അലങ്കാരശാസ്ത്രം ഇസ്‌ലാമിന്റെ പൊരുളറിയാൻ

അലങ്കാരശാസ്ത്രം  ഇസ്‌ലാമിന്റെ പൊരുളറിയാൻ

കേരളത്തിലെ മത പാഠശാലകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ബിരുദങ്ങള്‍ വ്യത്യസ്തമായ നാമങ്ങളില്‍ വിശ്രുതമാണെങ്കിലും അവയെല്ലാം രണ്ടു പ്രധാനകൃതികളെ ആസ്പദിച്ചുള്ളവയാണ്. ഒന്ന്, മുഖ്തസ്വര്‍ എന്ന കൃതിയെ അടിസ്ഥാനപ്പെടുത്തി മുഖ്തസ്വര്‍ ബിരുദം. രണ്ട്, മുത്വവല്‍ എന്ന ഗ്രന്ഥം ആസ്പദമാക്കി മുത്വവല്‍ ബിരുദവും. ഈ രണ്ടു കൃതികളും അറബി സാഹിത്യത്തിന്റെ നിയമ തത്വങ്ങള്‍ വിശകലനം ചെയ്യുന്നവയാണ്. ഇമാം സഅ്ദുദ്ദീന്‍ തഫ്താസാനിയാണ്(1322-1390 ) ഇവയുടെ രചയിതാവ്.

മതാത്മക വിജ്ഞാനങ്ങള്‍ പൊതുവെ രണ്ടായി വര്‍ഗീകരിക്കാറുണ്ട്. ഒന്ന്, മതവിജ്ഞാനങ്ങള്‍(ഇല്‍മുദ്ദീന്‍). രണ്ട്, മതവിജ്ഞാനങ്ങള്‍ക്ക് മധ്യമമായ ജ്ഞാനങ്ങള്‍(ഇല്‍മുല്‍ ഇല്ലത്ത്). ഖുര്‍ആന്‍, ഹദീസ്, കര്‍മശാസ്ത്രം തുടങ്ങിയവ ഒന്നാം ഇനത്തിലും, വ്യാകരണശാസ്ത്രം, തര്‍ക്കശാസ്ത്രം തുടങ്ങിയവ രണ്ടാം ഇനത്തിലുമാണ് ഉള്‍പ്പെടുക. മതാത്മക വിജ്ഞാനങ്ങളിലേക്കുള്ള ഗോവണിയാണ് ഇല്‍മുല്‍ ഇല്ലത്ത്. അവയ്ക്ക് മതാത്മക വിജ്ഞാനങ്ങള്‍ എന്ന പരിഗണന പണ്ഡിതര്‍ നല്‍കിയിട്ടുണ്ട്. കേരളത്തിലെ എല്ലാ മതസ്ഥാപനങ്ങളും ഈ രണ്ടു വിധേനയുള്ള വിജ്ഞാനങ്ങളില്‍ പ്രധാനമായ എല്ലാ ശാസ്ത്രശാഖകളും സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നിരിക്കെ, എന്തുകൊണ്ടാണ് പഠനം പൂര്‍ത്തീകരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇല്‍മുല്‍ ഇല്ലത്തിലെ ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തി ബിരുദം നല്‍കുന്നു. അതിന്റെ ശാസ്ത്രീയമായ വിശകലനവും അന്വേഷണവുമാണ് ചുവടെ.
ഖുര്‍ആന്‍ അവതരണ കാലത്ത് അറബികള്‍ക്കിടയില്‍ നിരവധി ഗോത്രഭാഷകള്‍ നിലനിന്നിരുന്നു. അവരെല്ലാം തങ്ങളുടെ ഭാഷയുടെ മഹിമയും സാഹിത്യഭംഗിയും അടയാളപ്പെടുത്തുന്നതില്‍ കര്‍മോത്സുകരായിരുന്നു. കത്ബാനിയ്യ, ഹള്‌റമിയ്യ, മിനായിയന്‍, സാബിയന്‍ തുടങ്ങിയവയെല്ലാം വ്യത്യസ്തമായ ഭാഷകളായിരുന്നു. ലിപിയിലും ഉച്ചാരണത്തിലും നിയമ വ്യവസ്ഥയിലുമെല്ലാം ഈ ഭാഷകള്‍ വ്യത്യസ്തമായിരുന്നു. ഒരു ഗോത്രഭാഷ പലപ്പോഴും മറ്റു ഗോത്രക്കാര്‍ക്കു വരെ ഗ്രഹിക്കാന്‍ സാധിച്ചിരുന്നില്ല. ഒരിക്കല്‍ റസൂൽ(സ്വ) ഒരു ഗോത്രവിഭാഗങ്ങളോട് സംസാരിക്കുകയായിരുന്നു. കൂടെ അലിയും(റ) ഉണ്ടായിരുന്നു. ഇരുവരും ഖുറൈശി ഗോത്രക്കാരാണ്. പക്ഷേ, അവരോടുള്ള റസൂലിന്റെ സംഭാഷണം അലിയ്ക്ക്(റ) മനസ്സിലാക്കാന്‍ സാധിച്ചില്ല. അലി റസൂലിനോട് ചോദിച്ചു: എങ്ങനെയാണ് നിങ്ങള്‍ക്ക് അവരുടെ ഭാഷ സംസാരിക്കാന്‍ സാധിച്ചത്? അല്ലാഹു എന്നെ പഠിപ്പിച്ചുവെന്നായിരുന്നു റസൂലിന്റെ മറുപടി. പില്‍കാലത്ത് അറബിയെ ഏകീകൃതമാക്കിയത് ഖുര്‍ആന്റെ സാഹിത്യ ഭംഗിയാണ്. ഒരുപാട് ഭാഷകളെ നാമാവശേഷമാക്കിയ ഖുര്‍ആനിലെ സാഹിത്യം പഠനവിധേയമാക്കേണ്ടതിന്റെ പ്രധാന്യം വലുതാണ്. അത് സാധ്യമാക്കാനാണ് തഫ്താസാനിയുടെ ഈ കൃതികള്‍ ആശ്രയിക്കുന്നത്. ജലാലുദ്ദീന്‍ മുഹമ്മദുല്‍ ഖസ്്വീനിയുടെ (1268-1338) തല്‍ഖീസുല്‍ മിഫ്താഹിന്റെ വിശദീകരണ കൃതികളാണ് ഇവ രണ്ടും. ആദ്യ രചന മുത്വവ്വലാണ്. അതിനെ സംക്ഷിപ്തമായി അവതരിപ്പിച്ച ഗ്രന്ഥമാണ് മുഖ്തസ്വര്‍.

മആനി, ബലാഗ, ബദീഅ് എന്നീ മൂന്നു ജ്ഞാനശാഖകള്‍ ഉള്‍കൊണ്ടതാണ് ഈ കൃതികള്‍. ഇവയോരോന്നും വ്യത്യസ്തമായ ശാസ്ത്ര ശാഖകളാണെങ്കിലും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. പ്രയോഗങ്ങളുടെ/ വാക്യങ്ങളുടെ കൃത്യമായ അര്‍ഥമറിയാനാണ് വ്യാകരണവും പദോല്‍പത്തി ശാസ്ത്രവും അവലംബിക്കുന്നതെങ്കില്‍ ഭാഷയുടെ സൗന്ദര്യവും ആത്മാവുമാണ് ഈ ശാസ്ത്രശാഖകളുടെ മുഖ്യം. ഖുര്‍ആന്‍, ഹദീസ് തുടങ്ങി പ്രമാണങ്ങളെ കൃത്യമായി മനസ്സിലാക്കാനാണ് ഈ വിജ്ഞാനങ്ങള്‍ പ്രയോഗിക്കുന്നതെന്ന് ചുരുക്കം.
