മനുഷ്യനില്‍ അല്ലാഹുവിന്റെ സ്വഭാവ വിശേഷണങ്ങളെ അങ്കുരിപ്പിക്കുകയാണ് വ്രതം. ഇതാണ് വ്രതത്തിന്റെ മര്‍മപ്രധാന ലക്ഷ്യമെന്ന് ആത്മജ്ഞാനികള്‍ വിവരിച്ചിട്ടുണ്ട്. മനുഷ്യന് മലക്കുകളുടെ വിതാനത്തിലേക്ക് ഉയരാനും അവരോട് കൂട്ടുകൂടാനും സാധിക്കുന്നത് അല്ലാഹുവിന്റെ സ്വഭാവഗുണങ്ങള്‍ പകര്‍ത്തുന്നതിലൂടെയാണ്. സൃഷ്ടിപരമായ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അല്ലാഹുവിന്റെ സ്വഭാവഗുണങ്ങള്‍ ഉള്‍ക്കൊള്ളുമ്പോഴാണ് വ്രതം ചൈതന്യമുള്ളതാകുന്നത്.
അല്ലാഹുവിന്റെ സ്വഭാവഗുണങ്ങളോട് താദാത്മ്യപ്പെടാനും അവ സ്വാംശീകരിക്കാനും റസൂല്‍(സ്വ) നിര്‍ദേശിച്ചിട്ടുണ്ട്. മനുഷ്യന് സൃഷ്ടിപരമായ ഒട്ടേറെ പരിമിതികളുണ്ട്. അത്തരം പരിമിതികളെ ഉല്ലംഘിച്ചുകൊണ്ട് അല്ലാഹുവിന്റെ സ്വഭാവഗുണങ്ങള്‍ ഉള്‍ക്കൊള്ളാനോ അവയോട് താദാത്മ്യപ്പെടാനോ സാധിക്കുകയില്ല. സൃഷ്ടിപരമായ പരിമിതികള്‍ക്കും സവിശേഷതകള്‍ക്കും അനുസൃതമായ സ്വാംശീകരണമാണ് മനുഷ്യന് സാധ്യമായിട്ടുള്ളത്. അല്ലാഹുവിന്റെ നാമവിശേഷണങ്ങളുടെ പൊരുളുകളുള്‍ക്കൊണ്ട് അതനുസരിച്ച് സ്വഭാവം ചിട്ടപ്പെടുത്തുകയും ചിന്തയിലും പ്രവര്‍ത്തനങ്ങളിലും സംസ്‌കാരത്തിലുമെല്ലാം സ്രഷ്ടാവിന്റെ ഗുണവിശേഷണങ്ങളെ മനുഷ്യാവസ്ഥയില്‍ നിന്നുകൊണ്ട് സാധ്യമാംവിധം ഗ്രഹിക്കുമ്പോഴാണ് മനുഷ്യന് പൂര്‍ണത കൈവരിക്കാനാകുന്നത്. അല്ലാഹുവിന്റെ സാമീപ്യം നേടാനുള്ള മാര്‍ഗവും അതു തന്നെയാണ്. അല്ലാഹുവിന്റെ ഗുണവിശേഷണങ്ങള്‍ എത്രകണ്ട് ആഗിരണം ചെയ്യാനാകുന്നുവോ അത്രയും അവന്റെ സമീപ്യം കരസ്ഥമാക്കാനും പ്രീതി നേടാനുമാകും. മനുഷ്യാവസ്ഥയില്‍ നിന്നുകൊണ്ട് അല്ലാഹുവിന്റെ സ്വഭാവവിശേഷണങ്ങളെ ഏറ്റവും കൂടുതല്‍ ഉള്‍കൊണ്ടിട്ടുള്ളത് മുഹമ്മദ് റസൂലാണ്(സ). റസൂലിന്റെ(സ) സ്വഭാവ ഗുണത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്, മഹത്തായ സ്വഭാവത്തിന് മീതെയാണ് റസൂല്‍ എന്നാണ്(68/4). വിശുദ്ധ ഖുര്‍ആനായിരുന്നു റസൂലിന്റെ(സ) സ്വഭാവമെന്ന് പ്രിയപത്നി ആഇശയും(റ) പറഞ്ഞിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍ ആവര്‍ത്തിച്ചു പ്രതിപാദിക്കുന്നത് അല്ലാഹുവിന്റെ ഗുണവിശേഷണങ്ങളെക്കുറിച്ചാണ്. റസൂലിന്റെ(സ) സമ്പൂര്‍ണ വ്യക്തിത്വവും മഹത്തായ ഔന്നത്യവും അല്ലാഹുവിന്റെ ഗുണവിശേഷണങ്ങളുമായി ബന്ധപ്പെട്ടവയാണ്.
