കുട്ടികളോട് കരുണയില്ലാത്ത ഇസ്രയേൽ

കുട്ടികളോട്  കരുണയില്ലാത്ത ഇസ്രയേൽ

ഇസ്രയേല്‍ ആക്രമണങ്ങളില്‍ നിരവധി ഫലസ്തീൻ കുട്ടികളുടെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചില കേസുകളിൽ അബദ്ധം പിണഞ്ഞതെങ്കിൽ മിക്ക സംഭവങ്ങളിലും കാരണമില്ലാതെ ഇസ്രയേല്‍ പട്ടാളക്കാര്‍ വെടിവെക്കുകയായിരുന്നു. ഹമാസിനെതിരെ ഇസ്രയേല്‍ യുദ്ധം പ്രഖ്യാപിച്ച ഗസ്സ മുനമ്പില്‍, വിവിധ ഇസ്രയേലി ആക്രമണങ്ങള്‍ നിരവധി കുട്ടികളുടെ ജീവനെടുത്തിട്ടുണ്ട്. സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയ സിവിലിയന്‍ അഭയാര്‍ഥി കേന്ദ്രങ്ങളായി മാറിയ പൊതുസ്ഥലങ്ങളിലാണ് ഇത്തരം ആക്രമണങ്ങള്‍ നടന്നത്. നഷ്ടപ്പെട്ട ജീവനുകള്‍ക്കു പുറമേ, പതിനായിരക്കണക്കിന് കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചിലര്‍ ആജീവനാന്തം വികലാംഗരാകുകയും ചെയ്യുന്നു. “യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് കുട്ടികള്‍ പോലും രക്ഷപ്പെടുന്നില്ല;’ ഗസ്സ മുനമ്പില്‍ ജീവിക്കുന്ന കുട്ടികളെക്കുറിച്ച് പഠനം നടത്തിയ ശേഷം യൂനിസെഫിന്റെ വിലാപമാണിത്. പരിഭ്രാന്തരായി മാറുന്ന കുട്ടികള്‍ 88% പേരും ഭയത്തിന് അടിമപ്പെട്ടാണ് പിന്നീട് ജീവിക്കുന്നത്.

അധിനിവേശത്തിന്റെ ഇരകള്‍
ഇസ്രയേലിന്റെ ഫലസ്തീന്‍ അധിനിവേശം കുട്ടികളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. ഫലസ്തീന്‍ അധികാരികള്‍ അന്താരാഷ്ട്രസഹായം ആശ്രയിക്കുന്നു. അവരുടെ സാമ്പത്തികവിഭവങ്ങള്‍ പരിമിതമാണ്. പൊതുസേവനങ്ങള്‍ നിലവാരത്തിലല്ല. വിദ്യാഭ്യാസം, വെള്ളം, ആരോഗ്യ സംരക്ഷണം, രാജ്യത്തിന്റെ സാമ്പത്തിക വികസനം എന്നിവയെല്ലാം വെല്ലുവിളിയായിരിക്കുന്നു. അതിനുംപുറമെ, ഫലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ അടിച്ചമര്‍ത്താന്‍ കുട്ടികള്‍ ഉള്ളിടത്തുപോലും കണ്ണീര്‍വാതക പ്രയോഗവും വെടിവെപ്പും നടത്തുന്നുണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നുണ്ട്. ഒരു വെടിയുണ്ടയുടെ അതേ വിഭാഗത്തിലെ അപകടകരമായ ആയുധമായാണ് ഇസ്രയേല്‍സൈന്യം ഒരു കല്ലിനെ നിര്‍വചിച്ചിരിക്കുന്നത്. അതിനാല്‍, ഒരു കുട്ടി ഇസ്രായേലി സൈനികനു നേരെ കല്ലെറിയുകയാണെങ്കില്‍, ശക്തമായി പ്രതികരിക്കാനും കുട്ടിയെ 20 വര്‍ഷം വരെ തടവിലിടാനും അവര്‍ക്കു കഴിയും.

