കുഞ്ഞന്‍ബാവ സ്രാങ്കിന്റെ മറ്റൊരു പത്തേമാരി സഫീനത്തുസിദ്ദിഖ് 1965ല്‍ അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ് കോഴിക്കോടുനിന്ന് സൈസ് മരങ്ങളുമായി ബോംബെയ്ക്ക് പുറപ്പെട്ടു. സ്രാങ്ക് കുഞ്ഞിരായിന്‍കുട്ടിക്കാനകത്ത് സിദ്ദിഖും പണ്ടാരിയും ഗലാസികളുമടക്കം പതിനൊന്ന് ജോലിക്കാര്‍. ശാന്തമായ അന്തരീക്ഷത്തിലായിരുന്നു യാത്ര. മഹാരാഷ്ട്ര കടലില്‍ മാല്‍വാന്‍ ലൈറ്റ് ഹൗസിന് പടിഞ്ഞാറ് പത്തേമാരിയെത്തി. അര്‍ധരാത്രി അതിശക്തമായ കൂരിരുട്ടും തിരയടിയും കൊടുങ്കാറ്റും. അപ്രതീക്ഷിതമായ ഈ ദുരന്തത്തിലകപ്പെട്ട് പത്തേമാരി തകര്‍ന്നു. അവശിഷ്ടങ്ങളും സൈസ് മരങ്ങളും ചിന്നിച്ചിതറി കടലിലൊഴുകി. സ്രാങ്ക് സിദ്ദിഖ്, സഹോദരന്‍ ഹുസൈന്‍, കമ്മു, മൊയ്തീന്‍കുട്ടിയടക്കം ഹതഭാഗ്യരായ അഞ്ചു തൊഴിലാളികളെ കടലെടുത്തു. പിന്നീട് നാളിതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. അബ്ദുല്ലക്കുട്ടി, അസൈനാര്‍കുട്ടി തുടങ്ങി അവശേഷിച്ച ആറു തൊഴിലാളികള്‍ ബര്‍ക്കാസില്‍ കയറി ആ കൂരിരുട്ടില്‍ വളരെ പ്രയാസപ്പെട്ട് കരപിടിച്ചു.
1970കളിലെ ദീപാവലി സീസണില്‍ കോലാജിയാരകത്ത് ഹസൈനാരുടെ ഉമറുല്‍ ഫാറൂക്ക് പത്തേമാരി സൈസ് മരങ്ങളും മുളക്കെട്ടുകളുമായി കോഴിക്കോട്ടുനിന്ന് ദീപാവലി സീസണില്‍ പുറപ്പെട്ടു. സ്രാങ്ക് കോലാജിയാരകത്ത് അബ്ദുല്ലക്കുട്ടി അടക്കം എട്ടു ജോലിക്കാരായിരുന്നു. കണ്ണൂരിന് വടക്ക് നേര്‍ക്കല്‍കോടി കടലില്‍ വെച്ച് അതിശക്തമായ കാറ്റും മഴയും നീരുമാറ്റവും. ഇത്തരം സന്ദര്‍ഭങ്ങളില്‍ കടലിലെ ഒഴുക്കിന്റെ ദിശകള്‍ മാറും. പായകള്‍ പിരമാനോടും പാമരത്തിനോടും ചേര്‍ത്തുകെട്ടിയെങ്കിലും പത്തേമാരിയുടെ വികൃതികള്‍ക്ക് ശമനമുണ്ടായില്ല. രക്ഷപ്പെടാന്‍ മറ്റൊരു മാര്‍ഗവും ഇല്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ ചരക്കുകള്‍ കടലിലേക്ക് തള്ളിവിട്ടു. എന്നിട്ടും രക്ഷയില്ല. പത്തേമാരിയില്‍ വെള്ളം കയറി തകരാന്‍ തുടങ്ങി.
