ഇമാം റാസി(റ) തന്റെ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥത്തിന്റെ തുടക്കത്തില്‍ തന്നെ പറയുന്നത് ശ്രദ്ധേയമാണ്; ഖുര്‍ആനിലെ ഏറ്റവും ചെറിയ അധ്യായങ്ങളിലൊന്നായ സൂറത്തുല്‍ ഫാതിഹയില്‍ നിന്നുമാത്രം പതിനായിരം കാര്യങ്ങള്‍ ഗവേഷണം ചെയ്ത് പറയാന്‍ അദ്ദേഹം സന്നദ്ധനാണത്രെ. ഇങ്ങനെയും ഇതിലപ്പുറവും ഖുര്‍ആന്‍ വ്യാഖ്യാനിക്കാനുള്ള കഴിവു വെളിപ്പെടുത്തിയവര്‍ മുസ്‌ലിംലോകത്ത് ധാരാളം കഴിഞ്ഞുപോയിട്ടുമുണ്ട്. വിശുദ്ധ ഖുര്‍ആനു മാത്രം ആയിരക്കണക്കിന് വ്യാഖ്യാന ഗ്രന്ഥങ്ങള്‍ ലോകത്ത് വരികയും ചെയ്തു. ഓരോന്നും പലനിലക്കും മറ്റുള്ളവയില്‍ നിന്നും വ്യതിരിക്തമായിരുന്നു. ഇതില്‍ ധാരാളം വ്യാഖ്യാനഗ്രന്ഥങ്ങള്‍ക്ക് വീണ്ടും വ്യാഖ്യാനങ്ങള്‍ വരികയുണ്ടായി. ഇവയ്ക്ക് അറബി ഭാഷയില്‍ പൊതുവെ പ്രയോഗിക്കാറുള്ളത് “ഹാശിയ’ എന്നാണ്. അഥവാ വ്യാഖ്യാനങ്ങള്‍ക്ക് വ്യാഖ്യാനങ്ങള്‍.
ഖുര്‍ആന്‍ തുടങ്ങുന്നത് “ബ’ എന്ന അറബി അക്ഷരം കൊണ്ടാണ്. ഈ ഒരൊറ്റ അക്ഷരത്തെ മാത്രം പരശ്ശതം താളുകളില്‍ വ്യാഖ്യാനിച്ച ധാരാളം പണ്ഡിതന്മാരെ കാണാം. തുടര്‍ന്നുള്ള ഓരോ അക്ഷരവും വാക്കും വാക്യവുമെല്ലാം ചിന്തിക്കുന്ന ലോകത്തെ വിസ്മയിപ്പിച്ചു. ഖുര്‍ആന്‍ അവതരിച്ചത് അറബി ഭാഷയിലാണ്. അറബി അറിയുന്നവര്‍ ഈ ഗ്രന്ഥം മാനുഷികമല്ലെന്ന് സമ്മതിച്ചു. പരിഭാഷപ്പെടുത്താനും വ്യാഖ്യാനിക്കാനും ശ്രമിച്ചവരെല്ലാം അതിന്റെ അനന്തമായ അസാധാരണത്വം സമ്മതിച്ചു. അതിലപ്പുറം അത്ഭുതം അനേകം യുഗങ്ങള്‍ കഴിഞ്ഞിട്ടും ഖുര്‍ആനിലെ ഒരക്ഷരം പോലും മാറ്റാതെ നില്‍ക്കുന്നുവെന്നതു തന്നെയാണ്. പേജുകളില്‍ മാത്രമല്ല; പതിനായിരങ്ങളുടെ ഹൃദയങ്ങളിലും ഈ ഗ്രന്ഥം സജീവമാണ്.