ദാരിദ്ര്യം
ഇസ്രയേലിന്റെ ശക്തമായ നിയന്ത്രണങ്ങളിലാണ് ഫലസ്തീനിലെ കമ്പോളങ്ങള്‍. സ്വതന്ത്രമായ കമ്പോളചലനത്തിന് ഈ നിയന്ത്രണങ്ങള്‍ വലിയ വെല്ലുവിളിയാണ്. 2012 ല്‍, തൊഴിലില്ലായ്മനിരക്ക് 27% ആയിരുന്നു. സമീപകാല സ്ഥിതിവിവരക്കണക്കുകള്‍പ്രകാരം, 26% ഫലസ്തീനികള്‍ ദരിദ്രരായാണ് ജീവിക്കുന്നത്. ഗസ്സയാണ് ദാരിദ്ര്യം ഏറ്റവും കഠിനമായി ബാധിച്ച പ്രദേശം. ദാരിദ്ര്യം കുട്ടികളുടെ ജീവിതത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ അനവധിയാണ്. ചെറുപ്പത്തിലേ ജോലി ചെയ്യാനും കുടുംബങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനും സ്‌കൂള്‍വിദ്യാഭ്യാസം നേരത്തെ അവസാനിപ്പിക്കേണ്ടി വരുന്നു. കൗമാര കുറ്റകൃത്യങ്ങളും ദാരിദ്ര്യത്തിന്റെ അനന്തരഫലമാണ്.

വിദ്യാഭ്യാസത്തിനുള്ള അവകാശം
ഫലസ്തീനില്‍ ഏകദേശം 70% കുട്ടികള്‍ പ്രാഥമികവിദ്യാലയത്തില്‍ പോകുന്നുണ്ട്. അഭയാര്‍ഥിക്യാമ്പുകളിലും സ്‌കൂളില്ലാത്ത ഗ്രാമങ്ങളിലും താമസിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരമില്ല. 2013 ലെ യൂനിസെഫ് പഠനമനുസരിച്ച്, വിദ്യാസമ്പന്നരായ കുടുംബങ്ങളിലെ 2500 ലധികം കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ പ്രതിദിനം ഒരു ചെക്ക്പോയിന്റിലൂടെയെങ്കിലും സഞ്ചരിക്കുന്നു. ഇതു കാരണം പലരും സ്‌കൂള്‍ ഉപേക്ഷിക്കുകയും ബാലവേലയ്ക്ക് മുതിരുകയും ചെയ്യുന്നു. സ്‌കൂളില്‍ ക്ലാസുകളുടെ എണ്ണം കുറവാണ്. അതിനാല്‍ ക്ലാസുകളില്‍ കുട്ടികള്‍ അധികരിക്കുന്നു. അധ്യാപകരാകട്ടെ, മതിയായ യോഗ്യത ഇല്ലാത്തവരുമാണ്. സ്‌കൂളുകള്‍ക്ക് ആവശ്യമായ വിഭവങ്ങളും അടിസ്ഥാന സൗകര്യങ്ങളുമില്ല.
2012 ല്‍ ഓപ്പറേഷന്‍ കാസ്റ്റ് ലീഡിനെ തുടര്‍ന്ന് ഗസ്സയില്‍ നിരവധി സ്‌കൂളുകള്‍ നശിപ്പിക്കപ്പെട്ടു. യൂനിസെഫ് കണക്കുപ്രകാരം 2013 ല്‍ 1,23,000 ത്തിലധികം കുട്ടികള്‍ക്ക് സ്‌കൂള്‍വിദ്യാഭ്യാസം നിര്‍ത്തേണ്ടിവന്നു.

ആരോഗ്യസംരക്ഷണം
ഫലസ്തീനില്‍ ശിശുമരണ നിരക്ക് ഇസ്രയേലിനെക്കാള്‍ ഏഴുമടങ്ങ് കൂടുതലാണ്. 22 ശതമാനം ഫലസ്തീന്‍ കുട്ടികള്‍ അഞ്ചുവയസിനു മുമ്പ് മരിക്കുന്നു. ഉയര്‍ന്ന ശിശുമരണ നിരക്കിന്റെ കാരണങ്ങള്‍ വ്യത്യസ്തമാണ്: വിളര്‍ച്ചയും കടുത്ത പോഷകാഹാരക്കുറവും അതില്‍ ചിലതാണ്.

