കണേറ്റിക്കട്ടിലെ കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടപ്പോള്‍ ഒബാമക്ക് കണ്ണീരടക്കാനായില്ല. അതേ സമയം അഫ്ഗാനിസ്ഥാനിലും ഇറാഖിലും ഫലസ്തീനിലും ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ നാറ്റോ സൈന്യത്തിന്റെ തോക്കും ഡ്രോണും (പൈലറ്റില്ലാ വിമാനം) സ്മാര്‍ട്ട് ബോംബുകളും, ഓറഞ്ച് ഏജന്റും മറ്റും മൂലം പിടഞ്ഞുമരിച്ചപ്പോള്‍ ‘കൊളാറ്ററല്‍ ഡയമേജ്’ എന്നു പറഞ്ഞ് ആ കണ്ണീരുകള്‍ക്ക് മേല്‍ മനുഷ്യത്വമില്ലായ്മയുടെ ശവക്കച്ച പുതപ്പിക്കുകയായിരുന്നു അമേരിക്കന്‍ പ്രസിഡന്റുമാര്‍.
ഒരു എല്‍പി സ്കൂളിലെ ഏഴു വയസ്സിന് താഴെയുള്ള ഇരുപത് കുഞ്ഞുങ്ങളെയും സ്വന്തം മാതാവിനെയുമുള്‍പ്പെടെ ഇരുപത്തേഴ് പേരെ വെടിവച്ചു കൊന്ന് സ്വയം ജീവനൊടുക്കിയ ആദം ലാന്‍സ എന്ന ഇരുപതുകാരനായ അമേരിക്കന്‍ യുവാവിനെന്താണ് രോഗം? ഈ ചോദ്യത്തിന് ഇതുവരെ തൃപ്തികരമായ ഉത്തരം കിട്ടിയിട്ടില്ല. എന്നെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിക്കാനും വയ്യ. കാരണം, മുപ്പത് കോടി മനുഷ്യര്‍ ജീവിക്കുന്ന ഒരു രാജ്യത്ത് ആദം ലാന്‍സ ഒറ്റപ്പെട്ട വ്യക്തിയല്ല. കണേറ്റിക്കട്ട് പ്രവിശ്യയിലെ ന്യൂടൌണ്‍ ജില്ലയിലെ സാന്‍ഡിഹൂക്ക് സ്കൂളില്‍ അരങ്ങേറിയ കൂട്ടക്കൊല അമേരിക്കന്‍ സമൂഹത്തെക്കുറിച്ച് ലോകത്തിന് വല്ലാതെ സഹതപിക്കാന്‍ ഇടയാക്കിയിരിക്കുന്നു. ഒരു സമൂഹമെന്ന നിലയില്‍ ഇത്രക്കും രോഗാതുരരായ നിര്‍ഭാഗ്യവാന്മാരാണോ അവരെന്ന ചോദ്യം കുറെ മിഥ്യകളെ തകര്‍ക്കുകയും യാഥാര്‍ത്ഥ്യത്തിന്റെ ഞെട്ടിക്കുന്ന മുഖം പൊളിച്ചുകാട്ടുകയും ചെയ്യുന്നു.
