ടാ…. കള്ളുങ്കുപ്പി

 
മദീനയിലെവിടെയോ മദ്യവീപ്പ മറിഞ്ഞ് ഒരല്പം മദ്യം പുല്ലില്‍ തെറിച്ചുവെന്നും ഒരുപറ്റം ആട്ടിന്‍കുട്ടികള്‍ ആ പുല്ല് തിന്നുവെന്നും ഖലീഫ അലി(റ) അറിഞ്ഞു. ഒരാടിന്റെ ആയുഷ്കാലം ഗണിച്ചെടുത്ത് ‘അത്രയും കാലം ഞാന്‍ ആട്ടിറച്ചി തിന്നൂല’ എന്നു തീര്‍ത്തു പറഞ്ഞ അലി(റ)ന്റെ ജീവിതം കേട്ട മലപ്പുറത്തെ മാപ്പിളക്കുഞ്ഞുങ്ങള്‍ക്കെങ്ങനെ കള്ളുങ്കുപ്പിയോട് പൊറുക്കാനാവും?. ഇത് പഴയകാലം. പക്ഷേ, എന്തു കൊണ്ട് നമുക്ക് തിരിച്ചു പൊയ്ക്കൂടാ?

എം അബ്ദുല്‍ മജീദ്

   മദ്രസവിട്ട് വീട്ടിലേക്കു വരുന്ന വഴിക്ക് വേലിക്കരികെ ഒരൊഴിഞ്ഞ മദ്യക്കുപ്പി. ‘ടാ… ഒരു കള്ളുങ്കുപ്പി’. ആരോ വിളിച്ചു പറഞ്ഞു. ആകെ ബഹളമായി. ഒരുവന്‍ ഒരു വലിയ കമ്പ് കൊണ്ടു വന്നു. എല്ലാവരും ചേര്‍ന്ന് ആര്‍പ്പ്വിളിയോടെ ആ കള്ളുങ്കുപ്പി തോണ്ടിയെടുത്ത് വഴിയിലെത്തിച്ചു. മദ്യക്കുപ്പിക്ക് ചുറ്റും കൂടിനിന്ന് ആ കുട്ടിപ്പട കല്ലെറിഞ്ഞ് കുപ്പി തവിടു പൊടിയാക്കി. ഒരു മഹാകാര്യം ചെയ്തു തീര്‍ത്ത സംതൃപ്തിയോടെ ലോകത്തെ സര്‍വ്വ മദ്യപാനികളെയും ഉറക്കെപ്പഴിച്ച് സംഘം പലവഴിയായി ചിതറി. മദ്യത്തോടും മദ്യപാനികളോടുമുള്ള ഒരു തലമുറയുടെ അടങ്ങാത്ത വെറുപ്പാണിവിടെക്കാണുന്നത്.

  മദീനയിലെവിടെയോ മദ്യവീപ്പ മറിഞ്ഞ് ഒരല്പം മദ്യം പുല്ലില്‍ തെറിച്ചുവെന്നും ഒരുപറ്റം ആട്ടിന്‍കുട്ടികള്‍ ആ പുല്ല് തിന്നുവെന്നും ഖലീഫ അലി(റ) അറിഞ്ഞു. ഒരാടിന്റെ ആയുഷ്കാലം ഗണിച്ചെടുത്ത് ‘അത്രയും കാലം ഞാന്‍ ആട്ടിറച്ചി തിന്നൂല’ എന്നു തീര്‍ത്തു പറഞ്ഞ അലി(റ)ന്റെ ജീവിതം കേട്ട മലപ്പുറത്തെ മാപ്പിളക്കുഞ്ഞുങ്ങള്‍ക്കെങ്ങനെ കള്ളുങ്കുപ്പിയോട് പൊറുക്കാനാവും?

