വിമര്‍ശനങ്ങള്‍ സത്യസന്ധവും വൈജ്ഞാനികവുമാവണം. അപ്പോഴേ അതില്‍ ധാര്‍മികതയുണ്ടാകൂ. വികാരത്തള്ളിച്ചയില്‍ വരുന്ന വിമര്‍ശനങ്ങളെ സര്‍ഗാത്മകമായി വിലയിരുത്തുന്നത് വിഢ്ഡിത്തമാണ്. ഇത്തരം വിമര്‍ശനങ്ങളില്‍ ഘനീഭവിക്കുന്നത് നിഷ്‌ക്രിയതയും കപടതയുമാണ്. കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാതെ വിമര്‍ശിക്കുന്നത് അന്ധന്‍ എയ്യുന്ന അസ്ത്രം പോലെയാണെന്ന് ആധ്യാത്മികജ്ഞാനികള്‍ പറയാറുണ്ട്. വിമര്‍ശനത്തിന് കണ്ണും കാതും വേണം. അപ്പോഴേ വിമര്‍ശനം അധാര്‍മികതയുടെ ഇരുട്ടിനെ അകറ്റുന്ന വിളക്കായി പരിവര്‍ത്തിക്കൂ. പക്വമായ വിമര്‍ശനങ്ങള്‍ സമൂഹത്തിന്റെ വളര്‍ച്ചക്ക് നിദാനമാണ്. ആയതിനാല്‍, സര്‍ഗാത്മകമായ വിമര്‍ശനങ്ങള്‍ എന്നും സ്വാഗതാര്‍ഹമാണ്. അത്തരമൊരു പക്വമായ വിമര്‍ശനമാണോ ജിഹാദിനെതിരെ ഉന്നയിക്കുന്നത്?
മുസ്‌ലിംകളാണ് ജിഹാദിസ്റ്റുകള്‍. എന്താണ് ജിഹാദ് കൊണ്ട് അര്‍ഥമാക്കുന്നത്? ഇതിനുത്തരം ലബോറട്ടറി പരിശോധനയിലൂടെയോ, സാമ്പിള്‍ ഡാറ്റ അനലൈസിലൂടെയോ കണ്ടെത്താനാവില്ല. മലയാള ഭാഷയിലേ പദ-പ്രയോഗങ്ങളുടെ അര്‍ഥം വിശദീകരിക്കേണ്ടത് മലയാളികളും മലയാള ഭാഷ പണ്ഡിതരുമല്ലേ? മറ്റു ഭാഷയിലെ സാഹിത്യ, ഭാഷ പണ്ഡിതര്‍ മലയാള ഭാഷ കൃത്യമായി പഠിക്കാതെ, ഊഹാധിഷ്ഠിതമായി വിവരിച്ചാലോ? ആ വിശകലനം തെറ്റാനാണ് സാധ്യത. ഇനി ഒരാള്‍ അങ്ങനെ വിശദീകരിക്കുന്നുണ്ടെങ്കില്‍, അതിലെ തെറ്റുകള്‍ തിരുത്തി ശരിയായ അര്‍ഥം മനസിലാക്കിക്കൊടുക്കാന്‍ മലയാളികള്‍ ബാധ്യസ്ഥരാണ്.
ജിഹാദ് എന്ന വാക്കും അറിവില്ലാത്തവർക്ക് ഉരുട്ടിക്കളിക്കാനുള്ളതല്ല. മുസ്‌ലിംകളുടെ ജീവിതത്തിന്റെ ഭാഗമാണ് ജിഹാദ്. ഇസ്‌ലാമിന്റെ പ്രാരംഭം മുതല്‍ ജിഹാദിന് സ്ഥാനമുണ്ട്. എന്താണ് പോക്സോ നിയമം എന്നു ചോദിച്ചാല്‍ ഉത്തരം നല്‍കാന്‍ നിയമ പുസ്തകം അവലംബിക്കുന്നതു പോലെ, എന്താണ് ജിഹാദ് എന്ന ചോദ്യത്തിനുത്തരം കണ്ടെത്താന്‍ ഇസ്‌ലാമിലെ പ്രമാണിക ഗ്രന്ഥങ്ങളെ അവലംബമാക്കേണ്ടതുണ്ട്. അതാണ് ശരിയായ മാര്‍ഗം. ഈ മാര്‍ഗം അവലംബിച്ചുള്ള ഒരന്വേഷണം പ്രസക്തമാണ്.