ന്യൂടൌണ്‍ സംഭവം ഒറ്റപ്പെട്ടതല്ലെന്നും ഈ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേത് മാത്രമാണെന്നുമുള്ള നടുക്കുന്ന സത്യത്തിനു മുന്നില്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കണ്ണുനീര്‍ പോലും വെറുതെയാവുകയാണ്. ഈ വര്‍ഷം അമേരിക്കയില്‍ നടന്ന ഏഴാമത്തെ കൂട്ടക്കൊലയാണിത്. ആഗസ്റ് 15ന് വിസ് കോണ്‍സിലെ ഗുരുദ്വാരയില്‍ ഒരു കൂട്ടം സിക്കുകാരെ ഒരക്രമി വെടിവച്ചിട്ടു. ജൂലൈ 20ന് കോളറാഡോയിലെ തിയറ്ററില്‍ പത്തിരുപതു പേരാണ് വെടിയേറ്റു മരിച്ചത്. 1982നു ശേഷം ഇമ്മട്ടില്‍ ചുരുങ്ങിയത് 62 കൂട്ടക്കൊലകള്‍ അരങ്ങേറിയിട്ടുണ്ടെന്നാണ് രേഖകള്‍ പറയുന്നത്. വിവിധ പ്രായത്തില്‍ പെട്ട അക്രമികള്‍ തങ്ങളുടെ അധീനതയിലുള്ള മേത്തരം തോക്കുകള്‍ ഉപയോഗിച്ച് ശത്രുമിത്ര വ്യത്യാസം കൂടാതെ തുരുതുരെ നിറയൊഴിച്ച് അരിശവും നിരാശയും പ്രതികാരവും തീര്‍ക്കുകയായിരുന്നു. ന്യൂടൌണ്‍ സംഭവം ലോകമാകെ ഇത്രയും വേദന പടര്‍ത്തിയത് മരിച്ചുവീണ വിദ്യാര്‍ത്ഥികളെല്ലാം 6-7 വയസ് പ്രായത്തിലുള്ള കുഞ്ഞുങ്ങളായിരുന്നു എന്നതിനാലാണ്. ആദം ലാന്‍സ എന്ന കൊലയാളിയെ ഈ ക്രൂരത ചെയ്യാന്‍ പ്രചോദിപ്പിച്ച ഘടകമെന്ത് എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ആ യുവാവോ അവന്റെ അമ്മയോ ബാക്കിയായില്ല. എന്നാല്‍ നിഷ്പ്രയാസം തന്റെ മാതാവിനെയും താന്‍ പഠിച്ച വിദ്യാലയത്തിലെ കുഞ്ഞുങ്ങളെയും അധ്യാപക•ാരെയും വെടിവച്ചിടാന്‍ സാധിച്ചത് എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരമായി കുറെ തോക്കുകള്‍ ബാക്കിവച്ചാണ് അവന്‍ ജീവനൊടുക്കിയത്. സൈനികര്‍ ഉപയോഗിക്കാറുള്ള ഉഗ്രശേഷിയുള്ള ബുഷ്മാസ്റര്‍ എ ആര്‍ 15 റൈഫിളും രണ്ടു കൈത്തോക്കുകളും നൂറുകണക്കിന് വെടിയുണ്ടകളും കൊലയാളിയുടെ കൈവശമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.
ലോകത്തെ നടുക്കിയ ഈ കൂട്ടക്കൊല ഒരു സമൂഹത്തിന്റെ സ്വാസ്ഥ്യവും താളവും തെറ്റിച്ച അനിയന്ത്രിതമായ തോക്കു സംസ്കാരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുന്നു. 31.1 കോടി ജനങ്ങളാണ് അമേരിക്കയിലുള്ളത്. മുപ്പത് കോടി തോക്കുകളുണ്ട് ഇവരുടെ കൈയില്‍. ഒരാളുടെ പക്കല്‍ ശരാശരി 4-5 തോക്കുകളുണ്ടാവും. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ കൈവശം വെക്കുന്ന ജനത എന്ന ഖ്യാതി ഇവര്‍ക്കു തന്നെ. ലോകത്തിലെ മൊത്തം ആയുധങ്ങളുടെ പകുതി വരുമിത്. അതുകൊണ്ടു തന്നെ, ഏറ്റവുമധികം ജനസംഖ്യയുള്ള, സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന 22 രാജ്യങ്ങളില്‍ നടക്കുന്ന കൊലയുടെ ശരാശരി എടുത്തു പരിശോധിച്ചാല്‍ അമേരിക്കയില്‍ തോക്കു കൊണ്ടുള്ള കൊല ഇരുപത് ഇരട്ടി കൂടുതലാണ്. മറ്റു