മതിലിന്റെയും ചെക്ക്‌പോസ്റ്റുകളുടെയും സാന്നിധ്യം ആരോഗ്യസംരക്ഷണ പ്രവർത്തനങ്ങൾക്ക് വിഘാതമാകുന്നു. കുട്ടികളുടെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പോകുന്ന കുടുംബങ്ങളെ ഇസ്രയേല്‍സൈന്യം തടഞ്ഞ സംഭവങ്ങളുണ്ട്. വൈദ്യചികിത്സ വൈകിയാല്‍ മരണം പോലും സംഭവിക്കാം. നിരവധി ആശുപത്രികളും ക്ലിനിക്കുകളും തകർത്തിട്ടുണ്ട് ഇസ്രയേൽ. ഇതും കുട്ടികളുടെ ആരോഗ്യത്തിനുള്ള അവകാശം നഷ്ടപ്പെടുത്തുന്നു.

വെള്ളത്തിനുള്ള അവകാശം
ജലസ്രോതസ്സുകള്‍ വളരെ പരിമിതമായതിനാല്‍ ശുചിത്വം വലിയ ആശങ്കയായി വരുന്നു. കുടിക്കാന്‍ യോഗ്യമല്ലാത്ത വെള്ളത്തിന്റെ ഉപയോഗം കുട്ടികളില്‍ വയറിളക്കം, ഹെപ്പറ്റൈറ്റിസ് മുതലായ രോഗങ്ങള്‍ക്ക് കാരണമാകുന്നു. 2013 ല്‍ വെസ്റ്റ് ബാങ്കില്‍, ഒരു ദശലക്ഷത്തിലധികം ഫലസ്തീനികള്‍ക്ക് പ്രതിദിനം ഉപയോഗിക്കാന്‍ 60 ലിറ്റര്‍ വെള്ളമെ ഉണ്ടായിരുന്നുള്ളൂ. ഇത് ഐക്യരാഷ്ട്രസഭ ശിപാര്‍ശ ചെയ്യുന്ന, ഒരാള്‍ക്ക് പ്രതിദിനം 100 ലിറ്റര്‍ എന്ന കണക്കിനു താഴെയാണ്. ഗസ്സയില്‍ 95% വെള്ളവും മനുഷ്യഉപഭോഗത്തിന് അനുയോജ്യമല്ല. 2016 ല്‍ ഈ പ്രദേശത്തെ കുടിവെള്ളം ഇതിലും താഴെയാണെന്നു കാണാം.

പറിച്ചുനട്ട പുഷ്പങ്ങള്‍
സെന്‍ട്രല്‍ ഗസ്സ സിറ്റിയിലെ അല്‍വിഹ്ദ സ്ട്രീറ്റില്‍ മെയ് 16ന് പുലര്‍ച്ചെ ഉണ്ടായ ആക്രമണത്തില്‍ അല്‍കവലക് കുടുംബത്തിലെ പതിമൂന്ന് അംഗങ്ങള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ കുട്ടികളുമുണ്ട്. ഒരാള്‍ക്ക് ആറുമാസമേ പ്രായമായിട്ടുള്ളൂ. കുടുംബത്തില്‍ ശേഷിച്ച അംഗങ്ങളിലൊരാളായ സനാ അല്‍കവലകിന്റെ വാക്കുകള്‍ കേള്‍ക്കുക: “പുകയല്ലാതെ മറ്റൊന്നും ഞങ്ങള്‍ കണ്ടില്ല. എന്റെ മകനെ എന്റെ അരികില്‍ കാണാന്‍ കഴിഞ്ഞില്ല. ഞാന്‍ അവനെ കെട്ടിപ്പിടിച്ചു. പക്ഷേ, എനിക്ക് കാണാന്‍ കഴിഞ്ഞില്ല.’

ഇസ്രയേല്‍ പ്രതിരോധസേന(ഐഡിഎഫ്) ബോംബാക്രമണത്തെ അസാധാരണമെന്നും സിവിലിയന്‍ ആളപായം ആസൂത്രിതമല്ലെന്നും വിശേഷിപ്പിച്ചു. വ്യോമാക്രമണം കാരണമായി ഒരു തുരങ്കം തകര്‍ന്നുവെന്നും അതാണ് വീടുകള്‍ തകരാന്‍ കാരണമായതെന്നും അവര്‍ പറഞ്ഞു.

