ലോകമാകെഭീകരവാദത്തിന്നെതിരെ ജാഗ്രതയോടിരിക്കുമ്പോഴാണ് കാലിക്കറ്റ് സർവകലാശാല ആഗോള തീവ്രവാദത്തിന്റെ ഐഡിയോളജിയായ സലഫിസം പാഠ്യപദ്ധതിയിലേക്ക് തിരുകിക്കയറ്റിയിരിക്കുന്നത്. എം എ അറബിക് രണ്ടാം സെമസ്റ്റര്‍ പാഠപുസ്തകത്തില്‍ സലഫി ആചാര്യൻ ഇബ്‌നു അബ്ദുല്‍ വഹാബിനെയും വഹാബി പ്രസ്ഥാനത്തെയും മഹത്വവത്കരിക്കുന്ന പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. സമകാലിക അറബ് ലോകത്തിന്റെ ചരിത്രം ( History of contemporary Arab world) എന്ന വിഷയത്തിലുള്ള പുസ്തകത്തിലാണ് വിവാദ ഭാഗങ്ങളുള്ളത്. തീവ്രചിന്താഗതിയും ഇതര മതദ്വേഷവും പരത്തുന്ന റാഡിക്കല്‍ ഇസ്‌ലാമിസ്റ്റ് ആശയത്തെ വെള്ളപൂശാനുള്ള ബോധപൂർവമായ ശ്രമമാണ് വരികളിലുടനീളം കാണാനാകുന്നത്. മതത്തില്‍ കടന്നു കൂടിയ അരുതായ്മകള്‍ ഇല്ലാതാക്കി സമുദായത്തെ യഥാര്‍ത്ഥ വിശ്വാസത്തിലേക്ക് നയിച്ച നവോത്ഥാന നായകനായാണ് ഇബ്‌നു അബ്ദുല്‍ വഹാബിനെ പുസ്തകം പരിചയപ്പെടുത്തുന്നത്. പൂർവകാല സൂഫി പണ്ഡിതരുടെ മാതൃകയില്‍ ഇസ്‌ലാമിക പ്രബോധനം നടത്തിയ സലഫി ആചാര്യൻ മതത്തില്‍ പുതുതായി ഒന്നും ചേര്‍ത്തിട്ടില്ലെന്ന് ഗ്രന്ഥകാരന്‍ അവകാശപ്പെടുന്നു. ഇസ്്ലാമിലെ പാരമ്പര്യധാരയിൽപെട്ടവരുടെ അന്ത്യവിശ്രമസ്ഥാനങ്ങൾ പൊളിക്കുന്നത് ഖുര്‍ആനും സുന്നതും അനുസരിച്ചുള്ള പ്രവര്‍ത്തനമാക്കി വ്യാഖ്യാനിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്.
ആരാണ് ഇബ്‌നു അബ്ദുല്‍ വഹാബ്?