കാരുണ്യമാണ് അല്ലാഹുവിന്റെ ഗുണവിശേഷണങ്ങളില്‍ കൂടുതല്‍ പ്രോജ്വലിച്ചു നില്‍ക്കുന്നത്. വിശുദ്ധ ഖുര്‍ആനില്‍ ആദ്യമായി പരാമര്‍ശിച്ചിരിക്കുന്നതും അവന്റെ കാര്യണ്യത്തെകുറിച്ചാണ്. റമളാനിലെ ആദ്യപത്ത് ദിനരാത്രങ്ങളത്രയും കാരുണ്യത്തിന്റേതാണല്ലോ. റമളാന്‍ ആഗതമായാല്‍ അല്ലാഹുവിന്റെ കാര്യണ്യത്തിന്റെ കവാടങ്ങള്‍ മലര്‍ക്കെ തുറക്കപ്പെടുമെന്ന് റസൂല്‍(സ) അരുളിയിട്ടുണ്ട്. റസൂലില്‍(സ) മികച്ചു നിന്നിരുന്നതും കരുണ, ആര്‍ദ്രത എന്നീ ഗുണങ്ങളായിരുന്നു. റഊഫ് (ദയാവായ്പുള്ളവന്‍), റഹീം (കരുണാവാരിധി) എന്നീ സവിശേഷ സ്വഭാവഗുണങ്ങള്‍കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ സൂറതുത്തൗബയിലെ വചനം 128ല്‍ റസൂലിനെ(സ) വിശേഷിപ്പിച്ചിട്ടുണ്ട്. ഇവ അല്ലാഹുവിന്റെ സ്വഭാവ ഗുണങ്ങളാണ്. അതിരുകളില്ലാത്ത കാരുണ്യം, വിശിഷ്ടമായ ഔദാര്യം, കൃപാപൂര്‍ണമായ സമീപനം, സാര്‍വത്രികമായ ദയാവായ്പ്, നിസീമമായ ഉദാരത, അനന്യസാധാരണമായ വാത്സല്യം എന്നിവ വ്രതത്തിലൂടെ വിശ്വാസി നേടിയെടുക്കേണ്ട ഗുണവിശേഷണങ്ങളാണ്. ഇവയാണെങ്കിലോ, അല്ലാഹുവിന്റെ ഗുണങ്ങള്‍ കൂടിയാണ്. അങ്ങേയറ്റം വാത്സല്യവും കരുണയുമുള്ളവനാണ് അല്ലാഹു. ഏറ്റവും നിസ്സാരനായ അടിമയുടെ ലളിതമായ ആവശ്യങ്ങള്‍ വരെ കാണുകയും അവ കാരുണ്യപൂര്‍വം നിവര്‍ത്തിച്ചു കൊടുക്കുകയും ചെയ്യുന്നവനാണല്ലോ അവന്‍. അബലരും ആലംബഹീനരുമായ ആളുകളുടെ ആവശ്യങ്ങള്‍ നിവര്‍ത്തിച്ചു കൊടുക്കാന്‍ വിശ്വാസിക്ക് കഴിയണം. വിശക്കുന്നവന്റെ പരിദേവനങ്ങളും രോഗശയ്യയില്‍ കിടക്കുന്നവരുടെ വ്യഥയും ദുഃഖിതന്റെ ഹൃദയവേദനയും നോമ്പുകാര്‍ക്ക് കാണാന്‍ കഴിയണം. അപ്പോഴാണ് നോമ്പ് അര്‍ഥപൂര്‍ണമാകുന്നത്.
