മണല്‍ വഴികളിലൂടെ അത്താളപ്പാട്ട് വന്നുവിളിക്കുംവരെ ഉമ്മമാര്‍ ഉണരാതെ കിടക്കുകയാകും.
‘അത്താളം കട്ടുങ്കോ
പോലും പളവും പുളിയിങ്കോ
എല്ലാവരും എളവുങ്കോ’ എന്ന തമിഴ് രുചിയുള്ള നീട്ടിവിളി ബീമാപള്ളിയുടെ നോമ്പുനേരങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഉടന്‍, ഉറക്കം ഞെട്ടി വീടുകള്‍ ഉണരും. വാതില്‍ പഴുതുകളില്‍ വെട്ടം തെളിയാതെ കണ്ടാല്‍ സ്നേഹത്തോടെ അയല്‍പക്കം മുട്ടിവിളിക്കും. ഇടറോഡുകളിലാകെ വെളിച്ചം പരക്കുന്നതോടെ അത്താളം മുട്ടികളുടെ സ്വരം നേര്‍ത്തു നേര്‍ത്ത് മഖാമിലേക്ക് മടങ്ങും.
ഈണവും താളവും പഴമ്പാട്ടും ദഫ്മുട്ടും തിരിമണവും ചേരുന്ന അത്താളപ്പാട്ടുകളില്‍ തന്നെ ഒരു നോമ്പുകാലമുണ്ട്. പാലും പഴവും കരിപ്പണ്ടിയുമാണ് ഇടയത്താഴ വിഭവം, ചോറിനൊപ്പം കൂട്ടാനായും ഇത് ഉപയോഗിക്കുന്നവരുണ്ട്. വറുതിയുടെ കാലത്ത് പച്ച വെള്ളമാകും ‘അത്താളം.’ ഇല്ലായ്മകളിലും നോമ്പുകാലത്തിന് മധുരമൊട്ടും കുറയാറില്ല. കരവീട്ടുകാരും കടല്‍വീട്ടുകാരും ഒന്നിച്ചൊന്നായ് പള്ളികളില്‍ നിറയും. ‘ഹയാത്തും’ ‘ഹിസ്ബോത്തും’ സജീവമാകും. സുബ്ഹാന മൗലിദും മുനാജാത്തും ബീമാ ഉമ്മയോടുള്ള സ്നേഹഭാഷണങ്ങള്‍ക്ക് ആഴം കുട്ടും, ഈ നാട്ടിലെ നോമ്പുകാലങ്ങള്‍ക്ക് ഇങ്ങനെ വിശേഷങ്ങള്‍ ഏറെയാണ്.
പിറ കണ്ടതോ.. നോമ്പു താനെ
വെടിമുഴക്കം കേട്ടാല്‍ നോമ്പ് കാലമായി എന്ന് ഉറപ്പിക്കാം. ‘പിറ കണ്ടതോ..’ അയല്‍വീടുകളിലേക്ക് കാതുകള്‍ നീളും. ‘നോമ്പ് താനാ…’ അന്ന് മുതല്‍ പകലില്‍ പിന്നെ ഭക്ഷണക്കടകള്‍ തുറക്കില്ല.
പഴയകാലങ്ങളില്‍, പള്ളിമുറ്റത്ത് പൊതുനോമ്പുതുറകള്‍ ഉണ്ടാകില്ല. എങ്കിലും നാട്ടുപ്രമാണിമാര്‍ കുട്ടിസംഘങ്ങളെ സ്നേഹപൂര്‍വം വീടുകളിലേക്ക് കൊണ്ടുപോകും. കരിപ്പട്ടിക്കഞ്ഞിയും മരച്ചീനിയുമാകും വിഭവങ്ങള്‍. മലബാറില്‍ നിന്നും മറ്റും മുസാഫിറുകള്‍ ബീമാഉമ്മയെ കാണാന്‍ എത്തും. അവരെ അതിഥികളായി കിട്ടാന്‍ നാട്ടുകാര്‍ മത്സരിക്കും.
കടല്‍വീട്ടുകാരുടെ നോമ്പൊരുക്കങ്ങളും വ്യത്യസ്തമാണ്. മുളം തണ്ട് കെട്ടി, നോമ്പുകാരായി ഏറെ ദൂരം അന്നം തേടിപ്പോകുന്നവരുടെ വള്ളങ്ങളില്‍ അത്താഴമുണ്ടാകും. ‘തളര്‍ന്നുപോകില്ലേ?’ അനുഭവങ്ങളുടെ ആഴമുള്ള താടിയുപ്പയോട് വിശേഷങ്ങള്‍ തിരക്കുന്നതിനിടയില്‍ ചോദിച്ചു. ‘ഞങ്ങളങ്ങനെ തളരുന്നവരല്ലേ.’ ചിരിച്ചുകൊണ്ട് മറുപടി. കലിമചൊല്ലി വള്ളമിറക്കി വായ്ത്താരികളുടെ ആവേശം രചിച്ചാണ് നോമ്പുകാര്‍ ഇറങ്ങുക. പുതു തലമുറയിലും ഇത്തരക്കാര്‍ ഏറെയുണ്ട്.
