മോഹവും രോഗവും

മോഹവും രോഗവും

അല്ലാഹു പ്രപഞ്ചത്തെ സൃഷ്ടിച്ചു. സൃഷ്ടികളിൽ നിന്ന് ഉപദ്രവമുണ്ടാകാതെ ശരിയായ രീതിയിൽ പ്രയോജനം നേടുന്നതിനുള്ള മാർഗനിർദേശമായി ഇസ്‌ലാമിനെ നൽകി. മനുഷ്യനെ ആവശ്യസമയത്തു സഹായിക്കുക, മുതിർന്നവരെ ബഹുമാനിക്കുക, എല്ലാവർക്കും പൊറുത്തുകൊടുക്കുക, സഹജീവികളോട് ദയകാണിക്കുക, സത്യസന്ധത, ദേഷ്യം നിയന്ത്രിക്കുക ഇവയൊക്കെ ഇസ്‌ലാമിക ധാർമിക ഗുണങ്ങളിൽപ്പെടുന്നു. പക്ഷേ, ഇതിന്റെ പ്രാധാന്യവും പ്രസക്തിയും മനസ്സിലാക്കാൻ മനുഷ്യനു ബുദ്ധിമുട്ട് ഉണ്ടെന്നു ഞാൻ അടുത്തിടെ ഉണ്ടായ അനുഭവങ്ങൾ വെച്ചു മനസിലാക്കുന്നു.

എന്താണ് പവിത്രത? ഇതു ഒരു സ്ത്രീയ്ക്കുമാത്രം ആണോ. പുരുഷനു ബാധകമല്ലേ? ഒരു സ്ത്രീ തെറ്റുകാരിയാവുമ്പോൾ അവിടെ ഒരു പുരുഷനുമില്ലേ? വെർജിനിറ്റി എന്നു പറയുന്നത് ഒരാളുടെ ശരീരം മാത്രം അല്ല. മനസുകൂടി ആണ്. അത് കാത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്തം സ്ത്രീയ്ക്കു മാത്രം അല്ല, പുരുഷനുമുണ്ട്. പവിത്രത കാത്തു സൂക്ഷിക്കാൻ ശ്രദ്ധിക്കാതിരുന്നാൽ നമ്മൾ വലിയ അപകടത്തിൽ ആണ് പെട്ടുപോകുന്നത്. ഇതു തിരിച്ചറിയുമ്പോഴേക്ക് എല്ലാം നഷ്ടമായി കഴിഞ്ഞിരിക്കും. അത് ഒരു വ്യക്തിയെ മാത്രം അല്ല ബാധിക്കുന്നത്. ഒരു കുടുംബത്തെ, ഒരു സമൂഹത്തെ തന്നെ അത് നാശത്തിലാക്കും. എവിടെ, ആരിൽ നിന്നൊക്കെ, എപ്പോഴൊക്കെയാണ് നമ്മൾ തെറ്റിലേക്ക് പോകുന്നത്, മനസ്സിനെ എങ്ങനെ നിയന്ത്രിക്കാം, കാപട്യം എങ്ങനെ തിരിച്ചറിയാം?