ജിഹാദെന്നാല്‍ പരിശ്രമം എന്നാണ് വാച്യാര്‍ഥം. ഒരു സാങ്കേതികപദമാണിത്. ഒരു പാട് ഇനങ്ങളുള്ള ഒരു സദ്പ്രവര്‍ത്തനമെന്ന് ചുരുക്കിപ്പറയാമെങ്കിലും ഇതൊരു വ്യാപകാര്‍ഥമുള്ള വാക്കുകൂടിയാണ്. മക്കയിലും മദീനയിലും റസൂൽ ജിഹാദ് നിര്‍വഹിച്ചിട്ടുണ്ട്. മക്കയിലെ ജിഹാദാണ് അടിസ്ഥാനപരമായ ജിഹാദ്. അത് മദീനയിലും തുടര്‍ന്നു. എന്നാല്‍ മദീനയില്‍ മാത്രം ചെയ്ത ജിഹാദാണ് ജിഹാദുല്‍ ഖിത്വാല്‍. യുദ്ധത്തിലധിഷ്ഠിതമായ ജിഹാദ്.
മക്കയില്‍/മദീനയിലേക്കുള്ള പലായനത്തിനുമുമ്പ് അവതീര്‍ണമായ സൂക്തങ്ങള്‍ക്ക്/ അധ്യായങ്ങള്‍ക്ക് മക്കിയ്യായ സൂറതുകള്‍/ സൂക്തങ്ങള്‍ എന്നാണു പറയുന്നത്. പലായനത്തിനു ശേഷം അവതരിച്ച സൂക്തങ്ങള്‍ക്ക് മദനിയ്യായ സൂക്തങ്ങള്‍ / അധ്യായങ്ങള്‍ എന്ന് വിളിക്കുന്നു. ഇസ്‌ലാമിക ചരിത്രത്തില്‍ യുദ്ധങ്ങള്‍ നടന്നതെല്ലാം പലായനത്തിനു ശേഷമാണ്. സൂറതുല്‍ ഫുര്‍ഖാന്‍ പൂര്‍ണമായും അവതരിച്ചത് മക്കയിലാണ്. അഥവാ, ഹിജ്‌റക്ക് മുമ്പാണ്. സൂറതുല്‍ ഫുര്‍ഖാനിലെ ഒരു സൂക്തം ശ്രദ്ധിക്കൂ: “സത്യ നിഷേധികളെ നിങ്ങള്‍ അനുസരിക്കരുത്, അവരോട് നിങ്ങള്‍ ശക്തമായ ജിഹാദ് തന്നെ നിര്‍വഹിക്കുക.’ സത്യനിഷേധികളായ മക്ക നിവാസികളോടുള്ള സംവേദനമാണ് ഇവിടെ ജിഹാദിന്റെ വിവക്ഷ. ഖുര്‍ആനും ബൗദ്ധികതയും മുന്നോട്ടു വെക്കുന്ന പ്രമാണങ്ങള്‍ മുന്‍നിര്‍ത്തി സത്യത്തിലേക്ക് ക്ഷണിക്കുക എന്നാണ്. അതിനാല്‍ സത്യവചനമാണ് ഏറ്റവും കാതലായ ജിഹാദിന്റെ ഇനം. ഈ ജിഹാദിനെപ്പറ്റി ഖുര്‍ആന്‍ വിശേഷിപ്പിച്ചത് “ജിഹാദുൻകബീര്‍’ എന്നാണ്. അഥവാ അവരോട് ഖുര്‍ആന്‍ കൊണ്ടും ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന ബൗദ്ധിക പ്രമാണം കൊണ്ടും വലിയ ജിഹാദ് നിര്‍വഹിക്കുക.