പ്രാണരക്ഷാർഥം അഞ്ചുപേര്‍ ബര്‍ക്കാസിലും മൂന്നുപേര്‍ മുളകളുടെ കെട്ടുകള്‍ക്ക് മുകളിലും അഭയം തേടി. തകര്‍ച്ചയുടെ ആരംഭത്തില്‍ ഇരുവിഭാഗത്തിന്റെയും സംസാരങ്ങളും നിലവിളിയും പരസ്പരം കേട്ടിരുന്നു. അല്പസമയത്തിനകം ബര്‍ക്കാസും മറിഞ്ഞു. ബര്‍ക്കാസിലുള്ളവര്‍ തുടര്‍ന്ന് മരക്കഷ്ണങ്ങളിലും മുളക്കെട്ടുകളിലും അള്ളിപ്പിടിച്ച് ആരോഗ്യത്തിനനുസരിച്ച് കര ലക്ഷ്യമാക്കി നീന്തല്‍ ആരംഭിച്ചു. കുറഞ്ഞദൂരം പിന്നിട്ടതോടെ പലരും അബോധാവസ്ഥയിലായി. ശരീരം തണുത്ത് മരവിച്ചു. അവസാനം ഉടുതുണിക്ക് മറുതുണിയില്ലാതെ തലായി കടല്‍ത്തീരത്ത് അണഞ്ഞു. അതിശക്തമായ മഴ. കരിങ്കൽചീളുകള്‍കൊണ്ട് എറിയുന്നതുപോലെയായിരുന്നു മഴത്തുള്ളികള്‍ ശരീരത്തില്‍ പതിച്ചിരുന്നത് എന്ന് പത്തേമാരി ഉടമസ്ഥന്റെ മകൻ, അക്കാലത്ത് പത്തേമാരിയിലെ ഗലാസിയായ 20 വയസ്സുകാരനായിരുന്ന മൊയ്തീന്‍കുട്ടി ഓര്‍ക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ തദ്ദേശവാസികള്‍ തലശ്ശേരി ആശുപത്രിയില്‍ യഥാസമയം എത്തിച്ചതിനാല്‍ സ്രാങ്ക് അബ്ദുല്ലകുട്ടി, മൊയ്തീന്‍കുട്ടി, സിദ്ദിഖ്, ബാവ അടക്കം അഞ്ച് തൊഴിലാളികള്‍ രക്ഷപ്പെട്ടു. മുളക്കെട്ടില്‍ അഭയം പ്രാപിച്ച മൊയ്തു, കോഴിക്കോട്ടുകാരന്‍ മമ്മദ്‌കോയ, വെളിയംകോട്ടുകാരന്‍ ഗലാസി എന്നീ മൂന്നു ഹതഭാഗ്യര്‍ പിന്നീടൊരിക്കലും തിരിച്ചുവന്നില്ല.
മറക്കാനാവാത്ത കണ്ണീരോർമ
1967ലെ സപ്തകക്ഷി ഭരണത്തില്‍ പൊന്നാനി സ്വദേശികളായ ഇ കെ ഇമ്പിച്ചിബാവ മന്ത്രിസഭയിലും വി പി സി തങ്ങള്‍ നിയമസഭയിലും അംഗമായിരുന്നു. പൊന്നാനി തീരദേശം പൂര്‍വോപരി പുരോഗതിയിലേക്ക് നാന്ദികുറിച്ച വര്‍ഷമായിരുന്നു അത്. തങ്ങളുടെ കൂട്ടത്തില്‍നിന്നുള്ള നേതാവായ ഇമ്പിച്ചിബാവ മാര്‍ച്ച് 6ന് ട്രാന്‍സ്‌പോര്‍ട്ട്, തുറമുഖ വകുപ്പ് മന്ത്രിയായി അധികാരമേറ്റ സന്തോഷത്തിലായിരുന്നു പൊന്നാനിയും പ്രത്യേകിച്ച് അഴീക്കല്‍ പ്രദേശവും.
ഈ വര്‍ഷം രണ്ടാംപകുതിയിലാണ് അഴീക്കല്‍ പ്രദേശം വലിയൊരു ദുരന്തത്തിന് സാക്ഷിയാകുന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ ഇത്രയും വലിയൊരു ആഘാതം ഈ പ്രദേശത്തിന് ഏല്‍ക്കേണ്ടി വന്നിട്ടില്ല എന്നാണ് പഴമക്കാരുടെ ഓര്‍മ.
