സൂക്തം 12: “ഓ യഹ്‌യാ, വേദഗ്രന്ഥം മുറുകെ പിടിച്ചുകൊള്ളുക. കുട്ടിയായിരിക്കേതന്നെ നാം അദ്ദേഹത്തിന് ഹിക്മത്ത് നല്‍കുകയും ചെയ്തു.’
അല്ലാഹു മകനെ നല്കുന്നതില്‍ സന്തോഷിച്ച് തസ്ബീഹ് ചൊല്ലാന്‍ പറഞ്ഞതിനെക്കുറിച്ചാണല്ലോ കഴിഞ്ഞ സൂക്തത്തില്‍ പ്രതിപാദിച്ചത്. ഈ സൂക്തത്തില്‍ പ്രസ്തുത കുട്ടിയോട് അല്ലാഹുവിന്റെ സംബോധനയാണുള്ളത്. സകരിയ്യ നബിയുടെ ഭാര്യ ഗര്‍ഭം ധരിക്കുന്നതും കുഞ്ഞിനെ പ്രസവിക്കുന്നതും കുട്ടി വളരുന്നതുമൊന്നും ഖുര്‍ആന്‍ പറയുന്നില്ല; എന്നാല്‍ മൗനം പാലിക്കുമ്പോഴും ഖുര്‍ആന്‍ ഇവിടെ വാചാലമാവുകയാണ്. കാരണം അല്ലാഹു കുഞ്ഞിനോട് സംബോധിക്കുന്നു എന്നതിനർഥം പ്രസ്തുത കാര്യങ്ങളെല്ലാം സംഭവിച്ചു എന്നാണല്ലോ. സൂറ: യാസീനിലും (സൂക്തം 26ല്‍) ഇതുപോലെ മൗനത്തിലൂടെ വാചാലമാവുന്നതുകാണാം.
ജനങ്ങള്‍ ദൂതന്മാരെ നിഷേധിക്കുകയും അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോള്‍ അവര്‍ക്കൊരു കൈത്താങ്ങുമായി ഹബീബുന്നജ്ജാര്‍ കടന്നുവന്ന് ഹ്രസ്വഭാഷണം നടത്തുന്നു. തുടര്‍ന്ന് ഖുര്‍ആന്‍ പറയുന്നത് അദ്ദേഹത്തിന്റെ സ്വര്‍ഗപ്രവേശത്തെ കുറിച്ചാണ്. മരിക്കാതെ സ്വര്‍ഗപ്രവേശം ഉണ്ടാകില്ലല്ലോ. അപ്പോള്‍ ഹബീബുന്നജ്ജാറിനെ ജനങ്ങള്‍ അക്രമിച്ചു എന്നും അങ്ങനെ ശഹീദായി മരണപ്പെട്ടു എന്നും ഖുര്‍ആന്‍ പറയാതെ പറഞ്ഞു. അല്ലാഹു യഹ്‌യാ നബിക്ക് നല്‍കിയ ആദരവുകളില്‍ പ്രഥമമാണ് ഈ സംബോധന.
അല്ലാഹു നാലുകിതാബുകളും 100 ഏടുകളും ഇറക്കിയിട്ടുണ്ട്, മൂസാനബി (തൗറാത്ത്), ഈസാനബി(ഇഞ്ചീല്‍), ദാവൂദ് നബി(സബൂര്‍), മുഹമ്മദ്‌നബി(ഖുർആൻ) എന്നിവര്‍ക്കാണ് കിതാബ് ഇറക്കിയത്. ഇബ്‌റാഹീംനബി(അ), ശീസ്‌നബി(അ), ഇദ്‌രീസ്‌നബി(അ), മൂസാനബി(അ) (തൗറാത്തിന്റെ മുമ്പ്) എന്നിവര്‍ക്ക് യഥാക്രമം 10, 50, 30, 10 ഏടുകളും നല്‍കി. എന്നാല്‍ യഹ്‌യാ നബിക്ക് ഒരു കിതാബും അല്ലാഹു ഇറക്കിയതായി നമുക്കറിയില്ല. കിതാബ് ഇറക്കപ്പെടാത്ത ആളോട് കിതാബ് സ്വീകരിക്കണം എന്നു പറയുന്നതിന്റെ അർഥമെന്താണ്?
