തുളസി
ഡല്‍ഹിയില്‍ വന്നാല്‍ വെറും അറുനൂറുരൂപയ്ക്ക് അഞ്ചംഗകുടുംബത്തിന് സുഖമായിട്ട് ഒരു മാസം പുട്ടടിക്കാം എന്ന മികച്ച ഓഫര്‍ കേട്ടാണ് സകുടുംബം ഇപ്രാവശ്യം ഡല്‍ഹിക്ക് തിരിക്കാമെന്നു വച്ചത്. അറുനൂറു പോയിട്ട് ആറായിരം കിട്ടിയിട്ടും ഇവിടെ കണക്ക് ഒപ്പിക്കാന്‍ പറ്റുന്നില്ല. അപ്പോഴാണ് അറുനൂറിന്റെ ഓഫറിനെക്കുറിച്ചു കേട്ടത്. അഞ്ചുപേര്‍ക്കുള്ള ഒരു പാക്കേജ് ആയിട്ടാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതാണ് ഇതിന്റെ പ്രയോജക എന്നതിനാല്‍ പരിപാടി സത്യമായിരിക്കും. മെനു ലിസ്റ് വിശദമായി പരിശോധിച്ചപ്പോഴാണ് അറിയുന്നത് ചിക്കനോ മട്ടനോ ഒന്നുമില്ല. ഒരു പുലാവെങ്കിലും കാണുമെന്ന് കരുതി വീണ്ടും പരതി… ഇല്ലേയില്ല… മൂന്നു നേരവും പരിപ്പുകറിയും ചപ്പാത്തിയുമാണ് ഓഫറില്‍ പറഞ്ഞിരിക്കുന്നത്. തികച്ചും ആയുര്‍വേദവിധി പ്രകാരമുള്ള ഭക്ഷണം. ഇതിനെയാണ് കുറേ വ്യാജമനുഷ്യ സ്നേഹികള്‍ വിമര്‍ശിച്ചു കളഞ്ഞത്. ഒരു മുഖ്യമന്ത്രിക്ക് തന്റെ പ്രജകളോട് ഇല്ലാത്ത സ്നേഹമാണ് ഇവറ്റകള്‍ക്ക്. ‘മാഡത്തിന്റെ ഒരു നേരത്തെ ഭക്ഷണത്തിനു വേണം അറുനൂറു രൂപ. ജനത്തിന് ഒരു നേരം വെറും നാലുരൂപ. ഇതെന്തു കണക്കാണ്’ തുടങ്ങിയ വിഡ്ഢി ച്ചോദ്യങ്ങളാണ് തല്‍പ്പരകക്ഷികള്‍ ചോദിച്ചിരിക്കുന്നത്. വിവരമില്ലാത്തവര്‍…
മൂന്നുനേരവും പരിപ്പുകറിയാവുമ്പോള്‍ പ്രത്യേകിച്ച് ഗ്യാസ് കണക്ഷന്‍ എടുക്കേണ്ട ആവശ്യം വരില്ല. നേരിട്ട് സിലിണ്ടറിലേയ്ക്ക് പിടിച്ചാല്‍ മതിയാകും. ചപ്പാത്തി പരത്താനും ചൂടാനും പ്രത്യേകിച്ച് സ്ഥലവും വേണ്ട. മലര്‍ന്നു കിടന്നു നെഞ്ചത്തേയ്ക്ക് ഒഴിച്ചാല്‍ മതിയാകും. ഇതൊക്കെ കേള്‍ക്കുമ്പോഴുണ്ടാകുന്ന നെഞ്ചിനകത്തെ ചൂട് മാത്രം മതിയാകും ചപ്പാത്തി ചുട്ടെടുക്കാന്‍. അങ്ങനെ തികച്ചും പ്രകൃതിപരമായി നടത്തുന്ന ഒരു പാക്കേജാണിത്. കുറച്ചു വായുഗുളികയും, ദശമൂലാരിഷ്ടവും കൂടി കരുതിയാല്‍ ജോര്‍. ചെലവ് കുറയ്ക്കാമല്ലോ… ഇവിടെയാണെങ്കില്‍ അരി വില കുറഞ്ഞു കുറഞ്ഞു കൊണ്ടിരിക്കുകയാണ് തുടങ്ങിയ പ്രസ്താവനകള്‍ അരമണിക്കൂര്‍ ഇടവിട്ട് ഹോമിയോഗുളിക കഴിക്കുന്നതുപോലെ മന്ത്രിയദ്ദേഹം നടത്തുന്നുണ്ട്. അതും ഒരു സൈക്കോളജിക്കല്‍ ചികിത്സയാണ്. കുറഞ്ഞു, കുറഞ്ഞു എന്നിങ്ങനെ ഇടതടവില്ലാതെ പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ അമ്പതുരൂപ കൊടുത്തു വാങ്ങുമ്പോഴും വില കുറഞ്ഞുവെന്ന ഒരു തോന്നല്‍ മനസ്സില്‍ വരും. ജനഹൃദയങ്ങളില്‍ ഇത് വലിയ ആശ്വാസം സൃഷ്ടിക്കുന്നു. ഇതാണ് തിയറി. അരി കയറ്റിയ വാഗണ്‍ ആന്ധ്രയില്‍ നിന്ന് ഒരു മാസം മുന്നേ പോന്നതാണ്. പട്ടിണി കിടക്കുന്നവര്‍ക്കു കഴിക്കാനുള്ള അരിയാണെന്നറിഞ്ഞ അത് പിടിച്ചിട്ടിരിയ്ക്കയാണ്. വിട്ടുകിട്ടാന്‍ കേന്ദ്രതല സമ്മര്‍ദ്ദം പ്രയോഗിക്കുന്നുണ്ട്. വിട്ടുകിട്ടും… കേരളത്തിലെ മൊത്തക്കച്ചവടക്കാരുടെ കീശ നിറയുമ്പോള്‍ വാഗണ്‍ വരും. അതുവരെ അരിവില ഇങ്ങനെ നില്‍ക്കും. ഇലക്ഷന് കൊടുത്ത പൈസ വസൂലാക്കണ്ടേ? പറ…
സംസ്ഥാനത്തെ കാരണവര്‍ക്കാണെങ്കില്‍ ഇതൊന്നും നോക്കാനേ സമയമില്ല. ഞാറു നട്ട് വളമിടാന്‍ ചെന്നപ്പോള്‍ വെള്ളമില്ല. തമിഴ്നാട് പറ്റിച്ചു. രാവിലെ കേസും, പുക്കാറുമായി സുപ്രീംകോടതി വരാന്തവഴി നിരങ്ങാന്‍ പോയിരിക്കയാണ്. കോടതി ഇടപെട്ട് വെള്ളം കിട്ടിയിട്ടു വേണം ഞാറ് നനയ്ക്കാന്‍. അതുവരെ ശിവ ശിവ… നെല്‍കൃഷി ഒഴിവാക്കി വേണം. ചൂടും വെയിലും അയയ്ക്കാനെന്നു സൂര്യനോട് പറയാന്‍ ഉന്നതതലസംഘം ഉടനെ സൌരയൂഥത്തിലേക്ക് പോകുന്നുണ്ട്. അതുകൊണ്ട് കര്‍ഷകര്‍ക്ക് പേടിക്കാനൊന്നുമില്ല. ഇപ്പോള്‍ തല്‍ക്കാലം കരിഞ്ഞു പോകുന്ന നെല്ലിനെയും നോക്കി വരമ്പത്ത് വായും പൊളിച്ച് ഇരിക്കുക; അത്ര തന്നെ… അങ്ങനെ ആകെ മൊത്തം കേരളത്തില്‍ ദൈവരാജ്യം വന്നതിനാല്‍ ഡല്‍ഹിക്ക് പോകാനുള്ള ടിക്കറ്റെടുത്തു റെയില്‍വേസ്റേഷനില്‍ ചെന്നപ്പോഴാണ് അറിയുന്നത്; ട്രെയിന്‍ ബാത്ത്റൂമും എസിയും പൊട്ടി വഴിയില്‍ കിടക്കുകയാണെന്ന്. പഴയ സിമന്റ് കൊണ്ടുവരുന്ന ഇരുമ്പ് കൂടിനു പെയിന്റടിച്ച് ‘എസി കോച്ച്’ എന്നൊരു ബോര്‍ഡും തൂക്കി കൊളുത്തി വിട്ടതാണ്. പകുതി വഴി എത്തിയപ്പോഴേക്കും അഡീഷണല്‍ ഫിറ്റിങ്ങ്സ് എല്ലാം ട്രാക്കില്‍ പറിഞ്ഞു വീണു. അതിരാവിലെ ട്രാക്കില്‍ പ്രാഥമിക കര്‍മ്മം നിര്‍വഹിക്കാന്‍ വന്നവര്‍ കണ്ടതിനാല്‍ രക്ഷപ്പെട്ടു. ഇത്തരം അപകടങ്ങള്‍ കണ്ടുപിടിക്കാന്‍ ട്രാക്കുകളില്‍ ജനസാന്നിധ്യം ഉറപ്പുവരുത്താന്‍ ‘പ്രാഥമിക കര്‍മ്മം ട്രാക്കില്‍’ എന്ന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞിട്ടുണ്ട്.
