“സത്യവിശ്വാസികളേ; നിങ്ങള്‍ റുകൂഉം സുജൂദും നിര്‍വഹിക്കുകയും അതിലൂടെ നിങ്ങളുടെ നാഥന്റെ പ്രീതി കാംക്ഷിക്കുകയും ചെയ്യുവീന്‍. നന്മ പ്രവര്‍ത്തിക്കുവീന്‍. നിങ്ങള്‍ക്കു വിജയം വരിക്കാനായേക്കും’ (ഖുര്‍ആന്‍ ആശയം: 22/77).
കുനിയുക, വിനയം പ്രകടിപ്പിക്കുക എന്നെല്ലാമാണ് റുകൂഅ് എന്ന പദത്തിനര്‍ഥം. അല്ലാഹുവിന്റെ പ്രതാപവും തന്റെ നിസ്സാരതയും മനസിലാക്കിയ ദാസന്‍ യജമാനനായ അല്ലാഹുവിനു മുന്നില്‍ തലകുനിക്കലാണ് റുകൂഅ്. ശിരസ്സുയര്‍ത്തി അഹങ്കാരത്തോടെ നില്‍ക്കുന്നതാണ് മനുഷ്യപ്രകൃതി. മറ്റു ജീവികളാകട്ടേ തല താഴ്ത്തി നാലു കാലില്‍ വിനയത്തോടെ നില്‍ക്കുന്നു. നിറുത്തത്തില്‍ നിന്ന് റുകൂഇനായി കുനിയുന്ന സത്യ വിശ്വാസി അഹങ്കാരത്തോടെയുള്ള തന്റെ നില്പുപേക്ഷിച്ച് ജീവികളുടെ വിനയം തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. റുകൂഇല്‍ നിന്ന് സുജൂദിലെ പരമമായ എളിമയിലേക്കും സ്വയം ഇല്ലാതാകുന്ന അവസ്ഥയിലേക്കുമെത്തുമ്പോള്‍ ജീവികളുടെ വിനയത്തില്‍ നിന്ന് അല്‍പം കൂടി മുന്നോട്ടുനീങ്ങി ചെടികളുടെ വിനയത്തിലെത്തുന്നു. “വള്ളിപ്പടര്‍പ്പുകളും വന്മരങ്ങളും അല്ലാഹുവിനു സുജൂദ് ചെയ്തുകൊണ്ടിരിക്കുന്നു’ വെന്ന് വിശദ്ധ ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്(55/6). ആത്മാക്കളുടെ ലോകത്തുനിന്ന് സസ്യാവസ്ഥയിലൂടെ മൃഗാവസ്ഥയും കടന്ന് മനുഷ്യാവസ്ഥയിലെത്തിയ ആത്മാവ് നിസ്‌കാരത്തില്‍ ഈയവസ്ഥകളെല്ലാം കടന്നുകൊണ്ടാണ് അല്ലാഹുവിന്റെ സാമീപ്യത്തിലേക്ക് മടങ്ങുന്നത്. “നിസ്‌കാരം മുഅ്മിനിന്റെ ആരോഹണമാണെന്ന്’ തിരുനബി(സ) പറഞ്ഞതിന്റെ പൊരുളിതാണ്(റൂഹുല്‍ ബയാന്‍ 6/64 ഹുജ്ജതുല്ലാഹില്‍ ബാലിഗ 1/138).
