മുസ്ലിംകൾക്ക് വിശ്വാസമാണ് പ്രധാനം

മുസ്ലിംകൾക്ക് വിശ്വാസമാണ് പ്രധാനം

വ്യക്തിയുടെ സാംസ്‌കാരിക സ്വത്വത്തെ രൂപപ്പെടുത്തുന്നതും പരിപോഷിപ്പിക്കുന്നതുമാവണം വിദ്യാഭ്യാസം. അതിനായി വ്യക്തിയുടെയും വ്യക്തി ഉള്‍കൊള്ളുന്ന സമൂഹത്തിന്റെയും സാംസ്‌കാരിക സാഹചര്യങ്ങളെ പരിഗണിക്കണം. എങ്കിലേ സമൂഹവും അവയോട് ക്രിയാത്മകമായി പ്രതികരിക്കുകയുള്ളൂ. ഈ വസ്തുതയെ മുന്‍നിറുത്തി മലബാറിന്റെ സാംസ്‌കാരിക സാഹചര്യത്തെ പഠന വിധേയമാക്കുമ്പോള്‍ മനസ്സിലാവുന്നത്, കൊളോണിയല്‍/പാശ്ചാത്യ വിദ്യാഭ്യാസ രീതി മലബാറിലെ മുസ്‌ലിം സ്ത്രീയുടെ സാംസ്‌കാരിക സ്വത്വത്തിനും ജീവിതത്തിനും അനുഗുണമായിരുന്നില്ല, മറിച്ച് അവ സ്വത്വ പ്രതിസന്ധിയിലേക്കും സാംസ്‌കാരിക പാരമ്പര്യ അപചയത്തിലേക്കും നയിക്കുന്നതായിരുന്നു എന്നാണ്.
“ഇംഗ്ലീഷ് ഭാഷ പഠിക്കുന്നത് ഹറാമാണ് എന്ന ഫത്‌വ സുന്നികളുടേതായിരുന്നല്ലോ?’ ഇവ്വിഷയകമായി പ്രധാനമായും ഉന്നയിക്കുന്ന വിമര്‍ശനമാണിത്. സുന്നികളും ഇംഗ്ലീഷ് ഭാഷയും വിരുദ്ധ ധ്രുവങ്ങളിലായിരുന്നോ എന്ന് അന്വേഷിക്കുമ്പോള്‍, സമസ്തയുടെ ഭരണഘടനയിലെ പലഭാഗങ്ങളും എഴുതിയത് ഇംഗ്ലീഷില്‍ ആണ് എന്ന് ബോധ്യപ്പെടും. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ഇംഗ്ലീഷ് അറിയുന്ന സുന്നികള്‍ ഉണ്ടായിരുന്നു താനും. എങ്കില്‍ ഇംഗ്ലീഷ് ഭാഷ പഠിക്കുന്നത് ഹറാമാണ്, പെണ്‍കുട്ടികള്‍ എഴുത്ത് പഠിക്കുന്നത് കറാഹത്താണ് എന്നൊക്കെ പണ്ഡിതന്മാര്‍ അഭിപ്രായപ്പെടാനുള്ള കാരണമെന്തായിരിക്കും? അതിന്റെ ഉത്തരം തേടുമ്പോള്‍ അന്നത്തെ സാഹചര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്.
മുസ്‌ലിംകള്‍ക്ക് അവരുടെ വിശ്വാസമാണ് പ്രധാനം, ആ വിശ്വാസത്തിനു വിഘാതം വരുത്തുന്ന ഏതു സാഹചര്യത്തില്‍ നിന്നും മാറി നില്‍ക്കണം എന്നതാണ് അവരുടെ നിലപാട്. ആധുനിക വിദ്യാഭ്യാസത്തോട് തുടക്കത്തില്‍ മുസ്‌ലിംകള്‍ക്ക് പൊതുവില്‍ ഉണ്ടായിരുന്ന താല്‍പര്യമില്ലായ്മയുടെ കാരണവും ഇതായിരുന്നു, അതു മനസ്സിലാക്കി അവര്‍ക്കിടയില്‍ അനുകൂല സാഹചര്യം ഉണ്ടാക്കാന്‍ ആരും ശ്രമിച്ചില്ല. പകരം വിശ്വാസത്തെയും വിദ്യാഭ്യാസത്തെയും പരസ്പരം എതിര്‍ദിശയില്‍ നിര്‍ത്തുന്ന തരത്തിലുള്ള പ്രചാരണമാണ് നടന്നത്.’