   അന്ന് മദ്യപാനി വെറുക്കപ്പെട്ടവനായിരുന്നു. മഹല്ലുകളില്‍ അവര്‍ മാറ്റിനിര്‍ത്തപ്പെട്ടു. മദ്യഷാപ്പുകള്‍ ഒറ്റപ്പെട്ട നിഗൂഢ സ്ഥലങ്ങളിലായിരുന്നു. ഇന്ന് മദ്യഷാപ്പുകള്‍ ഗ്രാമങ്ങളിലേക്ക് ചേക്കേറി. സ്വര്‍ണ്ണവര്‍ണ്ണ പാനീയം സുപരിചിതമായിരിക്കുന്നു. റോയല്‍ ബ്രാന്‍ഡുകള്‍ എല്ലാഗ്രാമങ്ങളിലും യഥേഷ്ടം. പള്ളിയെന്നോ പള്ളിക്കൂടമെന്നോ നോക്കാതെ ആര്‍ക്കും എവിടെയും മദ്യക്കട തുറക്കാവുന്നതേയുള്ളൂ. ജനങ്ങളുടെ ആവശ്യമറിഞ്ഞ് പ്രവര്‍ത്തിക്കുന്ന സര്‍ക്കാറുകള്‍ വരുമ്പോള്‍ നിയമങ്ങള്‍ കുറച്ചുകൂടെ ഉദാരമാവും. ഫലം, എല്‍കെജി കുട്ടി അച്ഛനെ അനുകരിച്ച് അച്ഛന്‍ അലമാരയില്‍ സൂക്ഷിച്ചുവച്ച മദ്യക്കുപ്പിയില്‍ നിന്ന് ആരും കാണാതെ രുചി നോക്കുകയും പിന്നീട് അതവന്റെ പതിവാകുകയും എല്ലാ ദിവസവും വാട്ടര്‍ബോട്ടിലില്‍ മദ്യം നിറച്ച് കുറച്ച് ഐസ്ക്യൂബുകളുമിട്ട് സ്കൂളിലേക്ക് കൊണ്ടുപോവുകയും ഒടുവില്‍ പത്രത്തില്‍ പടം അടിച്ചു വരാന്‍ അയല്‍പക്കത്തെ കൊച്ചുമോളെ ബലാത്സംഗം ചെയ്യുകയും ചെയ്യുന്ന എം മുകുന്ദന്റെ കഥയിലെ (രണ്ടു കൊച്ചു തെമ്മാടികള്‍) കഥാപാത്രങ്ങള്‍ക്ക് ജീവന്‍ വെക്കുന്നിടത്തേക്ക് നമ്മുടെ നാട് വികസിക്കുകയും ചെയ്യുന്നു.

