രാജ്യത്തെ മുസ്ലിം ജനവിഭാഗത്തിന്റെ അടിസ്ഥാന ജീവിതത്തെ അടിമുടി ബാധിക്കുന്ന ഒട്ടേറെ പ്രശ്നങ്ങളിലൂടെ ഇതേ പംക്തിയില്‍ നാം പലവുരു കടന്നുപോയിട്ടുണ്ട്. പൗരത്വം ഉള്‍പ്പടെയുള്ള നിരവധിയായ സന്ദര്‍ഭങ്ങള്‍. അപ്പോഴെല്ലാം നാം വളരെയേറെ ഊന്നല്‍ നല്‍കാന്‍ ശ്രമിച്ചിട്ടുള്ള ഒരു വാചകത്തിലേക്ക് ഇപ്പോള്‍ നിങ്ങളുടെ ഓര്‍മയെ ക്ഷണിക്കുകയാണ്. പൗരത്വ ഭേദഗതി മുതല്‍ ലക്ഷദ്വീപ് അധിനിവേശം വരെയുള്ള വികാസങ്ങള്‍ ഒരിക്കലും ഒരു മുസ്ലിം പ്രശ്നമല്ല എന്ന വാദത്തിലാണ് നാം ഉറച്ചുനില്‍ക്കാറ്. കാരണം വലിയൊരു ജനാധിപത്യ പ്രക്രിയയുടെ അവിഭാജ്യ പങ്കാളികള്‍ എന്ന നിലയില്‍, ഒരു ജനാധിപത്യ രാജ്യത്ത് മുസ്ലിം ജനസാമാന്യത്തിന്റെ ജീവിതത്തെ പ്രത്യക്ഷത്തില്‍ ബാധിക്കുന്ന പ്രശ്നങ്ങള്‍ ആണെങ്കില്‍ കൂടി അവയെല്ലാം ആത്യന്തികമായി ജനാധിപത്യത്തിന്റെ പ്രശ്നങ്ങളാണ്, ജനാധിപത്യാവകാശം നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് എന്നാണ് നാം പേര്‍ത്തും പേര്‍ത്തും പറഞ്ഞുപോരാറ്. അതില്‍ വസ്തുതയുമുണ്ട്. കാരണം പൗരത്വ ഭേദഗതി നിങ്ങള്‍ മനസിലാക്കിയിട്ടുള്ളതുപോലെ ജനാധിപത്യത്തിനും ഭരണഘടനക്കും മേലുള്ള ക്രൂരമായ കയ്യേറ്റമാണ്. അതിനാല്‍ പ്രാഥമികമായി അതൊരു ജനാധിപത്യ, ഭരണഘടനാ പ്രശ്നമാണ്. അതിനാലാണ് നാം പൗരത്വ സമരമുഖങ്ങളില്‍ ഭരണഘടനയെ നെഞ്ചോട് ചേര്‍ക്കുകയും ഭരണഘടനയിലെ പ്രഖ്യാപനങ്ങളെ സമരമുദ്രാവാക്യമായി മാറ്റുകയും ചെയ്തത്.
എന്നാല്‍ ഇപ്പോള്‍ നാം സംസാരിക്കാന്‍ തുടങ്ങുന്ന വിഷയം അതിന്റെ സൂക്ഷ്മവും സ്ഥൂലവുമായ അര്‍ഥത്തില്‍ ഒരു മുസ്ലിം പ്രശ്നമാണ്. ന്യൂനപക്ഷം എന്ന വിശാലമായ ആശയത്തിന്റെ പരിഗണനകളുടെ പ്രശ്നം പോലുമല്ല. ഭരണപരമായ നിര്‍വഹണങ്ങളില്‍ വന്നുപെടുന്ന അവധാനത ഒരു സമുദായത്തിന്റെ അതിജീവന അവകാശങ്ങളെ അപഹരിച്ചതിന്റെ പ്രശ്നമാണ്. ഒരു ദശാബ്ദം മുഴുവന്‍ ആ അവകാശങ്ങള്‍ അന്യായമായി അപഹരിക്കപ്പെടുന്നത് കണ്ടുകൊണ്ടിരുന്നിട്ടും ആ അപഹരണം സൃഷ്ടിക്കുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങളെ തിരിച്ചറിയുന്നതിലും സാധ്യമായ വഴിയിലൂടെ ചെറുക്കുന്നതിലും മുസ്ലിം സംഘാടനങ്ങള്‍ക്ക് സംഭവിച്ച ഗുരുതരമായ വീഴ്ചയുടെ പ്രശ്നമാണ്. സ്‌കോളര്‍ഷിപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിയുടെയും അതിനോടുള്ള പ്രതികരണങ്ങളുടെയും കാര്യമാണ് നാം സംസാരിക്കുന്നത്. ലളിതമാണ് വസ്തുത.
രാജ്യത്തെ മുസ്ലിം ജനതയുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ അവസ്ഥ പഠിക്കുക എന്ന ഒറ്റ ഉദ്ദേശത്തിലാണ് 2005 മെയ് മാസത്തില്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന രജീന്ദര്‍ സച്ചാറിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ അന്നത്തെ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ നിയമിക്കുന്നത്. ഏഴംഗ സമിതിയായിരുന്നു സച്ചാര്‍ കമ്മിറ്റി. 2014-ന് മുന്‍പുള്ള ഇന്ത്യയാണ്. അതിനാല്‍ത്തന്നെ സ്വാഭാവികമായും വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളിലേക്ക് സച്ചാര്‍ സമിതി പ്രവേശിച്ചു. ഇന്ത്യന്‍ മുസ്ലിമിന്റെ യഥാര്‍ത്ഥ അവസ്ഥ പ്രതിഫലിക്കുന്ന ഒരു റിപ്പോര്‍ട്ട്, പഴുതുകളില്ലാത്ത കണക്കുകളുടെ പിന്‍ബലത്തില്‍ സമര്‍പ്പിക്കപ്പെട്ടു. ഏറ്റവും പിന്നാക്കമായ പട്ടികജാതി പട്ടികവര്‍ഗ ജനതയെക്കാള്‍ പിന്നാക്കമാണ് ഇന്ത്യയിലെ മുസ്ലിം അവസ്ഥ എന്ന യാഥാര്‍ത്ഥ്യം രേഖപ്പെടുത്തിക്കൊണ്ടാണ് സച്ചാര്‍ സമിതി റിപ്പോര്‍ട്ട് അവസാനിപ്പിച്ചത്. ജീവിതവുമായി, അധികാരപങ്കാളിത്തവുമായി, വിദ്യാഭ്യാസവുമായി നേരിട്ട് ബന്ധപ്പെട്ട നിലകളില്‍ മുസ്ലിം സമുദായ സാന്നിധ്യം തുലോം തുച്ഛമാണെന്ന കണക്കുകള്‍ സച്ചാര്‍ സമിതി അക്കമിട്ട് നിരത്തി. സ്വതന്ത്ര ഇന്ത്യയിലെ മുസ്ലിം ജീവിതത്തിന്റെ പൊതുയാഥാര്‍ത്ഥ്യങ്ങളായിരുന്നു ആ റിപ്പോര്‍ട്ടില്‍ തെളിഞ്ഞുനിന്നത്. വര്‍ഷങ്ങള്‍ മുന്‍പേ ആ റിപ്പോര്‍ട്ട് നമ്മുടെ പൊതുമണ്ഡലത്തില്‍ ഉണ്ട് എന്നതിനാല്‍ കൂടുതല്‍ വിശദീകരണങ്ങളിലേക്ക് കടക്കുന്നില്ല.
2006 നവംബര്‍ മുപ്പതിനാണ് സച്ചാര്‍ സമിതി റിപ്പോര്‍ട്ട് പാര്‍ലമെന്റിന് മുമ്പാകെ സമര്‍പ്പിക്കുന്നത്. വിഷയത്തിന്റെ അതീവ ഗൗരവം ഒന്നുമാത്രമാണ് കേവലം ഒന്നരവര്‍ഷം കൊണ്ട് അത്യധ്വാനം ചെയ്ത് മുസ്ലിം നില സംബന്ധിച്ച വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യം രേഖപ്പെടുത്താന്‍ സച്ചാര്‍ സമിതിയെ പ്രേരിപ്പിച്ചത്. ഇന്ത്യയിലെ മുസ്ലിം പുരോഗതി എന്നത് നിറംപിടിപ്പിച്ച ഒന്നാണെന്നും യാഥാര്‍ത്ഥ്യം ദയനീയമാണെന്നും സച്ചാര്‍ റിപ്പോര്‍ട്ടിലൂടെ വെളിപ്പെട്ടു. ഈ പിന്നാക്കാവസ്ഥയുടെ പരിഹാരം സാമൂഹിക അനിവാര്യതയാണെന്ന ആവശ്യപ്പെടലുകള്‍ നാനാകോണുകളില്‍ നിന്ന് ഉയര്‍ന്നു. കാലം അതാണ്. 2014 ന് ശേഷമുള്ള ഇന്ത്യയല്ല.
സച്ചാര്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേരളത്തിലെ അന്നത്തെ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ ഒരു സമിതിയെ ചുമതലപ്പെടുത്തുന്നത് ഈ പശ്ചാത്തലത്തിലാണ്. 2007 ഒക്ടോബര്‍ 15 ന് പാലൊളി സമിതി നിലവില്‍ വന്നു. അന്ന് എം.പിമാര്‍ ആയിരുന്ന ടി കെ ഹംസ, കെ ഇ ഇസ്മയില്‍, എം എല്‍ എ മാരായ കെ ടി ജലീല്‍, കെ എ അസീസ് എന്നിവരും ടി കെ വില്‍സണ്‍, ഫസല്‍ ഗഫൂര്‍, ഒ അബ്ദുറഹിമാന്‍, ഹുസൈന്‍ രണ്ടത്താണി, സി അഹമ്മദ് കുഞ്ഞ്, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി എന്നിവരുമായിരുന്നു സമിതി അംഗങ്ങള്‍.
സച്ചാര്‍ സമിതിയുടെ കണ്ടെത്തലുകളുടെ സൂക്ഷ്മാവലോകനമാണ് സമിതി ആദ്യം നടത്തിയത്. ഇന്ത്യന്‍ മുസ്ലിമിന്റെ യഥാര്‍ത്ഥ സാമൂഹികാവസ്ഥ നിരീക്ഷിക്കപ്പെട്ടു. മുസ്ലിം ഭൂരിപക്ഷ ഗ്രാമങ്ങളില്‍ മൂന്നിലൊന്നില്‍ പോലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല എന്നതായിരുന്നു അതിലൊന്ന്. 40 ശതമാനം ഗ്രാമങ്ങളിലും ചികില്‍സാ സൗകര്യങ്ങള്‍ ഇല്ല, അടിസ്ഥാന വികസനത്തിനുവേണ്ട സൗകര്യങ്ങള്‍ തീരെയില്ല. കുടിവെള്ളം, വൈദ്യുതി, ഇന്ധന സൗകര്യം തുടങ്ങി ഭൂരിപക്ഷം കാര്യങ്ങളിലും അതിപിന്നാക്കമാണ് മുസ്ലിം സ്ഥിതി. മികച്ച സംവരണവും നേരിട്ടുള്ള പദ്ധതികളും ധാരാളമുള്ള പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തെക്കാള്‍ പിന്നാക്കമാണ് ഭൂരിപക്ഷ മുസ്ലിം ജീവിതാവസ്ഥ. മറ്റു മതവിഭാഗങ്ങളെ അപേക്ഷിച്ച് ദാരിദ്ര്യം മുസ്ലിം ഭൂരിപക്ഷത്തിനു മേല്‍ പിടിമുറുക്കിയിരിക്കുന്ന കാഴ്ചയുണ്ട്. സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ മുസ്ലിം തൊഴില്‍ പ്രതിനിധ്യം തുലോം തുച്ഛമാണ്. ഉള്ള പ്രാതിനിധ്യമാവട്ടെ തൊഴില്‍പരമായി കീഴ്ത്തട്ടിലും. മുസ്ലിംകളെ സംബന്ധിച്ച് സാമൂഹികനീതി നിഷേധിക്കപ്പെട്ടിരിക്കുന്നു എന്ന ചരിത്രപരമായ പ്രഖ്യാപനമായിരുന്നു യഥാര്‍ത്ഥത്തില്‍ സച്ചാര്‍ സമിതിയുടേത്.