മുഹമ്മദ് റസൂല്‍(സ്വ) ഇരുപത്തിമൂന്നു വര്‍ഷങ്ങളാണ് പ്രബോധനം നടത്തിയത്. കൃത്യമായി പറഞ്ഞാല്‍ എണ്ണായിരത്തിലധികം ദിവസങ്ങള്‍ മാത്രം. ഇതിനിടയില്‍ ശിഷ്യന്മാര്‍ ഖുര്‍ആന് പുറമെ പത്തുലക്ഷത്തിലധികം വചനങ്ങള്‍ (ഹദീസുകള്‍) ശേഖരിച്ചുവെച്ചു. എല്ലാം അടുത്ത തലമുറയിലേക്കും അതിനടുത്ത തലമുറയിലേക്കും കൈമാറി. മുസ്‌ലിംലോകത്തെ ധാരാളം പണ്ഡിതന്മാര്‍ ഇതെല്ലാം മനഃപാഠമാക്കുകയും സമൂഹത്തിനു വ്യത്യസ്തമായ രീതിയില്‍ കൈമാറുകയും ചെയ്തു. ഇന്നും പതിനായിരക്കണക്കിന് നബിവചനങ്ങള്‍ നൂറുകണക്കിന് ഗ്രന്ഥങ്ങളിലായി നിലനില്‍ക്കുന്നു. ഇവയ്ക്കുള്ള വ്യാഖ്യാന ഗ്രന്ഥങ്ങള്‍ അസംഖ്യമാണ്. അതില്‍ ഓരോ വചനവും റസൂലില്‍നിന്നും(സ്വ) ആര് കേട്ടുവെന്നു തുടങ്ങി നമ്മുടെ കൈകളിലേക്ക് എത്തിയതുവരെയുള്ള മുഴുവന്‍ ആളുകളുടെയും ചരിത്രം ലഭ്യമാണ്. ഇതിനാണ് “സനദ്’ എന്ന് പറയുക. സനദ് ഇല്ലാത്ത ഒരു ഹദീസും സ്വീകാര്യമല്ല തന്നെ. റസൂലില്‍നിന്നും(സ്വ) പണ്ഡിതന്മാരിലേക്ക് ഒരു ഹദീസ് എത്തുന്നതിനിടയില്‍ കണ്ണിമുറിയാതെ കൈമാറിയ പതിനായിരങ്ങളുണ്ടെന്ന് ചുരുക്കം. ഇവരെക്കുറിച്ച് വിശദമായ പഠനങ്ങള്‍ നടന്നിട്ടുണ്ട്. അതടിസ്ഥാനത്തില്‍ ഓരോ വ്യക്തിയും നൂറു ശതമാനം സത്യസന്ധനും വിശ്വസ്തനുമാണെന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രമാണ് ഒരു ഹദീസ് റസൂല്‍(സ്വ) പറഞ്ഞുവെന്ന് ഉറപ്പുവരുത്തുന്നത്. ലോകത്ത് മറ്റൊരു വിഷയത്തിനും നല്‍കാത്ത ആധികാരികതയും സൂക്ഷ്മതയും നല്‍കുന്നുവെന്ന് സാരം. ഇതേ ശൈലിയിലും സൂക്ഷ്മതയോടും കൂടിത്തന്നെ അവിടുത്തെ ശരീര പ്രകൃതിയും അനുബന്ധവസ്തുക്കളും ശേഖരിച്ചു. പൊതുവേ അവയ്ക്ക് ശമാഇല്‍ എന്നാണ് വിളിക്കപ്പെടുന്നത്. താടിയുടെയും മുടിയുടെയും നീളം, കൈവിരലുകളുടെയും കാലുകളുടെയും നീളവും വണ്ണവും, നരച്ച മുടി, കണ്ണുകളുടെയും മൂക്കിന്റെയും വലുപ്പവും ഭംഗിയും തുടങ്ങി ഒരു മനുഷ്യന്റെ ശരീരത്തില്‍ അടയാളപ്പെടുത്താന്‍ കഴിയുന്ന മുഴുവന്‍ കാര്യങ്ങളും അടയാളപ്പെടുത്തി. റസൂലിന്റെ ഭാര്യമാരില്‍ യുവതിയായിരുന്ന ആഇശ ബീവി മുഖേന റസൂലിന്റെ(സ്വ) ദാമ്പത്യ- സ്വകാര്യ ജീവിതങ്ങള്‍ വരെ സമൂഹത്തിനു ലഭിക്കുകയും പഠിപ്പിക്കുകയും ചെയ്തു.