   മലപ്പുറത്തെ ഒരു സ്കൂള്‍ അധ്യാപകന്‍ തന്റെ ശിഷ്യനെ ബിവറേജിനു മുന്നില്‍ ക്യൂ നില്‍ക്കുന്നതായി കണ്ടപ്പോള്‍ ആധി പെരുത്തു. അവനെ ഉപദേശിക്കാന്‍ തീരുമാനിച്ചു. തിങ്കളാഴ്ച സ്കൂളില്‍ വന്ന അധ്യാപകന്‍ കുട്ടിയെ വിളിച്ചു മാറ്റി നിര്‍ത്തി സംസാരിച്ചു: “മോനേ, മറ്റാര്‍ക്കോ വേണ്ടിയാണെങ്കിലും മദ്യഷാപ്പില്‍ പോവരുത്. മദ്യഷാപ്പും മദ്യപാനികളുമായുള്ള ബന്ധം നിന്നെയും മദ്യപാനിയാക്കും.” അധ്യാപകന്‍ പറഞ്ഞു തീര്‍ന്നില്ല. അവന്‍ പ്രതികരിച്ചു: “സര്‍, മറ്റാര്‍ക്കോ വേണ്ടിയല്ല, ഞങ്ങള്‍ക്കു വേണ്ടി തന്നെയാണ്. ഇടയ്ക്ക് ഞായറാഴ്ചകളില്‍ ഞങ്ങള്‍ കമ്പനിയടിക്കാറുണ്ട് സര്‍.” മുഖത്തടിയേറ്റപോലെയായി അയാള്‍. അന്നയാള്‍ ഒരു പുതിയ തീരുമാനമെടുത്തു. ഇനി മേലില്‍ ഞാനെന്റെ കുട്ടികളെ ഉപദേശിക്കില്ല എന്ന്. ഉപദേശിച്ചിരുന്നില്ലെങ്കില്‍ അവന്‍ മറ്റാര്‍ക്കോ വേണ്ടിയാണ് ബിവറേജില്‍ ക്യൂ നിന്നതെന്നെങ്കിലും സമാധാനിക്കാമായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ‘ചോക്കുപൊടി’ കോളത്തില്‍ അക്ബര്‍ കക്കട്ടില്‍ ‘ഞങ്ങള്‍ ഇപ്പോഴത്തെ കുട്ടികളെ ഉപദേശിക്കാറില്ല’ എന്ന് എഴുതിയത് വെറുതെയല്ല. മദ്യപിച്ച് പരീക്ഷ എഴുതാനിരുന്ന മൂന്ന് ഒമ്പതാം ക്ളാസ് വിദ്യാര്‍ത്ഥികളെ പുറത്താക്കിയ പത്രവാര്‍ത്തയും മലപ്പുറത്തു നിന്നായിരുന്നു.

  നമ്മുടെ കുട്ടികള്‍ ‘കൊച്ചു തെമ്മാടി’കളാവാന്‍ പഠിക്കുകയാണല്ലോ. മദ്യപാനികളുടെ ശരാശരി പ്രായം 12 വയസ്സിലെത്തിയിരിക്കുന്നുവെന്ന് കണക്കുകള്‍ പറയുന്നു. മദ്യപാനം യുവത്വത്തിന്റെ വര്‍ണത്തൂവലായിരിക്കുന്നു. മലപ്പുറം ജില്ലയിലെ ഏതു ഗ്രാമത്തില്‍ ചെന്നാലും അന്തിമയങ്ങിയാല്‍ പൊതുസ്ഥലത്തിരുന്ന് മദ്യപിക്കുന്ന കാഴ്ചകളെത്രയെങ്കിലും കാണാനാവും. എന്തിന്; അരക്കോടിയുടെ മദ്യം കുടിച്ച് തീര്‍ക്കുന്നത് മലപ്പുറത്തുകാരാണെന്നത് നമുക്ക് അഭിമാനമല്ലേ. ഇതില്‍ 70-80 ശതമാനം യുവാക്കളാണ്. നമ്മുടെ മക്കളുടെ കയ്യില്‍ ധാരാളം പണമെത്തുമ്പോള്‍ അത് ചെലവഴിക്കാന്‍ അവര്‍ മാര്‍ഗ്ഗം കാണാതിരിക്കുന്നതെങ്ങനെ? വിദേശത്തുള്ള രക്ഷിതാക്കളുടെ സ്നേഹപ്രകടനമായും മാഫിയാ ബന്ധങ്ങളിലൂടെയായും അവരിന്ന് സമ്പന്നരാണ്. മലപ്പുറം എസ്പിയുടെ നിര്‍ദ്ദേശാനുസരണം ഭാരതപ്പുഴയിലെ മണല്‍ മാഫിയക്ക് എസ്കോര്‍ട്ട് പോവുന്നവരുടെ ഗുണ്ടാലിസ്റ് തയ്യാറാക്കിയപ്പോള്‍ കോളജില്‍ പഠിക്കുന്ന നിരവധി വിദ്യാര്‍ത്ഥികളെയും കണ്ടെത്തിയിരുന്നു. അതിരാവിലെ എഴുന്നേറ്റ് രണ്ടുമണിക്കൂര്‍ ബൈക്കോടിച്ചാല്‍ കൈ നിറയെ പണം ലഭിക്കുന്ന മറ്റെന്ത് തൊഴിലാണുള്ളത്?

   സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ക്ളബ്ബുകള്‍ പ്രവര്‍ത്തിക്കുന്നത് മലപ്പുറം ജില്ലയിലാണ്. അവര്‍ കളിച്ചു മാത്രമല്ല ആഘോഷിക്കുന്നത്, കുടിച്ചും കൂത്താടിയുമാണ്. നമ്മുടെ നാട്ടിലെ ക്ളബ്ബുകളാണ് തെമ്മാടികളുടെ പാഠശാല. ക്ളബ്ബുകള്‍ സംഘടിപ്പിക്കുന്ന ടൂറുകളില്‍ നിന്നാണ് പുതിയ തെമ്മാടികള്‍ കൈപൊക്കുന്നത്. കണ്‍വെട്ടത്തു നിന്ന് മറയുമ്പോള്‍ കൂടുതല്‍ സ്വാതന്ത്യ്രവും ധൈര്യവും ലഭിക്കുക സ്വാഭാവികം. മദ്യത്തിന്റെയും പെണ്ണിന്റെയും രുചി നുണയുന്നത് ഇത്തരം വിനോദയാത്രകളിലാണ്. വിനോദയാത്രക്കെന്നു പറഞ്ഞ് പണം വാങ്ങിപ്പോവുന്ന മക്കള്‍ തെമ്മാടിക്കൂട്ട് തേടിപ്പോവുകയാണെന്ന് രക്ഷിതാക്കള്‍ ഓര്‍ക്കുന്നത് നല്ലത്. സൌഹൃദങ്ങളില്‍ നിന്നാണ് കുട്ടികളില്‍ രുചിയും അഭിരുചിയും സ്വഭാവവും രാഷ്ട്രീയവും സംസ്കാരവും രൂപപ്പെടുന്നത്. നല്ല സൌഹൃദങ്ങളില്‍ നിന്നേ നല്ലത് പഠിക്കൂ.

   തിന്മകള്‍ ലളിതവത്കരിക്കപ്പെടുന്ന കാലമാണിത്. മദ്യം വെറുക്കപ്പെടേണ്ടതല്ല, മദ്യപാനി മാറ്റി നിര്‍ത്തപ്പെടേണ്ടവനുമല്ല. മാന്യന്മാര്‍ക്ക് മദ്യം സ്റാറ്റസ് സിമ്പലാണ്. പട്ടയടിച്ച് ബോധം കെട്ട് ഓടയില്‍ കിടക്കുന്നവനാണ് ചെറ്റ. വിലകൂടിയ മദ്യം കുടിക്കുന്നവന്‍ അന്തസ്സുള്ളവനാണ് എന്നൊക്കെയാണിന്നത്തെ അവസ്ഥ. തീര്‍മേശയില്‍ മഹോന്നത സ്ഥാനമുണ്ട് മദ്യത്തിന്. ആഘോഷങ്ങള്‍ മദ്യചേരുവയില്ലെങ്കില്‍ അപൂര്‍ണങ്ങളാണ്. കല്യാണ രാത്രികളിലെ തലവെട്ടുകല്യാണം മലപ്പുറത്തെ സ്ഥിരം കാഴ്ചയാണ്. കോഴിത്തലയല്ല വെട്ടുന്നത്; കുപ്പിത്തലയാണെന്നു മാത്രം. ഇറച്ചി വാങ്ങാനൊരുക്കിയ കാശുമായിപ്പോയ മകന്റെ സുഹൃത്തുക്കള്‍ ആഘോഷിക്കാനുള്ള കുപ്പി വാങ്ങി ബാക്കി കാശ് തിരിച്ചു കൊടുത്തപ്പോള്‍ കല്യാണപ്പന്തല്‍ അടിപിടി വേദിയായതും പിറ്റേദിവസം പുതിയാപ്പിളയെ പെണ്ണിന്റെ വീട്ടിലേക്ക് മദ്യക്കുപ്പി കൊണ്ട് മാലചാര്‍ത്തി സുഹൃത്തുക്കള്‍ ആനയിച്ചതും ആഘോഷത്തിന്റെ പുതിയ മാതൃകകളാണ്.