കൊല്ലപ്പെട്ടവരില്‍ സഹോദരിമാരായ യാറ(9), റൂല(5) എന്നിവര്‍ നോര്‍വീജിയന്‍ അഭയാര്‍ഥി കൗണ്‍സിലില്‍ (എന്‍ആര്‍സി) അടിയന്തിര ചികിത്സയിലായിരുന്നു. പത്തുവയസുകാരന്‍ അസീസ് അല്‍കവലക് തന്റെ മാതാവിന്റെ ചേതനയറ്റ ശരീരത്തിനു മുമ്പിലിരിക്കുന്ന ചിത്രം നൊമ്പരപ്പെടുത്തുന്നതായിരുന്നു.
രണ്ടുദിവസം കഴിഞ്ഞ് ബുധനാഴ്ച തെക്കന്‍ പട്ടണമായ സ്ഡെറോട്ടില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരന്‍ ഇഡോ അവിഗലാണ് ഇസ്രയേലിന്റെ ഭാഗത്തെ ഏറ്റവും പ്രായം കുറഞ്ഞ ഇര എന്നു കരുതപ്പെടുന്നു. കനത്ത സുരക്ഷാ സംവിധാനമുള്ള മുറിയില്‍ വെച്ചാണ് അവന്‍ കൊല്ലപ്പെടുന്നത്. “അവിശ്വസനീയം’ എന്നാണ് ഇസ്രയേല്‍ സൈന്യം വിശേഷിപ്പിച്ചത്. ടൈം ഓഫ് ഇസ്രയേലിന്റെ റിപ്പോര്‍ട്ടുപ്രകാരം, ബുധനാഴ്ച വൈകുന്നേരം റോക്കറ്റ് സൈറണുകള്‍ കേട്ട സമയത്തുതന്നെ അമ്മ സുരക്ഷാമുറിയിലേക്ക് അവനെ മാറ്റിയിരുന്നു. മുറിയുടെ ജനല്‍ മറയ്ക്കാന്‍ ഉപയോഗിച്ചിരുന്ന സംരക്ഷണ മെറ്റല്‍ പ്ലേറ്റില്‍ റോക്കറ്റിന്റെ ഭാഗം തുളച്ചുകയറി. അവന്റെ അമ്മയ്ക്കും ഏഴുവയസുള്ള സഹോദരിക്കും പരിക്കേറ്റിരുന്നു. ഗുരുതരമായ പരിക്കേറ്റ ഇഡോ മണിക്കൂറുകള്‍ക്കു ശേഷം മരണത്തിനുകീഴടങ്ങി.
16 കാരിയാണ് നദീന്‍ അവാദ്. അറബ്-ഇസ്രയേലി സ്‌കൂള്‍ വിദ്യാര്‍ഥിനി. പുലര്‍ച്ചെ 52-കാരനായ പിതാവിനോടൊപ്പം കാറില്‍ സഞ്ചരിച്ചു കൊണ്ടിരിക്കെയാണ് റോക്കറ്റാക്രമണത്തില്‍ ഇരുവരും കൊല്ലപ്പെടുന്നത്. കാറിലുണ്ടായിരുന്ന അവളുടെ അമ്മയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

അറബികളും ഇസ്രയേലീ ജൂതരും ഒരുമിച്ച് താമസിക്കുന്ന ടെല്‍ അവീവിനടുത്തുള്ള ലോഡ് നഗരത്തില്‍ നിന്ന് റോക്കറ്റ് തട്ടുന്ന ശബ്ദം കേട്ട നദീന്റെ ബന്ധു അഹമ്മദ് ഇസ്മായില്‍ പറയുന്നു. “എവിടെയെങ്കിലും ഓടിയൊളിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഞങ്ങള്‍ക്ക് സുരക്ഷിതമായ ഒരു മുറി പോലുമില്ല.’
ബന്ധുക്കളെ സന്ദര്‍ശിക്കാനാണ് ശുഹൈബ്(13), യഹ്്യ(11), അബ്ദുറഹ്മാന്‍(8), ഉസാമ(6) എന്നിവര്‍ പുറത്തിറങ്ങിയത്. നാലുപേരും നല്ല വസ്ത്രങ്ങള്‍ ധരിച്ചിരുന്നു. ഈദ് ആഘോഷത്തിനായി ഗസ്സ നഗരത്തിനു പുറത്തുള്ള ശതി അഭയാര്‍ഥി ക്യാമ്പില്‍ അവരെത്തി. വീട്ടുകാരുടെ സമ്മതപ്രകാരം രാത്രി അവിടെ ചെലവഴിച്ചു. അടുത്ത ദിവസം അവര്‍ താമസിച്ചിരുന്ന കെട്ടിടം തല്ലിത്തകർക്കപ്പെട്ടു. വീട്ടുകാര്‍ കൂട്ടക്കൊലക്കിരയായി. മരിച്ചുകിടക്കുന്ന ഉമ്മയുടെ അരികു പറ്റിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞും സഹോദരന്‍ ഉമവും മാത്രമാണ് ജീവനോടെ അവശേഷിച്ചത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുട്ടികളുടെ കളിപ്പാട്ടങ്ങളും ഗെയിം ബോര്‍ഡും ഭക്ഷണാവശിഷ്ടങ്ങളുള്ള പ്ലേറ്റുകളും കണ്ടെടുത്തിരുന്നു.