തെറ്റ് എന്ന് അറിഞ്ഞിട്ടും, ഓരോ വാർത്തകളും ദിനേന മുന്നറിയിപ്പുകൾ നൽകിയിട്ടും വീണ്ടും അത്തരം തെറ്റുകളിലേക്കു ചെന്ന് വീഴുന്നത് എന്തുകൊണ്ടെന്നു എനിക്ക് മനസിലാവുന്നില്ല. അവസാനം കുറ്റബോധം ഉണ്ടാവുമ്പോൾ ചെയ്ത തെറ്റ് മനോഹരമായി ന്യായീകരിക്കാൻ അവർക്കു കഴിയുന്നു. ഭർത്താവിൽ നിന്ന് അവഗണന മാത്രമായിരുന്നു, സ്നേഹം ലഭിച്ചില്ല, അപ്പോൾ എന്നെ കേൾക്കാനും സ്നേഹിക്കാനും ഒരു സുഹൃത്തിനെ കിട്ടി. ഞാൻ തെറ്റു ചെയ്തു എന്ന് എനിക്കു തോന്നിയില്ല. അവസാനം അയാൾ വഞ്ചിച്ചു. എനിക്ക് ഇപ്പൊ എന്റെ ഭർത്താവിനെയും കുഞ്ഞുങ്ങളെയും വേണം എന്നൊക്കെ ഒടുവിൽ വന്നു പറയുന്നു. അവഗണനയും ദുഃഖവും മാത്രം ആണെങ്കിൽ എന്തിനാ അതു പറയാൻ വേറെ ഒരു പുരുഷനെ തന്നെ തേടുന്നു? അപ്പോൾ എന്തുകൊണ്ട് സ്വന്തം കുഞ്ഞുങ്ങളെ മറക്കുന്നു? അത്രയും ദുഃഖം ഉണ്ടെങ്കിൽ അതൊക്കെ ഒരു പുരുഷനു മാറ്റാൻ കഴിയുമോ? എല്ലാ ഭാരവും ദുഃഖവും റബ്ബിന്റെ മുന്നിൽ ഇറക്കിവെച്ചൂടേ? പൈശാചിക വഴി എന്തിനു തിരഞ്ഞെടുക്കുന്നു? പുരുഷന്മാരുടെ സ്നേഹം എന്ന ചോദ്യത്തിന് ഉത്തരം ശരീരം എന്നാകരുത്. ഇതൊരു ആസക്തിയാണ്. ഒഴിവാക്കിയാൽ അനാവശ്യ ഗർഭധാരണം, ശിശുഹത്യ, ആത്മഹത്യ, കൊലപാതകം, തകർന്ന കുടുംബം തുടങ്ങിയ ദുരിതങ്ങളൊക്കെ ഒഴിവാക്കാൻ സാധിക്കും. ഇതു മതഭേദമില്ലാതെ എല്ലാവർക്കും സംഭവിക്കുന്നു.
ഇസ്‌ലാം പവിത്രതയ്ക്കു ഉയർന്ന സ്ഥാനം നൽകുക മാത്രമല്ല, അശുദ്ധ ചിന്തകൾ പോലും ഉണ്ടാവരുതെന്നു ഉപദേശിച്ചുകൊണ്ട് നമ്മെ സംരക്ഷിക്കുന്നു. ലക്ഷ്യബോധമുള്ള ജീവിതം നയിക്കാൻ പ്രാപ്തരാക്കുക എന്നുള്ളതാണ് ഇസ്‌ലാമിന്റെ ലക്ഷ്യം. സ്രഷ്ടാവിനെ തിരിച്ചറിയാനും ആരാധിക്കാനും പഠിപ്പിക്കുന്നു. പക്ഷേ, ഇന്ന് പലരും അത് ചൂഷണം ചെയ്യുന്നു. സോഷ്യൽ മീഡിയ വഴി അറിവ്(ഇൽമ്) പ്രചരിപ്പിക്കുന്നു എന്ന പേരിൽ പണ്ഡിതന്മാരെന്നു പോലും മറന്നു തരംതാഴുന്നത് കാണുമ്പോൾ വേദന തോന്നുന്നു. നിങ്ങൾക്കു നേർപാതയിൽ നടക്കാൻ കഴിഞ്ഞില്ലെങ്കിൽ യുവ തലമുറയെ തിരുത്താൻ എങ്ങനെ കഴിയും? ഒരു മനുഷ്യായുസ്‌ മുഴുവനും റബ്ബിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന എത്രയോ വലിയ പണ്ഡിതൻമാരെയും മൺമറഞ്ഞ മഹദ്്വ്യക്തികളെയും ആദർശത്തെയും അവഹേളിച്ചു കൊണ്ട് സോഷ്യൽ മീഡിയയുടെ മറവിൽ കാണിച്ചുകൂട്ടുന്ന ചെയ്തികൾ അവസാനിപ്പിച്ചുകൂടേ? സ്വന്തം കുടുംബത്തെയും മറ്റൊരു കുടുംബത്തെയും വഞ്ചിക്കാം. പക്ഷേ, റബ്ബിന്റെ കണ്ണു മൂടാൻ കഴിയുമോ?

