മരണത്തെ മുഖാമുഖം കണ്ടു ജീവിതത്തിലേയ്ക്ക് മടങ്ങി വന്നപ്പോള്‍ ആദ്യം തേടിയത് മറ്റാരെയുമല്ല എന്റെ കരളിന്റെ കഷണത്തെയാണ്. ഒരു കുഞ്ഞിനെ പോലെ സുഖമായി ഉറങ്ങുന്ന അവളെ ഞാന്‍ കണ്ടു. ജീവിതത്തെ മനോഹരമാക്കിയ നിമിഷം.
ശരീരത്തിലേക്കു ആത്മാവ് പ്രവേശിക്കുന്നത്, ജനനം, ആത്മാവ് വേര്‍പെടുന്നത്, മരണം. അനുവാദം ചോദിക്കാതെ കടന്നുവന്നു. അതുപോലെ തന്നെ പടിയിറങ്ങുന്ന അത്ഭുത പ്രതിഭാസം. ഇത് രണ്ടും സംഭവിക്കുന്നത് എപ്പോള്‍ എന്ന് നമുക്ക് അറിയില്ല. ഇതിനിടയില്‍ ഏതു നിമിഷവും പിടഞ്ഞു തീരാവുന്ന ഒന്നാണ് മനുഷ്യ ജീവന്‍. ആത്മാവ് മലിനമാക്കാതെ ഏറ്റവും ഭംഗിയായി ജീവിക്കുകയും മറ്റുള്ളവരെ ജീവിക്കാന്‍ പ്രേരിപ്പിക്കുകയും ചെയുന്നതാണ് ഏറ്റവും നല്ല നിയോഗം എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഓരോ മനുഷ്യന്റെ മുന്നിലും അങ്ങനെ ഓരോ നിയോഗങ്ങള്‍ വന്നു ചേരും. ഹൃദയം കൊണ്ട് നോക്കിയാല്‍ മാത്രം കാണുന്ന ഭംഗിയുള്ള നിയോഗങ്ങള്‍. ഒന്നും കാത്തിരിക്കുന്നതല്ല തേടിപ്പോകലാണ് നിയോഗം. അങ്ങനെയേ നമുക്ക് കാണാന്‍ കഴിയൂ. ഓരോ മനുഷ്യ ജീവിതത്തിലൂടെയും നമുക്കതു കണ്ടെത്താന്‍ കഴിയും.
ഒരു ഡോക്ടര്‍ അധികവും കാണുന്നത് വേദനിക്കുന്ന മുഖങ്ങള്‍ ആണ്. ചില മുഖങ്ങള്‍ അങ്ങനെ ഉള്ളില്‍ തട്ടിക്കിടക്കും. വേദനിക്കുന്ന മുഖവുമായി വന്നു സന്തോഷമായി പടിയിറങ്ങുമ്പോള്‍ കിട്ടുന്ന അനുഭൂതി വിവരണാതീതമാണ്. ഓരോ രോഗിയും പടിയിറങ്ങുമ്പോള്‍ ഹൃദയത്തില്‍ അവരുടെ സന്തോഷത്തിന്റെ മുഖമുദ്ര പതിപ്പിച്ചാണ് പോകുന്നത്.