ഈ ഖുര്‍ആനിക പ്രമാണത്തിന് ബലമേകുന്ന നബി വചനം കാണാം. അക്രമകാരിയായ രാജാവിങ്കല്‍ സത്യസന്ധമായ വാക്കുച്ചരിക്കലാണ് ഏറ്റവും ശ്രേഷ്ടമായ ജിഹാദ്. മറ്റൊന്ന്, അല്ലാഹുവിന്റെ വിഷയത്തില്‍ സ്വന്തം ദേഹേഛയോട് നടത്തുന്ന സമരമാണ് ഏറ്റവും ശ്രേഷ്ടമായ ജിഹാദ്. ഈ രണ്ടു വചനങ്ങളും ഏതാണ് ഏറെ പുണ്യം നിറഞ്ഞ ജിഹാദ് എന്ന അനുചരന്മാരുടെ ചോദ്യത്തിന്റെ മറുപടിയായിരുന്നു. ഈ ചോദ്യമുന്നയിച്ചത് മദീനയിലായിരിക്കുമ്പോഴാണെന്ന കാര്യവും ശ്രദ്ധിക്കണം. അതിരാവിലെ ഒരു വ്യക്തി തിരക്കിട്ട് ജോലിക്കു പോകുന്നത് കാണാനിടയായ നബിശിഷ്യന്മാര്‍ ആശ്ചര്യത്തോടെ അദ്ദേഹത്തിന് നാശമെന്ന് പറഞ്ഞു. കാരണം, നല്ല ആരോഗ്യമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. അത് അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദിന് വേണ്ടി വിനിയോഗിച്ചിരുന്നുവെങ്കില്‍? ഇതു കേട്ട മുത്തു നബി അനുയായികളെ തിരുത്തി കൊണ്ട് പറഞ്ഞു. ചെറിയ മക്കള്‍ക്കു വേണ്ടിയാണ് അയാള്‍ ഇറങ്ങിപുറപ്പെട്ടതെങ്കില്‍ അത് അല്ലാഹുവിന്റെ മാര്‍ഗത്തിലാണ്. വയസ്സായ മാതാപിതാക്കള്‍ക്കു വേണ്ടിയാണെങ്കിലും അവന്‍ നിര്‍വഹിക്കുന്നത് ജിഹാദാണ്.
നവീന കാലത്ത് ജിഹാദ് എന്നു പറയുമ്പോള്‍ ചിലർ മനസിലാക്കുന്നത് അതൊരു യുദ്ധതന്ത്രമാണെന്നാണ്. അല്ലെങ്കില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ എന്നും കരുതുന്നവരുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തെക്കുറിച്ച് നമുക്ക് വഴിയെ പറയാം. അതിനു മുമ്പ്, മദീനയിലെ ജിഹാദിനെ കുറിച്ചും വിവരിക്കേണ്ടതുണ്ട്. മദീനയിലെ പ്രത്യേകമായ ഒരു സാഹചര്യത്തിലാണ് യുദ്ധത്തിലധിഷ്ടിതമായ ജിഹാദ് നിയമമായി തീരുന്നത്. ഇതിന് ഒരുപാട് നിബന്ധനകളുണ്ട്. “സത്യം തുറന്നു പറയുക എന്നതാണ് ശ്രേഷ്ടമായ ജിഹാദ് എന്ന് നബി വചനം വ്യക്തമാക്കിയിട്ടും ഒരു പ്രാമാണികമായ തെളിവില്ലാതെയാണ് പലരും യുദ്ധത്തിലധിഷ്ടിതമായ ജിഹാദിനെ വ്യാപകമായി ജിഹാദ് എന്നര്‍ഥത്തില്‍ ഉപയോഗിക്കുന്നത്. മക്കയില്‍ യുദ്ധാധിഷ്ടിതമായ ജിഹാദ് നടന്നിട്ടില്ല. എന്നാല്‍ മക്കയിലും ജിഹാദുണ്ടായിട്ടുണ്ട്. നാം വിശദീകരിച്ചു. ശത്രുപക്ഷത്തിന്റെ ശക്തമായ ആക്രമണ നടപടികളെ തുടര്‍ന്ന് നബിയും വിശ്വാസികളും മദീനയിലേക്ക് പലായനം ചെയ്തു. അപ്പോഴും അടിസ്ഥാനപരമായ ജിഹാദ് നിലനിന്നിരുന്നു.