സ്ത്രീയായാലും പുരുഷനായാലും സ്വന്തം വ്യക്തിത്വം തിരിച്ചറിയണം. രൂപത്തിലും പെരുമാറ്റത്തിലും എളിമയുള്ളവരും മാന്യരും ആയിരിക്കണം.ആധുനിക സൗകര്യങ്ങൾ മറ്റൊരു ദുരന്തം ആവാതിരിക്കാൻ മുൻകരുതലെടുക്കുക. സെൽഫോണും സോഷ്യൽ മീഡിയകളും ദുർബലമായ മനസിനെ മോശം കൂട്ടുകെട്ടിൽ വീഴ്്ത്താതിരിക്കാനും, പ്രലോഭനങ്ങളിൽ കുടുങ്ങാതിരിക്കാനും നമ്മൾ ശ്രദ്ധിക്കണം. ഇത്തരം സൗകര്യം നമ്മൾ വളരെ ശ്രദ്ധയോടെ മാത്രം കൈകാര്യം ചെയ്യുക. അഴുക്കുചാലിലേക്ക് വലിച്ചെറിയാൻ നിന്നുകൊടുക്കാതിരിക്കുക. ഇപ്പോഴത്തെ ഇണയോടോ അല്ലെങ്കിൽ ഭാവി പങ്കാളിയോടോ നീതി പുലർത്തണം എന്ന് ആത്മാർഥമായി ചിന്തിക്കുക.നിങ്ങളുടെ ഇണയോടു സത്യസന്ധത, വിശ്വസ്ഥത പുലർത്താൻ കഴിഞ്ഞില്ലെങ്കിൽ റബ്ബിനോട് എങ്ങനെ സത്യസന്ധത, വിശ്വസ്ഥത പുലർത്താൻ കഴിയും? നിങ്ങളുടെ മനസ് പവിത്രമല്ലെങ്കിൽ ആരാധനയിൽ എന്ത് ആത്മാർഥതയാണുണ്ടാവുക? സ്വന്തം ഇണയ്ക്കു നൽകാൻ കഴിയുന്ന ഏറ്റവും മനോഹരമായ സമ്മാനം പവിത്രത അല്ലാതെ മറ്റൊന്നുമല്ല. ശാരീരികമായി മറ്റുള്ളവരെ ആകർഷിക്കാൻ പരമാവധി ഓരോ കാര്യങ്ങൾ ചെയ്യുമ്പോൾ പരിശുദ്ധമായ പെരുമാറ്റവും മനസ്സും കൊണ്ടാണ് മറ്റുള്ളവരോട് ഇടപെടേണ്ടത് എന്നോർക്കുക. മൃഗങ്ങളിൽ നിന്നും നമ്മെ വേർതിരിച്ചു നിർത്തുന്നത് ചിന്തിക്കാനുള്ള കഴിവാണ്. അല്ലാഹുവിൽനിന്ന് മനസ്സ് അകലാതിരിക്കാൻ ഈമാൻ മുറുകെപിടിക്കുക. പ്രലോഭനങ്ങളിൽ വീണുപോകാതെ റബ്ബ് സംരക്ഷിക്കും. “നമ്മുടെ പാതയിൽ പരിശ്രമിക്കുന്നവരെ തീർച്ചയായും നമ്മുടെ വഴികളിലേക്ക് നയിക്കും'(ഖുർആൻ: 29:70).

പൈശാചികപാത വളരെ ദുർബലമാണ്. എളുപ്പത്തിൽ നമ്മൾ വീണുപോകും. അതുകൊണ്ട് ആദ്യ ചുവടിലേ പിഴപ്പിക്കാതിരിക്കാൻ അല്ലാഹുവിന്റെ കാരുണ്യം തേടുക. എതിർലിംഗത്തിലുള്ള വ്യക്തിയുമായുള്ള കൂട്ടായ്മയും ഇരുട്ടിന്റെ മറവിൽ ഇരുന്നുള്ള ചാറ്റിങ്ങും വീഡിയോ കോളും അപകടകരമായ കാര്യങ്ങൾ ചെയ്യാൻ പ്രേരണയുണ്ടാക്കും. പകൽവെളിച്ചത്തിൽ മാന്യമായി ഇടപെടും. അല്ലാഹു രാത്രിയും പകലും സൃഷ്ടിച്ചത് വിശ്രമത്തിനും ആരാധനയ്ക്കും ആണ്. പൈശാചിക പാതയിൽ നടക്കുന്ന ഒരു പുരുഷൻ എന്നോട് പറഞ്ഞു, പുതിയ രുചികൾ തേടിയുള്ള യാത്രയിൽ ആണെന്ന്. ഇത്തരക്കാരോട് ഞാൻ പറയുന്നത്, അഭിരുചികൾ മടുക്കുമ്പോൾ അവസാനം പ്രായശ്ചിത്തം ചെയ്യാനുള്ള അവസരം കിട്ടിയില്ലെങ്കിൽ എന്തുചെയ്യും? അല്ലാഹുവിന് എന്ത് ഉത്തരം നൽകും?

