മനുഷ്യസമൂഹത്തിന് സ്രഷ്ടാവായ അല്ലാഹു സംവിധാനിച്ചതാണ് ഇസ്‌ലാം മതം. സമൂഹത്തിന്റെയും പ്രകൃതിയുടെയും നന്മയാണ് ഇസ്‌ലാം ലക്ഷ്യം വെക്കുന്നതും പഠിപ്പിച്ചതും. ഈ നന്മയിലേക്ക് നയിക്കാന്‍ ചില അച്ചടക്കങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നിയമസംവിധാനങ്ങളും ആവശ്യമാണ്. ഈ നിയമസംവിധാനത്തെ ശരീഅത് എന്നു പറയും. ശരീഅത് അനുഷ്ഠിക്കുന്നതിന്റെ പൂര്‍ണതയനുസരിച്ചാണ് ഒരു വിശ്വാസി അല്ലാഹുവിലേക്ക് അടുക്കുന്നതും ഇഹപര മോക്ഷം ലഭിക്കുന്നതും. ശരീഅത് പൂര്‍ണമായും അനുഷ്ഠിക്കുന്ന ഒരാള്‍ സ്വന്തത്തോടും മറ്റെല്ലാ അപരനോടും പ്രകൃതിയോടും സ്രഷ്ടാവിനോടും പൂര്‍ണമായും തന്റെ കടപ്പാടുകള്‍ നിര്‍വഹിക്കും. ഈ കടപ്പാട് നിര്‍വഹണമാണ് പ്രധാനമായും ശരീഅത് കൊണ്ട് ലക്ഷ്യമാക്കുന്നതും. ഇസ്‌ലാം സ്വീകരിക്കുന്നത് തന്നെ ഒരാളുടെ ഇഷ്ടത്തിന് വിട്ടിട്ടുണ്ട് ഇസ്‌ലാം. വ്യക്തിപരമായ ശരീഅത് നിയമങ്ങള്‍ ഒരാള്‍ അനുസരിച്ച് നടക്കേണ്ടതുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കാനുള്ള അവകാശവും വൈയക്തികമാണ്. നിര്‍ബന്ധിച്ച് മതത്തിലേക്ക് ഒരാളെ മാറ്റിയതുകൊണ്ട് അയാള്‍ മുസ്‌ലിമാകാത്തതു പോലെ, നിര്‍ബന്ധിച്ച് ശരീഅത് അനുഷ്ഠിക്കുന്നതുകൊണ്ട് ഒരാള്‍ മുസ്‌ലിമാകുന്നില്ല. ന്യായമാണിത്, ഓരോ നിയമവും കര്‍മവും അനുഷ്ഠിക്കേണ്ടതും പാലിക്കേണ്ടതും സ്വേഷ്ടപ്രകാരവും അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ചും കൊണ്ടായിരിക്കണം. റസൂലിന്റെ വചനങ്ങളുടെ ആധികാരിക ക്രോഡീകരണമായ സ്വഹീഹുല്‍ ബുഖാരിയില്‍ ആദ്യ വചനമായി നല്‍കിയത് ഈ വസ്തുതയാണ്: മനുഷ്യരുടെ പ്രവര്‍ത്തനങ്ങളെല്ലാം അല്ലാഹുവിന്റെയടുത്ത് സ്വീകരിക്കപ്പെടുന്നത് അവന്റെ ഉദ്ദേശ്യം നോക്കിയാണെന്നതാണ് വചനാംശം. ഇസ്‌ലാമിലെ അടിസ്ഥാന നിയമം കൂടിയാണിത്.
