ഖുര്‍ആന്‍ നിര്‍മാണത്തില്‍ ഉമറിന്റെ(റ) പങ്ക്

ഖുര്‍ആന്‍ നിര്‍മാണത്തില്‍ ഉമറിന്റെ(റ) പങ്ക്

ഖുര്‍ആന്‍ വചനങ്ങള്‍ പലപ്പോഴും ഉമറിന്റെ(റ) വീക്ഷണങ്ങളോട് യോജിച്ചിരുന്നു. നിരവധി നിവേദനങ്ങള്‍ ഇത് സാക്ഷ്യപ്പെടുത്തുന്നു. ഉമര്‍(റ) നബിയോട്(സ്വ) അഭിപ്രായപ്രകടനം നടത്തുന്നു; ഉടനെ അത് ഖുര്‍ആന്‍ വചനങ്ങളായി രൂപാന്തരപ്പെടുന്നു. മുഹമ്മദ് നബിയും(സ്വ) ഉമറും(റ) ഒരുമിച്ച് നിര്‍മിച്ചതാണ് ഖുര്‍ആന്‍ എന്നല്ലേ ഇത് വ്യക്തമാക്കുന്നത്?

ആരോപണമാണ്, പരിശോധിക്കാം. ഇമാം മുസ്‌ലിം(റ) അടക്കം ധാരാളം ഹദീസ് വിചക്ഷണരും ചരിത്രപണ്ഡിതന്മാരും നിവേദനം ചെയ്ത നബി വചനം കാണുക: “പൂര്‍വ സമുദായങ്ങളില്‍ ചില പ്രത്യേക സന്ദേശങ്ങള്‍ ലഭിച്ചിരുന്നവര്‍ (മുഹദ്ദസൂന്‍) ഉണ്ടായിരുന്നു. എന്റെ സമുദായത്തില്‍ അത്തരക്കാര്‍ ഉണ്ടെങ്കില്‍ ഉമറുബ്‌നുല്‍ ഖത്താബ്(റ) അവരില്‍ പെട്ടവനാണ്’. മറ്റൊരു നിവേദനത്തില്‍ ഉമര്‍(റ) പറയുന്നു: “മൂന്നു കാര്യങ്ങളില്‍ ഞാനെന്റെ റബ്ബിനോട് യോജിച്ചു; മഖാമു ഇബ്രാഹീം(അതിനു പിന്നിലെ നിസ്‌കാരം), ഹിജാബ്, ബദ്‌റിലെ തടവുകാര്‍’.
ഈ നിവേദനത്തില്‍ “ഞാനെന്റെ റബ്ബിനോട് യോജിച്ചു’ എന്ന ഉമറിന്റെ(റ) പ്രയോഗം പ്രസക്തമാണ്.

എന്റെ അഭിപ്രായം അല്ലാഹുവിന്റെ ആദിയിലുള്ള അറിവിനോടും തീരുമാനത്തോടും യോജിച്ചു എന്ന ചാരിതാര്‍ഥ്യമാണ് ആ വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. പ്രാബല്യത്തില്‍ വരുന്ന മതനിയമം ആര് അഭിപ്രായപ്പെട്ടതിനോടും യോജിച്ചു വരാം. യോജിച്ചു വരരുതെന്ന ശാഠ്യമില്ല. ഇത് കൃത്യമായി ഉള്‍ക്കൊണ്ടിരുന്നു ഉമര്‍(റ). അതുകൊണ്ടാണ് “എന്റെ റബ്ബ് എന്നോട് യോജിച്ചു’ എന്ന പദപ്രയോഗം നടത്താതെ “ഞാനെന്റെ റബ്ബിനോട് യോജിച്ചു’ എന്നു പറഞ്ഞത്.
ഈ വിശദീകരിച്ചതാണ് വസ്തുത. മുഹമ്മദ് നബിയും(സ്വ) ഉമറും(റ) ചേര്‍ന്ന് നിര്‍മിച്ചതാണ് ഖുര്‍ആന്‍ എന്ന വാദത്തിന്റെ അടിസ്ഥാനമെന്താണ്? മേലുദ്ധരിച്ച ഹദീസുകളാണോ? ഉമറിന്റെ(റ) അഭിപ്രായത്തോട് യോജിച്ചു കൊണ്ട് ഖുര്‍ആന്‍ അവതരിച്ചതിനെ നബിയും(സ്വ) ഉമറും(റ) ചേര്‍ന്ന് നിര്‍മിച്ചതാണ് ഖുര്‍ആന്‍ എന്നു വായിക്കുന്നവര്‍, സ്വഹാബികളും അവിശ്വാസികളുമുള്‍പ്പെടെയുള്ള പലരും ചേര്‍ന്നാണ് ഖുര്‍ആന്‍ നിര്‍മിച്ചതെന്നു കൂടി പറയേണ്ടിവരും.
ഔസ് ബിന്‍ സ്വാമിത്തിന്റെ ഭാര്യ ഖൗല ഒരിക്കല്‍ നബിയെ സമീപിച്ച് പരാതി പറഞ്ഞു: നബിയേ, എന്റെ ഭര്‍ത്താവ് “നീ എന്റെ ഉമ്മയുടെ പുറം പോലെയാണ്'(ളിഹാറിന്റെ വാചകം) എന്ന് എന്നോട് പറഞ്ഞു.
നബി(സ്വ) ഗവേഷണാടിസ്ഥാനത്തില്‍ പറഞ്ഞു: “നീ വിവാഹമോചിതയായി എന്നു മാത്രമാണ് ഞാന്‍ അറിയുന്നത്’.