തനിക്ക് മുമ്പ് ഇറക്കപ്പെട്ട ഗ്രന്ഥം സ്വീകരിക്കണം എന്നുതന്നെ. അപ്പോള്‍ തൗറാത്ത് അനുസരിച്ച് ജീവിക്കണം എന്നാണ് ഇവിടെ വിവക്ഷ.
ഗ്രന്ഥത്തെ മുറുകെ പിടിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അതിലെ ആശയങ്ങള്‍ ഊര്‍ജസ്വലതയോടെ സ്വീകരിക്കുക എന്നതാണ്. ഗ്രന്ഥത്തിലെ ആശയങ്ങള്‍ നടപ്പില്‍വരുത്തുന്നത് പൊതുവേ ക്ലേശകരമാണ്. വേദഗ്രന്ഥങ്ങളിലെ കല്‍പനകള്‍ അനുസരിക്കാനും വിരോധങ്ങള്‍ വെടിയാനും ബലം വേണം. തെറ്റിനുള്ള സാഹചര്യങ്ങളെല്ലാം ഒത്തുവരുമ്പോള്‍ അതില്‍ നിന്ന് മാറിനില്‍ക്കാന്‍ മനഃശക്തി വേണം. ഏതു ത്യാഗം സഹിച്ചും കല്‍പിക്കപ്പെട്ട കാര്യം ചെയ്യാനും തഥൈവ.
സൂറ: ജുമുഅ: സൂക്തം 5 ഇങ്ങനെ:
“തൗറാത്ത് സ്വീകരിക്കാന്‍ ചുമതല ഏല്‍പിക്കപ്പെടുകയും എന്നിട്ട് അത് ഏറ്റെടുക്കാതിരിക്കുകയും ചെയ്തവരുടെ ഉദാഹരണം ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതയുടേത് പോലെയാകുന്നു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചുകളഞ്ഞ ജനങ്ങളുടെ ഉപമ എത്രയോ ചീത്ത! അക്രമികളായ ജനങ്ങളെ അല്ലാഹു സന്മാര്‍ഗത്തിലാക്കുകയില്ല.’
തൗറാത്തിലുള്ള ആശയങ്ങളെ സ്വീകരിക്കാതെ അതും വഹിച്ച് നടക്കുന്നവരെയാണ് അല്ലാഹു ഇവിടെ ആക്ഷേപിക്കുന്നത്. അവരെപ്പോലെയാകരുത് എന്നാണ് യഹ്‌യാ നബിയോടുള്ള കല്‍പന. ഈ കല്‍പനയെക്കുറിച്ച് ഖുര്‍ആന്‍ നമ്മോട് പറയുമ്പോള്‍, നാം ഖുര്‍ആന്‍ മുറുകെപ്പിടിക്കണമെന്നു കൂടി പറയാതെ പറയുന്നുണ്ട്.
ഈ സൂക്തത്തിലെ “ഹുക്മ്’ എന്ന പദത്തിന് ജ്ഞാനം, തത്വചിന്ത, പ്രവാചകത്വം എന്നെല്ലാം വ്യാഖ്യാതാക്കള്‍ അർഥം നല്‍കിയിട്ടുണ്ട്. അന്ന് യഹ്‌യാ നബിക്ക് പ്രായം ഏഴു വയസാണെന്നും മൂന്നു വയസാണെന്നും അഭിപ്രായമുണ്ട്.