മനോഹരമായ കാര്യങ്ങളിൽ സൗന്ദര്യം കാണുന്നില്ല എങ്കിൽ ഡോക്ടർക്കു എന്തോ കുഴപ്പം ഉണ്ടെന്നുപോലും പലരും എന്നോടു പറഞ്ഞിട്ടുണ്ട്. ലോകത്തിലെ മനോഹരമായ കാര്യങ്ങളിൽ ആനന്ദിക്കുന്നത് തെറ്റല്ല. അതിനൊക്കെ ചില നിയന്ത്രണം വേണം. ലൈംഗികത മോശമല്ല. പക്ഷേ, അതിനൊരു പവിത്രതയും ഉത്തരവാദിത്തവും ഉണ്ടെന്നുള്ള ബോധം മനസിൽ വേണം.

അനശ്വരമായ ആത്മാവുള്ള ഒരു പുതിയ ജീവനെ സൃഷ്ടിക്കാനുള്ള കഴിവ് നമ്മുടെ ശരീരത്തിലേക്കു തന്നുകൊണ്ട് അല്ലാഹു നൽകിയ കാരുണ്യമാണ് ലൈംഗികത. അതിന് ലക്ഷ്യവും പവിത്രതയുമുണ്ട്. അത് കുടുംബം തകർക്കാൻ വേണ്ടിയുള്ളതല്ല. പരിശുദ്ധനായ ഒരു വ്യക്തിക്കു ഇതു ദൈവത്തിന്റെ സൃഷ്ടിപരവും സ്വയം നൽകുന്നതുമായ സ്നേഹത്തെ പ്രതിഫലിപ്പിക്കുന്ന ഒരു മഹത്തായ സമ്മാനവും ഉത്തരവാദിത്തവും ആണ്.പുരുഷനായാലും സ്ത്രീയായാലും മോഹത്തോടെയുള്ള നോട്ടം പോലും മനസ്സുകൊണ്ട് നടത്തുന്ന വ്യഭിചാരമാണ്. മനോഹര സൗന്ദര്യമുള്ള ഒരാളെ കണ്ടാൽ ചിന്തിക്കണം; അവർ വെറും ശരീരം മാത്രമല്ലെന്ന്. മറിച്ചു അതൊരു വ്യക്തിയാണ്, ഒരിക്കൽ അവർ ഒരു കുഞ്ഞായിരുന്നു, അവർക്ക് മാതാപിതാക്കൾ ഉണ്ട്, അവർക്കൊരു കുടുംബം ഉണ്ട്, നാളെ ആരുടെയോ ഇണ ആകേണ്ടവരാണ്. അവർക്ക് കുഞ്ഞുങ്ങൾ ഉണ്ടാകാം, ആരുടെയെങ്കിലും സഹോദരിയോ സഹോദരനോ ആകാം. നാളെ ഒരു സമയം അവർ വൃദ്ധരാണ്. എല്ലാത്തിനുമുപരി അല്ലാഹുവിന്റെ മനോഹരമായ സൃഷ്ടിയാണ്, അവന് ആരാധിക്കാൻ സൃഷ്ടിക്കപെട്ടവർ, ഇത്തരത്തിൽ ചിന്തിച്ചാൽ അവരുടെ സുന്ദരമായ മുഖവും ആകൃതിയുള്ള ശരീരവും കാണാൻ കഴിയില്ല. ഇനിയും നിങ്ങളുടെ മുന്നിൽ കാപട്യവുമായി വരുമ്പോൾ സൂറ 33:32-34 വാക്യങ്ങൾ ഓർക്കുക: “”നിങ്ങൾ സംസാരിക്കുമ്പോൾ അത്ര സൗമ്യമായിപ്പോകരുത്. അത് ഹൃദയത്തിൽ രോഗമുള്ളവർക്ക് പ്രതീക്ഷയുണ്ടാക്കുകയും, അംഗീകൃതമായി സംസാരിക്കുകയും ചെയ്യും.” ഇതൊന്നും ഉണ്ടാകാതെയിരിക്കാൻ എപ്പോഴും അല്ലാഹുവിനെയും അവന്റെ റസൂലിനെയും ഓർക്കുക. ഉറപ്പായും നേർപാതയിൽ നടത്തും.

ഡോ. ഫാദില

You must be logged in to post a comment Login