പലവിധ കാരണങ്ങളാല്‍ രാജ്യത്തിന്റെ പൊതു സാമൂഹിക സാമുദായിക സ്ഥിതിയില്‍ നിന്ന് വ്യത്യസ്തമാണ് കേരളത്തിന്റെ നില. അതിനാല്‍ തന്നെ രാജ്യത്തിന്റെ മൊത്തം അവസ്ഥയുടെ പ്രതിഫലനം അതേ മട്ടില്‍ കേരളത്തില്‍ ഉണ്ടാകണമെന്നില്ല. മുപ്പതുകള്‍ മുതല്‍ സംവരണം നിലനില്‍ക്കുന്ന നാടാണല്ലോ കേരളം ( 1936-ലെ ട്രാവന്‍കൂര്‍ കൊച്ചി സംവരണം ഓര്‍മിക്കാം). ഇത്തരം സാഹചര്യങ്ങളില്‍ നിന്നാണ് സച്ചാറിന് ഒരനുബന്ധം എന്ന് വിളിക്കാവുന്ന മട്ടില്‍ പാലൊളി കമ്മിറ്റി വരുന്നത്. കേരള ജനസംഖ്യയുടെ 24.7 ശതമാനം വരുന്ന ( 2001-ലെ സെന്‍സസ് ആണ് മാനദണ്ഡം) മുസ്ലിം ജീവിതത്തിന്റെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ, തൊഴില്‍, പ്രാതിനിധ്യം എത്ര എന്നതിലേക്കാണ് പാലൊളി കമ്മിറ്റി അന്വേഷണം നടത്തിയത്. 55 ശതമാനം പേര്‍ക്ക് തൊഴിലില്ലാത്ത, എട്ടു ശതമാനം കുട്ടികള്‍ മാത്രം കോളജില്‍ പോകുന്ന ഒരു സമുദായ ചിത്രം ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ‘കേരള പഠനം’ നേരത്തേ പൊതുമണ്ഡലത്തില്‍ ലഭ്യമാക്കിയിരുന്നു.
എല്ലാത്തരം പ്രതിനിധ്യമില്ലായ്മയുടെയും അടിസ്ഥാന കാരണം പൊതുവിദ്യാഭ്യാസത്തിലെ അവസര സമത്വമില്ലായ്മയാണ് എന്ന ദീര്‍ഘവീക്ഷണമുള്ള നിലപാടാണ് പാലൊളി സമിതിയും പിന്‍തുടര്‍ന്നത്. സാമൂഹ്യപരമായ കാരണങ്ങളാല്‍ മുസ്ലിം ഭൂരിപക്ഷമായിത്തീര്‍ന്ന മേഖലകളിലെ പൊതുവിദ്യാഭ്യാസ സൗകര്യത്തിന്റെ അഭാവം സമിതി പരിഗണിച്ചു. പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച ഐതിഹാസികമായ നേട്ടങ്ങളുടെ പ്രദേശികവിതരണം നീതിപൂര്‍വമല്ല എന്ന വസ്തുത കമ്മിറ്റി എടുത്തുപറഞ്ഞു. വിതരണത്തിലെ ഈ നീതിരാഹിത്യം പ്രതികൂലമായി ബാധിച്ചത് മുസ്ലിംകളെയാണ്. പ്രത്യേകിച്ചും കര്‍ണാടകയോടും തമിഴ്നാടിനോടും അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ അധ്യാപക അഭാവം. ഭൂമിശാസ്ത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ മുസ്ലിം ഭൂരിപക്ഷമുള്ളതാണ് ഈ മേഖലകള്‍ എന്ന് നമുക്കറിയാം. മികച്ചതും വിശ്വാസ സൗഹാര്‍ദപരവുമായ ഹോസ്റ്റലുകളുടെ അഭാവം മുസ്ലിം വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കും എന്നത് സുവ്യക്തമായ വസ്തുതയുമാണ്. സംസ്ഥാനത്തെ പിന്നാക്കമേഖലകളെ ലക്ഷ്യം വെക്കുന്ന മിക്ക വിദ്യാഭ്യാസ-സാമൂഹിക സുരക്ഷാ പദ്ധതികളില്‍ നിന്നും ഭരണസൗകര്യപരമായ കാരണങ്ങളാല്‍ ചില മേഖലകള്‍ ഒഴിവായിപോകാറുണ്ട്. നിര്‍ഭാഗ്യവശാല്‍ കാലങ്ങളായി കേരളത്തില്‍ ഇങ്ങനെ ഒഴിവാക്കപ്പെടുന്ന മേഖലകള്‍ മുസ്ലിം ഭൂരിപക്ഷമുള്ളവയാണ്. മാത്രവുമല്ല നമ്മുടെ ദേശീയ പ്രസ്ഥാനത്തിലെയും നവോത്ഥാനത്തിലെയും വമ്പിച്ച മുസ്ലിം പങ്കാളിത്തം നമ്മുടെ ക്ലാസ് മുറിക്ക് പുറത്തായിപ്പോയ ചരിത്രസത്യമാണ്. ഈ പുറത്താകല്‍ ഒരു സാമൂഹിക ഉള്‍പ്പെടുത്തലില്‍ നിന്ന് (സോഷ്യല്‍ ഇന്‍ക്ലുഷന്‍) മുസ്ലിംകളെ വ്യാപകമായി പിന്നോട്ടടിപ്പിക്കുന്നുണ്ട്. പാലൊളി സമിതി വിശദമായി പഠിച്ച വസ്തുതയാണിത്.