കളികളിൽ മുഴുകുന്ന പ്രായമാണല്ലോ ബാല്യകാലം. കാലഗണനക്കപ്പുറം ബാല്യകാല പരാമര്‍ശം പ്രസക്തമാകുന്നതങ്ങനെയാണ്. ചെറുപ്പത്തില്‍ കൂട്ടുകാര്‍ യഹ്‌യാ നബിയെ കളിക്കാന്‍ വിളിക്കുമ്പോള്‍ മഹാന്‍ എന്നെ ഇതിനുവേണ്ടിയല്ല സൃഷ്ടിച്ചത് എന്നു പറഞ്ഞ് മാറിനില്‍ക്കുമായിരുന്നു എന്ന് ചില രിവായതുകളില്‍ കാണാം.
സൂക്തം 13:
“നമ്മുടെ പക്കല്‍ നിന്നുള്ള അനുകമ്പയും പരിശുദ്ധിയും നാം നല്‍കി. അവിടുന്ന് സൂക്ഷ്മത(തഖ്‌വ)യുള്ളവനായിരുന്നു.’
അനുകമ്പ, വാത്സല്യം എന്നൊക്കെയാണ് ഹനാന്‍ എന്ന പദത്തിനർഥം. ഇഷ്ടപ്പെട്ട ആള്‍ വേര്‍പെടുമ്പോഴുള്ള വിതുമ്പലിന് “ഹനീന്‍’ എന്നു പറയും. പുതിയ മിമ്പറിലേക്ക് തിരുനബി ഖുത്വുബ മാറ്റിയപ്പോള്‍ സവിധത്തില്‍ ഉണ്ടായിരുന്ന പഴയ മിമ്പറിന്റെ കരച്ചിലിനെ വിശേഷിപ്പിച്ചത് “ഹനീന്‍’ എന്നാണ്. അതെല്ലാം വികാരങ്ങളാണ്. അവ അല്ലാഹുവിനുണ്ടാകുകയില്ല. സകരിയ്യാ നബിയുടെ വാർധക്യത്തിലാണല്ലോ യഹ്്യാ നബിയെ കുഞ്ഞായിക്കിട്ടുന്നത്. വാർധക്യ പാരവശ്യങ്ങളാൽ കുഞ്ഞിന് വേണ്ട പരിലാളനകൾ നൽകാൻ ആ വൃദ്ധ ദമ്പതികൾക്ക് സാധിച്ചിരിക്കണമെന്നില്ല. ആ ലാളനക്കുറവ് അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള പ്രത്യേക “ലാളന’ കൊണ്ട് പരിഹരിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ഈ സൂക്തം കൊണ്ട് വിവക്ഷിക്കുന്നത് എന്ന് അല്ലാമ ശഅ്റാവി വിശദീകരിച്ചിട്ടുണ്ട്.
യഹ്‌യാ നബിക്ക് അല്ലാഹുവിന്റെ കാരുണ്യം – ഹനാന്‍ – ലഭിച്ചു എന്ന മേല്‍വ്യാഖ്യാനത്തിന് പുറമെ, ജനങ്ങളോട് മമത കാണിക്കാനുള്ള മാനസികാവസ്ഥ- “ഹനാന്‍’ – യഹ്‌യാ നബിക്ക് അല്ലാഹു നല്കി എന്ന് ഈ സൂക്തത്തിന് വ്യാഖ്യാനം നല്‍കിയവരുമുണ്ട്. ഈ ഒരവസ്ഥ അമ്പിയാക്കള്‍ക്ക് മാത്രമല്ല ഔലിയാക്കള്‍ക്കും അല്ലാഹു നല്‍കിയതായി കാണാം. കുഷ്ഠരോഗിയായ പട്ടിയെ മരുഭൂമിയില്‍ ഒരു ടെന്റ് കെട്ടി 40 ദിവസം രിഫാഈ ശൈഖ് ശുശ്രൂഷിച്ചത് ഇതിന്റെ ഭാഗമാണ്.