   എന്തും ആഘോഷമാക്കി മാറ്റുകയാണ് നമ്മളിപ്പോള്‍. ആഘോഷത്തിന്റെ മാറ്റ് കൂട്ടുന്നത് മദ്യം വിളമ്പുന്നതിന്റെ തോതനുസരിച്ചാണ്. ബോളിവുഡിലെ സൂപ്പര്‍താരം ലിയനാഡോ ഡികാപ്രിയോ പതിനാറു കോടി രൂപയുടെ മദ്യമാണ് പിറന്നാള്‍ ദിവസം വിളമ്പിയത്. നമ്മുടെ മക്കള്‍ക്ക് അനുകരിക്കാനുള്ളത് ബോളിവുഡിലെയും ഹോളിവുഡിലെയും താരസുന്ദര•ാരെയാണല്ലോ. വൈകീട്ടത്തെ പരിപാടി നിശ്ചയിക്കുന്നത് താരങ്ങളാണല്ലോ.

   മൂന്നു വര്‍ഷം മുമ്പ് ഒരു ന്യൂ ഇയര്‍ രാത്രിയില്‍ യാത്ര ചെയ്തത് ഓര്‍ത്ത് ഇന്നും വിറച്ചു പോവുന്നു; ചെന്നു പെട്ടത് ആഘോഷക്കമ്മിറ്റിയുടെ ആരവങ്ങള്‍ക്കിടയിലേക്കാണ്. ഒരു സംഘം യുവാക്കള്‍ ആടിത്തിമര്‍ക്കുകയാണ്. ആരുടെയും കാലുകള്‍ നിലത്തുറക്കുന്നില്ല. കത്തിച്ചുവച്ച ടയറാണ് അവരുടെ വിളക്ക്. കുഴഞ്ഞ നാവില്‍ നിന്ന് പുറത്ത് വരുന്നത് അശ്ളീലപ്പാട്ടുകള്‍. കൈകളിലുയര്‍ത്തിപ്പിടിച്ചത് നിറഞ്ഞ മദ്യക്കുപ്പികള്‍. ഇടക്കിടെ സിപ്പ് ചെയ്ത് കുപ്പികള്‍ പലരിലൂടെയായി കൈമാറുന്നു. ഹാപ്പി ന്യൂഇയര്‍ എന്നാര്‍ത്തു വിളിച്ച് പുതുവര്‍ഷം ആഘോഷിക്കുകയാണ് അവര്‍. റോഡ് ക്രോസ് ചെയ്ത് നിര്‍ത്തിയ ഓംനി വാനില്‍ നിന്ന് കാതടപ്പിക്കുന്ന ശബ്ദത്തില്‍ പശ്ചാത്തല സംഗീതവുമുണ്ട്. ചെന്നായ് കൂട്ടത്തിനിടയില്‍ പെട്ട മാന്‍പേട പോലെ വിറച്ചുപോയ നിമിഷം. ഡിസംബര്‍ 31 നമുക്ക് നിര്‍ഭയമായി യാത്ര ചെയ്യാന്‍ സാധ്യമല്ലാത്ത രാത്രി കൂടിയാണ്. അന്ന് തെരുവ് കുട്ടിത്തെമ്മാടികള്‍ ഭരിക്കും. ആഘോഷങ്ങളുടെ പേരില്‍ നമ്മുടെ മക്കള്‍ കുടിച്ച് കൂത്താടുന്ന രാത്രി. ഗ്രമങ്ങളില്‍ പോലും ക്രമസമാധാനത്തിന് നമ്മുടെ പോലീസ് പെടാപ്പാട് പെടുന്ന രാത്രി. ആടിയും പാടിയും