ഖുര്‍ആന്‍ അവതരിച്ച പശ്ചാതലം മനസിലാക്കാതെ ഖുര്‍ആന്‍ സൂക്തങ്ങളുടെ അര്‍ഥം ഗ്രഹിക്കാനാവില്ല. “കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റെത് തന്നെയാണ്. നിങ്ങള്‍ എവിടേക്ക് തിരിഞ്ഞാലും അവിടെ അല്ലാഹുവിന്റെ വജ്ഹ് ഉണ്ടാകും. അല്ലാഹു അത്യധികം കഴിവുള്ളവനും സര്‍വജ്ഞനുമാണ്'(2:115). ഈ സൂക്തം വായിക്കുന്നവന് നിസ്‌കാരത്തില്‍ കഅ്ബയിലേക്ക് മുന്നിടേണ്ടതില്ല എന്നായിരിക്കും ഗ്രഹിക്കുക. സാഹചര്യം കൂടി മനസിലാക്കുമ്പോഴേ വേണ്ടതുപോലെ ആശയം ഗ്രഹിക്കാനാവൂ. ആ സന്ദര്‍ഭം നോക്കുക: റസൂൽ ഒരു സംഘത്തെ യുദ്ധത്തിനായി പറഞ്ഞയച്ചു. വഴി മധ്യേ അവര്‍ ഇരുട്ടില്‍ അകപ്പെട്ടു. എവിടെയാണ് ഖിബ്‌ല എന്നറിയാന്‍ കഴിയുന്നില്ല. അങ്ങനെ അവരുടെ ഗവേഷണമനുസരിച്ച് ഒരോ ഭാഗത്തേക്ക് തിരിഞ്ഞു നിന്ന് നിസ്‌കരിച്ചു. തിരിച്ചെത്തിയ സംഘം റസൂലിനോട് കാര്യങ്ങള്‍ ചോദിച്ചു: അപ്പോള്‍ റസൂൽ മൗനം പാലിച്ചു. അല്‍പം കഴിഞ്ഞ് ഈ സൂക്തം അവതരിച്ചു.
ഇതുപോലെ സാഹചര്യത്തെ ഉള്‍വഹിച്ചും അല്ലാതെയും വാക്യങ്ങളിലും വാക്യത്തിന്റെ ഘടനയിലും പല ഗൗരവതരമായ ആശയങ്ങളും ഉള്‍കൊള്ളിക്കുന്നുണ്ട്. അവ മനസ്സിലാക്കാതെയുള്ള വിവരണങ്ങള്‍ക്ക് ഖുര്‍ആനിക സൂക്താശയങ്ങളോട് / പ്രവാചക വചനങ്ങളോട് നീതി പുലര്‍ത്താനാകില്ല.
അക്ഷരങ്ങള്‍ അധികരിക്കുന്നിടത്തും, പദങ്ങള്‍ അറിയപ്പെടുമ്പോഴും അറിയാതിരിക്കുമ്പോഴും ആശയങ്ങളില്‍ വലിയ വ്യത്യാസം പ്രകടമാവുന്നുണ്ട്. വ്യാകരണ ശാസ്ത്രത്തിന്റെ നിയമങ്ങള്‍ മാത്രം പഠിച്ച ഒരാൾക്ക്, പ്രസ്തുത നിയമങ്ങള്‍ക്ക് വിരുദ്ധമായി ഖുര്‍ആന്‍ വാക്യങ്ങള്‍ കാണാനാവും. ഇത് അയാൾക്ക് പിഴവായി അനുഭവപ്പെടാമെങ്കിലും സാഹിത്യ നിപുണര്‍ക്ക് വലിയ ആശയാനുഭൂതിയായിട്ടാണ് അനുഭവപ്പെടുക.

എല്ലാ സാഹിത്യകൃതികളും അതാതു കാലത്തിന്റെ രചനാ ശൈലിയിലാണ് വിരചിതമാകുന്നത്. കാല ക്രമേണ അതിന്റെ മട്ടും ഭാവവും മാറി കൊണ്ടേയിരിക്കും. ആധുനിക രചനാ ശൈലിയിലല്ല അബ്ബാസിയന്‍ ഭരണ കാലത്ത് രചിക്കപ്പെട്ട ഗ്രന്ഥങ്ങളുടെ രചന. ഇതിനു സമാനമല്ല അടുത്ത നൂറ്റാണ്ടിലേത്. ഇങ്ങനെ മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന രചനകളില്‍ അതത് കാലത്തിന്റെ അടയാളങ്ങള്‍ മുഴച്ചു നില്‍ക്കും. അതിന് അതീതമായ ശൈലിയാണ് വിശുദ്ധ ഖുര്‍ആന്റെത്. ഏതെങ്കിലുമൊരു കാലത്തു മാത്രം പ്രസക്തമാകുന്ന ശൈലിയല്ല അത്. പ്രത്യുത, എല്ലാ കാലത്തും പ്രസക്തിയുള്ളതാണ്. ആ ശൈലിയുടെ സംവേദനത്തിന്റെ ആത്മാവു തേടിയുള്ള സഞ്ചാരമാണ് ഇമാം തഫ്താസാനിയുടെ മഹത്തായ രണ്ടു ഗ്രന്ഥങ്ങള്‍.