ഉള്ളം കൈകള്‍ കാല്‍മുട്ടില്‍ വെക്കാന്‍ ഉദ്ദേശിച്ചാല്‍ അതിനു സാധിക്കുംവിധം കുനിയലാണ് റുകൂഇന്റെ ഏറ്റവും പരിമിതമായ രൂപം. മുതുകും ശിരസ്സും ഒരേ വിധാനത്തിലാകും വിധം കുനിയുമ്പോഴാണ് പൂര്‍ണരൂപമാകുന്നത്. അതോടൊപ്പം കാല്‍മുട്ടുകള്‍ ഒരു ചാണ്‍ അകലത്തിലായി നിവര്‍ത്തി വെച്ച് കൈവെള്ള കാല്‍മുട്ടുകളില്‍ വെക്കുകയും വേണം. കൈവിരലുകള്‍ ഖിബ്‌ലയുടെ ദിശയില്‍ നിന്ന് വലത്തോട്ടോ ഇടത്തോട്ടോ തെറ്റാത്ത രൂപത്തില്‍ വിടര്‍ത്തിപ്പിടിച്ച നിലയിലായിരിക്കണം കൈകള്‍ കാല്‍മുട്ടില്‍ വെക്കുന്നത്. ദൃഷ്ടി സുജൂദിന്റെ സ്ഥാനത്തേക്കാവണം. മുതുകും കഴുത്തും ഒരേ വിധാനത്തിലായിട്ടായിരുന്നു തിരുനബി(സ) റുകൂഅ് ചെയ്തിരുന്നതെന്ന് മുസ്‌ലിം ഉദ്ധരിക്കുന്നുണ്ട്. “തക്ബീര്‍ ചൊല്ലുമ്പോള്‍ കൈകള്‍ രണ്ടും ചുമലിനു നേരേ ഉയര്‍ത്തിയിരുന്നു. വിരലുകള്‍ വിടര്‍ത്തിപ്പിടിച്ച് ഉളളം കൈകള്‍ കാല്‍മുട്ടില്‍ വെച്ചിരുന്നു. മുതുക് നേരെയാക്കിയിരുന്നു’ (അബൂദാവൂദ്, ബുഖാരി). കൈവിരലുകള്‍ കാല്‍മുട്ടില്‍ എത്തും വിധം കുനിഞ്ഞാല്‍ റുകൂആയി പരിഗണിക്കുകയില്ല. റുകൂഇല്‍ നിന്ന് ഉയര്‍ന്ന ശേഷം കൈവെള്ള കാല്‍മുട്ടിലെത്തും വിധം കുനിഞ്ഞിരുന്നോ ഇല്ലേ എന്നു സംശയിച്ചാല്‍ റുകൂഅ് മടക്കി നിര്‍വഹിക്കേണ്ടതുമാണ്. കൈവെള്ള കാല്‍മുട്ടില്‍ വെക്കാന്‍ ഉദ്ദേശിച്ചാല്‍ സാധിക്കും വിധം കുനിയലാണ് നിര്‍ബന്ധമുള്ളത്. കൈവെള്ള കാല്‍മുട്ടില്‍ വെക്കല്‍ നിര്‍ബന്ധമില്ല. എങ്കിലും അഭികാമ്യമാണ്. അംഗപ്പൊരുത്തമുള്ളവരുടെ കൈകളാണ് ഈ വിഷയത്തില്‍പരിഗണിക്കുന്നത്. കൈകള്‍ക്ക്നീളക്കൂടുതലുള്ളവര്‍, നീളക്കുറവുള്ളവര്‍ എന്നിവരുടെ കൈകള്‍ കാല്‍മുട്ടില്‍ എത്തുന്നുണ്ടോ ഇല്ലേ എന്നത് പരിഗണനീയമല്ല. റുകൂഇനായി കുനിയുന്നതു കൊണ്ട് റുകൂഅല്ലാത്ത മറ്റു കാര്യങ്ങള്‍ ലക്ഷ്യമാക്കാതിരിക്കല്‍ നിര്‍ബന്ധമാണ്. പാരായണത്തിന്റെ സുജൂദിനായി കുനിയുകയും റുകൂഇന്റെ പരിധിയിലെത്തിയപ്പോള്‍ റുകൂആക്കി മാറ്റുകയും ചെയ്താല്‍ സാധുവാകുകയില്ല. പാരായണത്തിന്റെ സുജൂദ് ഉപേക്ഷിക്കുന്നുവെങ്കില്‍ നിവര്‍ന്നുനിന്ന ശേഷമാണ് റൂകൂഇലേക്ക് പോകേണ്ടത്.