കുടിച്ചും പുകച്ചും ബഹളമിട്ടും അതിരുകളില്ലാത്ത തോന്ന്യാസങ്ങളുടെ കെട്ടുപൊട്ടിച്ച് പൂരപ്പറമ്പുകളെ തോല്‍പിക്കും അന്നത്തെ രാത്രിയിലവര്‍. വൃത്തികെട്ട തെരുവില്‍ ഛര്‍ദ്ദിലുകളോടൊപ്പം പുളിച്ച തെറി ഛര്‍ദ്ധിച്ച് അവരന്ന് നമ്മുടെ തെരുവുകളെ വീണ്ടും വീണ്ടും വൃത്തിഹീനമാക്കും. തെരുവില്‍ ശരീരം വില്‍ക്കുന്ന വേശ്യകള്‍ക്കു പോലും അന്ന് മടിശ്ശീല നിറയും. പുതിയ തെമ്മാടികള്‍ പൊട്ടിമുളയ്ക്കുന്നത് ആ രാത്രിയിലാണ്. പൊടിമീശക്കാരില്‍ പലരും ആ രാത്രിയില്‍ ആദ്യമായി മദ്യത്തിന്റെ രുചിയറിയും. പുകച്ചുരുളുകളുടെ ഇന്ദ്രജാല ലഹരി നുണയും. വേഴ്ചയുടെ കിതപ്പ് മാറ്റും. തെമ്മാടികള്‍ക്ക് പഠിക്കുകയാണാ രാത്രിയില്‍ നമ്മുടെ മക്കള്‍. ഒരു പുതിയ വര്‍ഷത്തിലേക്ക് നൂറുനൂറ് സ്വപ്നങ്ങളും പ്രതീക്ഷകളുമായി നല്ല തുടക്കമിടുകയാണ് അവര്‍. ബുദ്ധി മരവിച്ച് വേച്ചു വേച്ചു വേണം അവര്‍ക്ക് പുതുപ്പിറവിയിലേക്ക് കാലെടുത്തു വെക്കാന്‍. ഭോഗിച്ചാസ്വദിച്ച,് കിതച്ചു കിതച്ചു വേണം അവര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാന്‍. അവര്‍ക്ക് അന്ന് രാത്രിയില്‍ വിരുന്നൊരുക്കാന്‍ നമ്മുടെ നാട്ടിലെ ക്ളബ്ബുകളുണ്ട്. സംസ്കാരം തൊട്ടു തീണ്ടാത്ത സാംസ്കാരിക സംഘടനകളുണ്ട്. കൊച്ചു കൊച്ചു തെമ്മാടിക്കൂട്ടുകളുണ്ട്. ബാറുകളും നിശാ ക്ളബ്ബുകളും ചൂതാട്ട കേന്ദ്രങ്ങളും വലിയ നഗരങ്ങളില്‍ മാത്രമല്ല നമ്മുടെ കൊച്ചു ഗ്രാമങ്ങളില്‍ പോലും തുറന്നുവച്ചിരിപ്പുണ്ട്. പ്രചോദിപ്പിക്കാന്‍ ചാനലുകളും മാധ്യമങ്ങളും റിയാലിറ്റി ഷോകളും മാതൃകയായി സിനിമാ സുന്ദരീസുന്ദരന്‍മാരും സ്പോര്‍ട്സ് താരങ്ങളും; കൊഴുപ്പ് കൂട്ടാന്‍ ഇനിയെന്തു വേണ്ടൂ.