ലാഘവത്വം, ഗൗരവം, അതിഗൗരവം, നിസ്സാരപ്പെടുത്തല്‍ തുടങ്ങി മനസ്സുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ആവിഷ്‌കാരങ്ങളില്‍ നിന്ന് ഗ്രഹിച്ചെടുക്കേണ്ടതുണ്ട്. കേവലം വ്യാകരണ – പദോല്‍പ്പത്തി ശാസ്ത്രങ്ങള്‍ക്ക് അതു സാധ്യമല്ല. ഇതോടൊപ്പം അലങ്കാര ശാസ്ത്രത്തിലെ അവഗാഹം കൂടി വേണം. ഖുര്‍ആന്‍ റസൂലിനോട് വിവരിക്കാന്‍ അല്ലാഹു പറഞ്ഞതിന്റെ താത്പര്യം പോലും ഖുര്‍ആന്‍ സംവദിക്കുന്ന ആശയങ്ങളുടെ അന്തഃസത്ത ഗ്രഹിക്കാനാണ്. ഖുര്‍ആനില്‍ അല്ലാഹു റസൂലിനെ ആക്ഷേപിച്ചിട്ടുണ്ടെന്ന അബദ്ധമായ അഭിപ്രായത്തിന്റെ അടിസ്ഥാന കാരണം അജ്ഞതയാണ്. റസൂലിനെ വിമര്‍ശിച്ചുവെന്ന് തോന്നിക്കുന്ന വാക്കുകളില്‍ നബിയെ വാനോളം ഉയര്‍ത്തുന്ന ആശയ ഗരിമയുണ്ടെന്ന കാര്യം കൃത്യമാകും.
“അബസ വ തവല്ല’ എന്ന സൂക്തം നബിയെ ആക്ഷേപിച്ചുവെന്ന് പറയുന്നവരുണ്ട്. സാഹചര്യവും സന്ദര്‍ഭവും അതിലുപരി പ്രയോഗത്തില്‍ ഉള്‍കൊള്ളുന്ന ആശയ വൈഭവവും പരിഗണിച്ചുവേണം അര്‍ഥം ഗ്രഹിക്കാന്‍. അന്ധനായ ഉമ്മുമഖ്തൂം റസൂലിനോട്(സ്വ) ഉപദേശം തേടുന്നു. റസൂലേ, നിങ്ങള്‍ക്ക് അല്ലാഹു പഠിപ്പിച്ച കാര്യങ്ങളില്‍ നിന്ന് എനിക്കും പഠിപ്പിച്ചു തരുമോ? സത്യവചനത്തില്‍ നിന്ന് മധുനുകരാനുള്ള ആത്മാര്‍ഥതയാണ് ഈ ചോദ്യത്തിന്റെ പ്രേരകം. ഈ സമയം റസൂൽ മക്കാ നിവാസികളോട് (അബു ജഹ്്ൽ, ഉത്ബ ….) ഇസ്‌ലാമിനെക്കുറിച്ച് പ്രബോധനം നടത്തുകയായിരുന്നു. ഇതിനു തടസ്സമെന്നു വിചാരിച്ച റസൂൽ ചോദ്യത്തിനു പിറകെ ഉമ്മു മക്തൂമില്‍ നിന്നും മുഖം തിരിച്ചു. അഥവാ ഖുറൈശി പ്രമുഖരെ മാനിക്കാന്‍ നബി ശ്രമിക്കുമ്പോള്‍, ഖുര്‍ആന്‍ സൂക്തം അവതരിക്കുന്നത് ഖുറൈശീ പ്രമാണികളെ അവഗണിക്കാനാണ്. ഒരു തെല്ലു വിലപോലും അവര്‍ക്ക് കല്‍പ്പിക്കേണ്ടതില്ല. ഇസ്‌ലാമിന്റെ സൗന്ദര്യം അനുഭവിച്ചവര്‍ക്കു മഹത്വം