ഒരു മനുഷ്യന്‍ സമൂഹത്തിനു പരിചയപ്പെടുത്തിയ ഗ്രന്ഥത്തിനു ആയിരക്കണക്കിന് വ്യാഖ്യാനങ്ങള്‍ കോടിക്കണക്കിനു പേജുകളിലായി വരുന്നു; അതിന്റെ ഓരോ അക്ഷരവും വ്യാഖ്യാനിക്കപ്പെടുന്നു; ലക്ഷോപലക്ഷം മനുഷ്യര്‍ അത് മനഃപാഠമാക്കുന്നു; ചുരുങ്ങിയ കാലത്തിനുള്ളില്‍ ഒരു മനുഷ്യന്റെ പത്തുലക്ഷത്തിലധികം വചനങ്ങള്‍ ശേഖരിക്കുന്നു, മനഃപാഠമാക്കുന്നു, കൈമാറുന്നു, ആധികാരികത ഉറപ്പുവരുത്തുന്നു, ഓരോ ചലനവും നിശ്ചലനവും ശ്രദ്ധിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നു; ശരീരവും നടത്തവും ഇരുത്തവും സ്വകാര്യ ജീവിതം വരെയും അടയാളപ്പെടുത്തുന്നു- ഇങ്ങനെയുള്ള നൂറുകണക്കിന് കാര്യങ്ങളാണ് ബുദ്ധിയുള്ള സമൂഹം ഏറെ ചിന്തകള്‍ക്കു വിധേയമാക്കേണ്ടത്. മനുഷ്യനു മാത്രം നല്‍കിയതാണ് വിശേഷബുദ്ധിയെന്നു പരിചയപ്പെടുത്തിയ മുഹമ്മദ് റസൂലും (സ്വ) വിശുദ്ധ ഖുര്‍ആനും ചിന്തിക്കുന്ന സമൂഹത്തെ എപ്പോഴും അഭിസംബോധന ചെയ്തു. ചിന്തിക്കാന്‍ ആഹ്വാനം ചെയ്തു. ചിന്ത പണയപ്പെടുത്തിയവര്‍ക്ക് സത്യം മനസ്സിലാക്കാന്‍ പ്രയാസം നേരിടുമെന്നുണര്‍ത്തി. ഈ ആഹ്വാനം ചെവികൊണ്ട് ഓരോ നിമിഷവും ചിന്തിക്കുകയും സത്യം കണ്ടെത്തുകയും ചെയ്യുന്നവരാണ് ഇസ്്‌ലാമിന്റെ എക്കാലത്തെയും ഏറ്റവും വലിയ ആസ്തി. മനസ്സില്‍ പൂര്‍ണമായും ബോധ്യപ്പെടാതെയും സത്യമാണെന്ന് ഉറച്ചുവിശ്വസിക്കാതെയും ഒരാള്‍ മുസ്്‌ലിമാകില്ല എന്ന് ഇസ്്‌ലാം നിഷ്കര്‍ഷിച്ചതും ഇക്കാരണം കൊണ്ടുതന്നെയാണ്. അത് ഇസ്്‌ലാമിന്റെ മാത്രം പ്രത്യേകതയുമാണ്. മനസ്സില്‍ വിശ്വാസമില്ലാതെ, പ്രലോഭിപ്പിച്ചോ പ്രകോപിപ്പിച്ചോ ഈ മതത്തിലേക്ക് ഒരാള്‍ വന്നാല്‍ അയാള്‍ വിശ്വാസിയാകില്ല. ഇതു പുറത്തുപറയാന്‍ ധൈര്യം വരുന്നത് തന്നെ ബുദ്ധിയും ചിന്താശേഷിയുമുള്ള സമൂഹത്തെ അഭിസംബോധന ചെയ്യാന്‍ ഈ മതം പര്യാപ്തമാണെന്നതുകൊണ്ട് കൂടിയാണ്. സമ്മാനങ്ങള്‍ വാരിവിതറിയും പണം നല്‍കിയും സ്നേഹം അഭിനയിച്ചും ആയുധം കാണിച്ചും ആക്രമിച്ചും മതങ്ങളുടെ വ്യാപ്തി കൂട്ടാനുള്ള ശ്രമങ്ങള്‍ ലോകത്ത് ഇന്നത്തെപോലെത്തന്നെ എന്നും നടന്നിട്ടുണ്ട്. അവയ്ക്കിടയില്‍ ഇസ്‌ലാമിനെ വേറിട്ടുനിര്‍ത്തുന്ന വലിയൊരു ഘടകം അതിന്റെ തണലിലേക്ക് വരാന്‍ വളഞ്ഞ വഴിയില്ല എന്നതാണ്.
ലോകത്ത് ധാരാളം മതങ്ങളുണ്ട്. ഈ മതങ്ങളുടെ ആധികാരികനേതാവിനെയും പറയപ്പെടാറുണ്ട്. അവരൊക്കെ ജീവിച്ചതിനോ മരിച്ചതിനോ ഒരു തെളിവുമില്ലെന്നതാണ് യാഥാർത്ഥ്യം. എല്ലാം കഥകളും ഐതിഹ്യങ്ങളും വിശ്വാസങ്ങളുമായി പരിചയപ്പെടുത്തുന്ന ലോകത്ത് മുഹമ്മദ് റസൂല്‍ (സ്വ) ജീവിച്ച ഓരോ നിമിഷവും രേഖപ്പെടുത്തിയെന്നതാണ് ചിന്താവിധേയമാക്കേണ്ടത്. എന്തുകൊണ്ട് മുഹമ്മദ് റസൂല്‍ (സ്വ), എന്തുകൊണ്ട് ഇസ്‌ലാം എന്നതിന് മറുപടികൂടിയാണിത്. ഒരു മനുഷ്യന്റെ ഏറ്റവും വലിയ സമ്പൂർണതയെ അടയാളപ്പെടുത്തിയാണ് അവിടുന്ന് ജീവിച്ചത്. മനുഷ്യത്വത്തിന്റെ മുഴുവന്‍ ജാലകങ്ങളും തുറന്നുവെച്ചാണ് പ്രവര്‍ത്തിച്ചത്. കാരുണ്യത്തിന്റെ മുഴുവന്‍ കവാടങ്ങളും മലര്‍ക്കെത്തുറന്നാണ് സമൂഹത്തെ ഉദ്ബുദ്ധരാക്കിയത്. ഇസ്‌ലാമിന്റെ ആകെത്തുക ഈ കാരുണ്യവും സ്നേഹവുമാണ്-മനുഷ്യനോട് മാത്രമല്ല, പ്രപഞ്ചത്തോട് മുഴുവനായുമുള്ള കാരുണ്യം. ഈ കാരുണ്യം വറ്റിയ മനസ്സ് ഇസ്്‌ലാമിന്റെ മനസ്സല്ല. അവരുടെ താല്പര്യങ്ങള്‍ ഇസ്‌ലാമികവുമല്ല. മറ്റേതു വ്യക്തിയെപ്പോലെയും മുഹമ്മദ് റസൂലിനെ (സ്വ) ആഴത്തില്‍ നിഷ്പക്ഷമായി പഠിക്കുമ്പോള്‍ ഇതുബോധ്യപ്പെടും. നിഷ്പക്ഷപഠനമാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ ക്വാളിറ്റിയെന്ന് പറയുന്നത് വെറുതെയല്ലല്ലോ.