ആരോപണം, മുസ്‌ലിംകള്‍ സ്‌കൂളില്‍ പോകുന്നില്ല എന്നായിരുന്നു. ഇവിടെ സ്‌കൂളുകള്‍ വന്നത് എപ്പോഴാണ്? എവിടെയൊക്കെയാണ് സകൂളുകള്‍ ഉണ്ടായിരുന്നത്? മറ്റുമതസ്ഥര്‍ക്കിടയിലെ വിദ്യാഭ്യാസ നിലവാരം എന്തായിരുന്നു? എന്ന കാര്യങ്ങളൊന്നും പറയാതെയാണ് മുസ്‌ലിംകളെ മാത്രം ഒറ്റതിരിച്ചുള്ള കണക്കുകളും അഭിപ്രായങ്ങളും മുന്നോട്ടു വെക്കുന്നത്. ഇന്ന് തലമറക്കാന്‍ അനുവദിക്കാത്തത് കൊണ്ട് മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് പല ഉന്നത പരീക്ഷകളും എഴുതാന്‍ കഴിയാത്ത സാഹചര്യത്തെ കുറിച്ച് പരാതികളും വാര്‍ത്തകളുമൊക്കെ കാണാറുണ്ടല്ലോ. ഒരു മുസ്‌ലിം പെണ്‍കുട്ടിയോട് പരീക്ഷ എഴുതണോ, തല മറക്കണോ എന്നു ചോദിച്ചാല്‍ അവള്‍ എന്തു മറുപടി നല്‍കും? തലമറക്കാന്‍ അനുവദിക്കാത്തതു കാരണം പരീക്ഷ എഴുതാതെ തിരിച്ചു പോരേണ്ടി വന്ന പെണ്‍കുട്ടികളുടെ അതേ നിലപാട് തന്നെയാണ് അക്കാലത്തെ പെണ്‍കുട്ടികള്‍ക്കുമുളളത്.
വിവിധ ജനവിഭാഗങ്ങളെ അവരുടെ ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ചു വിദ്യാഭ്യാസം നല്‍കാനുള്ള സംവിധാനങ്ങള്‍ ഇന്നുണ്ട്. അതൊക്കെ പത്രങ്ങളില്‍ വലിയ സന്തോഷകരമായ വാര്‍ത്തകളായി വരികയും ചെയ്യും. എന്നാല്‍ മുസ്‌ലിംകള്‍ അവരുടെ ജീവിത വിശ്വാസ സാഹചര്യം അനുസരിച്ചു പഠനം നടത്തിയാലോ. അപ്പോഴേക്കും കാര്യങ്ങള്‍ തലതിരിയും. മതപഠനത്തിന്റെ പേരില്‍ കുട്ടികളെ പീഡിപ്പിക്കുന്നു എന്ന വിധത്തിലായിരിക്കും വാര്‍ത്തകള്‍.
“പെണ്‍കുട്ടികളെ ആധുനിക വിദ്യാഭ്യാസത്തില്‍ നിന്നും തടയുന്ന സാഹചര്യങ്ങള്‍ക്കു പരിഹാരം കണ്ടെത്തി എന്നതാണ് ഞങ്ങള്‍ കൊണ്ട് വന്ന മാറ്റം.’ കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാരുമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജേര്‍ണലിസം ആന്‍ഡ് മാസ്സ് കമ്മ്യൂണിക്കേഷന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ നുഐമാന്‍ 2018ൽ നടത്തിയ അഭിമുഖ ശകലമാണ് മുകളില്‍. മലബാറിന്റെ മനസ്സ് തൊട്ട മലബാറുകാരനായ ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകന്റെ/വിചക്ഷന്റെ മലബാറിനെ കുറിച്ചുള്ള/ മലബാറിലെ സാമൂഹ്യ സാംസ്‌കാരിക സാഹചര്യങ്ങളെ വിലയിരുത്തുന്ന വിവരണത്തില്‍ മലബാറിലെ മുസ്‌ലിം സ്ത്രീകള്‍ വിദ്യാഭ്യാസ രംഗത്ത് നേരിടുന്ന വെല്ലുവിളികളും അതിനുള്ള പരിഹാരങ്ങളും അനുഭവത്തിന്റെയും മലബാര്‍ പശ്ചാതലങ്ങളുടെയും വെളിച്ചത്തില്‍ വായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മലബാറിലെ/കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസ സാമൂഹ്യ പങ്കാളിത്തം ചര്‍ച്ചയാകുമ്പോഴെല്ലാം വിസ്മരിക്കപ്പെടുന്ന വസ്തുതകളാണ് കേരളത്തിലെ മുസ്‌ലിം സ്ത്രീയനുഭവവും മലബാറിന്റെ സാമൂഹ്യ സാംസ്‌കാരിക പശ്ചാതലവും. ഈ രണ്ടു പ്രധാന ആശയങ്ങളാണ് കാന്തപുരം മുന്നോട്ടു വെച്ചിട്ടുള്ളത്. മലബാറിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മുസ്‌ലിം ജനവിഭാഗം പ്രഥമ പരിഗണന നല്‍കുന്നത് വിശ്വാസം, വിശുദ്ധി, പൈതൃകം, പാരമ്പര്യം എന്നീ ഘടകങ്ങള്‍ക്കാണ്. ജീവിതവുമായി ബന്ധപ്പെടുന്ന സകല വിഷയങ്ങളിലും ഈ ഘടകങ്ങള്‍ക്കനുസരിച്ചാണ് നിലപാടുകള്‍ അവര്‍ രൂപപ്പെടുത്താറുള്ളത്. മുസ്‌ലിംകളുടെ അനക്കത്തിലും അടക്കത്തിലും ഈ നിലപാട് കാണാവുന്നതാണ്. വിദ്യാഭ്യാസ വിഷയങ്ങളിലും മുസ്‌ലിം സ്ത്രീ ഇതേ നിലപാടു തന്നെയാണ് സ്വീകരിക്കുക. വിശ്വാസത്തിനു വിഘാതം വരുത്തുന്ന രീതിയിലാണ് വിദ്യാഭ്യാസരീതി എങ്കില്‍ അവര്‍ സ്വമേധയാ വിട്ടു നില്‍ക്കും. മുസ്‌ലിം സ്ത്രീയുടെ പരമമായ ലക്ഷ്യം സൂക്ഷ്മത, ലജ്ജ എന്നിവയിലധിഷ്ഠിതമാണ്. കുറച്ചു മുമ്പ് വരെ കുടയും മറച്ചു പിടിച്ചു കൊണ്ട് പൊതുനിരത്തിലൂടെ പോകുന്ന സ്ത്രീകളെ നമുക്ക് മലബാറില്‍ കാണാമായിരുന്നു. അവര്‍ കാത്തു സൂക്ഷിക്കുന്ന സൂക്ഷ്മതയുടെയും(ദൈവ കല്പനകളെ അനുസരിക്കാനും വിരോധനകളെ വെടിയാനുമുള്ള അന്ത: ചോദന) ലജ്ജയുടെയും ആഴം മനസ്സിലാക്കാന്‍ ഉപകരിക്കും. ചില ഹദീസുകളില്‍ കാണാം. ‘ലജ്ജ വിശ്വാസത്തിന്റെ ഭാഗമാണ്’. ലജ്ജ മൂലം നന്മ സംഭ വിക്കുന്നു’. ‘ലജ്ജ തോന്നുന്നില്ലെങ്കില്‍ തോന്നുന്നത് പോലെ പ്രവര്‍ത്തിക്കാം’.
Politics of Piety: The Islamic Revival and the Feminist Subject എന്ന പഠനത്തില്‍ സബ മഹ്മൂദ് പാരമ്പര്യ മുസ്‌ലിം സ്ത്രീകളെ കുറിച്ച് വിവരിക്കുന്നു: “അവര്‍ ആഗ്രഹിക്കുന്നത് ആത്മനിഷ്ഠ പാലിക്കാനും ദൈവത്തോട് അടുക്കാനുമാണ്.’ ഇതില്‍ നിന്നെല്ലാം മനസിലാകുന്നത് മുഖം മറക്കാനും തല മറക്കാനും പാടില്ലാത്ത പരീക്ഷാഹാളുകളെ കുറിച്ച് മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ചിന്തിക്കാന്‍ വയ്യ എന്നതാണ്. മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് അവരുടെ ധാര്‍മികതയെ കാത്തു സൂക്ഷിക്കും വിധം ആധുനിക വിദ്യാഭ്യാസ കാമ്പസുകളില്‍ പഠനം നടത്തുക എന്നത് ഇന്നും ശ്രമകരമാണ്. മുസ്‌ലിം സ്ത്രീയുടെ മൂല്യസങ്കല്‍പ്പങ്ങളെ ഉള്‍കൊള്ളാന്‍ മാത്രം വിശാലതയിലേക്ക്(flexibility) ഇന്നത്തെ വിദ്യഭ്യാസ രീതി വളര്‍ന്നിട്ടില്ല എന്നു ചുരുക്കം. ആധുനിക വിദ്യാഭ്യാസത്തിന്റെ ഒരു പരിമിതിയാണിത്. ഈ പരിമിതിയെ പരിഹരിക്കേണ്ടത് മലബാറിലെ മുസ്‌ലിംകളുടെ സാംസ്‌കാരിക സാമൂഹ്യ സ്വത്വത്തെ ഉള്‍ക്കൊള്ളുന്ന രൂപത്തില്‍ പഠന സാഹചര്യം ഒരുക്കുന്നതിലൂടെയാണ്. നിലവില്‍ മത സംഘടനകളുടെ നേതൃത്വത്തിലുള്ള ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാതൃകയാണ്. ആധുനിക വിദ്യാഭ്യാസത്തോടല്ല മുസ്‌ലിം സ്ത്രീക്കും സമൂഹത്തിനും വിമുഖത. വിശ്വാസത്തിനും വിശുദ്ധിക്കും വിഘാതം വരുത്തുന്ന സാഹചര്യങ്ങളോടാണ്.

അവലംബങ്ങള്‍
*Politics of Piety: The Islamic Revival and the Feminist Subject/ saba mahmood
*മര്‍കസ് സുവനീര്‍ 2018
*ഡോ: നുഐമാന്‍, ഇ എം എ ആരിഫ് ബുഖാരി, ഉമൈര്‍ ബുഖാരി ചെറുമുറ്റം എന്നിവരുമായി നടത്തിയ സംസാരങ്ങള്‍

You must be logged in to post a comment Login