കല്‍പ്പിക്കുന്ന ഈ സൂക്തം അക്ഷരാര്‍ഥത്തില്‍ വരേണ്യ യുക്തിക്കു നേരെയുള്ള മുഖം തിരിച്ചിലായിരുന്നു. നബിയേ അവരോട് സംസാരിക്കേണ്ടതില്ല, അവര്‍ വില കുറച്ചു കാണിക്കുന്നവരോട് സംസാരിക്കുക. ഇവരാണ് മഹത്വമുള്ളവര്‍. നബിയെ അല്ല, ഖുറൈശി വരണ്യേ വര്‍ഗത്തെയാണ് ആക്ഷേപിച്ചത്. ഈ സൂക്തം നല്‍കുന്ന പാഠങ്ങള്‍ വലുതാണ്.
രൂപാലങ്കാരം, ഉപമകള്‍, ഹ്രസ്വമായ വിവരണം, ദൈര്‍ഘ്യമേറിയ വിശകലനം, ആവര്‍ത്തനം തുടങ്ങിയവയുടെ ലക്ഷ്യവും, താത്പര്യവും ഇഴ കീറിയുള്ള പരിശോധന ഖുര്‍ആന്റെ ആദ്യകാല സമൂഹത്തോളം പിറകിലേക്ക് സഞ്ചരിക്കാനും, അതിലേറെ വര്‍ത്തമാന-ഭാവി കാലത്തിലും ഖുര്‍ആനിക നിര്‍ദേശങ്ങളുടെ പ്രസക്തിയെ അനുഭവിക്കാനും വഴി ഒരുക്കുന്നു. പ്രപഞ്ചത്തില്‍ മനുഷ്യനറിയാത്ത പലതുമുണ്ട്. ആ ആദ്യശ്യമായ കാര്യങ്ങളിലുള്ള വിശ്വാസമാണ് വിശ്വാസിയെ മറ്റുള്ളവരില്‍ നിന്ന് വ്യതിരിക്തമാക്കുന്നത്. കാണാനോ കേള്‍ക്കാനോ കഴിയാത്ത വസ്തുക്കളെ/ വസ്തുതകളെ ഏങ്ങനെയാണ് അക്ഷരങ്ങള്‍ കൊണ്ട് കുറിച്ചിടാന്‍ സാധിക്കുക? ഒരു സ്വഹാബി റസൂലിനോട് ചോദിക്കുകയുണ്ടായി. റസൂലേ… എങ്ങനെയാണ് വഹ്്യ് അവതരിക്കുന്നത്? റസൂൽ പ്രതികരിച്ചു: ചിലപ്പോള്‍ ജീബ്‌രീല്‍ മനുഷ്യന്റെ രൂപത്തില്‍ വന്ന് എനിക്ക് ഓതി കേള്‍പ്പിക്കും, മറ്റു ചിലപ്പോള്‍ എന്റെ ചെവി നാദത്തില്‍ മണി മുഴങ്ങുന്നതു പോലെ അനുഭവപ്പെടും, എനിക്ക് കാര്യങ്ങളെല്ലാം ഗ്രാഹ്യമാകുന്നു. നബി അല്ലാത്തവരെ സംബന്ധിച്ച് വഹ്്യ് എന്നത് അദൃശ്യമായ കാര്യമാണ്. അത് അനുഭവിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഉപമയിലൂടെ അല്ലാതെ എങ്ങനെയാണ് പ്രതിഫലിപ്പിക്കുക? കാര്യങ്ങള്‍ വ്യക്തത വരുത്താനും, തങ്ങളുടെ ഗ്രാഹ്യ പരിധിക്കപ്പുറത്തുള്ളവയെ ഒരു പരിധി വരെ മനസിലാക്കാനും സഹായകമാകുന്നത് ഇത്തരം പ്രയോഗങ്ങളാണ്.