1703 ല്‍ അറേബ്യയിലെ ഉയയ്‌നയിലാണ് ഇബ്‌നു അബ്ദുല്‍വഹാബ് ജനിക്കുന്നത്. പിതാവ് വഹാബ് ഉയയ്നയിലെ ഖാളിയും സാത്വികനായ പണ്ഡിതനുമായിരുന്നു. മകനെ മക്കയിലേക്കും മദീനയിലേക്കും പഠനത്തിനായി അയച്ചു. വിഖ്യാത കര്‍മശാസ്ത്ര പണ്ഡിതന്‍ മുഹമ്മദ്ബ്‌നു സുലൈമാന്‍ അല്‍ കുര്‍ദി അടക്കമുള്ള പണ്ഡിതര്‍ ഇബ്‌നു അബ്ദുല്‍ വഹാബില്‍ ദുഷ്ടലക്ഷണം കണ്ടു. ഇയാളിലൂടെ ഭാവിയില്‍ ജനങ്ങള്‍ പിഴക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇക്കാര്യം മക്ക മുഫ്തിയായ സൈനി ദഹ്്ലാന്‍ ഖുലാസ്വതുല്‍ കലാമില്‍ രേഖപ്പെടുത്തുന്നുണ്ട്. പിന്നീട് ബസ്വറയില്‍ പഠിക്കാൻ ചെന്ന ഇബ്‌നു അബ്ദുല്‍ വഹാബ് നിരന്തരം കുതര്‍ക്കങ്ങളിലേര്‍പ്പെട്ടതോടെ പുറത്താക്കപ്പെട്ടു. തുടർന്ന് ഉയയ്നയില്‍ തിരിച്ചെത്തിയ ഇബ്‌നു അബ്ദുല്‍വഹാബ് കൂടുതൽ കിരാതമായ മതവ്യാഖ്യാനങ്ങൾ പ്രകടമാക്കി. തവസ്സുല്‍, ഇസ്തിഗാസ തുടങ്ങിയ പാരമ്പര്യ മുസ്‌ലിം അനുഷ്ഠാനങ്ങളെല്ലാം മതവിരുദ്ധമാണെന്നു തീർപ്പാക്കി. മതവിരുദ്ധതയെ തുടച്ചുനീക്കാൻ ഭീകരമായ വഴികളെ അദ്ദേഹം സാധൂകരിച്ചു. ശിര്‍ക്കില്‍ നിന്ന് ഏക ദൈവ വിശ്വാസത്തിലേക്ക് ആളുകളെ ബലമായി ചേർക്കുന്ന തേരാളിയായി സ്വയം അവരോധിച്ചു. പല മുസ്്ലിം പാരമ്പര്യ മതഗ്രന്ഥങ്ങളും കരിച്ചുകളയാനായിരുന്നു ഉഗ്രശാസന.
തീവ്രവാദ പ്രചാരണത്തിന് അധികാരം അനിവാര്യ ഘടകമാണെന്ന് മനസിലാക്കിയ ഇബ്‌നു അബ്ദുല്‍വഹാബ് ഉയയ്‌ന ഭരണാധികാരി ഉസ്മാന്‍ ബ്‌നു മുഅമ്മറിനെ സ്വാധീനിച്ചു. തന്നോടൊപ്പം നിന്നാല്‍ നജ്ദ് മുഴുവന്‍ അധികാര പരിധിയിലാക്കിത്തരുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. ഇബ്‌നു അബ്ദുല്‍ വഹാബിന് വേണ്ടത് ചെയ്തുകൊടുക്കാന്‍ ഉസ്മാനും തയാറായി. ഇതോടെ തേരോട്ടം തുടങ്ങി. ബഹുദൈവാരാധകരുടെ കേന്ദ്രം എന്ന് ആരോപിച്ച് നബി ശിഷ്യനായ സൈദ് ബിൻ ഖത്വാബിന്റെ(റ) അന്ത്യവിശ്രമസ്ഥാനം തകർത്തായിരുന്നു തുടക്കം. അയൽ പ്രവിശ്യകളിലെ ഭരണാധികാരികളുടെ നിസ്സഹകരണത്തെത്തുടർന്ന് ഉയയ്ന ഭരണാധികാരിക്ക് ഇദ്ദേഹത്തെ കൈയൊഴിയേണ്ടിവന്നു.