തിരിച്ച് യാതൊന്നും താല്പര്യപ്പെടാതെ മറ്റുള്ളവരോടുള്ള കൃപയായി ഒരാളില്‍ നിന്ന് പ്രകടമാകുന്ന ആര്‍ദ്രതയാണല്ലോ കാരുണ്യം. അല്ലാഹുവിന്റെ പ്രീതി മാത്രമായിരിക്കും അതിലൂടെ വിശ്വാസി കാംക്ഷിക്കുന്നത്. പുണ്യവാന്മാരെകുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെയാണ്: ‘ഭക്ഷണത്തോട് ആഗ്രഹമുള്ളതോടൊപ്പം അത് ദരിദ്രരെയും അനാഥരെയും തടവുകാരെയും ഭക്ഷിപ്പിക്കുന്നവരാണവര്‍. അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത്. നിങ്ങളില്‍ നിന്ന് പ്രതിഫലമോ നന്ദിയോ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല’ (76/8, 9) എന്നവര്‍ പറയുകയും ചെയ്യും. അല്ലാഹു വിനോടുള്ള സ്നേഹത്തിന്റെ പേരില്‍ ധനം ചെലവഴിക്കുന്നവരാണവര്‍(2/ I77).
അല്ലാഹുവിന്റെ ‘സ്വമദിയ്യത്’ എന്ന വിശേഷണമാണ് വ്രതത്തിലൂടെ വിശ്വാസി സ്വാംശീകരിക്കേണ്ട സുപ്രധാനമായ ഗുണം. സര്‍വരാലും ആശ്രയിക്കപ്പെടുന്നവന്‍, നിരാശ്രയന്‍ എന്നെല്ലാമാണ് ഈ നാമത്തിനര്‍ഥം. അല്ലാഹു യാതൊന്നും ആവശ്യമില്ലാത്തവനാണ്. എന്നാല്‍ മനുഷ്യന് പരാശ്രയമില്ലാതെ ജീവിക്കാനാവില്ല. എങ്കിലും മറ്റുള്ളവരെ ആശ്രയിക്കുന്നത് പരമാവധി ഒഴിവാക്കിയും ആവശ്യങ്ങളും, ആവലാതികളും ഇല്ലായ്മകളും വല്ലായ്മകളും അല്ലാഹുവിനോട് ബോധിപ്പിച്ചും വിനയത്തോടെ അവന് മുന്നില്‍ സമര്‍പ്പിച്ചും ഈ സ്വഭാവഗുണത്തോട് പ്രതിബദ്ധതയുള്ളവനാകാന്‍ വിശ്വാസിക്ക് സാധിക്കും. മതപരവും ഭൗതികവുമായ സകല കാര്യങ്ങളിലും ജനങ്ങള്‍ക്ക് അവലംബിക്കാന്‍ പറ്റുന്ന വിധം ജീവിതം ചിട്ടപ്പെടുത്തുക എന്നതാണ് ‘സ്വമദിയ്യത്’ എന്ന വിശേഷണത്തോട് ബന്ധപ്പെട്ട് വിശ്വാസിക്ക് ചെയ്യാന്‍ സാധിക്കുന്ന മറ്റൊരു കാര്യം. സഹിഷ്ണുത, വിട്ടുവീഴ്ച, നീതിബോധം, ഉദാരത, ദയാവായ്പ്, സ്നേഹം, നന്മ, മാപ്പ്, അനുകമ്പ, മാര്‍ഗദര്‍ശനം, ക്ഷമ തുടങ്ങിയുള്ള അല്ലാഹുവിന്റെ ഗുണവിശേഷങ്ങളെയെല്ലാം സ്വാംശീകരിക്കാനും അവയുടെ പൊരുളുകളുള്‍കൊണ്ട് ജീവിതം ചിട്ടപ്പെടുത്താനും സാധിക്കുമ്പോഴാണ് വ്രതത്തിന്റെ ആത്മാവ് തൊട്ടറിയാനാകുന്നത്.
