രാജ്യദ്രോഹത്തെ സംബന്ധിച്ച നിയമം കൊളോണിയല്‍ കാലത്തിന്റെ ശേഷിപ്പാണ്. സ്വാതന്ത്ര്യം കിട്ടി എഴുപത്തഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഇന്ത്യയ്ക്ക് അതാവശ്യമുണ്ടോ എന്നാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ മോഡി സര്‍ക്കാരിന്റെ അറ്റോണി ജനറലിനോട് ഈയിടെ ചോദിച്ചത്. ആ ചോദ്യം ഒരേസമയം സ്വന്തമായ അസ്തിത്വമുള്ളതും മറ്റു വിഷയങ്ങളെ സ്പര്‍ശിക്കുന്നതുമാണ്. എന്നാല്‍ പ്രശ്‌നത്തിന്റെ കാതല്‍ അതല്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ബ്രീട്ടീഷ് രാജില്‍ നിന്ന് കിട്ടിയതു കൊണ്ടല്ല ആ നിയമം മോശമാകുന്നത്. നമ്മുടെ മിക്കവാറും നിയമങ്ങളും അങ്ങിനെത്തന്നെ കിട്ടിയവയാണ്. ഇന്ത്യന്‍ പീനല്‍ കോഡിന് 1860 കളിലാണു വേരുകളുള്ളത്. രാജ്യദ്രോഹത്തെ സംബന്ധിച്ച നിയമത്തിന്റെ പുറകിലുള്ള ഉദ്ദേശ്യം ‘കൊളോണിയല്‍’ ആണ് എന്നതാണു പ്രശ്‌നം. ഒരു രാജ്യത്തെ ജനങ്ങള്‍ അധിനിവേശ ശക്തിയെ ചെറുക്കുന്നത് സ്വാഭാവികമാണ്. നിങ്ങളുടെ ദേശീയഗാനം പാടാന്‍ അവരെ നിര്‍ബന്ധിച്ചാലും, നിങ്ങളുടെ രാജാവിനെ അവര്‍ വണങ്ങിയാലും നിശ്ശബ്ദമായി അവര്‍ നിങ്ങളെ പ്രാകും. അതുകൊണ്ടുതന്നെ പ്രജകളുടെ കൂറ് ഉറപ്പുവരുത്തുന്ന നിയമം നിങ്ങള്‍ക്കു വേണം.
രാജ്യദ്രോഹക്കുറ്റത്തെ കുറിച്ചുള്ള നിയമത്തിലെ ‘രാഷ്ട്രത്തിനെതിരെ നീരസം പരത്തുക’ എന്ന വാക്കുകള്‍ ഒരിക്കലും ഒരു ജനാധിപത്യത്തിന്റെ ലിഖിത നിയമങ്ങളിലുണ്ടാകാന്‍ പാടില്ല. സര്‍ക്കാരിനെ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ തീര്‍ച്ചയായും അതിനെ വിമര്‍ശിക്കാം. അതിനെതിരെ പ്രചാരണം നടത്താം. തോല്‍പ്പിക്കാന്‍ ശ്രമിക്കാം, തോല്‍പ്പിക്കാം. ജനാധിപത്യത്തിന്റെ പാതിവഴിയില്‍ എത്തിയ രാജ്യങ്ങളില്‍ പോലും അത് സാധാരണ കാര്യമാണ്. നാമെന്തായാലും അതിനേക്കാള്‍ മികച്ചവരാണല്ലോ.
തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്, അതേതു രാഷ്ട്രീയപാര്‍ട്ടിയുടേതുമാകട്ടെ, ജനങ്ങളില്‍ നിന്ന് സംരക്ഷണം കിട്ടാനുള്ള നിയമമെന്തിനാണ്? പാര്‍ട്ടികള്‍ക്കതീതമായി പിന്തുണ ലഭിക്കുന്ന നിയമങ്ങളാണ് ഏറ്റവും മോശം നിയമങ്ങള്‍. അതുകൊണ്ടാണ് എഴുപത്തിനാലു വര്‍ഷം പതിനാലു പ്രധാനമന്ത്രിമാരുടെ കീഴിലുള്ള സര്‍ക്കാരുകള്‍ അതിനെ ചവറ്റുകുട്ടയിലിടാഞ്ഞത്.
എന്റെ പത്രാധിപത്യത്തിലുള്ള ഒരു പ്രസിദ്ധീകരണവും ഒരു സര്‍ക്കാരിനെ തീവ്രമായി വിമര്‍ശിക്കുമ്പോള്‍ പോലും ‘വാഴ്ച’ എന്ന വാക്ക് ഉപയോഗിക്കാറില്ല. ഭരണഘടനയിലധിഷ്ഠിതമായ ജനാധിപത്യങ്ങള്‍ സര്‍ക്കാരുകളെയാണ് തിരഞ്ഞടുക്കുന്നത്, വാഴ്ചകളെയല്ല. നിങ്ങളുടെ സര്‍ക്കാരിനെ ഇഷ്ടപ്പെടാനോ വെറുക്കാനോ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനത്തെ കുറ്റമായി കാണുന്ന ഈ നശിച്ച നിയമം ആധുനിക കാലത്തെ അശ്ലീലമാണ്, കൊളോണിയല്‍ കാലത്തിന്റേതല്ല.