    ഒരു രാജ്യത്തിന്റെ പ്രതീക്ഷയായ യൌവ്വനങ്ങള്‍ കുടിച്ചടിപതറി പടികയറുമ്പോള്‍ നോക്കു കുത്തിയായി നില്‍ക്കുന്ന ഭരണസംവിധാനവും ബലേ ഭേഷ്… നമ്മുടെ കുട്ടികള്‍ ഇന്ന് കുടിച്ചു പഠിച്ച് മിടുക്കരായ തെമ്മാടികളായി നമ്മുടെ മാനാഭിമാനങ്ങള്‍ക്ക് പൊന്‍തൂവല്‍ ചാര്‍ത്തിത്തരും. എന്റെ രക്ഷിതാക്കളേ… അരുതെന്ന് പറയാന്‍ നിങ്ങള്‍ കൈ ഉയര്‍ത്തരുത്. അവര്‍ നിങ്ങളുടെ പ്രതീക്ഷയാണ്. അവരാസ്വദിക്കട്ടെ. നമുക്കാവശ്യം തെരുവ് ഗുണ്ടകളും തെമ്മാടികളും പിടിച്ചു പറിക്കാരും കൂട്ടിക്കൊടുപ്പുകാരും നീലച്ചിത്ര നിര്‍മ്മാതാക്കളും അമ്മയെ വില്‍ക്കുന്നവരും അച്ഛനെ കൊല്ലുന്നവരും ഛര്‍ദ്ദിലുകളില്‍ മുഖം കുത്തി വീഴുന്നവരും സ്വബോധമില്ലാത്തവരുമാണല്ലോ. നമുക്കിവര്‍ക്കു വേണ്ടി മെഴുകുതിരികള്‍ കത്തിച്ചുവച്ച് ഹലേലുയ്യ പാടാം. തോന്ന്യാസങ്ങളുടെ അകമ്പടിയോടു കൂടി പുതുവര്‍ഷത്തിലേക്ക് നടന്നടുക്കാന്‍ ചൂട്ടുകത്തിച്ചു പിടിക്കാം.

   ‘മരണശേഷം നിങ്ങള്‍ക്ക് ബാക്കിയാവുന്നത് സദ്വൃത്തരായ സന്താനങ്ങളായിരിക്കുമെന്ന്’ പഠിപ്പിച്ചത് മുത്ത്നബിയാണ്. ഇടനെഞ്ചിലമര്‍ത്തിത്തിരുമ്മി ഒന്നാലോചിച്ചു നോക്കൂ… നിങ്ങള്‍ക്ക് ബാക്കിയാവുന്നത് ആരായിരിക്കുമെന്ന്! നിങ്ങളുടെ മകനും ആരാവാനാണ് പഠിച്ചു കൊണ്ടിരിക്കുന്നതെന്ന്. ഒരൊറ്റ രാത്രി മതി അവന്റെ വിധി നിര്‍ണയിക്കാന്‍. ഗതിമാറ്റാന്‍. അതിനീ വരുന്ന ഡിസംബര്‍ 31 ധാരാളമാണ്. നിങ്ങളുടെ പ്രതീക്ഷകളുടെ കൂമ്പടഞ്ഞു പോവരുതെന്ന് നിങ്ങളാഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളൊരു ധീരമായ തീരുമാനമെടുത്തേ മതിയാവൂ; ഈ ഡിസംബര്‍ 31ന് രാത്രിയില്‍ എന്റെ മകന്‍ എന്റെ വീട്ടില്‍ കിടന്നുറങ്ങിയിരിക്കുമെന്ന്. അവനെ ഞാന്‍ തെരുവിന് വിട്ടു കൊടുക്കില്ലെന്ന്.

2 Responses to "ടാ…. കള്ളുങ്കുപ്പി"

  1. PCA RAHMAN THENNALA  January 2, 2013 at 3:12 pm

    നല്ല ആര്‍ട്ടിക്കിള്‍…..

  2. Rajesh Machadath  April 4, 2013 at 9:36 am

    Good Article…

You must be logged in to post a comment Login