വണ്ടി എപ്പോള്‍ വരുമെന്ന് ആര്‍ക്കും നിശ്ചയമില്ലാത്തതിനാല്‍ ടിക്കറ്റ് പിറ്റേ ദിവസത്തേക്ക് മാറ്റിത്തന്നുകൊണ്ട് എല്ലാവരും ഉറിപോലെ വീട്ടിലേക്ക് തിരിച്ചു. വിഷമിക്കാനൊന്നുമില്ല. നാളെ പോകാമല്ലോ എന്ന് ഓരോരുത്തരും ഇടയ്ക്കിടെ മാറി മാറി പറഞ്ഞുകൊണ്ടിരുന്നതിനാല്‍ മനസ്സിന് വല്ലാത്തൊരു ആശ്വാസം അനുഭവപ്പെട്ടു. വീട്ടില്‍ വന്നു ടീവി തുറന്നപ്പോഴാണ് ഞെട്ടിക്കുന്ന വാര്‍ത്ത: ഡല്‍ഹിയില്‍ കൂട്ട ബലാല്‍സംഗം. രാത്രിയില്‍ സുഹൃത്തിനൊപ്പം ബസ്സില്‍ സഞ്ചരിച്ച പെണ്‍കുട്ടിയെ ബസിനുള്ളില്‍ വച്ച് മാനഭംഗപ്പെടുത്തിയിരിക്കുന്നു. ഡല്‍ഹിയിലാകെ പ്രതിഷേധം… ടീം. അറുനൂറിന്റെ പാക്കേജ് വലിച്ചുകീറി ദൂരെയെറിഞ്ഞു…
ദൈവമേ…. ഉള്ളത് രണ്ടു പെണ്‍മക്കളാണ്. ഇവറ്റകളെ എങ്ങനെ പുറത്തിറക്കും. പ്രകൃത്യാലുള്ള സംരക്ഷണഭാവങ്ങള്‍ പരിശീലിപ്പിച്ചിട്ടുണ്ട്. അലക്കും, കുളിയും, തേവാരവും പല്ലുതേയ്പ്പുമൊക്കെ ആഴ്ചക്ക് ഒന്നു മതിയെന്നാണ് പറഞ്ഞിരിക്കുന്നത്. ഒറ്റക്ക് പോകുന്ന ദിവസം മുടി ചികാനോ പൌഡര്‍ ഇടാനോ പാടില്ലെന്നും പറഞ്ഞിട്ടുണ്ട്. സഞ്ചാരത്തില്‍ പരമാവധി മുഷിഞ്ഞു നാറിയ ഡ്രസ്സുകള്‍ മാത്രം ഉപയോഗിക്കുക, നല്ല ഡ്രസ്സും മേക്കപ്പ് സാധനങ്ങളും പൊതിഞ്ഞെടുത്താല്‍ മതിയെന്നും പഠിപ്പിച്ചിട്ടുണ്ട്. ഇതുകൊണ്ടൊക്കെ വല്ലതും ആകുമോ? പുറത്തിറങ്ങുമ്പോള്‍ ധരിക്കാന്‍ രണ്ട് മുള്ള്കൂട് പണിയാന്‍ കൊല്ലനോട് പറയുന്നതായിരിക്കും കൂടുതല്‍ ഉചിതമെന്ന് തോന്നുന്നു. അതാകുമ്പോള്‍ വരുന്ന ശല്യങ്ങളൊക്കെ മുള്ളേല്‍ ഉരഞ്ഞങ്ങു പൊയ്ക്കോളുമല്ലോ.