മനുഷ്യന്റെ ഹൃദയത്തില്‍ സ്പര്‍ശിക്കാനും കൂടുതല്‍ സ്വാധീനം ചെലുത്താനും ഉപമകള്‍ക്കും അലങ്കാര പദങ്ങള്‍ക്കും സാധിക്കും. അതുകൊണ്ടാണ് അദ്ധ്യാത്മിക ജ്ഞാനികള്‍ തങ്ങളുടെ ഉപദേശ-ഭാഷണങ്ങളില്‍ ഉപമകളും കഥകളും ഉള്‍പ്പെടുത്തുന്നത്. ഇമാം ഗസ്സാലി ഇതിനുദാഹരണമാണ്. പാശ്ചാത്യന്‍ ലോക വീക്ഷണവും സംസ്‌കാരവും മനുഷ്യ ഹൃദയത്തില്‍ ചെലുത്തുന്ന ദുഃസ്വാധീനത്തേയും ഇസ്്ലാമിക സംസ്‌കാര പാഠം നല്‍കുന്ന സര്‍ഗാത്മകതയേയും വിഛേദിച്ച് മനസിലാക്കാന്‍ സഈദ് നൂര്‍സി സ്വീകരിച്ച സംവേദന രീതിയും ഇതു തന്നെയായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ കൃതികളിലും സാഹിത്യത്തിന്റെ തനിമയില്‍ ചാലിച്ച ആവിഷ്‌കാരങ്ങള്‍ കാണാവുന്നതാണ്. മനസ്സിന് കൂടുതല്‍ കുളിര്‍മ പകര്‍ന്ന്, ജീവിതം സൗന്ദര്യമാക്കാനുള്ള പ്രചോദനമാണ് നൂര്‍സി നല്‍കുന്നത്. അദ്ദേഹത്തിന്റെ അലങ്കാര ശാസ്ത്രത്തിലെ ജ്ഞാനാവഗാഹമാണ് ഇതിന്റെ ആധാരമായി വര്‍ത്തിച്ചത്. ചെറിയ വാക്യങ്ങളില്‍ മാറ്റത്തിന്റെ വിസ്ഫോടനം സാധ്യമാക്കാന്‍ ഈ പ്രയോഗങ്ങള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ. ഇത് ആത്മാവിന്റെ ഭാഷയാണ്. ഇത്രമേല്‍ സ്വാധീനം സാഹിത്യത്തിനുണ്ട്. ജാഹിലിയ്യ അറബി കവിതകള്‍ക്കും പ്രയോഗങ്ങള്‍ക്കും പണ്ഡിതര്‍ പ്രാധാന്യം നല്‍കിയതിന്റെ പൊരുളും ഇതാണ്. ഉമര്‍(റ) പറഞ്ഞു: നിങ്ങള്‍ ജാഹിലിയ്യ കവിതകള്‍ മുറുകെ പിടിക്കുക. അതില്‍ ഖുര്‍ആന്റെ വിശദീകരണം കാണാം. ഈ വാക്യം സാഹിത്യ ഭംഗിയെ പ്രശംസിക്കുകയാണ്. അത് വായിച്ചു മനസിലാക്കിയവര്‍ക്കറിയാം അവയ്ക്കെല്ലാം അതീതമാണ് ഖുര്‍ആനെന്ന്.

ഖുര്‍ആന്റെ അമാനുഷികതയില്‍ മുഖ്യം സാഹിത്യമാണ്. സാഹിത്യത്തില്‍ മികച്ചവരായ അറബികള്‍ പോലും ഖുര്‍ആനു മുമ്പില്‍ നമിച്ചിട്ടുണ്ട്. അവര്‍ക്ക് സാഹിത്യമറിയുന്നത് കൊണ്ട് ഖുര്‍ആനെ കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചു. അത് മനുഷ്യന്റെയോ ഭൂത-പിശാചുകളുടെയോ വാക്കുകളല്ലെന്ന് ശത്രുപക്ഷത്തിനും ബോധമുണ്ടായതു കൊണ്ടാണ് ഖുര്‍ആന്‍ കേള്‍ക്കുന്നതും ഓതുന്നതും വിലക്കിയിരുന്നത്. ആ പൊതു തത്വം ഇന്നും തുടര്‍ന്നു പോകുന്നുണ്ട്. അഥവാ ഖുര്‍ആന്‍ മനസ്സിലാക്കാന്‍ അവലംബിക്കേണ്ട എല്ലാ രീതി ശാസ്ത്രങ്ങളേയും അവഗണിച്ച് കേവലം പരിഭാഷയെയോ, വ്യാകരണം മനസ്സിലാക്കിയുള്ള അറബി ഭാഷയെയോ അവലംബിച്ചുള്ള വിവരണങ്ങള്‍ സജീവമായി. ഖുര്‍ആനിക വായനയിലെ ഇത്തരം അനൗചിത്യങ്ങളെ പ്രതിരോധിക്കാനാണ് മുസ്‌ലിം പണ്ഡിതന്മാര്‍ ഉലൂമുല്‍ ഖുര്‍ആന്‍ എന്ന അടിസ്ഥാന ശാസ്ത്രം വികസിപ്പിച്ചെടുത്തത്. ഉലൂമുല്‍ ഖുര്‍ആനിലെ പ്രധാന ഭാഗങ്ങളാണ് ഇല്‍മുല്‍ മആനിയും ബലാഗയും ബദീഉം.

ഈ ശാസ്ത്രശാഖയില്‍ അവാന്തര വിഭാഗങ്ങള്‍ തങ്ങളുടെ ആശയങ്ങള്‍ക്ക് പ്രമാണികത നല്‍കാനായി ചെറുതല്ലാത്ത സ്വാധീനം ചെലുത്തിയിട്ടുണ്ട്. മുഅ്തസിലിയ്യ ആശയത്തെ സമര്‍ഥിക്കാനുള്ള സമഖ്ശരിയുടെ ശ്രമത്തെ വായിക്കാം. “ലന്‍’ എന്ന പദത്തില്‍ എക്കാലവും എന്ന അര്‍ഥമുണ്ട്. ‘ലന്‍ തറ’ എന്നു പറഞ്ഞാല്‍ ഒരിക്കലും കാണില്ല എന്ന അര്‍ഥമാണ് സമഖ്ശരി നല്‍കിയത്. അടിമകള്‍ ഒരിക്കലും അല്ലാഹുവിനെ കാണില്ലെന്ന വാദത്തെ സമര്‍ഥിക്കാനുള്ള ഒരു ശ്രമമായി പണ്ഡിതര്‍ ഈ സമീപനത്തെ വിസ്തരിച്ചു. ഖുര്‍ആനിലെ സൂറതുല്‍ അഅ്റാഫിലെ ലന്‍ തറാനീ എന്നു തുടങ്ങുന്ന വചനമാണ് ഇതിന് ആധാരമാക്കിയത്. സമഖ്ശരി മാത്രമാണ് ഈ വാദം ഉന്നയിച്ചത്. ഇത്തരമൊരു അര്‍ഥം ഇല്ലെന്നതിന്റെ തെളിവും മറുവാദവും പണ്ഡിതര്‍ വിലയിരുത്തിയിട്ടുണ്ട്.