മനുഷ്യനുചില വിശ്വാസങ്ങളില്ലാതെ ജീവിക്കാന്‍ സാധ്യമേയല്ല. വിശ്വാസം മനുഷ്യരുടെ കൂടെപ്പിറപ്പാണ്. ചിലര്‍ മതത്തെ വിശ്വാസമാക്കുമ്പോള്‍ മറ്റുചിലര്‍ മതമില്ലായ്മയെ വിശ്വാസമായി സ്വീകരിക്കുന്നു. അഥവാ മതമില്ലായ്മയെ ഒരു മതമായി കണ്ട് അതു വിശ്വസിക്കുന്നു. ഇങ്ങനെയുള്ള വിശ്വാസ സംഹിതയും ജീവിക്കാനുള്ള മാർഗരേഖയുമാണ് ഒരു മതം. ഈ മതം ഓരോ അനുയായിയുടെയും ഓരോ നിമിഷവും ശ്രദ്ധിക്കുന്നതും അഭിമുഖീകരിക്കുന്നതുമാവണം. മതത്തിന്റെ പരിധിക്കപ്പുറം മാന്യമായി ജീവിക്കാന്‍ മറ്റൊരു ആശ്രയം കണ്ടെത്തുമ്പോള്‍ സമ്പൂര്‍ണമായ മതമായി പ്രസ്തുത മതത്തെ കാണാന്‍ സാധിക്കില്ല. ജീവിതത്തില്‍ മതത്തിനും മതമില്ലായ്മക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്നത് മതങ്ങളുടെ പോരായ്മയായി മാത്രമേ ഗണിക്കാവൂ. ഇവിടെയാണ് ഇസ്്‌ലാമും മുഹമ്മദ് റസൂലും (സ്വ) കൂടുതല്‍ പ്രസക്തമാകുന്നത്. ലോകത്തുള്ള മുഴുവന്‍ സാഹചര്യങ്ങളെയും മുഴുവന്‍ വ്യക്തികളെയും മുഴുവന്‍ പ്രതിഭാസങ്ങളെയും മുഴുവന്‍ ചെയ്തികളെയും അഭിമുഖീകരിക്കാന്‍ ഇസ്്‌ലാമിനു സാധിച്ചു. ഒരു മുസ്‌ലിം, മുസ്‌ലിമായിത്തന്നെ എവിടെയും എപ്പോഴും ജീവിക്കാനുള്ള നിയമസംവിധാനമൊരുക്കി. ചില ആരാധനകളോ അന്ധമായി വിശ്വസിക്കേണ്ട ഐതിഹ്യങ്ങളോ പരിചയപ്പെടുത്തുന്നതിനു പകരം, ഓരോ പ്രവൃത്തിയും ഇസ്്‌ലാമികമാകാനുള്ള വിശാലമായ നിയമസംവിധാനമാണ് ഇസ്്‌ലാം നല്‍കിയത്. മനുഷ്യനു ജീവിക്കാന്‍ ചില നിയമങ്ങള്‍ വേണമെന്ന് ലോകം ചിന്തിക്കുന്നതിന്റെ നൂറ്റാണ്ടുകൾക്കു മുമ്പായിരുന്നു ഇതെല്ലാം. വളരെ സന്തോഷകരമെന്നു പറയട്ടെ, ലോകത്ത് നിയമസംവിധാനങ്ങള്‍ പരിചയപ്പെടുത്തിയവരെല്ലാം പിന്നീട് ഒളിഞ്ഞും തെളിഞ്ഞും മുഹമ്മദ് റസൂല്‍ (സ്വ) പരിചയപ്പെടുത്തിയ നിയമങ്ങള്‍ പകർത്തിയെടുക്കുകയായിരുന്നു. കോടതികളില്‍ വരെ അറബി പദങ്ങള്‍ മനഃപൂര്‍വമല്ലാതെ കടന്നുവരാനുള്ള കാരണവും മറ്റൊന്നായിരിക്കില്ല. നൂറ്റാണ്ടുകൾക്കു മുമ്പ് ഇസ്്‌ലാം കൃത്യമായി എഴുതി വെച്ചതിനപ്പുറം ഒന്നും ആവിഷ്‌കരിക്കാനില്ലാതെ ആധുനിക നിയമശാസ്ത്രം മാറിയിടത്തുനിന്നാണ് ഒരു മനുഷ്യനെയും സമൂഹത്തെയും നയിക്കാന്‍ ഈ മതവും നേതാവും എത്രമാത്രം പര്യാപ്തമാണെന്നു ബോധ്യപ്പെടുക.
