അരനോമ്പുകാരന്റെ പെരുന്നാള്‍

അരനോമ്പുകാരന്റെ പെരുന്നാള്‍

കുഞ്ഞുങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയിട്ടില്ല. ദൈവത്തിന്റെ ഉചിതമായ കരുതലുകളില്‍ ഒന്നാണത്. അവരുടെ ശരീരത്തിനും മനസ്സിനും നോമ്പിന്റെ കഠിന വ്യവസ്ഥകള്‍ താങ്ങാനുള്ള കെല്പ് ഉണ്ടായി വരുന്നല്ലേയുള്ളു. എന്നാല്‍ മുതിര്‍ന്നവരെപ്പോലെ സ്വമേധയാ നോമ്പെടുക്കുന്ന പതിവ് കുട്ടികള്‍ക്കുണ്ട്. അപുര്‍വ്വം ചിലര്‍ മുതിര്‍ന്നവര്‍ക്കൊപ്പം നോമ്പു മുപ്പതുമെടുത്ത് ഞങ്ങള്‍ക്കിടയില്‍ വീരപരിവേഷം നേടറുള്ളതോര്‍മയുണ്ട്.പല തവണ ഞാനും ശ്രമിച്ചിരുന്നു. മിക്കപ്പോഴും പകുതിക്ക് വച്ച് അതു മുറിഞ്ഞു. കൂട്ടുകാര്‍ക്കിടയില്‍ അരനോമ്പുകാരനായി പലപ്പോഴും ഞാന്‍. എന്നാല്‍ ചെറിയ പെരുന്നാള്‍ ദിവസം മുപ്പതും നോറ്റ ഒരാളുടെ ഭാവത്തോടെ പെരുന്നാളാഘോഷത്തിന്റെ മുന്നണിയില്‍ തന്നെ ഞങ്ങളുമുണ്ടാകും. പള്ളി ദൂരെയായതിനാല്‍ ബാങ്ക് കേള്‍ക്കുക പ്രയാസമാണ്. റേഡിയോയില്‍ മാസം കണ്ട വിവരമറിയാന്‍ ഉപ്പാവ സ്റ്റേഷനുകള്‍ മാറി മാറിപ്പിടിക്കും. ഉറപ്പിച്ചാല്‍ പിന്നെ സന്തോഷത്തിന്റെ നിമിഷങ്ങളാണ്. ചലിക്കരയില്‍ നിന്ന് അളിയങ്ക വരുമ്പോള്‍ പൂത്തിരിയും മത്താപ്പൂവും കൊണ്ടുവരും. ആട്ടു ചക്രം കത്തിച്ച് കോലായില്‍ വയ്ക്കും. ബാക്കി വന്ന ഇളനീര്‍പൂവ് പുലര്‍ച്ചെ കത്തിക്കാനായി കരുതി വയ്ക്കും. ആ രാത്രി ആനന്ദത്തിന്റേതാണ്. കളിയും തമാശകളുമായി നേരം പോകുന്നതറിയില്ല. ഇച്ചാച്ചയും കൂട്ടുകാരികളും തച്ചറോത്ത് പറമ്പില്‍ നിന്നു പറിച്ചു കൊണ്ടുവന്ന മൈലാഞ്ചി അരയ്ക്കുന്ന തിരക്കിലാവും .