അല്ലാഹുവിന്റെ ഈ നിയമസംഹിത അഥവാ ശരീഅത് വിവക്ഷിക്കുന്ന ലക്ഷ്യങ്ങളെ കുറിച്ചു പറയുന്ന വിജ്ഞാനശാഖ തന്നെ ഇസ്‌ലാമിക ലോകത്ത് നിലവിലുണ്ട്. മഖാസിദു ശരീഅഃ എന്നാണ് ഇതിനു പറയുന്നത്. ഇസ്‌ലാമിലെ ഓരോ നിയമങ്ങളും വിധിവിലക്കുകളും ഈ ലക്ഷ്യത്തിനുവേണ്ടിയുള്ളതായിരിക്കും. ഇതില്‍ അനിവാര്യമായും ഉണ്ടാകേണ്ട/ഉള്ള ലക്ഷ്യങ്ങള്‍ “അല്‍ കുല്ലിയ്യാത്തുസ്സിത്ത’ എന്ന പേരിലറിയപ്പെടുന്നു. ഇവ ആറെണ്ണമാണ്: മതം അഥവാ വിശ്വാസം സംരക്ഷിക്കുക, ജീവനും ശരീരവും സംരക്ഷിക്കുക, ബുദ്ധി സംരക്ഷിക്കുക, കുടുംബവും കുടുംബ ബന്ധവും സംരക്ഷിക്കുക, സ്വത്ത് സംരക്ഷിക്കുക, അഭിമാനം സംരക്ഷിക്കുക-എന്നിവയാണ് ഈ ആറുകാര്യങ്ങള്‍. ഇസ്‌ലാം സംവിധാനിച്ച ചെറുതും വലുതുമായ ആയിരക്കണക്കിന് നിയമങ്ങള്‍ ഈ ആറു അടിസ്ഥാന സംരക്ഷണങ്ങളില്‍ ഒന്നിനെപ്പോലും ലംഘിക്കുന്നതാകരുത്. സംരക്ഷിക്കേണ്ട ഈ ആറ് അടിസ്ഥാന കാര്യങ്ങളെ ശരീഅതിന്റെ ഓരോ വിധിവിലക്കുകളും സംരക്ഷിക്കുന്നുണ്ട്. ഈ ആറുകാര്യങ്ങളും സ്വന്തത്തിന്റേതു മാത്രമല്ല സംരക്ഷിക്കേണ്ടത്; അപരന്റേതുകൂടി സംരക്ഷിക്കണമെന്നാണ് ഇസ്‌ലാം പറയുന്നത്. ഓര്‍മിക്കുക, അഥവാ ഇസ്‌ലാമിക ശരീഅത് ലക്ഷ്യം വെക്കുന്നത് ഒരാളുടെ സ്വന്തം ജീവന്റെയും അപരന്റെ ജീവന്റെയും സുരക്ഷ മാത്രമല്ല, സ്വന്തത്തിന്റെയും മറ്റുള്ളവരുടെയും വിശ്വാസം, കുടുംബം, ബുദ്ധി, സ്വത്ത്, അഭിമാനം എന്നിവയുടെ കൂടി സുരക്ഷയാണ്. ഈ കാര്യങ്ങള്‍ക്ക് സുരക്ഷയില്ലാത്ത ഒരു കാര്യത്തെ ശരീഅത് എന്നു പറയാനാവില്ല. ശരീഅതിന്റെ അടിസ്ഥാന ലക്ഷ്യം പൂര്‍ത്തീകരിച്ച നിയമമല്ല, അത് ഇസ്‌ലാമികവുമല്ല.