രീതിയിലുള്ള കൊലപാതകങ്ങളും 22 സമ്പന്നരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏഴിരട്ടി കൂടുതലാണ്. തോക്കുകളുടെ വ്യാപനവും കൊലപാതകങ്ങളുടെ വര്‍ധനവും തമ്മില്‍ എത്രമാത്രം ബന്ധപ്പെട്ടു കിടക്കുന്നു എന്നതിനെക്കുറിച്ച് ഹാര്‍ഡ്വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഇന്‍ജുറി കണ്‍ട്രോള്‍ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനം അമേരിക്കയിലും മറ്റു വികസിത രാജ്യങ്ങളിലും നരമേധം പെരുകാന്‍ കാരണം പ്രത്യേകിച്ച് തിരയേണ്ടതില്ലെന്ന് അടിവരയിടുന്നു. തോക്ക് കൈവശമുള്ള രോഷാകുലന് തോക്ക് കൈയിലില്ലാത്തവനെക്കാള്‍ എളുപ്പത്തില്‍ മനുഷ്യരെ കൊല്ലാന്‍ കഴിയുന്നു എന്ന ലളിതസത്യം അംഗീകരിക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. കഴിഞ്ഞ നൂറ്റാണ്ടില്‍ എല്ലാ രാജ്യങ്ങളിലും കൊലപാതകങ്ങളുടെ നിരക്ക് ഗണ്യമായി കുറഞ്ഞപ്പോള്‍ അമേരിക്കയില്‍ മാത്രം കുറവ് അനുഭവപ്പെട്ടില്ല എന്ന് സ്റിവന്‍ പിന്‍കര്‍ (Steven Pinker ) The Better Angels of Our Nature’ എന്ന പുസ്തകത്തില്‍ സമര്‍ത്ഥിക്കുന്നുണ്ട്. യൂറോപ്പില്‍ പ്രതിവര്‍ഷം ഒരു ലക്ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുമ്പോള്‍ അമേരിക്കയില്‍ അത് ഏഴുപേരാണ്. പരിധിയില്ലാത്ത പൌരസ്വാതന്ത്യ്രം ആയുധക്കൂമ്പാരങ്ങളുടെ നടുവില്‍ ഒരു സമൂഹത്തെ കൊണ്ടെത്തിച്ചതിന്റെ ഫലശ്രുതിയാണിത്. യുഎസ് ഭരണ ഘടനയുടെ ഒന്നാം ഭേദഗതി അഭിപ്രായ- ആവിഷ്കാര സ്വാതന്ത്യ്രത്തിനു വേണ്ടിയായിരുന്നുവെങ്കില്‍ രണ്ടാം ഭേദഗതി ആയുധം കൈവശം വെക്കാനുള്ള അവകാശത്തിനു വേണ്ടിയാണ്. പൌരന്റെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കേണ്ട ഭരണകൂടം അതോടെ കൂട്ടനരഹത്യകളുടെ മുന്നില്‍ നോക്കുകുത്തികളായി. യുഎന്‍ കണക്കുകള്‍ നിരത്തി വാഷിംഗ്ടണ്‍ പോസ്റ് പറയുന്നത്, മറ്റൊരു വികസിത രാജ്യത്തെ പൌരന്മാരെക്കാള്‍ കൂടുതല്‍ വെടിയേറ്റു മരിക്കാനുള്ള അമേരിക്കയുടെ സാധ്യത ഇരുപതു മടങ്ങ് കൂടുതലാണെന്നാണ്.
എന്തുകൊണ്ട് ഹിംസ ഈ ജനവിഭാഗത്തിന്റെ ജന്മവാസനയായി വളര്‍ന്നു എന്ന ചോദ്യത്തിന് ഉത്തരങ്ങള്‍ പലതുമാവാം. കടല്‍കൊള്ളക്കാരുടെയും അടിമവ്യാപാരികളുടെയും സന്തതിപരമ്പരയില്‍പെട്ട അമേരിക്കന്‍ നാഗരികതയുടെ വികാസ പരിണാമങ്ങളില്‍ ചോരയും കബന്ധങ്ങളുമാണത്രെ നിര്‍ണായക പങ്കുവഹിച്ചത്. ചരിത്രകാരന്‍ സ്പിറന്‍ബര്‍ഗ് ചൂണ്ടിക്കാട്ടുന്ന മറ്റൊരു സംഗതി ഐക്യനാടുകളില്‍ ജനാധിപത്യം വളരെ നേരത്തെ വന്നെത്തി എന്നാണ്. ഹിംസ കൈവെടിഞ്ഞ് നിയമം അനുസരിക്കാന്‍ ശീലിച്ച ജനപഥമായിരുന്നു യൂറോപ്പിലേതെന്നും അതുകൊണ്ടാണ് അക്രമസംഭവങ്ങള്‍ ഗണ്യമായി അവിടെ കുറഞ്ഞതെന്നും അദ്ദേഹം വിശദീകരിക്കുന്നു.