ദര്‍ഇയ്യ ഉടമ്പടി
ഉയയ്‌നയില്‍ നിന്ന് പുറത്തായതോടെ നശീകരണ പദ്ധതികൾക്ക് സാക്ഷാത്കാരം തേടി ദര്‍ഇയ്യ ഭരണാധികാരി മുഹമ്മദ് ബ്‌നു സുഊദിന്റെ കൊട്ടാരത്തിലെത്തി. 1744-ലായിരുന്നു ഈ സമാഗമം. ദര്‍ഇയ്യ അമീറായ മുഹമ്മദ് ബ്ന്‍ സുഊദും ഇബ്‌നു അബ്ദുല്‍വഹാബും തമ്മിലുള്ള സമാഗമം ചരിത്രമുഹൂര്‍ത്തമായാണ് യൂണിവേഴ്‌സിറ്റി പുസ്തകം രേഖപ്പെടുത്തിയിട്ടുള്ളത്. ജനങ്ങളുടെ വിശ്വാസ സംരക്ഷണത്തിനുള്ള കരാറായിരുന്നുവത്രെ ഇരുവരും തമ്മിലുള്ള ഉടമ്പടി.
അധികാരക്കൊതിയനായിരുന്നു മുഹമ്മദ് ബ്‌നു സുഊദ്. ഭരണകാര്യങ്ങള്‍ ഇബ്‌നു സുഊദിനും മക്കള്‍ക്കും മതകാര്യങ്ങളിലെ തീർപ്പുകൾ ഇബ്‌നു അബ്ദുല്‍വഹാബിനും മക്കള്‍ക്കുമായിരിക്കുമെന്ന് ഉടമ്പടിയിൽ പറയുന്നു. രാജ്യത്തെ ജനങ്ങളില്‍ നിന്ന് കരം പിരിക്കാനുള്ള അധികാരം ഇബ്‌നു അബ്ദുല്‍വഹാബിനില്ല. ഇബ്‌നു സുഊദ് മുന്നോട്ടുവെച്ച ഈ ആവശ്യം പൊതുനന്മക്കായി (കാര്യലാഭം) ഇബ്‌നു അബ്ദുല്‍വഹാബ് അംഗീകരിക്കുകയായിരുന്നുവെന്നും വഹാബി ചരിത്രകാരനായ ഡോക്ടര്‍ അബ്ദുല്ലാഹ് സ്വാലിഹ് ഉസൈമീന്‍ തന്റെ താരീഖു മംലകതുല്‍ അറബിയ്യയില്‍ പറയുന്നുണ്ട്. ഇതിനുപുറമെ ഇബ്‌നു അബ്ദുല്‍വഹാബിനെ ഉയയ്നയില്‍ നിന്ന് പുറത്താക്കാന്‍ കല്‍പിച്ച അഹിസാഅ ഭരണാധികാരി സുലൈമാനുബ്ന്‍ മുഹമ്മദിനോട് മുഹമ്മദ് ബ്ന്‍ സുഊദിന് കുടിപ്പകയുണ്ടായിരുന്നതായും ഈ പുസ്തകത്തിലുണ്ട്.
ഇബ്നു അബ്ദുൽവഹാബുമായി ഉടമ്പടി വെച്ചതോടെ ദര്‍ഇയ്യ പ്രവിശ്യ കൂടുതല്‍ ശക്തമായി. പ്രവാചകത്വ ലബ്ധിക്ക് സമാനമായ നേതൃത്വം ആഗ്രഹിച്ചിരുന്ന ഇബ്‌നു അബ്ദുല്‍വഹാബ് ദര്‍ഇയ്യയിലെ തന്റെ സഹായികളെ അൻസ്വാറുകളെന്ന് വിളിച്ചു. ഇവരെ ഉപയോഗിച്ച് സാമ്രാജ്യത്വ വിപുലീകരണത്തിന് ഇബ്‌നു സുഊദും പദ്ധതിയിട്ടു. പുതിയ ദര്‍ഇയ്യ രാഷ്ട്രത്തിൽ ചേരാന്‍ സമീപ പ്രവിശ്യ നേതാക്കള്‍ക്ക് സലഫീ ഭീകരന്മാർ ഭീഷണിക്കത്ത് നൽകി. വഴങ്ങാൻ വിസമ്മതിച്ച ഭരണാധികാരികള്‍ക്ക് നേരെ കിരാതമായ അക്രമണം അഴിച്ചുവിട്ടു.