ഇബ്രാഹിം അല്‍മസ്രി വീടിനടുത്ത് സഹോദരങ്ങള്‍ക്കൊപ്പം കളിക്കുകയായിരുന്നു. ഗസ്സയുടെ വടക്കുഭാഗത്താണ് അവരുടെ വീട്. പൊടുന്നനെ രണ്ടു വലിയ സ്ഫോടനശബ്ദങ്ങള്‍ കേട്ടു. ബന്ധുക്കള്‍ ഓടിയെത്തുമ്പോഴേക്ക് പുകപടലങ്ങള്‍ മാത്രമായിരുന്നു. ഭീതിയോടെ പരക്കം പായുന്നു ഉമ്മമാര്‍. രക്തംചിന്തി സ്വപ്നങ്ങളറ്റ് കിടക്കുന്നു ഇബ്രാഹീമും സഹോദരന്മാരും. പുകയടങ്ങിയപ്പോഴേക്കും ആ പ്രദേശമാകെ രക്തത്തില്‍ കുളിച്ചിരുന്നു.

കളിച്ചുല്ലസിച്ചിരുന്ന ഇബ്രാഹീമിനെയും സഹോദരന്മാരെയും വലിയൊരു സംഘം ബോംബുകളെറിയുന്നതും അവരുടെ ചുറ്റുഭാഗത്തും തീപടരുന്നതും അവര്‍ക്ക് തീപിടിച്ച് കത്തിയമരുന്നതും നേരില്‍കണ്ട അമ്പരപ്പിലായിരുന്നു ഇബ്രാഹീം എന്നുതന്നെ പേരുള്ള മറ്റൊരു സഹോദരന്‍.

വൈകുന്നേരം പച്ചക്കറി വാങ്ങാന്‍ വീട്ടില്‍ നിന്നിറങ്ങിയതാണ് ഹംസ നാസര്‍. നോമ്പുതുറക്കാനുള്ള വിഭവങ്ങളും കാത്ത് വീട്ടില്‍ ഉമ്മയുണ്ട്. അബു അല്‍-കാസ് ശ്മശാനത്തിനു സമീപം ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് പിന്നീടറിയുന്നത്.

അല്‍-കവലെക്സില്‍ ഡോ. അയ്മാന്‍ അബൂ അല്‍ഔഫും മകള്‍ താല അബൂഅല്‍ഔഫും(13) മകന്‍ തൗഫീഖും(17) ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗസ്സ സിറ്റി ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിന്‍ മേധാവിയായിരുന്നു ഡോ. അയ്മന്‍. അവിടെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ ചുമതല അദ്ദേഹത്തിനായിരുന്നു. ആക്രമണത്തിനു മുമ്പുള്ള ദിവസങ്ങളിലെല്ലാം ഡോക്ടര്‍ അധികസമയവും ഹോസ്പിറ്റലില്‍ തന്നെയായിരുന്നു.

ഒ എം സി ടിയുടെ (പീഡനത്തിനെതിരെയുള്ള ആഗോള സംഘടന) ശൃംഖലയിലെ അംഗമായ ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷണല്‍ ഫലസ്തീന്‍ വിഭാഗത്തിന്റെ(ഡിസിഐ/പിഎസ്) റിപ്പോര്‍ട്ടനുസരിച്ച് 2001 ഡിസംബര്‍ 4 ന് ഗസ്സ മുനമ്പിലുണ്ടായ ഇസ്രയേല്‍ വ്യോമസേനയുടെ ആക്രമണത്തില്‍ ഒരു ഫലസ്തീന്‍ ബാലന്‍ കൊല്ലപ്പെടുകയും പതിനായിരങ്ങള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം നിഷേധിച്ചതിനെത്തുടര്‍ന്ന് മറ്റൊരു ഫലസ്തീന്‍ ബാലന്‍ കൂടി മരിച്ചു.