റുകൂഇനു വേണ്ടി കുനിയുമ്പോള്‍ തക്ബീര്‍ ചൊല്ലി ഇരുകൈകളും ചുമലിനു നേരെ ഉയര്‍ത്തുക, കുനിയല്‍ പൂര്‍ണമാകുന്നതു വരെ തക്ബീര്‍ നീട്ടി ഉച്ചരിക്കുക, മുതുക്, കഴുത്ത്, ശിരസ്സ് എന്നിവ ഒരു പലക കണക്കേ ഒരേ വിതാനത്തിലാക്കുക, ഒരു ചാണ്‍ അകലത്തിലായി ഇരുകാല്‍മുട്ടുകളും നിവര്‍ത്തിവെക്കുക, ഉള്ളം കൈകള്‍ രണ്ടും കാല്‍ മുട്ടിനു മീതെ വെക്കുക, (തുറന്നിട്ട നിലയിലും വിരലുകള്‍ അകത്തിപ്പിടിച്ചുമാണ് കൈകള്‍ വെക്കേണ്ടത്), പുരുഷന്മാര്‍ ഇരു പാര്‍ശ്വങ്ങളില്‍ നിന്നും കൈമുട്ടുകളും തുടയില്‍ നിന്ന് ഉദരവും അകറ്റി വെക്കുക, മറ്റുള്ളവര്‍ ചേർത്തുപിടിക്കുക, സുജൂദിന്റെ സ്ഥാനത്തേക്ക് നോക്കുക എന്നിവയെല്ലാം റുകൂഇന്റെ സുന്നത്തുകളാണ്.
വിരലുകള്‍ ഖിബ്‌ലയുടെ ദിശയില്‍ നിന്ന് വലത്തോട്ടോ ഇടത്തോട്ടോ തെറ്റാതെ വിടര്‍ത്തിയാണ് കാല്‍മുട്ടുകളില്‍ വെക്കേണ്ടത്. ജന്മനാ ഇരു ഹസ്തങ്ങളുമില്ലാത്തവര്‍ക്കും ശേഷം നഷ്ടപ്പെട്ടവര്‍ക്കും കൈവെള്ള കാല്‍മുട്ടില്‍ വെക്കുക എന്ന സുന്നത്ത് ബാധകമല്ല. കാല്‍മുട്ടുകളിലേക്കെത്താവുന്ന നീള മില്ലാത്ത കൃശഹസ്തനാണെങ്കില്‍ കൈകള്‍ തൂക്കിയിട്ടാല്‍ മതിയാകുന്നതാണ്. ഒരു കയ്യിന് മാത്രമാണ് നീളക്കുറവുള്ളതെങ്കില്‍ പ്രസ്തുത കൈ തുക്കിയിടുകയും നീളക്കുറവില്ലാത്ത കൈ ആ ഭാഗത്തെ കാല്‍മുട്ടില്‍ വെക്കുകയും വേണം. റുകൂഇല്‍ “സുബ്ഹാന റബ്ബിയല്‍ അളീം വ ബി ഹംദി ഹീ – മഹാനായ എന്റെ നാഥനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ മഹത്വം ഞാന്‍ വാഴ്ത്തുകയും ചെയ്യുന്നു’ എന്ന് പറയല്‍ സുന്നത്തുണ്ട്. ചുരുങ്ങിയത് ഒരു തവണയാണു പറയേണ്ടത്. മൂന്നുതവണ പറഞ്ഞാല്‍ ഏതാണ്ട് പൂര്‍ണമായി. പതിനൊന്നു തവണ പറയലാണ് പരിപൂര്‍ണരൂപം. ഒറ്റയ്ക്കു നിസ്‌കരിക്കുന്നവര്‍ക്കും ദീര്‍ഘിപ്പിക്കുന്നതില്‍ സന്തുഷ്ടരായ നിശ്ചിതയാളുകള്‍ക്ക് നേതൃത്വം നല്‍കുന്ന ഇമാമിനുമാണ് പതിനൊന്നു തവണ തസ്ബീഹ് സുന്നത്തുള്ളത്. ദീര്‍ഘിപ്പിക്കുന്നത് ഇഷടപ്പെടാത്തവര്‍ക്ക് ഇമാമായി നിസ്‌കരിക്കുന്ന ഇമാമിന് മൂന്നു