പൊന്നാനി സ്വദേശികളുടെ ദുല്‍ദുല്‍, ബര്‍കതി, ബഹറുസലാമതി, കമറുനൂര്‍ തുടങ്ങിയ ഒമ്പതു പത്തേമാരികള്‍ ചരക്കുകള്‍ കയറ്റാന്‍ കോഴിക്കോട് തുറമുഖത്തെത്തി. അവിടെനിന്ന് വിജയമാലയടക്കമുള്ള പത്തേമാരികള്‍ സൈസ് മരങ്ങളും മറ്റു ചരക്കുകളുമായി ബോംബെയ്ക്ക് പുറപ്പെട്ടു. അക്കാലത്ത് ബേപ്പൂര്‍, കോഴിക്കോട്, വളപട്ടണം, മംഗലാപുരം തുടങ്ങിയ തുറമുഖങ്ങളില്‍ നിന്ന് ടാറ്റാ, ബിര്‍ള കമ്പനികളുടെ മെഷിനറികള്‍ക്ക് കവറിംഗ് ബോക്‌സുകള്‍ നിർമിക്കാനും അല്ലാതെയും യഥേഷ്ടം മര ഉരുപ്പടികള്‍ ബോംബെയിലേക്ക് കയറ്റിയിരുന്നു. വളപട്ടണം പ്ലൈവുഡ് വ്യവസായത്തിന്റെ പ്രമുഖ ഹബ്ബായിരുന്നു.
ചരക്കുകളുമായി പിറ്റേന്ന് പുലര്‍ച്ചെ 3 മണിക്ക് തുറമുഖത്തുനിന്ന് ഒരുകൂട്ടം പത്തേമാരികള്‍ പുറപ്പെട്ടു. വൃശ്ചികപ്പുലരിയിലായിരുന്നു യാത്ര. വൃശ്ചികമാസത്തില്‍ ഒരു പ്രദേശത്ത് പ്രകൃതിക്ഷോഭവും കടല്‍ദുരന്തവുമുണ്ടായാല്‍ മറ്റൊരു പ്രദേശത്ത് ഉണ്ടാകണമെന്നില്ല. പത്തേമാരികള്‍ തമ്മില്‍ പലപ്പോഴും ആശയവിനിമയം നടത്തുന്ന സമയത്ത് ഞങ്ങള്‍ ഇന്ന പ്രദേശത്തുവെച്ച് പ്രകൃതിക്ഷോഭത്തില്‍ അകപ്പെട്ടു എന്ന് പറയുമ്പോള്‍ ഞങ്ങള്‍ക്കതേറ്റില്ല എന്നാണ് മറുവിഭാഗം പറയാറ്. ആയതിനാല്‍ ഈ ദുരന്തത്തിന് വൃശ്ചികക്കള്ളൻ എന്നാണ് കടല്‍തൊഴിലാളികള്‍ നല്‍കിയിരിക്കുന്ന പേര്. പുറപ്പെട്ട പത്തേമാരികള്‍ ഉള്‍ക്കടലിലെത്തി.കനത്ത കാറ്റും കോളും ഇടിയും മഴയും അന്തരീക്ഷമാകെ ഭീതി വിതച്ചു. നട്ടുച്ചനേരത്തുപോലും ആകാശം കറുത്തിരുണ്ടിരുന്നു. ചെവികള്‍ കൊട്ടിയടക്കുന്ന ശബ്ദത്തോടെ തിരമാലകള്‍ അടിച്ചുവീശി. കൊടുങ്കാറ്റിന്റെ ശക്തിയിലും തിരമാലയുടെ ഇരമ്പലിലും പത്തേമാരികള്‍ ആടിയുലഞ്ഞു. പല പത്തേമാരികളും തിരയടിയുടെ ശക്തിയാല്‍ മറിഞ്ഞ് കടലില്‍ മുങ്ങുന്നതുവരെയെത്തി. കടലിന്റെ ഒഴുക്കിന് രൂക്ഷമായ വ്യതിയാനങ്ങള്‍ സംഭവിച്ചു. സ്രാങ്കന്മാരും തൊഴിലാളികളും എന്തുചെയ്യണമെന്നറിയാതെ പരസ്പരം പകച്ചുനിന്നു. മരണം മുന്നില്‍ കണ്ട നിമിഷങ്ങള്‍. പത്തേമാരികളിൽ നിന്ന് കൂട്ട വാങ്കുവിളികളുയർന്നു. മനഃപാഠമുള്ള സൂറത്തുകളും അദ്കാറുകളും ശഹാദത്ത് കലിമയും ഉറക്കെ ചൊല്ലാന്‍ തുടങ്ങി. ഇത്തരം സന്ദര്‍ഭങ്ങളില്‍ വാക്കിലോ പ്രവൃത്തിയിലോ അരുതായ്മകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ പരസ്പരം പൊരുത്തപ്പെടീക്കുന്ന പതിവുണ്ട്.