ഖൗല(റ) തിരിച്ചു ചോദിച്ചു: “അദ്ദേഹം ത്വലാഖ് ഉദ്ദേശിച്ചിട്ടില്ലായിരിക്കാം, അപ്പോഴോ?’
നബി(സ്വ) ആവര്‍ത്തിച്ചു: “നീ വിവാഹമോചിതയായി എന്നു മാത്രമാണ് ഞാന്‍ അറിയുന്നത്’.

ഇതുകേട്ട ഖൗല “എന്റെ പ്രശ്‌നം ഞാന്‍ അല്ലാഹുവിനോട് ബോധിപ്പിക്കും’ എന്നു പറഞ്ഞുകൊണ്ട് മടങ്ങി.

ഉടനെ, “നബിയേ, തന്റെ ഭര്‍ത്താവ് ഔസിന്റെ കാര്യത്തില്‍ അങ്ങയോട് തര്‍ക്കിക്കുകയും അല്ലാഹുവിങ്കല്‍ പരിഭവം പറയുകയും ചെയ്യുന്ന ഖൗലയുടെ വാക്കുകള്‍ അല്ലാഹു ശ്രവിക്കുക തന്നെ ചെയ്തിരിക്കുന്നു’ എന്ന ആശയം വരുന്ന വചനവും തുടര്‍ന്നുള്ള വചനങ്ങളും അവതരിച്ചു. ഖൗലയുടെ(റ) വിവാഹബന്ധം വേർപെട്ടിട്ടില്ലെന്ന് സ്ഥിരീകരിച്ചു. (നബി(സ്വ) തങ്ങളുടെ ഇജ്തിഹാദ് പിഴച്ചു എന്ന് ഇതില്‍ നിന്നും മനസ്സിലാക്കരുത്. ആദ്യമുണ്ടായിരുന്ന വിധി വ്യക്തമാക്കുകയാണ് നബി(സ്വ) ചെയ്തത്. കൂടുതല്‍ വിവരങ്ങള്‍ക്ക് തഫ്‌സീര്‍ റാസി കാണുക).
ഇനി പറയൂ, ഖൗലക്ക്(റ) ഖുര്‍ആന്‍ നിര്‍മാണത്തില്‍ പങ്കുണ്ടോ? അവരും പ്രവാചകരും ചേര്‍ന്നാണോ ഖുര്‍ആന്‍ നിര്‍മിച്ചത്?