ഒരു രാത്രിയില്‍ എന്റെ സീനിയര്‍ ഡോക്ടര്‍ വളരെ വിഷമത്തില്‍ ഓടി നടക്കുന്നത് കണ്ടു. ഹൃദയത്തില്‍ മുള്ളുകള്‍ കുത്തും പോലെ ആയിരുന്നു ഓരോ വാക്കും എനിക്ക്. ഒന്നര വര്‍ഷം മുന്‍പ് നമ്മുടെ ഹോസ്പിറ്റലിലെ എല്ലാവരെയും ഒന്നടങ്കം വേദനയിലാഴ്ത്തിയ അതെ കുടുംബം അതിനേക്കാള്‍ വലിയ നൊമ്പരവുമായി വീണ്ടും വന്നു എന്ന് പറഞ്ഞു.കേള്‍ക്കുന്നവര്‍ക്കൊക്കെ സഹതപിക്കാന്‍ മാത്രമേ കഴിയുമായിരുന്നുള്ളു. കോവിഡ് എന്ന മഹാമാരി മനുഷ്യമനസ്സിനെ ഒന്നടങ്കം വിഴുങ്ങിയിരുന്ന സമയം ആയിരുന്നുവത്. അതിനിടയില്‍ ഇത് കേള്‍ക്കുന്നവര്‍ക്ക് ഒരു കഥ മാത്രം. സഹതാപം, പ്രാര്‍ത്ഥിക്കാം, എല്ലാം നേരെ ആവും ഈ മൂന്ന് കാര്യങ്ങള്‍ ആണ് ഏതു സമയവും ആ കുടുംബം വാങ്ങിവെക്കുന്ന വാക്കുകള്‍. മനസ്സ് ഉടഞ്ഞിരിക്കുന്ന ഒരാള്‍ക്ക് നേരെ പ്രയോഗിക്കാന്‍ മനുഷ്യന്‍ കണ്ടെത്തിയ മൂന്ന് പദ പ്രയോഗങ്ങൾ. എനിക്ക് ഏറ്റവും വെറുപ്പുള്ള മൂന്ന് കാര്യം ഇതാണ്. അവര്‍ക്കെന്തിനാണ് മറ്റുള്ളവരുടെ സഹതാപം. നിങ്ങളുടെ സഹതാപം പറച്ചില്‍ നിങ്ങളുടെ ഉള്ളില്‍ത്തന്നെ കുഴിച്ചു മൂടൂ.
എല്ലാവരും കൂടിയിരുന്നു സഹതപിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു: ഏതാണ് ആ കുടുംബം. മാലിയില്‍ നിന്ന് വന്ന ഒരു ഓര്‍ത്തഡോക്‌സ് മുസ്‌ലിം കുടുംബം ആയിരുന്നു അത്. എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പല വിവാഹങ്ങള്‍ നടന്നിട്ടും അവര്‍ക്കാര്‍ക്കും ഒരു കുഞ്ഞില്ല. ഒരുപാട് പ്രാര്‍ത്ഥനകള്‍, ചികിത്സകള്‍. പടച്ചവൻ അവര്‍ക്കൊരു പരീക്ഷണം കൊടുത്തിരിക്കുന്നു.തോല്‍ക്കാന്‍ തയാറാവാതെ ഒരു കുഞ്ഞിന് വേണ്ടി കുടുംബത്തിലെ ഒരാള്‍ നാലാമത് ഒരു വിവാഹം ചെയ്തു. ഒരുപാട് ട്രീറ്റ്‌മെന്റ് ചെയ്തു. ഒരാണ്‍കുഞ്ഞിനെ കിട്ടി.പടച്ചവന്റെ കടുത്ത പരീക്ഷണം അപ്പോഴും തുടര്‍ന്നു കൊണ്ടിരുന്നു. ഏഴാം മാസത്തില്‍ എണ്ണൂറ് ഗ്രാം തൂക്കവുമായി ജനിച്ച അവന്‍ ഒന്നരമാസം മരണവുമായി മല്ലിട്ട് ജീവിച്ചു. അവനെ രക്ഷിക്കാന്‍ നമുക്ക് കഴിഞ്ഞില്ല. അവസാന നിമിഷം കുഞ്ഞിനെ അമ്മയെ കാണിക്കുക എന്നൊരു നിയമം ഉള്ളതു കൊണ്ട് അവരെ വിളിപ്പിച്ചു. കാത്തിരുപ്പിന് ഒടുവില്‍ കിട്ടിയ കൺമണിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റുന്നതുകണ്ട് ഹൃദയം പൊട്ടുന്ന വേദനയില്‍ ശില പോലെ നില്‍ക്കുന്ന ആ അമ്മയെ ഹോസ്പിറ്റല്‍ ഒന്നടങ്കം വേദനയോടെയാണ് കണ്ടു നിന്നത്. കാത്തിരിപ്പിന്റെ ഒന്നര മാസത്തിനു ശേഷം അവനെ വെളുത്ത തുണിയില്‍ പൊതിഞ്ഞു കൊടുക്കുമ്പോള്‍ ആ കുടുംബത്തെ നോക്കാന്‍ കഴിഞ്ഞില്ല എന്ന് ഡോക്ടര്‍ എന്നോട് പറഞ്ഞു. “ഇപ്പോള്‍ കുഞ്ഞ് വേണ്ട ‘ എന്ന് പറഞ്ഞു വരുന്ന എത്രയോ കുടുംബങ്ങളെ കണ്ടിട്ടുണ്ട്. ആ സമയം ഞാന്‍ അവരെയാണ് ഓര്‍ത്തത്.