കോഴിക്കോട് നിന്ന് പുറപ്പെട്ട പത്തേമാരികളില്‍ ചിലത് വെള്ളിയാംകല്ല് കടലതിര്‍ത്തി വിട്ടപ്പോഴാണ് ശക്തമായ ഏഴാം നമ്പര്‍ കൊടുങ്കാറ്റിന് സമാനമായ തൂഫാന്‍ രൂപപ്പെടുന്നത്. അപകടം മുന്‍കൂട്ടി തിരിച്ചറിഞ്ഞ പല പത്തേമാരികളും സുരക്ഷിതമായ തീരങ്ങളിലേക്ക് നീങ്ങി. പല പത്തേമാരികളിലെയും ചരക്കുകള്‍ സുരക്ഷാ തോതനുസരിച്ച് ക്രമാനുഗതമായി കടലിലേക്ക് തള്ളിവിട്ടു.പത്തേമാരികളുടെ ദ്വാരങ്ങളില്‍കൂടി കയറിയിരുന്ന കടല്‍വെള്ളം പെട്ടെന്ന് ഒഴിവാക്കാന്‍ ശക്തമായ എഞ്ചിനുകള്‍ അക്കാലത്ത് വ്യാപകമല്ലായിരുന്നു. പല പത്തേമാരികളിലും ഇതിനുള്ള സംവിധാനവും ഇല്ലായിരുന്നു. വഞ്ചിയില്‍ മൂന്നു തൊഴിലാളികള്‍ നിന്ന് ക്രമപ്രകാരം ടിന്നുകള്‍കൊണ്ട് കോരിയൊഴിക്കുകയായിരുന്നു പതിവ്.
വിജയമാലയും ദുല്‍ദുലും ഉള്‍പ്പെടെ 6 പത്തേമാരികളും 64 തൊഴിലാളികളും (അവരിൽ മിക്കവരും പൊന്നാനിക്കാരായിരുന്നു) ഒന്നരമാസം കഴിഞ്ഞിട്ടും ലക്ഷ്യസ്ഥാനത്ത് എത്തിയ വിവരം ലഭിച്ചില്ല. അഴീക്കല്‍ തീരമാകെ ആശങ്കയിലായി. തങ്ങളുടെ അന്നദാതാക്കള്‍ക്കു വേണ്ടി കുടുംബങ്ങളിലും മാമുമുസ്‌ലിയാര്‍ പള്ളിയിലും കടപ്പുറത്തെ (അന്‍സാര്‍) പള്ളിയിലും മുക്കാടി (ബിലാല്‍) പള്ളിയിലും മറ്റു പള്ളികളിലും വലിയജാറത്തിലും ദര്‍സുകളിലും തീർഥാടനകേന്ദ്രങ്ങളിലും മനമുരുകി പ്രാര്‍ഥനകള്‍ നടന്നു. ഏറെ ദുരിതങ്ങള്‍ക്കൊടുവില്‍ ദുല്‍ദുലും വിജയമാലയും ഒഴിച്ച് മറ്റു പത്തേമാരികളും തൊഴിലാളികളും ഒരുവിധം മുംബൈയില്‍ എത്തിച്ചേര്‍ന്നതായി വിവരം ലഭിച്ചു.
വിജയമാലയുടെയും ദുല്‍ദുലിന്റെയും മാത്രം ഒരു വിവരവുമില്ല. ബന്ധപ്പെട്ടവര്‍ അതീവദുഃഖത്തില്‍ ആഴ്ന്നിരിക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി കാഞ്ഞങ്ങാട് നിന്ന് പൊന്നാനിയിലേക്ക് ഒരു ഫോണ്‍കോള്‍. കാഞ്ഞങ്ങാട് കടല്‍ത്തീരത്ത് ഒരു പത്തേമാരിയുടെ കുമ്പും പരിമാനും കപ്പികളും അടിഞ്ഞിരിക്കുന്നു എന്ന വിവരമായിരുന്നു ഫോണിൽ വിളിച്ചറിയിച്ചത്. വിജയമാലയെ കുറിച്ച് നന്നായി അറിയാവുന്ന മുമ്പത്തെ സ്രാങ്കായിരുന്ന ബീരാന്‍കുട്ടിക്കാന്റെ കുഞ്ഞന്‍ബാവയടക്കം കാഞ്ഞങ്ങാട്ടേക്ക് പുറപ്പെട്ടു. വിശദമായ പരിശോധനക്കൊടുവില്‍ അവിടെ കരക്കടിഞ്ഞ അവശിഷ്ടങ്ങള്‍ വിജയമാലയുടേതാണെന്നു കുഞ്ഞന്‍ബാവ സാക്ഷ്യപ്പെടുത്തി.