പ്രപഞ്ചമാണ് മുഹമ്മദ് റസൂലിന്റെ(സ്വ) പ്രമേയം. പ്രപഞ്ചത്തിലെ ഓരോ വസ്തുവിനും അനുഗുണമായതാണ് അവിടുന്ന് പഠിപ്പിച്ചത്. ഇതില്‍ മനുഷ്യരെ പ്രധാനമായിക്കണ്ടു. ഓരോ മനുഷ്യനും ആവശ്യമുള്ളതെല്ലാം സംവിധാനിക്കുകയും പരിചയപ്പെടുത്തുകയും ചെയ്തു. ഇതില്‍ ഏറ്റവും പ്രധാനമായത് മനുഷ്യന്റെ അവകാശങ്ങള്‍ തന്നെയായിരുന്നു. മനുഷ്യര്‍ക്ക്/ മനുഷ്യന് അവകാശമുണ്ടെന്ന് ലോകം ചിന്തിക്കുന്നതിന്റെ ഒരു സഹസ്രാബ്ദം മുമ്പാണ് ഇവയൊക്കെ നടന്നത്. ലോകത്തുള്ള സകല ജനങ്ങളും അല്ലാഹുവിന്റെ മുമ്പില്‍ സമന്മാരാണെന്നു പ്രഖ്യാപിക്കുക വഴി മുഴുവന്‍ ഉച്ചനീചത്വങ്ങളും അപ്രമാദിത്വവും നിഷ്‌കാസനം ചെയ്തു. സ്ത്രീകളെയും അടിമകളെയും മനുഷ്യത്വത്തിന്റെ ഏറ്റവും വലിയ അടയാളങ്ങളായി പ്രതിഷ്ഠിച്ചു. ഏറ്റവും കൂടുതല്‍ മഹതികളെയും സ്ത്രീ നേതൃത്വങ്ങളെയും പരിചയപ്പെടുത്തിയ മതമായി ഇസ്‌ലാം മാറി. അടിമകളില്‍നിന്നുതന്നെ നൂറുകണക്കിന് നേതാക്കന്മാര്‍ ഇസ്‌ലാമില്‍ വളര്‍ന്നുവന്നു. കൂടാതെ, അന്യരുടെ സ്വകാര്യതയും സമ്പത്തും പവിത്രമായി പരിചയപ്പെടുത്തി. ചാരപ്പണിയും അധിനിവേശവും ഒളിച്ചുകടത്തുമെല്ലാം അതികഠിനമായ തെറ്റുകളാണെന്ന് വിധിയെഴുതി. മുസ്്‌ലിം സമൂഹം പൂര്‍ണമായും അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്ന് ആഹ്വാനം ചെയ്യുകയും നടപ്പില്‍ വരുത്തുകയും ചെയ്തു. അധിനിവേശത്തിന്റെ മറവില്‍ മതം വളര്‍ത്താനുള്ള ത്വരയല്ല അവിടുന്ന് പഠിപ്പിച്ചത്. രാഷ്ട്രീയാധികാരം സ്വായത്തമാക്കി മതം പ്രചരിപ്പിക്കാനും ആഹ്വാനം ചെയ്തില്ല. മക്കയുടെ അധികാരം വെച്ചുനീട്ടിയിട്ടും അധികാരം കൈയിലാക്കി മതം ഒളിച്ചുകടത്താമെന്നല്ല അവിടുന്ന് തീരുമാനിച്ചത്. സത്യം മനസ്സിലാക്കി വരുന്നവരെ മാത്രം സ്വീകരിക്കുകയായിരുന്നു. പ്രബോധനം നടത്തിയ ഇരുപത്തിമൂന്നു വര്‍ഷവും മത സ്വാതന്ത്ര്യത്തിനു വേണ്ടിയാണു ശബ്ദിച്ചത്. മക്കയിലെ പ്രമാണിമാര്‍ പറയുന്നതേ വിശ്വസിക്കാവൂ എന്ന അഹങ്കാരവും ധാര്‍ഷ്ട്യവും നിറഞ്ഞ സംവിധാനത്തിനെതിരെയാണ് പൊരുതിയത്.