ഇനിയാണ് നമ്മള്‍ താലിബാനെക്കുറിച്ച് സംസാരിക്കേണ്ടത്. കേള്‍ക്കുകയും കാണുകയും ചെയ്യുന്ന വാര്‍ത്തകളെല്ലാം ശരിയാണെങ്കില്‍, അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്കിടയില്‍ വളരെ വലിയ ആശങ്ക പടര്‍ന്നിട്ടുണ്ട്. മുപ്പത്തിയെട്ടു ദശലക്ഷം ജനങ്ങള്‍ താമസിക്കുന്ന രാഷ്ട്രമാണ് അഫ്ഗാനിസ്ഥാന്‍. ഈ ജനസംഖ്യയിലേക്ക് ചേര്‍ത്തുവായിക്കുമ്പോള്‍ അഫ്ഗാനിലെ വിമാനത്താവളങ്ങളിലും മറ്റിടങ്ങളിലും തടിച്ചുകൂടി രാജ്യം വിടാന്‍ ശ്രമിക്കുന്നവരുടെ എണ്ണം വളരെ വിരളമാണ്. അതേസമയം മറ്റുള്ള ജനങ്ങളുടെ മാനസിക നിലയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല താനും. ലഭ്യമായ വിവരങ്ങളെല്ലാം ശരിയാണ് എന്ന് വിശ്വസിക്കാനും വയ്യ. കഴിഞ്ഞകാല അനുഭവങ്ങളാണ് ഈ അവിശ്വാസത്തിനു കാരണം. താലിബാനും താലിബാന്‍ വിരുദ്ധരും പുറത്തുവിടുന്ന വാര്‍ത്തകളുടെ ആധികാരികത എന്നും സംശയ നിഴലില്‍ത്തന്നെയാണെങ്കിലും കഴിഞ്ഞകാല ചരിത്രത്തില്‍ ധാരാളം ക്രൂരതകള്‍ക്ക് നേതൃത്വം കൊടുത്ത അവിശുദ്ധ പ്രസ്ഥാനമാണ് താലിബാന്‍ എന്നിരിക്കേ ഇപ്പോഴുള്ള ജനങ്ങൾക്കുണ്ടായിരിക്കുന്ന ആശങ്കകള്‍ അസ്ഥാനത്താണെന്നു പറയാനാകില്ല. അതേസമയം സമൂഹമാധ്യമങ്ങളില്‍ കാണുന്ന ഇത്തരം ക്രൂര ചെയ്തികളും, അധികാരത്തിനും ഭരണത്തിനും വേണ്ടിയുള്ള പടയോട്ടവും ശരീഅതിന്റെ പേരില്‍ നടപ്പാക്കുന്ന അക്രമപ്രവര്‍ത്തനങ്ങളും ഇസ്‌ലാമിന് അംഗീകരിക്കാന്‍ കഴിയില്ല. അത് ശരീഅത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളോട് വിയോജിക്കുന്നതും അനിസ്‌ലാമികവുമാണ്.
ഇസ്‌ലാമിന്റെ പേരില്‍ വന്ന തീവ്രവാദി പ്രസ്ഥാനങ്ങളൊക്കെയും ഭരണം ഇസ്‌ലാമിന്റെ അടിസ്ഥാന ലക്ഷ്യമായി എണ്ണിയവരാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും മധ്യ ദശകങ്ങളിലും ഈ ആശയധാരക്ക് വലിയ വേരോട്ടം ലഭിക്കുകയും ചെയ്തു. കാരണം ഒട്ടുമിക്ക മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളും സാമ്രാജ്യത്വ-ക്രൈസ്തവ ആധിപത്യത്തില്‍നിന്നുമുള്ള മോചനം ആഗ്രഹിക്കുന്ന സമയമായിരുന്നുവത്. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി, സയ്യിദ് ഖുതുബ് തുടങ്ങിയവരാണ് ഇക്കാലത്ത് ഭരണമാണ് ഇസ്‌ലാമിന്റെ വലിയ ലക്ഷ്യമെന്ന് പ്രചരിപ്പിക്കാന്‍ തുടങ്ങിയത്. പക്ഷേ, കാലംമുന്നോട്ടുനീങ്ങിയപ്പോള്‍ ഈ ആശയധാര അപകടകരമായ നിലയിലേക്ക് ആപതിച്ചു. ഭരണത്തിനുവേണ്ടി എന്തും ചെയ്യാമെന്ന് ഈ സൈദ്ധാന്തികര്‍ എഴുതിവെച്ചത് തീവ്രവാദികള്‍ക്ക് വലിയ ആയുധമായി. ആധുനിക മുസ്‌ലിം രാഷ്ട്രങ്ങളിലെ മുഴുവന്‍ നേതാക്കളും നിയമസംവിധാനങ്ങളും അവയെ അനുസരിക്കുന്നവരും അനിസ്‌ലാമിക വ്യവസ്ഥിതിയുടെ കാവല്‍ക്കാരാണെന്ന് ഇവര്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്നത് തീവ്രവാദികള്‍ക്ക് വലിയ ഊര്‍ജ്ജം നല്‍കി. അങ്ങനെ മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിലവിലുള്ള ഭരണവ്യവസ്ഥിതിയെ അസ്ഥിരപ്പെടുത്താന്‍ തീവ്രവാദികള്‍ക്ക് ഈ സൈദ്ധാന്തികരുടെ മതാവായനകള്‍ കൂട്ടുനിന്നു. നിര്‍ഭാഗ്യവശാല്‍ അതിനു ശരീഅത് എന്ന് പേരുവിളിക്കുകയും ചെയ്തു. അല്‍ ഖാഇദ, താലിബാന്‍, ഐസിസ് എന്നിവരെല്ലാം ഈ പട്ടികയില്‍ പെടുന്നു. എല്ലാവരും കൊന്നത് മുസ്‌ലിംകളെയാണ്; അഥവാ നിലവിലുള്ള ഭരണത്തിലെ മുസ്‌ലിംകളെയാണ്. എല്ലാവരും യുദ്ധം നയിച്ചത് മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കെതിരെയാണ്; അഥവാ സുസ്ഥിരമായ ഭരണം നടക്കുന്ന മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കെതിരെ.
ഇവിടെയാണ് ഇസ്‌ലാമിക ശരീഅതിന്റെ അടിസ്ഥാന നിയമങ്ങള്‍ നാം മനസിലാക്കേണ്ടത്. ഭരണം ഇസ്‌ലാമില്‍ പ്രധാന ലക്ഷ്യമേയല്ല. ഭരണം സ്ഥാപിക്കണമെന്ന നിര്‍ബന്ധ കല്പന ലക്ഷക്കണക്കിന് പ്രവാചകവചനങ്ങളില്‍ ഒരിടത്തുപോലും കാണാനുമാകില്ല. റസൂലിന്റെ(സ്വ) ജീവിതത്തിന്റെ വലിയൊരുഭാഗം മക്കയിലാണ് കഴിച്ചുകൂട്ടിയത്. ഇവിടെ പൂര്‍ണമായും ന്യൂനപക്ഷമായും ഭരണരഹിതരായുമാണ് റസൂലും അനുചരരും താമസിച്ചത്. പല സന്ദര്‍ഭങ്ങളിലും മക്കയുടെ അധികാരം റസൂലിന്(സ്വ) വെച്ചുനീട്ടിയിട്ടും അത് സ്വീകരിച്ചിട്ടുമില്ല. മദീനയിലേക്കുള്ള ഹിജ്റയുടെ അഥവാ പലായനത്തിന്റെ ലക്ഷ്യവും രാഷ്ട്രസ്ഥാപനമായിരുന്നില്ല. മദീനയില്‍ റസൂല്‍(സ്വ) എത്തിയപ്പോള്‍, സ്വാഭാവികമായും അവിടുത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി തങ്ങളുടെ ഭരണകാര്യങ്ങള്‍ നോക്കാന്‍ റസൂലിനെ(സ്വ) നേതാവാക്കുകയായിരുന്നു. അവിടുന്ന് പൂര്‍ണമായും ഇസ്‌ലാമികമായി, ശരീഅത്തിലധിഷ്ഠിതമായി ഭരിക്കുകയും ചെയ്തു. അന്നും എന്നും ലോകം കണ്ട ഏറ്റവും മഹത്തായതും മാതൃകാപരമായ ഭരണമായിരുന്നു അത്. നേരത്തെപറഞ്ഞതുപോലെ, ഓരോ മനുഷ്യന്റെയും ജീവനും സ്വത്തിനും അഭിമാനത്തിനും വിശ്വാസത്തിനും കുടുംബത്തിനും ബുദ്ധിക്കും നൂറുശതമാനം സംരക്ഷണം ലഭിച്ച ഭരണമായിരുന്നുവത്. അന്യമതക്കാര്‍, സ്ത്രീ ജനങ്ങള്‍, അവശ വിഭാഗങ്ങള്‍, ജന്തു മൃഗാദികള്‍-എന്തിനേറെ ഇസ്്ലാം വിരോധികൾക്കുപോലും അവകാശങ്ങളനുവദിച്ച രാഷ്ട്രീയ വ്യവസ്ഥിയായിരുന്നുവത്. മദീന ചാര്‍ട്ടറും റസൂലിന്റെ അറഫാ പ്രഭാഷണവും പ്രശസ്തമാണ്. ലോകം “അവകാശങ്ങള്‍’ എന്ന വാക്ക് ഉച്ചരിക്കുന്നതിന്റെ നൂറ്റാണ്ടുകള്‍ മുമ്പായിരുന്നു മുഹമ്മദ് നബി (സ്വ) ലക്ഷക്കണക്കിന് മനുഷ്യരെ ഒരുമിച്ച് കൂട്ടി ഓരോ മനുഷ്യന്റെയും അവകാശങ്ങളെക്കുറിച്ച് സംസാരിച്ചത്. “ഹഖ്’ “ഹുഖൂഖ്’ എന്ന് പരിശുദ്ധ നബി വചനങ്ങളിലും ഖുര്‍ആനിലും കാണാം. ഇതർഥമാക്കുന്നത് അവകാശം, അവകാശങ്ങള്‍ എന്നിങ്ങനെയാണ്. ഈ അവകാശങ്ങള്‍ വകവെച്ചുകൊടുക്കാത്ത ഒരു രാഷ്ട്രവും സമൂഹവും ഇസ്‌ലാം പറഞ്ഞ രാഷ്ട്രമോ സമൂഹമോ ആകുന്നില്ല-അവര്‍ ഏതു വേഷം ധരിച്ചാലും, ഏതു മന്ത്രങ്ങള്‍ ഉരുവിട്ടാലും.
ഒരൊറ്റ വ്യക്തിയെ അകാരണമായി കൊല്ലുന്നത് മൊത്തം ജനങ്ങളെയും കൊല്ലുന്നതിനു തുല്യമാണെന്നും ഒരു വ്യക്തിക്ക് ജീവന്‍ നല്‍കുന്നത് മൊത്തം ജനങ്ങള്‍ക്കും ജീവന്‍ നല്‍കുന്നതിനു തുല്യമാണെന്നും പഠിപ്പിച്ച ഏകമതമാണ് ഇസ്‌ലാം (ഖുര്‍ആന്‍:5/32). ഇന്നും മാനനഷ്ടക്കേസുകള്‍ കുറ്റകരമായി