നരേന്ദ്രമോഡിയുടെ പൊതുജീവിതം ഇരുപത് വര്‍ഷങ്ങള്‍ പിന്നിട്ടു. ശരിക്കും ആഘോഷിക്കപ്പെടേണ്ടതായിരുന്നു. പക്ഷേ, ഓരോ അനുഭവവും നിരാശാജനകമാണ്. മാധ്യമങ്ങള്‍ നിര്‍ജീവമായി മോഡിയെ ഏറ്റുപാടുന്ന കാലത്ത് വിയോജിക്കുന്നതുപോലും എളുപ്പമല്ലെന്ന് സമ്മതിക്കേണ്ടി വരും. പഴയ ഫിലോസഫി അധ്യാപകരുടെ വാക്കുകളാണ് ഓര്‍മവരുന്നത്; “ഭരണകൂടത്തിന്റെ മൗനങ്ങളെ വായിക്കൂ’.
മോഡിയുടെ സാന്നിധ്യത്തെയാണ് ആദ്യം മനസ്സിലാക്കേണ്ടത്. രാമജന്മഭൂമി സമരകാലത്ത് ആഷിസ് നന്ദി അഭിമുഖീകരിച്ച കേവല ഫാഷിസ്റ്റ് അല്ല ഇന്ന് നാം കാണുന്ന മോഡി. ഇത് പുതിയ അവതാരമാണ്. സത്യാനന്തര സൃഷ്ടിയാണ്. തന്റെ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ഈ സ്വതന്ത്രരാഷ്ട്രത്തിന്റെ ക്ഷേമത്തിന് വിനാശകരമായ കാര്യങ്ങളാണ് മോഡിയില്‍ നിന്നുണ്ടാവുന്നത്.
സുസ്ഥിരതയുടെ അവകാശവാദങ്ങള്‍ക്കപ്പുറത്താണ് മോഡിയുടെ ഭൂരിപക്ഷവാദത്തെ വായിക്കേണ്ടത്. ഭൂരിപക്ഷവും സാധാരണ നിലയും ചേര്‍ന്നൊരു മൃദുവായ സമഗ്രാധിപത്യമാണത്. ദേശസ്‌നേഹവും ഏകീകരണവും ഊന്നിപ്പറയുന്നതിലൂടെ, ഭരണകൂടം വ്യവസ്ഥാപിതമായി വിയോജിപ്പുകളും അതിന്റെ സാധ്യതകളും മായ്ച്ചുകളയുന്നു, വിയോജിക്കുന്നവരെ ദേശവിരുദ്ധരെന്ന് മുദ്രകുത്തുന്നു.
മോഡി നവീകരിച്ചുവെന്നത് ശരിയാണ്. അതുപക്ഷേ, പുതിയ അക്രമ രൂപങ്ങളെ നവീകരിക്കുന്നതിലും നിയമാനുസൃതമാക്കുന്നതിലുമാണ്. യഥാര്‍ത്ഥ സര്‍ഗാത്മകത അങ്ങനെയായി മാറി. 1984-ലെ സിഖ് വിരുദ്ധ കലാപത്തിന്റെ അവസ്ഥ അടുത്ത ഏതാനും ദശകങ്ങളില്‍ രാജ്യത്തെ സാധാരണ നിലയായി. ഇന്ന്, കലാപങ്ങള്‍ അധികാരം നേടാനും ഊട്ടിയുറപ്പിക്കാനുമുള്ള നയത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ചരിത്രത്തെ തിരുത്തിയെഴുതാനുള്ള മാര്‍ഗമായാണ് കലാപങ്ങളെ കണ്ടത്. താന്‍ ചരിത്രത്തെ വീണ്ടെടുക്കുകയും തിരുത്തുകയുമാണെന്ന് ഒരു കുറ്റവാളിക്ക് തോന്നുന്നത് ഇതിനോട് ചേര്‍ത്തു വായിക്കാവുന്നതാണ്. പക്ഷേ, ഭിന്നാഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്നത് പ്രതീകാത്മകമായും ക്രൂരവുമായാണ്. “അര്‍ബന്‍ നക്സല്‍’ എന്ന ഫിക്ഷന്‍ സൃഷ്ടിച്ചായിരുന്നു സ്റ്റാന്‍ സ്വാമിയെയും സുധാ ഭരദ്വാജിനെയുമൊക്കെ ഉപദ്രവിച്ചത്. ഇതാണ് പ്രതീകാത്മകവും സര്‍ഗാത്മകവുമായ കൈയേറ്റങ്ങളുടെ പ്രത്യേകത. ഇതിലൂടെ ഭരണകൂടത്തിന്റെ കൈയേറ്റങ്ങള്‍ക്ക് ഒരു പൊതുസമ്മതി ലഭിക്കുന്നു. വികസനത്തെ വിമര്‍ശിക്കുന്നതിനു പാരിസ്ഥിതിക വിയോജിപ്പുള്ളവരെ ദേശദ്രോഹികളാക്കാന്‍ ലക്ഷ്യമിട്ടാണ് അത്തരമൊരു തന്ത്രം രാജ്യത്ത് ആരംഭിച്ചത്. വികസനത്തെ കുറിച്ചുള്ള കേന്ദ്രത്തിന്റെ ആശയനിഷ്‌ക്രിയത്വം ബലപ്രയോഗത്തിലൂടെ മറച്ചുവെക്കുകയാണ്. സത്യത്തില്‍ ഇന്ത്യയില്‍ ഭീഷണി നേരിടുന്നത് ന്യൂനപക്ഷങ്ങള്‍ മാത്രമല്ല. കൊവിഡ് കാലത്ത് അനൗപചാരിക സമ്പദ്്വ്യവസ്ഥയില്‍ അടിച്ചേല്‍പ്പിച്ച മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ ഈ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തുന്നു. തൊഴിലാളി ഇപ്പോള്‍ വെറും ചരക്കാണ്. നിര്‍മാണ വ്യവസായത്തിനുള്ള അസംസ്‌കൃത വസ്തുവാണ്. ക്ഷേമത്തില്‍ അഭിമാനിക്കുന്ന ഒരു ഭരണകൂടത്തിന് തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് യാതൊരു ബോധവുമില്ല. വാസ്തവത്തില്‍ തൊഴിലാളി, കര്‍ഷകന്‍, ന്യൂനപക്ഷം, വിയോജിക്കുന്നവര്‍ എന്നുവേണ്ട ഇന്ത്യ എന്ന് നമ്മള്‍ വിളിക്കുന്ന എല്ലാ ജനങ്ങള്‍ക്കും നേരെ പൗരത്വം ഒരപകടമായി വരുകയാണ്. പൗരത്വത്തില്‍ എല്ലാവരും തുല്യരല്ലാത്ത ഒരവസ്ഥയാല്‍ ഈ രാജ്യം ഒരു ഹാര്‍ഡ് സ്റ്റേറ്റ് എന്ന മോശം പ്രതിച്ഛായയിലേക്ക് നീങ്ങുകയാണ്. ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായി ഇന്ത്യ മാറണമെന്ന മോഡിയുടെ അവകാശവാദം ഈ സങ്കല്പത്തെ ഏകീകരിക്കുന്നു. ഊതിവീര്‍പ്പിക്കപ്പെട്ട ഒരു അഹങ്കാരിയാണ് ഭരണകൂടത്തെ നയിക്കുന്നത് എന്നാണ് മനസിലാകുന്നത്.
രാജ്യത്തിന്റെ പരമമായ വികസനത്തിനും ക്ഷേമത്തിനും വിഘാതമാവുന്ന പ്രവര്‍ത്തനങ്ങളാണ് രാഷ്ട്ര നായകനില്‍ നിന്നുണ്ടാകുന്നത്. നോര്‍മല്‍ എന്ന വാക്കിനോടാണ് അദ്ദേഹത്തിന് കൂടുതല്‍ പ്രിയം. ന്യൂനപക്ഷങ്ങളോടുള്ള അതിക്രമങ്ങളും ക്രൂരതകളും നോര്‍മലൈസ് ചെയ്ത് അവതരിപ്പിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. അക്രമങ്ങള്‍ സ്വാഭാവികമായി സംഭവിക്കുന്ന പ്രതിപ്രവര്‍ത്തനങ്ങളാണെന്ന രീതിയിലാണ് മോഡിയുടെ ഇടപെടലുകള്‍.
രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ കടുത്ത അക്രമത്തിന് വിധേയമാകുമ്പോഴും വര്‍ഗീയമായ ഭാഷാ പ്രയോഗങ്ങളിലൂടെ ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്താനാണ് ഭരണകൂടത്തിന്റെ ശ്രമം. ഇസ്രയേലിനെ അനുകരിക്കുക എന്നതു മാത്രമാണ് ഇപ്പോഴത്തെ വിദേശനയം. അഫ്ഗാനിലെ ന്യൂനപക്ഷത്തോട് കാണിക്കുന്ന കരുതല്‍/നിലപാട് റോഹിംഗ്യന്‍ വിഷയത്തില്‍ പ്രകടമാവുന്നില്ല. രാജ്യസുരക്ഷ എന്ന മാനദണ്ഡം മുന്നോട്ടുവെച്ച് നിലപാടെടുക്കുമ്പോള്‍ ധാര്‍മികതയും രാജ്യത്തെ കഷ്ടപ്പാടുകളും ജനങ്ങളുടെ ക്ഷേമവും പരിഗണിക്കുന്നേയില്ല. ചൈനയെ പ്രതിസ്ഥാനത്ത് നിര്‍ത്തി പുതിയ ഒരു ദേശീയത രൂപപ്പെടുത്തിയെടുത്തിരിക്കുന്നു. ആശയങ്ങളില്ലാത്ത പൊള്ളയായ നിലപാടുകളാണത്.
ഭരണകൂട സ്ഥാപനങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടിരിക്കുന്നു. ജഡ്ജിമാരുമായുള്ള രാഷ്ട്രീയ സഹവാസങ്ങള്‍ സാമാന്യവത്കരിച്ച് കോടതിയെ ദുര്‍ബലപ്പെടുത്തുന്നു. രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥകള്‍ താറുമാറാകുന്നു. സര്‍വകലാശാലകള്‍ ആശയങ്ങളുടെ ഇടം എന്നിടത്തു നിന്ന് ആശയങ്ങള്‍ ഉപകരണമാക്കുന്ന ഒരു ട്യൂട്ടോറിയല്‍ കോളജ് എന്ന വിധത്തിലേക്ക് അധഃപതിച്ചിരിക്കുന്നു. സര്‍വകലാശാലയുടെ ഈ തകര്‍ച്ച ഇന്ത്യയുടെ ഭാവിയെ തകരാറിലാക്കും എന്നതില്‍ സംശയിക്കേണ്ട.
ശാസ്ത്രത്തെയും മാധ്യമങ്ങളെയും ശരിയാംവിധം ഉപയോഗിക്കുന്നതില്‍ ഈ ഭരണകൂടം തീര്‍ത്തും പരാജയമാണ്. അവയെ രാജ്യത്തിന്റെ പുരോഗതിക്ക് ഉപയോഗിക്കുന്നതിനു പകരം അധോഗതിക്കു വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഡാറ്റകളും പരസ്യങ്ങളും റിപ്പോര്‍ട്ടുകളും തമ്മിലുള്ള വ്യത്യാസം പോലും തിരിച്ചറിയാത്ത ജനങ്ങളായിരിക്കുന്നു. ജീവിതരീതിയെയും ചിന്താഗതിയെയും പുരോഗമനാത്മകമായി സ്വാധീനിക്കുന്ന ശാസ്ത്രത്തെ കേവലം ഒരു ഉപകരണം എന്ന നിലയില്‍ മാത്രം ഉപയോഗിക്കുമ്പോള്‍ രാജ്യത്ത് ശാസ്ത്രം എങ്ങനെ വികസിക്കാനാണ്? ഫലം ജീവിതരീതിയും ചിന്താഗതിയും പുരാതനമാവുന്നു. “പുരോഗതി’ ലക്ഷ്യം വെക്കുന്ന ഒരു ഭരണകൂടത്തിന് ഇക്കാര്യങ്ങളിലൊന്നും ഒരു ആശങ്കയുമില്ല. രാക്ഷസ രാഷ്ട്രത്തെയാണ് ഇവിടെ സൃഷ്ടിക്കുന്നത്. മോഡി ഭരണത്തിന് ഭാവിയെക്കുറിച്ച് യാതൊരു ബോധവുമില്ല. അധികാരത്തില്‍ തുടരുക മാത്രമാണ് അവരുടെ പരമമായ ലക്ഷ്യം.