എന്നാല്‍ യുഎസ് സമൂഹത്തെ ഇമ്മട്ടില്‍ നാശോന്മുഖമാക്കിയത് അറ്റമില്ലാത്ത മെറ്റീരിയലിസമാണ്. മുതലാളിത്തത്തിന്റെ ലാഭക്കൊതിയാണ് ആയുധങ്ങള്‍ നിയന്ത്രണമേതുമില്ലാതെ ഉത്പാദിപ്പിക്കാനും യഥേഷ്ടം ജനങ്ങളുടെ കൈയില്‍ അവ എത്തിക്കാനും മുഖ്യപ്രേരകമായി വര്‍ത്തിക്കുന്നത്. ലോകത്തിന്റെയോ സമൂഹത്തിന്റെയോ സ്വാസ്ഥ്യത്തെക്കുറിച്ച് കോര്‍പ്പറേറ്റ് ഭീമ•ാര്‍ക്കോ അവര്‍ക്ക് വിടുവേല ചെയ്യുന്ന രാഷ്ട്രീയ – ഭരണ നേതൃത്വത്തിനോ ലവലേശം ചിന്തയില്ല. പൌരന്മാരുടെ ജീവിതസുരക്ഷയോ സമൂഹത്തിന്റെ ശാന്തിയോ അവര്‍ക്ക് പ്രശ്നമല്ല. ആയുധവിപണി നിയന്ത്രിക്കണമെന്ന് വാദിക്കുന്നവര്‍ എക്കാലവും ഒറ്റപ്പെടുകയാണവിടെ. തോക്കുസംസ്കാരം വളരാന്‍ കാരണം ആയുധമില്ലാത്ത ഒരു ജീവിത സാഹചര്യത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും ജനങ്ങള്‍ക്ക് സാധ്യമല്ലാത്തതു കൊണ്ടാണ്. നാഗരികമായി ബഹുദൂരം സഞ്ചരിച്ചു എന്നവകാശപ്പെടുന്ന ഒരു ജനത ഇപ്പോഴും കാടത്തത്തിന്റെ ലക്ഷണങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. വിദ്യാലയാങ്കണത്തില്‍ മരിച്ചുവീണ പൈതങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കവെ അശ്രുപൊഴിച്ച് പ്രസിഡന്റ് ഒബാമ പറഞ്ഞു: “നമുക്ക് ഇനിയും ഇത്തരം ദുരന്തങ്ങള്‍ സഹിക്കാന്‍ കഴിയില്ല. ഈ അത്യാഹിതങ്ങള്‍ക്ക് ഒരറുതിയുണ്ടാവണം. അങ്ങനെ ഒരറുതിയുണ്ടാവണമെങ്കില്‍ നാം മാറേണ്ടതുണ്ട്.” പക്ഷേ, ഒബാമ ഒരു കാര്യം പറയാന്‍ വിട്ടുപോയി; അങ്ങനെ പെട്ടെന്നൊന്നും മാറാന്‍ പറ്റുന്ന വ്യവസ്ഥിതിയല്ല അമേരിക്കയുടേതെന്ന്. ആയുധങ്ങളുടെ വ്യാപനം തടയാന്‍ കര്‍ക്കശ നിയമം കൊണ്ടുവരണമെന്ന് അദ്ദേഹം ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ പോലും നടക്കുന്ന കാര്യമല്ല ഇത്. കാരണം സ്വദേശത്തും വിദേശങ്ങളിലും ആയുധം വിറ്റാണ് ഒരു കൂട്ടം മുതലാളിമാര്‍ ബില്യന്‍കണക്കിന് സമ്പാദിക്കുന്നത്. അവരാണ് തിരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കുന്നതും മാധ്യമങ്ങളുടെ പിന്നില്‍ നിന്ന് ചരടുവലി നടത്തുന്നതും. ആയുധ ഉല്‍പാദകര്‍ക്കും ഏജന്റുമാര്‍ക്കും വില്പനക്കാര്‍ക്കും വേണ്ടി വാദിക്കാന്‍ പാര്‍ലമെന്റില്‍ ശക്തമായ ലോബിയുണ്ട്. ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ 4.3 ദശലക്ഷം ഡോളര്‍ ചെലവിട്ടാണ് നാഷണല്‍ റൈഫിള്‍ അസോസിയേഷന്റെ നേതൃത്വത്തിലുള്ള ഈ ലോബി തങ്ങളുടെ ആള്‍ക്കാരെ പാര്‍ലമെന്റിലെത്തിച്ചത്. ഈ ലോബിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങളെ അതിജീവിക്കാന്‍ ഒബാമക്കല്ല, സാക്ഷാല്‍ അബ്രഹാം ലിങ്കണ്‍ കുഴിമാടത്തില്‍ നിന്ന് എഴുന്നേറ്റു വന്നാലും സാധ്യമല്ല. 1994ല്‍ ഓട്ടോമാറ്റിക്ക് ആയുധങ്ങള്‍ സാധാരണക്കാരുടെ കൈകളില്‍ എത്തുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. 2004ല്‍ ബുഷിന്റെ കാലത്ത് ആ വിലക്ക് എടുത്തുകളഞ്ഞു. അത് വീണ്ടും കൊണ്ടുവരുന്നതിനെക്കുറിച്ചാണ് ഒബാമ ഇന്ന് ആലോചിക്കുന്നതെങ്കിലും ആയുധ ഉത്പാദകര്‍ക്ക് മുമ്പില്‍ അടിയറവ് പറയേണ്ടി വരുമെന്നുറപ്പ്.
ആയുധലോബിയുടെ കുടിലതന്ത്രങ്ങളാണ് അമേരിക്കന്‍ ഭരണകൂടത്തെ അധിനിവേശങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതും ഭീകരവിരുദ്ധമെന്നും മറ്റും പറഞ്ഞ് ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളില്‍ കൂട്ടമരണങ്ങള്‍ വിതക്കുന്നതും. കണേറ്റിക്കട്ടില്‍ 20 കുട്ടികള്‍ മരിച്ചുവീണത് കണ്ടപ്പോള്‍ പ്രസിഡന്റ് ഒബാമക്ക് കണ്ണീരടക്കാന്‍ കഴിഞ്ഞില്ലത്രെ. രണ്ടു പെണ്‍കുട്ടികളുടെ അച്ഛനായതു കൊണ്ട് ആ പിതൃഹൃദയം പിടയുന്നുണ്ടാവാം. അതേ സമയം അഫ്ഗാനിസ്ഥാനിലും ഇറാഖിലും ഫലസ്തീനിലും ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ നാറ്റോ സൈന്യത്തിന്റെ തോക്കും ഡ്രോണും (പൈലറ്റില്ലാ വിമാനം) സ്മാര്‍ട്ട് ബോംബുകളും, ഓറഞ്ച് ഏജന്റും മറ്റും മൂലം പിടഞ്ഞുമരിച്ചപ്പോള്‍ ‘കൊളാറ്ററല്‍ ഡയമേജ്’ എന്നു പറഞ്ഞു ആ കബന്ധങ്ങളെ മനുഷ്യത്വനിരാസം കൊണ്ട് ശവക്കച്ചപുതപ്പിക്കുകയായിരുന്നില്ലേ അദ്ദേഹവും മുന്‍ഗാമി ജോര്‍ജ് ഡബ്ള്യു ബുഷുമൊക്കെ? ന്യൂടൌണ്‍ ദുരന്തത്തില്‍ അനുശോചിക്കവെ, അഫ്ഗാന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായി ഒരു സംഗതി ഓര്‍മിപ്പിക്കാന്‍ മറന്നില്ല; ‘ഇത്തരം സംഭവങ്ങള്‍ ലോകത്ത് ഒരിടത്തും ഉണ്ടാവരുത്. അഫ്ഗാനിസ്ഥാന്‍ ഇടയ്ക്കിടെ ഇത്തരം ദുരന്തങ്ങള്‍ക്ക് സാക്ഷിയാവുന്നതു കൊണ്ട് ദുരന്തത്തിന് വിധേയരാവുന്നവരോട് സഹതപിക്കാന്‍ സാധിക്കും.’ എത്രയെത്ര കുഞ്ഞുങ്ങളും സ്ത്രീകളുമാണ് യാങ്കിപ്പട്ടാളം ഉതിര്‍ത്ത വെടിയുണ്ടയോ തൊടുത്തുവിട്ട മിസൈലുകളോ ഏറ്റ് അഫ്ഗാന്‍ കുന്നുകളിലും താഴ്വരകളിലും മരിച്ചത്? ഇതരനാടുകളില്‍ കൊന്നിടേണ്ട സിവിലിയന്മാരുടെ പട്ടിക (Kill List) സൈന്യാധിപന്മാരുടെ കൈയില്‍ പ്രസിഡന്റ് ഒബാമ ഏല്‍പിച്ചിട്ടുണ്ട് എന്ന വാര്‍ത്ത ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടതിന്റെ പിറ്റേദിവസമാണ് കണേറ്റിക്കട്ട് ദുരന്തമുണ്ടാവുന്നത്. ലോകത്തിന്റെ ഏതു കോണിലും അങ്കിള്‍സാമിന്റെ ആയുധമുഷ്ക്ക് മനുഷ്യരെ കൊന്നിടുമ്പോള്‍ ഒബാമയടക്കമുള്ളവര്‍ കാണിക്കുന്ന ദയാദാക്ഷിണ്യമില്ലായ്മയുടെ കാവ്യനീതിയാണ് മാനസിക വൈകൃതത്തിന്റെ രൂപത്തില്‍ കൊലയാളികളെ പടച്ചുവിടുന്നത്. യുഎസ് പട്ടാളം നിരപരാധരെ ഭീകരമുദ്ര ചാര്‍ത്തി വെടിവച്ചിടുമ്പോള്‍ ഒരു കാരണവുമില്ലാതെ യുഎസ് പൌരന്മാര്‍ സ്വന്തം നാട്ടുകാരുടെ കഥ കഴിക്കുന്നു. ഒരു രാഷ്ട്രത്തിന്റെ തെറ്റായ നയങ്ങളുടെയും മുന്‍ഗണനകളുടെയും ‘കൊളാറ്ററല്‍ ഡയമേജ്’ ഏറ്റുവാങ്ങേണ്ടിവരുന്നത് അല്ലലേതുമറിയാത്ത കൊച്ചു പൈതങ്ങളാണെന്ന വലിയ ദുഃഖത്തിനു മുന്നില്‍ തലകുനിച്ചേ നമുക്ക് കാര്യങ്ങളെ സമീപിക്കാനാവൂ.