ദുരൂഹതയുടെ കടലാഴം
പല പത്തേമാരികളുടെയും ഉടമയായിരുന്ന കുറിയമാടത്ത് കുഞ്ഞിമുഹമ്മദ് 1959ല്‍ മരിച്ചു. തുടര്‍ന്ന് മകള്‍ പാത്തുമ്മ ഉമ്മാക്ക് അവകാശമായി ലഭിച്ചതാണ് ഏകദേശം 250 ടണ്‍ ചരക്കുകള്‍ കയറ്റാവുന്ന ദുല്‍ദുല്‍ പത്തേമാരി. പൊന്നാനിയിലെ വലിയ പത്തേമാരികളില്‍ ഒന്നാണ് ഇത്. പാത്തുമ്മ ഉമ്മയുടെ ഭര്‍ത്താവായ കുറിയമാടത്ത് അബ്ദുല്ല സ്രാങ്കായിരുന്നു ദുൽദുൽ പത്തേമാരിയുടെ കൈകാര്യകർത്താവ്.
വിജയമാല പുറപ്പെടുന്നതിന് തലേദിവസം തന്നെ കോഴിക്കോടുനിന്ന് ചരക്കുകള്‍ കയറ്റി ദുല്‍ദുല്‍ പുറപ്പെട്ടിരുന്നു. പൊന്നാനിയിൽ നിന്ന് യാത്ര പുറപ്പെടുമ്പോൾ അബ്ദുല്ല സ്രാങ്ക് പത്തേമാരിയിൽ ഉണ്ടായിരുന്നു. പക്ഷേ കോഴിക്കോട്ട് നിന്ന് ചരക്ക് കയറ്റി യാത്ര പുറപ്പെടാൻ ഒരുങ്ങവേയാണ് തന്റെ തന്നെ മറ്റൊരു പത്തേമാരി ബദർ ദേവുക്കാടുവെച്ച് തകരാറിലായ വിവരം അബ്ദുല്ല അറിയുന്നത്. അതോടെ അദ്ദേഹം സഹോദരീഭര്‍ത്താവായ തറീക്കാനത്ത് കുഞ്ഞിമുഹമ്മദിനെ താല്‍ക്കാലിക സ്രാങ്കാക്കി യാത്ര പുറപ്പെടാൻ ശട്ടം കെട്ടി. താൻ മലപ്പയില്‍ വെച്ച് കയറിക്കൊള്ളാമെന്നായിരുന്നു അദ്ദേഹം സഹോദരീഭർത്താവിനോട് പറഞ്ഞിരുന്നത്. പക്ഷേ ദുൽദുൽ പത്തേമാരി കാണുന്നില്ല എന്ന വാർത്തയാണ് പിന്നീട് അദ്ദേഹം കേൾക്കുന്നത്. അതേത്തുടർന്ന് അദ്ദേഹവും സഹോദരന്‍ കുറിയമാടത്ത് കുഞ്ഞിബാവയും ബോംബെ വരെ വിവിധ തുറമുഖങ്ങളില്‍ സഞ്ചരിച്ച് സമഗ്രമായൊരു അന്വേഷണം നടത്തി. ദുല്‍ദുലിന്റെയും ജോലിക്കാരുടെയും വിവരങ്ങളൊന്നും ലഭിച്ചില്ല. അതിശക്തമായ പ്രകൃതിക്ഷോഭത്തില്‍ അകപ്പെട്ട് പത്തേമാരി തകര്‍ന്നതായി സ്ഥിരീകരിക്കുന്നത് അങ്ങനെയാണ്.