ഇത്തരമൊരു സാഹചര്യത്തില്‍ ഒരു പൗരന് എന്തു ചെയ്യാനാവും? നിസ്സംഗത നടിക്കാനാവില്ല. കഴിയുംവിധം പ്രതിഷേധിക്കുകയും മാറ്റത്തിന് ആവശ്യമായ ഇടപെടലുകള്‍ നടത്തുകയുമാണ് വേണ്ടത്. പൊതുഇടങ്ങള്‍ ശൂന്യമാവുകയും സിവില്‍ സമൂഹത്തിന്റെ രാഷ്ട്രീയം മിക്കവാറും ഇല്ലാതാകുകയും ചെയ്യുന്നതിനാല്‍ കാഴ്ചക്കാരായി ചുരുങ്ങിപ്പോയ ഒരു വിഭാഗമായി സമൂഹം മാറിയിരിക്കുന്നു. പ്രതിഷേധത്തിന്റെ പുതിയ ആശയങ്ങളും രൂപങ്ങളും ഉടലെടുക്കേണ്ടതുണ്ട്. ദേശത്തിന്റെ മണ്ണും ചെളിയും പുരണ്ട മനുഷ്യന്റെ രാജ്യം അന്വേഷിക്കുന്നവര്‍, മനുഷ്യന്‍ എന്ന ആശയം സ്വീകരിക്കണം. സംവാദങ്ങള്‍ മാധ്യമങ്ങളുടെ നിശബ്ദത തകര്‍ക്കണം. മാധ്യമങ്ങള്‍ രാഷ്ട്രത്തിന്റെ പ്രതിശബ്ദമായി മുഴങ്ങണം. രാജ്യത്ത് ഭരണകൂടത്തിന്റെ മേല്‍ക്കോയ്മ ചോദ്യം ചെയ്യപ്പെടണം. പൗരന്മാർ പൗരബോധവും പൗരധര്‍മവുമുള്ളവരാവണം. നമുക്ക് ജനാധിപത്യം പുനര്‍നിര്‍മിക്കേണ്ടതുണ്ട്, കാരണം ഭരണകൂടം സ്വേച്ഛാധിപത്യ തിരഞ്ഞെടുപ്പിന്റെ വകഭേദം നടപ്പിലാക്കുകയും അതിന് നിയമ പരിരക്ഷ നല്‍കുകയും ചെയ്യുന്നുണ്ട്.
പൗരമണ്ഡത്തിന്റെ പുനരുജ്ജീവനമാണ് നാം സാധ്യമാക്കേണ്ടത്. സംവാദാത്മകമായ തെരുവുകള്‍ സൃഷ്ടിക്കണം. പൗരന്റെ രാഷ്ട്രീയ ജീവിതത്തിലെ വലിയൊരു വിപ്ലവമായിരിക്കുമത്. തെരുവുകളില്‍ നിരന്തരം ആശയങ്ങളുയരണം. സമ്പദ് വ്യവസ്ഥയെ കുറിച്ച്, സര്‍വകലാശാലയുടെ പുനരുജ്ജീവനത്തെ കുറിച്ച്, കര്‍ഷകരുടെ ജീവിതത്തെ കുറിച്ച്, സബാള്‍ട്ടേണ്‍ പഠനങ്ങളെ കുറിച്ച്, രാജ്യത്തിന്റെ ഭാവിയെ കുറിച്ച്, ഒടുവില്‍, വ്യക്തി എന്ന നിലയില്‍ തന്നെ പ്രകൃതി സംരക്ഷണോന്മുഖമായ ഭരണസംവിധാനത്തിലേക്ക്, ഭരണഘടനയിലേക്ക് രാജ്യത്തെ കൊണ്ടുവരേണ്ടതുണ്ട്. ഭൂരിപക്ഷം നിര്‍ണയിക്കുന്ന സംഖ്യകള്‍ മാനദണ്ഡമാകുന്ന നിലവിലെ തിരഞ്ഞെടുപ്പുകളിലും പരിഷ്‌കരണം ആവശ്യമാണ്. അന്വേഷണത്വരയുള്ള സമൂഹം ദേശീയ ഭരണകൂടത്തിന്റെ നിര്‍ജീവതയെ വെല്ലുവിളിക്കുന്ന കാലഘട്ടത്തിന്റെ തുടക്കമായിരിക്കും അത്.
വിവ. എബി
കടപ്പാട്: ദി ടെലഗ്രാഫ്
You must be logged in to post a comment Login