ഒന്നര വര്‍ഷത്തിന് ശേഷം ആ കുടുംബം വീണ്ടും മുന്നിലെത്തിയിരിക്കുകയാണ്. ആ സംഭവത്തിന് ശേഷം തകര്‍ന്നുപോയ ആ അമ്മയുടെ മനസിക നില തെറ്റിയിരുന്നു. അവളെ ചേര്‍ത്ത് പിടിച്ച് ഭര്‍ത്താവും കുടുംബവും നിന്നു. പടച്ചവൻ അവർക്ക് ചോദിക്കാതെ തന്നെ ഒരു കുഞ്ഞിനെ വീണ്ടും കൊടുത്തു. പക്ഷെ ഗര്‍ഭിണി ആയ അവള്‍ക്കു കരള്‍ രോഗം ബാധിച്ചാണ് വന്നത്. ദൈവമേ നിനക്ക് കണ്ണില്ലേ എന്ന് പലരും ചോദിച്ചു. ആ അമ്മയ്ക്കു മാത്രമേ രോഗമുള്ളൂ. ആരോഗ്യമുള്ള മറ്റൊരു ജീവന്‍ ഭൂമി തൊടാന്‍ കാത്തു കിടക്കുന്നു. എന്റെ മുന്നില്‍ ഞാന്‍ ആ കുഞ്ഞ് ജീവനാണ് കണ്ടത്. ഇനിയും ഒരു വേദന താങ്ങാന്‍ ആ അമ്മയ്ക്കു കഴിയില്ല. ആ കുഞ്ഞ് ജീവനിലൂടെ അവളെ ജീവിക്കാന്‍ പ്രേരിപ്പിക്കാം എന്ന് എനിക്ക് തോന്നി.
ആ നിമിഷം എനിക്ക് തോന്നി പടച്ചവന്റെ പരീക്ഷണം ശരിക്കും അവര്‍ക്കു ആയിരുന്നില്ല എന്ന്. എന്നെ സൃഷ്ടിച്ചതുപോലും അതിനു വേണ്ടി എന്നെനിക്കു തോന്നി. ഹൃദയം കൊണ്ട് എനിക്ക് കാണാന്‍ കഴിഞ്ഞ ഒരു നിയോഗം ആയിരുന്നു അത്. എല്ലാം കൊണ്ടും അവള്‍ക്കു മാച്ച് ചെയ്യുന്ന കരള്‍ എനിക്ക് റബ്ബ് തന്നത് അവള്‍ക്കുകൂടി വേണ്ടിയായിരുന്നു എന്നെനിക്കു തോന്നി. മറ്റാരുടെയും സമ്മതമോ അനുവാദമോ എനിക്ക് ആവശ്യമില്ലായിരുന്നു. എല്ലാവരും ചോദിച്ചു നമ്മളുമായി യാതൊരു ബന്ധമില്ലാത്ത ഒരാള്‍ക്ക് സ്വന്തം ജീവന്‍ പകുത്തു നല്‍കാന്‍ നിനക്കെന്താ ഭ്രാന്താണോ എന്ന്. അവരുടെ ബന്ധുക്കള്‍ക്ക് പോലും ഭയമാണ് കരൾദാനത്തിന്. എന്താണ് സ്വന്തം എന്ന് പറയുന്നത്? ആരാണ് നമ്മുടെ ബന്ധുക്കള്‍? രക്തബന്ധത്തെ ആണോ സ്വന്തം ബന്ധുക്കള്‍ എന്ന് പറയുന്നത്? എന്നാല്‍ അങ്ങനെ അല്ല. എല്ലാവര്‍ക്കും ഒരു സ്രഷ്ടാവ് മാത്രമാണ് ഉള്ളത്. അപ്പോള്‍ അവള്‍ എങ്ങനെ എന്റെ ബന്ധു അല്ലാതാകും? എന്റെ ജീവനെകുറിച്ചു എനിക്ക് ആശങ്ക ഇല്ലായിരുന്നു. എന്റെ മരണം തീരുമാനിക്കുന്നത് അല്ലാഹുവാണ്. അത് ഞാന്‍ സുരക്ഷിത താവളത്തിൽ ഒളിച്ചിരുന്നാലും എന്നെ തേടിയെത്തും. എന്റെ നിയോഗം ഇതാണെങ്കില്‍ എന്റെ കരള്‍ അവളില്‍ ചേര്‍ന്ന് അവള്‍ക്കു ജീവന്റെ തുടിപ്പ് ഉണ്ടാവും. ഞാന്‍ കാണാത്ത മറ്റൊരു ജീവന്‍ ഭൂമി തൊടും എന്നുള്ള വിശ്വാസത്തില്‍ ഞാന്‍ ആ കരാറില്‍ ഒപ്പ് വെച്ചു.
ഞാന്‍ എന്നെ മഹത്വപ്പെടുത്തുന്നതല്ല, മറിച്ചു ജീവിതത്തില്‍ അനുഭവിച്ച ഒരു മനോഹര നിമിഷം പങ്കുവെച്ചതാണ്. ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത ഹൃദയമുദ്രകള്‍ ആവണം നിന്റെ കർമങ്ങള്‍ എന്ന് എന്നെ പഠിപ്പിച്ച എന്റെ അമ്മയാണ് എന്റെ ആദ്യ ഗുരു.ഇത്രയും നല്ല നിയോഗം എനിക്ക് സമ്മാനിച്ച എന്റെ രക്ഷിതാവായ അല്ലാഹുവിനോടാണ് എനിക്ക് നന്ദി. അവര്‍ തിരിച്ചു പറയാണ്ടിരിക്കാന്‍ ഞാന്‍ അവിടെ നിന്ന് ഇറങ്ങി. പക്ഷെ, ഞാന്‍ അറിഞ്ഞു. ജീവിതത്തില്‍ എന്നെ എന്നും ഓർമിക്കാന്‍ അവര്‍ക്ക് ജനിച്ച കുഞ്ഞ് മാലാഖയ്ക്കു എന്റെ പേര് ചൊല്ലി വിളിക്കുന്നു. “ഒരു നന്ദി വാക്കുപോലും കേള്‍ക്കാന്‍ നില്‍ക്കാതെ പോയ ഡോക്ടര്‍ക്കു ഞങ്ങള്‍ നല്‍കുന്ന സമ്മാനം’ എന്നൊരു കുറിപ്പ് എന്റെ സഹപ്രവര്‍ത്തകരെ ഏല്പിച്ചു.ആ കുറിപ്പില്‍ എനിക്ക് കാണാന്‍ കഴിഞ്ഞു, എന്റെ കർമത്തിന്റെ ഹൃദയമുദ്ര. നേരില്‍ കാണാത്ത ഹൃദയം കൊണ്ട് ഞാന്‍ കണ്ട ആ കുഞ്ഞ് മാലാഖ അവളാണ് എന്റെ കരളിന്റെ കഷണം.
ഒരു പ്രളയം പോലെ കലങ്ങി മറിഞ്ഞ് പാറയില്‍ തട്ടി രണ്ടായി ഒഴുകിയിരുന്ന എന്റെ ഹൃദയം ഇന്ന് അവളിലൂടെ ഓളങ്ങളൊന്നുമില്ലാതെ ഭംഗിയുള്ള ഒരു പുഴപോലെ ഒഴുകുകയാണ്…..
ഡോ. ഫാദില
You must be logged in to post a comment Login