണ് ഇസ്ലാം നിയമം ഗണിക്കുന്നത്. മുസ്ലിംകളെ എതിര്‍ക്കുന്ന അവിശ്വാസികളാണ് ഖുര്‍ആന്‍ പ്രകാരം കാഫിറുകള്‍. മുസ്ലിംകളെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന അമുസ്ലിംകള്‍ ദിമ്മികള്‍ (സംരക്ഷിക്കപ്പെടുന്നവര്‍) ആണ്. മുസ്ലിംകളുമായി സഹവര്‍ത്തിത്വത്തില്‍ കഴിയുന്ന ക്രിസ്ത്യാനികളും ദിമ്മികളാണ്. എന്നാല്‍ യുദ്ധത്തില്‍ കഴിയുന്നവരാകട്ടെ കാഫിറുകളാണ്. ‘ഖുര്‍ആന്‍ കൊണ്ടും ഹദീസ്(നബി വചനം) കൊണ്ടും തീര്‍ച്ചപ്പെട്ട കാഫിറായ നസാറാക്കള്‍ (ക്രിസ്ത്യാനികള്‍) മുതലായ രാജാക്കന്മാര്‍ക്ക് വഴിപ്പെടാതെ ഇരിക്കല്‍ വാജിബാ(നിര്‍ബന്ധം)കുന്നു. അവരോട് മത്സരിക്കുന്നതിന് ഒട്ടും വിരോധമില്ല.’
മുസ്ലിം ലോകം അവരുടെ ഖലീഫയായി ആദരിക്കുന്ന ഉസ്മാനി (ഒട്ടോമന്‍) സുല്‍താനെതിരെ ബ്രിട്ടീഷുകാര്‍ കൈകൊണ്ട നിലപാടുകള്‍ക്കെതിരെ ഉടലെടുത്തതാണല്ലോ ഖിലാഫത് പ്രസ്ഥാനം. ഒരു ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനമെന്ന നിലക്ക് ഇന്ത്യയിലെ എല്ലാ ദേശാഭിമാനികളും മത ജാതി ഭേദമന്യേ ഖിലാഫത് പ്രസ്ഥാനത്തിലണി ചേര്‍ന്നു. ഇതിന്റെ ചുക്കാന്‍ പിടിച്ചത് മഹാത്മാഗാന്ധിയും അലി സഹോദരന്മാരുമായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ വേറിട്ടു നിന്ന് പൊരുതിയിരുന്ന മലബാറിലെ മാപ്പിള മുസ്ലിംകളെ ദേശീയപ്രസ്ഥാനത്തിലേക്കടുപ്പിച്ചത് ഖിലാഫത് പ്രസ്ഥാനമായിരുന്നു. ഖലീഫയുടെ കാര്യം പരീകുട്ടി മുസ്ലിയാര്‍ പറയുന്നതിങ്ങനെ: ‘അപ്പോള്‍ എല്ലാ മുസ്ലിന്റെ അളവിലും മേല്‍ സുല്‍താന്മാരെ ദൗലത് (ഭരണം) ശക്തി വരുത്തുവാന്‍ കഴിയും പോലെ തടി കൊണ്ടും മുതല് കൊണ്ടും ശ്രമിക്കുന്നതും നിര്‍ബന്ധിക്കുന്നതും വാജിബാ കുന്നു(നിര്‍ബന്ധം). ഈ പറഞ്ഞത് കൊണ്ട് അറിയപ്പെട്ട ഉസ്മാനി (ഒട്ടോമന്‍) സുല്‍താന്‍മാര്‍ ഹഖായ (ശരിയായ) ഖിലാഫതിന്റെ അഹ്ലുകാരാകുന്നു (ആളുകള്‍).’ ‘അപ്പോള്‍ ഉസ്മാനിയായ സുല്‍താന്മാരോട് എതിര്‍ക്കുന്നവരോട് എതിര്‍ക്കേണ്ടത് എല്ലാ മുസ്ലിമീങ്ങള്‍ക്കും ആവശ്യമാകുന്നു.’
ഖലീഫയെ എതിര്‍ക്കാന്‍ വരുന്നവര്‍ ആരായാലും അവരോട് യുദ്ധം ചെയ്യണമെന്ന് പരീകുട്ടി മുസ്ലിയാര്‍ ആഹ്വാനം ചെയ്യുന്നു. മുസ്ലിംകളില്‍ തന്നെ ഒരു വിഭാഗം ബിട്ടീഷുകാര്‍ക്കനുകൂലമായി നിന്നുകൊണ്ട് ഖിലാഫത് പ്രസ്ഥാനത്തെ തകര്‍ക്കുവാന്‍ ശ്രമിച്ചിരുന്നു. ഈ മുസ്ലിംകള്‍ക്കെതിരെ അദ്ദേഹം താക്കീത് നല്കുകയും ചെയ്യുന്നുമുണ്ട്. ‘ഞമ്മളെ ഈ സമാനില് (ഇക്കാലത്ത്) ഉസ്മാനിയായ സുല്‍താന്‍ തന്നെയാണ് ഖലീഫ. ആ ഖലീഫാനോട് എതിര്‍ക്കുന്നെ ശത്രുക്കളായ കാഫിരീങ്ങളോടും ഇസ്ലാമീങ്ങളോടും ഞമ്മള്‍ എതിര്‍ക്കേണ്ടതും കഴിയുമ്പോലെ അവരെ അമര്‍ത്തുവാന്‍ ഒരുങ്ങേണ്ടതും ആവശ്യമാകുന്നു. മേല്‍ എതിരാളികളോട് അനുകൂലിക്കുവാന്‍ പാടുള്ളതല്ല’.