തവണയാണ് സുന്നത്തുള്ളത്. അതില്‍ കൂടുതലാവാന്‍ പാടില്ല. മേല്‍ പറഞ്ഞ ഇമാമിനും ഒറ്റയ്ക്ക് നിസ്‌കരിക്കുന്നവര്‍ക്കും പതിനൊന്നു തവണ തസ്ബീഹ് ചൊല്ലിയ ശേഷം “സുബ്ഹാനകല്ലാഹുമ്മ വ ബി ഹംദിക അല്ലാഹുമ്മ ഗ്ഫിര്‍ ലീ- അല്ലാഹുവേ നിന്നെ സ്തുതിക്കുന്നുതോടൊപ്പം നിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. അല്ലാഹുവേ എന്നോട് പൊറുത്താലും’ എന്നു പറയലും ശേഷം ഇങ്ങനെ പ്രാര്‍ഥിക്കലും സുന്നത്താണ്. “അല്ലാഹുമ്മ ലക റകഅ്തു വബിക ആമന്‍തു. വലക അസ്‌ലംതു ഖശഅ ലക സംഈ വ ബസ്വരീ വ മുഖ്ഖീ വ അള്മീ വ അസ്വബീ വ ശഅ്രീ വ ബശരീ വമസ്തഖല്ലത് ബിഹീ ഖദമീ ലില്ലാഹി റബ്ബില്‍ ആലമീന്‍.’
തസ്ബീഹ്, ദിക്റുകളില്‍ നിന്ന് ഒന്നു മാത്രം എടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തസ്ബീഹ് മാത്രം കൊണ്ടുവരലാണ് ഉത്തമം. മൂന്നു തവണ തസ്ബീഹ് ചൊല്ലിയശേഷം അല്ലാഹുമ്മ ലക റകഅ്തു… എന്ന് തുടങ്ങുന്ന പ്രാര്‍ഥന കൊണ്ടുവരലാണ് പതിനൊന്നു തവണ തസ്ബീഹ് ആവര്‍ത്തിക്കുന്നതിലേറെ ഉത്തമം. പ്രത്യേക കാരണങ്ങളില്ലാതെ ഏറ്റവും ചുരുങ്ങിയ രൂപത്തിനുമേല്‍ റുകൂഇനെ പരിമിതപ്പെടുത്തുക, മുതുകിന്റെ വിധാനത്തെക്കാള്‍ ശിരസ്സ് കൂടുതല്‍ താഴ്ത്തുക എന്നിവയെല്ലാം റുകൂഇല്‍ അനഭിലഷണീയമായ കാര്യങ്ങളാണ്. ഖുര്‍ആന്‍ പാരായണം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ നിറുത്തം അല്ലാത്തിടങ്ങളില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും അഭിലഷണീയമല്ല. പ്രാര്‍ഥനയെന്ന ലക്ഷ്യത്തോടെ പ്രാര്‍ഥനയടങ്ങിയ ഖുര്‍ആന്‍ വചനങ്ങള്‍ റുകൂഇല്‍ കൊണ്ടുവരുന്നതിന് വിരോധമില്ല. ഇമാമിന്/ഒറ്റയ്ക്ക് നിസ്‌കരിക്കുന്നവന്സുജൂദിലെത്തിയ ശേഷം റുകൂഅ് നിര്‍വഹിച്ചിട്ടുണ്ടോ ഇല്ലേ എന്ന കാര്യത്തില്‍ സംശയം ജനിച്ചാല്‍ എത്രയും വേഗം നേരേനില്‍ക്കുകയും റുകൂഅ് നിര്‍വഹിക്കുകയുമാണ് വേണ്ടത്. സുജൂദില്‍ നിന്ന് നേരെ റുകൂഇലേക്ക് പോകല്‍ അനുവദനീയമല്ല. മഅ്മൂമിനാണ് സംശയം തോന്നിയതെങ്കില്‍ ഇമാം സലാം വീട്ടിയ ശേഷം ഒരു