മറ്റുമതങ്ങളെയും ആരാധ്യ പുരുഷരെയും വസ്തുക്കളെയും കടന്നാക്രമിച്ചും ചീത്തവിളിച്ചും അനാവശ്യ ഫോബിയകള്‍ സൃഷ്ടിച്ചുമല്ല പ്രബോധനം നടത്തിയത്. എന്നല്ല, അതെല്ലാം വിലക്കുകയും ചെയ്തു. മറ്റു മതങ്ങളെയും ആരാധ്യവസ്തുക്കളെയും ചീത്തവിളിക്കുന്നത് കഠിനമായി വിലക്കി. എല്ലാവരെക്കുറിച്ചും പരമാവധി നല്ലതുമാത്രം വിശ്വസിക്കാന്‍ പഠിപ്പിച്ചു. അത് പുണ്യകര്‍മമാണെന്നു തെര്യപ്പെടുത്തി. അതേസമയം തനിക്ക് സത്യമാണെന്നു ബോധ്യപ്പെട്ടത് സത്യസന്ധമായി പ്രചരിപ്പിക്കാന്‍ പ്രേരിപ്പിച്ചു. സത്യമല്ലാത്തതോ, സത്യസന്ധമല്ലാത്ത വഴിയോ സ്വീകരിക്കുന്നത് കഠിനമായി വിരോധിച്ചു. ലക്ഷ്യം മാത്രമല്ല വഴികൂടി സംശുദ്ധമാകണമെന്ന് നിരന്തരം ഉണര്‍ത്തി. സത്യം ബോധ്യപ്പെട്ടവരെ മാത്രം സ്വീകരിക്കുന്ന ഒരു നേതാവിനും മതത്തിനും ഇതിലപ്പുറം ഒരു നയവും നിലപാടും ഉണ്ടാകില്ല താനും. മറ്റു മതങ്ങള്‍ക്കെതിരെ ചാരവൃത്തിയും ഫോബിയകള്‍ സൃഷ്ടിച്ചും അധിനിവേശത്തിന്റെ മറവില്‍ പ്രകോപിപ്പിച്ചും പ്രലോഭിപ്പിച്ചും മതപരിവര്‍ത്തനം നടത്താനും ഇസ്്‌ലാമും മുസ്‌ലിംകളും ഒരിക്കലും സന്നദ്ധമാകാതിരിക്കാനുള്ള കാരണവും ഇതുതന്നെയാണ്. ഇസ്്‌ലാം നേരിടുന്ന വെല്ലുവിളികളെയും ശത്രുതകളെയും അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഒരു മുസ്‌ലിമും തയാറാകാതിരിക്കുന്നതും മുഹമ്മദ് നബിയെ(സ്വ) അനുകരിക്കുന്നതുകൊണ്ടു മാത്രമാണ്.
മനുഷ്യ സമൂഹത്തിന് എപ്പോഴും ഒരു നേതാവ് ആവശ്യമാണ്. നേതാവായി ആരെ തിരഞ്ഞെടുക്കണമെന്നതാണ് ഓരോ മനുഷ്യന്റെയും പ്രധാന ഉത്തരവാദിത്വം. സമ്പൂർണ മനുഷ്യനായി ജീവിച്ച്, മനുഷ്യത്വത്തിന്റെ മുഴുവന്‍ പടവുകളും കയറിയ ഒരു മനുഷ്യനെ നേതാവായി സ്വീകരിക്കണോ എന്നത് ബുദ്ധിയുള്ള മനുഷ്യര്‍ക്ക് രണ്ടുവട്ടം ചിന്തിക്കേണ്ടാത്ത ചോദ്യമാണ്. പതിനായിരക്കണക്കിനു ഗ്രന്ഥങ്ങളില്‍ ചരിത്രം രേഖപ്പെടുത്തപ്പെട്ട, ലക്ഷോപലക്ഷം ഗ്രന്ഥങ്ങളില്‍ അധ്യാപനങ്ങള്‍ കുറിച്ചുവെച്ച, കോടിക്കണക്കിനു മനുഷ്യരുടെ ജീവിതം ഓരോ നിമിഷവും നിയന്ത്രിക്കുന്ന ഒരു നേതാവിനെ നേതാവായി സ്വീകരിക്കണോ എന്ന് ബുദ്ധിയുള്ളവരാണ് ചിന്തിക്കേണ്ടത്. അതുകൊണ്ട് ബുദ്ധിയും വിവേകമുള്ളവര്‍ക്കും നിഷ്പക്ഷമായി പഠിച്ചവര്‍ക്കും മുഹമ്മദ് റസൂല്‍ (സ്വ) എന്നും നേതാവാണ് താനും. പഠിച്ചവര്‍ക്ക് മുമ്പില്‍ മറ്റൊരു നേതാവിനെ ലഭിക്കില്ല തന്നെ.
ഡോ. ഉമറുൽഫാറൂഖ് സഖാഫി കോട്ടുമല
You must be logged in to post a comment Login