പരിഗണിക്കാത്ത രാഷ്ട്രങ്ങള്‍ നിരവധിയുണ്ട് ലോകത്ത്. പതിനാല് നൂറ്റാണ്ടുകള്‍ക്കു മുമ്പ് മനുഷ്യന്റെ അഭിമാനത്തിന് അങ്ങേയറ്റത്തെ വിലനല്‍കിയ മതമാണിസ്‌ലാം. ഈ അഭിമാനം ഭഞ്ജിക്കുന്നവര്‍ക്ക് ശക്തമായ ശിക്ഷ കൊണ്ടുവന്ന നിയമ സംഹിതയാണ് ശരീഅത്. ഒരാളുടെ സമ്പത്തിനു വളരെ വലിയ മൂല്യം നല്‍കിയ നിയമവുമാണിത്. എന്നിരിക്കേ, ആയിരങ്ങളുടെ ജീവനും സമ്പത്തും കൊള്ളയടിച്ചും അഭിമാനം പിച്ചിച്ചീന്തിയും ഒരു രാഷ്ട്രം സ്ഥാപിച്ചെടുക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. ഇസ്്ലാമിക നിയമങ്ങൾ അങ്ങനെയുള്ള രാഷ്ട്രസംസ്ഥാപനത്തെ അംഗീകരിക്കുന്നുമില്ല. അത്തരത്തില്‍ സ്ഥാപിക്കപ്പെടുന്ന ഭരണസംവിധാനത്തിനു ശരീഅതിന്റെ പരിവേഷം നല്‍കേണ്ടതുമില്ല. അല്ലാഹുവിന്റെ ശരീഅത് മനുഷ്യരുടെയും വിശ്വാസികളുടെയും സുരക്ഷക്കുള്ളതാണ്. അത് നഷ്ടപ്പെടുത്തി സ്ഥാപിച്ചെടുക്കുന്നത് ഇസ്‌ലാമിക വ്യവസ്ഥിതിയല്ല.
ഇസ്‌ലാം വിശാലവും സമഗ്രവുമാണ്. മനുഷ്യജീവിതത്തിന്റെ ഓരോ നിമിഷവും ചര്‍ച്ച ചെയ്ത മതമാണിത്. സ്വാഭാവികമായും കച്ചവടം, കൃഷി, ഭരണം, രാഷ്ട്രം, രാഷ്ട്രീയം, അന്തര്‍ദേശീയം തുടങ്ങി എല്ലാ മേഖലകളും ഇസ്‌ലാമില്‍ ചര്‍ച്ചയാണ്. അക്കാര്യത്തിലൊക്കെ വിശദമായ നിയമാവലി സമര്‍പ്പിച്ചിട്ടുമുണ്ട്. ഇതു ശരീഅത് തന്നെയാണ്. ഇസ്‌ലാമികമൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് തുടങ്ങുന്ന ഫിനാന്‍സ് സംവിധാനങ്ങളെ ശരീഅ ഫിനാന്‍സ് എന്ന് വിശേഷിപ്പിക്കുന്നതുപോലെ ഇസ്‌ലാമിക മൂല്യങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ട് സ്ഥാപിക്കുന്ന ഭരണ സംവിധാനങ്ങളെ ശരീഅ ഭരണക്രമം എന്നു തന്നെയാണ് പേരിട്ടുവിളിക്കേണ്ടത്. പക്ഷേ മൂല്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. മൂല്യങ്ങളെല്ലാം കാറ്റില്‍ പറത്തി എങ്ങനെയെങ്കിലും അധികാരം പിടിച്ചെടുത്ത് മുസ്‌ലിം ലോകത്തിന്റെ സ്വസ്ഥത കെടുത്തുന്ന പ്രവണത ശരീഅത്തേയല്ല. മാന്യമായി പറഞ്ഞാല്‍ അത് അതിക്രമം മാത്രമാണ്.