‘ഹയാത്തും ഹിസ്ബോത്തും’
നോമ്പ് തുടങ്ങുന്നതോടെ നാട് പതിനാലു ദേശങ്ങളായി തിരിഞ്ഞ് രാത്രി വഅ്ളുകള്‍ സംഘടിപ്പിക്കും. തറാവീഹ് കഴിഞ്ഞുള്ള ബുര്‍ദാമജ്ലിസുകള്‍ ഇന്നും മികവോടെ തുടരുന്നുണ്ട്. റമളാന്‍ ഇരുപതിന് ശേഷം ‘ഹയാത്ത്’ കാലമാണ്. വെളിച്ചം കെട്ടുപോകാതെ പള്ളികളില്‍ ദിക്റുകളുയരും. ഊഴം നിന്ന് ഇടയത്താഴങ്ങള്‍ എത്തിക്കാനും അനേകര്‍ ഉത്സാഹിക്കും.
കൊല്ലങ്ങള്‍ക്കപ്പുറം നിലനിന്നുപോന്നിരുന്ന മനോഹരമായ മജ്ലിസുകളിലൊന്നാണ് ‘ഹിസ്ബോത്ത്.’ തറാവീഹിന് ശേഷം ഇമാമിന്റെ നേതൃത്വത്തില്‍ വിശ്വാസികള്‍ ഓരോ ജുസ്അ് ഓതിത്തീര്‍ക്കും. റമളാന്‍ വിടപറയുമ്പോഴേക്ക് ഖത്മാകും. ബദ്റ് ദിനത്തില്‍, ആയിരങ്ങള്‍ പങ്കുകൊള്ളുന്ന റാലി ബീമാപള്ളിയെ ചുറ്റും. വീടുകളിലാകെ ചന്ദനത്തിരികള്‍ നിറയും, തവസ്സുല്‍ ബൈത്തും തമിഴ് കലര്‍ന്ന പാട്ടുകളും മുനാജാത്തും മദ്ഹുകളുമായി യുവാക്കള്‍ റാലിയില്‍ നിറയുന്നത് സുന്ദരകാഴ്ചയാണ്. ഇരുപത്തിയേഴാം രാവിലും മറ്റൊരു മഹാറാലി ‘ജോനകപ്പൂന്തുറ’ എന്ന ബീമാപള്ളിയില്‍ നടന്നുവരുന്നു. മുടക്കമില്ലാതെ…
തമിള്‍ ചുവയുള്ള നോമ്പുതുറകള്‍
സിലോണിലേക്കും തമിഴ്നാട്ടിലേക്കും നാട് വിട്ട് ചെന്നവരാണ് ബീമാപള്ളിയുടെ മുന്നോറുകള്‍. സ്രാങ്കുകള്‍ എന്ന് അവരിലെ നേതാക്കള്‍ പേരെടുത്തു. ഭാഷകള്‍ പരസ്പരം കലര്‍ന്ന് ഒന്നായൊഴുകി. വേഷങ്ങള്‍ കടല്‍കടന്ന് വന്നു. സിലോണിലെ വിശിഷ്ട മുത്തുമായി വന്ന് ചിലര്‍ നാട്ടുകാരെ അസൂയപ്പെടുത്തി. ഈ കലര്‍പ്പിന്റെ മുഴക്കം ഇന്നും ഈ ദേശത്തെ ഭാഷയിലുണ്ട്. ആചാരങ്ങളിലുണ്ട്. മൗലിദും ബൈത്തും തമിഴ്നാട്ടിലുള്ളതിനോട് സാദൃശ്യമുള്ളവയാണ്. മണിക്കൂറുകള്‍ നീണ്ട സുബ്ഹാന മൗലിദും പാട്ടുമജ്ലിസുകളും ഇന്നും പഴമയെ ഓര്‍ത്തുവെക്കുന്നു.
യുവതലമുറ, മതപഠനത്തിനായി കീളക്കരയിലേക്കും കായല്‍പട്ടണത്തേക്കും പോയിരുന്നു. കൊടുക്കല്‍ വാങ്ങലുകള്‍ ആ വഴിയും ശക്തമായി. തമിഴ്നാട്ടിലെയും സിലോണിലെയും ഏടുകള്‍ ഇങ്ങോട്ടെത്തി. ഗര്‍ഭിണികള്‍ക്കായുള്ള ‘തലഫാത്തിഹ’ ഇതിന് മികച്ച ഉദാഹരണമാണ്. തമിഴ്-അറബി കലര്‍ന്ന ഫാത്തിമാ ബീവിയുടെ(റ) മദ്ഹാണിത്. വിഭവങ്ങളിലും ഈ കലര്‍പ്പിന്റെ രുചിയുണ്ട്. തമിഴിലുള്ള രാത്രിക്കല്ല്യാണവും വരനെ കുതിരപ്പുറത്ത് ആനയിക്കലും വിളക്കേന്തി ഖുതുബിയ്യത്തോതി മാലകള്‍ ചൊല്ലിയുള്ള ദേശച്ചുറ്റും അതിഥികളായി വന്നു ചേര്‍ന്ന അടയാളങ്ങള്‍ തന്നെ.
ബീമാ ഉമ്മയും ആലിംസാമാരുടെ സേവനവഴികളും
ആലിം സാഹിബ് എന്ന അംഗീകാരത്തിന്റെ ചുരുക്കരൂപമാണ് ആലിംസാ. അനേകം ആലിംസാമാരുടെ പ്രഭാവം ബീമാപള്ളിയുടെ ഇസ്ലാമിക ചുറ്റുപാടുകളെ ഉദാത്തമാക്കി. ശിഹാബുദ്ദീന്‍ ആലിംസാ(വലു ആലിംസാ), അബ്ദുറസാഖ്(കൊച്ചാലിംസാ), ഖമറുദ്ദീന്‍ ആലിംസ, ആലംകോട് ഉസ്താദ്, അബ്ദുല്‍ഹമീദ് മുന്‍ഷി, ശറഫുദ്ദീന്‍ അന്‍വരി, ലബ്ബമാര്‍ തുടങ്ങിയ മഹാ സാന്നിധ്യങ്ങളാണ് നാട്ടില്‍ വെളിച്ചം നിലനിര്‍ത്തിവന്നത്. ഇവരുടെ സ്വാധീനങ്ങളും ത്യാഗവും നോമ്പുകാലങ്ങളിലെ ഒരുക്കങ്ങളിലും പ്രതിഫലിക്കുന്നു.
ബീമാ ഉമ്മ, മകന്‍ ശഹീദ് മാഹീന്‍ അബൂബക്കര്‍, ബാവ മസ്താന്‍, ഈ അനുഗ്രഹങ്ങളുടെ തുടര്‍ച്ചയായാണ് ആളിംസാമാര്‍ നാടിനെ ഏറ്റെടുക്കുന്നത്. വലിയ ആലിംസ- കായല്‍പട്ടണത്ത് പ്രിന്‍സിപ്പല്‍ ആയി സേവനമനുഷ്ഠിച്ച ബഹുഭാഷാ പണ്ഡിതനും സിലോണിലെ ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ഒന്നാമതെത്തിയ പ്രഗത്ഭരുമായിരുന്നു. അവരുടെ തലമുറകള്‍ അറിവിന്റെ വഴിയില്‍ സജീവമാണ്.
വരുന്ന റമളാനിനെ ചേര്‍ത്തുപിടിക്കാന്‍ ഒരുങ്ങുകയാണ് ബീമാപള്ളിയുടെ പുതുതലമുറ. അവരുടെ സംഭാഷണങ്ങളില്‍ ‘ഹയാത്തും’ രാത്രി മജ്ലിസുകളും നിറയുന്നു. പഴമകള്‍ മങ്ങിത്തുടങ്ങുന്നുവെങ്കിലും ഇപ്പോഴും ‘ജോനകപ്പൂന്തുറക്ക്’ സ്വന്തമായി ചില നോമ്പു നേരങ്ങളുണ്ട്. ബീമാ ഉമ്മയുടെ അനുഗ്രഹമാകാം.. മുനാജാത്തിന്റെ മഹത്വമാകാം… സ്നേഹത്തിന്റെ പാടുകളാകാം. തിരികെയിറങ്ങുമ്പോള്‍ ബീമാപള്ളി മഹല്ലില്‍ മഹാകനം തങ്കിയ ബീമാ മാതാവില്‍ പുത്തിരശിരോമണി കാമില്‍ മാഹീന്‍ അബൂബക്കര്‍ ഒലിയുല്ലാ പേരില്‍ എം അബ്ദുല്‍ ഖാദിര്‍ പുലവര്‍ അവര്‍കളാല്‍ പാടിയ മുനാജാത്ത് കൈയ്യില്‍ വന്നു.
”നല്‍വരം പെറ്റ നവമണിനായകം
നവിനോര്‍ക്കന്‍പുറും
മാകതിയെ
ചൊല്ലു മാഹിനബൂബക്കര്‍ പദം പൊറ്റെ
മോതിയെ നീ തുണൈ ചെയ്തിടുവായ്”
– ഇവിടെ ചെറിയവര്‍ക്കും മനഃപാഠമാണ് ഇതിലെ വരികള്‍. മാഞ്ഞുതീരാതെ എത്രയെത്ര ഓര്‍മകള്‍.
മുഹമ്മദ് ബി കടയ്ക്കല്‍
You must be logged in to post a comment Login