അത്തമാനകത്ത് കാദര്‍കുട്ടി സ്രാങ്കും ഗലാസികളായ പുത്തംപുരയില്‍ കുഞ്ഞിമൊയ്തീന്‍, ഹാജിയാരകത്ത് ബാവക്കുട്ടി, ഹംസ എന്നിവരുള്‍പ്പെടെ വിജയമാലയിലെ 12 തൊഴിലാളികളും സ്രാങ്ക് തറീക്കാനകത്ത് കുഞ്ഞിമുഹമ്മദ്, ഗലാസികളായ ആലിയമാക്കാനകത്ത് ഹുസൈന്‍, കോലാജിയാരകത്ത് അസൈനാര്‍, കുട്ടൂസാക്കാനകത്ത് അബ്ദുല്‍ കാദര്‍, മുഹമ്മദ്, ബാവക്കുട്ടി അഴീക്കല്‍, കിരീറ്റിന്റെ മുഹമ്മദ്, ഈസ്ഫാക്കാനകത്ത് മൊയ്തീന്‍കുട്ടി, കാദര്‍, ഹംസ ഉള്‍പ്പെടെ ദുൽദുലിലെ 11 പേരുമടക്കം മൊത്തം 23 പേരെയാണ് കടലെടുത്തത്.
ബട്ക്കലില്‍വെച്ച് ദുല്‍ദുലിനെ കണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായും തന്മൂലം ബട്ക്കലിന് അപ്പുറം വെച്ചായിരിക്കാം പത്തേമാരിയുടെ തകര്‍ച്ച എന്നും കോലാജിയാരകത്ത് മൊയ്തീൻകുട്ടി പറയുന്നു. പൊന്നാനി ലൈറ്റ് ഹൗസിന് വടക്ക് കുടുംബത്തിന് ഒരു ചെറ്റപ്പുര തട്ടിക്കൂട്ടി ഭാര്യയെയും മൂന്ന് പെണ്‍മക്കളെയും കേവലം 6 വയസ്സായ മൊയ്തീന്‍കുട്ടിയെയും ആ പുരയില്‍ തനിച്ചാക്കിയായിരുന്നു ദുല്‍ദുലിലെ ഗലാസിയായ അസൈനാരുടെ മരണത്തിലേക്കുള്ള യാത്ര.
ബട്ക്കല്‍ സ്വദേശി കാജാ ഇബ്രാഹിമിന്റെ പത്തേമാരിയായ കാജാ മുഹ്‌യുദ്ദീനില്‍ അദ്ദേഹത്തിന്റെ രണ്ടു മക്കളും തൊഴിലാളികളും ബോംബെയ്ക്ക് പുറപ്പെട്ടത് ഈ സീസണിലാണ്. സ്വന്തം മക്കളെയും മുഴുവന്‍ യാത്രക്കാരെയും പത്തേമാരിയെയും കടലെടുത്ത് തകര്‍ന്നതിനെ തുടര്‍ന്ന് കാജാ ഇബ്രാഹീം മാസങ്ങളോളം മാനസികരോഗിയായിത്തീര്‍ന്നു.പിന്നീട് അന്നത്തെ കർണാടക ഭരണകൂടം സമാശ്വാസമായി അദ്ദേഹത്തിന് പലിശ ഒഴിവാക്കി പത്തേമാരി നിർമിക്കാന്‍ വായ്പ അനുവദിച്ചു. പുനര്‍നിർമാണം നടത്തിയ പത്തേമാരിക്ക് കാജാ മുഹ്‌യുദ്ദീന്‍ എന്ന പേര് നല്‍കി. അതുകൊണ്ടാണ് പിന്നീടദ്ദേഹം ഉപജീവനം നടത്തിയത്. ഈ സീസണില്‍ മലബാര്‍ മുതല്‍ ബോംബെ വരെയും കച്ച് തീരപ്രദേശങ്ങളിലും നിരവധി പത്തേമാരികള്‍ തകര്‍ന്ന് വലിയ തോതില്‍ ജീവനാശവും സാമ്പത്തിക നഷ്ടവും സംഭവിച്ചിരുന്നു.