ആദം ലാന്‍സ എന്ന ഇരുപതുകാരനായ കൊലയാളി ഏതു തരത്തിലുള്ള മാനസിക രോഗിയാണ് എന്ന കാര്യത്തില്‍ വിദഗ്ധര്‍ സംവാദത്തിലാണിന്ന്. സ്വന്തം മാതാവിനെ പോലും ബാക്കിവെക്കാത്ത ആ യുവാവിന് എവിടെയാണ് പിഴച്ചത്? വ്യവസ്ഥിതിയുടെ താളശോഷണമാണ് അയാളുടെ മനസ്സിനെ നിരാര്‍ദ്രമാക്കിയതും പൈതങ്ങളെ ഉന്നമിടാന്‍ പ്രചോദനമായതെന്നും വേണം കരുതാന്‍. രോഗഗ്രസ്ഥമായ ഒരു സമൂഹത്തെയാണ് ആ ചെറുപ്പക്കാരന്‍ പ്രതിനിധാനം ചെയ്യുന്നത്. കുടുംബ വ്യവസ്ഥയുടെ തകര്‍ച്ച, ആയുധങ്ങളുടെ കുത്തൊഴുക്ക്, മാധ്യമങ്ങളുടെ വഴിപിഴപ്പിക്കല്‍, സിനിമയിലൂടെയും കമ്പ്യൂട്ടര്‍ ഗെയിമുകളിലൂടെയും വളര്‍ത്തിയെടുത്ത ഹിംസയോടുള്ള ആഭിമുഖ്യം, പൌരസ്വാതന്ത്യ്രത്തിന്റെ പേരില്‍ നേടിയെടുത്ത വിനാശകരമായ ജീവിതകാമനകള്‍ – എല്ലാം ഒത്തുകൂടിയപ്പോള്‍ അവന്‍ ഭ്രാന്തനായി. മനോരോഗികളുടെ നാടാണ് അമേരിക്ക ഇന്ന്. യുഎസ് ജയിലുകളില്‍ കഴിയുന്ന മനോരോഗികളുടെ എണ്ണം 2000ല്‍ നിന്ന് 2006ലെത്തിയപ്പോള്‍ നാലിരട്ടി പെരുകിയതായി ഹ്യൂമണ്‍ റൈറ്റ്സ് വാച്ച് എടുത്തുകാട്ടുന്നു. ഈ മനോരോഗികള്‍ പോലും കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് കോടികള്‍ കൊയ്യാനുള്ള ഇരകളാണ്.
ശിഥിലീഭവിച്ച കുടുംബ വ്യവസ്ഥയില്‍ ഏറ്റവും കൂടുതല്‍ വേദനയും നിരാശയും പേറുന്നത് കുഞ്ഞുങ്ങളാണ്. നമ്മുടെ മക്കള്‍ അനുഭവിക്കുന്ന സ്നേഹസമൃദ്ധിയോ ജീവിതസുരക്ഷയോ ആട്ടുതൊട്ടിലില്‍ തന്നെ അവര്‍ക്ക് നിഷേധിക്കപ്പെടുന്ന സാമൂഹിക വ്യവസ്ഥയാണ് അമേരിക്കയില്‍ നിലനില്‍ക്കുന്നത്. പല നഗരങ്ങളിലും മക്കള്‍ വളരുന്നത് ഏക പാരന്റിന്റെ മടിയിലാണ്. ഒന്നുകില്‍ അച്ഛന്‍, അല്ലെങ്കില്‍ അമ്മ. അമേരിക്കയുടെ ഇന്‍ഷുറന്‍സ് വ്യവസായത്തിന്റെ ആസ്ഥാനമായ ഹാര്‍ട്ട് ഫോര്‍ഡില്‍ 70 ശതമാനം കുട്ടികളും വളരുന്നത് ‘സിങ്കിള്‍ ഫാമിലി’യിലാണ്. വിവാഹബാഹ്യ ബന്ധത്തില്‍ പിറക്കുന്ന കുഞ്ഞുങ്ങളായിരിക്കും ഇവര്‍. അല്ലെങ്കില്‍ വിവാഹമോചനത്തിലൂടെ വേര്‍പിരിഞ്ഞിട്ടുണ്ടാവും. മാതാപിതാക്കളുടെ സ്നേഹം നുകരാന്‍ ഭാഗ്യം സിദ്ധിച്ചവര്‍ വിരളം. പ്രസിഡന്റ് ഒബാമയോട് അമേരിക്കയിലെ സ്ത്രീകള്‍ക്ക് ഇത്ര സ്നേഹാദരം രണ്ടു പെണ്‍മക്കളെ അതിരറ്റു സ്നേഹിക്കുന്ന അച്ഛന്‍ എന്ന പരിഗണനയിലാണത്രെ. ഇത് അപൂര്‍വ കാഴ്ചയാണ്. ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രത്തില്‍. കൊലയാളി ആദം ലാന്‍സയുടെ മാതാവിനെ കുറിച്ചല്ലാതെ പിതാവിനെക്കുറിച്ച് ഒരിടത്തും പറഞ്ഞു കാണുന്നില്ല. ഇത്തരം ചെറുപ്പക്കാരും കൌമാര പ്രായക്കാരും ഒരു രാജ്യത്തിന്റെ തന്നെ ഉറക്കം കെടുത്തുകയാണിന്ന്. പല നഗരങ്ങളിലും രാത്രിയായാല്‍ പതിനെട്ടു വയസ്സിന് താഴെയുള്ളവര്‍ക്ക് കര്‍ഫ്യൂ ആണ്. രാത്രി ഒമ്പതിനും പുലര്‍ച്ചെ അഞ്ചിനുമിടയില്‍ കുഞ്ഞുങ്ങളെ നിരത്തില്‍ കണ്ടാല്‍ പോലീസ് അകമ്പടിയില്‍ വീട്ടിലെത്തിക്കുകയേ നിര്‍വാഹമുള്ളൂ. അല്ലെങ്കില്‍ വാഗ്വാദങ്ങള്‍ക്കൊടുവില്‍ തോക്കെടുത്ത് എതിരാളികളെ വെടിവച്ചിട്ടുണ്ടാവും. ആര്‍ക്കു നേരെയും അവര്‍ വെടിവെക്കും. വെടിവെക്കുന്നതും മനുഷ്യരെ കൊല്ലുന്നതും മഹാപാതകമാണെന്ന് ഉണര്‍ത്തുന്ന ധര്‍മോപദേശം അവര്‍ക്ക് ഇതുവരെ കിട്ടിയിട്ടില്ല. അവരുടെ മുന്നിലുള്ള മാതൃക ജോര്‍ജ് ഡബ്ള്യു ബുഷിന്റെയും ഒബാമയുടേതുമാണ്. മറ്റു രാജ്യങ്ങള്‍ അക്രമിച്ച് അവിടുത്തെ മനുഷ്യരെ കൊന്നൊടുക്കുന്ന നിഷ്ഠൂരത. തങ്ങളുടെ നേതാക്കള്‍ വന്‍ സൈന്യവുമായി ചെന്ന് ഇതര ജനവിഭാഗങ്ങളെ കൊന്നൊടുക്കുമ്പോള്‍ എന്തുകൊണ്ട് കൈയിലുള്ള ആയുധം കൊണ്ട് തന്റെ ജീവിത പരിസരത്തുള്ളവരെ തനിക്കു നേരിട്ടുകൂടാ എന്ന് ഒരു കുട്ടി ചിന്തിക്കുന്നത് വ്യവസ്ഥിതി അവനെ ആ വിധം ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതു കൊണ്ടാണ്. ഗ്രന്ഥകാരിയും കോളമിസ്റുമായ ബെലന്‍ ഫര്‍ണാണ്ടസ് അമേരിക്കയിലെ യുവതലമുറ അകപ്പെട്ട ധാര്‍മിക പ്രതിസന്ധിയുടെ ആഴം പരിശോധിക്കുന്നതിനിടയില്‍ ചൂണ്ടിക്കാട്ടുന്ന സത്യമിതാണ്.
‘ഇതരരെ (മുസ്ലിംകളെ) അപരവത്കരിച്ച് കൂട്ടക്കൊല ചെയ്യുന്ന രാജ്യത്തിന്റെ അടിസ്ഥാന നയങ്ങള്‍ പോലും യുവതലമുറയെ വഴി പിഴപ്പിക്കുന്നുണ്ട്.’ ഒരു മാറിച്ചിന്തക്ക് ഈ ദുരന്തം പ്രചോദനമായെങ്കില്‍, എന്ന് ആശിക്കുക മാത്രമേ നിര്‍വ്വാഹമുള്ളൂ.
America is never gonna change until they stop killing innocent citizens around the world.