മുകളില്‍ പറഞ്ഞതില്‍ നിന്നും വിഭിന്നമായി മറ്റൊരു വ്യാഖ്യാനവും ഈ സൂക്തത്തിനുണ്ട്. അതായത് സകരിയ്യ നബിയോടുള്ള അനുകമ്പ കാരണമായും അവിടുത്തേക്ക് വിശുദ്ധി നല്‍കുന്നതിന്റെ ഭാഗമായും (അല്ലാഹു യഹ്‌യാ നബിക്ക് ചെറുപ്പത്തിലെ ജ്ഞാനം നല്‍കി).
“സകാത്ത്’ എന്ന പദത്തിന് രണ്ട് അർഥങ്ങളുണ്ട്.
1) വളര്‍ച്ച
2) ശുദ്ധീകരണം
ഇസ്്ലാം കാര്യങ്ങളിൽ മൂന്നാമത്തേതായ സകാതിന്റെ കാര്യത്തില്‍ ഈ രണ്ട് അർഥങ്ങളും പ്രസക്തമാണ്. സമ്പത്തിലെ 2.5 ശതമാനത്തിന്റെ കുറവ് ആഖിറത്തിലേക്കുള്ള വര്‍ധനവായതുകൊണ്ട് കുറവിനെ വളര്‍ച്ച എന്നും അത് ഹൃദയത്തിന്റെ സംസ്‌കരണമാര്‍ഗമായതുകൊണ്ട് ശുദ്ധീകരണം എന്നും പറയുന്നു. എന്നാല്‍ രണ്ടാമത്തെ അർഥമാണ് ഈ സൂക്തത്തില്‍ ഉദ്ദേശ്യം.
യഹ്‌യാ നബി അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കുന്ന, ചെറുതോ വലുതോ ആയ തെറ്റിനെകുറിച്ച് ചിന്തിക്കുക പോലും ചെയ്യാത്ത, തഖ്‌വയുള്ള മഹാനായിരുന്നു. തഖ്്വ എന്ന പദത്തിന്റെ ഭാഷാർഥം സൂക്ഷിക്കുക എന്നാണ്. തഖ്‌വക്ക് മൂന്ന് വിതാനമാണുള്ളത്.
1) ശാശ്വതമായ നരകത്തില്‍നിന്ന് സൂക്ഷിക്കുക. ഇത് സത്യസാക്ഷ്യം വിശ്വസിച്ച് മൊഴിയുന്നതോടെ സാധ്യമാവും.
2) അല്ലാഹു കല്‍പിച്ചത് ചെയ്യുകയും വിരോധിച്ചത് വെടിയുകയും ചെയ്യുക. പൊതുവേ ഈ അർഥത്തിലാണ് ഈ പദം ഉപയോഗിക്കപ്പെടുന്നത്.
3) അല്ലാഹുവില്‍ നിന്ന് ശ്രദ്ധതിരിക്കുന്ന മുഴുവന്‍ കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുകയും മുഴുവനായും അല്ലാഹുവില്‍ നിമഗ്‌നനാകുകയും ചെയ്യുക.
“വിശ്വസിക്കുകയും സത്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അവര്‍ മുമ്പ് ചെയ്തുപോയതില്‍ പ്രശ്‌നമില്ല. അവര്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും വിശ്വസിക്കുകയും സദ്കര്‍മങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ടെങ്കില്‍, അതിനു ശേഷവും അവര്‍ സൂക്ഷ്മത പാലിക്കുകയും നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍, അല്ലാഹു സദ്‌വൃത്തരെ ഇഷ്ടപ്പെടുന്നു’ എന്ന ആയത്തില്‍ മൂന്നു പ്രാവശ്യം തഖ്‌വയെ പരാമര്‍ശിച്ചത് അതിന്റെ മൂന്നു വിതാനങ്ങളിലേക്കുമുള്ള സൂചനയാണ്.
(തുടരും)
ഡോ. ഫൈസൽ അഹ്സനി രണ്ടത്താണി
You must be logged in to post a comment Login