മദ്യപാനം നിരോധിക്കപ്പെടുന്നതിനു മുന്നേ ഒരു കൂട്ടം സ്വഹാബികള്‍ പ്രവാചകരെ (സ്വ) സമീപിച്ചു. മദ്യം മൂലം അനുഭവപ്പെടുന്ന പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടി. നല്ലൊരു പരിഹാരം ഉണ്ടാകുമെന്ന പ്രത്യാശ പ്രവാചകരോട് അവര്‍ പ്രകടിപ്പിച്ചു. മദ്യം നിഷിദ്ധമാക്കുന്ന വചനങ്ങള്‍ അവതരിച്ചു. സംഭവം മുന്‍നിര്‍ത്തി അനുചരരുടെ പങ്കാളിത്തത്തോടെ ഖുര്‍ആന്‍ വചനങ്ങള്‍ നിര്‍മിച്ചു എന്നു പറയുന്നത് എത്ര മൗഢ്യമാണ്?

നബിയുടെ(സ്വ) പ്രബോധന ദൗത്യം ആരംഭിക്കുന്നതിനു മുമ്പേ മക്കയ്ക്ക് ഏകദൈവവിശ്വാസത്തിന്റെ ഇബ്രാഹീമീ പാരമ്പര്യമുണ്ട്. ഇസ്മാഈല്‍ നബിയുടെ(അ) അധ്യാപനങ്ങള്‍ പലതും മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമായെങ്കിലും ചിലതെല്ലാം അറബികള്‍ പാരമ്പര്യമായി കൈമാറി വന്നിരുന്നു. ഇസ്‌ലാം പൂര്‍വകാലത്തു തന്നെ നിലനിന്നിരുന്ന അത്തരം ചില കാര്യങ്ങള്‍ ഖുര്‍ആന്‍ അംഗീകരിച്ചിട്ടുണ്ട്.
ഷാഹ് വലിയുല്ലാഹി അദ്ദഹ്്ലവി “ഹുജ്ജത്തുല്ലാഹില്‍ ബാലിഗ’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: “”ഇസ്മാഈലിന്റെ(അ) അധ്യാപനങ്ങളാണ് നബി(സ്വ) പ്രബോധനം ചെയ്തത്. നബി(സ്വ) അതില്‍ വന്ന മാറ്റത്തിരുത്തലുകള്‍ പരിഹരിക്കുകയും വക്രത നീക്കുകയും പൂര്‍വോപരി പ്രകാശിപ്പിക്കുകയും ചെയ്തു.

ഖുര്‍ആന്‍ വ്യക്തമാക്കുന്നു: “നിങ്ങളുടെ പിതാവായ ഇബ്രാഹീം നബിയുടെ മാര്‍ഗമാണിത്'(അല്‍ഹജ്ജ് 78/22). പൂര്‍വ പ്രവാചകന്റെ നിലനിന്നുപോരുന്ന അധ്യാപനങ്ങളും അനുഷ്ഠാന രീതികളും നിലനിര്‍ത്തുമ്പോഴാണ് സുഗമമായ പ്രബോധനം സാധ്യമാവുക. ഇസ്മാഈല്‍ നബിയുടെ സന്താന പരമ്പരയില്‍ പെട്ട അറബികള്‍ അവരുടെ അധ്യാപനങ്ങള്‍ കൃത്യമായി അനുസരിച്ചു പോന്നിരുന്നു. പിന്നീട് അംറ് ബിന്‍ ലുഹയ്യ് എന്ന വ്യക്തിയാണ് അവര്‍ക്കിടയില്‍ ബഹുദൈവാരാധനയെ കൊണ്ടുവന്നത്. ഇസ്മാഈല്‍ നബിയുടെ അധ്യാപനങ്ങള്‍ അദ്ദേഹം മാറ്റിത്തിരുത്തി. സത്യവും അസത്യവും കൂടിക്കലര്‍ന്നു. ബഹുദൈവാരാധനയിലേക്കും അന്ധകാരത്തിലേക്കും അനാചാരത്തിലേക്കും അറേബ്യ കൂപ്പുകുത്തി.

ആ സമയത്താണ് മുഹമ്മദ് നബി(സ്വ) നിയുക്തരാവുന്നത്. അപ്പോള്‍ തുടര്‍ന്നു പോന്നിരുന്ന ഇസ്മാഈല്‍ നബിയുടെ(അ) അധ്യാപനങ്ങള്‍ നബി(സ്വ) അംഗീകരിച്ചു. പിഴച്ച വിശ്വാസങ്ങളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും ഏകദൈവ വിശ്വാസത്തിലേക്ക് വഴിനടത്തി”.