ദേശീയ താല്പര്യവും സര്‍ക്കാരിന്റെ താല്പര്യവും തമ്മിലുള്ള വ്യത്യാസം മനസിലാക്കാന്‍ മാത്രം പക്വമാണ് നമ്മുടെ ജനാധിപത്യം. സര്‍ക്കാരിന്റെ കുറ്റങ്ങളും കുറവുകളും വിളിച്ചുപറയാനും അബദ്ധങ്ങള്‍ തടയാനും പൗരന്മാര്‍ക്ക് കഴിയുന്നതുകൊണ്ടാണ് ജനാധിപത്യങ്ങള്‍ സേച്ഛാധിപത്യങ്ങളേക്കാള്‍ കരുത്തുള്ളവയാകുന്നത്. അവര്‍ മറ്റുള്ളവരെ പോലെ തന്നെ രാജ്യസ്‌നേഹമുള്ളവരാണ്, കൂടുതല്‍ മിടുക്കരും ധീരരുമാണെന്നു മാത്രം.
ജീവപര്യന്തം തടവു പോലും ലഭിക്കാവുന്ന, ജീവിതകാലത്തുടനീളം നീണ്ടുനില്‍ക്കുന്ന കളങ്കം തീര്‍ക്കുന്ന ഈ നിയമം വിമര്‍ശകരെ നിശ്ശബ്ദരാക്കാന്‍ നാം ഇനിയും ഉപയോഗിക്കേണ്ടതുണ്ടോ?
ഉത്തര്‍പ്രദേശില്‍ ഒരു കര്‍ഷകപ്രക്ഷോഭത്തില്‍ ഒരാള്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു എന്ന് ട്വീറ്റു ചെയ്തതിനാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. അയാള്‍ അപകടത്തില്‍ മരിച്ചതാണെന്ന് പിന്നീട് ശവപരിശോധനയില്‍ തെളിഞ്ഞിരുന്നു. തങ്ങളുടെ ട്വീറ്റുകള്‍ മാധ്യമപ്രവര്‍ത്തകര്‍ തിരുത്തിയിട്ടുപോലും പൊലീസ് വകവെച്ചില്ല. അവര്‍ക്കെതിരെ എഫ് ഐ ആറിനപ്പുറം നടപടികളൊന്നുമുണ്ടായില്ലെങ്കിലും അതവിടെത്തന്നെയുണ്ട്. ഏതു നിമിഷവും അവര്‍ക്കെതിരെ അതു പ്രയോഗിക്കപ്പെടാം. ഇന്ത്യന്‍ പീനല്‍ കോഡിലെ 505-ാം വകുപ്പു പോലുള്ള നിയമങ്ങള്‍ ഇത്രയും ഞെട്ടലും പരിഭ്രമവുമുണ്ടാക്കില്ല.
സര്‍ക്കാര്‍ വാഹനങ്ങള്‍ ആക്രമിച്ചതിനാണ് ഹരിയാനയില്‍ നൂറുകണക്കിനു കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടത്. ആ വാഹനങ്ങളിലൊന്നില്‍ ഡപ്യൂട്ടി സ്പീക്കറുമുണ്ടായിരുന്നു. ലഹളയ്ക്കും ഉദ്യോഗസ്ഥന്മാരെ കൃത്യനിര്‍വഹണത്തില്‍ നിന്നു തടയുന്നതിനുമുള്ള ഐ പിസിയിലെ വകുപ്പുകള്‍ ഇവര്‍ക്കു നേരെ ചുമത്താത്തതെന്താണ്?
രാജ്യദ്രോഹക്കുറ്റ നിയമം, യു എ പി എ, എന്‍ എസ് എ-എല്ലാ മോശം നിയമങ്ങളെ കുറിച്ചും രാഷ്ട്രീയപാര്‍ട്ടികള്‍ നിശ്ശബ്ദരാണ്. വീടിന്റെ പുറകുവശത്തു നിന്ന് കീറിയെറിഞ്ഞ രേഖകള്‍ കണ്ടുപിടിച്ചതിനാണ് ചത്തീസ്ഗഢില്‍ മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥനും എ ഡി ജി പിയുമായ ജി പി സിംഗിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണത്രേ ആ തുണ്ടു കടലാസുകള്‍ പുനര്‍ക്രമീകരിച്ചപ്പോള്‍ ലഭിച്ചത്!
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാര്‍ട്ടൂണിസ്റ്റായ അസീം ത്രിവേദിക്കെതിരെ രാജ്യദ്രോഹവകുപ്പ് ചുമത്തി. രാജസ്ഥാനില്‍ അശോക് ഗെഹലോട്ട് 2003ല്‍ പ്രവീണ്‍ തൊഗാഡിയക്കെതിരെ ഈ നിയമം ഉപയോഗിച്ചു. ജയലളിതയെ പരിഹസിച്ചതിന് നാടോടി ഗായകന്‍ കോവനെതിരെ തമിഴ്‌നാട്ടില്‍ എ ഐ എ ഡി എം കെ സര്‍ക്കാര്‍ ഈ നിയമമുപയോഗിച്ചു. ബി ജെ പി സര്‍ക്കാരാകട്ടെ ഒരിക്കലുമില്ലാത്ത വിധം വ്യാപകമായി ഇതുപയോഗിക്കുന്നു.