പൊതുവിദ്യാഭ്യാസ രംഗത്തെ, പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്തെ മുസ്ലിം പിന്നാക്കാവസ്ഥയെക്കുറിച്ചുള്ള, അതില്‍ത്തന്നെ മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യഭ്യാസ പിന്നാക്കാവസ്ഥയെക്കുറിച്ചുള്ള ദീര്‍ഘമായ ആരായലുകള്‍ക്ക് ശേഷമാണ് സ്‌കോളര്‍ഷിപ്പ് എന്ന നിര്‍ദേശം പാലൊളി സമിതി അവതരിപ്പിക്കുന്നത്. In the matter of scholarship to Muslim girl immediate attention should be given. Also allot sufficient fund for the same. എന്നത് പാലൊളി സമിതിയുടെ ആറാം നിര്‍ദേശമായി പാലൊളി റിപ്പോര്‍ട്ടിന്റെ അവസാന ഭാഗത്ത് നാം വായിക്കുന്നുണ്ട്. അതായത് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ സമിതി നിര്‍ദേശിക്കുന്നത്, വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍ദേശിക്കുന്നത് മുസ്ലിം മതവിഭാഗത്തിനാണ്. അതിനാല്‍ അതൊരു മുസ്ലിം സ്‌കോളര്‍ഷിപ്പാണ്.
നിര്‍ഭാഗ്യവശാല്‍ ഒരു അതിവായനാ സാധ്യത അവശേഷിപ്പിച്ചാണ് പാലൊളി കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയത് എന്നത് കാണാതിരുന്നുകൂടാ. സച്ചാര്‍ സമിതിയുടെ അനുബന്ധമായി കേരളത്തിലെ സാഹചര്യം പഠിക്കാന്‍ തുനിഞ്ഞിറങ്ങിയ സമിതി പ്രശ്നപരിഹാരങ്ങളില്‍ ആദ്യത്തേതായി മുന്നോട്ടുവെച്ച Constitute a Minority Welfare Department in the State Coordinate the similar matters, now dealt with in various Departments, District level administrative centers of this should also best rated എന്ന നിര്‍ദേശം വിശാലമായ അര്‍ഥത്തില്‍ മുസ്ലിംക്ഷേമത്തിന് വിഘാതമാകുന്ന ഒന്നായി മാറി. Constitute Minority Welfare Cell in the State Secretariat prior to the formation of the Department as part of immediate steps to be taken to redress the Muslim backwardness എന്ന രണ്ടാം നിര്‍ദേശം ആദ്യത്തേതിനെ ഒറ്റയ്ക്ക് വായിക്കുന്നതില്‍ നിന്ന് തടയുന്നുണ്ട് എങ്കിലും ഒറ്റയ്ക്ക് വായിക്കപ്പെട്ടു എന്നതും യാഥാര്‍ത്ഥ്യമാണ്. അങ്ങനെയാണ് മുസ്ലിംക്ഷേമത്തിന് പ്രത്യേകമായി നിര്‍ദേശിക്കപ്പെട്ട സ്‌കോളര്‍ഷിപ്പിനെ ന്യൂനപക്ഷങ്ങള്‍ക്ക് ആകെയുള്ള സ്‌കോളര്‍ഷിപ്പ് എന്ന് പ്രചരിപ്പിക്കാന്‍ അവസരമൊരുങ്ങിയത്. ന്യൂനപക്ഷം എന്നത് ആറു വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന സമുച്ഛയമാണ്. രജീന്ദര്‍ സച്ചാര്‍ സമിതി അവരുടെയെല്ലാം അവസ്ഥ പരിഗണിച്ചതിനു ശേഷമാണ് മുസ്ലിമിന് മാത്രമായ പിന്നാക്കാവസ്ഥ ചൂണ്ടിക്കാട്ടിയതും.