അന്തരീക്ഷം ശാന്തമായതോടെ ബോംബെയിലേക്കുള്ള സഞ്ചാരത്തിനിടയില്‍ പത്തേമാരികള്‍ മുങ്ങിത്താഴുന്നതും പൊളിഞ്ഞ പത്തേമാരികളുടെ അവശിഷ്ടങ്ങളും മരസൈസുകളും ചേര്‍ത്തുപിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഹതഭാഗ്യരെയും ഒഴുകുന്ന മൃതദേഹങ്ങളെയും തനിക്കും ബഹറുന്നജാത്തിന്റെ സ്രാങ്ക് കെ കെ കാദറിനും കാണാന്‍ ഇടയായെന്ന് ബോട്ട് അസൈനാര്‍ പത്തേമാരിയിലെ ഗലാസിയായ സി സിദ്ദിഖ് (76 വയസ്സ്) പറഞ്ഞു. ജീവിതത്തിനും മരണത്തിനുമിടയില്‍ നടുക്കടലില്‍ ദിവസങ്ങളോളം ഭക്ഷണവും വെള്ളവുമില്ലാതെ പത്തേമാരികളില്‍ കഴിച്ചുകൂട്ടിയത് അദ്ദേഹം ഓര്‍ക്കുന്നു. പൊന്നാനിക്കാരായ ജീവിച്ചിരിക്കുന്ന ഉസ്മാനും അബുവും വല്ല്യാവയും ദുരന്തങ്ങളുടെ നേര്‍സാക്ഷികളാണ്.
വിജയമാലയുടെ ഉടമസ്ഥന്‍ രാംദാസ് സേട്ടുവും ദുല്‍ദുലിന്റെ ഉടമസ്ഥന്‍ അബ്ദുല്ലയും അക്കാലത്തെ മോശമല്ലാത്ത ഒരു സംഖ്യ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസധനമായി നല്‍കി. ദുല്‍ദുലില്‍ താല്‍ക്കാലിക സ്രാങ്കായി മരണപ്പെട്ട കുഞ്ഞിമുഹമ്മദിന്റെ കുടുംബത്തിന്റെ മുഴുവന്‍ സംരക്ഷണവും വര്‍ഷങ്ങളോളം അബ്ദുല്ലയാണ് നിർവഹിച്ചത്.
ഇ കെ അബൂബക്കര്‍ 1979ന്റെ അവസാനത്തില്‍ പൊന്നാനി നഗരസഭയുടെ പ്രഥമ ചെയര്‍മാനായതിനെ തുടര്‍ന്ന് ഭാര്യാസഹോദരനും പത്തേമാരി തൊഴിലാളിയുമായ സുലൈമാന്‍ ഒരു വാച്ച് സമ്മാനിച്ചു. തുടര്‍ന്ന് സുലൈമാന്‍ സ്രാങ്കായ കർണാടകയിലെ പ്രമുഖ പത്തേമാരി വ്യവസായിയുടെ സലീം പത്തേമാരിയും ദസ്തകീര്‍ സലീം(മണി) അടക്കം 8 തൊഴിലാളികളും ചരക്കുമായി ബോംബെയ്ക്ക് പുറപ്പെട്ടു. ഈ പത്തേമാരി നാലുപായകള്‍ നിവര്‍ത്തി അനുകൂലമായ കാലാവസ്ഥയില്‍ വടക്കോട്ട് സഞ്ചരിക്കുന്നതായി കർണാടകയിലെ പനമ്പൂര്‍ തുറമുഖത്തുവെച്ച് കണ്ടിരുന്നുവെന്ന് അന്ന് ഗള്‍ഫ് പത്തേമാരിയായ ഫരീദയിലെ ഗലാസിയായിരുന്ന കുറിയമൊയ്തീനിക്കാനകത്ത് സിദ്ദിഖ് പറയുന്നു.
ഇതിന് തൊട്ടുമുമ്പത്തെ വര്‍ഷം പൊന്നാനി സ്വദേശി കോലാജ്യാരകത്ത് മുഹമ്മദ് സ്രാങ്കും മൊയ്തീന്‍കുട്ടിയടക്കം എട്ടു തൊഴിലാളികളുമടങ്ങിയ ഗുജറാത്ത് സ്വദേശി കാന്തിലാല്‍ സേട്ടുവിന്റെ മമത പത്തേമാരി ചരക്കുമായി പുറപ്പെട്ടിരുന്നു. ഈ രണ്ട് പത്തേമാരികളുടെയും തൊഴിലാളികളുടെയും യാതൊരു വിവരവും ഇന്നേവരെ ലഭിച്ചിട്ടില്ല. സുലൈമാന്റെ വിയോഗത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സംരക്ഷണചുമതല പിന്നീട് ഏറ്റെടുത്തത് ഇ കെ അബൂബക്കറാണ്. അത്യാഹിതങ്ങളെത്തുടർന്നു കൂട്ടമരണം സംഭവിക്കുന്ന അവസരങ്ങളിലെല്ലാം അഴീക്കല്‍ പ്രദേശത്ത് അരങ്ങേറുന്ന ദയനീയ രംഗങ്ങള്‍ സകലരുടെയും കരളലിയിപ്പിച്ചിരുന്നു.