പെരുന്നാള്‍ ദിവസം കാലത്ത് കുളിച്ച് പ്രഭാതഭക്ഷണം ചെറുതായി കഴിച്ചെന്നു വരുത്തി പള്ളിയിലേക്ക് പുറപ്പെടും. വെള്ളമുണ്ടും വെളുത്ത കുപ്പായവുമായിരുന്നു അന്നത്തെ പെരുന്നാള്‍ വേഷം. അന്നൊക്കെ വര്‍ഷത്തിലൊന്നോ രണ്ടോ തവണയാണ് പുതിയ ഉടുപ്പ് കിട്ടുക. സ്‌കൂള്‍ തുറക്കുന്ന ദിവസം. പിന്നെ ചെറിയ പെരുന്നാളിന്റെ അന്ന്.പെരുന്നാളിന്റെ ആവേശത്തള്ളിച്ചയില്‍ ഓടിയും നടന്നുമാണ് പള്ളിയിലേക്ക് പോവുക.ധൃതി കാരണം പെരുന്നാള്‍ നിസ്‌കാരത്തിന് വളരെ മുമ്പ് തന്നെ ഞങ്ങള്‍ കുട്ടികള്‍ മുലാട് പള്ളിയിലെത്തിയിരിക്കും. നിസ്‌കാരത്തിന് മുന്നിലെ പന്തിയില്‍ തന്നെ വരിനില്ക്കാനുള്ള കുട്ടികളായ ഞങ്ങളുടെ ആഗ്രഹം മുതിര്‍ന്നവര്‍ പൊളിക്കും. അവര്‍ ഞങ്ങളെ പിറകിലേക്കോടിക്കും. വരിയിലെ വിടവ് ഫില്ലു ചെയ്യാനായി അവിടെയും ഇവിടെയും വിന്യസിക്കപ്പെടുന്നതോടെ ഞങ്ങളുടെ കൂട്ട് ചിതറും. നിസ്‌കാരത്തിനിടയില്‍ അറിയാതെ ചിരി വരുന്ന ഒരു കൂട്ടുകാരനുണ്ടായിരുന്നു എനിക്ക്. ഏതു നിമിഷവും പൊട്ടിപ്പുറപ്പെടാവുന്ന ആ ചിരി എന്റെ ഏകാഗ്രത കെടുത്തി. തറാവി നിസ്‌കാരംപോലെ നീണ്ട നിസ്‌കാരമല്ലാത്തതിനാല്‍ പെരുന്നാള്‍ നിസ്‌കാരത്തെ ഞങ്ങള്‍ കുട്ടികള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു. നിസ്‌കാര ശേഷം ക്ഷമയോടെ പ്രാര്‍ഥിച്ചു പുറത്തിറങ്ങിയാല്‍ പിന്നെ ആഘോഷമാണ്. മടക്കത്തില്‍ ബന്ധുവീടുകളില്‍ നിന്ന് മഞ്ഞച്ചോറോ മധുരക്കറിയോ കിട്ടും. കൊല്ലനാരി വയലില്‍ പന്തുകളി അന്നു നേരത്തേ തുടങ്ങും. ദാരിദ്ര്യം പെരുന്നാള്‍വിഭവങ്ങളിലും പ്രതിഫലിച്ചിരുന്നുവെങ്കിലും അന്നത്തെ സന്തോഷത്തിന് അവ തികഞ്ഞിരുന്നു. വീട്ടില്‍ വളര്‍ത്തുന്ന കോഴിയെ അറുത്താണ് ഉച്ചയ്ക്ക് പെരുന്നാള്‍ ചോറിനുള്ള കറി വയ്ക്കുന്നത്.അറുക്കാനുള്ള കോഴിയെ കൂട് തുറന്ന് വിടരുതെന്ന് ഉപ്പാവ പറഞ്ഞാല്‍ ഉമ്മ കേള്‍ക്കില്ല. ‘അറ്ക്ക്ന്നത് വരെ അതെന്തെങ്കിലും കൊത്തിത്തിന്നോട്ടെ’ ഉമ്മ പറയും.പിന്നെ അതിനെ ഓടിപ്പിടിക്കുക ഞങ്ങള്‍ കുട്ടികളുടെ ജോലിയാണ്. കോഴിക്കറി കൂട്ടി നെയ്‌ച്ചോര്‍ തിന്നു കഴിഞ്ഞാലും നെയ്മണം കൈവെള്ളയില്‍ ബാക്കിയുണ്ടാകും. മഗരിബിന് മരുതേരിയില്‍ നിന്ന് കുഞ്ഞിമൊയ്തിക്ക വരും. ഫാത്തിഹ ഓതി ദുഅ ഇരന്ന് മടങ്ങും. ആഹ്ലാദത്തിന്റെ ഒരു സുദിനം പതുക്കെ അവസാനിക്കുകയാണ്. മുലാട് പള്ളിയില്‍ നിന്നും രാത്രി ഇറച്ചിയും ചോറും ആരെങ്കിലും കൊണ്ടുവരുമ്പോഴേക്കും ഞങ്ങള്‍ ഉറക്കത്തിലേക്ക് വീണുകഴിഞ്ഞിരിക്കും. പാതിരാത്രിക്ക് ഉമ്മ എല്ലാരേയും വിളിച്ച് എഴുന്നേല്‍പിച്ച് നേര്‍ച്ചച്ചോറിനു മുന്നിലിരുത്തും. ചോറ് വാരിത്തിന്നുമ്പോള്‍ തെളിയുന്ന ഞങ്ങളുടെ മുഖത്ത് ഉറ്റുനോക്കിയിരിക്കുന്നുണ്ടാകും ഉമ്മ. ആ കണ്ണുകളില്‍ അപ്പോള്‍ ഉദിച്ചുവരുന്ന അമ്പിളിപ്പിറയുടെ നിറവ് എത്ര മാത്രമെന്ന് പറഞ്ഞറിയിക്കാനാവില്ല.

VEERAN KUTTY

You must be logged in to post a comment Login