പക്ഷേ, പലതരം താല്‍പര്യങ്ങളുടെ സമുച്ഛയമാണല്ലോ ഭരണകൂടം. അതിനാല്‍ ന്യൂനപക്ഷമെന്ന വിശാല പദത്തിലേക്ക് മുസ്ലിം സ്‌കോളര്‍ഷിപ്പിനെ ചേര്‍ത്തുകെട്ടുന്ന വായന സംഭവിച്ചു. ഫലം; സാമൂഹിക വികാസ ചരിത്രത്തിന്റെ നിരവധി സന്ദര്‍ഭങ്ങളില്‍ എന്നതുപോലെ മുസ്ലിം സമുദായം അവസരനഷ്ടത്തിനും ഭരണവഞ്ചനക്കും ഇരയായി. ആ വായനയുടെ ഫലമായാണ് ജസ്റ്റിന്‍ പള്ളിവാതുക്കല്‍ എന്ന റോമന്‍ കത്തോലിക്കാ വിഭാഗത്തില്‍ ഉള്‍പ്പെട്ട (ഇക്കാര്യം ജസ്റ്റിസ് ഷാജി പി. ചാലിയുടെ വിധിന്യായത്തില്‍ എടുത്തുപറയുന്നുണ്ട്) അഭിഭാഷകന്‍ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജിയുമായി എത്തിയത്. ഇതേ ന്യൂനപക്ഷമെന്ന വായനയുടെ ഫലമായാണ് വി.എസ് സര്‍ക്കാരിന്റെ അവസാന കാലത്ത് സ്‌കോളര്‍ഷിപ്പില്‍ നിന്ന് ഒരു ഭാഗം; അതായത് ഇരുപത് ശതമാനം പിന്നാക്ക ക്രൈസ്തവര്‍ക്ക് കൂടി നല്‍കാന്‍ തീരുമാനിച്ചതും പിന്നീട് വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അത് നിലനിര്‍ത്തിയതും. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് എന്ന ഭരണവാചകമാണ് മുസ്ലിം സ്‌കോളര്‍ഷിപ്പിനെ സംബന്ധിക്കുന്ന എഴുത്തുകുത്തുകളില്‍ ഉപയോഗിച്ചിരുന്നതും.