ഇന്നത്തെപ്പോലെ കോസ്റ്റ് ഗാർഡും മറ്റു സംവിധാനങ്ങളും നാമമാത്രമായിരുന്ന അക്കാലത്ത് പത്തേമാരികളും ആള്‍നഷ്ടവും സംഭവിച്ചാല്‍ തെളിവുകളൊന്നും ലഭിക്കാത്തതിനാല്‍ അപകടമല്ലാത്ത മറ്റു സാധ്യതകളെക്കുറിച്ച് ആദ്യഘട്ടത്തില്‍ സംശയമുയര്‍ന്നിരുന്നു. ശക്തമായ കൊടങ്കാറ്റിലകപ്പെട്ടതിനാല്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിവിട്ട് മറ്റേതെങ്കിലും രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിയിലേക്ക് പ്രവേശിക്കുകയും അവിടെ കസ്റ്റഡിയിലാവുകയും ചെയ്യാന്‍ സാധ്യതയുണ്ടെന്നും അതല്ല ആളൊഴിഞ്ഞ കരയിലോ ദ്വീപുകളിലോ അകപ്പെട്ട് പട്ടിണിമൂലമോ മറ്റോ മരിച്ചിരിക്കാമെന്നും ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നു. തൊഴിലാളികളെല്ലാവരും മുങ്ങിമരിച്ചോ? അതോ ദിശതെറ്റി മറ്റേതെങ്കിലും നാട്ടിലെത്തിയോ? അവരിലാരെങ്കിലും ജീവനോടെ കരക്കണഞ്ഞോ? ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ? എന്നീ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഇപ്പോഴും ഉത്തരമില്ല.
1979 ജൂണ്‍ 30ന് കേരള കപ്പല്‍ കോർപറേഷന്റെ എന്‍വി കൈരളി എന്ന കപ്പല്‍ കിഴക്കന്‍ ജർമനിയിലെ റോസ് സ്റ്റോക്കിലേക്ക് 20583 ടണ്‍ ഇരുമ്പയിരുമായി ആഫ്രിക്കയിലെ ജിബൂത്തി തുറമുഖം വഴി പുറപ്പെട്ടതാണ്. ഇരുമ്പയിര് കയറ്റിയതിൽ പിന്നെ ക്യാപ്റ്റന്‍ അടക്കം 49 തൊഴിലാളികളെയും കപ്പലിനെയും 40 വര്‍ഷം കഴിഞ്ഞിട്ടും കണ്ടെത്തിയില്ല. 2021 മെയ് മാസത്തിലെ ടൗട്ടെ ചുഴലിക്കാറ്റ് സീസണില്‍ ബേപ്പൂരില്‍ നിന്ന് 16 തൊഴിലാളികളുമായി പുറപ്പെട്ട ഫിഷിംഗ് ബോട്ട് കാണാതായിട്ട് രണ്ടുമാസം കഴിഞ്ഞു. ആധുനിക സംവിധാനങ്ങളുള്ള ഇക്കാലത്തായിരുന്നിട്ടും ഇന്നുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. 55 വര്‍ഷം ആകാറായിട്ടും വിജയമാലയുടെയും ദുല്‍ദുലിന്റെയും 40 കഴിഞ്ഞിട്ടും മമത, സലീം പത്തേമാരികളുടെയും വിവരങ്ങള്‍ ദുരൂഹമായിത്തന്നെ തുടരുന്നു. പൗരാണിക കാലംമുതല്‍ കടല്‍ സഞ്ചാരത്തിനിടയില്‍ ഇതുപോലുള്ള പല നിഗൂഢതകളും രേഖപ്പെടുത്തിയിട്ടുണ്ട്.
(തുടരും)
ടിവി അബ്ദുറഹിമാന്‍കുട്ടി
You must be logged in to post a comment Login