ഇങ്ങനെ തുടര്‍ന്നു പോകുന്ന കുത്സിത ശ്രമങ്ങളെയും ഈ ശാസ്ത്ര വിശകലനത്തില്‍ പണ്ഡിതര്‍ ദീര്‍ഘവീക്ഷണത്തോടെ പ്രതിരോധിച്ചിട്ടുണ്ട്. അലങ്കാര ശാസ്ത്രത്തിലെ നിരവധി ചര്‍ച്ചകളെ ഖുര്‍ആന്‍ പഠനത്തില്‍ പ്രായോഗിക്കേണ്ട രീതിയെ കുറിച്ചുള്ള ഒരു ഹ്രസ്വ വിവരണം ഇമാം സൂയൂഥിയുടെ ഇത്ഖാനില്‍ കാണാം. ഇമാം സർകശിയുടെ ബുര്‍ഹാനില്‍ നിന്നും ശാസ്ത്രീയമായ ഒരു പ്രയോഗിക രീതി കണ്ടെടുക്കാവുന്നതാണ്. ഖുര്‍ആന്‍ പഠനത്തിന് അനിവാര്യമായി ഉപയോഗിക്കേണ്ട രീതിശാസ്ത്രമാണല്ലോ ഉലൂമുല്‍ ഖുര്‍ആന്‍, അതിന്റെ ഒരു ഭാഗമായി തന്നെയാണ് അലങ്കാരശാസ്ത്രത്തെ പണ്ഡിതര്‍ വിശകലനം ചെയ്യുന്നത്.

ഖുര്‍ആനില്‍ വൈരുധ്യമുണ്ട്, തീവ്രവാദം പ്രചരിപ്പിക്കുന്നു, വിവേചനമുണ്ട് തുടങ്ങി എല്ലാവിധ വിമര്‍ശനങ്ങളും ഉയര്‍ത്തുന്നവരുണ്ട്. അത് അവരുടെ വൈജ്ഞാനിക സങ്കുചിതത്വമാണ്. കേവലം അറബി ഭാഷ മാത്രം പോര, ഖുര്‍ആന്റെ പൊരുളറിയാന്‍. ഇതാണ് ഇസ്‌ലാമിക പണ്ഡിതര്‍ ഖുര്‍ആന്‍ പഠിതാക്കളോട് ഉണര്‍ത്തിയതും സ്വന്തത്തില്‍ പ്രാവര്‍ത്തികമാക്കിയതും. പരിഭാഷകള്‍ മാത്രം അവലംബിച്ച് ഖുര്‍ആനെ വിലയിരുത്തുന്നത് എത്രമാത്രം അബദ്ധമാണ്. സാഹിത്യത്തിനും ഭാഷാ പഠനത്തിനും ഇമാം ശാഫി 20 വര്‍ഷമാണ് വിനിയോഗിച്ചത്. ധാരാളം പണ്ഡിതര്‍ പതിറ്റാണ്ടുകളോളം ഈ ജ്ഞാനങ്ങള്‍ ആര്‍ജിക്കാന്‍ വിനിയോഗിച്ചതായി ചരിത്രങ്ങളില്‍ കാണാം.

അലങ്കാരശാസ്ത്രം മതവിജ്ഞാനത്തിന്റെ അലങ്കാരമാണ്. അത് പഠിച്ചെടുത്ത്, അതിലൂന്നിയ വിശകലനങ്ങളില്‍ മാത്രമെ ഇസ്‌ലാമിന്റെ അലങ്കാരവും സൗന്ദര്യവും അനുഭവിക്കാന്‍ സാധിക്കൂ. അലങ്കാര ശാസ്ത്രം സ്പര്‍ശിക്കാത്ത വ്യാഖ്യാന വിവരണങ്ങളില്‍ പരുഷതയും വരണ്ട യുക്തിയും പ്രകടമാകും. അത് ഇസ്‌ലാമല്ല. ഇസ്‌ലാമിന്റെ തനതായ സൗന്ദര്യം പ്രകടമാകുന്നത് കൊണ്ടു തന്നെയാണ് മതാത്മക വിജ്ഞാനത്തില്‍ ഈ ഗ്രന്ഥങ്ങള്‍ അടിസ്ഥാനപ്പെടുത്തി ബിരുദം നല്‍കുന്നത്.

അവലംബം:
– മിന്‍ റവാഇല്‍ ഖുര്‍ആന്‍ – ഡോ മുഹമ്മദ് സഈദ് റമളാന്‍ ബൂത്വി
– ബുലാബിലു തര്‍ഗീബ് – ശൈഖ് അബ്ദുറഹ്മാന്‍ ബ്നു ഉബൈദുല്ലാഹ് അല്‍-അസ്സഖാഫ്
– തഫ്‌സീറുകള്‍

സ്വഫ് വാന്‍ ഹാദി ബി എം

You must be logged in to post a comment Login