ഒട്ടും ദീര്‍ഘമല്ലാത്തതാണ് സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച ഹൈക്കോടതി വിധി. സങ്കീര്‍ണമായ നിയമപ്രശ്നങ്ങള്‍ തീരെയില്ലാത്തത്. ചിന്നയ്യ കേസിലെ സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി മാത്രമാണ് കേസ് റഫറന്‍സില്‍ മുഖ്യം. ആര്‍ട്ടിക്കിള്‍ 14, ‘The State shall not deny to any perons equaltiy before the law or the equal protection of the laws within the territory of India.’ ആര്‍ട്ടിക്കിള്‍ 15 (1) The State shall not discriminate against any citizen on grounds only of religion, race, caste, sex, place of birth or any of them എന്നിങ്ങനെ വ്യക്തമായ രണ്ട് ഭരണഘടനാപ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് മാത്രമുള്ളത്. ഇന്ത്യന്‍ കോടതികളുടെ വര്‍ഗസ്വഭാവത്തെക്കുറിച്ച ചര്‍ച്ചകള്‍ക്ക് ഇ എം എസിന്റെ കാലത്തോളം പഴക്കമുണ്ടെങ്കിലും ന്യൂനപക്ഷസ്‌കോളര്‍ഷിപ്പെന്ന് പേരിട്ട ഒന്നില്‍ വിവേചനവും ഭരണഘടനാതത്വങ്ങളുടെ ലംഘനവും കണ്ടെത്തിയ കോടതി വഴിയെ സംശയിക്കുന്നതില്‍ വലിയ കാര്യമില്ല. വിവേചനമല്ല, റിസണബിള്‍ ഡിസ്‌ക്രിമിനേഷന്‍ എന്ന ഭരണഘടനാപരമായ കരുതലാണ് എന്ന് വാദിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞുമില്ല.
കെ.ടി ജലീല്‍ നിയമസഭയില്‍ ചൂണ്ടിക്കാട്ടിയതുപോലെ പത്തു വര്‍ഷത്തില്‍ ഏറെയായി മുസ്ലിം സ്‌കോളര്‍ഷിപ്പിനെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പായി വ്യാഖ്യാനിച്ച് അപഹരണം നടക്കുന്നു. എവിടെയായിരുന്നു മുസ്ലിം താല്‍പര്യം സംരക്ഷിക്കാന്‍ വിശ്വാസപരമായി ബാധ്യതപ്പെട്ട സംഘടനകള്‍? ജനാധിപത്യത്തില്‍ കോടതികള്‍ മതവിവേചനത്തിനും വേണ്ടിവന്നാല്‍ ഫാഷിസത്തിന്റെ ഉറപ്പിക്കലിനും കൂടി ആയുധമായി മാറാം. അത് കോടതികള്‍ സ്വന്തം താല്‍പര്യത്താല്‍ ചെയ്യുന്നത് ആകണമെന്നില്ല. മറിച്ച് നമ്മുടെ നിയമനിര്‍മാണങ്ങള്‍ നന്‍മക്കും തിന്‍മക്കും കടന്നുവരാന്‍ ധാരാളം ജാലകങ്ങള്‍ തുറന്നിടാറുണ്ട്. ആ ജാലകങ്ങളെ, പഴുതുകളെ സമര്‍ഥമായി ഉപയോഗിക്കാന്‍ അറിയുന്നവര്‍ ഉപയോഗിക്കും. സംഘപരിവാറിന് അതിനായി തന്നെ സുസജ്ജരായ നിയമസൈനികരുണ്ട്. കേരളത്തിലെ പല സമുദായങ്ങളും ഈ പഴുതുകളിലൂടെ അവകാശങ്ങള്‍ ഉറപ്പിക്കുന്നത് നാം കാണുന്നുണ്ട്. എന്തുകൊണ്ടാണ് മുസ്ലിം സംഘാടനങ്ങള്‍ നിയമവഴിയില്‍ ശ്രദ്ധിക്കാത്തത്? സമുദായവുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങള്‍ക്കും സമുദായത്തിന്റെ അവകാശങ്ങളുമായി ബന്ധപ്പെട്ട ഭരണകൂട വ്യവഹാരങ്ങള്‍ക്കും മേലെ തുറുകണ്ണുമായിരിക്കാന്‍ സന്നദ്ധരായ ആളുകളെ രൂപപ്പെടുത്തുകയും അവര്‍ സജ്ജരാവുകയും ചെയ്യാത്തിടത്തോളം അര്‍ഹതപ്പെട്ടതെല്ലാം അപഹരിക്കപ്പെടുന്നത് കണ്ടുകൊണ്ടിരിക്കേണ്ടി വരും. ആത്മവിമര്‍ശനത്തെക്കാള്‍ അതിജീവന ത്രാണിയുള്ള മറ്റൊന്നുമില്ല.
കെ കെ ജോഷി
You must be logged in to post a comment Login