ജാഹിലിയ്യ കാലത്ത് നിലനിന്നിരുന്ന ഇസ്മാഈല്‍ നബിയുടെ ചുരുക്കം ചില അധ്യാപനങ്ങള്‍ ഖുര്‍ആന്‍ അംഗീകരിച്ചു എന്ന് ഇതില്‍ നിന്നു വ്യക്തം. അതുപ്രകാരം, ജാഹിലിയ്യ സമൂഹവും ഖുര്‍ആന്‍ നിര്‍മാണത്തില്‍ പങ്കാളികളാണെന്ന് വിമര്‍ശകര്‍ പറയേണ്ടി വരും.

ചുരുക്കത്തില്‍, ഉമറും(റ) മുഹമ്മദ് നബിയും(സ്വ) ചേര്‍ന്നാണ് ഖുര്‍ആന്‍ നിര്‍മിച്ചത് എന്ന വാദം ബുദ്ധിപരമായി നിലനിൽപില്ലാത്തതാണ്. അറിവില്ലായ്മയും മുന്‍ധാരണയും മാത്രമാണ് പിന്‍ബലം. സാധ്യത പോലുമില്ലാത്ത ഇത്തരം ആരോപണങ്ങളില്‍ മുഴച്ചു നില്‍ക്കുന്നത് വിമര്‍ശകരുടെ ആശയ പാപ്പരത്തവും പരാജയവുമാണ്. ഇത്തരം അബദ്ധജടിലമായ വാദങ്ങള്‍ ഖുര്‍ആന്റെ ദൈവികതയെ കൂടുതല്‍ മനസിലാക്കാനാണ് ഉപകരിക്കുന്നത്. ഖുര്‍ആന്‍ എന്താണെന്ന് അല്ലാഹു തന്നെ പറയട്ടെ: “നിശ്ചയം, ഈ ഖുര്‍ആന്‍ പ്രപഞ്ചനാഥന്‍ അവതരിപ്പിച്ചത് തന്നെയാണ്! അങ്ങയുടെ ഹൃദയത്തില്‍ ജിബ്്രീല്‍ അതുമായി ഇറങ്ങിയിരിക്കുന്നു. സ്ഫുടമായ അറബി ഭാഷയില്‍ താക്കീതു നല്‍കുന്നവരില്‍ താങ്കള്‍ ആയിരിക്കാന്‍ വേണ്ടിയത്രേ അത്!'(ശുഅറാഅ് 192-195).

“നിശ്ചയം, ഈ ഖുര്‍ആന്‍ സമാദരണീയനായ ഒരു ദൂതന്‍ പാരായണം ചെയ്യുന്ന വചനങ്ങളാണ്; ഇതൊരു കവിഭാഷ്യമോ- വളരെ കുറച്ചേ നിങ്ങള്‍ വിശ്വസിക്കുന്നുള്ളൂ- ജോത്സ്യ പ്രവചനമോ-വളരെ അപൂര്‍വമായേ നിങ്ങള്‍ ഗ്രഹിക്കുന്നുള്ളൂ-അല്ല തന്നെ; പ്രപഞ്ച സംരക്ഷകനായ അല്ലാഹുവിങ്കല്‍ നിന്ന് അവതീര്‍ണമാണിത്. ഏതെങ്കിലും വചനങ്ങള്‍ നമ്മുടെ പേരില്‍ നിര്‍മിച്ചു പറഞ്ഞിരുന്നെങ്കില്‍, നബിയെ നാം വലതുകൈ കൊണ്ട് പിടികൂടി ജീവനാഡി ഛേദിച്ചു കളയുമായിരുന്നു; തത്സമയം നിങ്ങളിലൊരാള്‍ക്കും അത് പ്രതിരോധിക്കാനാവില്ല. ഈ ഖുര്‍ആന്‍ ഭക്തജനങ്ങള്‍ക്കുള്ള ഒരുദ്ബോധനം തന്നെ, തീര്‍ച്ച'(അല്‍ഹാഖ 40-46).
ഉമറും(റ) നബിയും ചേര്‍ന്നാണ് ഖുര്‍ആന്‍ നിര്‍മിച്ചതെന്ന ആരോപണം ഉന്നയിക്കുന്നവര്‍ ഉമറിന്റെ(റ) നിലപാടുകളോടു യോജിക്കാതെ അവതീര്‍ണമായ ധാരാളം ഖുര്‍ആന്‍ വചനങ്ങള്‍ കാണുന്നില്ല. അതല്ലെങ്കില്‍ കാണാത്ത ഭാവം നടിക്കുന്നു.