‘ലോകരോട് ദ്രോഹം ചെയ്യുന്നതായും ദീനിന്റെ (മതം) കല്പനകളെ അനുസരിക്കാതെയും ദീനില്‍ നിശ്ചയിച്ച നിശ്ചയങ്ങളെ ഇല്ലാതാക്കി തീര്‍ക്കുവാനും ഒരുങ്ങുന്ന സിദ്ധാന്ത കാഫിരീങ്ങളായ നസാറാക്കള്‍ (ബ്രിട്ടീഷുകാര്‍) മുതലായവരോട് അനുകൂലിക്കാനും സഹായിക്കുവാനും പാടുള്ളതല്ല എന്നും ഈ വക നാശക്കാരെ അമര്‍ത്തുവാനും ദീന്‍ കല്പനകളെ നടത്തുവാനും ഒരുങ്ങിയവര്‍ക്ക് സഹായം ചെയ്യുന്നതാണെന്നും എന്നാല്‍ മേല്‍പ്രകാരം ഒരുങ്ങലും ഒരുങ്ങുന്നവര്‍ക്ക് സഹായം ചെയ്യലും അല്ലാഹുവിന്റെ ദീനിന് (മതത്തിന്) സഹായം ചെയ്യലുമാകുന്നു.’ (33-34)
പരീകുട്ടി മുസ്ലിയാര്‍ എഴുതി ഖിലാഫത് കമ്മറ്റി പ്രസിദ്ധീകരിച്ച ഈ ഫത്വക്ക് അന്നത്തെ മുഖ്യപണ്ഡിതന്മാര്‍ പിന്തുണയും അറിയിച്ചിരുന്നു. ചെറുശേരി അഹ്മദ്കുട്ടി മുസ്ലിയാര്‍, പാനായിക്കുളത്ത് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, കൂട്ടായി ബാവ മുസ്ലിയാര്‍, മൈലശേരി സൈനുദ്ദീന്‍ കുട്ടി മുസ്ലിയാര്‍ എന്നിവര്‍ ഫത്വയില്‍ ഒപ്പുവച്ചിരിക്കുന്നു. ഇപ്പേരില്‍ ഈ പണ്ഡിതന്മാരെ ബ്രിട്ടീഷധികാരികള്‍ പിടികൂടുകയും ശാസിക്കുകയും ചെയ്തു.
ഖിലാഫത് പ്രവര്‍ത്തകര്‍ ഫത്വ ഓരോ വീട്ടിലും എത്തിച്ചു. പല പള്ളികളും ഇത് വിശ്വാസികളെ വായിച്ചുകേള്‍പ്പിച്ചു. ഖിലാഫത് യോഗങ്ങളിലും ഫത്വ വായിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. ഫത്വ അധികാരികള്‍ നിരോധിച്ചപ്പോള്‍ പലരും രഹസ്യമായി വിതരണം ചെയ്തു. ഇപ്രകാരം 1921ലെ ഖിലാഫത് സമരങ്ങള്‍ക്ക് പരീകുട്ടി മുസ്ലിയാരുടെ ഫത്വ ഏറെ പ്രചോദനമായി. ദൈവമാര്‍ഗത്തില്‍ ജീവിക്കുന്ന വിശ്വാസികള്‍ക്ക് സ്വര്‍ഗം വാഗ്ദാനം ചെയ്യുന്ന പ്രാര്‍ഥനയോടെയാണ് മുസ്ലിയാര്‍ ഫത്വ അവസാനിപ്പിക്കുന്നത്:
‘എന്നാല്‍ മേല്‍ മുഅ്മിനീങ്ങളായ (വിശ്വാസികള്‍)ആണുങ്ങളോടും പെണ്ണുങ്ങളോടും കാലാകാലം കുടിപ്പാര്‍ക്കലിനുള്ള സ്വര്‍ഗങ്ങളെ വഅ്ദാ (വാഗ്ദാനം) ചെയ്ത് നിശ്ചയിച്ചിരിക്കുന്നു. മേല്‍ സുവര്‍ഗങ്ങളുടെ ഭൂമികളില്‍ കൂടി ഹാറുകള്‍ നടക്കുന്നതും മേല്‍ മുഅ്മിനുകള്‍ സുവര്‍ഗങ്ങളില്‍ കാലാകാലം കൂടിപ്പാര്‍ക്കുന്നതും ആകുന്നു. അതിയില്‍ അവര്‍ക്ക് മെച്ചമായ വീട് കുടികളും ഉണ്ട്. ഇത് എല്ലാത്തിനേക്കാള്‍ മീതെയായത് അല്ലാഹുവിന്റെ പക്കല്‍ നിന്ന് മുഅ്മിനീങ്ങള്‍ക്ക് സുവര്‍ഗത്തില്‍ വച്ച് ഉണ്ടാകുന്നെ പൊരുത്തമാകുന്നു. ഈ പൊരുത്തം വണ്ണമായ ജഹം(ലോകം) തന്നെയാകുന്നു. ആ പൊരുത്തം കൊണ്ടും സുവര്‍ഗം കൊണ്ടും ജഹം പെരുത്തെ മുഅ്മിനീങ്ങളാല്‍ അല്ലാഹു നമ്മെ ആക്കിത്തീര്‍ക്കട്ടെ’.
ഹുസൈന്‍ രണ്ടത്താണി
You must be logged in to post a comment Login