കുറ്റക്കാരെന്ന് വിധിക്കപ്പെട്ടവര്‍ വളറെ കുറവായിട്ടും ഈ നിയമം ഇത്രയും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതെന്താണ്? ശിക്ഷിക്കപ്പെടണം എന്നതിനേക്കാള്‍ പീഡിപ്പിക്കണം എന്നതു തന്നെയാണ് ഇവിടെ ലക്ഷ്യം. അധികം സംസാരിച്ചാല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടുമെന്നു തന്നെയാണ് അതിന്റെ ഭീഷണി. പക്ഷംപിടിക്കുന്ന ടി വി ചാനലുകളും സാമൂഹ്യമാധ്യമങ്ങളും പ്രശ്‌നം ഗുരുതരമാക്കുന്നു. സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനവും രാജ്യദ്രോഹവും ഒന്നല്ലെന്നത് ഇവരെല്ലാം സൗകര്യപൂര്‍വം മറക്കുന്നു.
ബ്രീട്ടീഷുകാര്‍ 2009ല്‍ ഇത്തരം നിയമം റദ്ദാക്കി. അതിനു മുമ്പുതന്നെ അവിടെ അത് വിരളമായേ ഉപയോഗിക്കാറുള്ളൂ. പക്ഷേ നമ്മളതില്‍ കടിച്ചുതൂങ്ങിക്കിടക്കുന്നു. ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലും ഇതു തന്നെ സ്ഥിതി. തീവണ്ടി ഗതാഗതത്തിനും പാര്‍ലമെന്റു വ്യവസ്ഥക്കും സ്വതന്ത്ര നിയമവ്യവസ്ഥക്കും എന്നതു പോലെ രാജ്യദ്രോഹക്കുറ്റ നിയമത്തിനും നാം ബ്രിട്ടീഷുകാരോട് നന്ദിയുള്ളവരാണെന്നു തോന്നുന്നു! മോശം പ്രകടനം കാഴ്ചവെക്കുന്ന സര്‍ക്കാരുകള്‍ക്ക് ഈ നിയമം ഒരു കച്ചിത്തുരുമ്പാണ്.
ഈ സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഈ നിയമത്തെ ഇത്രയധികം ഇഷ്ടപ്പെടുന്നതെന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ടില്ല. പക്ഷേ അല്പം പുരോഗതി ഇക്കാര്യത്തിലുണ്ട്. അറ്റോണി ജനറല്‍ കോടതിയില്‍ ഈ നിയമത്തെ കണ്ണടച്ചു പിന്തുണച്ചില്ല. പിന്‍വലിക്കേണ്ടതില്ലെന്നു വാദിച്ചെങ്കിലും ഈ നിയമം ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ ചില മാര്‍ഗരേഖകള്‍ വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സുപ്രീം കോടതി 1962ല്‍ കേദാര്‍ നാഥ് സിംഗ് കേസിലും 1995ല്‍ ബല്‍വന്ത് സിംഗ് കേസിലും ഈ വകുപ്പുകള്‍ റദ്ദാക്കിയതാണ്. എന്നിട്ടും ഏതാനും ട്വീറ്റുകളുടെ പേരില്‍ മാധ്യമപ്രവര്‍ക്കെതിരെ ഉത്തര്‍പ്രേദശില്‍ ഇത് ഉപയോഗിക്കാം. ഈ നീയമം 2021ന് അപമാനമാണ്. ഇതു റദ്ദാക്കപ്പെടണം.
മുപ്പതു വര്‍ഷം മുമ്പ് പെഷവാറില്‍ നിന്ന് കൈബര്‍ ചുരത്തിലേക്കുള്ള വഴിയില്‍ വെച്ച് ഒരു പഷ്ത്തൂണ്‍ കടക്കാരനോട് സംസാരിച്ചതാണ് എനിക്കിപ്പോള്‍ ഓര്‍മവരുന്നത്. ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്റെ അനുയായിയെന്ന് സ്വയം വിശേഷിപ്പിച്ച അയാള്‍ പറഞ്ഞു: “എന്തെങ്കിലും സംസാരിച്ചാല്‍ പാക്കിസ്ഥാനും ഇസ്‌ലാമും നശിച്ചുപോകുമെന്നാണ് അവര്‍ പറയുന്നത്. അപ്പോള്‍ എന്റെ പാക്കിസ്ഥാനും ഇസ്‌ലാമും മണ്‍പാത്രങ്ങളാണോ?’ ഇന്ത്യയെക്കുറിച്ചും നമ്മള്‍ ചോദിക്കേണ്ടത് ഇതേ ചോദ്യം തന്നെയാണ്.
വിവ. കെ സി
You must be logged in to post a comment Login