അത്തരം ചില സംഭവങ്ങള്‍ കാണുക.
ഒരു യുദ്ധത്തിന് പ്രവാചകരും മുസ്‌ലിം സേനയും പുറപ്പെട്ട വിവരം ഹാത്വിബ് ബിന്‍ അബീ ബല്‍തഅ്(റ) എന്ന സ്വഹാബി മക്കയിലെ ഖുറൈശികള്‍ക്ക് രഹസ്യ സന്ദേശം നല്‍കി. ഇത് നബിക്ക്(സ്വ) അല്ലാഹു അറിയിച്ചു കൊടുത്തു. ഹാത്വിബ്(റ) രാജ്യദ്രോഹക്കുറ്റത്തിന് പിടിക്കപ്പെട്ടു. തെറ്റ് സംഭവിച്ചു പോയത് അംഗീകരിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തു. ഉമര്‍(റ) കടന്നുവന്നു. രാജ്യദ്രോഹക്കുറ്റത്തിന് അദ്ദേഹത്തെ കൊല ചെയ്യണമെന്ന് നബിയോട്(സ്വ) ആവശ്യപ്പെട്ടു. ഹാത്വിബിന്റെ(റ) ഉള്ളില്‍ സത്യനിഷേധമുണ്ടെന്ന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം തെളിയിച്ചു എന്നായിരുന്നു ന്യായം. “സത്യവിശ്വാസികളേ, എന്റെയും നിങ്ങളുടെയും ശത്രുക്കളായിട്ടുള്ളവരോട് സൗഹൃദം പുലര്‍ത്തി നിങ്ങളവരെ മിത്രങ്ങളാക്കരുത്, നിങ്ങള്‍ക്ക് ലഭിച്ച സത്യം നിഷേധിച്ചിരിക്കയാണവര്‍'(മുംതഹന 1/60) എന്നു തുടങ്ങുന്ന ഖുര്‍ആന്‍ വചനങ്ങള്‍ അവതരിച്ചു. ഉമറിന്റെ(റ) അഭിപ്രായം നബി(സ്വ) സ്വീകരിച്ചില്ല. ഖുര്‍ആനും അതിനോട് യോജിച്ചില്ല.

മറ്റൊരു സംഭവം: ഉംറ ചെയ്യാന്‍ വേണ്ടി മക്കയിലേക്ക് തിരിച്ച നബിയെയും(സ്വ) സ്വഹാബികളെയും ശത്രുക്കള്‍ തടഞ്ഞു. ഹുദൈബിയ സന്ധിയിലെ നിബന്ധനകള്‍ പാലിച്ചുകൊണ്ട് മദീനയിലേക്ക് തഹല്ലുലായി മടങ്ങാനായിരുന്നു അല്ലാഹുവിന്റെ കല്പന. എത്ര ചിന്തിച്ചാലും യുക്തി ബോധ്യപ്പെടാത്ത ഒരു ചരിത്ര മുഹൂര്‍ത്തമായിരുന്നു അത്. രോഷാകുലനായ ഉമര്‍(റ) നബി സന്നിധിയില്‍ വന്നു ചോദിച്ചു: “നബിയേ നമ്മള്‍ സത്യത്തില്‍ അടിയുറച്ചു നില്‍ക്കുന്നവരല്ലേ, നമ്മുടെ ശത്രുക്കള്‍ അസത്യത്തിലും?’
“അതേ’

“നമ്മില്‍ നിന്ന് കൊല്ലപ്പെടുന്നവര്‍ സ്വര്‍ഗത്തിലല്ലേ, അവരില്‍നിന്ന് കൊല്ലപ്പെട്ടവര്‍ നരകത്തിലും?’
“അതേ’.