കേരളത്തിലെ ടൂറിസ്റ് കേന്ദ്രങ്ങള്‍ ഏതൊക്കെയാണെന്ന് പറയാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ പീഡനങ്ങള്‍ ചോദിച്ചാല്‍ പറയാന്‍ എളുപ്പമാണ്. സൂര്യനെല്ലി, കോതമംഗലം, തോപ്പുംപടി, പട്ടാമ്പി, എറണാകുളം, കോഴിക്കോട്, കോതനെല്ലൂര്‍, മട്ടന്നൂര്‍ എന്നിങ്ങനെ ഒട്ടുമിക്ക ജില്ലകളും കവര്‍ ചെയ്യുന്നുണ്ട്. കവറേജ് ഇല്ലാത്ത സ്ഥലങ്ങളിലൊക്കെ ദിവസേനയെന്നോണം കവറേജ് ആക്കി വരുന്നുമുണ്ട്. പീഡനമിപ്പോള്‍ പുതിയ തരംഗമായി മാറിയിരിക്കുകയാണ്. ജയിലുകളില്‍ അധികവും ഇപ്പോള്‍ പീഡനക്കാരും വാണിഭക്കാരുമാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നതിനാല്‍ കുറ്റവാളികള്‍ അവരുടെ വഴിക്കും പോകുന്നു.
ഒരു കാര്യം തര്‍ക്കമില്ലാതെ പറയാം; ഒരു പീഡനം നടന്നാല്‍ പീഡനത്തിനിരയാകുന്ന ഇരയ്ക്കും; അവരുടെ കുടുംബത്തിനും മാത്രമാണ് നഷ്ടം. സമൂഹത്തില്‍ നിന്ന് ആദ്യമുണ്ടാകുന്ന അനുകമ്പ പിന്നീട് ഒറ്റപ്പെടുത്തലും, കുറ്റപ്പെടുത്തലുകളുമായി മാറുന്നു. സമൂഹം പതുക്കെപ്പതുക്കെ പീഡനത്തോടും ലൈംഗിക അതിക്രമങ്ങളോടും സമരസപ്പെട്ടുകൊണ്ടിരിക്കുകയാണ്. പീഡനങ്ങള്‍ നടക്കുന്നു.
നിയമം പ്രയോഗത്തില്‍ വരുത്താനുള്ളവര്‍ തന്നെ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് പറഞ്ഞാല്‍ എന്താണ് അര്‍ത്ഥമാക്കേണ്ടത്. നിയമത്തിനു സ്വന്തമായി ഒരു വഴിയുണ്ടോ? നിയമം വഴികാണിക്കുക മാത്രമാണ് ചെയ്യുന്നത്. സഞ്ചരിക്കേണ്ടതും സഞ്ചരിപ്പിക്കേണ്ടതും അതിനു നിയോഗിക്കപ്പെട്ടവര്‍. വിരുദ്ധ സഞ്ചാരികളെയും, അബദ്ധ സഞ്ചാരികളെയും നിലക്ക് നിര്‍ത്താനാണ് നിയമം. അല്ലാതെ നിയമം നിയമത്തിന്റെ വഴിക്ക് പൊയ്ക്കോട്ടെ എന്ന് പറഞ്ഞു കയ്യും കെട്ടിയിരുന്നാല്‍ ഗോവിന്ദചാമിമാരെ തീറ്റിപ്പോറ്റി നടുവൊടിയും.
You must be logged in to post a comment Login