ഖിലാഫത്തും ഖലീഫയും ഇസ്‌ലാമിലുണ്ട്. അത് നാട്ടില്‍ സമാധാനവും നന്മയും വരുത്താനാണ്. നിലവിലുള്ള സര്‍ക്കാരുകളെ പിച്ചിച്ചീന്തി, ആയിരങ്ങളെ അറുകൊല ചെയ്ത്, പതിനായിരങ്ങള്‍ക്ക് പാര്‍പ്പിടം നഷ്ടപ്പെട്ടുത്തി സ്ഥാപിച്ചെടുക്കേണ്ടതല്ല ഖിലാഫത്ത്. യൂഫ്രട്ടീസ് നദീ തീരത്ത് ഒരു ആട് വിശപ്പുകാരണം മരണപ്പെട്ടാല്‍ ഞാനതിനു മറുപടി പറയേണ്ടിവരുമെന്ന് ആധിപൂണ്ടവരായിരുന്നു ഇസ്‌ലാമിലെ ഖലീഫമാര്‍. ആയിരങ്ങളുടെ മുന്നില്‍ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോള്‍ ഭരണത്തിലെ പാളിച്ചകളെന്ന് തോന്നുന്നവ പരസ്യമായി ചോദ്യം ചെയ്യാനാകും വിധം സുതാര്യമായിരുന്നു ഇസ്്ലാമിക ഭരണ വ്യവസ്ഥ. ആ ചോദ്യങ്ങളിൽ സന്തോഷം കണ്ടെത്തുന്നവരുമായിരുന്നു ഖലീഫമാര്‍. അഭിപ്രായ സ്വാതന്ത്ര്യവും മീഡിയ സ്വാതന്ത്ര്യവും ഹനിക്കാനല്ല അവരെല്ലാം തുനിഞ്ഞത്. ആ സ്വാതന്ത്ര്യം നല്‍കി ഭരണം മെച്ചപ്പെടുത്താനായിരുന്നു ശ്രമങ്ങളൊക്കെയും. പക്ഷെ ഭാഗ്യക്കേടെന്നു പറയട്ടെ, മൗദൂദിയും ഖുതുബും സമാന മനസ്‌കരും കൊണ്ടുവന്ന ഖിലാഫത്ത് വായിച്ച് പഠിച്ചവര്‍ക്ക് ഖിലാഫത്തിന്റെയും ഖലീഫയുടെയും നിര്‍വചനം മറ്റൊന്നായിപ്പോയി. അധികാരത്തിലേക്കുള്ള അത്യാഗ്രഹത്തിൽ അവര്‍ക്ക് ഇസ്‌ലാമിന്റെ മൂല്യങ്ങള്‍ ഒരു തടസ്സമായില്ല. എല്ലാ മൂല്യങ്ങളും കാറ്റില്‍ പറത്തി മുസ്‌ലിംകളെത്തന്നെ കൊന്നൊടുക്കാന്‍ മടിയുണ്ടായില്ല! ഇസ്‌ലാമിന്റെ പേരില്‍ ഇന്ന് നടക്കുന്നതെല്ലാം ഇസ്‌ലാമല്ലെന്ന് ലോകം തിരിച്ചറിയണം. പടിഞ്ഞാറിന്റെ ഇസ്‌ലാം വിരുദ്ധ പ്രചരണങ്ങള്‍ക്ക് ചട്ടുകങ്ങളാകാന്‍ താലിബാനടക്കമുള്ള പ്രസ്ഥാനങ്ങള്‍ വിധിക്കപ്പെട്ടിരിക്കുന്നു എന്നു തന്നെ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
“പാശ്ചാത്യ ചരിത്രത്തിന്റെ വലിയൊരു കാലഘട്ടം സ്ത്രീകള്‍ അടുക്കളയില്‍ മാത്രം ഒതുങ്ങിയതാണ് അനുഭവം. പുറത്തുള്ള ജീവിതം പൂര്‍ണമായും പുരുഷന് മാത്രമായിരുന്നു. മധ്യകാല യൂറോപ്പില്‍, സ്വത്ത് സ്വന്തമാക്കാനോ പഠിക്കാനോ പൊതുജീവിതത്തില്‍ പങ്കെടുക്കാനോ സ്ത്രീകള്‍ക്ക് അവകാശമില്ലായിരുന്നു. ജര്‍മനിയുടെ ചില ഭാഗങ്ങളില്‍ ഭര്‍ത്താവിന് ഭാര്യയെ വില്‍ക്കാന്‍ വരെ അവകാശമുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനമായിട്ടും യൂറോപ്പിലെയും ഭൂരിഭാഗം അമേരിക്കന്‍ പ്രദേശങ്ങളിലെയും സ്ത്രീകള്‍ക്ക് വോട്ടവകാശമില്ലായിരുന്നു. കൂടാതെ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം തീരെ ഇല്ലാതിരിക്കുകയോ അല്ലെങ്കില്‍ വളരെക്കുറച്ചു മാത്രമാവുകയോ ചെയ്തു. അവരെ തൊഴിലില്‍ നിന്നും തടയുകയും ചെയ്തു’.- പാശ്ചാത്യ ലോകത്ത് സ്ത്രീകള്‍ക്കുണ്ടായിരുന്ന സ്വാതന്ത്ര്യമാണ് എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നത്. ഓര്‍ക്കുക, ഇസ്‌ലാം ഇങ്ങനെയൊന്നുമല്ല. വിജ്ഞാനവും പഠനവും ജോലിയുമൊന്നും ഇസ്‌ലാമില്‍ പുരുഷന്റെ മാത്രം കുത്തകയല്ല. ജ്ഞാനികളായ നൂറുകണക്കിന് സ്ത്രീകളുടെ ക്രോഡീകൃത ചരിത്രമുള്ളത് ഇസ്‌ലാമിനാണ്. തൊഴിലും വിശ്രമജീവിതവും ഉല്ലാസവുമൊന്നും ഇസ്്ലാമിൽ പുരുഷന് മാത്രമല്ല. സ്ത്രീകള്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് തെരുവിലിറങ്ങി അമിതമായ ആഭാസങ്ങളിലേക്ക് നീങ്ങുന്നയവസ്ഥയാണ് പിന്നീട് പാശ്ചാത്യ ലോകത്ത് കണ്ടതെങ്കില്‍ ഇസ്‌ലാമിന് അങ്ങനെയൊരു ദുരിതകാലമില്ല. സ്ത്രീകള്‍ക്ക് മാന്യമായ ജീവിതം നല്‍കിയ ശരീഅതിന്റെ പേരില്‍ നടക്കുന്ന അടിച്ചമര്‍ത്തലുകള്‍ ഇസ്‌ലാം പ്രകാരം ന്യായീകരിക്കാന്‍ പറ്റില്ല.
ചുരുക്കത്തില്‍, ശരീഅതിലധിഷ്ഠിതമായ ഭരണത്തില്‍ സമാധാനമാണ് വേണ്ടത്. സുരക്ഷയാണ് വേണ്ടത്. പട്ടിണിയും പരിവട്ടവും നീക്കുകയാണ് വേണ്ടത്. തൊഴിലും വിദ്യാഭ്യാസവും നൂറുശതമാനം നല്‍കുകയാണ് വേണ്ടത്. ഭരണമല്ല വലുത്; ജനങ്ങളാണ്. അധികാരമല്ല, ഉത്തരവാദിത്തമാണ് ഇസ്‌ലാമിലുള്ളത്. അന്താരാഷ്ട്ര സമൂഹത്തെ വിശ്വാസത്തിലെടുക്കുകയും ലോകത്തുള്ള ആര്‍ക്കും കടന്നുവരാനുള്ള സ്വാതന്ത്ര്യവുമാണ് ആവശ്യം. എല്ലാ മതസമുദായങ്ങൾക്കും സംസ്‌കാരങ്ങൾക്കും ജീവിക്കാനും അനുഷ്ഠിക്കാനും ആചരിക്കാനുമുള്ള സ്വാതന്ത്ര്യമാണ് വേണ്ടത്. കേള്‍ക്കുന്നത് ശരിയാണെങ്കില്‍, ഇതൊന്നുമില്ലാത്ത ഭരണം വെറും താലിബാനിസമാണ്. അല്ലാഹുവിന്റെ ശരീഅതല്ല.\
ഡോ. ഉമറുൽഫാറൂഖ് സഖാഫി കോട്ടുമല
You must be logged in to post a comment Login