“പിന്നെന്തിനാണ് നബിയേ നാം അവര്‍ക്ക് കീഴ്‌പ്പെടുന്നത്?!’
നബി(സ്വ) പ്രതികരിച്ചു: “ഞാന്‍ അല്ലാഹുവിന്റെ പ്രവാചകനാണ്. അവന്‍ കല്‍പ്പിക്കുന്നതിന് വിപരീതം പ്രവര്‍ത്തിക്കുകയില്ല. അവനാണ് എന്റെ സഹായി’.
തുടര്‍ന്ന് അധ്യായം അല്‍ഫത്ഹ് പൂര്‍ണമായും അവതരിച്ചു. നബിക്കും(സ്വ) സ്വഹാബികള്‍ക്കും ആത്മവിശ്വാസവും സമാധാനവും ലഭിച്ചു. ഹുദൈബിയ സന്ധിയിലെ പ്രവാചകരുടെ നിലപാട് വളരെയേറെ യുക്തിപരമായിരുന്നു എന്ന് പിന്നീട് ചരിത്രം തെളിയിച്ചു.

യഥാര്‍ത്ഥത്തില്‍ മനുഷ്യയുക്തി കൊണ്ട് വായിക്കാന്‍ കഴിയാത്തതായിരുന്നു ഹുദൈബിയയിലെ അല്ലാഹുവിന്റെ തീരുമാനം. എങ്ങനെ ചിന്തിച്ചാലും മുസ്‌ലിംകള്‍ക്കുള്ള നേട്ടം മനസിലാക്കാന്‍ കഴിയുമായിരുന്നില്ല. പക്ഷേ, അല്ലാഹുവിലും റസൂലിലും അടിയുറച്ച് വിശ്വസിച്ച സ്വഹാബികള്‍ അതംഗീകരിച്ചു. മനുഷ്യന്റെ കണക്കുകൂട്ടലുകള്‍ക്കപ്പുറമാണ് അല്ലാഹുവിന്റെ തീരുമാനങ്ങളെന്ന് മനസിലാക്കാനുള്ള ചരിത്രപാഠമായി ഹുദൈബിയ സന്ധി മാറി.
അല്ലാഹുവിന്റെ തീരുമാനത്തിനെതിരെ വന്നുപോയ ബോധപൂര്‍വമല്ലാത്ത ചിന്തകളില്‍നിന്നും ഉമര്‍(റ) പിന്നീട് പശ്ചാതപിച്ചു. ഉമര്‍(റ) പറയുന്നു: “ഹുദൈബിയയില്‍ സംഭവിച്ചു പോയതിന് ഞാന്‍ ഒരുപാട് പശ്ചാത്തപിച്ചിട്ടുണ്ട്. അതിന്റെ പ്രായശ്ചിത്തമെന്നോണം ധാരാളം നിസ്‌കാരം, നോമ്പ്, സ്വദഖകള്‍, അടിമമോചനം തുടങ്ങിയ ആരാധനകള്‍ നിര്‍വഹിച്ചിട്ടുമുണ്ട്’.
ഉമര്‍ (റ) പലപ്പോഴും പറയാറുണ്ടായിരുന്നു: “നിങ്ങള്‍ നിങ്ങളുടെ സ്വന്തത്തെ തെറ്റിദ്ധരിക്കുക. ഹുദൈബിയാദിനം നബി കല്പനയെ എതിര്‍ക്കാനായിരുന്നു എന്റെ ആത്മമന്ത്രണം. എന്നാല്‍, അത് വലിയ വിജയമായിരുന്നുവെന്ന് പിന്നീട് എനിക്ക് ബോധ്യപ്പെട്ടു. സൂറത്തുല്‍ ഫത്ഹ് പ്രവാചകര്‍ക്ക് അവതീര്‍ണമാവുകയും ചെയ്തു’.
ഖുര്‍ആന്‍ ദൈവിക സംസാരമാണെന്നതിന് ഇനിയെന്ത് തെളിവാണ് ആവശ്യം!
“അല്ലാഹുവിനും അവന്റെ സൂക്തങ്ങള്‍ക്കുമപ്പുറം ഇനിയെന്തു വാര്‍ത്തയാണ് നിഷേധികള്‍ വിശ്വസിക്കുക?'(അല്‍ജാസിയ 6/45).

വിവര്‍ത്തനം: സിനാന്‍ ബഷീര്‍ നൂറാനി

You must be logged in to post a comment Login