റക്അത് നിസ്‌കരിക്കുകയാണു വേണ്ടത്. റുകൂഇലേക്ക് മടങ്ങല്‍ അനുവദനീയമല്ല. അടുത്ത റക്അതിലെ റുകൂഇലെത്തിയ ശേഷമാണ് സംശയം ജനിച്ചതെങ്കില്‍ രണ്ടാം റുകൂഅ് ആദ്യ റുകൂഇന് പകരമാകുന്നതും അതിനിടയിലുള്ള കര്‍മങ്ങളെല്ലാം നിഷ്ഫലമാകുന്നതുമാണ്. അതിനാല്‍ റുകൂഅ് നഷ്ടമായ റക്അതിനു പകരം ഒരു റക്അതുകൂടി നിസ്‌കരിക്കേണ്ടതാണ്. കാല്‍മുട്ടുകള്‍ക്കു നേരെ നെറ്റി വരുന്ന വിധത്തില്‍ കുനിയുന്നതാണ് ഇരുന്നു നിസ്‌കരിക്കുന്നവരുടെ റുകൂഇന്റെ ഏറ്റവും ചുരുങ്ങിയ രൂപം. സുജൂദിന്റെ സ്ഥാനത്തിനുനേരെ നെറ്റി വരത്തക്കവണ്ണം കുനിഞ്ഞാല്‍ പൂര്‍ണരൂപമായി. കുറഞ്ഞ രൂപത്തില്‍ പോലും റുകൂഅ് ചെയ്യാന്‍ സാധിക്കാത്തവര്‍ കഴിയുംവിധം കുനിഞ്ഞുകൊണ്ട് റുകൂഅ് നിര്‍വഹിക്കണം. തീരെ കുനിയാന്‍ സാധിക്കാത്തവരാണെങ്കില്‍ റുകൂഇനായി ശിരസ്സു കൊണ്ടും അതിനും സാധിക്കാത്തവരാണങ്കില്‍ കണ്‍പോള കൊണ്ടും ആംഗ്യം കാണിക്കണം. അതിനു വയ്യാത്തവര്‍ റുകൂഅ് മനസില്‍ കൊണ്ടുവന്നാല്‍ മതിയാകും. റുകൂഇനു വേണ്ടിയുള്ള കുനിയലും റുകൂഇല്‍ നിന്നുള്ള ഉയര്‍ച്ചയും വേറിട്ടുനില്‍ക്കും വിധം അവയവങ്ങള്‍ നിശ്ചലമാകുകയും അടങ്ങുകയും ചെയ്യേണ്ടതാണ്. അവധാനതയോടെ നിര്‍വഹിക്കേണ്ട കര്‍മമാണ് റുകൂഅ്, അല്ലാത്തക്ഷം നിസ്‌കാരം നിഷ്ഫലമാകും.
ശരിയായ രീതിയില്‍ സുജൂദ്, റുകൂഅ് നിര്‍വഹിക്കാതെ നിസ്‌കരിക്കുന്ന ഒരാളെ കണ്ട ഹുദൈഫ(റ) പറഞ്ഞു: നീ ശരിയായ രീതിയില്‍ നിസ്‌കരിച്ചിട്ടില്ല. ഈ അവസ്ഥയില്‍ നീ മരണപ്പെടുകയാണങ്കില്‍ മുഹമ്മദ് നബി(സ) പഠിപ്പിച്ച ശുദ്ധപ്രകൃതിയിലായിരിക്കില്ല നിന്റെ മരണം സംഭവിക്കുന്നത്. തിരുനബി(സ) പറഞ്ഞു: “നിസ്‌കാരം കവര്‍ന്നുകൊണ്ടു പോകുന്നവനാണ് ഏറ്റവും ദുഷ്ടനായ കവര്‍ച്ചക്കാരന്‍.’ നിസ്‌കാരം എങ്ങനെയാണ് കവര്‍ന്നു കൊണ്ടുപോവുക എന്നു ചോദിച്ചപ്പോള്‍ തിരുനബി(സ) പറഞ്ഞു. “റുകൂഉം സുജൂദും വേണ്ട വിധം നിര്‍വഹിക്കാത്തവനാണ് നിസ്‌കാരം കവര്‍ന്നു കൊണ്ടു പോകുന്നവന്‍'(അഹ്മദ്, ദാരിമി).
ഇസ്ഹാഖ് അഹ്സനി
You must be logged in to post a comment Login