ഗസ്സയിലെയും ഖാന്‍ യൂനിസ് ആശുപത്രികളിലെയും പരിക്കേറ്റ കുട്ടികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ ഡിസിഐ/പിഎസിന് നല്‍കിയ വിവരമനുസരിച്ച്, പന്ത്രണ്ടുകാരനായ മുഹമ്മദ് അഹ്മദ് മഹ്മൂദ് അബൂമുര്‍സ ഗസ്സ സിറ്റിയില്‍ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ഫലസ്തീനിലേക്ക് മിസൈലുകള്‍ തൊടുത്തപ്പോള്‍ ഗസ്സ നഗരത്തില്‍ നിന്നുള്ള 35-40 കുട്ടികളും ഖാന്‍ യൂനിസിലെ രണ്ടു കുട്ടികളും പൊള്ളലേറ്റ് അവശരായി. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന കുട്ടികളാല്‍ തെരുവുകള്‍ നിറഞ്ഞ സമയത്താണ് ഇസ്രായേലി വ്യോമാക്രമണം നടന്നത്. ഈ സംഭവങ്ങള്‍ 2000 സെപ്റ്റംബറില്‍ ഇന്‍തിഫാദയുടെ തുടക്കം മുതലുള്ള ഇസ്രയേലി സൈനികപരിശീലനത്തിന്റെ മാതൃകയാണ്. വെസ്റ്റ് ബാങ്കിലും ഗസ്സ മുനമ്പിലും ഇസ്രയേല്‍ ആക്രമണത്തിന്റെ ഫലമായി നിരവധി കുട്ടികള്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഖല്‍ഖിലിയയ്ക്ക് സമീപമുള്ള ഇസ്ബാത്ത് സുലൈമാന്‍ ഗ്രാമത്തിലെ ഏഴുമാസം പ്രായമുള്ള താമര്‍ കുസ്മാറിന്റെ മരണകാരണം വൈദ്യസഹായത്തിനായി മാതാപിതാക്കള്‍, ഇസ്രയേല്‍ സൈനിക ചെക്ക്‌പോസ്റ്റുകളില്‍ കടന്നുപോകുന്നത് വിലക്കിയതായിരുന്നു. ഡിസിഐ/പിഎസ് അറ്റോര്‍ണി ഖാലിദ് കുസ്മാര്‍ പറയുന്നതനുസരിച്ച്, ടാമറിന്റെ കുടുംബം ഖല്‍ഖിലിയയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്ന ചെക്ക് പോയിന്റുകളിലൂടെ ഒരു മണിക്കൂറിലധികം യാത്ര ചെയ്യാന്‍ ശ്രമിച്ചിരുന്നു. കുട്ടിയുമായി യാത്ര ചെയ്യുന്ന മുതിര്‍ന്നവരില്‍ രണ്ടുപേര്‍ക്ക് ഇസ്രയേലി ഐഡന്റിറ്റി കാര്‍ഡുകള്‍ ഉണ്ടായിരുന്നിട്ടും ഇസ്രയേലി സൈനികര്‍ അവരെ കടത്തിവിട്ടില്ല.

തടവുകാരുടെ അവകാശ സംരക്ഷണ ഗ്രൂപ്പ് അദ്ദമീറിന്റെ അഭിപ്രായത്തില്‍ ഇസ്രയേലിലും അധിനിവേശ പ്രദേശങ്ങളിലുമായി ജയിലുകളിൽ നിലവില്‍ 4650 ഫലസ്തീനികളുണ്ട്. 520 പേര്‍ കുറ്റപത്രവും വിചാരണയുമില്ലാതെ തടവില്‍ കഴിയുന്നവരാണ്.

200 കുട്ടികളും 40 സ്ത്രീകളും 544 ജീവപര്യന്തം അനുഭവിക്കുന്നവരും 499 ഇരുപതിലധികം വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കുന്നവരും അതിലുണ്ട്.

അവലംബം: അൽജസീറ, ഹ്യുമാനിയം, ഒ എം സി ടി, ബി ബിസി തുടങ്ങിയ വെബ്സൈറ്റുകൾ. യുണിസെഫ് പുറത്തിറക്കിയ ബ്രോഷർ.

അൻവർ ബുഖാരി കാരേപറമ്പ്

You must be logged in to post a comment Login