മക്കാ ജീവിതത്തിന് വിഭിന്നമായ ഒരു കാലാവസ്ഥയാണ് ഹിജ്‌റക്കു ശേഷം മദീനയിലുണ്ടായത്. ഇസ്‌ലാമിക സാമൂഹിക വ്യവസ്ഥയുടെ രൂപീകരണമാണ് അതില്‍ പ്രധാനമായത്. മുഹാജിറുകള്‍, അന്‍സ്വാറുകള്‍, മുസ്‌ലിംകളോട് സമാധാനത്തോടെ വസിക്കാമെന്ന് വാഗ്ദത്തം പുലര്‍ത്തിയ ജൂതന്മാര്‍ എന്നിവര്‍ ചേര്‍ന്ന ഒരൊറ്റ സമൂഹമാണ് മദീനാ റിപ്പബ്ലിക്കിലെ ജനത. അവര്‍ക്കിടയില്‍ വ്യവസ്ഥാപിതമായി ഒരു ഭരണഘടന ഉണ്ടായിരുന്നു. അത് പരിരക്ഷിക്കേണ്ടത് എല്ലാവരുടെയും ബാധ്യതയായിരുന്നു. ഹിജ്റക്കു ശേഷം സംജാതമായൊരു സാമൂഹിക അന്തരീക്ഷമാണിത്. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഉത്ഭവമാണ് മക്കാ ജീവിതത്തില്‍ നിന്ന് വ്യത്യാസമുള്ള മറ്റൊരു കാര്യം. ഇസ്‌ലാമിന്റെ അടിസ്ഥാനപരമായ എല്ലാ മൂല്യങ്ങള്‍ക്കും മതനിയമങ്ങള്‍ക്കും പരിഗണന നല്‍കുന്ന വിശിഷ്ടമായൊരു രാഷ്ട്രം സ്ഥാപിതമായി. ഇതോടെ ഈ രാഷ്ട്രത്തിന്റെ സുഖകരമായ നലനില്‍പ്പിനും ചെറുത്തുനില്‍പ്പിനും ആവശ്യമായ (മക്കയിലെ അവസ്ഥക്ക് വിഭിന്നമായ) ഒരു ജിഹാദ് റസൂലിന്റെ സൈനികനേതൃത്വത്തില്‍ രൂപകീരിക്കപ്പെട്ടു. പരാമര്‍ശിക്കുന്ന കാര്യങ്ങളുടെ പരിരക്ഷക്കു വേണ്ടിയാണ് ഈ ജിഹാദ് നിര്‍ബന്ധമായിത്തീരുന്നത്.
പുതുതായി രൂപീകരിക്കപ്പെട്ട ഇസ്‌ലാമിക ഭൂമികയുടെ പരിരക്ഷക്കു വേണ്ടി രാഷ്ട്രത്തിന്റെ നിലനില്‍പ്പിന് ഭീഷണിയാവുന്ന വിധത്തില്‍ യുദ്ധതന്ത്രവുമായി വരുന്നവരെ പ്രതിരോധിക്കുക, ഈ രാഷ്ട്രത്തിന്റെ നിലനില്‍പ്പിന് വിഘാതമായി വര്‍ത്തിക്കുന്നവരോട് യുദ്ധം ചെയ്യുക. ഇതോടെ സാധ്യമായത് നിലനില്‍പ്പിനായുള്ള യുദ്ധത്തിന്റെ അനുവാദമാണ്. ഹിജ്റക്കു ശേഷമുള്ള പ്രബോധന മൂല്യങ്ങളെ പരിരക്ഷിക്കുന്ന ഒരു രാഷ്ട്രത്തിന്റെ നിലനില്‍പ്പിനാധാരമായിട്ടാണ് ഈ ജിഹാദ് നിലകൊള്ളുന്നത്.
മാനുഷിക വിമോചനം സാധ്യമാക്കുന്ന ഏറ്റവും ബൃഹത്തായ ജീവിത രേഖയിലൂന്നിയ ഭരണഘടനയിലൂടെയാണ് ഈ രാഷ്ട്രം നിലനിന്നിരുന്നതെന്ന് അന്ന് തയാറാക്കിയ ഭരണഘടന വായിക്കുന്നവര്‍ക്ക് ബോധ്യമാകുന്നതാണ്.
മക്കയില്‍ മുസ്‌ലിംകള്‍ക്ക് ആള്‍ബലമോ ആയുധബലമോ ഇല്ലാത്തതിനാലാണ് യുദ്ധം മുഖേനയുള്ള ജിഹാദ് റസൂൽ നിര്‍വഹിക്കാത്തത്. എന്നാല്‍ മദീനയിലെത്തിയപ്പോള്‍ അംഗബലവും ആയുധബലവും സുശക്തമായതിനാല്‍ യുദ്ധത്തിലേര്‍പ്പെട്ടു എന്ന് പ്രചരിപ്പിക്കുന്നുണ്ട്. ഇതിന് പ്രാമാണികമായ ഒരു പിന്തുണയുമില്ല. ചില വ്യക്തികളുടെ മസ്തിഷ്‌കത്തില്‍ നിന്ന് ഉദയം ചെയ്ത് പ്രചാരം നേടിയ നിരര്‍ഥകമായ വാദമാണിത്. മക്കയില്‍ യുദ്ധം മുഖേന നിര്‍വഹിക്കേണ്ട ജിഹാദിന് അനിവാര്യമായ ഒരു സാഹചര്യവുമുണ്ടായിരുന്നില്ല എന്നതാണ് വസ്തുത. മക്കയില്‍ ഇസ്‌ലാമിക രാഷ്ട്രമോ, വ്യവസ്ഥാപിതമായ ഭരണഘടനയോ ഉണ്ടായിരുന്നില്ല.
ക്ഷമ, സത്യം തുറന്നു പറയുക, ദേഹേച്ഛയോട് സമരം ചെയ്യുക തുടങ്ങിയ ജിഹാദുകളെ പോഷകാഹാരത്തോടും, യുദ്ധം മുഖേനയുള്ള ജിഹാദിനെ മരുന്നിനോടും ഉപമിക്കാം. കാരണം, രോഗം ഉണ്ടാകുമ്പോള്‍ മാത്രമാണ് ഔഷധം അനിവാര്യമായിത്തീരുന്നത്. അപ്രകാരമാണ് യുദ്ധവും. എന്നാല്‍ ഭക്ഷണം അങ്ങനെ അല്ല. ഭക്ഷണത്തിനു സമാനമായ ജിഹാദുകള്‍ വ്യക്തിയെയും, വ്യക്തികള്‍ ഉള്‍കൊള്ളുന്ന സമൂഹത്തെയും സംസ്‌കരിക്കുന്നു എന്നല്ലാതെ മറ്റൊരു ന്യൂനതയും വായിച്ചെടുക്കാന്‍ സാധ്യമല്ല.
നിലനില്‍പ്പിനു വേണ്ടി, യുദ്ധത്തിലധിഷ്ഠിതമായ ഒരുപാട് ജിഹാദുകള്‍ മുസ്‌ലിംകള്‍ ചെയ്തിട്ടുണ്ട്. നിലനില്‍പ്പിനു വേണ്ടി സമരം ചെയ്യുന്ന സന്ദര്‍ഭത്തില്‍ ശത്രുപക്ഷത്തില്‍ നിന്ന് ഒരാള്‍ സ്വയരക്ഷക്ക് വേണ്ടിയോ, അല്ലാതെയോ ഞാന്‍ മുസ്‌ലിമായെന്ന് പറഞ്ഞാല്‍ അവനെ കൊല ചെയ്യാന്‍ പാടില്ല. അത് അവന്‍ ആത്മരക്ഷക്കു വേണ്ടി പറഞ്ഞതാണെന്നു കരുതി ജീവനെടുക്കാന്‍ ശ്രമിച്ചവരോടാണ് നബിയുടെ ഈ പ്രഖ്യാപനം. “സത്യവിശ്വാസം വ്യക്തമാക്കുന്നതുവരെ ഞാന്‍ അവരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു’. എന്നാല്‍ ഇത്തരം നബി വചനങ്ങളുടെ സാഹചര്യവും സന്ദര്‍ഭവും അടര്‍ത്തിമാറ്റി ഇസ്‌ലാം തീവ്രവാദം പ്രചരിപ്പിക്കുന്നുവെന്ന് വാദിക്കുന്നത് നിരര്‍ഥകമാണ്. അറബി ഭാഷയുടെ ആശയം ഗ്രഹിക്കാന്‍ പത്തിലധികം വിജ്ഞാന ശാഖകള്‍ പഠിക്കണം. അത്തരം വിജ്ഞർക്ക് സാധിക്കാത്ത ആശയമാണ് പരിഭാഷകള്‍ നോക്കി വിധി എഴുതുന്നവർക്കുണ്ടെന്ന് അവർ കരുതുന്നത്.
സ്വഫ്‌വാൻ ഹാദി
You must be logged in to post a comment Login