ആത്മ വിശുദ്ധിയുള്ളവര്‍ക്കു മാത്രമേ അല്ലാഹുവിന്റെ സ്വഭാവഗുണങ്ങളെ സ്വാംശീകരിക്കാനാവുകയുള്ളൂ. ഉള്ളം മലിനമായവര്‍ക്ക് അതിനാവുകയില്ല. ഭൗതിക മോഹങ്ങളും ആസക്തികളും കൊണ്ട് നിറഞ്ഞ മനസ്സില്‍ അല്ലാഹുവിന്റെ സ്വഭാവഗുണങ്ങള്‍ എങ്ങനെ അങ്കുരിക്കാനാണ്? അരുതായ്മകളില്‍ നിന്ന് അകന്ന് നിന്ന് പാപക്കറകളെല്ലാം കഴുകി വൃത്തിയാക്കി വേണം അല്ലാഹുവിന്റെ സ്വഭാവ ഗുണങ്ങള്‍ക്കായി ശ്രമിക്കാന്‍. ആ പാപക്കറകള്‍ കഴുകിക്കളയുന്ന പേമാരിയാണ് റമളാന്‍. പ്രത്യേകിച്ച് അതിലെ പാപമോചനത്തിന്റെ പത്ത് നാളുകള്‍ അതിനുള്ള അവസരമൊരുക്കുന്നു.
സൗമ് എന്നാണ് വ്രതത്തിന് അറബിയില്‍ പറയുന്നത്. അകന്ന് നില്‍ക്കുക, ഒഴിഞ്ഞ് നില്‍ക്കുക, തടഞ്ഞുവെക്കുക, വര്‍ജിക്കുക എന്നെല്ലാമാണ് സൗമ് എന്ന പദത്തിനര്‍ഥം. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങളും, കാമ കേളികളും ഉപേക്ഷിക്കലാണ് വ്രതം. ആ പകലിന്റെ പരിശുദ്ധിക്കിണങ്ങും വിധം ദിനമൊന്നാകെ പൈശാചിക പ്രവണതകളില്‍ നിന്ന് കൂടി അകന്ന് നില്‍ക്കുമ്പോഴാണ് വ്രതം അര്‍ഥപൂര്‍ണമാകുന്നത്. നരകമോചനത്തിന്റെതാണ് റമളാനിലെ അവസാനത്തെ പത്തു നാളുകള്‍. പാപക്കറകളെല്ലാം കഴുകിക്കളഞ്ഞ് അരുതായ്മകളോട് പടവെട്ടി അല്ലാഹുവിന്റെ സ്വഭാവ വിശേഷണങ്ങള്‍ സ്വാംശീകരിച്ച് വ്രതത്തിന്റെ ആത്മാവില്‍ തൊടുമ്പോള്‍ നരകവാതിലടയുന്നു. അല്ലാഹുവിന്റെ ഗുണവിശേഷണങ്ങളോട് താദാത്മ്യം പ്രാപിക്കാനാകുന്നതോടെ സ്വര്‍ഗവാതില്‍ തുറക്കുന്നു. ഈയൊരു സുവിശേഷമാണ് പരിശുദ്ധ റസൂലും മഹദ് വേദമായ ഖുര്‍ആനും പടപ്പുകള്‍ക്ക് നല്‍കുന്നത്.
ഇസ്ഹാഖ് അഹ്സനി
You must be logged in to post a comment Login