സലഫീ ഭീകരന്മാർ പ്രവിശ്യകൾ വെട്ടിപ്പിടിക്കാൻ തുടങ്ങി. സലഫികളല്ലാത്ത സർവരും ബഹുദൈവാരാധകർ. അവരുടെ രക്തവും സമ്പത്തും നമുക്കുള്ളതാണെന്ന് വിധിയെഴുതി. വഹാബി ഭീകരര്‍ അവരെ കൊന്നുതള്ളി. സമ്പത്ത് അപഹരിച്ചെടുത്തു. രക്തം ചിന്താന്‍ അറപ്പില്ലാത്ത സലഫി/ വഹാബി ഭീകരരിലൂടെ ഇബ്‌നു സുഊദിന്റെ അധികാരം വിശാലമാവാന്‍ തുടങ്ങി. ആദ്യം നജ്ദ് ഉള്‍പ്പെടുന്ന കിഴക്ക് പൂർണമായും കീഴടക്കിയവർ പതിയെ അഹിസാഅ, ബഹറൈന്‍, ഒമാന്‍ കടന്ന് ബസ്വറയുടെ സമീപ പ്രദേശങ്ങള്‍ വരെ എത്തി. 1801 -ല്‍ കര്‍ബല അക്രമിച്ചു. കൂട്ടക്കൊല നടത്തി. ഹുസൈന്റെ(റ ) അന്ത്യവിശ്രമസ്ഥാനം തകര്‍ത്തു. മുഹമ്മദ് ബ്‌നു സുഊദിന്റെ മകനായ അബ്ദുല്‍ അസീസ് ബ്‌നു സുഊദും ശേഷം അധികാരത്തിലെത്തിയ സുഊദ്ബ്‌നു അബ്ദുല്‍ അസീസും വഹാബി പ്രചാരത്തിലൂന്നിയ രാഷ്ട്ര വിപുലീകരണത്തില്‍ മുന്നിട്ടു നിന്നു. മക്കയിലേക്കുള്ള പാത(The Road to Mecca)യില്‍ മുഹമ്മദ് അസദ് വഹാബികള്‍ തകര്‍ത്തെറിഞ്ഞ സാംസ്‌കാരിക സ്മാരകങ്ങളെ പരാമർശിക്കുന്നുണ്ട്.
ഉസ്മാനിയ ഖിലാഫതിന്റെ പതനം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് അനിവാര്യമായിരുന്നു. ഉസ്മാനിയ ഖിലാഫതിന് കീഴില്‍ മുസ്‌ലിംകള്‍ ഐക്യത്തോടെ നില്‍ക്കുന്നത് അറേബ്യന്‍ ഉപഭൂഖണ്ഡത്തിലേക്കും മറ്റു ഇസ്‌ലാമിക രാജ്യങ്ങളിലേക്കുമുള്ള ബ്രിട്ടീഷ് കടന്നുകയറ്റത്തിന് വെല്ലുവിളിയായിത്തീര്‍ന്നു. ഇബ്‌നു അബ്ദുല്‍വഹാബിന്റെ നേതൃത്വത്തില്‍ ദര്‍ഇയ്യ രാഷ്ട്രസ്ഥാപനമുണ്ടായപ്പോള്‍ ബ്രിട്ടീഷുകാര്‍ അകമഴിഞ്ഞ് സഹായിച്ചു. എതിരാളികളെ അമര്‍ച്ച ചെയ്യുന്നതിലും ബ്രിട്ടീഷ് സഹായമുണ്ടായി. തുര്‍ക്കി നേതൃത്വത്തിന് ഒരു തലവേദനയായി ദര്‍ഇയ്യയെ മാറ്റുന്നതില്‍ ബ്രിട്ടീഷുകാര്‍ വിജയിച്ചു.
(തുടരും)
ശനൂബ് ഹുസൈന്‍ കരിമ്പ
You must be logged in to post a comment Login